April 10, 2009

UDF-ലെ തീവ്രവാദികളെ LDF ചെറുക്കുമ്പോൾ

ആമുഖം (Skip this introduction)

‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു ചിരിച്ചുതള്ളുന്നത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്.

ആദ്യഭാഗങ്ങൾ ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
മാറാടും മാർക്സിസ്റ്റുകളും
അയോദ്ധ്യയും മാർക്സിസ്റ്റുകളും
ഇറാന്റെ ബോംബ്
സദ്ദാം വധം
തസ്ലീമ – ‘ലജ്ജ’യില്ലാതെ
ഗോധ്രാനന്തരകലാപവും മാർക്സിസ്റ്റുകളും

(മാർക്സിസ്റ്റുപാർട്ടിയുടെ ചില നയങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്ന മട്ടിലുള്ളവയായിരുന്നില്ലേ എന്നൊരു പരിശോധനയാണ് ഈ പോസ്റ്റുകളുടെയെല്ലാം പൊതുവിഷയം. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ ഇനിയെങ്കിലും തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)

UDF-ലെ തീവ്രവാദികളെ LDF ചെറുക്കുമ്പോൾ

സത്യത്തിൽ, ഇടതുമുന്നണി പി.ഡി.പി.യുടേയും ഐ.എൻ.എല്ലിന്റേയും ജമാ അത്തെ ഇസ്ലാമിയുടെയുമെല്ലാം കൂടാരമായി മാറിയത് ഈ തെരഞ്ഞെടുപ്പിലെ പുതുമയൊന്നുമല്ല. ആ ബാന്ധവങ്ങൾ മുമ്പേയുള്ളവ തന്നെയാണ്. അവരെ കൂട്ടുപിടിക്കാൻ ശ്രമിച്ചിട്ടു സാധിക്കാതിരുന്ന വലതുമുന്നണി ഇപ്പോൾ “കൊതിക്കെറുവു” പറയുന്നതുകൊണ്ടും, പൊന്നാനിത്തർക്കം ഉടലെടുത്തതുകൊണ്ടും ഇതെല്ലാം ഇപ്പോൾ പരക്കെ ചർച്ചചെയ്യപ്പെടുന്നുവെന്നേയുള്ളൂ. എന്തായാലും, അതിന്റെ പേരിൽ എതിർക്കപ്പെടുമ്പോൾ, പിടിച്ചുനിൽക്കാനായി ഇടതർ തിരിച്ചുപറയുന്ന ആരോപണം ‘എൻ.ഡി.എഫ്. വലതുമുന്നണിയുടെ കൂടാരത്തിലാണല്ലോ’ എന്നതാണ്. സംഗതി സത്യമാണ്. പക്ഷേ, “തീവ്രനിലപാടുകാരായ സംഘടനകളെ ഇടതുവലതുമുന്നണികൾ വീതം വച്ചെടുത്തു” എന്ന പ്രയോഗം ശരിയാണെന്നു വ്യക്തമാകുന്നതല്ലാതെ എന്താണു പ്രയോജനം?

എൻ.ഡി.എഫ്‌ ബന്ധത്തിന്റെ പേരിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ മാർക്സിസ്റ്റുകൾക്ക് എന്തവകാശം?

രണ്ടുമണ്ഡലങ്ങളിലെ പിന്തുണവേണ്ടെന്നു പറയുമോ?

ആശയപരമായി എൻ.ഡി.എഫിനെ ചെറുക്കാൻ സി.പി.എം. എന്താണു ചെയ്യുന്നത്‌?

തങ്ങൾക്കറിയാവുന്ന മുഖ്യപ്രതികരണശൈലിയായ ‘വെട്ടുകൾ’ നടത്തുന്നതിലൂടെ കായികമായ പ്രതിരോധം ചിലയിടങ്ങളിൽ പരീക്ഷിക്കുന്നുണ്ടെന്നല്ലാതെ (സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാൽ മുറിക്കണമെന്ന ശൈലിയിൽ), ബൌദ്ധികതലത്തിലുള്ള ഒരു പ്രതിരോധം നടക്കുന്നതായിക്കാണുന്നില്ല. ശ്രമം ഉണ്ടാകാത്തതു മനപ്പൂർവ്വമാവാം. ഇനി അഥവാ ആഗ്രഹമുണ്ടെങ്കിൽത്തന്നെ അവരേക്കൊണ്ടതിനു സാ‍ധിക്കില്ല എന്നതാണവസ്ഥ. പ്രത്യയശാസ്ത്രനിലപാടുകൾ അവരെ അങ്ങനെയൊരു കുരുക്കിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.

തീവ്രവാദം വളർത്തുന്ന - അപകടകരമായ - പ്രചാരണങ്ങൾ എൻ.ഡി.എഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോൾ ആശയപരമായി അതിനെ പ്രതിരോധിക്കാൻ സാധിക്കാത്ത വിധം വരിഞ്ഞുകെട്ടപ്പെട്ട നിലയിലാണ് സി.പി.എം. പലപ്പോഴും.

ഒറീസ – പോസ്റ്റർ പ്രചാരണം

കഴിഞ്ഞയിടെ, കേരളത്തിൽ പലയിടത്തും എൻ.ഡി.എഫ് പതിച്ചിരുന്ന ഒരു പോസ്റ്ററുണ്ട്. "ഇപ്പോളവർ ക്രിസ്ത്യാനികളെ തേടിയെത്തി. ഫാസിസത്തിനു മൗനം മറുമരുന്നല്ല" എന്നാണതിന്റെ ഉള്ളടക്കം.

ഒറീസയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു വ്യക്തം. ഈ നാട്ടിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കപ്പെടരുത് എന്ന ചിന്തയുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവർ പല്ലും നഖവും ഉപയോഗിച്ചു ചെറുക്കേണ്ട ഒരു പ്രചാരണമാണത്. ഹിന്ദുക്കളോട് അൽപമെങ്കിലും അനുഭാവമുള്ള ഏതൊരു സംഘടനയേയുമെന്നതുപോലെ സംഘപരിവാർ സംഘടനകളും ആസൂത്രിതമതപരിവർത്തന ശ്രമങ്ങളെ ചെറുത്തു നിൽക്കുന്നവരാണ്. മതപരിവർത്തനശ്രമങ്ങൾക്കു നിരന്തരം തടസ്സം നിന്നിരുന്നില്ല എങ്കിൽ, ഒറീസയിലെ സന്യാസിമാർ കൊല്ലപ്പെടുമായിരുന്നില്ല. ഇതെല്ലാം യാഥാർത്ഥ്യമാണ്. പക്ഷേ, കന്ധമാലിൽ നടന്നത് “ക്രിസ്ത്യാനികൾക്കെതിരെ സംഘപരിവാർ ആസൂത്രിതമായി” നടത്തിയ ആക്രമണമാണെന്നൊക്കെയുള്ള പ്രചാരണം നൂറുശതമാനവും തെറ്റാണ്. ശുദ്ധ അസംബന്ധമാണത്. എന്തെങ്കിലും ഗൂഢാലോചനയുടെയൊന്നും ഫലമായല്ല – മറിച്ച് വ്യക്തമായ ഒട്ടനവധി കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അവിടെ കലാപമുണ്ടായത്. അതിന്റെ ഇരകളായവർ ഏതെങ്കിലുമൊരു മതവിഭാഗത്തിൽപ്പെട്ടവർ മാത്രമല്ല താനും. കലാപത്തിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ ക്രൈസ്തവരും സംഘപരിവാറുകാരുമൊക്കെയുണ്ടാകാമെങ്കിലും, മേൽപ്പറഞ്ഞപടിയുള്ള ഒരു വർഗ്ഗീകരണവും പ്രേരണാനിർണ്ണയവും തീർച്ചയായും ശരിയല്ല. കേരളത്തിലെ പ്രത്യേക രാഷ്ട്രീയസാഹചര്യത്തിൽ, തികച്ചും ഏകപക്ഷീയവും അയഥാർത്ഥവുമായ രീതിയിൽ കൊണ്ടുപിടിച്ചു പ്രചാരണമുണ്ടാകുമെന്നതു സത്യമാണെങ്കിലും, യാഥാർത്ഥ്യങ്ങൾ യാഥാർത്ഥ്യങ്ങളായിത്തന്നെ അവശേഷിക്കും. ചില വിശദാംശങ്ങൾ ഇവിടെയുണ്ട് :- ഒറീസയിലെ യാഥാർത്ഥ്യങ്ങളും ഒരു രഹസ്യാന്വേഷണറിപ്പോർട്ടും .

എൻ.ഡി.എഫിന്റെ മേൽ‌പ്പറഞ്ഞ പോസ്റ്ററുകൾ പതിവുപോലെ തന്നെ ഹിന്ദുസംഘടനാപ്രവർത്തകർക്കെതിരെ ആളുകളിൽ - പ്രത്യേകിച്ചു മുസ്ലീം യുവാക്കളിൽ - വിദ്വേഷം കുത്തിവയ്ക്കാനുദ്ദേശിച്ചുള്ളവ മാത്രമായിരുന്നു. യാഥാർത്ഥ്യങ്ങൾ മറച്ചു പിടിച്ചുകൊണ്ടുള്ള വിഷം ചീറ്റലല്ലാതെ മറ്റൊന്നുമായിരുന്നില്ല അത്. തെറ്റായ പ്രചാരണങ്ങൾ സംഘടിപ്പിച്ച് ഹിന്ദുസംഘടനാ പ്രവർത്തകർക്കെതിരെ വിദ്വേഷം വളർത്തുക എന്നതു തന്നെയാണ് ആ ‘മനുഷ്യാവകാശ‘ സംഘടനയുടെ മുഖ്യലക്ഷ്യമെന്നു തെളിയിക്കുന്ന പ്രചാരണം.

ഇത്തരം പ്രചാരണങ്ങളുണ്ടാകുമ്പോൾ, തെറ്റാണെന്നു ബോദ്ധ്യമുണ്ടെങ്കിൽത്തന്നെയും, ഒരു ചർച്ചയ്ക്കിടയിലോ മറ്റോ അതിനെ പ്രതിരോധിക്കാൻ ഇനി സി.പി.എമ്മിനാവുമോ? ഒരിക്കലുമില്ല. സി.പി.എം. തന്നെയാണ് ആദ്യകാലങ്ങളിൽ ഇത്തരം അസംബന്ധപ്രചാരണങ്ങൾ ഉയർത്തിക്കൊണ്ടു വന്നത് എന്നതു തന്നെ കാരണം. ഹിന്ദു സംഘടനകളെ തളർത്താനുദ്ദേശിച്ച് മാർക്സിസ്റ്റുകൾ ഉയർത്തിക്കൊണ്ടു വന്ന പല വാദങ്ങളും ഇപ്പോൾ തീവ്ര ഇസ്ലാമിസ്റ്റുകൾ അവരുടെ കയ്യിൽ നിന്നു തട്ടിയെടുത്ത് പ്രയോഗിക്കുന്ന കാഴ്ചയാണു കണ്ടുവരുന്നത്. അത് മാർക്സിസ്റ്റുകൾക്കു തന്നെ ഭീഷണിയായി മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. മാർക്സിസ്റ്റുകൾക്ക് ഇനി നോക്കി നിൽക്കാൻ മാത്രമേ സാധിക്കൂ.

പിന്നീട്, ‘ഫാസിസത്തിനു തീവ്രവാദമല്ല പ്രതിവിധി‘യെന്നൊക്കെ വിലപിച്ചുകൊണ്ട് സി.പി.എമ്മിന്റെ ചില ക്യാമ്പൈനും മറ്റും കണ്ടു. ഇനി പറഞ്ഞിട്ടെന്തു കാര്യം – വിതച്ചതിന്റെ ഫലം കൊയ്തല്ലേ പറ്റൂ? “ഫാസിസം” എന്നൊക്കെപ്പറഞ്ഞ് ഉമ്മാക്കി കാട്ടുകയും നിഴൽ‌യുദ്ധം നടത്തുകയും ചെയ്തപ്പോൾ ഓർക്കേണ്ടതായിരുന്നു – ഒരുനാൾ ആയുധം കൈവിട്ടുപോയേക്കാമെന്നും കാര്യമറിയാതെ പലരും എടുത്തുപയോഗിച്ചേക്കാമെന്നും.

അതിസം, ഇതിസം ആൻഡ് ഫാസിസം

‘ഫാസിസത്തിനു മൌനം മറുമരുന്നല്ല‘ എന്ന പ്രയോഗത്തെ തൊടാൻ പോലും സി.പി.എമ്മിനാവില്ല. സംഘപ്രസ്ഥാനങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്കുള്ള സാധൂകരണം തന്നെയാണ് ആ വാചകത്തിന്റെ ലക്ഷ്യം. അത് സി.പി.എമ്മിനും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. നാട്ടിൽ സംഘർഷഭരിതമായ സാഹചര്യമുണ്ടായാലും വേണ്ടില്ല – ഹിന്ദുസംഘടനകൾ ആക്രമിക്കപ്പെട്ടാൽ അവർക്കു സന്തോഷമാണ്. തങ്ങളും ഫാസിസ്റ്റുവിരുദ്ധരാണെന്ന നിലപാടാവർത്തിച്ച് ആക്രമണങ്ങൾക്കു സഹായിക്കുകയേയുള്ളൂ അവർ. ‘തീവ്രവാദവിരുദ്ധത’യ്ക്ക് സി.പി.എമ്മിന്റെ കളരിയിൽ മാർക്കറ്റില്ല. അവിടെ ‘ഫാസിസ്റ്റുവിരുദ്ധത’യാണു ചെലവാകുക. കാര്യമറിയാതെ കൂടെക്കൂടാൻ ചില ശുദ്ധഹൃദയന്മാരായ ‘ഹിന്ദുസഖാ’ക്കന്മാരും.

‘ഫാസിസ്റ്റു വിരുദ്ധത’ എന്ന പ്രയോഗം തന്നെ സി.പി.എമ്മിന്റെ സൃഷ്ടിയാണ്. ഇപ്പോളാണത് തീവ്രവാദസംഘടനകളും മറ്റും ഏറ്റെടുത്തു തുടങ്ങിയത്. തികച്ചും വർഗ്ഗീയത കലർന്ന ചില പദങ്ങൾ മാർക്സിസ്റ്റുകൾ സൃഷ്ടിച്ചു വച്ചിട്ടുള്ളതു പലതും തീവ്ര ഇസ്ലാമിസ്റ്റുകൾക്കു വലരെ പ്രിയപ്പെട്ടവയാണ്. അത്തരം പ്രയോഗങ്ങൾക്ക് ഉദാഹരണങ്ങൾ അനവധിയാണ്.

ഇമ്പീരിയലിസ്റ്റു വിരുദ്ധം (ക്രൈസ്തവവിരുദ്ധം – അമേരിക്കാ വിരുദ്ധം)
സയണിസ്റ്റു വിരുദ്ധം (ജൂതവിരുദ്ധം – ഇസ്രായേൽ വിരുദ്ധം)
ഫാസിസ്റ്റുവിരുദ്ധം (ഹിന്ദു വിരുദ്ധം – ഇന്ത്യാവിരുദ്ധം)

ഈപ്പറഞ്ഞ സകല "വിരുദ്ധ"വും ഒന്നൊഴിയാതെ തീവ്രനിലപാടുകാരായ ഇസ്ലാമിസ്റ്റുകൾക്കു പ്രിയങ്കരമായവയാണ്. അവർ ഇച്ഛിച്ചതും മാർക്സിസ്റ്റുകൾ കൽപിച്ചതും പാൽ എന്ന അവസ്ഥ. ഇതൊക്കെ മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെയൊന്നും ആവശ്യമില്ല.

കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി!

മുകളിൽ സൂചിപ്പിച്ച പോസ്റ്ററിൽ, 'ജമ്മുവിൽ നാം നോക്കി നിന്നു' എന്നൊക്കെയും പറയുന്നുണ്ട് – ഒരു അപരാധമെന്ന മട്ടിൽ! അമർനാഥ് പ്രശ്നമാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തം. നോക്കി നിൽക്കാതെ പ്രതികരിക്കാൻ തക്ക വണ്ണം എന്തു "ഫാസിസ"മാണു പോലും ജമ്മുവിൽ കണ്ടത്? അവിടുത്തെ തദ്ദേശീയരായ മുസ്ലീങ്ങളുടെ കാര്യമെടുത്താൽ, അവർ നോക്കി നിൽക്കുന്നതിനു പകരം ന്യായമായ ആവശ്യത്തിനായി സമരം ചെയ്ത ഹിന്ദുക്കൾക്കൊപ്പം അണി നിരക്കുകയാണുണ്ടായത്. ഇങ്ങുദൂരെ കേരളത്തിലുള്ള തീവ്രനിലപാടുകാർക്കു മാത്രമേ അതൊക്കെക്കണ്ട് അസഹിഷ്ണുതയുണ്ടായിട്ടുള്ളൂ.

ഈ കാര്യത്തിലുമതെ - ആശയപരമായി സി.പി.എമ്മിന് എൻ.ഡി.എഫുമായി ചേർന്നു നിൽക്കുകയല്ലാതെ മറ്റു നിർവാഹമൊന്നുമില്ല.

തികച്ചും അനാവശ്യവും അനുചിതവുമായ പക്ഷം പിടിക്കലാണ് അമർനാഥ് പ്രശ്നത്തിൽ സി.പി.എം. നടത്തിയത്. ക്ഷേത്രബോർഡിന് കുറച്ചു സ്ഥലം പാട്ടത്തിനു നൽകാനുള്ള തീരുമാനത്തെ തീവ്രവാദ-വിഘടനവാദരൂപമുള്ള സംഘടനകൾ മാത്രമാണ് എതിർത്തിരുന്നത്. അതിന് അവർ മുന്നോട്ടു വച്ച ന്യായീകരണങ്ങളാവട്ടെ തികച്ചും വർഗ്ഗീയവും നിരുത്സാഹപ്പെടുത്തേണ്ടവയുമായിരുന്നു. പക്ഷേ കണ്ണുമടച്ച് അവരുടെ അതേ നിലപാടെടുക്കുകയാണ് സി.പി.എം. ചെയ്തത്.

പിന്നീട്, ജമ്മുവിൽ വലിയ ബഹുജനമുന്നേറ്റമുണ്ടായപ്പോൾ അതെന്തോ വലിയ പാതകമാണെന്നും അതെല്ലാം സംഘപരിവാർ സൃഷ്ടിയാണെന്നുമൊക്കെ വാദിക്കുകയും അവിടുത്തെ സമരങ്ങളിലൊക്കെ എന്തൊക്കെയോ ഭീകരമായ സംഗതികൾ നടക്കുന്നെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുകയുമൊക്കെയാണു സി.പി.എം. ചെയ്തത്. അതേ സമയം തന്നെ, ജമ്മുവിലെ സമരങ്ങളുമായി ഒരു തരത്തിലും തുലനം ചെയ്യാൻ പറ്റാത്ത വിധം അക്രമങ്ങൾ നിറഞ്ഞതായിരുന്ന കശ്മീരിലെ സമരങ്ങളെ പരമാവധി നിസാരവൽക്കരിക്കുകയും ചെയ്തു. അവിടെയാണ് ആദ്യം തന്നെ അക്രമങ്ങളുണ്ടായത് എന്നതു പോയിട്ട് അവിടെ എന്തെങ്കിലും പ്രശ്നമുണ്ടായെന്നു പോലും പറയാൻ മാർക്സിസ്റ്റുകൾ വല്ലാതെ മടിക്കുന്നതു വളരെ പ്രകടമായിരുന്നു.

എന്തു പ്രശ്നമുണ്ടായാലും ശരി - അതിന്റെ ന്യായാന്യായങ്ങൾ പരിഗണിക്കാതെ മുസ്ലീങ്ങളുടെ പക്ഷം പിടിക്കുക എന്നതല്ലാതെ മറ്റൊരു നയത്തിന്റെയും പേരിലല്ല സി.പി.എം. ഭൂമികൈമാറ്റത്തെ എതിർത്തത് എന്നു ചൂണ്ടിക്കാണിച്ച ഒരു പോസ്റ്റ് ഉണ്ടായിരുന്നു. അവിടെ, എന്തിനായിരുന്നു സി.പി.എം. അത്തരം നിലപാടെടുത്തത് എന്നു സമർത്ഥിക്കാനുള്ള ശ്രമത്തിനിടെ (ഇതുവരെ ആരും അതു കണ്ടെത്തിയിട്ടില്ല) ഇടതുപക്ഷാനുഭാവിയായ ഒരു ബ്ലോഗർക്ക് എൻ.ഡി.എഫ്. മുഖപത്രത്തിൽ നിന്നുള്ള വരികൾ കോപ്പി ചെയ്യേണ്ടി വരുന്ന ദുരവസ്ഥയും ഉണ്ടാകുന്നതായിക്കണ്ടു.

April 07, 2009

ഗോധ്രാനന്തരകലാപവും ഇടതുപക്ഷവും

ആമുഖം (Skip this introduction)

‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു ചിരിച്ചുതള്ളുന്നത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്.

ആദ്യഭാഗങ്ങൾ ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
മാറാടും മാർക്സിസ്റ്റുകളും
അയോദ്ധ്യയും മാർക്സിസ്റ്റുകളും
ഇറാന്റെ ബോംബ്
സദ്ദാം വധം
തസ്ലീമ – ‘ലജ്ജ’യില്ലാതെ

(മാർക്സിസ്റ്റുപാർട്ടിയുടെ ചില നയങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്ന മട്ടിലുള്ളവയായിരുന്നില്ലേ എന്നൊരു പരിശോധനയാണ് ഈ പോസ്റ്റുകളുടെയെല്ലാം പൊതുവിഷയം. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ ഇനിയെങ്കിലും തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)

ഗോധ്രാനന്തരകലാപവും ഇടതുപക്ഷവും

ഗോധ്ര കൂട്ടക്കൊലയിലും തുടർന്നുള്ള കലാപത്തിലുമൊക്കെ ആരെല്ലാം എന്തെല്ലാം ചെയ്തുവെന്നൊക്കെ വിശദീകരിക്കുന്ന – കലാപസംബന്ധിയായ – ഒരു പോസ്റ്റല്ല ഇത്‌. കലാപസമയത്ത്‌ ഒരു കൂട്ടർ ഒന്നു ചെയ്തു – മറ്റൊരു കൂട്ടർ മറ്റൊന്നു ചെയ്തു – അതിനും മുമ്പ്‌ വേറൊരു കൂട്ടർ വേറൊന്നു ചെയ്തിരുന്നു - മുതലായ താരത‌മ്യങ്ങൾക്കും അവസാനമില്ലാത്ത തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും വേദിയാക്കാൻ തീരെ താല്പര്യവുമില്ല. മറിച്ച്‌, മുൻപോസ്റ്റുകളുടെ തുടർച്ചയെന്ന നിലയിൽ, കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകളാണിവിടെ പരിശോധിക്കുന്നത്‌. കലാപകാലത്തെ ദു:ഖകരമായ അവസ്ഥാവിശേഷം ഇടതുപക്ഷം കൈകാര്യം ചെയ്ത രീതിയിലെ അക്ഷന്തവ്യമായ ചില അപരാധങ്ങൾ ചൂണ്ടിക്കാണിക്കാനാണ് ഉദ്യമം. രാജ്യത്തെ മറന്നുകൊണ്ട്‌, കുറച്ചു വോട്ടു കിട്ടാനായി എന്തും പറയുമെന്ന സ്വഭാവമുള്ളവർ തീർച്ചയായും തീവ്രവാദപ്രോത്സാഹനം തന്നെയാണു നടത്തുന്നത്‌ എന്നു വ്യക്തമാക്കുകയാണു ലക്ഷ്യം.

ഗോധ്രാനന്തരകലാപകാലത്തെ സംഭവങ്ങൾ ആപത്ക്കരമായ രീതിയിൽ മുതലെടുക്കാൻ ശ്രമിക്കുകയെന്നത് ഇടതുപക്ഷം ഇനിയും അവസാനിപ്പിച്ചിട്ടില്ലാത്ത തീക്കളിയാണ്. എന്തിനു വേണ്ടിയാണോ ശ്രമിക്കുന്നത് അത് - രാഷ്ട്രീയപരമായി അതു തങ്ങൾക്കുണ്ടാക്കേണ്ടുന്ന നേട്ടങ്ങൾ - സംഭവിക്കുന്നതേയില്ല എന്നും മറിച്ച് കോട്ടങ്ങളേ ഉണ്ടാക്കുന്നുള്ളൂ എന്നും തിരിച്ച‍റിയേണ്ട സമയം അതിക്രമിച്ചിട്ടു പോലും അവർ ഏകപക്ഷീയമായ പ്രചാരണങ്ങൾ തുടരുക തന്നെയാണ്.

അയോദ്ധ്യയിൽ നിന്നു മടങ്ങിയിരുന്നവർ ഉൾപ്പെടെ, ഇരുപത് കുട്ടികളും പതിനഞ്ചു സ്ത്രീകളുമടക്കം‌‌‌‌ അറുപതോളമാളുകളെ ട്രെയിനിലിട്ട് ആരൊക്കെയോ ചുട്ടുകൊന്നതും‌‌ അതേത്തുടർന്ന്‌ ഒരു പ്രദേശത്തെ ആളുകളിൽ വലിയൊരു ശതമാനവും കലുഷമനസ്ക്കരായിപ്പോയതും‌‌‌‌ തുടർന്നുള്ള സംഭവങ്ങളും‌‌‌‌ തീർച്ചയായും ദു:ഖകരവും അപലപനീയവും ആവർത്തിച്ചുകൂടാത്തതുമാണ്. അത്തരമൊരു പ്രസ്താവന എടുത്തു പറയേണ്ടതിന്റെ ആവശ്യകത പോലുമില്ലാത്തത്ര വ്യക്തമാണത്‌ - അതിലൊരു എതിരഭിപ്രായം ആരിൽ നിന്നും പ്രതീക്ഷിക്കേണ്ടതുമില്ല. പക്ഷേ, അതിനൊപ്പം ചേർത്തു പറയേണ്ട ചിലതുകൂടിയുള്ളത്‌, ഈ പോസ്റ്റുകളുടെ വിഷയവുമായി ചേർന്നു പോകുന്നുണ്ട്‌. അത്‌ ഇനിപ്പറയുന്നു:-

കലാപത്തെപ്പോലെ തന്നെ അപലപനീയമാണ് - അത് ബോധപൂർവ്വം ഒരു സമുദായത്തെ ഉപദ്രവിക്കാനായി മുൻകൂട്ടിത്തന്നെ തയ്യാറാക്കിയ പദ്ധതിയനുസരിച്ചുള്ള ആക്രമണമായിരുന്നു എന്നു ചിത്രീകരിക്കാൻ നടത്തിയ ശ്രമങ്ങളും. കലാപസമയത്തെ ചില കുറ്റകൃത്യങ്ങൾക്കു പിന്നിൽ, സംഘടിതകുറ്റകൃത്യങ്ങളിലെ സ്വാഭാവികതയായ ആസൂത്രണം അടങ്ങിയിരുന്നുവെന്നൊരാൾ പറഞ്ഞാൽ അതു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, അവയിൽ പ്രതിഷേധിക്കുകയും അവയെ പ്രതിരോധിക്കുകയും ചെയ്യുകയാണെന്ന വ്യാജേന അരങ്ങേറിയ പ്രചാരണങ്ങളുടെ യഥാർത്ഥ സ്വഭാവമെന്തായിരുന്നു? ഗോധ്രസംഭവത്തിനുമൊക്കെ വളരെമുമ്പേ തന്നെ കലാപത്തിന്റെയാകെ ആസൂത്രണം നടന്നിരുന്നു(!)വെന്നും, ട്രെയിൻ തീവയ്പ്‌ ഉൾപ്പെടെ അതിന്റെ ഭാഗമായിരുന്നു(!)വെന്നുമുള്ള വാദം – അപകടകരമായ പക്ഷപാതത്തിനു കുപ്രസിദ്ധമായ ‘ഹ്യൂമൻ(?) റൈറ്റ്സ് വാച്ച് ‘ ഒക്കെ മുമ്പോട്ടു വച്ച അസംബന്ധവാദം - കണ്ണുമടച്ച് ഏറ്റുപിടിക്കുകയാണ് ഇടതുപക്ഷത്തുള്ള പലരും ചെയ്തത്!! മുസ്ലീങ്ങളെ ഏതുവിധേനയും പീഢിപ്പിക്കാനായി ചിലർ ശ്രമിക്കുന്നുവെന്ന മുറവിളി കൂട്ടി അനുഭാവം പിടിച്ചു പറ്റാൻ ശ്രമിക്കുന്നതിനിടെ, ആരോപണങ്ങളുടെ കാര്യത്തിൽ ഏതറ്റം വരെ പോകാനും മടിക്കില്ലെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അത്‌.

മുസ്ലീം സമുദായാംഗങ്ങളേപ്പോലെ ശാന്തസ്വഭാവക്കാരും സൌമ്യശീലരും സാത്വികരും ഈ ലോകത്തു മറ്റാരാണുള്ളത് – അവരിലൊരാളെങ്കിലും ഒരിക്കലെങ്കിലും എന്തെങ്കിലും അക്രമം പ്രവർത്തിക്കുകയെന്നത് തികച്ചും അസംഭവ്യം – എന്നൊരു മട്ടിലാണ് മിക്കവാറും എല്ലാ ഇടതുപക്ഷപ്രതികരണങ്ങളും പൂറത്തു വരുന്നത്. ട്രെയിൻ ആക്രമിച്ച ജനക്കൂട്ടം മുസ്ലീം വേഷധാരികളായ സംഘപരിവാറുകാരാണെന്നു പോലും പറയാൻ മടിച്ചേക്കില്ല അവർ!

“തീവയ്പിനു പിന്നിൽ നടന്നത്‌ എന്തായിരുന്നാലും ശരി – അതു ചെയ്തത്‌ ഏതെങ്കിലും മുസ്ലീം അക്രമികൾ ആയിരുന്നാൽ‌പ്പോലും – അതിനു ശേഷം നടന്നതു ന്യായീകരിക്കപ്പെട്ടുകൂടാ“ – എന്ന മട്ടിലെങ്കിലും‌‌ ഒരിക്കലെങ്കിലും അഭിപ്രായപ്പെടാനെങ്കിലും ആരെങ്കിലും തയ്യാറായിരുന്നോ എന്നു ചിന്തിക്കണം. അതിനു പോലും വിമുഖതകാട്ടുകയല്ലേ ഉണ്ടായത്‌? അതിനു പകരം, തീവയ്പ്‌ ഉൾപ്പെടെ സകലതും കലാപകാരികൾ മുൻ‌കൂറായി ആസൂത്രണം ചെയ്തിരുന്നുവെന്നു നിർബന്ധബുദ്ധി പിടിക്കാനല്ലേ മുതിർന്നത്? എന്തിനായിരുന്നു അത്തരമൊരു ശാഠ്യമെന്നതും, ആ പ്രചാരണങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്തായിരുന്നുവെന്നതും ചിന്തിച്ചുനോക്കേണ്ടതു തന്നെയാണ്.

കത്തിക്കരിഞ്ഞ ശരീരങ്ങൾ നിരന്നു കിടക്കുന്നതു നേരിട്ടു കണ്ടപ്പോളാണു ഭ്രാന്തുപിടിച്ചതെന്നു കലാപകാരികൾ നേരിട്ടു പറഞ്ഞാൽക്കൂടി അതു വിശ്വസനീയമല്ലെന്ന നിലപാടാണു പലർക്കും. അതേ വാചകങ്ങൾ ഉപയോഗിച്ചു തന്നെ വീണ്ടും "ഗൂഢാലോചന" എന്ന മുറവിളി ആവർത്തിക്കുകയാണ് ! അക്രമാസക്തരായ നൂറുകണക്കിനാളുകൾ (ജനക്കൂട്ടം?) ട്രെയിനു നേരേ ആക്രമണം അഴിച്ചുവിട്ടത് മറ്റേതോ ലോകത്ത് മറ്റേതോ കാലത്തു നടന്നതാണെന്ന മട്ടിൽ - അതിന് തീയുമായി എന്തെങ്കിലും ബന്ധമുണ്ടാവാൻ യാതൊരു വഴിയുമില്ലെന്ന മട്ടിലാണ് കടുംപിടുത്തങ്ങൾ. മുസ്ലീങ്ങൾക്കു പങ്കുണ്ടായേക്കാം എന്നെങ്ങാനും അറിയാതെ ഒരു സന്ദേഹം പോലും പ്രകടിപ്പിക്കാതിരിക്കാൻ ശ്രദ്ധാലുക്കളാണു പലരും. ശരിയല്ലേ എന്നു ചിന്തിച്ചു നോക്കുക.

കാരണം ലളിതമാണ്.

പേടിയാണ്.

തികഞ്ഞ പേടിയാണ് എല്ലാവർക്കും. പ്രത്യേകിച്ച്‌ ഇടതുപക്ഷത്തിന്.

ഒന്നെങ്കിൽ, അങ്ങനെ പറഞ്ഞാൽ കലാപത്തെ ന്യായീകരിക്കുകയാണെന്നെങ്ങാൻ വരുമോ എന്നായിരിക്കണം അവർ ഭയക്കുന്നത്‌. (താൻ കുഴിച്ച കുഴിയിൽ താൻ തന്നെ എന്ന മട്ടിൽ - അനാവശ്യമായ പേടി. കലാപം അകാരണമല്ലെന്നു തുറന്നു പറയാനുള്ള ആർജ്ജവം കാട്ടിയാൽ അതു കലാപത്തെ ന്യായീകരിക്കലാവുന്നതെങ്ങനെയാണാവോ!). അതല്ലെങ്കിൽ, മുസ്ലീം സമൂഹത്തിലും കുറ്റവാളികളുണ്ട്‌ എന്നു സമ്മതിച്ചുകൊടുക്കേണ്ടി വന്നാൽ തങ്ങളുടെ “മതേതരത്വ”പ്രതിച്ഛായയ്ക്കു മങ്ങലേറ്റെങ്കിലോ എന്നവർ ഭയക്കുന്നുണ്ടാവണം.

എന്തായാലും, ഗോധ്രയിലെ ട്രെയിൻ തീവയ്പിനേത്തുടർന്നു മാത്രമാണ് കലാപം ഉണ്ടായത്. ഇതു ചരിത്രമാണ്. ഇനി പിറകോട്ടുപോയി ആർക്കും തീയതികൾ തിരുത്തുവാനാവില്ല. ഗോധ്രയില്ലെങ്കിൽ കലാപവുമുണ്ടാകുമായിരുന്നില്ല. പക്ഷേ, ചിലരതു സമ്മതിക്കില്ല. അവരിപ്പോഴും ശഠിക്കുന്നത്‌ കലാപം എന്തായാലും നടക്കുമായിരുന്നെന്നും, വെറുതെ ഒരു കാരണം ബോധിപ്പിക്കാനായി മനപ്പൂർവ്വം ട്രെയിൻ കത്തിച്ചു എന്നുമൊക്കെയാണ്. അത്തരമൊരു വാദം അവിശ്വസനീയമാണെന്നു പറഞ്ഞാൽ‌പ്പോലും അവർ സമ്മതിച്ചു തന്നേക്കില്ല. അവിശ്വസനീയതയുടെ കാരണങ്ങൾ വിശദീകരിച്ചുകൊടുത്താലും അവർ പിടിവാശി മാറ്റില്ല. അത്തരം കടും‌പിടുത്തങ്ങളൊക്കെ തികഞ്ഞ വരട്ടുവാദമാണെന്നു തന്നെ പറയേണ്ടി വരും. കലാപത്തെ അപലപിക്കുന്നതുപോലെ തന്നെ, ഇത്തരം കുത്സിതപ്രചാരണങ്ങളും അപലപിക്കപ്പെടണം.

ആളുകൾ വെന്തുമരിച്ച സ്ഥലത്തിനു ചുറ്റുമുള്ള അറുപതോളം സ്ഥലങ്ങളിലാണ് അക്രമങ്ങളുണ്ടായത്. എന്നാൽ, ആയിരത്തിലധികം വരുന്ന ചെ‍റുപട്ടണങ്ങളെയും മറ്റ് എണ്ണിയാലൊടുങ്ങാത്ത പ്രദേശങ്ങളേയും ഒന്നടങ്കം അധിക്ഷേപിച്ചുകൊണ്ട് ആ സംസ്ഥാനത്തു മൊത്തം പ്രശ്നമാണെന്നായിരുന്നു പ്രചാരണങ്ങൾ. ഗുജറാത്തിൽത്തന്നെ മറ്റിടങ്ങളിൽ - രാജ്യത്തിലേയ്ക്കു തന്നെ വച്ച്‌ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നായ സൗരാഷ്ട്രപോലുള്ള പ്രദേശങ്ങളിൽ - കലാപം യാതൊരു ചലനവുമുണ്ടാക്കിയില്ല. ഗുജറാത്തു ജനത കഴിവതും പെട്ടെന്ന് തിരിച്ചുവരാനും പരസ്പരം ആശ്വസിപ്പിക്കാനും ശ്രമിച്ചപ്പോൾ മറ്റുള്ളവർ അവരെയൊന്നടങ്കം കുറ്റപ്പെടുത്തിക്കൊണ്ട്‌ ക്രൂരമായ ആഘോഷം ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ.

തികച്ചും പ്രാദേശികമായിരുന്നു അവിടെ നടന്ന സംഭവങ്ങൾ. സംസ്ഥാനത്തുതന്നെ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിനിന്ന പ്രശ്നങ്ങൾ രാജ്യത്തെ ഇതരപ്രദേശങ്ങളിലേയ്ക്കു തീർച്ചയായും വ്യാപിച്ചിരുന്നില്ല. അവയെപ്പക്ഷേ സംസ്ഥാനത്തെ മാത്രമല്ല - രാജ്യത്താകമാനം ഒരു സമുദായത്തിനെതിരെയുള്ള “ഗൂഢാലോചന“(!)യുടെ ഭാഗമായി ചിത്രീകരിച്ചു. മാർക്സിസ്റ്റുരീതികൾ എത്രമാത്രം മനസിനെ ബാധിച്ചാലും ശരി - ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റായിരുന്നു അത്.

ആസാമിലോ മറ്റോ, പ്രധാനമായും പരിവർത്തിതക്രൈസ്തവരായ ബോഡോതീവ്രവാദികൾ ചേർന്ന് ഇതിലുമധികം മുസ്ലിങ്ങളെ കൊലചെയ്തിരുന്നുവെങ്കിലും ശരി - ആരെങ്കിലുമൊരാൾ അതിൽപ്പിടിച്ച് ആക്രോശം മുഴക്കുമായിരുന്നില്ലെന്നു തീർച്ചയാണ് (കഴിഞ്ഞയിടയ്ക്കു കൂടി അത്തരം ചില കൂട്ടക്കൊലകൾ നടന്നിരുന്നു. ഇടതുപക്ഷം ഹർത്താൽ നടത്തുന്നതുപോയിട്ട്‌ അതേപ്പറ്റി സംസാരിക്കുന്നതായിപ്പോലും കണ്ടില്ല.). ഗുജറാത്തായതിന്റെ മാത്രം പേരിൽ - സംഘപ്രസ്ഥാനങ്ങൾക്കെതിരെ മുസ്ലീം വികാരം ഉജ്ജ്വലിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു കമ്മ്യൂണിസ്റ്റുകൾക്ക്. അവരുടെ ഓരോ വാക്കുകൾക്കു പിന്നിലും ആ ഒരു ലക്ഷ്യം മാത്രമാണ് നിഴലിച്ചുകണ്ടത്‌. അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാ‍യി, ജനങ്ങൾ തമ്മിലുണ്ടായ അകൽച്ചയുടെ ആഴം കുറയ്ക്കാൻ ക്രിയാത്മകമായി എന്തെങ്കിലുമവർ ചെയ്തോ എന്നു ചോദിച്ചാൽ - “യാതൊന്നുമില്ലെന്നു മാത്രമല്ല – മറിച്ചു ചെയ്യുകയും ചെയ്തു” എന്നു തന്നെയാണു മറുപടി.

അറസ്റ്റു ചെയ്യപ്പെട്ടവരും പോലീസിന്റെ വെടിയേറ്റു മരിച്ചവരും അല്ലാത്തവരുമൊക്കെയായ അനവധി ഹിന്ദുക്കൾ - തെരുവിലിറങ്ങിയ ജനങ്ങളുടെ കൂട്ടത്തിൽ മുസ്ലീ‍ങ്ങളെ മാറ്റി നിർത്തി ഹിന്ദുക്കളുടെ എണ്ണം മാത്രമെടുത്താൽത്തന്നെ അതു ലക്ഷത്തിൽപ്പരമാണ് - അവരെയെല്ലാം ‘സംഘപരിവാ‍ർ’ എന്ന പേരിനു കീഴിൽ കൊണ്ടുചെന്നു പ്രതിഷ്ഠിക്കുന്നതു തികഞ്ഞ വിഡ്ഢിത്തമല്ലേ എന്ന ചോദ്യത്തെ കമ്മ്യൂണിസ്റ്റുകൾ എന്നും അവഗണിച്ചിട്ടേയുള്ളൂ. രാഷ്ട്രീയത്തിലെ അവരുടെ ഒന്നാം നമ്പർ ‘ശത്രു’ എന്നു തന്നെ പരസ്യമായി വിശേഷിപ്പിക്കാൻ മടികാണിക്കാതിരുന്ന ബി.ജെ.പി. കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ആദ്യനാളുകളിൽ, അവർക്ക് ‘ഹിഡൻ അജണ്ട’യുണ്ടെന്നൊക്കെയായിരുന്നു ഇടതുപക്ഷം വിലപിച്ചുനോക്കിയിരുന്നത്‌. അതു ഫലിക്കാതെ വരികയും ബി.ജെ.പി. വീണ്ടും അധികാരത്തിൽ വരികയുമൊക്കെച്ചെയ്ത്‌ നാലഞ്ചുവർഷമായി ഇടതുപക്ഷം നിരാശപ്പെട്ടു കഴിയുമ്പോളാണ് ഗോധ്രയെന്നൊരു അവസരം വീണ്ടു കിട്ടിയത്. തങ്ങളുടെ രാഷ്ട്രീയ “ശത്രു”ക്കളുടെ “അജണ്ട” മുസ്ലീങ്ങളെ ഉപദ്രവിക്കലാണെന്നൊക്കെയുള്ള പ്രചാരണങ്ങൾക്കു ന്യായീകരണം ചമയ്ക്കാനുള്ള അവസരമാണിതെന്നും അതു മുതലെടുക്കാതെ വിട്ടുകൂടാ എന്നുമുള്ള ആവേശത്തിനിടയിൽ സ്വബോധം നഷ്ടപ്പെട്ടവരേപ്പോലെയായിരുന്നു കമ്മ്യൂണിസ്റ്റുകൾ. കലാപം സംബന്ധിച്ച് മറച്ചുപിടിക്കപ്പെട്ട യാഥാർത്ഥ്യങ്ങളും വളച്ചൊടിക്കപ്പെട്ട വസ്തുതകളും എണ്ണിയാലൊടുങ്ങാത്തവയാണ്. അതിരുവിട്ട പ്രചാരണങ്ങൾ അനുവദിച്ചുകൂടാ എന്നു പറഞ്ഞു പ്രതിരോധിക്കാൻ ശ്രമിച്ചവർ കലാപത്തെ ന്യായീകരിക്കുകയാണെന്ന അസംബന്ധവാദം ഉന്നയിക്കാനും മടിച്ചില്ല അവർ! അവരൊക്കെ ‘ഫാസിസ്റ്റു‘കളാണെന്നൊക്കെയുള്ള പതിവു നിരർത്ഥകപ്രയോഗങ്ങളും ആവോളം നടത്തിക്കണ്ടു.

കലാപത്തെ സംബന്ധിച്ചു സംസാരിക്കുന്നവർ ആരായാലും ശരി – അവർ ഒരിക്കലും മറന്നുകൂടാത്ത ചിലതൊക്കെയുണ്ട്‌. തീർച്ചയായും മുസ്ലീങ്ങളാണു കൂടുതൽ കൊല്ലപ്പെട്ടതും ദുരിതമനുഭവിച്ചതും. പക്ഷേ അതൊരിക്കലും ഏകപക്ഷീയമായ ഒന്നായിരുന്നില്ല. ആകെ കൊല്ലപ്പെട്ടവരിൽ കാൽഭാഗത്തോളം പേർ ഹിന്ദുക്കളായിരുന്നു. എന്നിട്ടും, ആ കലാപത്തേക്കാൾ അനേകം ഘടകങ്ങൾ കൊണ്ട് പല മടങ്ങു വലുതും തികച്ചും ഏകപക്ഷീയവുമായിരുന്ന സിഖുവിരുദ്ധകലാപത്തേപ്പോലും സമ്പൂർണ്ണമായി നിസാരവൽക്കരിച്ചുകൊണ്ട്, ഇന്ത്യ കണ്ട ഏറ്റവു വലിയ “വംശഹത്യ“ എന്ന പ്രയോഗമൊക്കെ നടത്തി‍യത് തികഞ്ഞ അസംബന്ധവും തീർച്ചയായും ദുരുദ്ദേശപരവുമായിരുന്നു. മുസ്ലീംവികാരം പരമാവധി ഉജ്ജ്വലിപ്പിച്ച്‌ – അവരുടെ മനസ്സിൽ വിദ്വേഷം കുത്തിനിറച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനാകുമോ എന്നു മാത്രമാണ് ഇടതുപക്ഷം (കോൺഗ്രസ്‌ ഉൾപ്പെടെ കൂസിസ്റ്റുകൾ ഒന്നടങ്കം) ചിന്തിച്ചുകണ്ടത്‌. അങ്ങനെയൊരു പീഢിതബോധം വളർത്തുന്നതിന്റെ ദൂഷ്യഫലങ്ങളേക്കു‍റിച്ച് അവർ തരിമ്പും ചിന്തിക്കുന്നതായിക്കാണാറില്ല. രാജ്യത്ത്‌ ഒരു സംഘർഷാവസ്ഥ ഉണ്ടായാലും തരക്കേടില്ല – തങ്ങൾക്കു നേട്ടമുണ്ടാക്കാൻ പറ്റുമോ എന്നു മാത്രമാണവരുടെ നോട്ടമെന്നു കരുതേണ്ടിവരും.

ഒട്ടും ഏകപക്ഷീയമല്ലാതിരുന്ന ഗോധ്ര സംഭവങ്ങൾ തീർച്ചയായും ഒരു ഹിന്ദു-മുസ്ലീം സംഘർഷമായിരുന്നു. അവ രാഷ്ട്രീയകൊലപാതകങ്ങളായിരുന്നില്ല. അതിനെല്ലാം പിറകിൽ ചരിത്രപരമായ അനവധികാരണങ്ങൾ ഉണ്ടുതാനും. ഏതെങ്കിലും ഒരു മതത്തിലോ ഒരു ജാതിയിലോ ഒരു രാഷ്ട്രീയകക്ഷിയിലോ സംഘടനയിലോ ഒന്നും പെട്ടവർ മാത്രം ഉൾപ്പെട്ട സംഭവങ്ങളല്ല അവിടെ നടന്നിട്ടുള്ളത്‌. ഹിന്ദുക്കളിൽത്തന്നെ സംഘപരിവാർ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നവരുടെ അനിഷേദ്ധ്യമായ പങ്ക്‌ അംഗീകരിക്കുന്നവർ തന്നെ, കലാപത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ “അജണ്ട“യിലോ പ്രത്യയശാസ്ത്രഗ്രന്ഥങ്ങളിലോ കൊണ്ടു ചെന്നു പ്രതിഷ്ഠിക്കാൻ വ്യഗ്രതപ്പെടുന്നവരോടു തരിമ്പും യോജിച്ചെന്നു വരില്ല. അത്തരം കുപ്രചാരണങ്ങളുടെ പൊള്ളത്തരം തിരിച്ചറിയാനുള്ള വിവേചനശേഷി അവർക്കുണ്ട്‌ എന്നതു തന്നെ കാരണം. ലോകം മുഴുവൻ ആവർത്തിച്ചു നുണ പറഞ്ഞാലും ശരി – ആയിരക്കണക്കിനു പുറങ്ങൾ അച്ചടിക്കപ്പെട്ടാലും ശരി - നേരിട്ടറിയാവുന്ന സത്യങ്ങളെ ആരുടെയും മനസ്സിൽ നിന്നു മായ്ച്ചു കളയാൻ അതൊന്നും പര്യാപ്തവുമല്ല. മുസ്ലീങ്ങളെ ഉപദ്രവിക്കുക - ഉൻ‌മൂലനം ചെയ്യുക – മുതലായ ലക്ഷ്യങ്ങളുമായി ഒരുത്തനുമിവിടെ തക്കം പാർത്തിരിപ്പില്ല. അതിനു വേണ്ടി പദ്ധതി തയ്യാറാക്കപ്പെട്ടിട്ടുണ്ടെന്നൊക്കെയുള്ള മണ്ടത്തരങ്ങൾക്കു ബലം നൽകാവുന്ന യാതൊന്നും ഈ നാട്ടിൽ ഇന്നുവരെ സംഭവിച്ചിട്ടുമില്ല. ഇതൊരു യാഥാർത്ഥ്യമാണ്. അന്ധന്മാർക്കു തിരിച്ചറിയാൻ കഴിഞ്ഞേക്കില്ലാത്ത - അറിയാമെങ്കിലും സമ്മതിക്കാൻ മനസ്സുവന്നേക്കില്ലാത്ത യാഥാർത്ഥ്യം.

കലാപത്തിൽ ഇടതുപക്ഷം‌‌ ഉള്ളാലെ സന്തോഷിക്കുകയായിരുന്നു എന്നു പോലും തോന്നിപ്പോകും. അല്ല, അക്ഷരാർത്ഥത്തിൽ ആഘോഷിക്കുക തന്നെയായിരുന്നു അവർ. കലാപത്തിനു വഴിവച്ച വിവിധ ഘടകങ്ങളേക്കൂറിച്ചു സധൈര്യം സംസാരിക്കാൻ തയ്യാറാകുന്നതിനു പകരം അവയിൽ നിന്നെല്ലാം സമ്പൂർണ്ണമായി ഒളിച്ചോടിക്കൊണ്ട്, ഗോധ്രകൂട്ടക്കൊല ഉൾപ്പെടെ(!!!) സകലതും ബി.ജെ.പി. എന്നൊരു പാർട്ടി ആസൂത്രണം ചെയ്തതാണെന്നൊക്കെ വാദിക്കുകയും അവരെ എതിർക്കാനായി രാഷ്ട്രീയചേരിയുണ്ടാക്കാൻ തങ്ങളാണു മുന്നിലെന്നു കാണിക്കാൻ മത്സരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകൾ അങ്ങേയറ്റം പരിഹാസ്യവും നിന്ദ്യവുമാണ്. അതു തിരിച്ചറിയാൻ ആലോചനാശേഷിയുടെ അല്പമെങ്കിലും ഉള്ളിലുണ്ടായാൽ മതി. ബി.ജെ.പി.യെ എതിർക്കാൻ ഉത്സാഹിക്കുന്ന കമ്മ്യൂണിസ്റ്റുകൾ പിന്തുണയ്ക്കുന്നതാരെയാണ്? കോൺഗ്രസിനെ!!! ഗോധ്രാനന്തര കലാപത്തിൽ ഇരു വശത്തുനിന്നുമായി കൊല്ലപ്പെട്ടവരേക്കാൾ മൂന്നിരട്ടി ആളുകളെയാണ് – സിഖുകാർ മാത്രം കൊല്ലപ്പെട്ട കലാപത്തിൽ കോൺഗ്രസുകാർ കൊന്നുകളഞ്ഞത്! അതാണെങ്കിൽ ഒരു വർഗ്ഗീയസംഘർഷമൊന്നുമല്ലായിരുന്നു താനും. തനി രാഷ്ട്രീയകൊലപാതകങ്ങൾ! മരിച്ചത് ന്യൂനപക്ഷങ്ങളിൽ വച്ചു ന്യൂനപക്ഷമായ സിക്കുകാർ! കോൺഗ്രസിനെ ഒരു മടിയുമില്ലാതെ പിന്തുണയ്ക്കുകയാണ് ഇടതുപക്ഷം! ഒന്നോർത്താൽ, സിക്കുകാർക്ക്‌ പരമാവധി വന്നാൽ എത്ര വോട്ടു വരും?

ഇനി, ഗോധ്രാനന്തര കലാപത്തിൽ ഇരു വശത്തുനിന്നുമായി കൊല്ലപ്പെട്ടവരേക്കാൾ നാലിരട്ടിയാളുകൾ - ഹിന്ദുക്കൾ മാത്രം - ഒരൊറ്റദിവസം കൊണ്ടു മാത്രം - ഒരൊറ്റ നഗരത്തിൽമാത്രം (കൽക്കത്ത) - ഒരു പ്രകോപനവുമില്ലാതിരിക്കെ കൊല്ലപ്പെട്ടപ്പോൾ, കൊലയാളികൾ മുഴുവൻ മുസ്ലീംലീഗുകാരായിരുന്നു. “പ്രത്യക്ഷനടപടി” എന്നായിരുന്നു അവരതിനെ ഓമനപ്പേരിട്ടു വിളിച്ചത്‌. (കൃത്യം അന്നേ ദിവസം തന്നെയാണ് “പത്തണയ്ക്കു കത്തി വാങ്ങി കുത്തി നേടും പാകിസ്ഥാൻ “ എന്ന കുപ്രസിദ്ധമായ മുദ്രാവാക്യം കേരളത്തിൽ മുഴങ്ങിയത്‌.) ആ കൂട്ടക്കൊലകൾക്കു ശേഷം അധികവർഷങ്ങളൊന്നും കഴിയുന്നതിനു മുമ്പു തന്നെ - പേരിന്റെ കൂടെ ‘ഇന്ത്യൻ യൂണിയൻ‘ എന്നു കൂട്ടിച്ചേർത്തെന്നല്ലാതെ പ്രവർത്തകരിലോ നേതാക്കളിലോ മാറ്റമൊന്നുമില്ലാതിരുന്ന മുസ്ലീം ലീഗുമായി കൂട്ടുചേർന്ന്‌ മന്ത്രിസഭയുണ്ടാക്കുകയും അവർക്ക്‌ രാഷ്ട്രീയ രംഗത്തു മാന്യതയും അംഗീകാരവും നൽകാൻ ഉത്സാഹിക്കുകയും ചെയ്തതാര്? – അതും കമ്മ്യൂണിസ്റ്റുകൾ തന്നെ!

അപ്പോൾ കമ്മ്യൂണിസ്റ്റുകൾ എന്തിനെയാണു യഥാർത്ഥത്തിൽ എതിർക്കുന്നത്‌?

ആലോചിക്കാൻ തയ്യാറുള്ളവർ ഇതിൽ നിന്നൊക്കെ എന്താണു മനസ്സിലാക്കേണ്ടത്‌?

“കലാപവിരുദ്ധതയൊന്നുമല്ല – കാപട്യം – കറതീർന്ന കാപട്യവും കൂസിസവും – അതു മാത്രമാണ് കമ്മ്യൂണിസ്റ്റുകളെ നയിക്കുന്നത്‌ “ എന്നു തന്നെ. അല്ലാതെന്ത്‌?

ഒരു കലാപമുണ്ടാകുമ്പോൾ കലാപകാരികളുടെ കൂട്ടത്തിൽ ഒരു വശത്ത്‌ ഹിന്ദുക്കളുണ്ടെങ്കിൽ മാത്രമാണ് ഇടതുപക്ഷത്തിന്റെ ചോരതിളച്ചുകാണാറുള്ളത്‌. അപ്പോൾ മാത്രമാണ് അവരുടെ “രാഷ്ട്രീയബോധം(?)” ഉണർന്നു കാണാറുള്ളത്‌. അപ്പോൾ മാത്രമാണ് “പുരോഗമന“(?)സാഹിത്യകാരന്മാർ പടയണി തുള്ളിക്കാണാറുള്ളത്‌. അല്ലാത്തിടത്തോളം കാലം, കൂട്ടക്കൊലകൾ എത്ര ഭീകരമായിരുന്നാലും ശരി – മാറാടിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ, ‘അതു നമ്മുടെ പിള്ളേർ ചുമ്മാ പ്രതികാരം ചെയ്തതാണെ’ന്നോ മറ്റോ പറഞ്ഞ്‌ നിസാരവൽക്കരിക്കുന്നതുപോലെയാണ് അനുഭവപ്പെടാറ്‌. അതല്ലെങ്കിൽ, മലബാറിലെ മാപ്പിളലഹളക്കാരെ മഹത്വവൽക്കരിച്ചതുപോലെ, അവർക്കു സ്മാരകം പണിയാനാണു ശ്രമിക്കാറ്‌. ലജ്ജ ലവലേശമില്ലാത്ത കമ്മ്യൂണിസ്റ്റുകൾ! ഇത്തരം കാപട്യങ്ങൾ തിരിച്ചറിയാനുള്ള കഴിവോ പ്രതികരിക്കാനുള്ള സാഹചര്യമോ ഇല്ലാതെ പ്രസ്ഥാനത്തിനുള്ളിൽ പെട്ടുപോയ കുറച്ചു പാവങ്ങളെ ഉപയോഗിച്ച്‌ സംഘടനാശേഷികാട്ടി മസിൽ പെരുക്കുന്നവർ!

മുസ്ലീങ്ങളെ “ഉൻമൂലനം” ചെയ്യുക എന്ന “അജണ്ട”(!) നടപ്പിലാക്കാനായി, അയോദ്ധ്യയില്‍ നിന്നും വന്നിരുന്ന യാത്രികരെ ചുട്ടുകൊന്നുകൊണ്ട്‌ കലാപം ആരംഭിക്കുകയായിരുന്നു എന്നു വാദിച്ചവരുണ്ട്‌. മാർക്സിസ്റ്റുകളുടെ കാര്യം തന്നെയാണു പറയുന്നത്‌. അവരോട്‌ ഈ രാജ്യം ഒരു കാലത്തും പൊ‍റുക്കുവാൻ പോകുന്നില്ല. (വംശീയമായ “ഉൻ‌മൂലനം“ എന്നത്‌ ഈ രാജ്യത്തു യഥാർത്ഥത്തിൽ നടന്നിട്ടുള്ള ഏകപ്രദേശമായ കശ്മീരിനേക്കുറിച്ചു ചോദിച്ചാൽ ഇടതുപക്ഷം വായ ഇറുക്കിപ്പൂട്ടിക്കളയും. അതു മറ്റൊരു വിഷയമാണ്. അതു വിടുകയാണ്. കമ്മ്യൂണിസ്റ്റുകളുടെ കാപട്യങ്ങളേക്കുറിച്ചു വിശദമായി പറയാൻ നിന്നാൽ കപ്പാസിറ്റി മറികടക്കും - ഗൂഗിളിന്റെ പോലും.)

കലാപം മനപ്പൂർവ്വം സൃഷ്ടിച്ചതാണത്രേ! അതു നടത്താനുള്ള കാരണം കാണിക്കാനായി മനപ്പൂർവ്വം ട്രെയിൻ കത്തിച്ചത്രേ! എന്നിട്ട് അതു ചൂണ്ടിക്കാട്ടി മുൻപദ്ധതി പ്രകാരം കലാപം നടത്തിയത്രേ! എന്നിട്ട് ആ വികാരം (???) ഉപയോഗിച്ചു തെരഞ്ഞെടുപ്പു ജയിച്ചുവത്രേ! ഇതൊക്കെ കേട്ടു നിൽക്കുന്നവരെല്ലാം പൊട്ടന്മാരാണെന്നോ പ്രതികരണശേഷിയില്ലാത്തവരാണെന്നോ ആരും ധരിച്ചുപോകരുത്‌. അപ്പോളെന്താ മുസ്ലീങ്ങളെ ഉപദ്രവിച്ചാൽ അതിനുള്ള “പ്രത്യുപകാര“(!)മെന്നോണം ഹിന്ദുക്കൾ വോട്ടുചെയ്യുമെന്നോ? എന്താണർത്ഥമാക്കിയത്‌? എത്ര ലജ്ജാകരവും കുറ്റകരവുമായ വാദമാണത്!!! ഇവിടുത്തെ ഹിന്ദുക്കളുടെ ജനാധിപത്യബോധത്തെ ഇത്രത്തോളം പരിഹസിച്ചുകൊണ്ടുള്ള പരാമർശങ്ങൾ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.. ഹിന്ദുക്കളെ പരിഹസിക്കുന്നതിന്റെ പേരിലല്ല – മുസ്ലീങ്ങളുടെ മനസ്സിൽ തെറ്റിദ്ധാരണയും പീഢിതബോധവും വളർത്തുന്നതിന്റെ പേരിലാണ് ഇത്‌ അങ്ങേയറ്റം കുറ്റകരമാകുന്നത്‌. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരെ രാജ്യദ്രോഹക്കുറ്റത്തിന് തുറുങ്കിലടയ്ക്കുകയാണുവേണ്ടത്‌.

2002-നു മുമ്പു തന്നെ രണ്ടു തവണയും അതിനുശേഷം ഒരുതവണയും ഗുജറാത്തിൽ ബി.ജെ.പി. വമ്പൻ തെരഞ്ഞെടുപ്പു വിജയങ്ങൾ നേടിയിട്ടുണ്ടല്ലോ – അതൊക്കെ എങ്ങനെ നേടിയ വിജയങ്ങളാണെന്നു ചോദിച്ചാൽ ഇടതുപക്ഷം മറുപടി പറയില്ല. അവർക്കുതന്നെ അറിയാം അവരുടേത്‌ നിരർത്ഥകമായ വാദമാണെന്ന്‌. 2002-ൽത്തന്നെയും ഒരു അനുകൂല വികാരം ഉണ്ടായെങ്കിൽത്തന്നെ അതിനു കാരണമായത് കൊണ്ടുപിടിച്ച നെഗറ്റീവ് പ്രൊപ്പഗണ്ടയല്ലേ എന്നതിനും അവർക്കു മ‍റുപടിയില്ല. ഡിസംബറിൽ തെരഞ്ഞെടുപ്പുള്ളതിന് ഫെബ്രുവരിയിൽത്തന്നെ ട്രെയിൻ കത്തിക്കുമോ എന്ന ചോദ്യം ചോദിക്കേണ്ട ആവശ്യം തന്നെയില്ല. അത്രയ്ക്ക് അസംബന്ധമായിരുന്നു തെരഞ്ഞെടുപ്പു വിജയിക്കാൻ ട്രെയിൻ കത്തിച്ചു എന്ന പ്രചാരണം.

ഏതുപാർട്ടിയെ പിന്തുണയ്ക്കുന്നവരായാലും വേണ്ടില്ല – മനസാക്ഷിയുള്ള ഏതൊരാളും മനസ്സിലാക്കി വയ്ക്കേണ്ട ചിലതുണ്ട്‌. അധിനിവേശത്തിന്റെ ആദ്യദിനങ്ങൾ മുതൽ അനവധി കലാപങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുള്ള നമ്മുടെ മണ്ണിൽ ദു:ഖകരമായ ഒരു കലാപം കൂടിയുണ്ടായി. വിഭജനകാലത്തും അതിനു മുമ്പുമായി ഒഴുകിയിട്ടുള്ള ചോരപ്പുഴകളെല്ലാം മറന്നാൽ - സിഖ്‌ വിരുദ്ധകലാപവും കഴിഞ്ഞാൽ - വലുതുമാണ്. അനവധിപേർ കലുഷമനസ്ക്കരായി. പലർക്കും പല പിഴവുകളും പറ്റിയിരിക്കാം. അതൊക്കെ സമ്മതിക്കണം. പക്ഷേ, ഒരു സമുദായത്തെ ഉപദ്രവിക്കാൻ മാത്രം ലക്ഷ്യമിട്ട്‌- അവരെ പ്രത്യേകം ലക്ഷ്യമിട്ടുകൊണ്ട്, ബോധപൂർവ്വം അവസരം സൃഷ്ടിച്ചുകൊണ്ട് ആക്രമണം നടത്തിയെന്നും, അങ്ങനെ ചെയ്താൽ അതിനൊരു പ്രതിഫലമെന്നോണം ജനം വോട്ടു ചെയ്യുമെന്നു(!!!)മൊക്കെയുള്ള ഒരു ഇമേജുണ്ടാക്കുന്നത് തെറ്റാണ്. അപകടകരമാണ്. ഉത്തരവാദിത്തബോധമുള്ള ഒരു പ്രസ്ഥാനത്തിനും ചേർന്നതല്ല അത്. ലോകത്ത് എല്ലാ മനുഷ്യരുമൊന്നും യാഥാർത്ഥ്യബോധവും ഇത്തരം പ്രചാരണങ്ങളുടെ പൊള്ളത്തരം സ്വയം തിരിച്ചറിയാനുള്ള വിവേചനശേഷിയുമൊന്നുമുള്ളവരാവണമെന്നില്ല. കൊണ്ടുപിടിച്ച പ്രചാരണമുണ്ടാകുമ്പോൾ, ഏതെങ്കിലും ഒരാളെങ്കിലും അതൊക്കെക്കേട്ടു ശരിയാണെന്നു വിശ്വസിച്ചുപോകാനിടയുണ്ട്. അങ്ങനെ സംഭവിക്കുന്നെങ്കിൽ, അതുമൂലം ഒരാളുടെയെങ്കിലും മനസ്സിൽ വിദ്വേഷം വളരുന്നെങ്കിൽ, വിഷപ്രചാരണം നടത്തിയവർ തന്നെയാണ് അതിന് ഉത്തരവാദികൾ.

നേരിട്ടു കാണാത്ത ഗോധ്രാനന്തരകലാപത്തേക്കുറിച്ചു വാതോരാതെ സംസാരിക്കുന്നവർ നേരിട്ടുകണ്ടനുഭവിച്ച മാറാടിന്റെ കാര്യമെത്തുമ്പോളേക്കും മൌനത്തിലാകുന്നത്‌ അവരുടെ രാഷ്ട്രീയമായ നിസഹായാവസ്ഥയെയാണു കാണിക്കുന്നത്‌. ഇടതുപക്ഷത്തിന് തന്റേടമോ ആത്മാർത്ഥതയുടെ അംശമെങ്കിലുമോ ഉണ്ടെങ്കിൽ, കലാപങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്താണു ചെയ്യാൻ കഴിയുക എന്നാണു പരിശോധിക്കേണ്ടത്‌. മുറിവുകളുണക്കാൻ ശ്രമിക്കുകയാണു വേണ്ടത്‌. പക്ഷേ, അവരതു ചെയ്യുമെന്നു പ്രതീക്ഷിച്ചുകൂടാ. അവരുടെ പ്രത്യയശാസ്ത്രചട്ടക്കൂട്‌ അതിനവരെ സമ്മതിക്കില്ല. അതുതന്നെയാണവരുടെ പ്രശ്നം. അവർക്ക് സത്യം പറയാനുള്ള അവകാശമില്ല. അവർ എന്തുപറയണമെന്നു പാർട്ടിയാണു തീരുമാനിക്കുന്നത്.

കമ്മ്യൂണിസ്റ്റുകാരന് സ്വന്തമായി ഒരു നിലപാടെടുക്കാൻ അവകാശമില്ലെന്നും അവർക്ക്‌ പാർട്ടി തീരുമാനം അനുസരിക്കാനേ കഴിയൂ എന്നും പാർട്ടിനേതൃത്വം തന്നെ വ്യക്തമാക്കുന്നതായി “നവകേരള“മാർച്ചിന്റെ സമാപനസമ്മേളനത്തിന്റെ റിപ്പോർട്ടുകളിലും കണ്ടു. നാടിന് അതൊരു അനുഗ്രഹമായി മാറിയേനെ - പാർട്ടിയുടെ തീരുമാനങ്ങൾ നാടിനു നല്ലതായിരുന്നെങ്കിൽ. പക്ഷേ നിർഭാഗ്യവശാൽ, പാർട്ടിയാകട്ടെ - ഹിന്ദുക്കൾക്കും മുസ്ലീ‍ങ്ങൾക്കുമിടയിൽ സൌഹൃദം വളർത്തുന്നതിന് - മതസൌഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിന് – എന്തെങ്കിലും സംഭാവന ചെയ്തു കളയാം എന്നൊന്നും ഇതുവരെ തീരുമാനിച്ചതായും കണ്ടിട്ടില്ല. എന്തെങ്കിലും തർക്കമോ മറ്റോ ഉണ്ടാകുമ്പോൾ അന്ധമായി മുസ്ലീം പക്ഷം പിടിക്കുക, പ്രശ്നപരിഹാരത്തിന് വിലങ്ങുതടിയാകുക, പ്രശ്നങ്ങൾ വളർത്തി വലുതാക്കുക - ഇതൊക്കെ മാത്രമേ കാണാൻ സാധിച്ചിട്ടുള്ളൂ. ഭൌതികവാദത്തിന് ഊന്നൽ നൽകുന്നവരെന്ന നിലയ്ക്ക് സ്വാഭാവികമായും മതവിശ്വാസങ്ങൾക്കു പുറം തിരിഞ്ഞുനിൽക്കുന്നവരായിരിക്കും എന്ന അവസ്ഥയുള്ളതു മുതലെടുത്ത്‌, തങ്ങൾ “മതേതരത്വ”ത്തിന്റെ വലിയ വക്താക്കളാണെന്നൊക്കെ മേനി നടിക്കുന്നതും കാണാം. വർഗ്ഗീയസംഘർഷങ്ങൾ വളർത്തിവലുതാക്കി മുതലെടുപ്പു നടത്തുന്നതാണോ മതേതരത്വം എന്നു തിരിച്ചു ചോദിക്കാൻ ആളുകളെ നിർബന്ധിതരാക്കുന്ന മട്ടിൽ.

കലാപങ്ങളുടെ കാര്യത്തിലെ കമ്മ്യൂണിസ്റ്റു കാപട്യങ്ങളേക്കുറിച്ചു പറഞ്ഞുകൊണ്ടിരുന്നാൽ ഇപ്പോളൊന്നും തീരില്ല. അവർ തന്നെ സംഘടിപ്പിച്ചു നടപ്പാക്കിയ കലാപങ്ങൾ എല്ലാം തന്നെ മാറ്റിവച്ചാൽ‌പ്പോലും. ഒന്നു കൂടി മാത്രം പറഞ്ഞു നിർത്താം. മലബാർ കലാപമെന്നും സ്വാതന്ത്ര്യസമരമെന്നുമൊക്കെ വിളിച്ച്‌ മഹത്വവൽക്കരിക്കാൻ മാർക്സിസ്റ്റുകൾ എക്കാലവും പാടുപെടുന്ന മാപ്പിള ലഹളയേക്കുറിച്ച്‌ ഒരു പോസ്റ്റ്‌ ഈയിടെ വായിച്ചു. “ബ്രിട്ടീഷുകാരെ തോല്പിക്കാൻ“ വേണ്ടി മലയാളി ഹിന്ദുക്കളെ അരിഞ്ഞുതള്ളിയതു മതഭ്രാന്തിന്റെ പ്രകടനമല്ലാതെ മറ്റെന്തായിരുന്നുവെന്ന ചോദ്യം തന്നെയാണ് ആ പോസ്റ്റ്‌ മുന്നോട്ടു വച്ചത്‌. കഷ്ടകാലത്തിന്, അവിടെ ഗർഭിണികളെ കൊന്ന കാര്യവും പശുക്കളെ കൊന്നിട്ട്‌ ദേവാലയങ്ങളിൽ കൊണ്ടു തള്ളിയ കാര്യവുമടക്കം പ്രതിപാദിച്ചിട്ടുമുണ്ട്‌!! ‘വൈകി വന്ന വിവേകം‘ എന്നു വിശേഷിപ്പിക്കാവുന്ന അതിനു കൊടുത്തിരിക്കുന്ന തലക്കെട്ടു തന്നെ “വേറിട്ട വായന” എന്നാണ്. അവിടെ വന്ന ആദ്യത്തെ കമന്റു തന്നെ “ഇത്തവണ റിവേഴ്സ്‌ ഗിയറിലാണല്ലോ” എന്നാണ്! ലേഖകനെ അനുകുലിച്ചവർ തന്നെ “പുതിയ ചിന്ത”യ്ക്കു നന്ദി എന്നാണു പറഞ്ഞിരിക്കുന്നത്‌! അംഗീകരിക്കാൻ ഇനിയും മടിക്കുന്നവർ “ലേഖകനെന്താണു നട്ടെല്ലില്ലേ“ എന്നുമൊക്കെ അരിശം കൊണ്ടും കാണുന്നു. ഇതുവരെ കേട്ടിരുന്നതും അടിച്ചേല്പിച്ചിരുന്ന വിവരങ്ങളും മാറ്റിവച്ച്‌ സ്വയം ചിലതെല്ലാം വായിക്കുകയും പഠിക്കുകയും ചെയ്യാമെന്നു തീരുമാനിച്ചപ്പോൾ കണ്ടെത്തിയ കാര്യങ്ങളും തിരിച്ചറിവുകളുമൊക്കെ തുറന്നു പറയാൻ ഒരാൾ തയ്യാറായപ്പോൾ കിട്ടുന്ന മറുപടിയാണ്! ഇതൊക്കെത്തന്നെയാണിവിടുത്തെ പ്രശ്നം. കണ്ണു തുറന്നു നോക്കാൻ ആളുകൾ തയ്യാറാകുന്നില്ല. തയ്യാറാകുന്നവരെ ബാക്കിയുള്ള അന്ധന്മാർ എതിർക്കുന്നു. ഗുരു എന്ന ചിത്രത്തിൽ, അന്ധത മാറി കാഴ്ചലഭിക്കുന്നയാളെ ബാക്കിയുള്ള അന്ധന്മാർ കല്ലെറിയുന്ന രംഗമാണ് ഓർമ്മ വരുന്നത്‌.

ഇടതുപക്ഷപ്രവർത്തകരിലും എഴുത്തുകാരിലുമെല്ലാം പെട്ട കുറെയധികം പേർക്കെങ്കിലും ഇത്തരം കാര്യങ്ങളേക്കുറിച്ചെല്ലാം സ്വതന്ത്രമായും നിഷ്പക്ഷമായും ചിന്തിക്കാനുള്ള അവസരമുണ്ടാകുകയും, അവർക്ക്‌ യാഥാർത്ഥ്യങ്ങളേപ്പറ്റിയുള്ള തിരിച്ചറിവുകളുണ്ടാകുകയും, നുണപ്രചാരണങ്ങളിൽ പങ്കാളികളാകാൻ തങ്ങളൊരുക്കമല്ല എന്നവർ പ്രഖ്യാപിക്കുകയും ചെയ്താൽ, ഇവിടുത്തെ അപകടകരമായ വർഗ്ഗീയപ്രചാരണങ്ങളിൽ നല്ലൊരു ശതമാനവും സ്വിച്ചിട്ടതു പോലെ അവസാനിക്കും. രാജ്യത്തെ വർഗ്ഗീയസംഘർഷങ്ങളിലും തീവ്രവാദപ്രവർത്തനങ്ങളിലും അത്‌ ഗണ്യമായ കുറവുണ്ടാക്കും. തെറ്റിദ്ധരിപ്പിക്കപ്പെട്ട്‌ തീവ്രവാദവഴിയിലേക്കു നീങ്ങുന്ന യുവാക്കളിൽ ഭൂരിഭാഗവും രക്ഷപെടുകയും ചെയ്യും. ഇടതുപക്ഷത്തിനു സാന്നിദ്ധ്യമുള്ള കേരളത്തിൽ നിന്നാണ് ഇപ്പോൾ തീവ്രവാദികൾ തുടരെ അറസ്റ്റുചെയ്യപ്പെടുന്നത്‌ എന്ന യാഥാർത്ഥ്യം കാണാതിരിക്കേണ്ടതില്ല. അതിൽത്തന്നെ, ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായി കരുതപ്പെടുന്ന കണ്ണുർ ജില്ലയിൽ നിന്നാണ് കശ്മീരിലേക്കു വരെ കയറ്റുമതി നടക്കുന്നത് എന്നതും യാദൃച്ഛികമൊന്നുമല്ല. അന്ധമായ ചില രാഷ്ട്രീയ നിലപാടുകളുടെ പേരിൽ അണികളിൽ പാർട്ടി അടിച്ചേൽ‌പ്പിക്കുന്ന പ്രചാരണജോലികൾ അടിമകളേപ്പോലെ ചെയ്തു തീർത്ത്‌ സ്വയം കുഴികുഴിക്കുകയാണോ - അതോ യുക്തിപൂർവ്വം ചിന്തിച്ച്‌ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുകയാണോ വേണ്ടത്‌ – എന്ന് അവർ തന്നെ തീരുമാനിക്കട്ടെ.

ഇക്കഴിഞ്ഞയിടെ മുംബൈയിൽ തീവ്രവാദി ആക്രമണമുണ്ടായതിന്റെ ആദ്യദിനങ്ങളിൽ, അവിടെപ്പോലും “ഹിന്ദുത്വപ്രസ്ഥാന”ങ്ങളെ കൂട്ടിക്കെട്ടാൻ ശ്രമിച്ചു പരിഹാസ്യരായ പത്രമായ “ദേശാഭിമാനി(?)“ മാത്രം സ്ഥിരം വായിക്കുകയും അതിൽക്കാണുന്നതൊക്കെ വേദവാക്യമെന്നതുപോലെ കൊണ്ടുനടക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോട്‌ എനിക്കൊന്നേ പറയാനുള്ളൂ. ദേശീയത നെഞ്ചോടു ചേർത്തിരിക്കുന്ന പ്രസ്ഥാനങ്ങളെ എതിർത്തേ തീരൂ എന്നു നിങ്ങൾക്കു ശാഠ്യമാണെങ്കിൽ ആയിക്കൊള്ളുക. ചൈന ഇനിയൊരിക്കൽക്കൂടി നമ്മെ ആക്രമിച്ചാൽ അപ്പോളും അവർ നമ്മുടെ ജവാന്മാർക്കും ജനങ്ങൾക്കുമിടയിൽ ഒരു രണ്ടാം നിരയേപ്പോലെ സധൈര്യം നിലകൊണ്ട്‌ മാതൃഭൂമിക്കു വേണ്ടി മരിക്കാനും തയ്യാറായെന്നു വരും. അവരെ എതിർക്കണമെന്നത്‌ നിങ്ങളിൽ പ്രത്യയശാസ്ത്രം അടിച്ചേൽ‌പ്പിക്കുന്ന ഒരു തരം ബാദ്ധ്യത പോലെയാണെങ്കിൽ ആയിക്കൊള്ളുക. പക്ഷേ, ദേശീയവാദികളെ കണ്ണുമടച്ച്‌ എതിർക്കുന്നതിനൊപ്പം നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ദേശവിരുദ്ധരായ തീവ്രവാദികൾക്കും വിഘടനവാദികൾക്കും തികഞ്ഞ പ്രോത്സാഹനമായി മാറുന്നതു കൂടി മനസ്സിലാക്കാനുള്ള ബുദ്ധിപോലും ഇല്ലാത്തവരാണു മറ്റുള്ളവരെന്നു നിങ്ങൾ ധരിച്ചു പോകരുത്‌. മനപ്പൂർവ്വമാണ് ഇതെല്ലാം ചെയ്യുന്നതെങ്കിൽ, ഈ ചെയ്തികൾ ആത്മഹത്യാപരമല്ലേ - ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമല്ലേ - എന്നും ചിന്തിക്കുന്നതു നന്നായിരിക്കും. വളരെ വൈകിയാണു വിവേകമുദിക്കുന്നതെങ്കിൽ, പിന്നെ ‘അഭിമാനം‘ കൊള്ളാനായി ‘ദേശം’ അവശേഷിച്ചുവെന്നു വരില്ല – എന്നു കൂടിയോർക്കുക.

വാൽക്കഷ്ണം:-
ഇതൊന്നും ഇപ്പോൾ കേൾക്കാൻ സമയമില്ലെന്നും പൊന്നാനിയിൽ പി.ഡി.പി.ക്കു വേണ്ടി പോസ്റ്ററൊട്ടിക്കുന്ന തിരക്കിലാണെന്നുമാണ് ഇതിനെല്ലാമുള്ള മറുപടിയെങ്കിൽ - സാരമില്ല മാർക്സിസ്റ്റുകാരേ – പണി നടക്കട്ടെ – എന്നാണു പറയാനുള്ളത്‌. പണിമുടക്കാൻ മാത്രമല്ല – വല്ലപ്പോഴും പണിയെടുക്കാനും തങ്ങൾക്കറിയാമെന്നു കാണിക്കുന്ന അപൂർവ്വാവസരങ്ങളിൽ ഒരു തടസ്സമാവുന്നില്ല. നടക്കട്ടെ. പണി നടക്കട്ടെ.