September 09, 2006

ചില 'വൈരുദ്ധ്യാത്മക' ഐക്യദാര്‍ഢ്യചിന്തകള്‍

മുംബൈക്കു ശേഷം ഇതാ മെലഗാവ്‌. വീണ്ടും സ്ഫോടനങ്ങള്‍. അതു നടത്തിയവര്‍ ആരായാലും ശരി - അവര്‍ പ്രതീക്ഷിച്ച പ്രതികരണം ഇനിയും ഉണ്ടായിട്ടില്ല. ഭാഗ്യം. ഉണ്ടാവാതിരിക്കട്ടെ ദൈവമേ.

'മറ്റു പ്രതികരണങ്ങള്‍' പ്രസ്താവനകളുടേയും മറ്റും രൂപത്തില്‍ വന്നുകൊണ്ടിരിക്കുന്നു. അവയൊക്കെ കേട്ടു കൊണ്ടിരുന്നപ്പോഴാണ്‌ ഉണ്ണിപ്പിള്ളയുടെ കഥ ഓര്‍ത്തത്‌. കഴിഞ്ഞ ജൂണില്‍ മുംബൈ സ്ഫോടനങ്ങള്‍ നടന്നപ്പോഴത്തെ കഥ.

---------------------------------------------------------------
എന്താണെന്നറിയില്ല.

പറഞ്ഞുകേട്ടും പടത്തില്‍ കണ്ടുമുള്ള വിവരമേയുള്ളൂവെങ്കിലും മുംബൈ എന്നു കേള്‍ക്കുന്നതേ ഉണ്ണിപ്പിള്ളയ്ക്ക്‌ പേടിയാണ്‌. അപ്പോഴാണ്‌ ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്നൊക്കെ പറയുമ്പോലെ മുംബൈയില്‍ ബോംബു സ്ഫോടനമുണ്ടാകുന്നത്‌.

പേടിക്കു പുറമേ പേടി!

പത്രവാര്‍ത്തകള്‍ വിശദമായി വായിക്കുവാന്‍ പോലും അയാള്‍ കൂട്ടാക്കിയില്ല. വെറുതെ ഒന്നു മറിച്ചു നോക്കിയാല്‍ തന്നെ കാര്യങ്ങള്‍ ഊഹിക്കാവുന്നതല്ലേയുള്ളൂ? ജീവിത പ്രാരാബ്ധങ്ങളും വലിച്ചുകൊണ്ട്‌ നെട്ടോട്ടമോടുന്നതിനിടയില്‍ ഒരു നിമിഷം കൊണ്ട്‌ ചിതറിത്തെറിച്ചുവീഴുന്നവര്‍. മതമൗലികവാദമോ തീവ്രവാദമോ ഒന്നും നെഞ്ചിലേറ്റാത്തവര്‍. ഭാരതീയപൗരന്മാര്‍ ആയിപ്പോയതുകൊണ്ടുമാത്രം വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ടവര്‍!

കഷ്ടം!

വായിക്കാതിരിക്കുന്നതു തന്നെ നല്ലത്‌ എന്നു വിചാരിച്ചു അയാള്‍.

---------------------------------------------------------------
രണ്ടു ദിവസം കഴിഞ്ഞതേയുള്ളൂ. വീടിനു മുമ്പിലുള്ള റോഡിലൂടെ ചിലര്‍ ജീപ്പില്‍ കോളാമ്പി വച്ചുകെട്ടി വിളിച്ചു പറഞ്ഞുകൊണ്ടുപോകുന്നു "ബോംബ്‌ സ്ഫോടനങ്ങളിൽ‌പ്പെട്ട്‌‌ ഉഴലുന്നവര്‍. യാതന അനുഭവിക്കുന്ന ആ പാവങ്ങളുടെ കണ്ണീരൊപ്പാന്‍, അവര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ ഇന്നു വൈകിട്ട്‌ 5 മണിക്ക്‌ തവളക്കുഴി കവലയില്‍ വമ്പിച്ച പൊതുയോഗവും ഐക്യദാര്‍ഢ്യപ്രതിജ്ഞയും."

'ഇതൊരു പുതിയ കാര്യമാണല്ലോ' എന്നും 'തന്റെ ഈ കുഗ്രാമത്തില്‍ ആര്‍ക്കാണിത്ര രാജ്യസ്നേഹം' എന്നും കരുതി അത്ഭുതപ്പെട്ട്‌ പുറത്തിറങ്ങി നോക്കുമ്പോള്‍ ജീപ്പിനു മുന്‍പില്‍ ഒരു വലിയ ചുവന്ന കൊടി!

ദൈവമേ. കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ ഇതെന്തു പറ്റി? ഈ അടുത്തയിടെയൊന്നും ഒരു തീവ്രവാദി ആക്രമണത്തെയും അവര്‍ അപലപിച്ചതായി പോലും കേട്ടിട്ടില്ല. നേരേ മറിച്ച്‌ മതതീവ്രവാദത്തിനെതിരെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ 'പ്രകോപനമുണ്ടാക്കുന്നു' - ‘വർഗ്ഗീയത പറയുന്നു’ എന്നൊക്കെ‌ അലമുറയിടുക എന്ന ഒരു നയമാണ്‌ ഇതു വരെ കണ്ടിട്ടുള്ളത്‌. ഇപ്പോള്‍ എന്തായിരിക്കും ഈ ചുവടുമാറ്റത്തിനു പിന്നില്‍? പുതിയ എന്തെങ്കിലും അടവു നയം?

ജീപ്പു വളവു തിരിഞ്ഞപ്പോളാണ്‌ സംശയം മാറിയത്‌.

ജീപ്പിനു പിറകില്‍ വലിയ ഒരു പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നു.

"ഇസ്രായേലിനെ 'നിലക്കു' നിര്‍ത്തുക"!

അകന്നുപോകുന്ന ജീപ്പിനു പിന്നാലെ ഓടുന്ന കുട്ടികളുടെ ബഹളത്തിനിടയിലൂടെ അനൗണ്‍സ്‌മെന്റ്‌ തുടരുകയാണ്‌.

"ദുരിതമനുഭവിക്കുന്ന ലെബനീസ്‌ ജനതയുടെ വികാരങ്ങള്‍ നെഞ്ചേറ്റിക്കൊണ്ട്‌.... കേരളത്തിലെ ഇടതുപക്ഷ-പുരോഗമന-ജനാധിപത്യ-മതേതര..."

മുംബൈയില്‍ ഇപ്പോള്‍ മഴയാണെന്നു കേള്‍ക്കുന്നു. വീട്ടിലേക്കു തിരിച്ചു കയറുന്നതിനിടയില്‍ ഉണ്ണിപ്പിള്ള ഓര്‍ത്തു. മുംബൈയില്‍ മരിച്ചവരുടെ ചിതകള്‍ ഇപ്പോള്‍ അടങ്ങിയിട്ടുണ്ടാവണം. നല്ല വേനലാണെങ്കില്‍ ഒരു അഞ്ചാറു ദിവസമെങ്കിലും എടുക്കും കനലടങ്ങാന്‍. ഇന്നു പക്ഷേ സ്ഫോടനം നടന്നിട്ട്‌ ഇതു മൂന്നാം ദിവസം മാത്രം. ഇനിയും മൂന്നു ദിവസത്തോളം ബാക്കി.

---------------------------------------------------------------
ലെബനനില്‍ ആക്രമണവും പ്രത്യാക്രമണവും മുറുകി വന്നപ്പോള്‍ ഉണ്ണിപ്പിള്ള വീണ്ടും വല്ലാതെ പേടിച്ചു. ഒരു 'പുനരൈക്യ'ദാര്‍ഢ്യപ്രതിജ്ഞയും പുറകെ ഒരു ഹര്‍ത്താലും കൂടി സംഘടിപ്പിച്ച്‌ തവളക്കുഴിയെങ്ങാനും ഇക്കൂട്ടര്‍ സ്തംഭിപ്പിച്ചു കളഞ്ഞാലോ?

ഭാഗ്യം. ഒന്നുമുണ്ടായില്ല. ഒരുപാടു താമസിക്കാതെ ഒരു വെടി നിര്‍ത്തല്‍ നിലവില്‍ വന്നത്‌ എത്ര നന്നായി?

എല്ലാം കഴിഞ്ഞുവെന്നു കരുതി അങ്ങനെ ഇരിക്കുമ്പോള്‍ തിരുവനന്തപുരത്തുനിന്ന്‌ ഒരു വാര്‍ത്തയും ഫോട്ടോയും. കോണ്‍ഗ്രസ്‌ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും പാളയത്ത്‌ കുത്തിയിരിക്കുന്നു. അവിടെയും ഐക്യദാര്‍ഢ്യം തന്നെ വിഷയം.

അല്ലാ - ലെബനനില്‍ വെടിയും നിര്‍ത്തി മോരിലെ പുളിയും പോയിക്കഴിഞ്ഞിട്ടോ എന്നു സംശയിക്കുമ്പോഴാണ്‌ ബാനര്‍ ശ്രദ്ധിച്ചത്‌.

"ലബനന്‍ - പലസ്തീന്‍ ഐക്യദാര്‍ഢ്യം"

പ്രത്യേകിച്ച്‌ സീസണ്‍ ഒന്നും ആവശ്യമില്ലാതെ ഏതു കാലാവസ്ഥയിലും പുറത്തിറക്കി കളിക്കാവുന്ന 'പലസ്തീന്‍' എന്ന തുറുപ്പു കൂടി ചേര്‍ത്തു വീശിയിരിക്കുകയാണ്‌ കോണ്‍ഗ്രസ്‌. 'കൊള്ളാം. മല്‍സരം മുറുകട്ടെ'. ഉണ്ണിപ്പിള്ള മനസ്സില്‍ ചിരിച്ചു.

---------------------------------------------------------------
അതിനിടയ്ക്കുതന്നെയാണ് ശ്രീലങ്കയില്‍ ബോംബുപൊട്ടി 61 വിദ്യാര്‍ത്ഥിനികളോ മറ്റോ മരിച്ചെന്ന വാര്‍ത്ത കണ്ടത്‌. അതും അനാഥര്‍. ഉള്ളതാണോ എന്തോ?

എന്തായാലും അതിനെച്ചൊല്ലി ഇവിടെയെങ്ങും ആര്‍ക്കും യാതൊരു വിധ വിഷമവുമില്ല ഐക്യവുമില്ല ദാര്‍ഢ്യവുമില്ല. തവളക്കുഴിയിലെന്നല്ല - കേരളത്തില്‍ ഒരിടത്തും.

ഓ. എന്തിനാ?

തമിഴന്റെ വോട്ടു തമിഴ്‌നാട്ടില്‍. ഇവിടെ കേരളത്തില്‍ അതിനൊക്കെ ആരു മെനക്കെടും ഹേ? ലാഭമില്ലാത്ത ബിസിനസ്സില്‍ മുതല്‍മുടക്കാന്‍ മാത്രം മണ്ടന്മാരല്ല രാഷ്ട്രീയക്കാര്‍ എന്നു ഉണ്ണിപ്പിള്ളയ്ക്കു പണ്ടേ അറിയാം.

---------------------------------------------------------------
വെടി നിര്‍ത്തല്‍ നടപ്പിലാക്കുന്നതിനു മുന്‍പുള്ള ഒരു ദിവസത്തെ ഒരു ഇംഗ്ലീഷ്‌ പത്രവാര്‍ത്ത യാദൃശ്ചികമായി കണ്ണില്‍പെട്ടപ്പോള്‍ ഉണ്ണിപ്പിള്ള അത്ഭുതപ്പെട്ടുപോയി. ഇസ്രായേലിലെ ഒരു ഇടതു നേതാവ്‌ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റുകളെ നിശിതമായി വിമര്‍ശിക്കുകയും താക്കീതു ചെയ്യുകയും ചെയ്തിരിക്കുന്നുവത്രെ!

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ചില പരമ്പരാഗത താക്കീതുകള്‍ ഉണ്ണിപ്പിള്ള കേട്ടിട്ടുണ്ട്‌. രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ, തങ്ങള്‍ക്കനുകൂലമല്ലാത്ത വിധി പുറപ്പെടുവിക്കുന്ന കോടതികള്‍ക്കു നേരെ, കള്ളവോട്ടു ചൊദ്യം ചെയ്യാന്‍ മുതിരുന്ന പോളിംഗ്‌ ഓഫീസര്‍ക്കു നേരെ, എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്ക്കു പോലും മുടക്കം വരുത്തി ബന്ദ്‌ സംഘടിപ്പിച്ചു കൊണ്ട്‌ അമേരിക്കക്കെതിരെ. അങ്ങനെ പലതരം താക്കീതുകള്‍.

പക്ഷേ..

ഒരു വിദേശ നേതാവ്‌ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളോട്‌ നടത്തുന്ന 'അന്തര്‍ദേശീയ താക്കീത്‌' ഇതാദ്യം!

ഇസ്രായേലിലെ ഹൈഫ നഗരത്തിന്റെ മേയറും കടുത്ത ഇടതുപക്ഷവാദിയുമായ 'യോന യാഹ'വിന്റെ പ്രസ്താവനകളാണ്‌ വാര്‍ത്തയില്‍. ആറു വര്‍ഷം മുമ്പ്‌ ലെബനനില്‍ നിന്നുള്ള ഇസ്രായേല്‍ പിന്മാറ്റത്തിനായി 'നെസ്സറ്റി'ല്‍ ശക്തമായി വാദിക്കുകയും വിജയിക്കുകയും ചെയ്ത ആളാണ്‌ കക്ഷി. അദ്ദേഹമിപ്പോള്‍ പറയുന്നത്‌ 'ഹിസ്ബുള്ളയുടെ താവളങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെടുന്നതു വരെ ആക്രമണം ശക്തമായി തുടരുകയാണു വേണ്ടതെ'ന്നാണ്‌ !

ഭാരതീയരോടുള്ള അദ്ദേഹത്തിന്റെ താക്കീത്‌ ഇങ്ങനെ പോകുന്നു."നിങ്ങളുടെ രാജ്യത്തും, തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളെടുക്കുന്നില്ലെങ്കില്‍ പിന്നീട്‌ ദു:ഖിക്കേണ്ടിവരും. ഞങ്ങളെ നോക്കൂ. ലെബനനില്‍ നിന്ന്‌ ഞങ്ങള്‍ പിന്മാറിയ അതേ പ്രദേശത്തുനിന്ന്‌ അവരിപ്പോള്‍ ഞങ്ങള്‍ക്കു നേരെ റോക്കറ്റുകള്‍ എയ്യുന്നു"

ഉണ്ണിപ്പിള്ള മനസ്സിലോര്‍ത്തു. "അറിയാത്ത മേയര്‍ക്ക്‌ ചൊറിയുമ്പോള്‍ അറിയും"

ഇക്കാര്യത്തില്‍ വിദേശ കമ്മ്യൂണിസ്റ്റുകളുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട്‌ മേയറുടെ തുടര്‍ന്നുള്ള അഭിപ്രായപ്രകടനം ഇങ്ങനെ പോകുന്നു. "എത്ര മാത്രം ഗതികെട്ടിട്ടാണ്‌ ഞങ്ങള്‍ ആക്രമണം നടത്തുന്നതെന്ന്‌ നിങ്ങള്‍ മനസ്സിലാക്കണം. ഇന്ത്യയിലോ ലണ്ടനിലോ ഉള്ള ഒരു ഇടതുനേതാവല്ല ഞാന്‍. പശ്ചിമേഷ്യയിലുള്ളയാളാണ്‌. എന്റെ മാതൃരാജ്യത്തിന്‌ എന്താണോ ഏറ്റവും നല്ലത്‌ അതായിരിക്കും എന്റെ നിലപാടും"

ഉണ്ണിപ്പിള്ള വാ പൊളിച്ചുപോയി. അപ്പോള്‍ അന്നാട്ടില്‍ തെരഞ്ഞെടുപ്പും വോട്ടുബാങ്കും പ്രീണനവും ഒന്നും ഇല്ലേ പോലും?

വാര്‍ത്തയുടെ അവസാനഭാഗവും വായിച്ചപ്പോള്‍ ആ സംശയവും മാറിക്കിട്ടി.

ഹൈഫ നഗരത്തില്‍ ഭൂരിപക്ഷവും അറബ്‌ വംശജരാണുള്ളത്‌. തൊണ്ണൂറു ശതമാനത്തിലധികം അറബ്‌ വംശജരും വോട്ടു ചെയ്തിട്ടു തന്നെയാണ്‌ യോനാ യാഹവ്‌ വിജയിച്ചിരിക്കുന്നതും. ഹിസ്ബുള്ള തീവ്രവാദികള്‍ക്കെതിരെയുള്ള ആക്രമണത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തിന്‌ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ ഉണ്ടു താനും!

അപ്പോള്‍ അവിടെ തെരഞ്ഞെടുപ്പും ഉണ്ട്‌ വോട്ടും ഉണ്ട്‌. വോട്ടു ബാങ്കും പ്രീണനവും മാത്രമാണ്‌ ഇല്ലാത്തത്‌.

മാതൃരാജ്യത്തോടുള്ള കൂറിന്റെ കാര്യത്തിലും തങ്ങളെ ആക്രമിക്കാന്‍ വരുന്ന ഭീകരരോടുള്ള കര്‍ക്കശമായ നിലപാടിന്റെ കാര്യത്തിലും അവിടെ എല്ലാവരും ഒറ്റക്കെട്ടാണ്‌. കമ്മ്യൂണിസ്റ്റുകാരനും അറബ്‌ വംശജനും ജൂതനും എല്ലാം ഒറ്റക്കെട്ട്‌. ഒരേ മതത്തില്‍ വിശ്വസിക്കുന്നവനെന്നല്ല, ഒരേ പാര്‍ട്ടിക്കാരനെന്നല്ല, ഒരേ കുടുംബത്തില്‍ പിറന്നവനായാലും ശരി, സ്വന്തം രാജ്യത്തിനെതിരെ തിരിയുന്നവരോട്‌ യാതൊരു ആഭിമുഖ്യവുമില്ല - ഐക്യദാര്‍ഢ്യവുമില്ല.

മത-രാഷ്ട്രീയ ചിന്തകള്‍ വേറെ. രാജ്യസ്നേഹം വേറെ.

റേഡിയോയില്‍ നിന്നുയര്‍ന്ന ഹിന്ദി ചലച്ചിത്രഗാനം ഉണ്ണിപ്പിള്ളയുടെ ചിന്തകളെ മുറിച്ചു.

"ഇറ്റ്‌ ഹാപ്പെന്‍സ്‌ ഒണ്‍ളി ഇന്‍ ഇന്ത്യാ.."

"അച്ഛാ. ഹിന്ദിപ്പാട്ടെന്നു പറഞ്ഞിട്ട്‌ ഈ കേള്‍ക്കുന്നത്‌ ഇംഗ്ലീഷല്ലേ അച്ഛാ?" സ്കൂളില്‍ പഠിക്കുന്ന മകന്റെ സംശയം.

"അതെ മകനേ. പുറമേയ്ക്ക്‌ ഹിന്ദിപ്പാട്ടെന്നു തോന്നുമെങ്കിലും ഉള്ളിന്റെയുള്ളില്‍ ഇംഗ്ലീഷാണ്‌. ശ്രദ്ധിച്ചുകേട്ടാലേ മനസ്സിലാകൂ. ഇതൊക്കെ ഇവിടെ ഇന്ത്യയില്‍ മാത്രമേ നടക്കൂ എന്നര്‍ത്ഥം". റേഡിയോ ഓഫ്‌ ചെയ്തുകൊണ്ട്‌ ഉണ്ണിപ്പിള്ള പറഞ്ഞു.
നാം കീറാന്‍ പോകുന്ന മുഖം‍മൂടികള്‍ ആരുടേതൊക്കെ?

സമൂഹത്തിലെ കൂസിസ്റ്റ്‌ പ്രവണതകള്‍ തുറന്നു കാട്ടുവാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ വലിച്ചുകീറേണ്ടിവരുന്നത്‌ ഏതൊക്കെ മുഖം‍മൂടികളാണ്?

സ്വഭാവം കൊണ്ട്‌ നേരേ വിപരീതമാണെങ്കിലും ഒരു കൂസിസ്റ്റും ദൈവവും തമ്മില്‍ ചില സാമ്യങ്ങളൊക്കെയുണ്ട്‌. രണ്ടുപേരെയും നേരിട്ടുകാണാന്‍ പ്രയാസമാണ് എന്നതാണ് അതിലൊന്ന്‌. എന്നാല്‍ രണ്ടുപേരും നമുക്കു തൊട്ടടുത്ത്‌ ഉണ്ടുതാനും! വളരെ ശ്രമകരമായ സാധനയിലൂടെ കുറച്ചൊക്കെ ‘അനുഭവിച്ച്‌‘ അറിയാന്‍ സാധിക്കും.

കൂസിസം നമ്മളില്‍ പലരിലുമുണ്ട്‌. കൂസിസ്റ്റുകള്‍ പല നാട്ടിലും, പല പ്രസ്ഥാനങ്ങളിലും ഉണ്ട്‌. പലരും സ്വയമറിയാതെ കൂസിസ്റ്റായിപ്പോകുന്നതാണ്. നമ്മളെ വിഴുങ്ങി നില്‍ക്കുന്ന, എന്നാല്‍ പലരും ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത കൂസിസ്റ്റ് സാന്നിദ്ധ്യത്തിലേക്ക്‌ വെളിച്ചം വീശാന്‍ ഈ കുത്തിക്കുറിപ്പുകള്‍ക്കു കഴിയട്ടെ എന്നു പ്രാര്‍ത്ഥന. അറിഞ്ഞും അറിയാതെയും കൂസിസത്തിന് അടിപ്പെട്ടു പോകുന്നവര്‍ക്ക്‌ ചിന്തിക്കാനും സ്വയം തിരുത്താനും സഹായകരമായാല്‍ അത്രയും കൂടി നന്ന്‌.

‘കൂസിസം എന്നാല്‍ ‘അപകടകരമായ അവസരവാദം’ എന്നതാണോ?’ എന്നൊരു ചോദ്യമുണ്ട്‌. അത്‌ ഭാഗികമായ ഒരു നിര്‍വചനം മാത്രമാണെന്നു തോന്നുന്നു. ‘ഒന്നു പറയുക - നേര്‍ വിപരീതം പ്രവര്‍ത്തിക്കുക‘, ‘ആരെയെങ്കിലും സഹായിക്കുന്നതായി നടിക്കുക - പക്ഷേ യഥാര്‍ത്ഥത്തില്‍ അവരെ അപകടപ്പെടുത്തുക‘ അങ്ങനെയങ്ങനെ കൂസിസ്റ്റ് സ്വഭാവങ്ങള്‍ അനവധി. പണ്ട്‌ ആട്ടിന്‍ തോലണിഞ്ഞു നിന്ന ഒരു ചെന്നായയുടെ കഥ ഓര്‍മ്മയില്ലേ? അവന്‍ ഒന്നാന്തരമൊരു കൂസിസ്റ്റാണ്.

അല്ല... കാണാന്‍ പോകുന്ന പൂരം പറഞ്ഞുകേള്‍ക്കണോ അല്ലേ? കൂസിസത്തിന്‍റെ പല മാതൃകകളും ഇവിടെ തുറന്നുകാട്ടപ്പെടും. ഒരുവന്‍ കൂസിസ്റ്റാണെന്നു കരുതി അവനോട്‌ അന്ധമായ വിദ്വേഷം വച്ചുപുലര്‍ത്താത്ത എല്ലാവര്‍ക്കും കൂടാം. തുറന്ന ചര്‍ച്ചകള്‍ ആവാം. ആരോഗ്യകരമായ ആശയസം‌വാദത്തിലൂടെ കൂസിസത്തിന്‍റെ അപകടങ്ങള്‍ അല്പമെങ്കിലും അലിഞ്ഞില്ലാതാവുന്നെങ്കില്‍ ആവട്ടെ.