ഇടതുമുന്നണിയിലെ കടുത്ത അഭിപ്രായവ്യത്യാസത്തിന്റെയും പരസ്പരമുള്ള പാരവയ്പിന്റെയും മറ്റും വാര്‍ത്തകള്‍ വായിക്കുമ്പോളെല്ലാം ഉണ്ണിപ്പിള്ള ആ പഴയ കവിതാശകലം ഓര്‍ക്കാറുണ്ട്.
കത്തിജ്ജ്വലിക്കുന്ന സൂര്യനു താഴെനിന്നുകൊണ്ടു തര്‍ക്കിക്കുന്ന രണ്ടു കുരുവികളേപ്പറ്റിയുള്ളത്. ചെമ്മനത്തിന്റെയോ മറ്റോ വരികള്‍. പിളര്‍പ്പിനേപ്പറ്റിയുള്ളത്.
"നേരം വെളുത്തെന്നും
വെളുത്തില്ലെന്നും
രണ്ടടയ്ക്കാപ്പക്ഷി"!
* * * * * *
“ഏയ് - ഇടതുമുന്നണിയില്‍ പ്രശ്നങ്ങളൊന്നുമില്ല“ എന്നു പന്ന്യന്‍ രവീന്ദ്രന്‍. ദേശീയനേതൃത്വങ്ങള്‍ ഇടപെട്ടുതുടങ്ങി എന്നു പത്രങ്ങള്‍. ഉണ്ണിപ്പിള്ളയുടെ കാഴ്ചപ്പാടിലാണെങ്കില്‍ സംഗതി അവിടമെല്ലാം കടന്ന് അന്തര്‍ദ്ദേശീയതലത്തില്‍ വരെ എത്തിക്കഴിഞ്ഞിരിക്കുന്നു.
ചൈനയേച്ചൊല്ലിയാണ് ഏറ്റവും പുതിയ അടി.
ആരുവേള്‍ക്കും? കടുത്ത ത്രികോണം!
ഉള്ളിന്റെയുള്ളില്‍ രണ്ടാള്‍ക്കും മോഹമുണ്ടായിരുന്നെങ്കിലും അടുത്ത നാളുകളില്‍ ഒരാള്‍ മാത്രമേ പരസ്യമായി പ്രേമാഭ്യര്‍ത്ഥന നടത്തിക്കണ്ടിരുന്നുള്ളൂ. ഇക്കഴിഞ്ഞ ദിവസമാണ് "അവളെ തൊട്ടാല്‍ തട്ടിക്കളയും" എന്ന ഭീഷണിയുമായി അടുത്തയാളും മസില്‍ പെരുക്കി മുമ്പോട്ടാഞ്ഞത്.
പ്രേമവും വിധേയത്വവും കൂടുതല്‍ തങ്ങള്‍ക്കാണെന്നത് എങ്ങനെ തെളിയിക്കുമെന്നാണ്!
ഒരു യുദ്ധം കൂടി ഉണ്ടായിരുന്നെങ്കില്‍ സംഗതി എളുപ്പമായേനെ. 'നമ്മള്‍ നമ്മളുടേതെന്നും അവര്‍ (ഇന്ത്യാക്കാര്‍?) അവരുടേതെന്നും പറയുന്ന' സ്ഥലങ്ങളേച്ചൊല്ലിയുള്ള വാചകക്കസര്‍ത്തിലൂടെ കൂടുതല്‍ പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിക്കാമായിരുന്നു. കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ നിരന്തരം ചൊറിയുന്നു. മാന്തുന്നു. നഖപ്പാടുകള്‍ വീഴ്ത്തുന്നു. പക്ഷേ ആഞ്ഞുകുത്തിയിറക്കുന്നില്ല. അല്ലെങ്കില്‍ ഒരു കൈ നോക്കാമായിരുനു.
എങ്കിലും, കിട്ടുന്ന അവസരങ്ങളുപയോഗിച്ച് പരമാവധി പ്രേമഭാഷണം നടത്തുന്നുണ്ട്.
ആരുവേള്‍ക്കുമെന്നാണ്...! കടുത്ത ത്രികോണം!
ഉണ്ണിപ്പിള്ള നോക്കിയിട്ട് ഇനി ഒരൊറ്റ വഴിയേയുള്ളൂ. 'പാച്ചിക്ക'യെ വിളിക്കുക. മലയാള സിനിമയിലെ ശക്തസാന്നിദ്ധ്യമായ പാച്ചിക്ക. ഒരൊറ്റ ഇലയെ മാറ്റിയും മറിച്ചുമിട്ട് പ്രശ്നങ്ങള്‍ നിസാരമായി പരിഹരിച്ചിട്ടുള്ള കക്ഷിയാണ്.
ബംഗാളിലും ത്രിപുരയിലും ഒരു മുഴുവനിലയും കേരളത്തില്‍ പാതിയിലയും മലര്‍ന്നു വീഴട്ടെ എന്നു പറയും പാച്ചിക്ക. അവിടങ്ങളില്‍ ചുറ്റികയും നക്ഷത്രവും. മറ്റിടങ്ങളില്‍ ചില ചില്ലറ തുരുത്തുകളൊക്കെയുണ്ട്. അവിടെയെല്ലാം ഇല കമിഴ്‌ന്നു വീഴണം - നെല്‍ക്കതിര്‍.
പാച്ചിക്കയ്ക്കു പണിയെളുപ്പമാണ്. പണ്ടാരോ പറഞ്ഞതുപോലെ, മേല്‍പ്പറഞ്ഞയിടങ്ങളൊഴിച്ചാല്‍ ഭാരതത്തിലെ ബഹുഭൂരിഭാഗം സ്ഥലങ്ങളിലും ചുവന്ന കൊടി പിടിക്കാന്‍ ഓരോ സ്ഥലത്തും മിക്കവാറും ഓരോ ആള്‍ വീതമേയുള്ളൂ. അതാതിടങ്ങളിലെ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍. അങ്ങേര്‍ക്കാണെങ്കില്‍ വേളിയില്‍ താത്പര്യവുമുണ്ടാവില്ല.
പാച്ചിക്കയ്ക്കു പണിയെളുപ്പമാണ്.
* * * * * *
'd' എന്ന ഇംഗ്ലീഷ് അക്ഷരം മലയാളത്തില്‍ എങ്ങനെ വായിക്കണമെന്നാലോചിച്ചുപോയി ഉണ്ണിപ്പിള്ള. ഡല്‍ഹി എന്നും ദല്‍ഹി എന്നുമൊക്കെ പ്രയോഗിക്കാറുണ്ടു മലയാളത്തില്‍. ഏതാണു കൂടുതല്‍ ശരി? "ഡല്‍ഹി" എന്നാണു കൂടുതലും പറയാറുള്ളത്. അപ്പോള്‍ 'ബര്‍ദന്‍' ആണോ 'ബര്‍ഡന്‍' ആണോ ശരി?
ആവോ?
പാച്ചിക്കയെ മനസ്സില്‍ സ്മരിച്ച് ഉണ്ണിപ്പിള്ള ഒരു ഇല നുള്ളി മുകളിലേയ്ക്കിട്ടു.
*-*-*
അനുബന്ധപോസ്റ്റ്:-
ഉഗ്രനൊരു ഏപ്രില്‍ഫൂള്‍ അമളി - ഉണ്ണിപ്പിള്ളയ്ക്കു പറ്റിയത് !
June 17, 2008
Subscribe to:
Posts (Atom)