കൊച്ചുകുട്ടികള്‍ക്കു പാടിക്കൊടുക്കാവുന്ന ഒരു പദ്യശകലം വേണമെന്നുണ്ടെങ്കില്‍ ഇതാ ഇങ്ങനെ ചമയ്ക്കാം.
ലോനപ്പന്‍ ചേട്ടനൊരാശ തോന്നി -
ആനപ്പുറത്തു കയറിടേണം.
കേട്ടാല്‍ വളരെ ലളിതമായ ഒരു ഈരടി.
ആര്‍ക്കും തോന്നാവുന്ന ഒരു ആഗ്രഹം ലോനപ്പന്‍ ചേട്ടനും തോന്നി എന്ന് കുട്ടികള്‍ കരുതും.
പക്ഷേ അതൊരു പാഠപുസ്തകത്തിലോ മറ്റോ അച്ചടിച്ചു വരുമ്പോള്‍ ദാ ഇങ്ങനെയായിപ്പോയാലോ?
ലോനപ്പന്‍ ചേട്ടനൊരാശ തോന്നി -
ആന പുറത്തു കയറിടേണം.
ദൈവമേ! അര്‍ത്ഥം എത്ര മാറിപ്പോയി! ഈ ആശ നടപ്പിലായാല്‍പ്പിന്നെ ലോനപ്പന്‍ ചേട്ടന്‍ ബാക്കിയുണ്ടാവുമോ?
ഒരു ചെറുകുറിപ്പായാല്‍പ്പോലും എഴുതുമ്പോളും അച്ചടിക്കുമ്പോളുമെല്ലാം നാം വളരെ സൂക്ഷിക്കണം. ഒരു അക്ഷരത്തിന്റെ ഇരട്ടിപ്പു മാറിയാല്‍പ്പോലും വലിയ അര്‍ത്ഥവ്യത്യാസങ്ങളുണ്ടാവാം.
ഇനിയിപ്പോള്‍ പാട്ട് തെറ്റില്ലാതെ അച്ചടിച്ചുവന്നു എന്നു തന്നെ കരുതുക. പക്ഷേ ഒരാള്‍ - അദ്ധ്യാപകനോ മറ്റോ - കുട്ടികള്‍ക്ക് അതിന്റെ അര്‍ത്ഥം പറഞ്ഞുകൊടുക്കുന്നത് ദാ ഇങ്ങനെയാണെങ്കിലോ?
"ലോനപ്പന്‍ ചേട്ടന് ഒരു ആഗ്രഹം തോന്നി. നല്ല നീളമുള്ള ഒരു കയര്‍ എടുത്ത് ഒരു ആനയുടെ പുറത്തുകൂടി ഇടണം. ആനപ്പുറത്തുകയറിടണം!"
എന്റെ ദൈവമേ! സമ്മതിക്കാതെ തരമില്ല! അല്ലേ?
അദ്ദേഹത്തിന് വാദ്ധ്യാരുദ്യോഗമായത് എത്ര നന്നായി എന്നു വേണം നാം കരുതാന്‍. കുറേ കുട്ടികളുടെ ഭാവി നശിക്കുമെന്നതു സത്യം. പക്ഷേ ആ ജോലിയല്ലായിരുന്നെങ്കില്‍ അദ്ദേഹം സെക്രട്ടേറിയറ്റിലോ പാര്‍ലമെന്റിലോ ഒക്കെ ഇരുന്ന് ഈ നാടുമുഴുവന്‍ നശിപ്പിക്കുന്ന ഒരു രാഷ്ട്രീയക്കാരനായേനെ. അതിലും ഭേദമല്ലേ?
രാഷ്ട്രീയം എന്നാല്‍ വാക്കുകള്‍ കൊണ്ടുള്ള ഒരു കളിയാണ്. വാക്കുകള്‍ തിരിച്ചും മറിച്ചും ഉപയോഗിച്ചും അര്‍ത്ഥവ്യതിയാനം വരുത്തിയുമൊക്കെ നടത്തുന്ന ഒരു തരം കള്ളക്കളി!
* * * * * * * * *
ഇതെല്ലാമോര്‍ത്തത് ശ്രീ വയലാര്‍ രവി കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം കേട്ടപ്പോളാണ്. കേരളത്തില്‍ “മാര്‍ക്സിസ്റ്റുകാര്‍ക്ക് മിനുസമുള്ള ഹിന്ദുത്വമുഖമാണ“ത്രേ!
കാഴ്ചക്കുറവുണ്ടെങ്കില്‍ കണ്ണടയൊന്നു മാറ്റുന്നതു നന്നാവും എന്നു തോന്നിപ്പോയി! 'ഹിന്ദുത്വമുഖം' എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നതെന്താണാവോ?
തലമുറകളായി പകര്‍ന്നുകിട്ടിയ ജീവിതമൂല്യങ്ങളുടെ സുദീര്‍ഘപാരമ്പര്യമുള്‍ക്കൊള്ളുന്ന ഒരു പ്രൗഢസംസ്കൃതിക്ക് - ഭാരതീയരുടെ പൊതു സാംസ്കാരികധാരയ്ക്കാണ് - 'ഹിന്ദുത്വം' എന്നു പൊതുവില്‍പ്പറയുന്നത്. വയലാര്‍ രവി ഉദ്ദേശിച്ചത് അതു തന്നെയാവുമെന്നു കരുതുക വയ്യ.
ഇനിയിപ്പോള്‍ ഹിന്ദുമതവിശ്വാസികളോട് അനുഭാവപൂര്‍വ്വം പെരുമാറുന്നു എന്ന അര്‍ത്ഥത്തിലായിരിക്കുമോ 'ഹിന്ദുത്വമുഖം' എന്നു തെറ്റായി പ്രയോഗിച്ചത്? ആണെങ്കില്‍ അത് ഇരട്ടി തെറ്റാണ്. കാരണം - മാര്‍ക്സിസ്റ്റുകള്‍ക്ക് ഹിന്ദുക്കളോടു അനുഭാവമല്ല - മറിച്ച് - പരമാവധി ഉപദ്രവിക്കാനുള്ള മനോഭാവമാണുള്ളത്. സമകാലീനസംഭവങ്ങള്‍ പരിശോധിച്ചാല്‍ത്തന്നെ എത്രയോ ഉദാഹരണങ്ങള്‍!
മറ്റൊരു സാദ്ധ്യതകൂടിയുണ്ട്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തി ബോധപൂര്‍വ്വം ഉപയോഗിക്കുന്നതു വഴിയും ദുര്‍വ്യാഖ്യാനങ്ങളുപയോഗിച്ചും 'ഹിന്ദുത്വം' എന്നത് ഒരു ആക്ഷേപകരമായ വാക്കാക്കി മാറ്റുവാന്‍ കുറേക്കാലമായി കൊണ്ടുപിടിച്ചശ്രമങ്ങള്‍ നടക്കുന്നുണ്ട്. അപ്പോള്‍ 'മാര്‍ക്സിസ്റ്റുകാര്‍ക്ക് ഹിന്ദുത്വമുഖമുണ്ട്' എന്നു പറയുന്നത് അവരെ ആക്ഷേപിക്കാനുദ്ദേശിച്ചു തന്നെയായിരിക്കണം.
ഈ സംശയങ്ങള്‍ക്കെല്ലാം അടുത്തവാചകത്തില്‍ത്തന്നെ വയലാര്‍ രവി മറുപടി തന്നിരുന്നു.
ഹിന്ദുത്വവാദികളെ സന്തോഷിപ്പിക്കാനാണത്രേ പിണറായി വിജയന്‍ ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ചത് !
അത്ഭുതപ്പെട്ടു പോകുകയാണ്!
കഷ്ടം! എത്ര തര താണ ഒരു വര്‍ഗ്ഗീയ പരാമര്‍ശമാണത്!
പിണറായി വിജയനെ കടത്തിവെട്ടിക്കളഞ്ഞു വയലാര്‍ രവി.
ദേശീയനേതാക്കള്‍ ഇങ്ങനെ മത്സരിച്ചു തരം താഴാമോ?
'നികൃഷ്ടജീവി' പരാമര്‍ശവും പിന്നീട് അതിനു കൊടുത്ത ന്യായീകരണവുമെല്ലാം ആരെയെങ്കിലും സന്തോഷിപ്പിക്കുമെങ്കില്‍ അത് മാര്‍ക്സിസ്റ്റുകളെ മാത്രമാണ്. അവര്‍ മാത്രമാണ് ആ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ അതിനെ പിന്തുണച്ചുകൊണ്ട് പ്രകടനവും പൊതുയോഗവുമെല്ലാം നടത്തിയതും. മറ്റുള്ളവരൊന്നടങ്കം ഇത്തരം വ്യക്തിനിന്ദയെ ശക്തമായി അപലപിക്കുകയേയുള്ളൂ - ജാതി-മത-കക്ഷിഭേദമില്ലാതെ.
ഇവിടെ ഒരു 'ഇരുതലപ്രയോഗ'ത്തിലൂടെ വയലാര്‍ രവി ഉന്നമിട്ടവര്‍ക്കു മാത്രമല്ല - ഹിന്ദുക്കളെ സംബന്ധിച്ചു പൊതുവിലും അങ്ങേയറ്റം ആക്ഷേപകരമാണ് അദ്ദേഹത്തിന്റെ വാചകങ്ങള്‍. കാരണം - ആ വാചകങ്ങള്‍ കേള്‍ക്കാനിടയാകുന്ന ക്രൈസ്തവര്‍ക്കിടയില്‍ തെറ്റായ - മോശമായ - ഒരു ചിത്രം ലഭിക്കുന്നത് കേരളത്തിലെ ഹൈന്ദവസമൂഹത്തിന്റെ ഒരു പൊതുമനസ്ഥിതിയേക്കുറിച്ചു കൂടിയാണ്. അതുകൊണ്ടു തന്നെ അങ്ങേയറ്റം അപലപനീയമാണ് ആ പരാമര്‍ശം.
എന്നാല്‍, ശ്രീ. രവിക്കറിയാം - കൈപ്പത്തിക്കു സ്ഥിരം ലഭിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുവോട്ടുകളൊന്നും ഇങ്ങനെയൊരു അപമാനിക്കലിനേത്തുടര്‍ന്ന് നഷ്ടപ്പെട്ടുപോകുകയില്ല എന്ന്. എന്നാല്‍പ്പിന്നെ വല്ലതും പുതിയതു തരപ്പെടുകയാണെങ്കില്‍ ലാഭമല്ലേ - പോയാലൊരു വാചകം മാത്രമല്ലേ - എന്നൊരു ചിന്തയാണ് അദ്ദേഹത്തെ നയിക്കുന്നതെന്നു സ്പഷ്ടം.
ഈയൊരു തരം താണ - അപകടകരമായ - വര്‍ഗ്ഗീയക്കളിയെയാണ് കൂസിസം എന്നു പറയുന്നത്. തങ്ങളാണ് ഇവിടെ മതേതരത്വം പുലര്‍ത്തിക്കൊണ്ടിരിക്കുന്നത് എന്നു വീമ്പിളക്കുക. എന്നിട്ട് തനി വര്‍ഗ്ഗീയമായ കുതന്ത്രങ്ങള്‍ പയറ്റുക. ഇത് കേവലം 'കപടമതേതരത്വമല്ല' - അതിന്റെ അപകടകരമായ പ്രായോഗികതലമായ കൂസിസമാണ്. കാരണം, ഇത്തരം പ്രയോഗങ്ങളാണ് സമുദായസ്പര്‍ദ്ധയും മറ്റും വളര്‍ത്തുന്നതും പിന്നീട് പ്രശ്നങ്ങളിലേക്കെത്തിക്കുന്നതും.
വയലാര്‍ രവി ഒരു തികഞ്ഞ കൂസിസ്റ്റാണെന്നാണ് ഇവിടെ വ്യക്തമാവുന്നത്. ഈ സംസ്ഥാനത്തെ (രാജ്യത്തെയും!) പ്രമുഖനേതാക്കളുടെ ഗണത്തില്‍ അദ്ദേഹത്തേപ്പോലുള്ളവരും പെടുമല്ലോ എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.
* * * * * * * * *
മാര്‍ക്സിസ്റ്റുകാര്‍ കേരളത്തിലെ ഹിന്ദുക്കളെ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നു എന്നോ മറ്റോ - ഒരു ആക്ഷേപമായോ അല്ലെങ്കില്‍ അഭിനന്ദനമായോ അവതരിപ്പിക്കണമെന്നുള്ളവര്‍ മറ്റു മാര്‍ഗ്ഗങ്ങളായിരുന്നു തേടേണ്ടിയിരുന്നത്. ഒരു ഉദാഹരണം ഇനിപ്പറയുന്നു.
അടുത്തിടെ, കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ വളരെ വ്യക്തമാവുന്ന തരത്തില്‍, വിവിധ വിഭാഗങ്ങളുടെ സ്ഥിതിയേപ്പറ്റി വിശദമായി പഠിച്ച് വിവരങ്ങള്‍ ശേഖരിച്ചത് മാര്‍ക്സിസ്റ്റുകള്‍ക്കു മുന്‍തൂക്കമുള്ള ശാസ്ത്രസാഹിത്യപരിഷത് ആണ്. സംസ്ഥാനത്ത് ജീവിതത്തിന്റെ സമസ്തമേഖലകളിലും ക്രൈസ്തവരേയും മുസ്ലീങ്ങളേയും അപേക്ഷിച്ച് ഹിന്ദുക്കള്‍ വളരെ പിന്നോക്കാവസ്ഥയിലാണെന്നത് പലര്‍ക്കുമറിയാവുന്ന സത്യമാണെങ്കിലും, പരിഷത്തിന്റെ പഠനത്തോടെയാണ് അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും ആധികാരികമായി അംഗികരിക്കപ്പെട്ടതും.
ആ ഒരു റിപ്പോര്‍ട്ടു വച്ച് വയലാര്‍ രവിക്കൊക്കെ വേണമെങ്കില്‍ ആരോപിക്കാമായിരുന്നു - മാര്‍ക്സിസ്റ്റുകാര്‍ ദാ ഹിന്ദുക്കളുടെ കാര്യം പരിഗണിക്കുന്നു - എന്നൊക്കെ.
പക്ഷേ ആരോപണം അതിനപ്പുറത്തേക്കു നീട്ടാനാവില്ല. കാരണം, താനിങ്ങനെയൊരു റിപ്പോര്‍ട്ടു കണ്ടിട്ടേയില്ല എന്നാണ് സാമൂഹ്യക്ഷേമവകുപ്പുമന്ത്രി പറഞ്ഞത്. മാത്രവുമല്ല - ചില കുട്ടിക്കഥകള്‍ അവസാനിക്കുന്നതുപോലെ - പിന്നീട് ആ റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചുവെന്നോ അതെവിടെപ്പോയെന്നോ ആര്‍ക്കും ഒരു അറിവുമില്ല താനും!
ഒരര്‍ത്ഥത്തില്‍ അതു നന്നായി. മതേതരത്വത്തിന്റെ പരമകാഷ്ഠ എന്നൊക്കെപ്പറയണമെങ്കില്‍, മതം തിരിച്ചുള്ള ഇത്തരം കണക്കുകളൊന്നും പ്രസിദ്ധീകരിക്കുകയല്ല - തയ്യാറാക്കുക പോലും ചെയ്യരുത്. അതൊക്കെയെടുത്ത് പുരപ്പുരത്തു വയ്ക്കുകയോ കത്തിച്ചുകളയുകയോ ഒക്കെയാണു വേണ്ടത്.
എന്നാല്‍, സച്ചാര്‍ കമ്മിറ്റി പോലുള്ളവയുടെ പഠനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. കാരണം, അവരൊന്നും പൊതുവായ ഒരു പഠനമല്ലല്ലോ നടത്തുന്നത്. ഒരു വിഭാഗത്തിന്റെ മാത്രം അവസ്ഥ പഠിച്ച് അവരെ മാത്രം ഉദ്ധരിക്കാന്‍ ഉദ്ദേശിച്ചുള്ള ശുപാര്‍ശകളെ അതിന്റെ ആദരവോടെ വേണം നാം സമീപിക്കുവാന്‍.
അത്തരമൊരു ആദരവിന്റെ ഭാഗമായാണ് സംസ്ഥാനത്ത് സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രത്യേക സമിതിയും മറ്റും രൂപവല്‍ക്കരിക്കപ്പെടുന്നത്. അതിന്റെ പേരില്‍ ഇടതുസര്‍ക്കാരിനെ അഭിനന്ദിക്കുകയല്ലാതെ വയലാര്‍ രവിക്കൊന്നും മറ്റു മാര്‍ഗ്ഗങ്ങളില്ല. മതത്തിന്റെ മാത്രം പേരു പറഞ്ഞ് സംവരണം കൊടുക്കുവാന്‍ ഭരണഘടന ഒരു തടസ്സമാണെന്നുണ്ടെങ്കില്‍ അതു നാം തിരുത്തിയെഴുതണമെന്നുപോലും ആവശ്യപ്പെട്ടുകളഞ്ഞു മാര്‍ക്സിസ്റ്റു നേതാക്കള്‍!
അങ്ങനെ 'പ്രായോഗിക'രാഷ്ട്രീയത്തില്‍ തങ്ങളെ കടത്തിവെട്ടി ബഹുദൂരം മുന്നേറുന്ന മാര്‍ക്സിസ്റ്റുകളെ പിടിച്ചു നിര്‍ത്തണമെങ്കില്‍പ്പിന്നെ വയലാര്‍ രവിക്കൊക്കെ മറ്റെന്താണു മാര്‍ഗ്ഗമുള്ളത്? ഹിന്ദുവിന്റെ പേര് മാര്‍ക്സിസ്റ്റുകാരനോടു ചേര്‍ത്തുപയോഗിച്ച് അപമാനിക്കുക എന്നതു മാത്രമേയുള്ളൂ. ആര്‍ക്കും വേണ്ടാത്ത ചെണ്ടകളെ - കൊട്ടുന്നവരുടെ താളത്തിനനുസരിച്ചല്ലാതെ സ്വന്തമായൊരു ശബ്ദമുണ്ടാക്കുവാന്‍ കഴിവില്ലാത്ത ഏതൊരു ഉപകരണത്തേയുമതെ - ആരോടു ചേര്‍ത്തു വയ്ക്കുന്നോ അവര്‍ അപമാനിക്കപ്പെടുകയേയുള്ളൂ.
കൂസിസ്റ്റുകളേ - ഇതു നിങ്ങളുടെ യുഗമാണ്. കലിയുഗം! ആസ്വദിച്ചുകൊള്ളുക.
November 18, 2007
Subscribe to:
Posts (Atom)