December 07, 2008
മാറാടു കൂട്ടക്കൊലയും മാർക്സിസ്റ്റുനിലപാടുകളും
‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു മുഖവിലയ്ക്കെടുക്കാത്തത് എന്നതിന്റെ ചില കാരണങ്ങൾ ചൂണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്.
ആദ്യഭാഗങ്ങൾ ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ …
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
(പാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ - അറിഞ്ഞോ അറിയാതെയോ - പ്രത്യക്ഷമായോ പരോക്ഷമായോ - തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധനയാണിവയിൽ. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)
മാറാടും മാർക്സിസ്റ്റുകളും
മലയാളത്തിലെ അഭിനേതാക്കളിൽ, ഇടതുപക്ഷ ആഭിമുഖ്യം ഇപ്പോളും തുടരുന്ന ചിലർ അതു മറച്ചുവയ്ക്കാതെ തന്നെ ഇടയ്ക്ക് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടുകാണാറുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത്, മദനിയുടെ ഭാര്യ ഇടതുമുന്നണിയ്ക്കു വേണ്ടി പ്രചാരണം ആരംഭിച്ചപ്പോൾ, നടൻ മുരളിയും ഒപ്പമുണ്ടായിരുന്നുവെന്നാണ് ഓർമ്മ.
ഇതിന്റെ മറുവശത്ത്, ചില ഇടതുനേതാക്കൾ മികച്ച അഭിനേതാക്കൾ കൂടിയാണെന്നതും ശ്രദ്ധേയമാണ്. മാറാടു കൂട്ടക്കൊലക്കേസിൽ അന്വേഷണവും വിചാരണയും വിധിനിർണ്ണയവുമൊക്കെ കഴിഞ്ഞ് വിധി പ്രസ്താവിക്കാൻ ഒരുങ്ങുമ്പോളാണ് ആഭ്യന്തരമന്ത്രി ഒരു ആവശ്യം മുന്നോട്ടു വച്ചു കണ്ടത്.
മാറാടു കൂട്ടക്കൊലക്കേസ് സി.ബി.ഐ. അന്വേഷിക്കണമത്രേ!
ചരിത്രപരമായ മലക്കം മറിച്ചിൽ!
ഇനിയിപ്പോൾ എന്നന്വേഷിച്ച് എന്തു കണ്ടു പിടിക്കണമെന്നാണോ എന്തോ?
ഒരു ഡി.വൈ.എഫ്.ഐ. നേതാവ് ആവശ്യപ്പെട്ടതാകട്ടെ “എൻ.ഡി.എഫിന്റെ വിദേശബന്ധം അന്വേഷിക്കണ”മെന്നായിരുന്നു!
:-)
ഒന്നാന്തരം പ്രഹസനവും അതിനൊത്ത അഭിനയവും എന്നല്ലാതെ മറ്റൊന്നും ഇതേക്കുറിച്ചൊന്നും പറയേണ്ടതില്ല.
പെട്ടെന്നിങ്ങനെയൊക്കെ ഓരോ വെളിപാടുണ്ടാകുന്നതു വരെ, എന്തായിരുന്നു എല്ലാവരുടേയും നിലപാടെന്നും, എന്താണിപ്പോൾ ഒരു നയംമാറ്റത്തിനു കാരണമെന്നും ചോദിക്കാതെ വയ്യ.
മാറാട്ടെ കൂട്ടക്കൊലയ്ക്കു പിന്നിലെ വലിയ ഗൂഢാലോചന – സംഘടനകളുടെ പങ്ക് – വിദേശബന്ധം – ഇവയേപ്പറ്റിയൊക്കെ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ വന്നിട്ട് കാലമൊരുപാടായതാണ്. പക്ഷേ, വിശദമായി അതൊക്കെയൊന്ന് അന്വേഷിക്കണമെന്ന് ഇതുവരെയാർക്കും തോന്നിയതായിക്കണ്ടിരുന്നില്ല.
എൻ.ഡി.എഫിന്റെ വിദേശബന്ധമൊന്നുമല്ല – മറിച്ച്, കേരളത്തിലെ ചില ഹൈന്ദവമഠങ്ങൾക്കും ആത്മീയപ്രവർത്തകർക്കുമൊക്കെ വിദേശത്തുനിന്നും ധനസഹായം കിട്ടുന്നുവെന്നതായിരുന്നു ഇത്രയും കാലം ഒരു വലിയ പ്രശ്നമൊക്കെയായി മാർക്സിസ്റ്റുകളുടെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നത്. കമ്മ്യൂണിസ്റ്റുബന്ധമുള്ള ചില ക്രിമിനലുകൾ കുറച്ചുനാൾ കാവിയുടുത്തു നടന്നതിന്റെ പേരിൽ ആരാധ്യരായ ആത്മീയാചാര്യന്മാരെ പലരേയും താറടിക്കാനും ശാരീരികമായും മാനസികമായുമൊക്കെ ഉപദ്രവിക്കാനുമായിരുന്നു അവർ സമയം ചെലവഴിച്ചിരുന്നത്.
തീവ്രവാദസ്വഭാവം ആരോപിക്കപ്പെടുന്ന സംഘടനകളുടെ വിദേശബന്ധവും ധനസ്രോതസ്സുമൊക്കെ അന്വേഷിക്കണമെന്ന് ഇതുവരെ തോന്നാതിരുന്നതിന്റെ കാരണങ്ങൾ കണ്ടെത്തേണ്ടവ തന്നെയാണ്. മാറാടു കേസുകളിലെ പ്രതിപ്പട്ടികയിലെ സി.പി.എം. മുഖങ്ങളേപ്പറ്റി ആലോചിച്ചുകൊണ്ടുതന്നെ വേണം അത്തരമൊരു അന്വേഷണം ആരംഭിക്കാൻ. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നടന്ന ആദ്യകലാപത്തിലെ പ്രതികളിൽ സി.പി.എമ്മുകാരുടെ എണ്ണം എഴുപത്തിയെട്ടാ(78)ണത്രേ. രണ്ടാമതു നടന്ന ഏകപക്ഷീയമായ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സി.പി.എമ്മുകാരായ പ്രതികളുടെ എണ്ണം നാൽപ്പത്തിമൂന്നും(43). ഒരു അന്വേഷണം വേണമെന്നൊക്കെ തോന്നാതിരുന്നതിനു പിന്നിൽ അതായിരിക്കുമോ കാരണമെന്നറിയില്ല.
എന്തായാലും, ഒരുകാര്യം ശ്രദ്ധേയമാണ്:-
ഇപ്പോളീ കണ്ട ആവേശം പുതുതാണ്.
അതിൽ ആത്മാർത്ഥതയില്ലെന്നു തീർച്ചയുമാണ്.
എൻ.ഡി.എഫിന്റെ മുഖപത്രം ഗൾഫിൽ പ്രചരിപ്പിക്കുന്നതിനു തടസ്സം നിന്നതായി അനുഭവപ്പെട്ട ഒരാൾ നാട്ടിൽ വന്നിട്ട് തിരിച്ചുപോകാനായി എയർപോർട്ടിലേക്കു പോകുമ്പോൾ, വഴിയിൽ വച്ച് ആക്രമിക്കപ്പെട്ടിരുന്നു. അതൊന്നും ഒരു പക്ഷേ മാർക്സിസ്റ്റുകൾ അറിഞ്ഞിരിക്കില്ല. അറിഞ്ഞെങ്കിൽത്തന്നെ ആകസ്മികമായിത്തോന്നിയിരിക്കണം. എന്തായാലും, അന്നൊന്നും ഈ വിദേശബന്ധത്തേപ്പറ്റി അനങ്ങിക്കണ്ടില്ല.
മാറാട്ട് കൂട്ടക്കൊലയ്ക്കു ശേഷം, അതിനു പിന്നിൽ പ്രവർത്തിച്ചവരെ സമ്പൂർണ്ണമായി തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നുവോ മാർക്സിസ്റ്റുകാർ പ്രതികരിച്ചത് എന്നൊന്ന് ഓർത്തു നോക്കുന്നതു നന്നായിരിക്കും. കോളിളക്കമുണ്ടാക്കിയ ആ സംഭവത്തിൽ, ചടങ്ങിനുള്ള പ്രസ്താവനകൾ നടത്തിയതല്ലാതെ, അടിത്തട്ടിൽ നോക്കിയാൽ അനങ്ങാപ്പാറ നയം തന്നെയായിരുന്നു. രഹസ്യമായി ആഘോഷിച്ചിട്ടു പോലുമുണ്ടാവും എന്നാരെങ്കിലും സംശയിച്ചാലും കുറ്റം പറഞ്ഞുകൂടാ.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റുമായ സ്ത്രീകൾ വളരെ ക്ഷോഭത്തോടെയും അതിവൈകാരികതയോടെയും പ്രതികരിച്ച ചില സന്ദർഭങ്ങളിൽ, അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ അതിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും അവരെ അധിക്ഷേപിക്കുകയും മാത്രം ചെയ്തതും മറക്കാവതല്ല.
മാർക്സിസ്റ്റുകളുടെ മാത്രമല്ല – പ്രതികരണക്കാർ പലരുടെയും ശൈലി ഏതാണ്ട് ഒന്നു തന്നെയായിരുന്നു. ആദ്യമൊക്കെ സകലരും മിണ്ടാതിരുന്നു. അരയസമുദായം തിരിച്ചടിക്കുമെന്നും പ്രതികരണം അപ്പോളാവാമെന്നും കരുതി കുറച്ചുനാൾ കാത്തിരുന്നു. അവർ പക്ഷേ അത്ഭുതകരമായ സംയമനം പാലിക്കുന്നുവെന്നും ഇനിയൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും തിരിച്ചറിഞ്ഞപ്പോൾ ചിലർ കാത്തിരുപ്പു മതിയാക്കി ചാടിയിറങ്ങി പ്രകടനങ്ങൾ നടത്തിത്തുടങ്ങി. കേരളം സ്തംഭിപ്പിച്ചുകളയുമത്രേ - എന്താകാര്യം? - “മറിയംബിയുടെ പുനരധിവാസം താമസിക്കുന്നു”!!! അല്ലാതെ, കൂട്ടക്കൊലയല്ല പ്രശ്നം!
ലഘുവായ അഭിപ്രായവ്യത്യാസങ്ങളും സംഘർഷങ്ങളും ഊതിവീർപ്പിച്ച് വർഗ്ഗീയമായി ആളിക്കത്തിച്ച് രാഷ്ട്രീയമായി അതു മുതലെടുക്കാൻ മാർക്സിസ്റ്റുകൾ നടത്തിയ തന്ത്രം വിജയമായതാണു മാറാട്ടു കണ്ടതെന്ന് അവിടുത്തെ സാഹചര്യങ്ങളറിയാവുന്ന അനവധി പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവരെയെല്ലാം നമുക്കു മാർക്സിസ്റ്റുവിരോധികൾ എന്നു വിളിക്കാം. പക്ഷേ നാം നേരിട്ടു കണ്ടതും കേട്ടതുമായ മറ്റു പലതിൽ നിന്നും നാം എന്തു മനസ്സിലാക്കണം എന്നതാണൊരു ചോദ്യം.
ഇരു സമുദായത്തിലും പെട്ട ഒന്നിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു ആദ്യസംഭവത്തിൽ. അതിലൊരാളുടെ മകൻ നടത്തിയ പ്രതികാരം മാത്രമാണ് പിന്നീട് കൂട്ടക്കൊലയിൽ കണ്ടത് - എട്ടു പേർ പൂർണ്ണമായും ഡസനിൽപ്പരം ആളുകൾ ഭാഗികമായും നിർജ്ജീവമാകാൻ ഇടയാക്കിയത് - എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു മാർക്സിസ്റ്റുകൾ!
അത്തരമൊരു പ്രതികാരം മാത്രമായിരുന്നെങ്കിൽ, പുറത്തുനിന്നുള്ള അനേകം ആളുകൾ ഉൾപ്പെടാനിടയായതെങ്ങനെ – എന്ന ലളിതമായ ചോദ്യത്തിനു പോലും മറുപടിയുണ്ടായില്ല.
വിദേശത്തു നിന്നുള്ള ഇടപെടൽ, വിവിധ സംഘടനകളുടെ പങ്ക്, മാസങ്ങൾ നീണ്ട ഗൂഢാലോചന - എല്ലാത്തിനേയും അങ്ങേയറ്റം നിസാരവൽക്കരിക്കുകയാണു സി.പി.എം. ചെയ്തത്! മനുഷ്യർ "പ്രതികാരം" ചെയ്യുമെന്ന് അവർ ആദ്യമായും അവസാനമായും വാദിച്ചു കണ്ടതും ഈ സംഭവത്തിലാണ്. അതുപോട്ടെ.
ജുഡീഷ്യൽ അന്വേഷണക്കമ്മീഷന്റെ റിപ്പോർട്ടു കണ്ടിട്ടുള്ളവർ പറയുന്നത് സംഗതി അത്ര നിസാരമാണെന്നല്ല.
“മാറാട് നടന്ന കൂട്ടക്കൊലയുടെ ആസൂത്രണത്തിലും നിർവ്വഹണത്തിലും മുസ്ലിം മതമൌലികവാദികൾ, ഭീകരർ, മറ്റുശക്തികൾ എന്നിവരുൾപ്പെട്ട വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. (അധ്യായം 10 – പേജ് 254 – ഖണ്ഡിക 2)”
മാർക്സിസ്റ്റുകാർ ഇതിനെയൊക്കെ നിസാരവൽക്കരിച്ചുകൊണ്ട് മിണ്ടാതിരിക്കുകയാണോ ചെയ്തത് അതോ ആ കണ്ടെത്തലിൽ നടുക്കം രേഖപ്പെടുത്തിക്കൊണ്ട് പുരോഗമനസാഹിത്യങ്ങളുടെ പ്രളയം തന്നെയുണ്ടായോ എന്നു വിവേകമുള്ളവർ ചിന്തിച്ചു നോക്കട്ടെ.
റിപ്പോർട്ടിൽ നിന്നു ലഭിക്കുന്ന മറ്റു ചില വിവരങ്ങൾ ഇങ്ങനെ:-
മുസ്ലീങ്ങളിൽ ഒരു വിഭാഗം പേർ മാറാടു കടപ്പുത്തുണ്ടായിരുന്ന ക്ഷേത്രത്തിനോടു ചേർന്ന് പള്ളിയായി ഉപയോഗിക്കുന്നതിനു വേണ്ടി അനധികൃത നിർമ്മാണം നടത്തി - മാർക്സിസ്റ്റുകൾ ഭരിക്കുന്ന പഞ്ചായത്ത്, അരയസമുദായത്തിന്റെ പരാതികളും എതിർപ്പുകളും നിരന്തരം അവഗണിച്ചതല്ലാതെ അനധികൃതനിർമ്മാണം തടയാൻ യാതൊരു നടപടിയും എടുത്തില്ല - അതു മാത്രമല്ല, അത് പള്ളി എന്ന നിലയിൽ ആരാധനയ്ക്കായി തുറന്നു കൊടുക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് കത്തെഴുതുക പോലും ചെയ്തു(!) - ആ കെട്ടിടം ഇപ്പോളും അവിടെയുണ്ട്.
ഇതെല്ലാം പോട്ടെന്നു വയ്ക്കാം.
ഏതു ചെറിയ തർക്കത്തിലും നിരന്തരമായി ഒരു പക്ഷം മാത്രം പിടിക്കുന്ന മാർക്സിസ്റ്റു പാർട്ടിയുടെ നയമാണ് തദ്ദേശീയരായ ഹിന്ദുക്കൾ, പ്രത്യേകിച്ച് അരയസമുദായക്കാർ ഒന്നടങ്കം സംഘപ്രസ്ഥാനങ്ങളിലേയ്ക്ക് കടന്നു വരാനുള്ള ആദ്യകാരണങ്ങളിലൊന്ന് എന്നു കൂടി കമ്മിഷൻ റിപ്പോർട്ടിലുണ്ടത്രേ (പേജ് 104 - 106)
(ഇത്തരത്തിൽ അന്ധവും പലപ്പോഴും ആപൽക്കരവുമായ പക്ഷംപിടുത്തം മാറാടിന്റെ മാത്രം പ്രത്യേകതയല്ല. ഏതാണ്ട് എല്ലാക്കാര്യത്തിലും ഇന്നിപ്പോളത് അനുഭവവേദ്യമാണ്. ചിന്തിക്കാൻ തയ്യാറുള്ളവരെ സംബന്ധിച്ചിടത്തോളം.)
ഇതെല്ലാം കഴിഞ്ഞ്, കഴിഞ്ഞ ഒരു ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ, മുസ്ലിം സമുദായക്കാർക്കു ഭൂരിപക്ഷമുള്ള ചില തീരദേശകേന്ദ്രങ്ങളിൽ ഇടതുമുന്നണിയുടേതായി ചില പോസ്റ്ററുകൾ പതിച്ചിരിക്കുന്നതായിക്കണ്ടു.
തലയ്ക്കു കയ്യും കൊടുത്ത് ആകെ വിഷണ്ണരായി ഇരിക്കുന്ന ചില മുസ്ലീം സ്ത്രീകളുടെ ചിത്രം.
എന്നിട്ടൊരു അടിക്കുറിപ്പും.
'മാറാട് - വർഗ്ഗീയതയുടെ ബാക്കി പത്രം' – എന്ന്!!!
ഏറ്റവും അടിയിൽ ചെറുതായി ഒരു അരിവാൾ ചിഹ്നവും!
സ്വന്തം നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചും പോസ്റ്ററുകളിലൂടെ പ്രചരിപ്പിച്ചുമൊക്കെ രാഷ്ട്രീയപ്പാർട്ടികൾ വോട്ടുതേടുന്നുവെങ്കിൽ അതിൽ അസ്വാഭാവികതയൊന്നുമില്ല. അല്ലാതെന്തു പറയാൻ?
ദൈവാധീനത്തിന്, അവർ നിരന്നു കിടക്കുന്ന ജഢങ്ങൾക്കിടയിലിരുന്ന് അലമുയിടുന്ന അരയസ്ത്രീകളുടെ ചിത്രം കാട്ടിയിട്ട് അതു മുസ്ലീങ്ങളാണെന്നൊന്നും വാദിച്ചില്ല. അവരുടെ കുടുംബനാഥന്മാരെ ‘വംശഹത്യ’ നടത്തിയെന്നൊന്നും പറഞ്ഞുവച്ചില്ല. അവരെ വേട്ടക്കാർ’ ‘ഉന്മൂലനം’ ചെയ്യുമെന്നും രക്ഷിക്കാൻ തങ്ങളേയുള്ളെന്നുമൊക്കെയുള്ള അസംബന്ധവാദങ്ങൾ അവതരിപ്പിച്ചു വോട്ടു തേടിയില്ല. അത്രയുമെങ്കിലും നല്ലതെന്നു വേണം വിചാരിക്കാൻ.
പ്രിയ മാർക്സിസ്റ്റുകാരേ – ചോദിക്കാതിരിക്കാൻ കഴിയാത്തതുകൊണ്ടു ചോദിച്ചുപോകുകയാണ്. ഇതിന്റെയൊക്കെ നേരേ നിങ്ങൾ ഇനിയും കണ്ണടയ്ക്കുകയാണോ?
മാറാട്ട്, നിസാരമായി പരിഹരിക്കാമായിരുന്ന പ്രശ്നങ്ങൾ പക്ഷം പിടിച്ചു വഷളാക്കിയതു മറക്കാം. കൂട്ടക്കൊലയിലും മറ്റും പ്രവർത്തകർ പ്രതിപ്പട്ടികയിലായതു മറക്കാം.
പക്ഷേ...
എട്ട് ശവങ്ങളും ഡസനിലധികം ജീവച്ഛവങ്ങളും കണ്ട് അലമുറയിടാൻ പോലുമാവാതെ ശ്വാസംനഷ്ടപ്പെട്ടു നിന്ന അരയസ്ത്രികളുടെ മുഖത്തേയ്ക്കു കാർക്കിച്ചുതുപ്പുന്ന മട്ടിലുള്ള ആ പോസ്റ്റർ!
അതെങ്കിലും ഒഴിവാക്കാമായിരുന്നു.
അരയസ്ത്രീകൾക്കു വേണ്ടി വാദിക്കണമായിരുന്നുവെന്നു പറയുന്നില്ല. അരയന്റെ വോട്ട് അരിവാളിനല്ലാത്തിടത്തോളം കാലം അരയൻ ‘മാനവ’പക്ഷത്തല്ല - അവനു നീതിയുമില്ല. അവനത് പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ, അതിനിടയിൽപ്പോലും യാതൊരു ലജ്ജയുമില്ലാതെ തങ്ങളുടെ മുസ്ലീം ആഭിമുഖ്യം മാർക്കറ്റു ചെയ്തതിനു ശേഷം, മറുപടിയായി വോട്ടുതരൂ എന്ന അഭ്യർത്ഥന പരസ്യമായി നടത്തിയത് - അതെങ്കിലും ഒഴിവാക്കണമായിരുന്നു.
ചെയ്തില്ല.
മനസ്സാക്ഷിയുള്ള ഏതെങ്കിലുമൊരു മാർക്സിസ്റ്റുകാരൻ ഇതുവായിക്കുന്നെങ്കിൽ - സുഹൃത്തേ - മനസ്സിലാക്കുക. അതീവഗുരുതരമായ പ്രവണതകളാണിതെല്ലാം. അതൊക്കെ മറ്റുള്ളവർ ചൂണ്ടിക്കാട്ടുന്നതിനുമുമ്പേ നിങ്ങൾ സ്വയം മനസ്സിലാക്കേണ്ടതാണ്. ഇനി അഥവാ ചൂണ്ടിക്കാട്ടിയാൽപ്പോലും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ, അതാണ് ഏറ്റവും ഗുരുതരം.
അതിനും മുമ്പ്, ലോക്‌സഭയിലേക്കുള്ള മുഖ്യതെരഞ്ഞെടുപ്പു തന്നെ നടന്നപ്പോൾ ആലപ്പുഴയിലെ തീരദേശങ്ങളിൽ മറ്റൊരു തന്ത്രമായിരുന്നു പരീക്ഷിക്കപ്പെട്ടത്. അതു പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദുക്കൾക്കു ഭൂരിപക്ഷമുള്ളിടത്ത് 'മനോജിനു' വോട്ടു ചെയ്യണമെന്നും, ക്രൈസ്തവർക്കു ഭൂരിപക്ഷമുള്ളിടത്ത് 'മനോജ് കുരിശിങ്കലിന് ' വോട്ടു ചെയ്യണമെന്നും ചുവരെഴുതിക്കൊണ്ട്, “അടവുനയം” എന്നാലെന്താണെന്നു പഠിപ്പിച്ചുകളഞ്ഞു മാർക്സിസ്റ്റുകൾ!
അതൊക്കെ താരതമ്യേന നിരുപദ്രവകരമായ – പരോക്ഷവർഗ്ഗീയതയാണെന്നു വയ്ക്കാം. പക്ഷേ, മാറാട്ടെ കൂട്ടക്കൊലയുടെ മുറിവുണങ്ങും മുമ്പ് അതിന്റെ പേരു പറഞ്ഞ് മുസ്ലീം സ്ത്രീകളുടെ ചിത്രം വച്ചു വോട്ടു പിടിച്ചത് കുറേക്കൂടി ഗൌരവമുള്ള പ്രത്യക്ഷവർഗ്ഗീയതയാണ്. ചോരയുടെ നിറമുള്ള കൂസിസ്റ്റു ഭീകരത തന്നെയാണിത്.
ആരും ചൂണ്ടിക്കാണിക്കുന്നില്ല എന്നു കരുതി ഇതൊക്കെ നിസാരമായിത്തള്ളാതിരിക്കുക, മാർക്സിസ്റ്റുകളേ. ചൂണ്ടിക്കാണിക്കുന്നവരുടെ നേരേ അനാവശ്യമായി ചീറാതെയുമിരിക്കുക.
----------------------------
തുടർന്നുള്ള ഭാഗങ്ങൾ:-
അയോദ്ധ്യ
ഇറാന്റെ ബോംബ്
സദ്ദാം വധം
തസ്ലീമ – ‘ലജ്ജ‘യില്ലാതെ!
ഗോധ്രാനന്തര കലാപം
ഒറീസ – പോസ്റ്റർ പ്രചാരണം
അതിസം, ഇതിസം ആന്റ് ഫാസിസം
കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി!
ജീവന്റെ മതം - പൊന്നാനിയ്ക്കു വടക്കും തെക്കും?
മോഡിയുടെ പ്രസംഗം മോർഫുചെയ്തപ്പോൾ
കോയമ്പത്തൂർ - ‘വിചാരണകൂടാതെ‘ വിധിപ്രഖ്യാപനമോ?
November 28, 2008
കേരളത്തിൽ തീവ്രവാദമില്ല! (ഭാഗം 2 - മാർക്സിസ്റ്റുകളും മതതീവ്രവാദവും)
തീവ്രനിലപാടുകാരായി അറിയപ്പെടുന്ന ചില സംഘടനകളുമായി മാർക്സിസ്റ്റുകൾക്കുള്ള പ്രത്യക്ഷബന്ധമാണ് ആദ്യഭാഗത്തു സൂചിപ്പിച്ചത്.
(ആദ്യഭാഗം ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ …)
തുടർന്നുള്ള ഭാഗങ്ങളിൽ നയപരമായ ചില പ്രോത്സാഹനങ്ങളേക്കുറിച്ചു സൂചിപ്പിക്കാമെന്നു കരുതുന്നു. പാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ – അറിഞ്ഞോ അറിയാതെയോ - പ്രത്യക്ഷമായോ പരോക്ഷമായോ - തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധന.
(ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)
ഈ ഭാഗത്തിൽ പരാമർശിച്ചിരിക്കുന്നത് ഇനിപ്പറയുന്ന വിഷയങ്ങൾ.
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
---------------------------------------------------------
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
അന്താരാഷ്ട്രവിഷയങ്ങളിൽപ്പോലും ഇടപെടാറുള്ള ‘മലയാളി’യുടെ പ്രതികരണശേഷിയേപ്പറ്റിയും മറ്റും ഊറ്റം കൊള്ളാറുള്ള സി.പി.എമ്മുകാരൊക്കെ ഇവിടെ നമ്മുടെ കണ്മുന്നിൽത്തന്നെ ചില സംഭവങ്ങൾ നടക്കുമ്പോൾ ഉറങ്ങിക്കിടക്കുകയായിരുന്നു എന്നതു ശ്രദ്ധേയമാണ്.
കോഴിക്കോടു നടന്ന സ്ഫോടനങ്ങൾ - ജെലാറ്റിൻ സ്റ്റിക്കുകൾ പിടികൂടിയ സംഭവം - അതിനോടനുബന്ധിച്ച് പിന്നീടു മറ്റു പലയിടത്തു നിന്നും ആയുധശേഖരം പിടികൂടിയത് - കളമശ്ശേരിയിലെ ബസ് കത്തിക്കൽ - മാറാട് പ്രതികളുടെ വള്ളങ്ങളിൽ നടന്ന സ്ഫോടനം - മിഠായിത്തെരുവിലെ തീ പിടുത്തം – പാനായിക്കുളത്തെ യോഗം - വാഗമണ്ണിലെ ക്യാമ്പ് - ഇങ്ങനെ എത്രയോ എത്രയോ സംഭവങ്ങൾ. തീവ്രവാദബന്ധം സംശയിക്കപ്പെട്ട – ഏറെ ഒച്ചപ്പാടുണ്ടാകുമായിരുന്ന സംഭവങ്ങൾ.
ഇവിടെയെല്ലാം, സി.പി.എമ്മുകാരുടെ പ്രതികരണം ഒന്നു കേൾക്കേണ്ടതും കാണേണ്ടതും തന്നെയായിരുന്നു. അടൂർ ചിത്രങ്ങളെ വെല്ലുന്ന നിശബ്ദതയല്ലാതെ മറ്റൊന്നുമായിരുന്നില്ല അവരിൽ നിന്നു ലഭിച്ചത്!
നമ്മുടെ മൂക്കിനു താഴെ നടന്ന സംഭവങ്ങളുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പലതും അന്യസംസ്ഥാനത്തെ പോലീസ് പറയുമ്പോൾ മാത്രം നാം അറിയേണ്ടിവരിക എന്നതു ദുഖകരമാണ്. കഷ്ടകാലത്തിനതു വല്ല ഗുജറാത്തുപോലീസോ മറ്റോ ആണെങ്കിൽ ഉടനെ അതു 'ന്യൂനപക്ഷപീഢന'മാണെന്നു വാദിക്കാനും, ഇത്തരം സംഭവങ്ങളുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത ഹിന്ദു സംഘടനകളെയാണു നിരോധിക്കേണ്ടതെന്നൊക്കെയുള്ള വിചിത്രപ്രസ്താവനകൾ നടത്താനും പോലും യാതൊരു മടിയുമില്ലാത്ത ചില മാർക്സിസ്റ്റു ബുദ്ധിജീവികളും ഇവിടെയില്ലാതെയില്ല!
സി.പി.എമ്മുകാർ ചെറുവിരലനക്കാൻ പോലും മടി കാണിച്ച - കേസ് ഒതുക്കുവാനായി അവരുടെ ചില നേതാക്കന്മാർ വരെ പ്രവർത്തിച്ചുവെന്ന ആരോപണങ്ങൾ പലതും ഇപ്പോൾ ശരിയായിരുന്നെന്നു തെളിഞ്ഞുകൊണ്ടിരിക്കുന്ന - പല കേസിലേയും പ്രതികൾ ഇപ്പോൾ വിദേശത്തു സുഖവാസമാണെന്നു കേൾക്കുന്നു. ഹിന്ദുമതവിശ്വാസിയല്ലാത്ത ആരെങ്കിലും വഴിയിൽ കാൽതട്ടി വീണാൽ പോലും അവിടേയ്ക്ക് ‘സംഘപരിവാർ ഗൂഢാലോചന‘ എന്ന പദം കൊണ്ടുവന്ന് മുതലെടുക്കാൻ ശ്രമിച്ചുകാണാറുള്ള മാർക്സിസ്റ്റുകൾ ഗൌരവമുള്ള ഇത്തരം അനവധി കേസുകളിൽ മൌനം പാലിച്ചത് അതീവകുറ്റകരമല്ലേ എന്നതാണു സംശയം.
പലർക്കും അസുഖകരമായേക്കാവുന്ന സത്യമാണ് – എന്നാലും പറയാതെ വയ്യ. മേൽപ്പറഞ്ഞമട്ടുള്ള സംഭവങ്ങളുണ്ടാകുമ്പോൾ വലതുമുന്നണിക്കും പലപ്പോഴും മൌനം പാലിക്കാൻ മാത്രമേ കഴിയുന്നുള്ളൂ. ഒന്നു പ്രതികരിക്കാനായെങ്കിലും മുന്നോട്ടു വരാൻ ഇപ്പോൾ സംഘപരിവാർ പ്രസ്ഥാനങ്ങൾ മാത്രമേയുള്ളൂ എന്നതാണിവിടുത്തെ അവസ്ഥ. അവരെയാണെങ്കിൽ ഏതുവിധേനയും പരാജയപ്പെടുത്താനായി മറ്റുള്ളവരെല്ലാവരും ശതൃത മറന്നു ചേർന്നു നിന്ന് ‘യു.പി.എ’ കളിക്കും എന്ന സാഹചര്യം കൂടി നിലവിലുണ്ട്. ഇത്തരത്തിൽ, തങ്ങൾക്കനുകൂലമായ രാഷ്ട്രീയസാഹചര്യം നിലവിലുള്ളത് തീവ്രവാദനിലപാടുകാർക്ക് അങ്ങേയറ്റം പ്രോത്സാഹനകരമാണെന്നതിൽ സംശയിക്കേണ്ടതില്ല.
എന്തു പോക്രിത്തരം വേണമെങ്കിലും ചെയ്യാം – യു.പി.എ. കളിക്കുന്നവർ തന്ത്രപരമായ മൌനം പാലിക്കുകയോ ഉരുണ്ടു കളിക്കുകയോ ഒക്കെ ചെയ്തു കൊള്ളും – ചിലരാണെങ്കിൽ കേസിൽ നിന്നു വരെ രക്ഷിച്ചു തരും - അഥവാ അവർ എന്തെങ്കിലും പറഞ്ഞാൽത്തന്നെ അത് സംഘപരിവാറിന്റെ തലയിൽ വയ്ക്കാൻ ശ്രമിച്ചുകൊണ്ടുള്ള പ്രസ്താവനകളാകും എന്ന സൌകര്യമുണ്ട്. തീവ്രവാദത്തെ എതിർക്കാതെ വയ്യ എന്ന അവസ്ഥ വന്നാൽപ്പോലും അവരൊക്കെ ആദ്യം പറയുന്നത് ഇവിടെ സംഘപരിവാർ ‘അരക്ഷിതാവസ്ഥ‘(?) സൃഷ്ടിയ്ക്കുകയാണെ(!)ന്നൊക്കെയുള്ള അസംബന്ധങ്ങളും – അതിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണു തീവ്രവാദം(!) എന്നൊക്കെയുള്ള ന്യായീകരണങ്ങളുമാണ്.
ഇപ്പോളിതാ – മലയാളികളായ കുറച്ചുപേർക്കു കാശുകൊടുത്ത് തീവ്രവാദികളാക്കി കാശ്മീരിലേയ്ക്കയച്ചതു സംഘപരിവാറിന്റെ ഏജൻസിയാവാം(!!!!!!!) എന്ന പ്രഖ്യാപനമടങ്ങുന്ന ഒരു പത്രവാർത്തയുടെ ക്ലിപ്പിങ്ങ് ഇന്റർനെറ്റിൽ പ്രചരിച്ചു കാണുന്നു! ദേശാഭിമാനിയാണോ അതോ തേജസാണോ എന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടു തോന്നുന്നു. രണ്ടിൽ ഏതിൽ വേണമെങ്കിലും പ്രതീക്ഷിക്കാവുന്ന ഒരു പമ്പരവിഡ്ഢിത്തമാണത്.
ഇനിയിപ്പോൾ, മുംബൈയിലിപ്പോൾ നടന്ന ഭീകരാക്രമണം സംഘപരിവാർ സംഘടിപ്പിച്ച നാടകമായിരുന്നെന്ന വാചകം പോലും ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന പ്രസിദ്ധീകരണങ്ങൾ വേറെയുമുണ്ടു മലയാളത്തിൽ. ഇതൊക്കെ നമ്മുടെ ദുരവസ്ഥയുടെ ആഴമല്ലാതെ മറ്റൊന്നുമല്ല കാണിക്കുന്നത്.
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
തീവ്രവാദത്തോട് അയഞ്ഞ നിലപാടെടുക്കുന്നതിനും പ്രതികരിക്കാൻ മടിക്കുന്നതിനും മാർക്സിസ്റ്റുകൾ പലപ്പോഴും പറയാറുള്ള ഒരു ന്യായമുണ്ട്. "ന്യൂനപക്ഷ തീവ്രവാദത്തിന് ഒരിക്കലും ഫാസിസത്തിന്റെ രൂപം പ്രാപിക്കാൻ കഴിയില്ല. അതിന് രാഷ്ട്രീയമായ പിന്തുണ കിട്ടില്ല. അതുകൊണ്ട് അതിനെ "ഭൂരിപക്ഷ"തീവ്രവാദത്തിന്റെ അടിയിൽ പ്രതിഷ്ഠിച്ചാൽ മതി " എന്നൊക്കെ. ഈപ്പറയുന്ന “പക്ഷ”തീവ്രവാദത്തിന് രാഷ്ട്രീയമായ പിന്തുണ കൊടുക്കുന്നവർ തന്നെയല്ലേ ഇതു പറയുന്നതും എന്നതാണു രസകരം.
ആ വാദം തികച്ചും തെറ്റായ നിലപാടാണെന്നു മാത്രമല്ല - അങ്ങേയറ്റം ആത്മഹത്യാപരവുമാണ്. അതു പറയുന്നവർക്കു രാജ്യമല്ല – സ്വന്തം രാഷ്ട്രീയമാണു വലുത് എന്നു മാത്രമേ അതു കാണിക്കുന്നുള്ളൂ. രാഷ്ട്രീയ പരിഗണനകൾ മൂലമാണ് തീവ്രവാദത്തിനു നേരേ കണ്ണടയ്ക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണത്.
മറ്റു ചിലർ അല്പം കൂടി മനസ്സു തുറക്കാറുണ്ട്. “ന്യൂനപക്ഷതീവ്രവാദത്തെ തുറന്നെതിർക്കാനാവാത്ത സ്ഥിതിവിശേഷവുമുണ്ട് - അതു ഫാസിസ്റ്റുകൾക്കു രാഷ്ട്രീയനേട്ടമുണ്ടാക്കുമെന്നതിനാൽ” - എന്നു തുറന്നു പരിതപിക്കുന്നവരും കുറവൊന്നുമല്ല. (തങ്ങൾ പറഞ്ഞുകൊടുത്താൽ - അല്ലെങ്കിൽ തങ്ങൾ തുറന്നെതിർത്താൽ - മാത്രമേ ജനങ്ങൾക്കു കാര്യങ്ങൾ മനസ്സിലാകൂ – അവർക്കു സ്വന്തമായ തിരിച്ചറിവൊന്നുമില്ല – എന്നൊരു അഹങ്കാരവും ഇവിടെ നിഴലിച്ചുകാണാം.)
ഇതൊക്കെത്തന്നെയാണിവിടുത്തെ യഥാർത്ഥപ്രശ്നം. ഈ രാഷ്ട്രീയപരിഗണനകളാണ് പ്രശ്നം. മതപ്രീണനത്തിന്റെ കാര്യത്തിൽ മാസ്റ്റേർസ് ഡിഗ്രി തന്നെ ഇതിനകം എടുത്തിട്ടുള്ള കൂസിസ്റ്റുപ്രസ്ഥാനങ്ങൾ മിക്കവയും മതതീവ്രവാദപ്രീണനത്തിനു കൂടി പരീക്ഷയെഴുതിക്കൊണ്ടിരിക്കുന്നത് ആശങ്കയോടെയല്ലാതെ കാണാനാവില്ല.
വിശദീകരിച്ചാൽ നീണ്ടുപോകുമെന്നതിനാൽ മുതിരുന്നില്ല. എന്തായാലും, മേൽപ്പറഞ്ഞ മട്ടിലൊക്കെയുള്ള നിസാരവൽക്കരണം തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് നല്ലൊരു പ്രചോദനം തന്നെയാണെന്നതിൽ സംശയത്തിനു വകയില്ല.
----------------------------
തുടർന്നുള്ള ഭാഗങ്ങൾ:-
മാറാടും മാർക്സിസ്റ്റുകളും
അയോദ്ധ്യ
ഇറാന്റെ ബോംബ്
സദ്ദാം വധം
തസ്ലീമ – ‘ലജ്ജ‘യില്ലാതെ!
ഗോധ്രാനന്തര കലാപം
ഒറീസ – പോസ്റ്റർ പ്രചാരണം
അതിസം, ഇതിസം ആന്റ് ഫാസിസം
കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി!
ജീവന്റെ മതം - പൊന്നാനിയ്ക്കു വടക്കും തെക്കും?
മോഡിയുടെ പ്രസംഗം മോർഫുചെയ്തപ്പോൾ
കോയമ്പത്തൂർ - ‘വിചാരണകൂടാതെ‘ വിധിപ്രഖ്യാപനമോ?
November 11, 2008
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ
(Click here for the PDF version of this article)
ഭാഗം – ഒന്ന്.
1. ഈ പോസ്റ്റ് എഴുതുമ്പോൾ സംസ്ഥാനത്തു നിലവിലുള്ള സാഹചര്യത്തേപ്പറ്റി
ഇത്രയും കാലം, 'കശ്മീരിൽ വെടിവയ്പ് ' എന്നൊക്കെക്കേട്ടാൽ മലയാളിയ്ക്ക് ഏതാണ്ടു 'കർക്കിടകത്തിൽ മഴ' എന്നൊക്കെപ്പറയുന്നതുപോലെ മാത്രമായിരുന്നു. പ്രത്യേകിച്ച് അതിശയത്തിനൊന്നും വകയില്ല.
പക്ഷേ കർക്കിടകത്തിലാണെങ്കിൽക്കൂടി, പെയ്യുന്നതു കല്ലുമഴയാണെങ്കിൽ അതു വാർത്തയാകും. ഇത്തവണ വെടിയേറ്റു മരിച്ചതു സാദാ ഭീകരന്മാരല്ലായിരുന്നു. പിന്നെയോ - മലയാളി ഭീകരന്മാർ!
മാദ്ധ്യമങ്ങൾ ഇളകാതെ വയ്യ.
എന്നാൽ, നമുക്കു ചുറ്റും നടന്നു കൊണ്ടിരുന്ന സംഭവങ്ങളെ അവഗണിക്കാതെയും യാഥാർത്ഥ്യങ്ങളുടെ നേരെ കണ്ണടയ്ക്കാതെയും ഇതുവരെ ജീവിച്ചു വന്നവർക്ക് ഇപ്പോൾ ഈ കേൾക്കുന്ന വാർത്തകളൊന്നും ഒട്ടും അപ്രതീക്ഷിതമോ അത്ഭുതകരമോ ആയിരിക്കില്ല എന്നതാണു വാസ്തവം.
എത്രയോ നാളുകളായി നമുക്കു സൂചനകൾ ലഭിച്ചുകൊണ്ടിരുന്നതാണ്.
ഇവിടെ വർഷങ്ങളായി പ്രവർത്തിക്കുന്ന പല സംഘടനകളുടെയും തീവ്രവാദസ്വഭാവം ഇതിനകം തന്നെ എത്രയോ തവണ വെളിച്ചത്തു വന്നതാണ്.
വിവിധ ഏജൻസികളും മറ്റും എത്രയോ തവണ മുന്നറിയിപ്പു തന്നതാണ്.
സംഘപരിവാർ സംഘടനകളും മറ്റും എത്രയോ നാളുകളായി ഇതൊക്കെ സൂചിപ്പിച്ചുകൊണ്ടിരുന്നതാണ്.
കേട്ടില്ലെന്നു നടിക്കാനായിരുന്നു പലർക്കുമിഷ്ടം.
ചിലരാകട്ടെ ഒരു പടികൂടി കടന്ന്, ആ മുന്നറിയിപ്പുകളെയെല്ലാം സമുദായവിരുദ്ധ(!)മായി ദുർവ്യാഖ്യാനം ചെയ്ത് തീവ്രവാദികൾക്കു കൂടുതൽ പ്രോത്സാഹനം നൽകാൻ മാത്രമാണു ശ്രമിച്ചത്.
എന്നിട്ടിപ്പോൾ, 'അയ്യോ പറ്റിപ്പോയി' എന്നു പതം പറയുന്നെങ്കിൽ, അതിനെ 'സ്വയംകൃതാനർത്ഥ'മെന്നല്ലാതെ എന്താണു വിളിക്കേണ്ടത്?
2. എന്തുകൊണ്ടു തീവ്രവാദം പ്രതിരോധിക്കപ്പെട്ടില്ല?
സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള രാഷ്ട്രീയസാഹചര്യമാണ് തീവ്രവാദം ഇത്രവളർന്നതിന്റെ മുഖ്യകാരണമെന്നതിൽ ആർക്കും തർക്കമുണ്ടാവുമെന്നു തോന്നുന്നില്ല.
ഇരുമുന്നണികളിലായി ഒരു ധൃവീകരണത്തിന്റെ കെണിയിൽപ്പെട്ടുപോകുകയും നിസാരവോട്ടുകൾ അവിടവിടെയായി മറിഞ്ഞാൽപ്പോലും അന്തിമഫലത്തിൽ അതു നിർണ്ണായകമാകുമെന്നൊരു അവസ്ഥ നിലനിൽക്കുകയും ചെയ്യുമ്പോൾ, വോട്ടുബാങ്കുകൾ നൽകുന്ന പ്രലോഭനത്തെ അതിജീവിക്കണമെങ്കിൽ രാഷ്ട്രീയക്കാർക്ക് അപാരമായ ആർജ്ജവം വേണം.
പക്ഷേ, ഭരണം പിടിക്കാൻ ശ്രമിക്കുന്ന ആരെ സംബന്ധിച്ചിടത്തോളവും, അത്തരമൊരു ആർജ്ജവപ്രദർശനം തീർച്ചയായും ആത്മഹത്യാപരമായിരിക്കും എന്നിടത്താണ് ഈ സംസ്ഥാനത്തിന്റെ ദുരവസ്ഥ കിടക്കുന്നിടത്.
ഇപ്പോൾ പരസ്പരം പഴിചാരി രക്ഷപെടാൻ ശ്രമിക്കുന്ന ഇടതുവലതുമുന്നണികൾ സത്യത്തിൽ സ്വന്തം മുഖത്തുതന്നെയാണു ചെളി വാരി എറിയുന്നത്. ഇപ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്ന വിവിധ മുസ്ലിം സംഘടനകളെ പലപ്പോഴായി ഒളിഞ്ഞും തെളിഞ്ഞും ആശ്രയിക്കുകയും തങ്ങൾക്കനുകൂലമായി ഉപയോഗിക്കുകയും ചെയ്തവരാണ് രണ്ടു മുന്നണികളും.
3. ഈ പോസ്റ്റ് പ്രധാനമായും എന്തിനേപ്പറ്റി?
മതതീവ്രവാദസംഘടനകൾക്കു പ്രോത്സാഹനം നൽകുന്നുവെന്നതിനേക്കാളേറെ പ്രതിഷേധാർഹമായത് മുന്നണികളുടെ മാലാഖ ചമയലാണ്. തങ്ങളല്ല മറ്റുള്ളവരാണു തീവ്രവാദികളെ വളർത്തിയതെന്നാണു രണ്ടു കൂട്ടരുടെയും വാദം.
യാഥാർത്ഥ്യങ്ങൾ മറച്ചുപിടിച്ചുകൊണ്ട് കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നതിൽ അദ്വിതീയരായ മാർക്സിസ്റ്റുകൾ തന്നെയാണ് ഇപ്പോളും “പ്രതിരോധ“ത്തിന്റെ കാര്യത്തിൽ മുമ്പിൽ നിൽക്കുന്നതെന്നു തോന്നുന്നു.
മാർക്സിസ്റ്റുകൾ തീവ്രവാദത്തെ "പക്ഷം നോക്കാതെ" എതിർക്കുന്നവരാണെന്നും, അതിനുള്ള ആർജ്ജവം അവർക്കു മാത്രമേയുള്ളൂവെന്നുമൊക്കെയുള്ള ചില വീരവാദങ്ങൾ പണ്ടു മുതലേ പറയാറുള്ളതാണ്. അതൊക്കെ ഇപ്പോളും ആവർത്തിച്ചു കേൾക്കുന്നു.
സത്യത്തിൽ, തികച്ചും അയഥാർത്ഥവും ലജ്ജാകരവുമായ വാദമാണത്.
മാർക്സിസ്റ്റുകളുടെ തട്ടകമായ കണ്ണൂരിൽ നിന്നു തന്നെയാണ് തീവ്രവാദബന്ധമുള്ളവർ ഏറെയും കുടുങ്ങിയിരിക്കുന്നത് എന്ന വസ്തുത മുന്നോട്ടു വയ്ക്കുന്ന പ്രകടമായ സൂചനകൾ പരിഗണിക്കാതെ തന്നെ പറയുകയാണ്. മലയാളി മുസ്ലീം യുവാക്കളിൽ തീവ്രവാദ പ്രവണതകളുണ്ടാകുന്നതു തടയാൻ മാർക്സിസ്റ്റുകളുടെ സാന്നിദ്ധ്യം തരിമ്പും സഹായിച്ചിട്ടില്ല. എന്നു മാത്രമല്ല - നേരേ മറിച്ചാണു യാഥാർത്ഥ്യവും. അറിഞ്ഞോ അറിയാതെയോ - മാർക്സിസ്റ്റുകളുടെ നയങ്ങളും പ്രവൃത്തികളും മുസ്ലീം തീവ്രവാദപ്രവർത്തനങ്ങൾക്കു വളരെയധികം പ്രോത്സാഹനമാകുകയാണുണ്ടായത്. വളരെ വളരെയധികം.
അതൊക്കെ മനപ്പൂർവ്വമായിരുന്നോ അല്ലയോ എന്നതിൽ മാത്രമേ ഒരു തർക്കത്തിനുപോലും വക കാണുന്നുള്ളൂ.
ഇതു വെറുതേ ഒരു ആരോപണമുന്നയിക്കാനായി മാത്രം പറയുന്നതല്ല. അങ്ങനെ ചിന്തിപ്പിക്കുന്ന പല ഘടകങ്ങളും ഇവിടെ നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിൽത്തന്നെയാണു പയുന്നത്. പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ഏതൊരു മാർക്സിസ്റ്റുകാരനും അറിഞ്ഞിരിക്കേണ്ട - അനിഷേധ്യമായ - ചില ഘടകങ്ങൾ.
ആ ഘടകങ്ങളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത - ചിന്തിക്കാൻ തയ്യാറാകാത്ത - നേതാക്കന്മാർ അവതരിപ്പിക്കുന്ന അവകാശവാദങ്ങൾ ശരിയാണെന്നു വിശ്വസിക്കുവാൻ മാത്രം എപ്പോഴും മുതിരുന്ന - ശുദ്ധഗതിക്കാരും സാധാരണക്കാരുമായ - ഏതെങ്കിലും മാർക്സിസ്റ്റുസുഹൃത്തുക്കൾ ഇതു വായിക്കുന്നെങ്കിൽ, അവരോടു ചില കാര്യങ്ങൾ ചോദിക്കാനും പറയാനുമാണ് ഈ പോസ്റ്റ്.
4. ഒരു കെട്ടിപ്പിടുത്തം
മാർക്സിസ്റ്റ് സുഹൃത്തുക്കളേ - നിങ്ങളീ മുദ്രാവാക്യത്തേപ്പറ്റി കേട്ടിട്ടുണ്ടോ?
"പത്തണയ്ക്കു
കത്തിവാങ്ങി
കുത്തിനേടും
പാക്കിസ്ഥാൻ"
കേട്ടിട്ടു മലയാളം പോലെ തോന്നുന്നുവെങ്കിൽ - സംശയിക്കേണ്ട - അതു കേരളത്തിൽ മുഴങ്ങിയ മുദ്രാവാക്യം തന്നെ.
അല്ലെങ്കിൽ വേണ്ട - ആറു പതിറ്റാണ്ടുകൾ പിറകിലേക്കൊന്നും പോകണ്ട. കേവലം ഒരു പതിറ്റാണ്ടു മാത്രമെങ്കിലും പിറകിലേയ്ക്കു പോയി നോക്കാം.
ഇങ്ങുതെക്ക് കേരളത്തിൽ പട്ടിണിയുണ്ടോ എന്നും ആളുകൾക്കു വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്നുമൊക്കെയല്ല - മറിച്ച് - അങ്ങു വടക്ക് കശ്മീർ ഇന്ത്യയുടെ ഭാഗമായി ഇരിക്കാൻ പാടുണ്ടോ എന്നാലോചിച്ചു ടെൻഷനടിച്ചിരുന്ന മലയാളി മുസ്ലീങ്ങൾ പണ്ടു മുതലേ ഇവിടെയുണ്ടായിരുന്നു.
ഒരു പതിറ്റാണ്ടു മുമ്പ്, നായനാർ ഗവണ്മെന്റിന്റെ കാലത്ത്, കേരളത്തിലെ കടകളിൽ സുലഭമായിരുന്ന ഒരു മാസികയുണ്ട്. 'മുസ്ലിം റിവ്യൂ' എന്നായിരുന്നു പേര്. തികഞ്ഞ തീവ്രവാദചിന്തകളല്ലാതെ മറ്റൊന്നുമായിരുന്നില്ല അതിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്.
ആ പ്രസിദ്ധീകരണം സ്ഥിരമായി കാണുന്ന ഒരു മുസ്ലീം യുവാവിന്റെ മനസ്സിൽ തീവ്രവാദചിന്തകൾ കയറിക്കൂടുന്നില്ലയെങ്കിൽ, അവൻ അക്ഷരാഭ്യാസമില്ലാത്തവനാണെന്നു വേണം വിചാരിക്കാൻ. ആ മട്ടിലായിരുന്നു കാര്യങ്ങളുടെ പോക്ക്.
ഓരോ ലക്കത്തിലും ആവേശം മൂത്തുമൂത്തുവന്ന് ഒടുവിൽ 1998 പകുതിയോടെ (അതോ അതിനടുത്ത കൊല്ലമോ എന്നു മറന്നു) ആ പുസ്തകം കശ്മീരില്ലാത്ത ഇന്ത്യയുടെ മുഖചിത്രത്തോടെ പ്രസിദ്ധീകരിച്ചു.
മലയാളത്തിലുള്ള ഒരു മാസികയാണ്!
എന്ത് അത്യാവശ്യമായിരുന്നുവെന്നോർക്കണം!
എന്തായാലും അതുവരെ കാഴ്ചകണ്ടുകൊണ്ടിരുന്ന പോലീസും ഇന്റലിജൻസ് ഏജൻസികളുമൊക്കെ അത്രയുമായപ്പോളെങ്കിലും ഉണർന്നു പ്രവർത്തിച്ചു. മുസ്ലീം റിവ്യൂവിന്റെ അച്ചുകൂടം അടച്ചുപൂട്ടി. വിഷക്കുപ്പി കണ്ടുകെട്ടി. കശ്മീരിനെ പാകിസ്ഥാനോടു ചേർക്കാനായി കരളുരുകി നടന്നിരുന്നവർ പലരും കൽത്തുറുങ്കിലായി.
ഉടൻ തന്നെ പ്രതിഷേധങ്ങളുമുണ്ടായി. "അങ്ങനെയൊരു മുഖചിത്രം പ്രസിദ്ധീകരിച്ചെന്നു വച്ച് എന്താ തെറ്റ് - ഞങ്ങൾക്കതൊരു സി.ഡി.യിൽ നിന്നു കിട്ടിയതാണ് - മറ്റു പലരും ഇതേ ഭൂപടം പ്രസിദ്ധീകരിച്ചിട്ടുണ്ട്" എന്നൊക്കെ വാദങ്ങളുയർന്നു.
വേറെ ആരു പ്രസിദ്ധീകരിച്ചാലും ശരി - കൃത്യം അതേ ഭൂപടം തന്നെ മുഖചിത്രമായി വച്ചതു യാദൃച്ഛികമാണ് എന്ന വാദം അങ്ങേയറ്റം പരിഹാസ്യമായിരുന്നു. കാരണം, കശ്മീരിലെ വിഘടനവാദികളെയും മറ്റും പരസ്യമായി പിന്തുണയ്ക്കുന്ന നയം തന്നെയായിരുന്നു മാസിക അതുവരെ പിന്തുടർന്നിരുന്നത്. ആരും ചോദിക്കാനും പറയാനുമൊന്നുമില്ലെന്നു തോന്നിയപ്പോൾ ആവേശം അതിരുകടന്നതായിരുന്നു കശ്മീർരഹിത ഭൂപടത്തിലൂടെ പുറത്തുവന്നത്.
എന്തിന് കശ്മീർ മാത്രമാക്കുന്നു - അന്തർദ്ദേശീയതലത്തിലുള്ള പലതും - മലയാളി മുസ്ലീങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന ചില തിളയ്ക്കുന്ന പ്രശ്നങ്ങൾ കൂടി - ആ മാസിക കൈകാര്യം ചെയ്തിരുന്നു.
ഒരു ചെറിയ ഉദാഹരണം മാത്രമെടുക്കാം. "അൽജീരിയയിലും തുർക്കിയിലുമൊക്കെ രക്തപ്രളയങ്ങൾ അനിവാര്യമാണെ"ന്നായിരുന്നു ആ മാസിക ഒരിക്കൽ പറഞ്ഞുവച്ചത്.
മര്യാദക്കാരനായ ഒരു മുസ്ലീം യുവാവ് അങ്ങനെയൊരു തലക്കെട്ടു കാണുമ്പോൾ - "അയ്യോ ആണോ - അതെന്താണങ്ങനെ" എന്നൊരു സംശയത്തോടെ വായിച്ചു നോക്കിയാൽ ആദ്യത്തെ ഖണ്ഡികയിൽ നിന്നു മനസ്സിലാകുന്നത് ഇങ്ങനെ ചിലത്.
അൾജീരിയയിൽ ഇപ്പോൾ "സെക്യുലർ കിരാതവാഴ്ച"യാണ്.
അവിടെ "മുസ്ലീം വേട്ട" നടക്കുകയാണ്.
ലോകത്തെ ചില ഭരണകൂടങ്ങൾ - ക്രൈസ്തവ (അമേരിക്ക?) - ജൂത (ഇസ്രായേൽ?) – ഹൈന്ദവ (!!!?? നേപ്പാൾ? ഇന്ത്യ?...) ഭരണകൂടങ്ങൾ - ചേർന്ന് ആ മുസ്ലീം വേട്ടയ്ക്ക് സർവ്വവിധരഹസ്യസഹായവും കോരിച്ചൊരിയുകയാണ്!
എന്തൊക്കെയാണു സലീം അനിയാ നീയീ പറഞ്ഞുകൊണ്ടു വരുന്നത് എന്നു ചിന്തിച്ചുപോകുന്ന വായനക്കാരന് അത് വ്യക്തമായി പറഞ്ഞുകൊടുത്തുകൊണ്ടുതന്നെയാണ് ലേഖനത്തിന്റെ ആദ്യപാദം അവസാനിക്കുന്നത്. അൾജീരിയാ വിശേഷങ്ങളുടെ രത്നച്ചുരുക്കം ഇങ്ങനെയാണു കൊടുത്തിരിക്കുന്നത്:-
അൾജീരിയിലെ ജിഹാദ് ന്യായമാണ്. ഇസ്ലാമികമാണ്.
അതിനെതിരെയുള്ള നിലപാടും മൌനവും കുഫ്ർ ആണ്.
അതു ശരി - സമ്മതിച്ചു - എന്നാലിനി തുർക്കിയിലെന്താണു പ്രശ്നം എന്നു കരുതുന്ന വായനക്കാരന് കുറേക്കൂടി ശക്തമായ ചില സന്ദേശങ്ങൾ നൽകിക്കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. ആ സന്ദേശങ്ങൾ ഇങ്ങനെയൊക്കെ:-
തുർക്കിയിലും ഒരു രക്തപ്രളയം അനിവാര്യമാണ്, മുസ്ലീങ്ങൾക്കവിടെ മതസ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ, അവസാനത്തെ സെക്യുലറിസ്റ്റും മരിക്കണമെന്നായിരിക്കുന്നു.
തുർക്കിയിലെന്നല്ല ലോകത്തെവിടെയും സ്ഥിതി ഇതാണ്. സെക്യുലറിസം നിലനിൽക്കുന്നിടത്ത് ഇസ്ലാം സുരക്ഷിതമല്ല.
സെക്യുലറിസത്തോട് മുസ്ലീങ്ങൾക്കു യുദ്ധം പ്രഖ്യാപിക്കാതെ കഴിയില്ല. വ്യക്തിപരമായും സമൂഹപരമായും മുസ്ലീങ്ങൾ ഒറ്റയ്ക്കും കൂട്ടായും നിരായുധരായും ആയുധമെടുത്തും സെക്യുലറിസ്റ്റുകളോടു പോരാടേണ്ട സ്ഥിതിയാണുള്ളത്. (ഭാഗ്യത്തിന് ഇന്ത്യയിൽ അവസ്ഥ മറ്റൊന്നാണെന്നും ഇന്ത്യ മതേതരരാജ്യമല്ല - മറിച്ച് സർവമതസഹവർത്തിത്വരാജ്യമാണെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.)
“അവസാനവാക്ക്” എന്ന നിലയിൽ അല്പം കടുപ്പിച്ചു തന്നെ പറഞ്ഞിരിക്കുന്നത് ഇങ്ങനെ:-
മുസ്ലിംകളിൽ നിന്നു സെക്യുലറിസ്റ്റായവർ മുർതദ്ദുകൾക്കു തുല്യമാണ്. അവർ സത്യദീനിനുള്ള മുൻഗണന നിഷേധിച്ചവരാകയാൽ നിഷേധികളാണ്. മുർതദ്ദിന്റെ വിധി തന്നെയാണ് അവരുടെയും വിധി.
സത്യദീനിനുള്ള മുൻഗണന അവഗണിക്കുന്നവരോട് ജിഹാദ് ചെയ്യാൻ ഓരോ മുസ്ലീമും ബാദ്ധ്യസ്ഥനാണ്.
ഇത്രയും വായിച്ചു കാര്യങ്ങൾ മനസ്സിലാക്കിയ ഒരു മുസ്ലീം ചെറുപ്പക്കാരന്റെ മനസ്സിൽ, "ആൺകുട്ടികളായാൽ ഇങ്ങനെ വേണം" എന്നു കൂടി തോന്നിപ്പിക്കാനെന്നോണം, ആയുധധാരിയായ ഒരു ജിഹാദിയുടെ ഫോട്ടോയും കൊടുത്തിട്ടുണ്ട് അടിയിൽ!
വിശ്വാസം വരുന്നില്ലെങ്കിൽ, താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.
(ഇങ്ങനെയും ചിലതൊക്കെ നമ്മുടെ നാട്ടിൽ പണ്ടേ നടന്നിരുന്നുവെന്നും, അതൊക്കെ കണ്ടിട്ടും മിണ്ടാതിരുന്നതിനു പകരം അന്നു തന്നെ അതിശക്തമായി ചെറുത്തിരുന്നെങ്കിൽ ഇന്ന് ഈ ഗതി വരില്ലായിരുന്നുവെന്നും, ഇനിയെങ്കിലും ജാഗ്രത പാലിച്ചാൽ കൊള്ളാം എന്നും സൂചിപ്പിക്കുക എന്ന സദുദ്ദേശത്തോടെ മാത്രമാണ് ഇതിവിടെ കൊടുക്കുന്നത്. ദയവായി എന്റെ നേരെ മെക്കിട്ട്കയറരുതെന്ന് അപേക്ഷിച്ചു കൊള്ളട്ടെ.)
മുർതദ്ദുകൾക്കുള്ള വിധി നടപ്പിലാക്കാൻ നിൽക്കുന്ന ആ തോക്കുധാരിയുടെ ചിത്രം അത്ര സുഖകരമായ കാഴചയല്ല നൽകുന്നത്.
ആരാണ് ഈ ‘മുർതദ്ദ്‘ എന്നും എന്താണയാളുടെ വിധി എന്നുംകൂടി അറിഞ്ഞുവയ്ക്കണം.
ഇസ്ലാം മതം കൈവെടിഞ്ഞവനെയാണു “മുർതദ്ദ് “ എന്നു വിളിക്കുന്നത്. അയാൾക്കുള്ള വിധി അല്പം കടുത്തതു തന്നെയാണെന്നാണു പലരും പറയുന്നതും.
ജമാഅത്തെ ഇസ്ലാമിയുടെ ഈജിപ്ഷ്യൻ രൂപമായ ‘ഇഖ്‌വാനുൽ മുസ്ലിമുൻ’ എന്ന സംഘടനയുടെ പ്രവർത്തകനായിരുന്ന ‘യൂസുഫുൽ ഖറദാവി’യുടെ ഒരു കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട്, ‘ഖറദാവിയുടെ ഫത്വകൾ’ എന്ന പേരിൽ കഴിഞ്ഞ പത്തിരുപതു കൊല്ലമായി ഇവിടെ ലഭ്യമാണ്. ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണശാലയായ “ഇസ്ലാമിക് പബ്ലിഷിംഗ് ഹൌസ്” പുറത്തിറക്കിയ ആ പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പേജ് 384-ൽ പറയുന്നത് ഇങ്ങനെ. “ഇസ്ലാമിന്റെ ദൃഷ്ടിയിൽ അയാൾ (മുർതദ്ദ്) മരിച്ച പോലെയാണ്. അയാൾ വധശിക്ഷയ്ക്കർഹനാണ് ”
വല്ല വികൃതവ്യാഖ്യാനമോ മറ്റോ ആണോ എന്നറിയില്ല. എന്തായാലും സലീം എന്ന ലേഖകൻ ഉദ്ദേശിച്ച വ്യാഖ്യാനം ഇതു തന്നെയാണെന്നുറപ്പാണ്.
മുർതദ്ദിന്റെ വിധി വധശിക്ഷയാണെന്നു തന്നെയാണു വിക്കിപീഡിയയും പറയുന്നത്.
പണ്ട്, മതം മാറിക്കൊണ്ട് രാമസിംഹൻ എന്ന പേരു സ്വീകരിച്ചതിന്റെ പേരിൽ ഒരു യുവാവിനെ ആരൊക്കെയോ ചേർന്നു വെട്ടിക്കൊന്ന സംഭവം ഇവിടെ - ഈ കേരളത്തിൽത്തന്നെ – നടന്നതുമാണ്.
അപ്പോൾ, സലീം എന്ന എഴുത്തുകാരൻ ആ മാസികയിലൂടെ നൽകുന്ന സന്ദേശത്തിന് നൂറുശതമാനം ചോരയുടെ മണം തന്നെയാണെന്നു വ്യക്തം.
സലീം എന്നയാൾ മാത്രമല്ല - 'സർദാരി' എന്ന വേറൊരു കക്ഷിയും ഏതാണ്ട് ഇതേമട്ടിലൊക്കെ അഭിപ്രായപ്പെടുന്നതായിക്കാണാം - മറ്റൊരു ലേഖനത്തിൽ. ഇസ്ലാമും സെക്യുലറിസവും ഒന്നിക്കില്ല എന്ന് അസന്നിഗ്ദ്ധമായിത്തന്നെ പഞ്ഞിട്ടുണ്ട് അദ്ദേഹം.
കുറച്ചുകൂടി ശക്തമായ ഭാഷയാണ് അദ്ദേഹത്തിന്റേത്. സലീമിനേക്കാൾ സീനിയറാവണം.
'ആഗോളക്രൈസ്തവഭീകരശക്തികൾ'ക്കു വഴങ്ങിക്കൊണ്ട് അൾജീരിയയിൽ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഭരണാധികാരികൾ നിസ്ക്കരിക്കുകയും നോമ്പു നോൽക്കുകയും ചെയ്തുവെന്നു വച്ച് എങ്ങനെ മുസ്ലീങ്ങളാകും എന്നാണദ്ദേഹം ചോദിക്കുന്നത്. അത്തരക്കാർക്കെതിരെ ഹൃദയത്തിലെങ്കിലും വെറുപ്പില്ലാത്തവൻ, ജിഹാദിന് മനസ്സുകൊണ്ടെങ്കിലും നിയ്യത്തു വയ്ക്കാത്തവൻ മുസ്ലീമോ അതോ മുശ്‌രിക്കോ എന്നതാണ് അടുത്ത ചോദ്യം.
എന്തൊക്കെയാണ് ഇവരെല്ലാവരും കൂടി പറഞ്ഞുകൊണ്ടു വരുന്നതിന്റെ ആകെമൊത്തം റ്റോട്ടൽ എന്നു മനസ്സിലാകുന്നില്ല. ആകെ മനസ്സിലാകുന്നത് ഇത്രയുമാണ്:- യഥാർത്ഥ മുസ്ലീം എന്നു വച്ചാൽ, അൽജീരിയായിലെയും തുർക്കിയിലെയും ഭരണാധികാരികൾക്കെതിരെ ജിഹാദു നടത്തുന്നവനാണ് – അവരെ കൊല്ലുന്നവനാണ് - അതിനെ പിന്തുണയ്ക്കുന്നവനാണ് – അല്ലാത്തവന്മാരൊക്കെ കാണിക്കുന്നത് ശുദ്ധ “കുഫ്ർ” ആണ്. ഈ വായിച്ചതൊക്കെയും കൃത്യമായി പറഞ്ഞുവയ്ക്കുന്ന പാഠം അതു തന്നെയാണ്.
അതൊക്കെ എന്തെങ്കിലുമാകട്ടെ - അങ്ങുദൂരെയുള്ള രാജ്യങ്ങളിലൊക്കയല്ലേ - അതിന്റെ പേരിൽ മലയാളികൾ ഈ കൊച്ചുകേരളത്തിൽ പോർവിളി നടത്തിയാലും സാരമില്ല – കണ്ടില്ല-കേട്ടില്ല-എന്നൊക്കെ നടിച്ചേക്കാം - എന്നൊക്കെ മലയാളിയുടെ സ്വതസിദ്ധ(വും ആത്മഹത്യാപരവു)മായ നിസംഗതയോടെ വിചാരിച്ച് ആശ്വസിക്കാമെന്നു വിചാരിച്ചാലും രക്ഷയില്ല. ആ ലേഖനത്തിലെ മറ്റു ചില വരികൾ ഇങ്ങനെയൊക്കെ.
മുസ്ലീങ്ങളെ ഭരിക്കേണ്ടത് അവരുടെ തന്നെ ഭരണകൂടമാണ്.....
അവനിഷ്ടപ്പെടാത്ത ഭരണം, ഭരണകൂടം, നിയമം അവന്റെ മേൽ അടിച്ചേൽപ്പിക്കാൻ ആർക്കും അവകാശമില്ല......
തീയും വെള്ളവും ഒരുമിച്ചു നിൽക്കില്ല. സെക്യുലറിസത്തിന്റെ തണലിൽ ഇസ്ലാമിനു രക്ഷയില്ല....
ഇന്ത്യയിലെ മുസ്ലീങ്ങളെ അരനൂറ്റാണ്ടിലേറിയായി ഈ വറചട്ടിയിലിട്ടു പൊരിക്കുന്നതും ഈ സെക്യുലറിസ്റ്റുകൾ തന്നെയല്ലേ?
അതു ശരി!
അപ്പോൾ ഇനി എന്നു മുതലാണാവോ ഇന്ത്യയിലെ ജിഹാദ്?
ദൈവാധീനം - അതിന് തീയതിയൊന്നും കുറിച്ചുവച്ചതായി ലേഖനത്തിൽ കാണുന്നില്ല.
എന്തായാലും, അൽപമെങ്കിലും വിവേചനശേഷിയുള്ള ഏതൊരു വായനക്കാരനും ഇത്രയുമൊക്കെ വായിച്ചെത്തുമ്പോളെങ്കിലും അറിയാതെയൊന്നു നിർത്തിപ്പോകും.
മതത്തിന് എതിരു നിൽക്കുന്നവരെ കൊല്ലുകതന്നെയാണു വേണ്ടതെന്നു പ്രഖ്യാപിച്ചുകൊണ്ടും മലയാളിമുസ്ലീം യുവാക്കളുടെ മനസ്സിൽ "ജിഹാ"ദിനു ന്യായീകരണം അടിച്ചേൽപ്പിച്ചുകൊണ്ടും ഇങ്ങനെയൊക്കെ പരസ്യമായി അച്ചടിച്ചു വിതരണം ചെയ്യാൻ മടിക്കാത്ത ഈ മാസികയുടെ പിന്നിൽ ആരൊക്കെയാണ് - ആരാണതിന്റെ എഡിറ്റർ - എന്നൊക്കെയൊന്നു ചിന്തിച്ചു പോകും.
അതറിയാൻ ഒന്നാം പേജു നോക്കണം.
"അബ്ദുന്നാസിർ മഅ്ദനി" എന്നൊരാളാണത്രേ അതിന്റെ ‘ഓണററി ചീഫ് എഡിറ്റർ‘.
അദ്ദേഹത്തിന്റെ ചിത്രമൊന്നും മാസികയിൽ കൊടുത്തിട്ടില്ല. ആ മുഖം പക്ഷേ കേരളത്തിനു സുപരിചിതമാണ്. രണ്ടു വർഷം മുമ്പ് കേരളത്തിൽ അങ്ങോളമിങ്ങോളം അദ്ദേഹത്തിന്റെ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തിലൊരു ചിത്രം താഴെ.
അതെ. സംശയിക്കേണ്ട. ഏതോ ഒരു "ഈസ്റ്റ്" മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചാരണ ബോർഡു തന്നെയാണത്. 'സ.വി. ശിവൻകുട്ടി' എന്നതിലെ ആദ്യത്തെ "സ" യുടെ പൂർണ്ണരൂപം 'സഖാവ്' എന്നു തന്നെ.
സഖാക്കൾ എന്തിനാണു മദനിയുടെ ചിത്രം വച്ചു വോട്ടിനായി ഇരക്കുന്നത് എന്നു ചിന്തിക്കുന്നവരുണ്ടെങ്കിൽ അവർക്കു രാഷ്ട്രീയതന്ത്രങ്ങളേക്കുറിച്ച് "ഒരു ചുക്കും" അറിയില്ല. അവർ തെരഞ്ഞെടുപ്പു ഫലം പരിശോധിച്ച് കാര്യങ്ങൾ മനസ്സിലാക്കുകയാണു വേണ്ടത്.
അവിടെ, 'ഈസ്റ്റ് ‘ എന്നു വച്ചാൽ സാക്ഷാൽ തിരുവനന്തപുരം ഈസ്റ്റ് എന്നാണർത്ഥം. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥി ഒന്നാമതെത്തിയ അസംബ്ലി മണ്ഡലം. അതിനു മുമ്പത്തെ അസംബ്ലി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി ഒന്നാമതെത്തിയിട്ടുള്ള മണ്ഡലം. ഇക്കുറി അവർ രണ്ടുകൂട്ടരേയും പിന്നിലാക്കി ഇടതുമുന്നണി ജയിച്ചു. പലഘടകങ്ങളും പ്രവർത്തിച്ചിട്ടുണ്ടാകാം. എന്തായാലും ആ ഫോട്ടോയും ഒരു ഘടകമാണ്.
ഒരു കളിയവസാനിക്കുമ്പോൾ, എത്ര ഗോളടിച്ചു - ആരു ജയിച്ചു എന്നതിനൊക്കെയേ പ്രാധാന്യമുള്ളൂ - എങ്ങനെ കളിച്ചു എന്നത് ആരും ഓർത്തുവയ്ക്കാറില്ല.
ഒരു മണ്ഡലത്തിൽ മാത്രമല്ല - പലയിടത്തും ഇത് ആവർത്തിച്ചു. തെക്കു മാത്രമല്ല വടക്കും ഇതു പോലെ തന്നെ ഫോട്ടോകൾ നിരന്നിരുന്നു.
ഏറ്റവും വടക്കേയറ്റത്തുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ഇടതുമുന്നണിക്കാർ പരമ്പരാഗതമായി കോൺഗ്രസിനു വോട്ടു ചെയ്തുകൊണ്ടിരുന്ന മണ്ഡലം. അവിടെയുള്ള മാർക്സിസുകളെല്ലാവരും അരിവാൾ ചിഹ്നത്തിൽത്തന്നെ വോട്ടു ചെയ്തിരുന്നെങ്കിൽ കഴിഞ്ഞ നാലഞ്ചു തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ബി.ജെ.പി. ജയിക്കുമായിരുന്ന മണ്ഡലം. അവിടെ നിന്നാണ് മദനിയുടെ ഭാര്യ സൂഫിയ മദനി ഇക്കുറി ഇടതുമുന്നണിക്കുവേണ്ടി പ്രചാരണം ആരംഭിച്ചത്. മറ്റു പല ഘടകങ്ങളും കൂടി പ്രവർത്തിച്ചു. ജയസാദ്ധ്യത വന്നതോടെ മറിച്ചുകുത്തൽ ഇത്തവണ വേണ്ടെന്നു വച്ചു. ഫലമോ - മാർക്സിസ്റ്റുകളുടെ വോട്ടു വാങ്ങി സ്ഥിരമായി ജയിച്ചു കൊണ്ടിരുന്ന ചേർക്കളം അബ്ദുള്ള - യു.ഡി.എഫ്. - മൂന്നാമതായിപ്പോയി. ബി.ജെ.പി. പതിവുപോലെ കുറഞ്ഞവോട്ടുകൾക്കു രണ്ടാമതായി. അവർ രണ്ടാളെയും പിന്തള്ളിക്കൊണ്ട്- സ്ഥിരം മൂന്നാം സ്ഥാനക്കാരായ ഇടതർക്ക് ചരിത്ര വിജയം!
മദനിയുടെ വലിയ ചിത്രത്തിനു താഴെ അരിവാൾ ചുറ്റികയും എളിയ സ്ഥാനാർത്ഥിയുടെ കുഞ്ഞു ചിത്രവുമായി പോസ്റ്ററുകൾ ഇറങ്ങിയതൊന്നും വെറുതയായില്ല.
ഇടതുപക്ഷം ഇന്നു ഭരിക്കുകയാണ്.
അവർ നന്ദിയില്ലാത്തവരൊന്നുമല്ല താനും.
പിന്നീട്, മദനിയുടെ ജയിൽമോചനത്തിന് മാർക്സിസ്റ്റുകളോളം ആത്മാർത്ഥമായി പി.ഡി.പി.ക്കാർ പോലും പ്രവർത്തിച്ചിട്ടുണ്ടാവില്ല. ഒടുവിൽ അദ്ദേഹം ജയിൽ മോചിതനായി എത്തിയപ്പോൾ, അദ്ദേഹത്തിനു സ്വീകരണമൊരുക്കാൻ മത്സരിച്ചതും മാർക്സിസ്റ്റുകൾ തന്നെയായിരുന്നുവെന്നു വേണം പറയാൻ.
സ്വീകരണ സമ്മേളനത്തിൽ - കൊടിയേരിയോ അതോ എം.എ.ബേബിയോ - ഏതു മന്ത്രിയാണെന്നു മറന്നു - "മദനി സാഹിബിനെ ഞാൻ ഹൃദയം കൊണ്ട് ആലിംഗനം ചെയ്തു സ്വീകരിക്കുന്നു" എന്നു പഞ്ഞുകൊണ്ടാണ് കെട്ടിപ്പിടിച്ച് ആനയിച്ചത്. പിന്നീട് സ്റ്റാർ സൗകര്യങ്ങളുള്ള മുന്തിയ ആശുപത്രിയിൽ സുഖചികിത്സ തരമാക്കിക്കൊടുക്കുകയും ചെയ്തു. വിദേശയാത്രയ്ക്കു തടസ്സമായി നിന്നിരുന്ന അനവധി കേസുകൾ കൊടിയേരിയുടെ ആഭ്യന്തരവകുപ്പ് നിമിഷങ്ങൾക്കകം ആവിയാക്കിക്കൊടുത്തു. ആർക്കും പരാതികളില്ലാതെ പാസ്‌പോർട്ടു ശരിയാക്കിക്കൊടുത്തു. തീർത്ഥയാത്രയ്ക്കു ശേഷം അനവധി നാൾ വിദേശത്തു തങ്ങിയതെന്തിനായിരുന്നുവെന്നൊന്നും ആരും അന്വേഷിച്ചു കണ്ടില്ല. അതിന്റെ പിന്നിലും പാർട്ടിയ്ക്ക് അസുഖകരമായ ഒന്നുമുണ്ടാവാനും വഴിയില്ല.
ഇത്രയ്ക്കൊക്കെ വേണമായിരുന്നോ എന്നു ചിലരെങ്കിലും ചോദിക്കായ്കയല്ല. 'മദനിയ്ക്കു മാനസാന്തരമുണ്ടായി' എന്ന മറുപടിയാണ് അവർക്കു ലഭിച്ചത്.
(പാർട്ടിവിട്ടവർക്കുപോലും മാനസാന്തരമുണ്ടായാൽ തിരിച്ചുവരാൻ അവസരമില്ല. അവർക്കു പിന്നീട് ‘കുലംകുത്തി’കളായി കഴിയാനേ അവസരമുള്ളൂ. പക്ഷേ വോട്ടുബാങ്കുള്ളവരുടെ സ്ഥിതി അതല്ല.)
മദനിയ്ക്കു മാനസാന്തരമുണ്ടായെങ്കിൽ വളരെ നല്ലത്. അദ്ദേഹത്തിനും എല്ലാവർക്കും നല്ലത്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.
കോയമ്പത്തൂർ കൂട്ടക്കൊലക്കേസിൽ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി ശിക്ഷവിധിച്ച
മറ്റു പ്രതികളേക്കൂടി രക്ഷിക്കാൻ താൻ ശ്രമിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചത് ഈ മാനസാന്തരം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം തന്നെയാണ്. അതു മറക്കാം.
മുഖ്യപ്രതിയായ ബാഷയുമായി മദനിക്കു ബന്ധമുണ്ടായിരുന്നത് - തങ്ങളുടെ "ബാഷാബായി"യെ അറസ്റ്റുചെയ്യുന്നതിൽ പ്രതിഷേധിച്ചുകൊണ്ടും, ഹിന്ദുന്യായാധിപന്മാർ കോയമ്പത്തൂർ കേസ് അന്വേഷിച്ചാൽ എങ്ങനെയാണു ശരിയാകുക എന്ന മട്ടിലൊക്കെ വർഗ്ഗീയപരാമർശങ്ങൾ നടത്തിക്കൊണ്ടും മുസ്ലീം റിവ്യൂവിന്റെ ലേഖനമിറങ്ങിയിരുന്നുവെന്നത് - ഇതു രണ്ടും മറക്കാം.
ദലിത് വിമോചനം - സമഗ്രനീതി - മുതലായ പുതിയ മുദ്രാവാക്യങ്ങളൊക്കെ തൽക്കാലം മാറ്റിവച്ച് - ദലിതർ എന്ന വിശേഷണം അർഹിക്കുന്നവർ തന്നെയായ അരയമുക്കുവന്മാരോടു യാതൊരു ആഭിമുഖ്യവും കാണിക്കാതെ - ഇക്കഴിഞ്ഞയിടെ - മാറാടു കൂട്ടക്കൊലക്കേസിലെ പ്രതികളുടെ ജാമ്യത്തിനായി മദനി വാദിച്ചതു മറക്കാം. ഇടതുസർക്കാർ അയഞ്ഞ നിലപാടെടുത്ത് ജാമ്യം അനുവദിക്കാൻ കളമൊരുക്കിയതു മറക്കാം. ഇപ്പോളിതാ ജാമ്യവ്യവസ്ഥ ലംഘിച്ചവരുടെ പിന്നാലെ നടക്കേണ്ട ഗതികേടു വന്നതു മറക്കാം. വ്യവസ്ഥകൾ ലംഘിച്ച ചിലരുടെ ജാമ്യം ഇക്കഴിഞ്ഞ ദിവസം റദ്ദാക്കിയതു മറക്കാം. മാറാട്ടെ പ്രതികളുടെ തീവ്രവാദബന്ധം സംബന്ധിച്ച വാർത്തകൾ മറക്കാം. ഇപ്പോളത്തെ സാഹചര്യത്തിൽ, ജാമ്യം ലഭിച്ചവർ നാടുവിടാതിരിക്കാൻ പോലീസിനു ജാഗ്രതപാലിക്കേണ്ടിവന്നതു മറക്കാം.
എല്ലാം മറക്കാം.
സമ്പൂർണ്ണ മാനസാന്തരം വന്ന് - വർഗീയ താൽപര്യങ്ങൾ ഉപേക്ഷിച്ച് - അദ്ദേഹം തികച്ചും പുതിയൊരു മനുഷ്യനായി എന്നു തന്നെ സ്വയം പറഞ്ഞു വിശ്വസിപ്പിക്കാം.
നല്ല കാര്യം. അത് അങ്ങനെ തന്നെയായിരിക്കട്ടെ.
പക്ഷേ…..
ഒരേയൊരു ചോദ്യമേയുള്ളൂ..
മദനി എന്ന ഒറ്റ മനുഷ്യനെ മാത്രം ഓർത്തല്ലല്ലോ യഥാർത്ഥത്തിൽ മാർക്സിസ്റ്റുകൾ ഇത്ര അദ്ധ്വാനിച്ചത്. ആ ഒരു വോട്ടുമാത്രമല്ലല്ലോ പ്രശ്നം. അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്ന അനവധി മുസ്ലീം ചെറുപ്പക്കാരെയോർത്തല്ലേ ഈ നിലപാടുകൾ എടുത്തത്? അവരുടെ വോട്ടുകൾ തന്നെയല്ലേ യഥാർത്ഥത്തിൽ നയരൂപീകരണത്തിൽ നിർണ്ണായകഘടകമായത്?
അപ്പോൾ...
ആ ചെറുപ്പക്കാരിൽ ആർക്കൊക്കെ - എത്ര പേർക്കൊക്കെ – ഇന്നു മാനസാന്തരം വന്നുവെന്നതാണു ചോദ്യം.
മദനിക്കു മാത്രമല്ല - ഒന്നൊഴിയാതെ അദ്ദേഹത്തിന്റെ ഓരോ അനുയായിക്കും മാനസാന്തരം വന്നുവോ?
തങ്ങൾ പ്രചരിപ്പിച്ചു നടന്ന കാര്യങ്ങളെ അവരോരോരുത്തരും ഇന്നു തള്ളിപ്പറയുന്നുവോ?
ഇന്ത്യയിൽ ഹിന്ദുക്കൾ മുസ്ലീങ്ങളെ "പുറത്താക്കാ"നോ മറ്റോ ശ്രമിക്കുകയാണെന്നൊക്കെയുള്ള പച്ചനുണയും പമ്പരവിഡ്ഢിത്തങ്ങളും പ്രസംഗിച്ചു നടന്നിരുന്ന മദനി എന്ന ഒരു വോട്ടർക്കു തിരിച്ചറിവും മാനസാന്തരവുമുണ്ടായേക്കാം. പക്ഷേ, "നിങ്ങൾ ഞങ്ങളെ പുത്താക്കിയാൽ ഞങ്ങളെ സ്വീകരിക്കാൻ നാൽപ്പത്തഞ്ചോളം മുസ്ലിം രാജ്യങ്ങളുണ്ട്. ഞങ്ങൾ നിങ്ങളെ പുറത്താക്കിയാൽ നിങ്ങളെ സ്വീകരിക്കാൻ ആരുണ്ട്? " എന്നൊക്കെയുള്ള ചോദ്യം കേട്ട് ആവേശപൂർവ്വം കയ്യടിച്ചിരുന്ന അനുയായികൾക്ക് ഓരോരുത്തർക്കും കൂടി തിരിച്ചറിവുണ്ടായോ എന്നതാണു ചോദ്യം.
“ലിംഗാഗ്രത്തിലെ ചോരകണ്ടാണ് ഓരോ മുസ്ലീം ബാലനും വളരുന്നത് ” എന്നു പ്രസംഗിച്ചുകൊണ്ട് യുവമനസ്സുകൾക്കു തീ പിടിപ്പിച്ച മദനിയ്ക്ക് ഇപ്പോൾ തിരിച്ചറിവുണ്ടായെങ്കിൽ അദ്ദേഹത്തിനും സമുദായത്തിനും അതു വളരെ നല്ലത്. പക്ഷേ, അന്നൊക്കെ അതു കേട്ടു നിന്നു വികാരം കൊണ്ടിരുന്ന എല്ലാവർക്കും ഇന്നു മാനസാന്തരമുണ്ടായിക്കഴിഞ്ഞോ എന്നാണു ചോദ്യം.
പി.ഡി.പി.ക്കാർക്കു തീവ്രവാദബന്ധമുണ്ടെന്നു തെളിയിച്ചാൽ പാർട്ടി പിരിച്ചുവിടാമെന്നു പറയുന്ന പൂന്തുറ സിറാജിൽ നിന്നോ അദ്ദേഹത്തിന്റെ പാർട്ടിയുടെ പ്രവർത്തകരിൽ നിന്നോ അല്ല – മറിച്ച്, അവരുടെ തോളിൽ കയ്യിട്ടു നിൽക്കുന്ന മാർക്സിസ്റ്റുകാരിൽ നിന്നാണു മറുപടി പ്രതീക്ഷിക്കുന്നത്.
ജിഹാദിനൊരുങ്ങാത്തവൻ മുസ്ലീമാണോ എന്നു ചോദിച്ച സർദാരിയും – മുസ്ലീങ്ങളിൽ നിന്നു സെക്യുലറിസ്റ്റായവരെ കൊല്ലുക തന്നെ വേണമെന്നു പരസ്യമായി പ്രഖ്യാപിച്ച സലീമും - കശ്മീർ ഇന്ത്യക്കൊപ്പമായിക്കൂടാ എന്നു ശഠിച്ച പത്രാധിപസമിതിയംഗങ്ങളും - അതൊക്കെ വായിച്ചു വികാരം കൊണ്ടിരുന്നവരും - ഇവർ സകലരുടെയും വോട്ടുകൾ അരിവാൾ ചുറ്റികയ്ക്കു തന്നെ ലഭിക്കുമായിരിക്കും. ലഭിക്കട്ടെ. ജയിക്കട്ടെ. പക്ഷേ അതൊരു തിരിച്ചറിവിനു ശേഷം തന്നെയാണോ എന്നു മാത്രമാണു ചോദ്യം.
അല്ല എന്നാണെങ്കിൽ, അവരിൽ കുറച്ചുപേരെങ്കിലും ഇപ്പോളും ഇന്ത്യയിലെ സെക്യുലറിസ്റ്റുകളാൽ വറചട്ടിയിൽ പൊരിക്കപ്പെടുന്ന മുസ്ലീങ്ങളെയോർത്തു വികാരം കൊള്ളുന്നവരും ജിഹാദ് അതിനൊരു പരിഹാരമാർഗമാണെന്നും രക്തപ്രളയം അനിവാര്യമാണെന്നുമൊക്കെ കരുതുന്നവരുമായി അവശേഷിക്കുകയാണെങ്കിൽ - മാർക്സിസ്റ്റുകാരേ പറയണം - നിങ്ങളുടെ ഈ പരസ്യമായ പി.ഡി.പി. ബാന്ധവം സമൂഹത്തിലവശേഷിപ്പിക്കുന്ന സന്ദേശമെന്താണ്?
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പി.ഡി.പി.യെ ഇടതുമുന്നണി പിന്തുണയ്ക്കുമോ എന്നു പോലും സംസാരം കേട്ടു തുടങ്ങിയിരിക്കുന്നു! അങ്ങനെ വന്നാൽ അതിന്റെ അണിയറപ്രവർത്തനങ്ങളിൽ സജീവമാകാൻ ചുമതല ലഭിക്കുമെന്നു തീർച്ചയായും സംശയിക്കാവുന്ന പാലോളി മുഹമ്മദുകുട്ടിയായിരുന്നു ഈ പ്രശ്നങ്ങളൊക്കെ നടക്കുമ്പോൾ ‘ആഭ്യന്തരമന്ത്രി ഇൻ ചാർജ്‘ എന്നതു കൂടി ചേർത്തു വായിക്കണം!
ഇതൊക്കെക്കാണുമ്പോൾ, തിവ്രവാദചിന്തകൾ മനസ്സിൽ പേറുന്ന ഒരു മുസ്ലിം യുവാവിനു മനസ്സിലാകുന്ന കാര്യമെന്താണ്? സംഘടിതമായ കുറച്ചുവോട്ടുകൾ കയ്യിലുണ്ടെങ്കിൽ, മാർക്സിസ്റ്റുപാർട്ടിയെ തങ്ങളോടു ചേർത്തു നിർത്താൻ യാതൊരു ബുദ്ധിമുട്ടുമില്ല എന്നു തന്നെയല്ലേ? അവരിൽ നിന്ന് സഹായങ്ങൾ നേടിയെടുക്കാൻ എളുപ്പമാണ് എന്നു തന്നെയല്ലേ?
ഇടയ്ക്കാണെങ്കിൽകൂടി ഭരണം കിട്ടാൻ സാദ്ധ്യതയുള്ള മുന്നണിയെ അവർക്കൊപ്പം നിർത്താനും അവർക്കനുകൂലമായ നിലപാടുകളെടുപ്പിക്കാനും കഴിയുമെങ്കിൽ, പിന്നെയവർ എന്തിനു വേണ്ടി തീവ്രവാദ നിലപാടുകൾ ഉപേക്ഷിക്കും എന്നാണു നാം പ്രതീക്ഷിക്കേണ്ടത്?
ഇത്തരത്തിലുള്ള തീവ്രവാദസംഘടനകൾക്ക് തലവേദന സൃഷ്ടിക്കുന്ന കടമ്പ ഇവിടുത്തെ ദേശീയവാദി പ്രസ്ഥാനങ്ങൾ മാത്രമാണ്. കമ്മ്യൂണിസ്റ്റുകളെ താങ്ങി നിർത്തിയിരിക്കുന്ന ഹിന്ദുവിഭാഗങ്ങൾ ദേശീയവാദി പ്രസ്ഥാനങ്ങൾക്കൊപ്പം അണിനിരക്കുന്നതു ഭയന്ന് അവരെ എന്തുവിലകൊടുത്തും തകർക്കാൻ ശ്രമിക്കുന്ന കാര്യത്തിൽ മാർക്സിസ്റ്റുകൾക്ക് അന്ധമായ ശാഠ്യം കൂടിയുള്ളപ്പോൾ പിന്നെ തീവ്രവാദികൾ എന്തിനെ ഭയക്കണമെന്നാണു പറയുന്നത്?
മാർക്സിസ്റ്റുകാരേ - നിങ്ങളുടെ തീവ്രവാദവിരുദ്ധനിലപാടുകളേക്കുറിച്ചുള്ള അവകാശവാദങ്ങളൊക്കെ നിങ്ങളല്ലാതെ മറ്റാരുമില്ലാത്ത പാർട്ടിവേദികളിൽ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന യാഥാർത്ഥ്യം ഇനിയെങ്കിലും നിങ്ങൾ തിരിച്ചറിഞ്ഞേ പറ്റൂ. ‘പൊതുജനം കഴുത’ എന്നതൊക്കെ പഴകിത്തേഞ്ഞ ഒരു പ്രയോഗം മാത്രമാണ്. ഒന്നൊഴിയാതെ എല്ലാവരേയും വിഡ്ഢിയാക്കാൻ ഇന്നത്തെക്കാലത്തു സാദ്ധ്യമല്ല തന്നെ.
5. ഇന്ത്യയുടെ ‘മോചനം’ മാർക്സിസത്തിലൂടെയോ അതോ മൌദൂദിസത്തിലൂടെയോ?
മാർക്സിസ്റ്റുകളുമായി പരസ്യമായ തെരഞ്ഞെടുപ്പുധാരണ ഇപ്പോളും നിലവിലുള്ള ഒരു പ്രസ്ഥാനമാണ് ജമാ-അത്തെ-ഇസ്ലാമി.
എന്തു നയത്തിന്റെ പേരിലാണോ എന്തോ മാർക്സിസ്റ്റുകൾ അവരുമായി പരസ്യബാന്ധവത്തിലേർപ്പെട്ടിരിക്കുന്നത്! അവരുടെ യുവജനപ്രസ്ഥാനമായ സോളിഡാരിറ്റി ഇടയ്ക്കു ചില പരിസ്ഥിതിപ്രശ്നങ്ങളൊക്കെ പൊക്കിപ്പിടിക്കുന്ന അടവെടുക്കാറുണ്ട് എന്നതിനാലോ? അമർനാഥ് ക്ഷേത്രബോർഡിന് അൽപം സ്ഥലം പാട്ടത്തിനു നൽകിയാൽ തകർന്നടിയുന്ന പരിസ്ഥിതിയേപ്പറ്റി ഇരുകൂട്ടർക്കുമുള്ള അതേ ഉത്ക്കണ്ഠ തന്നെയാണോ ഇവിടെയും ഇരുവരും തമ്മിൽ ഒരു ആത്മബന്ധം സൃഷ്ടിക്കുന്നത്?
"ഇന്ത്യയുടെ മോചനം (ആരാണാവോ കെട്ടിയിട്ടിരിക്കുന്നത്?) ഇസ്ലാമിലൂടെ" എന്ന മുദ്രാവാക്യം 'ജൈ ഹിൻദ്' അഥവാ 'ജമാ-അത്തെ-ഇസ്ലാമി-ഹിൻദ്' ഉപേക്ഷിച്ചുവോ? അതോ ഇപ്പോളും അതൊക്കെത്തന്നെയാണോ ലക്ഷ്യം? തെരഞ്ഞെടുപ്പു സഖ്യം നിരുപാധികമോ സോപാധികമോ? നിരുപാധികമാണെങ്കിൽ അത്തരത്തിലൊരു വോട്ടുദാനത്തിന്റെ പ്രേരണയെന്ത്? സോപാധികമെങ്കിൽ എന്തൊക്കെയാണ് ഉപാധികൾ? എന്തൊക്കെയാണ് പ്രതീക്ഷിക്കുന്ന സഹായങ്ങൾ? അണിയറയിൽ ഇതിനകം എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ അവയെന്തെല്ലാം? ഇനി പ്രതീക്ഷിക്കുന്നതെന്തെല്ലാം?
‘അവർ ഇങ്ങോട്ടു വന്നു വോട്ടു തരാമെന്നു പറഞ്ഞാൽ ഞങ്ങളെന്തു ചെയ്യും’ എന്നു പറഞ്ഞ് മാർക്സിസ്റ്റുകൾക്ക് ഒഴിഞ്ഞുമാറാമെന്നു കരുതരുത്. ജമാ അത്തെ ഇസ്ലാമിയും സി.പി.എമ്മുമായുള്ള ഒരു ബന്ധം ഇവിടുത്തെ പൊതുജീവിതത്തിൽ വളരെ പ്രകടമാണ്. മതമൌലികസാഹിത്യമെന്നു തീർച്ചയായും വിളിക്കാവുന്ന ചില പുസ്തകങ്ങളുടെ പ്രചരണാർത്ഥം അവർ സംഘടിപ്പിക്കാറുള്ള പുസ്തകമേളകളിലും അതിനോടനുബന്ധിച്ചു നടക്കാറുള്ള “ചർച്ച”കളിലും മറ്റും പ്രസംഗിക്കാറുള്ളത് ആരൊക്കെയാണ്? മാർക്സിസവും മതവും തമ്മിലുള്ള “സംവാദാത്മക സൌഹൃദ”ത്തിലാണ് തങ്ങൾ ഏർപ്പെട്ടിരിക്കുന്നത് എന്നൊക്കെയുള്ള ന്യായീകരണങ്ങൾ ഉയർത്തുന്നത് ആരാണ്? രാഷ്ട്രവും ഈ ലോകം തന്നെയും ഇസ്ലാമികമാക്കുവാൻ യത്നിക്കുന്നവർക്ക് “ഇസ്ലാമിലെ പുരോഗമനപക്ഷം” എന്ന സർട്ടിഫിക്കറ്റു കൊടുത്തു പ്രോത്സാഹിപ്പിക്കുന്നത് ആരാണ്?
വാക്കുകൾ കൊണ്ടു മായാജാലം കാണിച്ചാൽ സാധാരണക്കാരെ പറ്റിക്കാൻ എളുപ്പമാണ്. ഇടതുപക്ഷവുമായി കെട്ടിപ്പിടിക്കുന്നതിന് ജമാഅത്തെഇസ്ലാമി അവതരിപ്പിക്കുന്ന ന്യായം ഏതാണ്ട് ഇങ്ങനെ വരും. “സാർവ്വദേശീയതലത്തിൽ സാമ്രാജ്യത്വവും ദേശീയതലത്തിൽ ഫാ‘ഷി’സവും ‘ചീറിപ്പാഞ്ഞുവരുന്ന’ സാഹചര്യത്തിൽ, രണ്ടിനേയും എതിർക്കാൻ സന്നദ്ധതയുള്ളവരുടെ വീക്ഷണനിരപേക്ഷമായ ഐക്യത്തിനു പ്രസക്തിയുണ്ടെന്ന ഇടതുപക്ഷ സാംസ്കാരികപ്രവർത്തകരുടെ നിലപാടിനെ പിന്താങ്ങിക്കൊണ്ട്, തങ്ങൾ ഇടതുപക്ഷ-ഇസ്ലാമിക-പ്രശ്നാധിഷ്ഠിത യോജിപ്പിനു തയ്യാറാകുന്നു”!
നന്നായിരിക്കുന്നു!
അവരെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്വം എന്നാൽ ക്രിസ്ത്യാനികൾ എന്നും ഫാ‘ഷി’സ്റ്റുകൾ എന്നാൽ ഹിന്ദുക്കൾ എന്നുമാണ് അർത്ഥമെന്ന ലളിതയാഥാർത്ഥ്യം മനസ്സിലാക്കാൻ എത്രയോ നിസാരമായ ചിന്താശേഷിയേ വേണ്ടൂ എന്നു മാർക്സിസ്റ്റുകൾ ഇനിയും മനസ്സിലാക്കാത്തതാണോ എന്തോ?
തീവ്രവാദ പശ്ചാത്തലമുള്ള ഏതെങ്കിലും മുസ്ലീങ്ങൾ രാജ്യത്തെവിടെയെങ്കിലും അറസ്റ്റിലാകുന്നെങ്കിൽ, അവരുടെ ചെയ്തികൾ പരമാവധി ന്യായീകരിച്ചുകൊണ്ടാണ് ജമാ-അത്തെ-ഇസ്ലാമിയുടെ മുഖപത്രമായ മാദ്ധ്യമം എഴുതിക്കാണാറ്. അറസ്റ്റുകളൊക്കെ മുസ്ലീങ്ങൾക്കെതിരായ ഗൂഢാലോചനയാണെന്നൊക്കെയാണ് അവർ അന്ധമായി വാദിക്കാറ്.
തീവ്രവാദപശ്ചാത്തലത്തിന്റെ പേരിൽ യാഹ്യാഖാൻ എന്നൊരു സോഫ്റ്റ്വെയർ എഞ്ചിനീയർ അസ്റ്റിലായപ്പോൾ മാധ്യമം ഉന്നയിച്ച വാദം അങ്ങേയറ്റം അപലപനീയമായിരുന്നു. അയാൾ നിരപരാധിയാണെന്നു മാധ്യമത്തിനു തോന്നുന്നെങ്കിൽ അതു പറയട്ടെ. പക്ഷേ, “രാജ്യത്തെ ഐ.ടി.വികസനത്തിന്റെ ഗുണഭോക്താക്കളാകുന്നതിൽ നിന്ന് മുസ്ലീം സമുദായത്തെ തടയാനുള്ള "ചില ശക്തികളുടെ" ശ്രമമാണു വെളിച്ചത്താകുന്നത് ”എന്നാണവർ വാദിച്ചു കളഞ്ഞത്!!! ഇത്രയ്ക്കു തരംതാണ നിലവാരത്തിലും വർഗ്ഗീയത പറയാൻ മടിക്കാത്തവരും ഈ ലോകത്തുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ് സത്യത്തിൽ അപ്പോൾ "വെളിച്ചത്താ"യത്.
ഒന്നോർത്താൽ, അതിലൊന്നും തരിമ്പും അത്ഭുതപ്പെടേണ്ടതില്ല. പത്തുവർഷം മുമ്പ്, “മുസ്ലീം കിഡ്നി ആവശ്യമുണ്ട്” എന്ന പരസ്യം പ്രസിദ്ധീകരിച്ച് സാംസ്കാരികകേരളത്തെ ഞെട്ടിച്ചവരിൽ നിന്ന് ഇതിൽക്കൂടുതൽ എന്തു പ്രതീക്ഷിക്കാനാണ്?
കശ്മീരിലെ വിഘടനവാദി പ്രസ്ഥാനങ്ങളുടെ നായകന്മാരെ - ചിലരുടെ ഭാഷയിൽപ്പഞ്ഞാൽ 'കശ്മീരിലെ പോരാളി'കളുടെ നേതാക്കളെ ഇങ്ങു കേരളത്തിൽ തലസ്ഥാനനഗരിയിൽ കൊണ്ടു വന്നു പ്രസംഗിപ്പിച്ച ചരിത്രമുള്ളവരാണു ജമാ അത്തെ ഇസ്ലാമിക്കാർ. മാർക്സിസ്റ്റുകൾ അറിഞ്ഞഭാവം നടിച്ചില്ല. ഒരു പക്ഷേ വേദിയിൽ എന്തെങ്കിലും അസൗകര്യമുണ്ടായിരുന്നെങ്കിൽ മാത്രമായിരുന്നു അവർ അറിഞ്ഞ ഭാവം നടിക്കുകയും ഓടിയെത്തി ശ്രമദാനം നടത്തുകയും ചെയ്തേക്കുമായിരുന്നത്.
പണ്ട് മൌലാനാ മൌദൂദി പറഞ്ഞത് “ഒരു ജർമ്മൻ യഹൂദിയുടെ പ്രതികാരബുദ്ധിയിൽ നിന്നു പൊട്ടിപ്പുറപ്പെട്ടതും റഷ്യയിൽ തഴച്ചുവളർന്നതുമായ വിഷച്ചെടിയാണു കമ്മ്യൂണിസം” എന്നാണ്. മുമ്പ്, മാർക്സിസ്റ്റു പാർട്ടിയുടെ സംസ്ഥാനസെക്രട്ടറി, ജമാഅത്തെ ഇസ്ലാമി ഒരു കടുത്ത മതമൌലികവാദസംഘടന തന്നെയാണെന്നും അവർ ആട്ടിൻതോലണിയാൻ ശ്രമിക്കാറുണ്ടെന്നുമൊക്കെ പ്രസ്താവിച്ചിട്ടുള്ളതുമാണ്. പക്ഷേ, കാലക്രമേണ കാര്യങ്ങൾ തകിടം മറിഞ്ഞു. അല്ലെങ്കിൽ ആരൊക്കെയോ ചേർന്നു തകിടം മറിച്ചു. അധികാരരാഷ്ട്രീയം എന്ന മതത്തിൽ വോട്ടാണു ദൈവം. ആ ദൈവത്തിന് - വോട്ടിന് - അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയും.
കെട്ടിപ്പിടുത്തത്തിനു ശേഷവും ചില്ലറ പരിഭവപ്രകാശനങ്ങൾ ഉണ്ടാകാതെയല്ല. നന്ദിഗ്രാമിൽ മാർക്സിസ്റ്റുകൾ കയറി മേഞ്ഞത് കൂടുതലും മുസ്ലീങ്ങളുടെ പുറത്തായിരുന്നതിനാൽ ‘മാധ്യമ’ത്തിനെ അതു ചൊടിപ്പിക്കാതെയൊന്നുമല്ല. അതിനും മുമ്പ്, 'സാംസ്കാരിക കാൽപനികതയുടെ കാൽപ്പന്തുകളി' എന്ന ലേഖനത്തിലൂടെ സി.ജാവേദ് മറ്റൊരു തുറന്ന യുദ്ധപ്രഖ്യാപനം നടത്തിയിരുന്നതുമാണ്. പക്ഷേ അതെല്ലാം, അനിവാര്യമായ ചില അഭിപ്രായവ്യത്യാസങ്ങളുടെ പ്രതിഫലനങ്ങൾ പോലെ മാത്രമേ അനുഭവപ്പെടുന്നുള്ളൂ. കെട്ടിപ്പിടിച്ച കൈകൾ ഇപ്പോളും പിണഞ്ഞുതന്നെ കിടക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പിലും ഈ പരസ്പരസഹായസഹകരണസംഘം പ്രവർത്തിക്കാൻ തന്നെയാണു സാദ്ധ്യത.
മതസംബന്ധിയായ എന്തിനോടുമെതിരെ മാർക്സിസ്റ്റുകൾ കാണിക്കുന്ന ശൌര്യം ഹൈന്ദവമായവയ്ക്കാണു ബാധകമായിക്കാണാറുള്ളത് എന്ന വർത്തമാനകാലസാഹചര്യം ഈയവസരത്തിൽ പരാമർശയോഗ്യമാണെങ്കിലും, അതു മനപ്പൂർവ്വം ഒഴിവാക്കുകയാണ്. മുകളിൽ ചൂണ്ടിക്കാണിച്ച നിലപാടുകളൊക്കെ തീവ്രവാദചിന്തകൾ മനസ്സിലുണ്ടായി വരുന്ന ഒരു മുസ്ലീം ചെറുപ്പക്കാരനു കൂടുതൽ പ്രോത്സാഹനമാണോ നൽകുക അതോ അയാൾ പിന്തിരിക്കപ്പെടുകയാണോ ചെയ്യുക എന്നു ചിന്തിക്കാൻ അധികം ബുദ്ധിയൊന്നും വേണ്ട. അതിനാവശ്യമായ മിനിമം ബുദ്ധിയെങ്കിലും ചെങ്കൊടിച്ചുവട്ടിൽ പണയപ്പെടുത്താതെ നീക്കിവച്ചിട്ടുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവർ ഇതേപ്പറ്റിയെല്ലാം ഒന്നു ചിന്തിച്ചു നോക്കട്ടെ.
6. യൂണിയൻ ലീഗും നാഷണൽ ലീഗും
ഐ.എൻ.എല്ലിനേപ്പോലെയുള്ള ഒരു കക്ഷിയുമായി കൂട്ടുചേർന്ന് അവർക്ക് ഒരു എം.എൽ.എ.യെ വരെ നേടിക്കൊടുക്കാൻ മടിക്കാത്തവരാണു മാർക്സിസ്റ്റുകൾ എന്നാരെങ്കിലും പറയുന്നതു കേട്ടാൽ ഉടൻ ചാടിവീണു പ്രതിരോധിക്കുന്ന ചില ബ്ലോഗർമാരെ കണ്ടിട്ടുണ്ട്. നാഷണൽ ലീഗിൽ ഞങ്ങൾ തീവ്രവാദമൊന്നും കാണുന്നില്ല എന്നൊക്കെയാണു വാദം.
ശരി - തീവ്രവാദമില്ലെങ്കിൽ വേണ്ട - പക്ഷേ, പകരം എന്തുകണ്ടിട്ടാണു പിന്നെ ചാടിവീണു കെട്ടിപ്പിടിച്ചത് എന്നതിനു കൂടി മറുപടി വേണം.
അയോദ്ധ്യയിലെ തർക്കമന്ദിരം തകർക്കപ്പെട്ടതിനു ശേഷമുള്ള കുറച്ചുകാലം, അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുത്തതിൽ പ്രമുഖമായൊരു പങ്കുതന്നെ വഹിച്ചിട്ടുള്ള ഇടതുകക്ഷികൾക്കും തീവ്രനിലപാടുകാരായ മുസ്ലീങ്ങൾക്കുമൊക്കെ വിളവെടുപ്പു കാലം തന്നെയായിരുന്നു. അക്കാലയളവിൽ, മുസ്ലീം ലീഗിന്റെ കോൺഗ്രസ്ബന്ധത്തിൽ എതിർപ്പു പ്രകടിപ്പിച്ചു പുറത്തുപോയവർ ചേർന്ന് 1994 ഏപ്രിലിൽ രൂപം കൊടുത്ത അതേ ഇന്ത്യൻ നാഷനൽ ലീഗിന്റെ കാര്യം തന്നെയല്ലേ നാം പറയുന്നത്? മുസ്ലിംലീഗിനു ‘മുസ്ലിമികത’യും മതാഭിമുഖ്യവും ആവശ്യത്തിനില്ല എന്നതു തന്നെയായിരുന്നില്ലേ പരാതികളിലൊന്ന്?
എന്റെ മാർക്സിസ്റ്റുകളേ - ഈപ്പറയുന്ന ഐ.എൻ.എല്ലിന്റെ തലപ്പത്തു തന്നെയുള്ള പലരുടെയും തീവ്രവാദ-ഭീകരവാദ ബന്ധങ്ങൾ ആദ്യം മുതലേ സംശയിക്കപ്പെട്ടിരുന്നതാണല്ലോ. അത് ആദ്യകാലങ്ങളിൽത്തന്നെ അഭിപ്രായഭിന്നതകളിലേക്കും പ്രതിസന്ധികളിലേക്കുമൊക്കെ എത്തിച്ചതും നാം കണ്ടതാണല്ലോ.
പണ്ട് - ജാഫർ അത്തോളി എന്നൊരാളായിരുന്നു പാർട്ടി സെക്രട്ടറി. അദ്ദേഹം പത്രാധിപരായി കോഴിക്കോടു നിന്നും 'ഹരിതകം' എന്നൊരു വാരികയും പുത്തിറങ്ങിയിരുന്നു. തീവ്രവാദബന്ധുക്കളെ പാർട്ടി നേതൃത്വത്തിൽ നിന്നു പുറത്താക്കണമെന്ന് വാരിക ആവശ്യപ്പെട്ടത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐ.എൻ. എൽ. നേതൃത്വത്തിൽ കയറി വന്ന ചിലർ എൻ.ഡി.എഫ്. സുപ്രീം കൗൺസിൽ അംഗങ്ങളാണെന്നും അവർ പാർട്ടിയിൽ രഹസ്യമായ മറ്റൊരു അജണ്ടയുടെ പ്രചാരകരാണെന്നും മറ്റും ജാഫറും അദ്ദേഹത്തെ പിന്തുണച്ചിരുന്നവരും തുറന്നടിച്ചു.
ഒരിക്കൽ, "തീവ്രവാദത്തിന്റെ പേരിൽ ന്യൂനപക്ഷസമുദായത്തിലെ യുവാക്കളെ രംഗത്തിക്കി നാട്ടിൽ തെങ്ങും പുരയിടവും വാങ്ങിക്കൂടുന്ന ഭീകരവാദികളെ ഒറ്റപ്പെടുത്തണ"മെന്ന് ഹരിതകം അതിന്റെ വിവാദമുഖലേഖനത്തിൽ പാർട്ടി അണികളോടു പരസ്യമായി ആഹ്വാനം ചെയ്തു. അധികം താമസമൊന്നും വേണ്ടിവന്നില്ല - ജാഫർ അത്തോളി പാർട്ടിയിൽ നിന്നു പുറത്തായി! അദ്ദേഹവും അനുയായികളും പിന്നീടു ലീഗിലേക്കു തന്നെ മടങ്ങുകയും ചെയ്തു. അവശിഷ്ട ഐ.എൻ.എല്ലിൽ തീവ്രവാദമില്ലെങ്കിൽ, പിന്നെ എന്തു നയങ്ങളാണ് അവരെ ഇടതുമുന്നണിയിൽ അംഗമാകാൻ അർഹരാക്കുന്നത് എന്നു കൂടി ആരെങ്കിലും പറയേണ്ടിയിരുന്നു.
ഐ.എൻ.എല്ലിന്റെ കൊടിയും ഭരണഘടനയും പോലും സുലൈമാൻ സേട്ട് തീരുമാനിച്ചത് തന്നോടുകൂടി ആലോചിച്ചിട്ടാണെന്ന് പണ്ട് ഹർകിഷൻ സിംഗ് സുർജിത് പഞ്ഞിരുന്നതായിക്കൂടി ചേർത്തുവായിക്കുന്നതു നന്നായിരിക്കും. സേട്ടുവും സുർജിതും സെക്യുലർ ബദലുമൊന്നും ഇപ്പോൾ നമുക്കിടയിലില്ല. ഇപ്പോൾ അവശേഷിക്കുന്നതു പിന്നെയെന്താണെന്നു ചോദിച്ചാൽ മാർക്സിസ്റ്റുകാർക്കു മറുപടിയുണ്ടാകുമോ എന്നറിയില്ല. എന്തായാലും, ലീഗിന്റെ കോട്ടകൾ പൊളിക്കാനും പരമാവധി മുസ്ലീം വോട്ടുകൾ എങ്ങനെയും നേടാനുമായി ഏതറ്റം വരെ പോകാനും മടിക്കാത്ത സി.പി.എം. വർഗീയ-തീവ്രവാദപ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ യാതൊരു മടിയും കാണിച്ചിട്ടില്ലെന്നു പകൽ പോലെ വ്യക്തമാണ്. ഉദാഹരണങ്ങളുടെ കൂടെ ഐ.എൻ.എൽ. ബാന്ധവം പരാമർശിക്കപ്പെടാതെയുമിരിക്കില്ല.
7. (ജനകീയ) ‘പ്രതിരോധം അപരാധ‘മല്ലേ?
'ജനാധിപത്യമുറയിൽ പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശപ്രസ്ഥാന'മാണ് തങ്ങളുടേതെന്ന എൻ. ഡി. എഫ്. നേതാക്കളുടെ അവകാശവാദം എന്തുകൊണ്ടു ജനങ്ങൾ തള്ളിക്കളയുന്നു എന്നതിനേക്കുറിച്ചുള്ള ഒരു വിശദീകരണം ഇവിടുത്തെ വിഷയത്തിനു പുറത്താണ്. അല്ലെങ്കിൽത്തന്നെ, ‘മനുഷ്യാവകാശം‘ എന്ന പേരു പോലും ഭീതിജനകമായി മാറ്റിക്കളഞ്ഞിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അത്തരമൊരു ചർച്ചയ്ക്കു പ്രസക്തിയുമില്ല.
മാർക്സിസ്റ്റുകളേയും എൻ. ഡി. എഫുകാരേയും തമ്മിൽ പലപ്പോഴും തിരിച്ചറിയാൻ സാധിക്കാതെ വരുന്നില്ലേ എന്നതിനേപ്പറ്റി മാത്രം ചിലതു സൂചിപ്പിക്കാനാണുദ്ദേശം.
“എൻ. ഡി. എഫ്. കേവലമൊരു വർഗീയ സംഘടനയെന്ന നിലയിലും കൂടുതൽ വളർന്നിരിക്കുന്നു”വെന്ന് സി.പി.എം. സെക്രട്ടറിയുടെ അഭിപ്രായം കേട്ടു. ‘കേവല’മൊരു വർഗ്ഗീയ സംഘടന മാത്രമാണെന്നുണ്ടെങ്കിൽത്തന്നെ ഇതുവരെ പാലൂട്ടി വളർത്തിയതു നീതീകരിക്കാമോ എന്നൊരു മറുചോദ്യത്തിനു തീർച്ചയായും അവസരമുണ്ട്.
എൻ. ഡി. എഫും സി.പി.എമ്മുമായി യാതൊരു തരത്തിലുമുള്ള ബന്ധവുമില്ലെന്നൊക്കെ ആവർത്തിക്കുന്ന മാർക്സിസ്റ്റുകളുണ്ട്. സുഹൃത്തുക്കളേ അതു നിങ്ങളിൽ ചിലരുടെ ഒരു ആഗ്രഹമായിരിക്കാം. പക്ഷേ മറ്റുള്ളവർക്ക് അങ്ങനെയല്ല തോന്നുന്നത് എന്നെങ്കിലും നിങ്ങൾ തിരിച്ചറിഞ്ഞേ തീരൂ.
പകൽ സി.പി.എമ്മും രാത്രി എൻ. ഡി. എഫുമായി നടക്കുന്ന ആളുകളുണ്ട് എന്ന ആരോപണങ്ങൾ വന്നിട്ട് എത്ര വർഷങ്ങളായി എന്നു വല്ല ഓർമ്മയുമുണ്ടോ? അതിനെയൊക്കെ എങ്ങനെ പ്രതിരോധിച്ചുവെന്നാണു നിങ്ങൾ പറയുന്നത്? ആത്മാർത്ഥമായി ചിന്തിച്ചു നോക്കുക.
“സി.പി.എമ്മിൽ എൻ. ഡി. എഫ്. പ്രവർത്തകർ നുഴഞ്ഞുകയാതെ നോക്കാൻ പ്രവർത്തകർക്കറിയാം - അവർ ജാഗ്രത പാലിക്കുന്നുണ്ട് ”- എന്നൊക്കെ പാലോളിയുടെ അവകാശവാദവും കേട്ടു. ഈ "ജാഗ്രത" പാലിക്കുന്നവർ തന്നെ എൻ. ഡി. എഫ്.കാരാകാതെ നോക്കിയാൽ കൊള്ളാം എന്നു മാത്രമേ അദ്ദേഹത്തോട് ഉപദേശിക്കാനുള്ളൂ.
എൻ.ഡി.എഫല്ലെങ്കിൽപ്പിന്നെ മറ്റാരൊക്കെയോ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നു തീർച്ചയാണ്. ഇനി അതും ഇല്ല എന്നാണെങ്കിൽ, സ്ഥിതി കൂടുതൽ ഗുരുതരമാണ്. കാരണം, അങ്ങനെ വന്നാൽ, “ഒറിജിനൽ മാർക്സിസ്റ്റുകൾ” തന്നെ പരിധിവിടുന്നു എന്നാണല്ലോ അർത്ഥം. എന്തായാലും, പാർട്ടിയ്ക്കു പൊതുവേ ഗുണകരമല്ലാത്ത പലതും ചെയ്യുന്ന അണികളെയാണ് കുറേക്കാലമായി കണ്ടുകൊണ്ടിരിക്കുന്നത്. ഒറിജിനലാണോ ഡൂപ്ലിക്കേറ്റാണോ എന്നു പാർട്ടിതന്നെ പറയട്ടെ.
രാഷ്ട്രീയപ്പാർട്ടികളിലും യുവജനസംഘടനകളിലും തീവ്രവാദിസാന്നിദ്ധ്യമുള്ളതിനേപ്പറ്റി ഇന്റലിജൻസ് റിപ്പോർട്ടു വന്നതായി മനോരമ ഒരിക്കൽ പറഞ്ഞിരുന്നു.
അതിൽ പറഞ്ഞിരിക്കുന്നതു മിക്കവാറും വിശ്വസനീയമാണ്. എത്രയോ ഉദാഹരണങ്ങൾ എടുക്കാൻ പറ്റും.
ഒന്നുമില്ലെങ്കിലും, കൊടുങ്ങല്ലൂരിനേക്കുറിച്ചു പറഞ്ഞിരിക്കുന്നതെങ്കിലും പ്രസ്ഥാനസ്നേഹികൾ ശ്രദ്ധിക്കാതെ വിടരുത്. കൊടുങ്ങല്ലൂർ സംഘപ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. അവിടെ അവരെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആരെയും ആശ്രയിക്കും എന്ന സി.പി.എം. നയം തിരിച്ചടിയായില്ലേ എന്നൊന്നു ചിന്തിച്ചു നോക്കുന്നതു നന്നായിരിക്കും. നുഴഞ്ഞുകയറ്റക്കാരെന്നു സംശയിക്കാവുന്നവർ മുന്നിട്ടു നിന്നു നടത്തിയ ഒരു താണ്ഡവത്തിനിടെയാണ് ഒരു സി.പി.എം. പ്രവർത്തകന്റെ തന്നെ ജീവൻ നഷ്ടമായത്. എന്നിട്ട് അതിനെതിരെയുള്ള പ്രതിഷേധമാണെന്നും പറഞ്ഞു നടത്തിയ 'പ്രകടന'ത്തിൽ കൊടുങ്ങല്ലൂരിലെ എത്രയെത്ര കടകളാണു നശിപ്പിക്കപ്പെട്ടത്? പാർട്ടിയ്ക്ക് ഇനിയൊരിക്കലും തിരുത്താനാവാത്തത്ര പിഴവുകളാണ് അതിലൂടെ പറ്റിയത്.
ആലോചിച്ചു നോക്കണം! ഗുരുമന്ദിരങ്ങളും മറ്റുമാണ് അക്കൂടെ തച്ചുതകർക്കപ്പെട്ടത്!!!
കൊടുങ്ങല്ലൂരിൽ ഈഴവസമുദായം മാത്രമല്ല - സകലജാതിവിഭാഗങ്ങളിലും പെട്ട ഹിന്ദുക്കൾ - ഇതരമതവിഭാഗക്കാർ - പ്രത്യേകിച്ചു മുസ്ലീങ്ങൾ - അങ്ങനെ പലരും വിവിധ സംഘപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. സംഘത്തിനെതിരെയുള്ള വികാരം തന്നെയാണോ കഴിഞ്ഞയിടെ ഗുരുമന്ദിരങ്ങൾക്കെതിരെ പ്രകടിപ്പിച്ചു കണ്ടത് എന്നു സി.പി.എം. ഒന്നു ചിന്തിക്കേണ്ടതാണ്. പാർട്ടിയുടെ ‘ബഹുജനാടിത്തറ’യേക്കുറിച്ചൊക്കെ എത്രയൊക്കെ വാദിച്ചാലും ശരി - ഈഴവസമുദായത്തിലെ നല്ലൊരു ശതമാനത്തിന്റെ പിന്തുണ ഇപ്പോളും നഷ്ടമാകാതെ സൂക്ഷിക്കാൻ കഴിയുന്ന സാഹചര്യം എന്നവസാനിക്കുന്നോ അന്നുമുതൽ ഇവിടെ ഇടതുപക്ഷമില്ല. അന്നും ഇന്നും സ്ഥിതി അതു തന്നെയാണ്. സി.പി.എമ്മിന്റെ കൊടി പിടിച്ചുകൊണ്ട് ആരാണു ഗുരുമന്ദിരങ്ങൾ തല്ലിത്തകർത്തതെന്നു പാർട്ടി സ്വയം കണ്ടുപിടിക്കട്ടെ.
ജില്ലാ ഘടകം ഇതേക്കുറിച്ചൊക്കെ ബോധവാന്മാരാണെന്നും മേൽഘടകത്തിനു റിപ്പോർട്ടു പോയിട്ടുണ്ടെന്നും പറയുന്നു. അതുകൊണ്ടൊക്കെ എന്തു പ്രയോജനം? പാർട്ടിസെക്രട്ടറി നേരിട്ടു ചെന്ന് അവിടെ നടത്തിയ പ്രസംഗത്തിൽ ഒരു തിരിച്ചറിവിന്റെ സ്വരമൊന്നുമല്ല കേട്ടത്. അല്ലെങ്കിലും അദ്ദേഹത്തിനു നുഴഞ്ഞുകയറ്റം ഒരു വലിയ പ്രശ്നമായിട്ടൊന്നും അനുഭവപ്പെടുന്നില്ലായിരിക്കാം.
അതേക്കുറിച്ചൊക്കെ പറയാനാണെങ്കിൽ ഏറെ നീളും. അതു പോട്ടെ.
“ഞങ്ങൾ എൻ.ഡി.എഫുമായി ചിലയിടങ്ങളിൽ കായികമായിത്തന്നെ ഏറ്റുമുട്ടുന്നു പോലുമുണ്ടല്ലോ” എന്നൊക്കെ വാദിക്കുന്ന പാവം മാർക്സിസ്റ്റുകളുണ്ട്. സുഹൃത്തുക്കളേ അതുകൊണ്ടെന്താണ്? സി.പി.എമ്മിനു പുറത്തുള്ള ആരെയും നിങ്ങൾ വെട്ടില്ലേ? അതിന്റെ പേരിൽ ശതൃതയും സൗഹൃദവും അളക്കാനാവുമോ? കമ്മ്യൂണിസ്റ്റു സഹോദരപ്രസ്ഥാനമായ സി.പി.ഐ.യുടെ പ്രവർത്തകരെ നിങ്ങൾ വെട്ടുന്നില്ലേ - എന്തിനേറെപ്പറയുന്നു - നിങ്ങൾ തങ്ങളിൽത്തങ്ങളിൽപ്പോലും വെട്ടു നടത്തുന്നതിന്റെ എത്രയോ വാർത്തകൾ വരുന്നു. വെട്ട് ഒരു മാനദണ്ഡമേയല്ല.
അല്ലെങ്കിൽത്തന്നെ, എന്നു മുതലാണു നിങ്ങൾ എൻ.ഡി.എഫുകാരെ വെട്ടിത്തുടങ്ങിയത്? തെക്ക്, യൂണിവേർസിറ്റി കോളേജിൽ ക്യാമ്പസ്ഫ്രണ്ടിനെ വെട്ടേണ്ടി വന്നു. വടക്ക് ഒന്നുരണ്ടിടത്ത് ഈയിടെ വെട്ടേണ്ടി വന്നു. സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്കു നേരേ ചാഞ്ഞാൽ മുറിക്കണം എന്ന മട്ടിലുള്ള ഒരു വെട്ടുമാത്രമായിരുന്നു അതെല്ലാം. ശരിയല്ലേ എന്നു ചിന്തിക്കുക. വൈകിപ്പോയോ എന്നും സ്വയംകൃതാനർത്ഥമല്ലേ എന്നും ഇനിയെങ്കിലും ആലോചിച്ചു നോക്കുക.
കണ്ണൂരിൽ ശിവപുരത്തും മറ്റും കഴിഞ്ഞയിടെ എൻ.ഡി.എഫുകാർ നടത്തിയ ചില പ്രകടനങ്ങൾക്കു നിങ്ങൾ പകരം വീട്ടിയത് ഹിന്ദുസംഘടനകൾക്കു നേരേ വാൾ വീശിക്കൊണ്ടാണ്! ആരാണു ചെയ്തതെന്ന് അറിയാമായിരുന്നിട്ടുപോലും! എൻ.ഡി.എഫിനു നേരെയാണെങ്കിൽ വാളുപിടിച്ച കയ്യുകൾ ഉയരാൻ മടിക്കുന്നെങ്കിൽ അതെന്തുകൊണ്ടാണെന്നു കണ്ടെത്തുക. ആ കയ്യുകളിൽ ചിലതാണോ വാളുകൾക്കു പകരം തോക്കുമേന്തി കാശ്മീരിലേക്കു കടക്കുന്നതെന്നും കണ്ടെത്തുക.
മാർക്സിസ്റ്റു സുഹൃത്തുക്കളേ - ചോദിക്കാനാണെങ്കിൽ ഒട്ടേറെയുണ്ട്. വിസ്താരഭയത്താൽ പലതും ഒഴിവാക്കുകയാണ്. ഇപ്പോളത്തെ ബന്ധം ഉറപ്പിക്കുന്നവയും, ഒരു വച്ചുമാറ്റം എളുപ്പം സാദ്ധ്യമാക്കുന്ന തരത്തിൽ ആശയപരമായ സാമ്യം സൂചിപ്പിക്കുന്നവയുമായ ചില കേട്ടുകേൾവികളാണ് ഇനിപ്പറയുന്നത്. ഇവയിൽ ഏതെങ്കിലുമൊക്കെ ശരിയാണോ?
മലപ്പുറം ജില്ലയിൽ സി.പി.എമ്മിന്റെ ഒരു മുൻപഞ്ചായത്തു പ്രസിഡന്റ് എൻ.ഡി.എഫ്. സുപ്രീം കൗൺസിൽ അംഗമാണ് എന്നു കേട്ടിട്ടുണ്ട്. ശരിയാണോ?
ഇപ്പോൾ കശ്മീരിലേക്കു തീവ്രവാദികളെ സംഭാവന ചെയ്ത പ്രദേശമായ കണ്ണുരിൽ സംഘപ്രസ്ഥാനങ്ങൾക്കെതിരെയെന്ന പേരിൽ പലയിടത്തും സി.പി.എം.-എൻ.ഡി.എഫ്. ബന്ധമുള്ളതായി മുമ്പേ തന്നെ ആരോപണമുണ്ട്. ശരിയാണോ?
ഇ.പി.ജയരാജൻ, എം.വി.ജയരാജൻ തുടങ്ങിയ സി.പി.എം. എം.എൽ.എ.മാർക്കുവേണ്ടി എൻ.ഡി.ഫുകാർ പരസ്യമായി വോട്ടു പിടിച്ചതായിക്കേട്ടിട്ടുണ്ട്. ശരിയാണോ?
എൻ.ഡി.എഫ്. മുഖപത്രമായ തേജസ്സിന്റെ എക്സിക്യൂട്ടിവ് എഡിറ്റർ എൻ.പി. ചേക്കുട്ടി നേരത്തെ ദേശാഭിമാനിയിലും കൈരളിയിലുമൊക്കെ ഉന്നതസ്ഥാനം വഹിച്ച വ്യക്തിയല്ലേ? അദ്ദേഹം എസ്.എഫ്.ഐ.യുടെ തലപ്പത്തുണ്ടായിരുന്നയാളല്ലേ?
എൻ.ഡി.എഫ്. സുപ്രീം കൗൺസിൽ അംഗം ഷൊർണ്ണൂർ ഉസ്മാൻ പണ്ടൊക്കെ ശാസ്ത്രസാഹിത്യപരിഷത്തിലെ പുരോഗമനവാദികളിലൊരാളായിരുന്നുവെന്നും കേൾക്കുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് എൻ.ഡി.എഫ് ഇടതുമുന്നണിക്കുവേണ്ടി വോട്ടു ചെയ്യുക മാത്രമല്ല - പ്രവർത്തിക്കുക കൂടി ചെയ്തു. അവിടെ ബി.ജെ.പി. സ്ഥാനാർത്ഥി ജയിക്കാനുള്ള സാദ്ധ്യത ഉരുത്തിരിഞ്ഞുവന്നതായിരുന്നു കാരണം. പി.കെ.വി.യുടെ ജയത്തിൽ പങ്ക് അവകാശപ്പെട്ടുകൊണ്ട് എൻ.ഡി.എഫ്. പരസ്യമായി രംഗത്തുവന്നിട്ടുള്ളതുമാണ്.
പിന്നീട് അവിടെ ഉപതെരഞ്ഞെടുപ്പിലും മുകുന്ദൻ സി.മേനോൻ വഴി ഇടതു നേതാക്കൾ എൻ.ഡി.എഫിനെ സമീപിച്ചിരുന്നതായി പയപ്പെടുന്നുണ്ട്.
മഞ്ചേരി തെരഞ്ഞെടുപ്പിലും സഖ്യശ്രമങ്ങൾ സംബന്ധിച്ച വാർത്തകേട്ടിരുന്നു.
എറണാകുളം ഉപതെരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോളിനു വേണ്ടിയും എൻ.ഡി.എഫ് സ്ക്വാഡ്‌വർക്കു നടത്തിയെന്നു വാർത്തയുണ്ടായിരുന്നു.
ഉപകാരസ്മരണയാണോ എന്നറിയില്ല - എന്തായാലും തേജസ്സ് ദിനപത്രത്തിനെതിരെ കോടതിയലക്ഷ്യക്കേസ് വന്നപ്പോൾ അവർക്കുവേണ്ടി അഭിഭാഷകനായി എത്തിയത് ഇപ്പോൾ സി.പി.എമ്മിന്റെ തന്നെ ഔദ്യോഗിക എം.പി.യായ (സ്വതന്ത്രനല്ല) സെബാസ്റ്റ്യൻ പോളായിരുന്നു. അതു കേവലം കേട്ടുകേൾവിയല്ല – എല്ലാവരും കണ്ടതാണ്.
മുകുന്ദൻ സി.മേനോൻ ഉണ്ടായിരുന്നപ്പോൾ, അദ്ദേഹം എൻ.ഡി.എഫിനും പുരോഗമനസാഹിത്യകാരന്മാർക്കുമിടയിലുള്ള ഒരു പാലം പോലെ അനുഭവപ്പെട്ടിരുന്നു.
പുരോഗമനസാഹിത്യകാരനും സി.പി.എം. സൈദ്ധാന്തികനുമായ കെ.ഇ.എൻ. ചിലയവസരങ്ങളിൽ എൻ.ഡി.എഫിനെ ന്യായീകരിച്ചു സംസാരിക്കുന്നതായും അവരുടെ മുഖപത്രത്തിൽ എഴുതിയിട്ടുള്ളതായും പറയപ്പെടുന്നുണ്ട്. ഒരു എൻ.ഡി.എഫ്. ഏജന്റാണോ എന്ന സംശയത്തോടെ അദ്ദേഹത്തെ സമീപിക്കുന്ന ചിലരെങ്കിലും പാർട്ടിയിലുണ്ട്.
എൻ.ഡി.എഫ്. കാർ ഇവിടെ ഹുറിയത്ത് നേതാക്കളെ കൊണ്ടുവന്നു ചർച്ച നടത്തിയിരുന്നുവെന്നും, സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള ഡൽഹിയിൽ ഒരു പത്രസമ്മേളനത്തിനിടെ അതിനെ ന്യായീകരിച്ചുവെന്നും കേട്ടിരുന്നു.
‘മനുഷ്യാവകാശ’ത്തിന്റെ പേരും പറഞ്ഞ് എൻ.ഡി.എഫ്. സംഘടിപ്പിക്കാറുള്ള പരിപാടികളിലൊക്കെ പ്രസംഗിച്ചു കാണുന്നത് പി.ഗോവിന്ദപ്പിള്ളയേപ്പോലുള്ള (മുൻ?)കമ്മ്യൂണിസ്റ്റാചാര്യന്മാരൊക്കെയാണ്.
ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടെന്നുമുള്ള ആരോപണങ്ങൾ പല സംഘടനകളും ഉന്നയിച്ചിരുന്നു.
അങ്ങനെ പലതും.
ഇതിൽ ചിലതെങ്കിലും ആരോപണങ്ങൾ മാത്രമാണെന്നു വാദിച്ചു നിൽക്കാം. പക്ഷേ അവയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിയ്ക്കപ്പെടുന്നുണ്ട് എന്നതെങ്കിലും നിങ്ങൾ അവഗണിക്കാതിരിക്കുക - മാർക്സിസ്റ്റുകളേ.
പറയാനാണെങ്കിൽ ഒത്തിരിയൊത്തിരിയാണ്. ഇപ്പോൾത്തന്നെ ആവശ്യത്തിലധികമായതായിത്തോന്നുന്നതിനാൽ നിർത്തുകയാണ്.
പ്രിയപ്പെട്ട സി.പി.എമ്മുകാരേ - ചുരുക്കിപ്പറഞ്ഞാൽ - തീവ്രവാദചിന്തകൾ മനസ്സിൽപ്പേറുന്ന മുസ്ലീം ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ സംഘടന ഒരു തടസ്സമേയല്ല. നിങ്ങളവർക്ക് ഒരു ഭീഷണിയേയല്ല. നിങ്ങളുടെ വാതിലുകൾ മുട്ടാതെ തന്നെ തുറന്നു കിടക്കുന്നതായാണ് അവർക്കനുഭവപ്പെടുക. നുഴഞ്ഞൊന്നും കയണ്ട. നട്ടെല്ലു നിവർത്തി - നെഞ്ചു വിരിച്ചു തന്നെ നടന്നു കയറാം.
പിന്നെ, ആരെങ്കിലും ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നെങ്കിൽ അവരുടെ നേരെ കയർക്കുകയല്ല വേണ്ടതെന്നു കൂടി സ്നേഹപൂർവ്വം ഓർമ്മിപ്പിക്കട്ടെ. പറയുന്നതിൽ കാര്യമുണ്ടോ എന്ന് ആലോചിക്കുകയും, ആത്മപരിശോധനയിലൂടെ തെറ്റുകളുണ്ടെങ്കിൽ കണ്ടെത്തി തിരുത്താൻ ശ്രമിക്കുകയും, അവ ചൂണ്ടിക്കാണിച്ചു തരുന്നവരോടു മനസ്സിൽ നന്ദി സൂക്ഷിക്കുകയുമാണു വേണ്ടത്.
വാൽക്കഷണം:-
തീവ്രനിലപാടുകാരായി അറിയപ്പെടുന്ന സംഘടനകളുമായി മാർക്സിസ്റ്റുകൾക്കുള്ള പ്രത്യക്ഷബന്ധം മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. അടുത്ത ചില ഭാഗങ്ങളിൽ, നയപരമായ പ്രോത്സാഹനങ്ങളേക്കുറിച്ചു സൂചിപ്പിക്കാമെന്നു കരുതുന്നു. പാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധന.
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
മാറാടും മാർക്സിസ്റ്റുകളും
അയോദ്ധ്യ
ഇറാന്റെ ബോംബ്
സദ്ദാം വധം
തസ്ലീമ – ‘ലജ്ജ‘യില്ലാതെ!
ഗോധ്രാനന്തര കലാപം
ഒറീസ – പോസ്റ്റർ പ്രചാരണം
അതിസം, ഇതിസം ആന്റ് ഫാസിസം
കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി!
ജീവന്റെ മതം - പൊന്നാനിയ്ക്കു വടക്കും തെക്കും?
മോഡിയുടെ പ്രസംഗം മോർഫുചെയ്തപ്പോൾ
കോയമ്പത്തൂർ - ‘വിചാരണകൂടാതെ‘ വിധിപ്രഖ്യാപനമോ?
അത് അടുത്ത പോസ്റ്റിൽ.
ഇതുകൂടി:-
ഇവിടെ മാർക്സിസ്റ്റുകൾ വിമർശിക്കപ്പെടുന്നുവെന്നതു കണ്ടു സന്തോഷിച്ചേക്കാവുന്ന യു.ഡി.എഫുകാരുണ്ടെങ്കിൽ അവരോടു ചിലത്:-
കേരളത്തിലെ ചില മുസ്ലീം ചെറുപ്പക്കാർക്കിടയിൽ തീവ്രവാദപ്രവണതകൾ വളർത്തിയതിന്റെ സമ്പൂർണ്ണ ഉത്തരവാദിത്തം സി.പി.എമ്മിനാണെന്നു സ്ഥാപിക്കാനാണ് ഈപ്പറഞ്ഞതെല്ലാം എന്നു നിങ്ങൾ കരുതിയെങ്കിൽ തെറ്റി. യു.ഡി.എഫിന്റെ സംഭാവനകളേപ്പറ്റി വിമർശിച്ചാലും നല്ല നീളം തന്നെ വരും അതിനും. ഒട്ടേറെയുണ്ടു പറയാൻ. മാറാട്ട് ഒരു കെട്ടിടം തുറന്ന് തറയിൽ ആയുധം സൂക്ഷിച്ചതിന്റെ ചോരപ്പാടുകൾ കഴുകിക്കളയാൻ സഹായിച്ചത് ഇടതുപക്ഷത്തുള്ള ജനപ്രതിനിധിയല്ല. പറയാനാനെങ്കിൽ ഒട്ടേറെയുണ്ട്. കഴിഞ്ഞ സർക്കാറിന്റെ കാലം കണക്കിലെടുത്തു പറഞ്ഞാൽത്തന്നെ ഒട്ടേറെയുണ്ട്. വിടുകയാണ്. സമയം കിട്ടിയാൽ പിന്നാലെ അതുമാവാം.
കേരളത്തിലെ കുറച്ചു മുസ്ലീം ചെറുപ്പക്കാർക്കിടയിൽ തീവ്രവാദ പ്രവണതകൾ വളർന്നിട്ടുണ്ടെങ്കിൽ അതിന്റെ വളർത്തച്ഛനും വളർത്തമ്മയുമാണ് ഇടതുവലതു മുന്നണികൾ എന്ന പ്രയോഗം ശരിയാണ്. അക്ഷരം പ്രതി ശരി.
October 19, 2008
കൊതി ! കൊതി ! മതം മാറാൻ കൊതി !
ഒരു അധോഗമന കവിത --- ഉണ്ണിപ്പിള്ള
----------------------------------------------------------------
ഈണം:-
“എന്നു-മെന്റെ ചി-റകിന്റെ കീഴിൽ
നിന്നു-നിന്റെ....” എന്ന മട്ട് (കോഴി).
----------------------------------------------------------------
ആദരസ്മരണ:-
കടമ്മനിട്ട
----------------------------------------------------------------
സമർപ്പണം :-
- മതം മാ‘റ്റു’വാനുള്ള സ്വാതന്ത്ര്യത്തിനായി മരിക്കാൻ വരെ തയ്യാറുള്ള
വിപ്ലവകാരികൾക്ക്. - ആരുടെയും പ്രേരണയോ പ്രലോഭനമോ ഭീഷണിയോ നിർബന്ധമോ
ഒന്നുമില്ലാതെ, സ്വമതത്തിൽ മനസ്സുമടുത്ത് മതം മാറാൻ
നിർബന്ധിതരായി എന്ന ഒറ്റക്കാരണത്താൽ മാത്രം
ജീവൻ നഷ്ടമായ അനേകർക്ക്. - സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെട്ടാലും വേണ്ടില്ലെന്നു വച്ച് ജാതി മാത്രം
മാറുമ്പോൾ, മൂക്കിന്റെ പാലം മുതൽ വീട്ടിലേയ്ക്കുള്ള പാലം വരെ
നഷ്ടപ്പെടുന്നവർക്ക്.
----------------------------------------------------------------
“അച്ഛാ – മാറുക-യാണീ മതം ഞാൻ”
“ഇച്ഛ - കൊള്ളാം മ-നസ്സിൽ വച്ചോളൂ.. ”
“അച്ഛ – നെന്താണു - ഞാൻ മാറിയെന്നാൽ? ”
“ഒച്ച – വേണ്ട ന-ടപ്പില്ല മോനേ”
“അച്ഛ – നിത്രമേൽ - ചേതമെന്താണ് ? ”
“കൊച്ചി - നതൊന്നും - മനസിലാവില്ല”
“അച്ഛാ - വേണ്ട ത-ടുക്കേണ്ട പോകും. ”
“പശ്ചാ - ത്താപം പു-റകെ വന്നോളും”
“ഒന്നു - മാറുക - പോട്ടെ ഞാനച്ഛാ”
“പൊന്നു - മോനെ വി-ടില്ല ഞാൻ നിന്നെ”
“ഒന്നു – രണ്ടല്ല - മാറിയോരെത്ര പേർ”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”
“പണ്ടു - വിശ്വൻ മ-റന്നുപോയെന്നോ? ”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”
(Download this clip)
“പിന്നെ – പ്പോയി സു-ജേഷും സുനിലും ”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”
(Download this clip)
“അന്നു - സൂരജ് മു-ഴപ്പിലങ്ങാട്ടെ? ”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”
(Download this clip)
“പിന്നെ - ഷാജി പ-ടുവിലായ് ഷാജി”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”
(Download this clip)
“പിന്നെ - നിഖിലും – പണിക്കുപോകുമ്പോൾ”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”
(Download this clip)
“ഇല്ല - നിൽക്കില്ല – പോകാനുറച്ചു”
“കൊല്ലാ - നില്ല മ-ടിയെന്നതോർത്തോ”
“ഒന്നു – മെന്നെത്ത-ടുക്കുവാനില്ല”
“ഒന്നു - കൂടി നീ - യോർത്തു നോക്കിക്കോ”
“നിശ്ച - യിച്ചു ക - ഴിഞ്ഞു ഞാനച്ഛാ”
“നിശ്ച - യിച്ചു ചി – ല,തെങ്കിൽ ഞാനും! ”
“ഈർച്ച - വാളൊന്നു - കാണുന്നതെന്താ? ”
“മൂർച്ച - പോര മി-നുക്കുവാനാണ് ”
“അച്ഛാ!!!!!!! – അച്ഛന്റെ - മോനല്ലേ ഞാനും? ”
“പിച്ച – വയ്പിച്ച - കാലം കഴിഞ്ഞു”
“അച്ഛ – നിത്രമേൽ - ക്രൂരനാകാമോ”
“നിശ്ച – യിച്ചു ക-ഴിഞ്ഞുപോയല്ലോ! ”
“ക്രൂര - നല്ല ഞാൻ - പാവമാണച്ഛാ”
“പേരു - നിന്റെ കു-റിച്ചു കഴിഞ്ഞു”
“ആര്യ-നല്ല ഞാൻ - ദ്രാവിഡനല്ല”
“കാര്യ – മില്പ പ–റഞ്ഞിട്ടതൊന്നും”
“പച്ച-യായ മ-നുഷ്യനാണച്ഛാ”
“പച്ച - യ്ക്കല്ല ചു-വപ്പിനെൻ ദാഹം! ”
…
പതിയെ പരക്കുന്ന ഇരുൾ .....
പശ്ച്ചാത്തലത്തിൽ ആർത്തനാദം.
ഓടിയകലുന്ന കാലൊച്ചകൾ.
ഒരു അമ്മയുടെ വിലാപത്തിന്റെ പശ്ചാത്തലത്തിൽ വേദിമദ്ധ്യത്തിൽത്തെളിയുന്ന സ്പോട്ട് ലൈറ്റിനു കീഴിൽ, നീട്ടിപ്പിടിച്ച വാളിന്റെ ചുവന്ന അരികുകൾ.
പൂർണ്ണമായി അണഞ്ഞശേഷം മങ്ങിയ വെട്ടമെത്തുമ്പോൾ....
തന്നെ ആവേശപൂർവ്വം എടുത്തുയർത്തിപ്പിടിച്ചിരിക്കുന്ന ആൾക്കൂട്ടത്തിനു നടുവിൽ, വീരപരിവേഷം ആസ്വദിക്കുന്ന മുഖത്തിനു മുമ്പിൽക്കൂടി നെഞ്ചിലേക്ക് ഒന്നിനു മേൽ ഒന്നായി വീഴുന്ന രക്തഹാരങ്ങൾ.
ആവേശമുയർത്തുന്ന മുദ്രാവാക്യ ലഹരി.
ആരംഭിക്കുന്ന ഗാനം.
ചോരവീണ മണ്ണിൽ നി....
താളാത്മകമായിത്തന്നെ താഴുന്ന കർട്ടൻ.
August 25, 2008
പ്രധാനമന്ത്രിസ്ഥാനാർത്ഥി പുതുമുഖം? കോൺഗ്രസിലേയ്ക്ക് ഭക്തജനപ്രവാഹം!
“ഹലോ..”
“ഹലോ – കെ.പി.എ.സി.യുടെ ഓഫീസല്ലേ? ”
“അല്ല – കെ.പി.സി.സി.യാണോ ഉദ്ദേശിച്ചത്? ഇതു കോൺഗ്രസിന്റെ ഓഫീസാണ് . സോറി. റോംഗ് നംബർ. ”
“അയ്യോ വയ്ക്കല്ലേ – ഞാൻ നിങ്ങളെത്തന്നെയാണു വിളിച്ചു നോക്കിയത്. ”
“ആരാ? എന്തുവേണം? ”
“എന്റെ പേര് ഉണ്ണിപ്പിള്ള. എനിക്ക് അത്യാവശ്യമായി ഒരു കാര്യം അറിയാനുണ്ടായിരുന്നു. അവിടെയിപ്പോൾ നേതാക്കളിൽ ആരെങ്കിലുമുണ്ടോ – സംസാരിക്കാമോ? ”
“ആരെയാണു വേണ്ടത്? എന്താണു കാര്യം? ”
“ഒരു ചെറിയ പ്രശ്നം. എനിക്ക് കോൺഗ്രസിൽ ചേരാൻ മുട്ടുന്നു. എന്താണതിന്റെ അടുത്ത സ്റ്റെപ് എന്നൊന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. ആരെയാണു കോണ്ടാക്ടു ചെയ്യേണ്ടത്? സംഗതി എത്രയും പെട്ടെന്നു വേണം. വളരെ അത്യാവശ്യമാണ്. ”
“എന്താ ഹേ ഒരു പരിഹാസം പോലെ? നാടകക്കമ്പനിയുടെ പേരും പാർട്ടിക്കമ്മിറ്റിയുടെ പേരും പോലും തിരിച്ചറിയാത്ത താങ്കൾക്കെന്താ ഇപ്പോൾ പാർട്ടിയിൽച്ചേരണമെന്നൊരു പൂതി? ”
“രണ്ടും നാടകക്കമ്പനി തന്നല്ലോ. ”
“എന്ത്? ”
“ഏയ് ഒന്നുമില്ല. ”
“പിന്നെ? ”
“അല്ലാ - നിങ്ങളൊരു ചെറുപ്പക്കാരനെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നു കേട്ടിരുന്നു. ”
“അതെ. അതിന്? ”
“അതെനിക്കിഷ്ടപ്പെട്ടിരുന്നു - പക്ഷേ, രാഹുൽഗാന്ധിയായിരിക്കും എന്നോർത്തപ്പോൾ നിരാശതോന്നിയിരുന്നു. ”
“എന്തേ? ”
“ഒന്നാമതായി - ഈ നെഹൃകുടുംബത്തിനു പുറത്തുനിന്ന് നിങ്ങൾക്കൊരു നേതാവിനെ ഇനിയും കിട്ടാറായില്ലേ എന്നത് – പിന്നെ – രാഹുലിന്റെ പ്രസിദ്ധമായ പരാമർശങ്ങൾ എല്ലാം തന്നെ തമാശകളായിരുന്നല്ലോ. എവിടെയൊക്കെ റോഡ്ഷോ നടത്തിയോ അവിടെയൊക്കെ പാർട്ടി തോൽക്കുകയും ചെയ്തു. ആ കുട്ടി തീരെ പോര. സംഗതി രാജ്യഭരണമല്ലേ - പിള്ളകളിയല്ലല്ലോ. ”
“എന്താടോ തന്റെ പ്രശ്നം? ”
“അല്ല - ഇപ്പോൾ നിങ്ങൾ പുതിയൊരു ചെറുപ്പക്കാരനെ കണ്ടെത്തിയെന്നറിഞ്ഞു. രാജ്യഭാരം ഏൽപ്പിച്ചു കൊടുക്കാൻ എന്തുകൊണ്ടും പറ്റിയൊരാൾ. സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്ന അവസ്ഥയാണ്. പാർട്ടിയിൽച്ചേരാൻ മുട്ടിയിട്ടു വയ്യ. അതിനായി എവിടെ വരണമെന്നറിഞ്ഞാൽ...”
“താനെന്താടോ ആളെക്കളിയാക്കുന്നത്? ആരുടെ കാര്യമാ പറയുന്നത്?”
”ബഷീറിന്റെ”
“ബഷീറോ?”
“അതെ. മുഫ്തി അബു ബഷീർ”
“ഹലോ ....”
“ഞാനിവിടെത്തന്നെയുണ്ട്…പാർട്ടിയിൽച്ചേരാൻ എന്തുചെയ്യണമെന്ന് ഇനിയും പറഞ്ഞില്ല...”
“.....”
“ഹലോ... പാർട്ടിയിൽച്ചേരാൻ എവിടെ വരണമെന്ന് പറഞ്ഞില്ല?....ഹലോ..ഹലോ…..എന്താണവിടെയൊരു ബഹളം?.......ഹലോ…എന്ത്? പുറത്ത് ആളുകൾ ബഹളം കൂട്ടുന്നെന്നോ?....ചതിച്ചോ! പാർട്ടിയിൽച്ചേരാൻ തിരക്കുകൂട്ടുന്നവരായിരിക്കും. ദൈവമേ ..അപേക്ഷാഫോം കിട്ടാതെ വരുമോ? ഹലോ....ഫോൺ വഴി ബുക്കു ചെയ്യാൻ പറ്റുമോ?....ഹലോ…ഒരു ഫോമെങ്കിലും മാറ്റി വച്ചേക്കണേ.....ഹലോ”
-------------------------------------------------
നടുമുറി :-
-------------------------------------------------
വാൽമുറി :-
സർ, തെറ്റിദ്ധരിക്കണ്ട. അല്പമെങ്കിലും ആത്മാഭിമാനമോ ചിന്താശേഷിയോ ഉള്ള അവസാനത്തെയാളും പുറത്തേയ്ക്കു പോകാൻ നിർബന്ധിതനാകുന്ന തരത്തിലേയ്ക്ക് നിങ്ങൾ അധ:പതിക്കുമ്പോൾ, ഒരു എതിരൊഴുക്കു സൃഷ്ടിക്കാനുള്ള ശ്രമമൊന്നുമല്ല. ഇപ്പോൾ വേണ്ട പിന്നീടാവാമെന്നു വിചാരിച്ചാൽ ഒരുപക്ഷേ വളരെ വൈകിപ്പോയേക്കുമെന്ന ആശങ്ക കൊണ്ടാണ്. അപ്പോളേയ്ക്കും ഇവിടെ ആരെന്നുമെന്തെന്നും ആർക്കറിയാം?
ഒരുകാലത്ത് ഇന്ത്യ മുഴുവൻ അടക്കി വച്ചിരുന്ന കോൺഗ്രസിന് ഇപ്പോൾ ഒറ്റയ്ക്കു ഭരിക്കാൻ സാധിക്കുന്ന വലിയ സംസ്ഥാനങ്ങളുടെ എണ്ണം ഒന്നു മാത്രം! വലുപ്പത്തിലും ജനസാന്ദ്രതയിലുമൊക്കെ മുന്നിൽ നിൽക്കുന്ന യു.പി.യിലാണെങ്കിൽ നാലാം സ്ഥാനത്തേയ്ക്കു തള്ളപ്പെട്ടു. ഓരോ തെരഞ്ഞെടുപ്പിനുശേഷവും കോൺഗ്രസ് ചുരുങ്ങിവരിക തന്നെയാണ്. കാരണങ്ങളില്ലാതെ അങ്ങനെയൊന്നും സംഭവിക്കില്ല തന്നെ.
വെറുതെ ഒരു ഓട്ടോഗ്രാഫ് എഴുതിസൂക്ഷിക്കുന്നതുപോലുള്ള താല്പര്യം കൊണ്ടു മാത്രമാണ് പാർട്ടിയിൽച്ചേരാൻ ആഗ്രഹിക്കുന്നത്. മക്കളൊക്കെ വളർന്നു വലുതാകുമ്പോൾ അവർക്കു പറഞ്ഞുകൊടുക്കാമല്ലോ – പണ്ടിവിടെ കോൺഗ്രസ് എന്നൊരു പ്രസ്ഥാനമുണ്ടായിരുന്നെന്നും അവസാനകാലത്ത് അവരുടെ കൂടെ കുറച്ചുനാൾ താനും ഉണ്ടായിരുന്നെന്നും.
*-*-*-*-*-*-*-*-*-*-*-*-*
വായിക്കരുതാത്തത് :-
ഏതെങ്കിലുമൊരു കുറ്റകൃത്യത്തിന്റെ പേരിൽ മുസ്ലിം നാമധാരിയൊരാൾ കുറ്റാരോപിതനായാൽ ഉടൻ തന്നെ ‘മനുഷ്യാവകാശ‘സംഘടനകളും വർഗ്ഗീയകൂസിസ്റ്റു പ്രസ്ഥാനങ്ങളുമൊക്കെ പറന്നെത്തി അയാൾ നിരപരാധിയാണെന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന പ്രവണത ഈയിടെയായി അപകടകരമാം വിധം വർദ്ധിച്ചിരിക്കുകയാണ്. കുറ്റകൃത്യത്തിന്റെ ഗൌരവം എത്രത്തോളമുണ്ടെന്നോ ഏതെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റാരോപിതനായത് എന്നു പോലുമോ പരിശോധിക്കാൻ മെനക്കെടാതെ, “മുസ്ലീങ്ങൾ ഉപദ്രവിക്കപ്പെട്ടുകൂടാ“ എന്നൊരു അന്ധമായ മുദ്രാവാക്യവുമായി ചാടിയിറങ്ങുന്നവരെ ഭയപ്പെടാതെ വയ്യ. അതെന്താ മുസ്ലീങ്ങളാരും കുറ്റകൃത്യങ്ങളൊന്നും ചെയ്യില്ലേ? തെറ്റുചെയ്തു എന്ന് എല്ലാവർക്കും ഉറപ്പു വന്നു എന്നു കരുതുക. അപ്പോളെങ്കിലും ഈ രാജ്യത്തെ ശിക്ഷാനിയമങ്ങൾ അവർക്കു കൂടി ബാധകമാക്കാമോ? അതോ അപ്പോളും നാം മേൽക്കോടതിയിൽ അപ്പീലും അതിനുശേഷം ദയാഹർജിയുമൊക്കെപ്പോലെ, ആളെ രക്ഷിച്ചെടുക്കാനുള്ള അവസാനത്തെ വഴിയും പയറ്റുമോ? നമുക്കൊക്കെ എന്താണു സംഭവിക്കുന്നത്?
ശിക്ഷാർഹനായ ഒരു അപരാധിയേയും ഒരു നിരപരാധിയേയും തമ്മിൽ വേർതിരിക്കുന്ന ആ അതിർവരമ്പ് എവിടെയാണു കിടക്കുന്നത്? തികച്ചും നിരപരാധിയായ ഒരു മുസ്ലീം അയാളുടെ സമുദായത്തിന്റെ മാത്രം പേരിൽ പീഢിപ്പിക്കപ്പെടുന്നു എന്ന ആരോപണം ഒരു വശത്ത്. നൂറു ശതമാനം കുറ്റവാളിയായൊരു മുസ്ലീം അയാളുടെ സമുദായത്തിന്റെ മാത്രം പേരിൽ സംരക്ഷിക്കപ്പെടുന്നു എന്ന ആരോപണം മറുവശത്ത്. ഇതിനു രണ്ടിനുമിടയിലുള്ള ഭാഗം - ഒരാൾ കുറ്റവാളിയാണെങ്കിൽ മാത്രം – മതപരിഗണനകൾ ലവലേശം പോലുമില്ലാതെ ശിക്ഷിക്കപ്പെടുക എന്നത് – അതിവിടെ സാദ്ധ്യമല്ലേ? അത് ഉറപ്പാക്കാനുള്ള ശക്തി നമ്മുടെ മതേതരത്വമൂല്യങ്ങൾക്കില്ലേ? വളരെ നിരാശതോന്നിപ്പോകുന്നു.
തെളിവില്ലാതെ അറസ്റ്റുചെയ്യുന്നു എന്നാണു പറയുന്നത്! തെളിവില്ലാതെയാണോ എന്നതു പരിശോധിക്കാമല്ലോ. പക്ഷേ, എന്തായാലും, “വെളിവില്ലാതെ”യല്ല എന്ന് ഉറപ്പ്. ആദ്യം കാണുന്ന ഏതെങ്കിലുമൊരാളെ കണ്ണുമടച്ച് അറസ്റ്റുചെയ്യുകയോ അല്ലെങ്കിൽ അയാളെ നറുക്കിട്ടുതെരഞ്ഞെടുക്കുകയോ ഒന്നുമല്ല നടക്കുന്നത് എന്നെങ്കിലും സമ്മതിക്കുമോ എന്തോ!
അഹമ്മദാബാദ് സ്ഫോടനങ്ങളുടെ പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടണമെന്നത് ഗുജറാത്ത് പോലീസിന്റെ ആവശ്യമായിരുന്നു. അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു പ്രവർത്തിക്കാനുള്ള ആർജ്ജവം അവർക്കുണ്ടായി. അതുകൊണ്ട്? അതൊക്കെ മുസ്ലീങ്ങളെ മനപ്പൂർവ്വം ഉപദ്രവിക്കാനായി രാജ്യവ്യാപകമായി (ആഗോളവ്യാപകമായി?) നടക്കുന്ന ബോധപൂർവ്വമായ ചില ശ്രമങ്ങളുടെ ഭാഗമാണ് എന്ന മട്ടിലൊക്കെ ചിത്രീകരിക്കുന്നവരുടെ നീക്കങ്ങൾ സദുദ്ദേശപരമല്ല എന്നു തിരിച്ചറിയാൻ ഇത്രയ്ക്കൊക്കെ വിവേചനശേഷി ആവശ്യമുണ്ടോ? അത്തരം വാദങ്ങളെ പ്രോത്സാഹിപ്പിക്കാൻ തങ്ങളിൽ ആരാണു മുന്നിലെന്നു മത്സരിക്കുവാനായി കുറേ വർഗ്ഗീയകൂസ്റ്റിസ്റ്റുപ്രസ്ഥാനങ്ങളും! ഇവർക്കൊക്കെ എന്നാണിനി ഉത്തരവാദിത്തബോധമുണ്ടാവുക?
ഗുജറാത്ത് പോലീസിനെ എഴുതിത്തള്ളിയേക്കുക. അവർ കഴിവില്ലാത്തവരാണെന്നു തന്നെ അന്ധമായി വിശ്വസിച്ചു കൊള്ളുക. അവർക്ക് നിരപരാധികളെ ഉപദ്രവിക്കാൻ മാത്രമേ അറിയൂ എന്ന് ആണയിട്ടുകൊള്ളുക. പക്ഷേ, ഇത്തവണയെങ്കിലും, മറ്റു വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയുടെ കൂടി സഹായത്തോടെയാണ് അവർ കുറ്റവാളികളെ പിടികൂടുന്നതെന്നതു നാം അംഗീകരിക്കാത്തതെന്താണ്? ഗുജറാത്തിലെ പോലീസ് സേനയ്ക്കു തങ്ങളുടെ മണ്ണിൽ വന്ന് തന്നിഷ്ടത്തോടെ പ്രവർത്തിച്ചു മടങ്ങാൻ എല്ലാവരും അനുവദിക്കുന്നതെന്തുകൊണ്ടാണ്? (സംസ്ഥാനപോലീസിനെ അറിയിക്കാതെ രഹസ്യമായി വന്ന് ഇതരസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ അന്വേഷണം നടത്തി മടങ്ങുന്ന ദുരവസ്ഥ കേരളത്തിൽ മാത്രമേ കേട്ടിട്ടുള്ളൂ. അതു മറ്റൊരു കഥ. അതു പോട്ടെ)
അതെല്ലാം പോട്ടെ. ഇത്തവണയും, അന്വേഷണത്തിന് സുപ്രധാനമായ സഹായം നൽകിയതു് കേന്ദ്ര ഇന്റലിജൻസ് ഏജൻസികളാണ്. കോൺഗ്രസിനെന്താ അവരെയൊന്നും വിശ്വാസമില്ലേ? വീണ്ടും ചോദിക്കുകയാണ് - ചുരുങ്ങിയപക്ഷം കേന്ദ്രഏജൻസികളെയെങ്കിലും – കേന്ദ്രസർക്കാറേ – കോൺഗ്രസേ – നിങ്ങൾക്കു വിശ്വാസമില്ലേ? കഷ്ടം! നിങ്ങൾക്കു പിന്നെ ആരു പറയുന്നതിലാണു വിശ്വാസം?
അബു ബഷീറും കൂട്ടരും നിരപരാധികളാണോ എന്നതു പ്രധാനപ്പെട്ടതു തന്നെ. പക്ഷേ – കുറ്റമാരോപിക്കപ്പെട്ടതായി അറിഞ്ഞ ഉടൻ തന്നെ – എന്തുകൊണ്ടു കുറ്റമാരോപിക്കപ്പെട്ടു എന്നുപോലും കേൾക്കാൻ നിൽക്കാതെ - രാഷ്ട്രീയ-മത-നേതാക്കളെത്തി പിന്തുണ അറിയിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകാമെന്നു പറയുകയും ചെയ്യുന്നത് ആത്മഹത്യാപരമാണ്. ഭീതിജനകമാണ്. എന്താണ് അവർക്കാവശ്യമായ സഹായം? എങ്ങനെയാണു രാഷ്ട്രീയക്കാർ അതു നൽകാൻ പോകുന്നത് ?
മക്കൾക്കു വഴിതെറ്റിപ്പോയതിൽ മാതാപിതാക്കളെ സാന്ത്വനിപ്പിക്കൽ മാത്രമാണോ ഉദ്ദേശം? അതോ മക്കൾ തെറ്റുകാരല്ലെന്നും തങ്ങൾ സഹായിക്കാമെന്നുമുള്ള വാഗ്ദാനമാണോ മുന്നോട്ടുവയ്ക്കുന്നത്? എന്താണവിടെ പകർന്നു നൽകപ്പെട്ട സന്ദേശമെന്നറിയാൻ ഇവിടുത്തെ പൌരന്മാർക്ക് ആകാംക്ഷയുണ്ട്. പറയുക - കോൺഗ്രസ്! അതു നിങ്ങളിൽ നിന്നു ജനം പ്രതീക്ഷിക്കുന്നുണ്ട്.
ഇതൊക്കെ വളരെ തെറ്റായ സന്ദേശമാണു നൽകുന്നത്. തീർച്ചയായും തെറ്റായ സന്ദേശമാണു നൽകുന്നത്. തീവ്രവാദത്തെ ചെറുക്കുന്നത് ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെ മാത്രം ആവശ്യമാണെന്ന അവസ്ഥയുണ്ടാക്കരുത്. തീവ്രവാദവിരുദ്ധപ്രവർത്തനങ്ങളെ സമുദായവിരുദ്ധമായി ദയവായി ചിത്രീകരിക്കരുത്. രാജ്യത്തോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നവർ ആരായാലും ശരി - അവർക്കിതൊരു വലിയ പ്രോത്സാഹനമാണെന്നു ദയവായി തിരിച്ചറിയുക. എന്തൊക്കെ പോക്രിത്തരം പ്രവർത്തിച്ചാലും ശരി – പ്രതിസ്ഥാനത്തു മുസ്ലീങ്ങളാണെന്നു വന്നാൽ ഉടൻ തന്നെ രക്ഷിക്കാനായി ആളുകൾ ഓടിക്കൂടുമെന്നും – അറസ്റ്റുണ്ടായാൽ അത് പീഢനത്തിന്റെ അടുത്ത കഥയായി അവതരിപ്പിക്കാമെന്നുമുള്ള ഇരട്ട നേട്ടങ്ങളുണ്ട് എന്നു കാണുമ്പോൾ - വഴിതെറ്റിയ്ക്കപ്പെട്ട ചെറുപ്പക്കാർക്ക് തീവ്രവാദപ്രവർത്തനങ്ങളിലേയ്ക്കു തിരിയാൻ അതു പ്രോത്സാഹനം നൽകില്ലേ? ഇതൊക്കെ കേവലയുക്തികൊണ്ടു മനസ്സിലാക്കാവുന്നതല്ലേയുള്ളൂ? കേവലമായ രാഷ്ട്രീയനേട്ടങ്ങളുടെ പേരിൽ - കൂസിസ്റ്റുകളേ – നിങ്ങൾ ദയവായി ഈ രാജ്യത്തെ കൊലയ്ക്കു കൊടുക്കരുത്. തിരുത്താനാവാത്ത ധാരാളം തെറ്റുകൾ ഇതിനകം തന്നെ വരുത്തിക്കഴിഞ്ഞു. ഇനിയെങ്കിലും നിങ്ങൾ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുക.
----------------
ഇതും ഇതിലപ്പുറവും നടന്നാലും ഒരു സ്വയം വിമർശനത്തിനു പോലും തയ്യാറാകാതെ പാർട്ടിയെ കൂടുതൽ പിറകോട്ടടിപ്പിക്കുന്ന കോൺഗ്രസ് അനുഭാവികളായ സുഹൃത്തുക്കളോട്:-
ഈ കാണുന്ന പ്രവണതകളൊക്കെ ഈ രാജ്യത്തോടും ജാതിമതഭേദമെന്യേ ഇവിടുത്തെ ജനങ്ങളോടും അല്പമെങ്കിലും പ്രതിബദ്ധതയുള്ള ഏതൊരാളെ സംബന്ധിച്ചും അങ്ങേയറ്റം ഭീതിജനകമാണ്. ഇതിലെനിക്ക് കടുത്ത പ്രതിഷേധമുണ്ട്. അത് ഇങ്ങനെ പറയാനാണ് തോന്നിയത്. ക്ഷമിക്കുക. വിമർശനങ്ങളെ ശരിയായ അർത്ഥത്തിൽ മാത്രം എടുക്കുക.
August 08, 2008
അമർനാഥ് പ്രശ്നവും അരിവാൾചുറ്റികയും – അറിഞ്ഞിരിക്കേണ്ട സകലതും!
ഇടയ്ക്കിടയ്ക്ക് കനത്തമഴയും മഞ്ഞുവീഴ്ചയുമൊക്കെ മൂലം അപകടങ്ങളുണ്ടാകും. അതുകഴിയുമ്പോൾ ചിലപ്പോൾ തീവ്രവാദി ആക്രമണവും പിന്നാലെയുണ്ടാകും. ഇതിലെല്ലാം പെട്ട് കുറേ തീർത്ഥാടകർ മരിച്ചെന്നിരിക്കും. യാത്ര ചിലപ്പോൾ നിർത്തിവയ്ക്കും. പിന്നെയും തുടരും. അതൊക്കെ ഒരു ചടങ്ങുപോലെ എല്ലാവർഷവും നടക്കും.
അതിലിത്ര വായിക്കാനെന്തിരിക്കുന്നു?
പക്ഷേ ഈ വർഷം, തീർത്ഥാടകർക്കായി അവസാനത്തെ ബേസ്‌ക്യാമ്പിൽ ചില താൽക്കാലിക സൌകര്യങ്ങളൊരുക്കാനായി ശ്രമിച്ചെന്നു കേട്ടു. അതിനായി വനം വകുപ്പിന്റെ കയ്യിലുള്ള 40 ഹെക്ടർ ഭൂമി ക്ഷേത്രബോർഡിനു കൈമാറാൻ തീരുമാനിച്ചെന്നും.
പക്ഷേ ആ നീക്കത്തെ ചില മുസ്ളീം സംഘടനകൾ എതിർത്തുവെന്നും, സമരങ്ങൾ രക്തരൂക്ഷിതമായെന്നും, അക്രമങ്ങളിലും വെടിവയ്പിലുമൊക്കെയായി ആറുപേർ കൊല്ലപ്പെട്ടെന്നും കേട്ടു.
സ്ത്രീകളടക്കമുള്ള പ്രക്ഷോഭകർ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതും പലയിടങ്ങളും കത്തുന്നതും ടി.വി.യിൽ കണ്ടു.
നൊടിയിടനേരം കൊണ്ട് ഭൂമികൈമാറ്റതീരുമാനം ഉപേക്ഷിക്കപ്പെട്ടു!
അവിടുത്തെ ഗവണ്മെന്റ് താഴെവീഴുകപോലും ചെയ്തു!
അപ്പോളൊക്കെയാണ് ആദ്യമായി അതൊരു വാർത്തയാണല്ലോ എന്ന് സംശയിക്കുകയെങ്കിലും ചെയ്തു തുടങ്ങിയത്.
എന്നിട്ടും വലിയ താല്പര്യം കാട്ടിയില്ല. ആ പ്രശ്നത്തിൽ ഒരല്പം വർഗ്ഗീയതയുണ്ടോ എന്ന സംശയമായിരുന്നു കാരണം.
ഹിന്ദു തീർത്ഥാടകർ ഇപ്പോൾത്തന്നെ ഉപയോഗിച്ചുവരുന്ന തരിശുപ്രദേശത്ത് അല്പം ചില സൌകര്യങ്ങളൊക്കെക്കൂടി വന്നെന്നു വച്ച് എന്തു ഭൂകമ്പമുണ്ടാകാനാണ് ? മുസ്ലീങ്ങളിലൊരാൾ പോലും അതിനെ എതിർക്കേണ്ടതില്ലെന്നു മാത്രമല്ല അക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ പോലും യാതൊരു ആവശ്യവും തോന്നിയില്ല. തികഞ്ഞ വർഗ്ഗീയതാല്പര്യങ്ങൾ മാത്രം കലർന്ന ആ പ്രക്ഷോഭത്തേയും അവഗണിച്ചു ആദ്യമൊക്കെ.
പക്ഷേ....
മുസ്ലീം പ്രക്ഷോഭകാരികളുടെ നിലപാടിനെ അനുകൂലിച്ചുകൊണ്ട് മാർക്സിസ്റ്റുപാർട്ടി നിലപാടെടുത്തപ്പോളാണ് അതൊരു ‘വർഗ്ഗീയ’പ്രക്ഷോഭമായിരുന്നില്ലെന്നും, മറിച്ച് - തികച്ചും ‘മതേതര’മായ ആവശ്യമായിരുന്നുവെന്നും മനസ്സിലായത്. അതോടെ ഉണ്ണിപ്പിള്ളയും ധൈര്യമായി അമർനാഥ് വാർത്തകൾ വായിച്ചുതുടങ്ങി.
ഭൂമികൈമാറ്റം നടത്തരുതെന്നാണ് സി.പി.എമ്മിന്റെ ആവശ്യം!
ഇനിയിപ്പോൾ, കേരളത്തിലെ പി.ഡി.പി.യല്ല കാശ്മീരിലേത് എന്നതുപോലെ, കേരളത്തിലെ സി.പി.എമ്മല്ല കശ്മിരിൽ എന്നു വരുമോ?
ആ സംശയവും മാറിക്കിട്ടിയത് പേരു മുഴുവൻ പറഞ്ഞുകൊണ്ടുള്ള ബി.ബി.സി വാർത്ത കണ്ടപ്പോളാണ്.
...political parties like the opposition National Conference and constituents of the governing coalition - the People's Democratic Party (PDP) and the Communist Party-Marxist (CPI-M) - have also opposed the transfer of land.അത്തരമൊരു ആവശ്യമുന്നയിക്കുന്നതിന് മാർക്സിസ്റ്റുപാർട്ടി ഉയർത്തിക്കാട്ടിയ ന്യായമെന്തായിരുന്നുവെന്ന് ഉണ്ണിപ്പിള്ളയ്ക്ക് എത്തും പിടിയും കിട്ടിയില്ല.
അവർക്ക് സ്വന്തമായ എന്തെങ്കിലും ന്യായീകരണങ്ങൾ ഉണ്ടായിരുന്നോ ആവോ?
എന്തായാലും, മാർക്സിസ്റ്റുകളേപ്പോലെ തന്നെ ഭൂമികൈമാറ്റത്തെ എതിർത്ത മറ്റുള്ളവരുടെ ന്യായങ്ങൾ തികച്ചും വിചിത്രമായിരുന്നു.
രണ്ടേ രണ്ടു പ്രശ്നങ്ങളാണ് അവർ ഉയർത്തിക്കാട്ടിയത്. “ഡെമോഗ്രഫി” യും ജ്യോഗ്രഫിയും!
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ആദ്യത്തെ വാദമായിരുന്നു അതീവ രസകരം. കശ്മീരിന്റെ “ഡെമോഗ്രഫി” മാറ്റിമറിക്കാനുള്ള ഗൂഢനീക്കമാണത്രേ ഭൂമി കൈമാറ്റം!
Syed Ali Shah Geelani said .....“Protests would continue till the government revokes the allotment. Transfer of forestland to SASB is a conspiracy to change the demography of the Valley. We will not allow this ploy to succeed”.“ഡെമോഗ്രഫി മാറ്റാനുള്ള ഗൂഢാലോചന” എന്നൊക്കെക്കേട്ടാൽ, ഡിക്ഷ്ണറിയുടെ സഹായമില്ലെങ്കിൽ പെട്ടെന്ന് അർത്ഥം മനസ്സിലായെന്നു വരില്ല. അതല്ലെങ്കിൽപ്പിന്നെ, കാര്യം കൂറേക്കൂടി വ്യക്തമായിപ്പറഞ്ഞിട്ടുള്ള മറ്റൊരു വാർത്ത വായിക്കണം.
The separatist groups say the transfer of land to the shrine board is part of a "conspiracy to settle non-local Hindus in the valley with a view to reducing the Muslims to a minority".അതായത് - “കാശ്മീരിൽ തീർത്ഥാടകരായി എത്തുന്ന ഹിന്ദുക്കൾ തിരിച്ചുപോകാതെ അവിടെത്തന്നെ താമസിച്ച് – താൽക്കാലികം എന്നു പറയുന്ന ഏർപ്പാടൊക്കെ സ്ഥിരതാമസം എന്ന അവസ്ഥയായി മാറി –അങ്ങനെയങ്ങനെ മുസ്ലീങ്ങൾക്കു മൃഗീയഭൂരിപക്ഷം എന്ന ഇപ്പോളത്തെ അവസ്ഥ പതുക്കെ മാറ്റിമറിയ്ക്കപ്പെട്ടേക്കും – അതിനുള്ള ഗൂഢാലോചനയുടെ ഫലമാണ് ഈ തീരുമാനം“ എന്നു പച്ചമലയാളം!
അത്ഭുതപ്പെടാതെ നിവൃത്തിയില്ല!
കശ്മീരി പണ്ഡിറ്റുകൾ അഥവാ കശ്മീരി ഹിന്ദുക്കൾ എന്നറിയപ്പെടുന്ന ജനതയേപ്പറ്റി ഓർക്കാതെയും വയ്യ.
എന്തായിരിക്കും ഹുറിയത്തിന്റെ ഈ ഡെമോഗ്രഫിവാദത്തിനു പിന്നിലുള്ള ചിന്ത?
ഒരു വിധത്തിലാണ് കശ്മീരിലെ ഹിന്ദുക്കളെ താഴ്‌വരയിൽനിന്നു തുരത്തിയത്. ലക്ഷക്കണക്കിന് ആളുകൾ ഉണ്ടായിരുന്നതിൽ ഇപ്പോൾ പരമാവധി വന്നാൽ ഒരു പതിനായിരം പേർ മാത്രം പിടിച്ചുനിൽക്കുന്നുവെന്നു പറയപ്പെടുന്നു. ബാക്കിയുള്ളവർക്ക് എന്തുപറ്റിയെന്ന് ചില അഭ്യൂഹങ്ങൾ മാത്രമാണുള്ളത്. എന്തായാലും ശല്യമൊഴിവായി എന്നു കരുതി ആശ്വസിച്ചിരിക്കുമ്പോളാണ് അശനിപാതം പോലെ 40 ഹെക്ടറിന്റെ കണക്കു വരുന്നതെന്നായിരിക്കുമോ?
അത്തരമൊരു ‘ഡെമോഗ്രഫി ഭയം‘ തന്നെയാണോ മാർക്സിസ്റ്റുകളുടെയും പ്രശ്നമെന്നറിയില്ല. എന്തായാലും കൂടുതൽ ആലോചിക്കാതെ അതു വിട്ടു ഉണ്ണിപ്പിള്ള.
40 ഹെക്ടർ എന്നാൽ വെറും നിസാരമല്ലേ എന്നും, ഇന്നത്തെക്കാലത്ത് ഒരു പ്രൊഫഷണൽ കോളേജു തുടങ്ങണമെങ്കിൽപ്പോലും ക്യാമ്പസിനായി അതിൽക്കൂടുതൽ സ്ഥലം വേണ്ടേ എന്ന സംശയങ്ങളും അടച്ചുവച്ചു.
ഇപ്പോൾത്തന്നെ നിലവിലുള്ള ഒരു ബേസ്‌ക്യാമ്പിനുള്ളിൽത്തന്നെ അഭയകേന്ദ്രങ്ങൾ പണിയാനാണുദ്ദേശിച്ചത് – അല്ലാതെ, നിസാര വിസ്തീർണ്ണമാണെങ്കിൽക്കൂടി, പുതിയ സ്ഥലമെടുപ്പല്ല – എന്നതു കണ്ടില്ലെന്നു നടിച്ചു.
The pre-fabricated shelters are also not a new proposal. In fact, the base camp has been in regular use for several years. Pilgrims have been put up there before the arduous last leg of the journey to the Amarnath cave, which is open to pilgrims two months of the year.
ഭൂമി "Release" ചെയ്യുകയല്ല - "Lease" ചെയ്യുകമാത്രമാണ് -അതായത് - വിട്ടുകൊടുക്കലല്ല - താൽക്കാലികമായി പാട്ടത്തിനു നൽകുകയാണ് - അതിനായി രണ്ടരക്കോടിയോളം രൂപ ഷ്രൈൻ ബോർഡ് നൽകും - എന്നൊക്കെ വായിച്ചതു ബോധപൂർവ്വം മറന്നു കളഞ്ഞു.
2005-ൽ എടുത്ത തീരുമാനത്തിനെതിരെ അപ്പോൾ പ്രശ്നമുണ്ടാക്കാതെ, തെരഞ്ഞെടുപ്പടുത്ത ഇപ്പോൾ മാത്രം എന്തുകൊണ്ടാണു പ്രതികരിക്കുന്നതെന്ന സംശയം മാറ്റിവച്ചു.
ഒട്ടും താമസയോഗ്യമായ സ്ഥലത്തല്ല താൽക്കാലിക അഭയകേന്ദ്രങ്ങൾ പണിയാനുദ്ദേശിച്ചത് എന്ന സത്യവും കണ്ടില്ലെന്നു നടിച്ചു.
The area is hardly hospitable and it would be hard to persuade any population, however deprived, to settle in the area. The Board wanted to construct bunds, besides the shelters, to keep snow slides from damaging equipment.സ്ഥലം വിക്കിമാപ്പിൽ കണ്ടപ്പോൾ, അവിടെ തനിക്കെങ്ങാനും താമസിക്കേണ്ടിവന്നെങ്കിലോ എന്നു കരുതി പേടിച്ചു.
ഇനി അഥവാ അങ്ങനെ ജീവൻ പണയം വച്ചു താമസിക്കുമെന്നാണെങ്കിൽത്തന്നെ, ഇന്ത്യയിൽ എവിടെയും ഹിന്ദുക്കൾക്കെന്നല്ല ആർക്കും താമസിച്ചുകൂടേ എന്നു തോന്നാം.
അങ്ങനെ താമസിക്കുന്നതിനെ മറ്റുള്ളവർ എതിർക്കുന്നതു വർഗ്ഗീയതയുടെ നിർവചനത്തിൽ വരുമോയെന്നു സംശയിക്കാം.
മാർക്സിസ്റ്റുകൾ അതിനെ പിന്തുണയ്ക്കുന്നതു വർഗ്ഗീയതയാണോയെന്നു ശങ്കയുണ്ടാവാം.
അത്തരം സംശയങ്ങളെല്ലാം ഉപേക്ഷിച്ചു ഉണ്ണിപ്പിള്ള.
പക്ഷേ.. എത്ര ആലോചിച്ചിട്ടും മനസ്സിലാകാതെ ഒരു ചോദ്യം മാത്രം അവശേഷിച്ചു.
ഹുറിയത്തും പി.ഡി.പി.യും ഒരു പക്ഷേ സി.പി.എമ്മും വാദിക്കുന്നതുപോലെ, കശ്മീരിലെ മുസ്ലീം ഭൂരിപക്ഷം എന്ന “ഡെമോഗ്രഫി” മാറ്റി മറിയ്ക്കണമെങ്കിൽ ഏകദേശം എത്രഹിന്ദുക്കൾ വേണം? അതിന് എത്രകാലമെടുക്കും?
അങ്ങോട്ടു മനസ്സിലാകുന്നില്ല!
കശ്മീർ താഴ്‌വരയിലെ മുസ്ലീം ജനസംഖ്യ 95 ശതമാനമാണെന്ന് ഇവിടെക്കാണുന്നു. ഏതോ രാജ്യത്തെ ഒരു “റിട്ടയേർഡ് ലെഫ്റ്റനന്റ് കേണൽ സമൻ മാലിക് പറയുന്നു“ എന്നാണു കാണുന്നത്. വിശ്വസനീയമോ എന്തോ!
യഥാർത്ഥകണക്ക് അതിലും കൂടുതലായിരിക്കുമെന്നാണ് ഇതു വായിച്ചാൽ തോന്നുന്നത്. ഇന്ത്യൻ ഏക്പ്രസിൽ നിന്നുള്ള വിവരങ്ങൾ. അവിടെപ്പിന്നെ, പണ്ഡിറ്റുകളേപ്പറ്റി പതം പറഞ്ഞിരിക്കുന്നതു കൊണ്ട് അതു വിടാം.
എന്തായാലും, കശ്മീരിലെ മുസ്ലീം ജനസംഖ്യ ഒരു പ്രത്യേകശതമാനമെന്നു പറയുന്നതിൽ യാതൊരു അർത്ഥവുമില്ലാത്തത്ര വലുതാണെന്നതിൽ തർക്കമില്ല. ഏതാണ്ട് സമ്പൂർണ്ണമാണ് അവിടുത്തെ ഡെമോഗ്രഫി. അതിനിടയ്ക്ക് നുഴഞ്ഞുകയറുന്നവരുടെ എണ്ണമെത്രയാണ്? ഏതാനും ആയിരങ്ങൾ? പരമാവധി വന്നാൽ ഒരു വർഷത്തിൽ ഒന്നോ രണ്ടോ ലക്ഷം തീർത്ഥാടകർ?
ചുരുങ്ങിയ സമയത്ത് - ഒന്നോ രണ്ടോ മാസങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന തീർത്ഥാടനം!
വർഷത്തിൽ ഒരു തവണ മാത്രം സംഭവിക്കുന്നത്.
ഏറെ പ്രായമെത്തിയവരൊക്കെ അടങ്ങുന്ന ആ സംഘങ്ങളിൽ ഒന്നൊഴിയാതെ എല്ലാവരും അവിടെത്തന്നെ തമ്പടിക്കാമെന്നു വിചാരിക്കുക (തുടർന്ന് എങ്ങനെ ജീവിക്കുമോ എന്തോ?) എന്ന അത്യത്ഭുതം സംഭവിച്ചാൽത്തന്നെ, ഏകദേശം എത്രകൊല്ലം വേണ്ടിവരും ‘ഡെമോഗ്രഫി‘ മാറിമറിയാൻ?
എന്തായാലും താൻ ജീവിച്ചിരിക്കെ അങ്ങനെയൊന്നു സംഭവിക്കുമെന്ന് ഉണ്ണിപ്പിള്ളയ്ക്കു വിശ്വസിക്കാൻ തോന്നിയില്ല.
അതിനിടെ, കോൺഗ്രസുകാരനായ സൈഫുദ്ദീൻ എന്നൊരു കേന്ദ്രമന്ത്രി ഒരു നിർദ്ദേശം വച്ചെന്നു കേട്ടു. തീർത്ഥാടനത്തിന്റെ സമയം പകുതിയാക്കി പരിമിതപ്പെടുത്താം - തീർത്ഥാടകരുടെ എണ്ണവും കുറയ്ക്കാം.!
അപ്പോൾ, ‘ഡെമോഗ്രഫി ഭയം’ എല്ലാവർക്കുമുണ്ടെന്നു തീർച്ച! ഭേഷായി!
“ഡെമോഗ്രഫി തകർക്കാനുള്ള ഗൂഢാലോചനകളെ ചെറുത്തുതോല്പി”ക്കുന്നതിൽ ഏറ്റവുമധികം ആത്മാർത്ഥത ആർക്കാണെന്നു തെളിയിക്കാനുള്ള മത്സരം നടക്കുകയാണ്. വിജയിക്കുന്നവർക്കു ലഭിക്കുന്ന വോട്ട് ഇടത്തേയ്ക്കോ വലത്തേയ്ക്കോ - ഏതു പക്ഷത്തേയ്ക്കു ചായുമെന്ന് തെരഞ്ഞെടുപ്പു കഴിഞ്ഞാലേ പറയാൻ പറ്റൂ..
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
രണ്ടാമത്തെ പ്രശ്നമായിക്കേട്ടത് ‘പരിസ്ഥിതി‘യാണ്! അതു തന്നെയായിരിക്കുമോ മാർക്സിസ്റ്റുകളുടെ എതിർപ്പിന്റെയും കാരണം?
“എന്തൊക്കെയോ ചില“ പരിസ്ഥിതിപ്രശ്നങ്ങളുണ്ടാകുമെന്ന് ചില “വിമർശകർ” പറഞ്ഞിരിക്കുന്നു.
Critics say building “permanent” structures at base camps of the pilgrimage will ruin the fragile ecology of the mountainous region...ആരൊക്കെയാണാവോ ഈ “ക്രിട്ടിക്കു“കൾ! ഏതെങ്കിലുമൊരു പരിസ്ഥിതി സംഘടനയുടേയോ പ്രവർത്തകന്റെയോ പേര് എവിടെയും കാണാൻ പറ്റിയില്ല.
‘‘പ്രാദേശികരായ’ ചില പരിസ്ഥിതിവാദികൾ‘ എന്നാണ് മറ്റൊരിടത്തുകണ്ടത്.
Local environmentalists protested against the decision...ഒരൊറ്റ മരം പോലും മുറിക്കേണ്ടിപ്പോലും വരാത്തസ്ഥിതിക്ക് പരിസ്ഥിതിപ്രശ്നമുണ്ടാകുമെന്നു പറയുന്നതിന്റെ ന്യായീകരണമെന്തെന്നും വ്യക്തമല്ല. പതിനായിരത്തോളം മരങ്ങൾ മുറിക്കേണ്ടിവരുന്ന മറ്റൊരു പദ്ധതിയ്ക്ക് ആർക്കും എതിർപ്പില്ല താനും!
It is pointed out while a threat to a nearby wildlife sanctuary had been quoted, no such concerns were aired with regard to the construction of the "Mughal road" expected to connect Poonch and Rajouri sections with the Valley. "There are something like 10,000 trees that will be felled. The plot at Baltal in comparison is bare, with no trees. The agenda of those opposing the Amarnath case is obvious," the sources said.എന്താണു യഥാർത്ഥത്തിൽ ഉണ്ടാവാൻ പോകുന്ന പരിസ്ഥിതിപ്രശ്നമെന്ന് ആരും പറഞ്ഞുകേട്ടില്ല!
മഞ്ഞുമലകൾക്കിടയ്ക്ക് ചില അഭയകേന്ദ്രങ്ങൾ കെട്ടിയാൽ ഉടൻ അകാരണമായി തകർന്നടിയുന്ന പാവം പരിസ്ഥിതിയേപ്പറ്റി സഹതാപം തോന്നിപ്പോയി.
ആളുകൾ മഞ്ഞുവീഴ്ചയിൽപ്പെട്ട് കൂട്ടമായി മരിച്ചുകിടന്നാൽ അതു പരിസ്ഥിതിയ്ക്കു പ്രശ്നമൊന്നുമുണ്ടാക്കില്ലായിരിക്കും എന്ന ചിന്ത ഉണ്ണിപ്പിള്ള ഉള്ളിലടക്കി.
എന്നാൽ, ഒട്ടും മനസ്സിലാകാതെ വന്നത് അതൊന്നുമല്ല. പ്രാദേശികപരിസ്ഥിതിവാദികൾ ആരുമാകട്ടെ - ഈ വിഷയത്തിൽ ഗൌരവമായ എന്തെങ്കിലും പരാതികൾക്കു വകയുണ്ടെങ്കിൽ, അത് ആദ്യം വരേണ്ടത് സംസ്ഥാനവനംവകുപ്പിൽനിന്നു തന്നെയല്ലേ?
അതെ. സംശയമെന്തിന്?
അവരോടു ചോദിക്കാതിരുന്നില്ലല്ലോ. അവർ ‘ഒരു പ്രശ്നവുമില്ല‘ എന്നു പറഞ്ഞിട്ടുതന്നെയാണ് ഇത്തരമൊരു പരിപാടി ആലോചിച്ചതു തന്നെ!
...the matter was examined in the forest department at various levels and was finally submitted to the minister by the Principal Secretary of the Forest Department recommending that the proposal be approved.വനം-പരിസ്ഥിതി മന്ത്രാലയത്തിനു കുഴപ്പമില്ല!
The Forests and Environment Minister said that if there is no violation of J and K Forest (Conservation) Act of 1997 and the cabinet decision regarding diversion of forest land, the proposal is approved. The Forest Department then issued an order in March 2005 granting permission to the shrine Board for using the forest land for constructing pre-fabricated structures for Amarnath yatris
അപ്പോൾപ്പിന്നെ ഈപ്പറയുന്ന പ്രാദേശികപരിസ്ഥിതിവാദികൾ എന്നത് ഹുറിയത്തും, പി.ഡി.പി.യും മാർക്സിസ്റ്റുകാരുമൊക്കെത്തന്നെയല്ലാതെ മറ്റാരുമല്ല എന്ന് ഊഹിക്കാമോ എന്തോ?
ഊഹിക്കാമെങ്കിൽ, ‘വിദഗ്ദ്ധസമിതി’യിലെ മാർക്സിസ്റ്റ് പ്രാതിനിധ്യം എത്രത്തോളം എന്നുകൂടി മാത്രമേ ഇനി അറിയേണ്ടൂ. പാഠപുസ്തകക്കമ്മിറ്റി പോലെ ഏതാണ്ടു സമ്പൂർണ്ണമായ പ്രാതിനിധ്യമാവുമോ ... അതോ...?
ഇക്കണ്ട മാർക്സിസ്റ്റു പരിസ്ഥിതി വാദികളെയൊന്നും രാമസേതുപ്രശ്നത്തിൽ കണ്ടില്ലല്ലോ എന്നും അറിയാതെ ഓർത്തുപോയി ഉണ്ണിപ്പിള്ള.
അന്ന് എന്തൊക്കെയാണു പരിസ്ഥിതിപ്രശ്നങ്ങൾ എന്ന് എണ്ണമിട്ടു പറഞ്ഞുകൊണ്ട് – എന്തൊക്കെയാണു പ്രത്യാഘാതങ്ങൾ എന്നു വിശദീകരിച്ചുകൊണ്ട് - അനവധി പഠനറിപ്പോർട്ടുകൾ വന്നതാണ്.
ആരൊക്കെയാണു പറയുന്നത് – ആ വിഷയത്തേപ്പറ്റി ആധികാരികമായി സംസാരിക്കാൻ അവർക്കുള്ള യോഗ്യതയെന്താണ് എന്നും വ്യക്തമായിരുന്നു.
ഇവിടുത്തേതുപോലെ, ‘അജ്ഞാത‘രായ പരിസ്ഥിതിവാദികളും ‘അജ്ഞാത‘മായ പരിസ്ഥിതിപ്രശ്നങ്ങളും ആയിരുന്നില്ല അവിടെ.
പക്ഷേ, ഒരു മാർക്സിസ്റ്റു പരിസ്ഥിതിവാദിയേയും അവിടേയ്ക്കു കണ്ടിരുന്നില്ല. സേതുവിനെ ഒഴിവാക്കിക്കൊണ്ടുള്ള മറ്റ് അലൈന്മെന്റുകൾ ആവാമല്ലോ എന്ന നിർദ്ദേശം അവർ കേട്ടഭാവം നടിച്ചിരുന്നില്ല. രാമസേതു തകർത്ത് ചാലുകീറിയേ അടങ്ങൂ എന്ന വാശി മാത്രമായിരുന്നു അവർക്ക്. നേരേ മറിച്ച് ഇവിടെയാണെങ്കിൽ, കുറച്ചുതുണ്ടുഭൂമി ക്ഷേത്രട്രസിന്റെ കയ്യിലെത്താതെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും.
(അന്ന് രാമനെ ചീത്തവിളിച്ച കരുണാനിധിയ്ക്കും അതിനു പറന്നെത്തി പിന്തുണനൽകിയ സി.പി.എമ്മിനുമൊപ്പം മുസ്ലീം മുന്നേറ്റ കഴകം എന്ന കക്ഷികൂടിയുണ്ടായിരുന്നു എന്നത് ഉണ്ണിപ്പിള്ള മനപ്പൂർവ്വം മറന്നു കളഞ്ഞു. ഹുറിയത്തും പി.ഡി.പി.യുമൊന്നും മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നെന്നു കരുതാനാവില്ല. അതുപോലെ തന്നെയാണ് ‘മുന്നേറ്റകഴക‘ത്തിന്റെ കാര്യവും. ഒരു മാർക്സിസ്റ്റ്-മുസ്ലീം അച്ചുതണ്ട് പ്രവർത്തിക്കുന്നോ എന്നെങ്ങാൻ അറിയാതെ പറഞ്ഞുപോയാൽ മുസ്ലീങ്ങൾക്ക് അതിൽപ്പരം അപമാനം വേറെയില്ല. അതു ‘ന്യൂനപക്ഷപീഢന‘വുമാകും. അങ്ങനെയൊന്നും ചിന്തിക്കുകപോലും ചെയ്യാതിരിക്കുന്നതാണു ബുദ്ധി.)
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ഈ രണ്ടുകാരണങ്ങളല്ലാതെ മറ്റെന്തെങ്കിലും കാരണം കൊണ്ടാകുമോ മാർക്സിസ്റ്റുകൾ എതിർക്കുന്നത് എന്നുകൂടി ആലോചിച്ചു ഉണ്ണിപ്പിള്ള.
ഇനിയിപ്പോൾ, എന്തു പ്രശ്നമുണ്ടായാലും ന്യായാന്യായങ്ങളൊന്നും പരിഗണിക്കാതെ “ന്യൂനപക്ഷ”ത്തിന്റെ കൂടെ നിൽക്കും എന്ന പാർട്ടി(അടവു?)നയത്തിന്റെയോ മറ്റോ ഭാഗമാവുമോ ഈ നിലപാട്?
പക്ഷേ അങ്ങനെയാണെങ്കിൽ, ഇവിടെ ഹിന്ദുക്കളല്ലേ ന്യൂനപക്ഷം? അപ്പോൾ അവർക്കു വേണ്ടിയല്ലേ മാർക്സിസ്റ്റുകൾ വാദിക്കേണ്ടത്?
കശ്മീർ മാത്രമല്ല – ജമ്മു കശ്മീർ എന്ന സംസ്ഥാനം മൊത്തത്തിലെടുത്താലും ശരി – മുസ്ലീങ്ങൾക്കു മൂന്നിൽരണ്ടു ഭൂരിപക്ഷമുണ്ട്. ഹിന്ദുക്കൾ അവിടെ ന്യൂനപക്ഷമാണ്. അപ്പോൾ അവർക്ക് അവിടെയെന്തെങ്കിലും “ന്യൂനപക്ഷാവകാശങ്ങൾ“ ഒക്കെ കാണേണ്ടതല്ലേ? അതിനു വേണ്ടിയല്ലേ മാർക്സിസ്റ്റുകൾ നിലകൊള്ളേണ്ടത്?
അതോ ഇനി അതിന് ഇങ്ങനെയൊക്കെയായിരിക്കുമോ ന്യായീകരണം? – “അതൊരു സംസ്ഥാനം മാത്രമാണ് – അതു ശരിയാവില്ല - അങ്ങനെ നോക്കിയാൽ ഹിന്ദുന്യൂനപക്ഷസംസ്ഥാനങ്ങൾ വേറെയുമുണ്ട് - ന്യൂനപക്ഷത്തെ തിരിച്ചറിയണമെങ്കിൽ എപ്പോളും രാജ്യത്തെ മൊത്തമെടുത്തേ കണക്കു കൂട്ടാവൂ “ എന്ന്?
അങ്ങനെയാണു മാർക്സിസ്റ്റുകളുടെ വാദമെങ്കിൽ അവിടെയും ഒരു പ്രശ്നമുണ്ട്!
അപ്പോൾ, ജമ്മു-കശ്മീർ എന്നത് മറ്റേതൊരു സംസ്ഥാനത്തെയും പോലെ, ഒരു സാധാരണ സംസ്ഥാനം മാത്രമാണ് എന്നവർ അംഗീകരിക്കുന്നുവെന്നർത്ഥം.
അപ്പോൾപ്പിന്നെ ഈ ആർട്ടിക്കിൾ 370-നേപ്പറ്റി എന്തായിരിക്കണം നിലപാട്?
ജമ്മുകശ്മീരിന് പ്രത്യേക ഭരണഘടനാപദവികൾ നൽകുന്നപരിപാടികൾ അവസാനിപ്പിക്കണമെന്ന ബി.ജെ.പി.യുടെയും മറ്റും ആവശ്യങ്ങളോട് എങ്ങനെ പ്രതികരിക്കണം? ജമ്മു-കാശ്മീർ ഒരു രാജ്യമോ അതോ സംസ്ഥാനമോ? ‘ഒരു രാജ്യത്തു രണ്ടു പതാകയും രണ്ടു ഭരണഘടനയും അനുവദിക്കാനാവില്ല’ എന്നതൊക്കെ ജനസംഘത്തിന്റെ ആരംഭകാലത്തുതന്നെയുള്ള മുദ്രാവാക്യങ്ങളിലൊന്നാണ്. അതിനെയൊക്കെ എതിർത്തിരുന്ന സി.പി.എമ്മിന് അവിടുത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളോട് എന്താണു പറയാനുള്ളത്?
ഒരു വശത്ത് ആർട്ടിക്കിൾ 370 – മറുവശത്ത് ‘ന്യൂനപക്ഷങ്ങളെ‘ പിന്തുണയ്ക്കൽ - ഇതു രണ്ടും ഒരിക്കലും ഒത്തുപോകുന്നവയല്ല. ഏതെങ്കിലുമൊന്നേ നടക്കൂ..
ഈയൊരു ആശയക്കുഴപ്പം ഒഴിവാക്കാനുള്ള ഒരേയൊരു വഴി - “ന്യൂനപക്ഷം” എന്ന ക്ലീഷേ വിളിപ്പേര് ഉപയോഗിക്കാതെ, മുസ്ലീം എന്ന യഥാർത്ഥപേര് ഉപയോഗിക്കുക എന്നതു മാത്രമാണ്.
എന്തു പ്രശ്നമുണ്ടായാലും മാർക്സിസ്റ്റു പാർട്ടി ന്യായാന്യായങ്ങളൊന്നും പരിഗണിക്കാതെ മുസ്ലീങ്ങളുടെ (
അങ്ങനെയൊരു തിരുത്തോടുകൂടി ആലോചിക്കുമ്പോൾ രണ്ടുകാര്യങ്ങളിലും പാർട്ടിനിലപാട് വളരെ ശരിയാണ്.
(1) മുസ്ലീം ഭൂരിപക്ഷപ്രദേശമായ കാശ്മീരിൽ നിന്ന് ഒരു തുണ്ടുഭൂമിപോലും ക്ഷേത്രട്രസ്റ്റിനു വിട്ടുകൊടുക്കില്ല – ഓക്കെ.
(2) മുസ്ലീം ഭൂരിപക്ഷസംസ്ഥാനമായ ജമ്മുകാശ്മീരിന് പ്രത്യേകഭരണഘടനാപദവികൾ ആസ്വദിക്കാൻ പറ്റണം – ഓക്കെ.
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ഇവിടെ, ഉണ്ണിപ്പിള്ളയുടെ ചിന്തകൾ കാടുകയറി.
യഥാർത്ഥത്തിൽ, മാർക്സിസ്റ്റുകളുടെ ഈ നിലപാടുകൾ മുസ്ലീങ്ങൾക്ക് അനുകൂലമാണോ?
മുസ്ലീങ്ങളെ സഹായിക്കുകയാണോ അതോ ദ്രോഹിക്കുകയാണോ അവർ ചെയ്യുന്നത്?
അല്പമെങ്കിലും സാമാന്യബോധമുള്ള ഏതൊരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളവും, ഇപ്പോൾത്തന്നെ തീർത്ഥാടകർ ഉപയോഗിക്കുന്ന 40 ഹെക്ടർ ഭൂമി ക്ഷേത്രട്രസ്റ്റിനു കൈമാറിയെന്നു വച്ച് യാതൊരു ചുക്കും സംഭവിക്കേണ്ടതില്ല. വനം വകുപ്പിന്റെ കയ്യിൽനിന്ന് ട്രസ്റ്റിന്റെ കയ്യിലേക്കെത്തുന്നു എന്ന ഭരണപരമായ മാറ്റം മാത്രമേ അവിടെയുള്ളൂ.
അമർനാഥ് തീർത്ഥാടകർക്ക് അടിസ്ഥാനസൌകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് “മുസ്ലീങ്ങൾ“ എതിരുനിൽക്കുന്നു എന്നൊരു ഇമേജുണ്ടാകാതെ നോക്കേണ്ടത് അത്യാവശ്യമായിരുന്നു. ഹുറിയത്തും പി.ഡി.പി.യും മാർക്സിസ്റ്റുകളുമൊന്നും തങ്ങളെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നില്ല എന്നു ലോകത്തോടു വിളിച്ചു പറയേണ്ടത് മതമൌലികവാദികളെ പിന്തുണയ്ക്കാത്ത മുസ്ലീങ്ങളുടെ ആവശ്യമായിരുന്നു. പലരും പലരീതിയിൽ ശബ്ദമുയർത്തി. ചിലരാകട്ടെ ഹിന്ദുക്കളുടെ ആവശ്യത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തെരുവിലിറങ്ങി പ്രതിഷേധിക്കാൻ വരെ തയ്യാറായി.
അപ്പോൾ, കേരളമുൾപ്പെടെ രാജ്യത്തിന്റെ ഏതൊരു ഭാഗത്തും, മര്യാദക്കാരായ മുസ്ലീങ്ങൾക്ക് ഭൂമികൈമാറ്റത്തോട് യാതൊരു എതിർപ്പുമില്ലെന്നു തന്നെ വേണം കരുതാൻ.
ഇത്തരം കാര്യങ്ങളൊക്കെ ദേശാഭിമാനി വാർത്താപ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്യാൻ തയ്യാറാകുമോ എന്നറിയാൻ ഉണ്ണിപ്പിള്ളയ്ക്ക് ആകാംക്ഷ തോന്നി.
സത്യത്തിൽ, ഭുമികൈമാറ്റതീരുമാനത്തിനെതിരെയുള്ള അക്രമസമരങ്ങൾ മുസ്ലിം സമൂഹത്തിന് തീർച്ചയായും നാണക്കേടുണ്ടാക്കിയിരുന്നു. ആ നാണക്കേടൊഴിവാക്കാൻ ഇത്തരം വാർത്തകൾക്കു പ്രാമുഖ്യം കിട്ടേണ്ടത് ആവശ്യമായിരുന്നു.
അപ്പോൾ, ദേശാഭിമാനിയ്ക്ക് മുസ്ല്ലീങ്ങളെ സഹായിക്കണമെന്നുണ്ടെങ്കിൽ, ഇത്തരം വാർത്തകൾ ഉയർത്തിപ്പിടിക്കണം. അവരതു ചെയ്യുമോ?
മാത്രവുമല്ല - അമർനാഥ് തീർത്ഥാടകരെ ആക്രമിക്കുന്ന തീവ്രവാദികൾ അതൊക്കെ “ദൈവനാമത്തിലാണ് ” എന്ന് വിളിച്ചു പറഞ്ഞിരുന്നത് മുസ്ലീങ്ങൾക്കു ചില്ലറ ചീത്തപ്പേരല്ല ഉണ്ടാക്കിയിരുന്നത്. ഐ.ജി.സത്യപാൽസിംഗിന്റെ ഒരു ലേഖനത്തിൽക്കണ്ടത് ഇങ്ങനെ:-
’The Asian Age’ newspaper (August 19, 2001) published a letter recovered from a fidayeen in an encounter with security forces deployed for the Amarnath Yatra. The letter reads 'We are fidayeen. I am a fidayeen and in the name of Allah we will continue to kill and be killed till such time we destroy India and we overcome India.'
ഇത്തരം തീവ്രവാദികൾക്കൊന്നും ശരാശരി മുസ്ലീം സമൂഹത്തിന്റെ യാതൊരു പിന്തുണയില്ല എന്നു ജനം മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ, മേൽപ്പറഞ്ഞമട്ടുള്ള വാർത്തകൾക്കു പ്രോത്സാഹനം കൊടുക്കണമായിരുന്നു. അല്ലാതെ ഭൂമികൈമാറ്റത്തിനെ എതിർക്കുന്ന അക്രമസമരങ്ങളെയല്ല പ്രോത്സാഹിപ്പിക്കേണ്ടിയിരുന്നത്. ദേശാഭിമാനി അതിനു തയ്യാറാകുമോ എന്നറിയാൻ ഉണ്ണിപ്പിള്ളയ്ക്ക് ആകാംക്ഷ തോന്നി.
കോടികൾ ചെലവിടുന്ന ഹജ്ജ് ഹൌസും ഹജ്ജു സബ്സിഡിയുമൊക്കെ നിലവിലിരിക്കെ - “ഭൂരിപക്ഷം” എന്നു വിളിച്ച് ആക്ഷേപിക്കപ്പെടുന്ന ഹിന്ദുക്കൾക്ക് - ഹജ്ജുപോലെ തന്നെ പ്രാധാന്യമുള്ള ഒരു തീർത്ഥാടനത്തിന് – അതും ഒരു മുസ്ലീം ഭൂരിപക്ഷപ്രദേശത്ത് – പ്രകൃതിദുരന്തങ്ങളിൽ നിന്നു രക്ഷപെടാനുള്ള താത്കാലിക സംവിധാനങ്ങൾ പോലും ഉണ്ടാക്കിയെടുക്കാൻ കഴിയാതെ വരിക എന്നത് - അതീവഗുരുതരമായ ഒരു അവസ്ഥാവിശേഷമാണ്. വോട്ടിൽ കണ്ണു വച്ച് എന്തുംചെയ്യാൻ മടിക്കാത്ത പ്രീണനരാഷ്ട്രീയക്കാർ ചേർന്നു സൃഷ്ടിക്കുന്ന അത്തരം സ്ഫോടനാത്മകമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വിടവുകൾ ചെറുതല്ല. അത്തരമൊരു അവസ്ഥാവിശേഷമുണ്ടാകാതിരിക്കുവാനായി സ്വമേധയാ മുന്നോട്ടുവന്നു പ്രവർത്തിക്കുവാനാണ് ചിന്താശേഷിയുള്ള ഏതൊരു മുസ്ലീമും ശ്രമിക്കേണ്ടത്. അങ്ങനെ മുന്നോട്ടുവരുന്നവരെ മാദ്ധ്യമങ്ങൾ എടുത്തുകാട്ടുകയും വേണം.
ദേശാഭിമാനിയിൽ അതു കണ്ടേക്കുമോ എന്നറിയാൻ ഉണ്ണിപ്പിള്ള ഒന്നു പരതി നോക്കി. ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടു.
തരിമ്പും നാണമില്ലല്ലോ എന്ന് ഓർത്തുപോയി!
തികച്ചും വർഗ്ഗീയമായ – അപകടകരവും അപലപനീയവുമായ നിലയിൽത്തന്നെ വർഗ്ഗീയമായ കാരണങ്ങളുടെ പേരിൽ മാത്രം അക്രമാസക്തമായ പ്രക്ഷോഭം നയിച്ച - തീവ്രവാദസ്വഭാവം പേറുന്ന - ചില മുസ്ലിം സംഘടനകളെ പരസ്യമായി അനുകൂലിച്ചുകൊണ്ടും അവർ നടത്തിയ അക്രമങ്ങളെ നിസാരവൽക്കരിച്ചും നിലപാടെടുക്കാൻ യാതൊരു മടിയുമില്ലാത്തൊരു പത്രം!
ശല്യം “ഞങ്ങൾ“ ഒഴിവാക്കിവിട്ടതായിരുന്നു – പക്ഷേ “സംഘപരിവാർ” അതുവീണ്ടും കുത്തിപ്പൊക്കി കുളമാക്കി എന്നു പരാതിപ്പെടുകയും ചെയ്യുന്നതുപോലെ തോന്നുന്നു.
മൊത്തത്തിൽ റിപ്പോർട്ടിങ്ങിന്റെ ഒരു ശൈലി അതുതന്നെയായിരുന്നു. ‘ജമ്മുവിലെ കലാപം കാശ്മീരിലേയ്ക്കും’ എന്നും മറ്റുമാണ് തലക്കെട്ടുകൾ തന്നെ!! അതായത് - ജമ്മുവിലാണ് കലാപം ആരംഭിച്ചതെന്ന്!!! മൂക്കത്തുവിരൽ വച്ചു പോകുകയാണ്!
ആദ്യഘട്ടത്തിൽ കശ്മീരിൽ മുസ്ലീം സംഘടനകൾ നടത്തിയ അക്രമാസക്തമായ പ്രക്ഷോഭത്തേപ്പറ്റി വിമർശനങ്ങളൊന്നുമില്ല. അത് വിജയം കണ്ട ഒരു ‘ജനകീയ’ പ്രക്ഷോഭം മാത്രം എന്ന മട്ട്!
പക്ഷേ, രണ്ടാം ഘട്ടത്തിൽ ജമ്മുവിൽ നടന്നതാവട്ടെ - കലാപം – അക്രമം – ആകെ ബഹളം!
ആ ഘട്ടത്തിൽ സമരം ചെയ്തതു ഹിന്ദുസംഘടനകളാണല്ലോ. ചില സംഘപരിവാർ സംഘടനകളുടെ പിന്തുണയുമുണ്ട്. അപ്പോൾ, ദേശാഭിമാനിയുടെ എഴുത്തിന്റെ ടോൺ മാറുന്നതിൽ അതിശയിക്കാനൊന്നുമില്ല..
ജമ്മുവിൽ ആളുകൾ കൊല്ലപ്പെടുന്നുവന്നതിലൊക്കെയായിരുന്നു പരിഭവം! കശ്മീരിൽ അതിനേക്കാൾക്കൂടുതൽ പേർ കൊല്ലപ്പെട്ട ആദ്യഘട്ടത്തേപ്പറ്റി അഭിമാനവും!
ആരൊക്കെയാണു പോലും ജമ്മുവിൽ കൊല്ലപ്പെട്ടത്? ചത്താലും കശ്മീരികൾ സ്ഥലം വിട്ടുകൊടുക്കില്ലെന്നു പാർലമെന്റിൽ പ്രസംഗിച്ച ഒമർ അബ്ദുല്ലയുടെ നിലപാടിന് ചത്തുകാണിച്ചുകൊണ്ട് മറുപടി കൊടുത്ത ‘കുൽദീപ് കുമാർ ദോഗ്ര ‘ എന്നയാളാണ് അവരിലൊരാൾ!
വികാരനിർഭരമായ ഒരു പ്രസംഗത്തിനു ശേഷം വിഷം കഴിച്ച് അദ്ദേഹം ആത്മഹത്യ ചെയ്യുകയാണുണ്ടായത്. മതപീഢനവും വിവേചനവും നടക്കുന്നുവെന്നു തോന്നിയാൽ അതിൽ നിന്നു രക്ഷപെടാൻ മതപരിവർത്തനം മാത്രമല്ല, മരണമെന്ന മറ്റൊരു വഴികൂടിയുണ്ടെന്നു വിശ്വസിച്ചൊരാൾ! പിന്നെ, പോലീസിന്റെ വെടിയേറ്റു മരിച്ച ചിലരും. ഇവരൊക്കെത്തന്നെയാണു കൊല്ലപ്പെട്ടത്. പിന്നീട് കമൽജിത് സിംഗ് എന്നൊരു യുവാവും ആത്മഹത്യക്കു ശ്രമിച്ചെങ്കിലും രക്ഷപെട്ടു. എന്തായാലും, ദേശാഭിമാനിയുടെ കാഴ്ചപ്പാടിൽ, കലാപം “സൃഷ്ടിച്ച”വരുടെ കൂട്ടത്തിൽത്തന്നെയാവണം കുൽദീപിന്റെയും കമൽജിത്തിന്റെയുമൊക്കെ സ്ഥാനം!
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
അപ്പോളാണ് രണ്ടു പോലീസുകാർ കൊല്ലപ്പെട്ടുവെന്ന വാർത്തവന്നത്. സമരക്കാരല്ലാതെ ആരെങ്കിലും മരിക്കുന്നത് ആദ്യമാണ്. അതു കേട്ടപ്പോൾ ഉണ്ണിപ്പിള്ള ദേശാഭിമാനിയിൽപ്പോയി നോക്കി. അവർ ഹിന്ദുസംഘടനകളെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ടും “വർഗീയത”യ്ക്കെതിരെ ഘോരഘോരം പ്രസംഗിച്ചുകൊണ്ടും ഒന്നു രണ്ടു പുറങ്ങൾ നിറച്ച് എഴുതിയിട്ടുണ്ടാവുമെന്നാണു കരുതിയത്.
പക്ഷേ..
നോക്കിയപ്പോൾ .... അതേപ്പറ്റി മിണ്ടിയിട്ടേയില്ല!
അത്ഭുതകരമായ മൌനത്തിനു കാരണമെന്തെന്നറിയാൻ മറ്റു പത്രങ്ങൾ പരതി. അപ്പോളാണു കാര്യം മനസ്സിലായത്. കശ്മീരിലെ സമരക്കാർ ഒരു മൂന്നാം ഘട്ടം തുടങ്ങിക്കഴിഞ്ഞു! ജമ്മുവിൽ മുസ്ലീങ്ങൾ ആക്രമിക്കപ്പെടുന്നുവെന്ന് “ആരോപിച്ച്”അവർ തെരുവിലിറങ്ങിയിരിക്കുന്നു. ഹുറിയത്ത്, പി.ഡി.പി. തുടങ്ങിയവർ തന്നെ ഇക്കുറിയും. സഖാക്കളും കൂടെയുണ്ടോ എന്നറിയില്ല. എന്തായാലും ആദ്യദിനം തന്നെ രണ്ടുപോലീസുകാരെ തല്ലിക്കൊന്ന് തുടക്കമിട്ടിട്ടുണ്ട്.
ദേശാഭിമാനി അതു റിപ്പോർട്ടു ചെയ്യുമോ? നല്ല കഥയായി!
പോലീസിനെ കൊന്ന പുതിയ സമരത്തിന്റെ പിന്നിലെ രഹസ്യമെന്തെന്ന് വളരെ വ്യക്തമാണ്.
ജമ്മുവിലെ സമരക്കാർ പോലീസുമായി മാത്രമാണ് ഏറ്റുമുട്ടിയത്. സർക്കാറിനെതിരെ തന്നെയാണ് അവരും പ്രതിഷേധിക്കുന്നത്. അല്ലാതെ മുസ്ലീങ്ങൾക്കെതിരെയല്ല. പക്ഷേ, അതും പറഞ്ഞിരുന്നാൽ ശരിയാവില്ലെന്ന് ഹുറിയത്ത് - പി.ഡി.പി. - മാർക്സിസ്റ്റ് അച്ചുതണ്ടിന് നന്നായി അറിയാം. ജമ്മുവിലെ രണ്ടാം ഘട്ട സമരത്തിന്റെ സമ്മർദ്ദത്തേത്തുടർന്ന് ഗവണ്മെന്റ് വീണ്ടും തീരുമാനം മാറ്റിയാലോ എന്നവർ ഭയക്കുന്നു. ചത്താലും ഭൂമി വിട്ടുകൊടുക്കില്ല എന്ന നിലപാടുള്ള അവർ, തൽക്കാലം നിർത്തിവച്ചിരുന്ന അക്രമസമരം പുനരാരംഭിച്ചതാണ് ഇപ്പോൾ കാണുന്നത്. പക്ഷേ, ഗവണ്മെന്റ് അങ്ങനെയൊരു തീരുമാനം ഇനിയും പ്രഖ്യാപിക്കാത്ത സ്ഥിതിയ്ക്ക്, സമ്മർദ്ദം ചെലുത്താൻ അഡ്വാൻസായി സമരം ചെയ്യുന്നു എന്നു പറയുന്നതു നാണക്കേടാണെന്നിരിക്കെ, അവർക്ക് സമരം പുനരാരംഭിക്കാൻ എന്തെങ്കിലുമൊരു കാരണം വേണമായിരുന്നു. അങ്ങനെയൊരെണ്ണം കണ്ടുപിടിച്ചു. ജമ്മുവിൽ മുസ്ലീങ്ങൾ ആക്രമിക്കപ്പെടുന്നതിനെതിരെ പ്രക്ഷോഭം! നല്ല കഥയായി! എന്തായാലും കാശ്മീരി സഖാക്കന്മാർക്ക് വീണ്ടും മെനക്കേടായി. ഇങ്ങു തെക്ക് അതൊക്കെ ആവേശപൂർവ്വം റിപ്പോർട്ടു ചെയ്യാനിരിക്കുന്ന ദേശാഭിമാനി ലേഖകന്മാർക്കും..
താഴ്‌വരയിലെ മുസ്ലീം പ്രക്ഷോഭകരുമായി സംസാരിക്കുന്നതിനായി ഒരു സംഘപരിവാർ സംഘടനയായ ‘രാഷ്ട്രവാദി മുസ്ലിം മ’ഞ്ചിന്റെ പ്രതിനിധിസംഘം പുറപ്പെട്ടിട്ടുണ്ടെന്നു കേൾക്കുന്നു. “മുസ്ലീം വേഷധാരികളായ സംഘപരിവാർ പ്രവർത്തകർ താഴ്‌വരയിൽ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു” എന്നോ മറ്റോ ഒരു വാർത്ത ദേശാഭിമാനിയിൽ ഉടനേ പ്രതീക്ഷിക്കാം എന്നു കരുതി ഉണ്ണിപ്പിള്ള. സംഘമെന്നോ സംഘപരിവാറെന്നോ പറഞ്ഞാൽ എന്താണെന്ന് യാതൊരു വിവരവുമില്ലാത്ത ഒരു കൂട്ടം എഴുത്തുകാർ!
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ചിന്താഭൂതം വീണ്ടും ഉണ്ണിപ്പിള്ളയെ പിടികൂടി.
ഒരു ചോദ്യം മനസ്സിൽക്കിടന്നു വല്ലാതെ കറങ്ങുന്നു.
അമർനാഥ് വിഷയത്തിൽ, കാര്യങ്ങളുടെ കിടപ്പു വളരെ വ്യക്തമാണ്. തീർത്ഥാടകർക്കു ചില സൌകര്യങ്ങളൊക്കെ ചെയ്തുകൊടുക്കാനുള്ള തീരുമാനം തികച്ചും നിസാരവും നിർദ്ദോഷവുമായ ഒന്നാണ്. കശ്മീരിലുള്ളവരെ ഒരു തരത്തിലും അതു ദോഷകരമായി ബാധിക്കില്ല. ഹിന്ദുക്കളുടെ മാത്രമല്ല – മുസ്ലീങ്ങളുടെ പിന്തുണയും അതിനുണ്ട്.
പക്ഷേ ചിലർ എതിർക്കുന്നു.
കടുത്ത നിലപാടുകൾക്കു കുപ്രസിദ്ധരായ ഹുറിയത്ത് കോൺഫ്രൻസും പി.ഡി.പി.യുമൊക്കെയാണ് എതിർക്കുന്നത്.
മാർക്സിസ്റ്റുകൾ അവരുടെ കൂടെയാണു നിലയുറപ്പിച്ചിരിക്കുന്നത്.
അത്തരമൊരു നിലപാടെടുക്കാൻ മാർക്സിസ്റ്റുകളെ പ്രേരിപ്പിക്കുന്ന യഥാർത്ഥ ഘടകം എന്തായിരിക്കും?
അപ്പോൾ, മൌലികവാദിമുസ്ലീങ്ങളാണോ അതോ മര്യാദക്കാരായ മുസ്ലീങ്ങളാണോ എണ്ണത്തിൽക്കൂടുതൽ? എണ്ണത്തിൽക്കൂടുതലുള്ളവരെ സ്വാധീനിക്കാനാവുമല്ലോ രാഷ്ട്രീയക്കാർക്കു താല്പര്യം. വോട്ടെണ്ണുമ്പോൾ, അവയുടെ എണ്ണത്തിനു മാത്രമാണല്ലോ പ്രാധാന്യം. ആരാണു ചെയ്യുന്നതെന്നതനുസരിച്ച് മൂല്യത്തിനു വ്യത്യാസമൊന്നുമില്ലല്ലോ.
അപ്പോൾ, മുസ്ലീങ്ങളിൽ ഭൂരിഭാഗവും മൌലികവാദികളാണെന്നാണോ മനസ്സിലാക്കേണ്ടത്? അല്ലെങ്കിൽപ്പിന്നെയെന്തിനാണ് പച്ചയായ മതമൌലികവാദച്ചുവയുള്ള ഇത്തരം ന്യായങ്ങൾക്കു വേണ്ടി വാദിച്ചുകൊണ്ട് മാർക്സിസ്റ്റുപാർട്ടി ഇങ്ങനെ കിടന്നു മസിലു പിടിക്കുന്നത്? വോട്ടിന്റെ കണക്കിൽ അപ്പോൾ അതാണു ലാഭം എന്നല്ലേ സൂചന? മര്യാദക്കാർ അകന്നു നിന്നാലും മറ്റുള്ളവരാണു ഭൂരിപക്ഷമെന്നതിനാൽ വോട്ടു കൂടുതൽ കിട്ടുമെന്ന ലാഭം . അങ്ങനെ വരുമോ? മറ്റുള്ളവർക്കാണു ഭൂരിപക്ഷമെങ്കിൽ അത്തരക്കാരെ സ്വാധീനിക്കാനും പ്രീണിപ്പിക്കാനുമല്ലേ സി.പി.എം. ശ്രമിക്കേണ്ടത്?
അതല്ലെങ്കിൽപ്പിന്നെ വേറേ ഒരൊറ്റ ന്യായമേയുള്ളൂ. മുസ്ലീങ്ങളിൽ ഭൂരിഭാഗവും മര്യാദക്കാർ തന്നെയാണ് ആ മര്യാദാബോധത്തിന്റെ കാരണം കൊണ്ടുതന്നെ, മാർക്സിസ്റ്റുപാർട്ടിപോലെ സർവത്ര അക്രമമയമായ ഒരു പാർട്ടിയെ അവർ ഏഴയലത്ത് അടുപ്പിക്കില്ല. ശക്തമായ മതബോധമുള്ള ആ സമൂഹത്തിൽ. മാർക്സിസ്റ്റുകളേപ്പോലുള്ള മതവിരുദ്ധർക്ക് യാതൊരു സ്ഥാനവുമില്ല. അപ്പോൾ, ആ വോട്ടുകൾ എന്തായാലും ഒരിക്കലും കിട്ടാൻ പോകുന്നില്ലെന്ന് മാർക്സിസ്റ്റുകൾക്ക് ഉത്തമബോദ്ധ്യമുണ്ട്. പിന്നെ ആകെയുള്ള മാർഗ്ഗമെന്നത് എണ്ണത്തിൽക്കുറവെങ്കിലും ബാക്കിയുള്ള മൌലികവാദികളെയെങ്കിലും സ്വാധീനിച്ചുവശത്താക്കുക എന്നതാണ്. കിട്ടാത്തതു പോകട്ടെ – കിട്ടുന്നതാവട്ടെ - എന്ന മട്ട്.
അപ്പോൾ അതുകൊണ്ടായിരിക്കണം നഗ്നമായ ഈ മുസ്ളിംമൌലികവാദപ്രീണനം!
ആണവക്കരാറിലും അയോദ്ധ്യയിലും സദ്ദാം വധത്തിലും ഇറാന്റെ അണുപരീക്ഷണത്തിലുമെന്നു വേണ്ട – ഇവിടെ നടന്ന സകലകാര്യങ്ങളിലും ഇതേ നയം തന്നെയാണ് അവർ അനുവർത്തിച്ചുകണ്ടിട്ടുള്ളത്.
രാജ്യത്തെ ജനങ്ങളോട് യാതൊരു പ്രതിബദ്ധയുമില്ലാതെ, മുസ്ലീങ്ങളെയാണെങ്കിൽത്തന്നെ സഹായിക്കണമെന്നു യാതൊരു ഉദ്ദേശവുമില്ലാതെ, മതമൌലികവാദത്തെ മാത്രം പച്ചയ്ക്കു പിന്തുണയ്ക്കാൻ ഇത്രയ്ക്കു മടിയില്ലാത്ത ഒരു പാർട്ടി!
ആത്മാഭിമാനമുള്ള ഒരാളെങ്കിലും പുറത്തുപോകാതെ ഇനിയും അവശേഷിക്കുന്നുവെങ്കിൽ, അഭിനന്ദിക്കേണ്ടത് അവരുടെ തൊലിക്കട്ടിയെയോ അതോ അടിമത്തബോധത്തെയോ എന്തോ?
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
അമർനാഥ് വാർത്തകളൊന്നും ഇനിയെന്തായാലും വായിക്കുന്നില്ലെന്നു വീണ്ടും തീരുമാനിച്ച് ഉണ്ണിപ്പിള്ള പത്രത്തിന്റെ താളുകൾ ധൃതിയിൽ മറിച്ചു.
പ്രകാശ് കാരാട്ടിന്റെ പുതിയൊരു പ്രസ്താവന കൊടുത്തിരിക്കുന്നതു കണ്ണിൽപ്പെട്ടു – “ ‘മതേതര’സർക്കാർ അധികാരത്തിൽ വരും...കാരാട്ട്”
“മതേതരത്വം!“
പൊട്ടിച്ചിരിച്ചുപോയി. ഉറക്കെയുറക്കെ!
തുറന്നു ചിരിക്കുന്നതിനിടെ ആകെപ്പാടെ പൊടിയും പുകയുമെല്ലാം, വായിൽക്കയറി. രാഷ്ട്രീയത്തിൽ മാത്രമല്ല, അന്തരീക്ഷത്തിൽ മൊത്തത്തിലും മലിനീകരണം വല്ലാതെ കൂടുതലാണ് ഈയിടെയായി.
ത്ഫൂ.......
ഉണ്ണിപ്പിള്ള ഉറക്കെ കാറിത്തുപ്പി.