July 20, 2008

സോമനാഥ് ചാറ്റർജീ, സ്മരണ വേണം – വിമോചനസമരകാലത്തെ ഈ വിവാഹഫോട്ടോ!

പ്രിയ സോമനാഥ്‌ ചാറ്റർജീ,

ചില പഴയകാര്യങ്ങൾ ഓർമ്മിപ്പിക്കാതെ വയ്യ എന്നു തോന്നുന്നു.

തീരുമാനങ്ങൾ അടിച്ചേൽ‌പ്പിക്കപ്പെടുന്ന സി.പി.എം. ശൈലി പഴയതുപോലെ ഫലിക്കാതാകുന്നത്‌ ഇപ്പോളൊരു വാർത്തയൊന്നുമല്ല. സാധാരണപ്രവർത്തകർ പോലും പാർട്ടിനേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കാൻ മടിക്കാത്ത ഈ കാലത്ത്‌ താങ്കളേപ്പോലൊരു മുതിർന്നനേതാവും അത്തരമൊരു തന്റേടം പ്രകടിപ്പിക്കുന്നെങ്കിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. രാജിവയ്ക്കില്ല എന്ന കടും‌പിടുത്തവും മനസ്സിലായി. പക്ഷേ അതിനു കണ്ടുപിടിച്ച കാരണമാണു മനസ്സിലാകാത്തത്‌. ബി.ജെ.പി.യുമായിച്ചേർന്ന്‌ വോട്ടുചെയ്യാൻ ബുദ്ധിമുട്ടുണ്ടത്രേ!

താ‌ങ്കൾ കസേരയിൽ കടിച്ചുതൂങ്ങുകയാണെന്ന തോന്നലൊഴിവാകണമെങ്കിൽ ശക്തമായ എന്തെങ്കിലും ന്യായീകരണം വേണം. പക്ഷേ ഇതിപ്പോൾ രാജാവിനേക്കാൾ വലിയ രാജഭക്തികാണിക്കുന്ന മട്ടിൽ, കാരാട്ടിനും കൂട്ടാളികൾക്കുമില്ലാത്ത കടും‌പിടുത്തം പ്രദർശിപ്പിക്കുമ്പോൾ, ആ ന്യായീകരണം തീരെ വിശ്വസനീയമല്ലാതാകുന്നുവല്ലോ.

ബി.ജെ.പി.യുമായി ആശയപരമായോ അല്ലാതെയോ ഉള്ള എന്തെങ്കിലുമൊരു പൊരുത്തപ്പെടലല്ല ഇവിടെ സംഭവിക്കുന്നതെന്നും സർക്കാരിനെതിരെ വോട്ടുചെയ്യുമ്പോൾ അതേ നിലപാടെടുക്കുന്ന മറ്റു പലരും ഉണ്ടാ‍യേക്കും എന്ന സാങ്കേതികതമാത്രമേ ഉള്ളൂ എന്നും അല്പമെങ്കിലും രാഷ്ട്രീയപരിജ്ഞാനമുള്ള ഏതൊരാൾക്കും അറിയാം. (ഒരു വശത്ത്‌ സ്വന്തം രാജ്യത്തെ ഒറ്റു കൊടുത്തും ചൈനയ്ക്കുവേണ്ടി ജീവൻ കളയുന്നവർ. മറുവശത്ത് മാതൃരാജ്യത്തിനു വേണ്ടി ജീവൻ കളയുന്നവരും. അവർ തമ്മിൽ എങ്ങനെ യോജിക്കുമെന്നാണ്?) എൺപതിനോടടുത്തു പ്രായമുള്ള താങ്കൾ അങ്ങനെയൊരു ദുർബലന്യായീകരണം കണ്ടെത്തിയതു ബുദ്ധിമോശമായിപ്പോയി.

ഇയൊരവസരത്തിൽ എല്ലാവരും ഒരു പക്ഷേ താങ്കളോടുചോദിച്ചേക്കുക വി.പി.സിംഗ്‌ ഗവണ്മെന്റിന്റെ കാലത്തേക്കുറിച്ചായിരിക്കും. അന്ന്‌ ഇടതുപക്ഷവും ബി.ജെ.പി.യും ഒരുമിച്ചു നിന്ന്‌ ഗവണ്മെന്റിനു പുറത്തുനിന്നു പിന്തുണനൽകിയില്ലേ – അന്നു താങ്കളുടെ നിലപാടെന്തായിരുന്നു – എന്നൊക്കെ.

അതുപക്ഷേ നിസാരമായൊരു ഉദാഹരണമാണെന്നാണ് എനിക്കു പറയാനുള്ളത്‌. അവസരവാദരാഷ്ട്രീയത്തിന്റെ ആൾ‌രൂപങ്ങളാണ് ഇടതുപക്ഷം എന്നു തെളിയിക്കുന്ന വേറേയും ഉദാഹരണങ്ങളുണ്ട്‌. പുറത്തുനിന്നു മൂന്നാമതൊരാളെ പിന്തുണച്ചതു മാത്രമല്ല – അകത്തുനിന്ന്‌ ഒരുമിച്ചു ഭരിച്ചിരുന്നതിന്റെ വരെ ഉദാഹരണങ്ങൾ!

ബി.ജെ.പി.യുടെ വളർച്ചയുടെ ചരിത്രം ആരംഭകാലം മുതലേ പരിശോധിച്ചാൽ - ആദിമരൂപമെന്നു വിളിക്കാവുന്ന ജനസംഘത്തിന്റെ കാലം തൊട്ടു പരിശോധിച്ചാൽ - കൌതുകകരമായൊരു കാര്യം കാണാൻ സാധിക്കും.

ഇപ്പോൾ നിങ്ങൾ അയിത്തം കല്പിക്കുന്ന കക്ഷികളെ അവരുടെ ചരിത്രത്തിലാദ്യമായി മുന്നണിരാഷ്ട്രീയത്തിലേക്കു പിടിച്ചുകൊണ്ടുവന്നത്‌ നിങ്ങൾ - കമ്മ്യൂണിസ്റ്റുകൾ - തന്നെയായിരുന്നു! അവർക്ക്‌ പിന്തുണകൊടുത്തുകൊണ്ട്‌ ഏതാണ്ട്‌ നിർബന്ധപൂർവ്വമെന്നോണം അധികാരം പിടിച്ചേൽ‌പ്പിച്ചു എന്നു തന്നെ പറയാവുന്ന വിധം. ഇന്നുള്ളതുപോലെ ഒരു അയിത്തപ്രഖ്യാപനം നിലനിൽക്കെത്തന്നെയാണു തീരുമാനങ്ങളുണ്ടായത്‌ എന്നിടത്താണ് അവസരവാദത്തിന്റെ ആഴം വ്യക്തമാകുന്നത്‌.

അഞ്ചുപതിറ്റാണ്ടോളം മുമ്പാണത്‌. 1958-ൽ ഡൽഹി കോർപ്പറേഷനിലേയ്ക്ക്‌ നടാടെ നടന്ന തെരഞ്ഞെടുപ്പിനുശേഷം.

കോൺഗ്രസിന് 27 സീറ്റ്‌. ജനസംഘത്തിന് 25. അവിഭക്തകമ്മ്യൂണിസ്റ്റു പാർട്ടിയ്ക്ക്‌ 8. ജനസംഘത്തിനെ “അകറ്റി നിർത്തണ“മെന്നും പറഞ്ഞ്‌ ഇന്നത്തെപ്പോലെ തന്നെ അന്നും കമ്മ്യൂണിസ്റ്റുകൾ കോൺഗ്രസിനെ പിന്തുണച്ചു. കൂട്ടത്തിൽ ഒരു ഉപാധിയും വച്ചു. ആദ്യത്തെ ഡൽഹി മേയർ എന്ന പദവി ഒരു കമ്മ്യൂണിസ്റ്റുകാരിക്കു വേണം. അരുണാ ആസിഫ്‌ അലിയ്ക്ക്‌. കോൺഗ്രസ്‌ സമ്മതിക്കുകയും ചെയ്തു.

പക്ഷേ, ഒരുകൊല്ലത്തിനകം തന്നെ വിവാഹബന്ധം വേർപെടുത്തേണ്ടിവന്നു. ഇന്നത്തെ യു.പി.എ. പോലെ തന്നെ അന്നും പരസ്പരം മുന്നണിപ്രശ്നങ്ങൾ ചർച്ച ചെയ്യലല്ലാതെ ഭരണമൊന്നും നടന്നിരുന്നില്ല. ഓരോ ദിവസവും തമ്മിലടി രൂക്ഷമായിക്കൊണ്ടിരുന്നു. ഒടുവിൽ, ഇങ്ങു കേരളത്തിൽ നിലവിലുണ്ടായിരുന്ന ഇ.എം.എസ്‌.ഗവണ്മെന്റിനെ വിമോചനസമരത്തേത്തുടർന്ന്‌ നെഹൃമന്ത്രിസഭ പിരിച്ചുവിടുക കൂടി ചെയ്തപ്പോൾ പൂർണ്ണമായി.

ഉടൻ തന്നെ ചിത്രം തിരിഞ്ഞു. കോൺഗ്രസിനെ എന്തുവിലകൊടുത്തും തോൽ‌പ്പിക്കണമെന്നായി. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി ചിത്രീകരിച്ചിരുന്ന ജനസംഘവുമായി പന്തീഭോജനമൊക്കെ ആവാം എന്ന നിലപാടായി. കോൺഗ്രസിനു കൊടുത്തിരുന്ന പിന്തുണ പിൻ‌വലിച്ച്‌ നേരേ ജനസംഘത്തിനു കൊടുത്തു.

അപ്പോളും അധികാരം കൈവിട്ടുകളിക്കാതിരിക്കാൻ സൂക്ഷിച്ചു എന്നതും ശ്രദ്ധേയമാണ്. അരുണ ആസിഫ്‌ അലിയെ മേയറാക്കി നിലനിർത്തണം എന്നതായിരുന്നു മുഖ്യ ഉപാധി. ഏതുസമയവും മാറാവുന്ന നിലപാടുകളുള്ളവർ എന്ന നിലയിൽമാത്രം കമ്മ്യുണിസ്റ്റുകളെ വീക്ഷിച്ചുകൊണ്ട്‌ കരുതലോടെ നീങ്ങിയ ജനസംഘം, ലിഖിതമായ ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽമാത്രമേ മുന്നണിബന്ധത്തിനു താല്പര്യമുള്ളൂ എന്നു വ്യക്തമാക്കി. അങ്ങനെ, മേയർ - ഡെപ്യൂട്ടിമേയർ പദവികൾ ഇരുകക്ഷികൾക്കും മാറിമാറിവരും എന്ന വ്യവസ്ഥയിന്മേൽ കമ്മ്യൂണിസ്റ്റുപാർട്ടിയും ജനസംഘവും ചേർന്ന്‌ ഡൽഹിഭരിച്ചു. പിന്നീട്‌ ബി.ജെ.പി.യിലെ പ്രമുഖനേതാവായി മാറിയ കേദാർനാഥ്‌സാഹ്‌നിയായിരുന്നു ആദ്യത്തെ ഡപ്യൂട്ടി മേയർ.

ഏഴെട്ടുകൊല്ലത്തിനുശേഷം ബീഹാർ അസംബ്ലിയിലും ഒരു കമ്മ്യൂണിസ്റ്റ്‌ – ജനസംഘം കൂട്ടുകെട്ട്‌ ഉണ്ടായിരുന്നു.

അപ്പോൾ ചുരുക്കമിതാണ് ശ്രീ. ചാറ്റർജീ. കമ്മ്യൂണിസ്റ്റുകൾ ഇപ്പോൾ തൊട്ടുകൂടാത്തവരായി പ്രഖ്യാപിച്ചിരിക്കുന്നവരെ ആദ്യം കെട്ടിപ്പിടിച്ചത്‌ നിങ്ങൾ കമ്മ്യൂണിസ്റ്റുകൾ തന്നെയാണ്.

എന്തായാലും നിങ്ങൾ നൽകിവിട്ട തുടക്കം മോശമായില്ല. ഒരു മുന്നണി സംവിധാനത്തിൽ മികച്ചഭരണം കാഴ്ചവയ്ക്കേണ്ടതെങ്ങനെയെന്ന്‌ ബി.ജെ.പി. തെളിയിച്ചു തന്നില്ലേ‌? കേന്ദ്രത്തിൽ ഒരു കോൺഗ്രസിതരമുന്നണിഗവണ്മെന്റ്‌ കാലാവധി തികയ്ക്കുന്നത്‌ ആകെ ഒരിക്കലേ സംഭവിച്ചിട്ടുള്ളു. അതു കഴിഞ്ഞതവണയാണ്. അതിനെ നയിച്ചത്‌ അവരാണ്.

ബി.ജെ.പി.യെ എങ്ങനെയും ഒഴിവാക്കുക എന്ന ഒരേയൊരു അജണ്ടയുമായി തട്ടിക്കൂട്ടിയ യു.പി.എ. മുന്നണിയേക്കാൾ എത്രയോ മടങ്ങു ഭേദമായിരുന്നു ദേശീയജനാധിപത്യസഖ്യം? അല്ല – അതേപ്പറ്റി വിശദീകരിക്കേണ്ടതില്ല. മുന്നണിഭരണത്തിന്റെ കാര്യത്തിൽ ബി.ജെ.പി.യാണു ഭേദം എന്നു താങ്കളുടെ പാർട്ടിതന്നെ തുറന്നംഗീകരിച്ചിട്ടുണ്ട്‌. 2007 ഒക്റ്റോബറിൽ നടന്ന ഒരു യു.പി.എ.-ഇടത്‌ ഏകോപനസമിതിയോഗത്തിൽ യെച്ചൂരിയും കാരാട്ടുമൊക്കെ കോൺഗ്രസിനോടാവശ്യപ്പെട്ടത്‌ ‘ഘടകകക്ഷികളുടെ താത്പര്യങ്ങൾക്കു വിലകല്പിക്കുന്നതുപോലുള്ള മുന്നണിമര്യാദകൾ ബി.ജെ.പി.യിൽ നിന്നു പഠിക്കൂ‘ എന്നാണ്.

പിന്നെ, തന്റെ തീരുമാനത്തെ ന്യായീകരിക്കുന്നതിനിടയിൽ സ്പീക്കറുടെ ഓഫീസിന്റെ നിഷ്പക്ഷതയേപ്പറ്റിയൊക്കെ താങ്കൾ പറയുന്നതായി വായിച്ചു. ഇതാണോ നിഷ്പക്ഷത? ഒരു പാർട്ടിയോടൊപ്പം സാങ്കേതികമായിപ്പോലും ഒരുമിച്ചുനിൽക്കാനാവില്ല എന്നു തുറന്നുപ്രഖ്യാപിക്കുന്നതായിരിക്കും നിഷ്‌പക്ഷത!

സ്പീക്കറുടെ അധികാരങ്ങൾ വ്യത്യസ്തമാണെങ്കിലും ‘പാർലമെന്ററി വ്യാമോഹം‘ എന്ന പദം തന്നെയാണ് ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ. പാർലമെന്റിലാണു താങ്കളുടെ പ്രകടനം എന്നത്‌ ഒരു കാരണം. ബംഗാളിൽ പഞ്ചായത്തു-മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ പാർട്ടി പരാജയം നേരിടാൻ കാരണം നേതാക്കൾക്കിടയിൽ പാർലമെന്ററി വ്യാമോഹം വർദ്ധിച്ചതാണെന്ന (സിംഗൂരും നന്ദിഗ്രാമുമൊന്നും ആരും അറിഞ്ഞിട്ടുകൂടിയില്ല!) വിലയിരുത്തൽ പുറത്തുവന്നത്‌ മറ്റൊരു കാരണം.

ഇന്നലെവരെ സർക്കാരിനെ എതിർത്തിരുന്നവരായ എസ്‌.പി.യും മറ്റും മലക്കം മറിയുന്നതിനു പിന്നിലും “വർഗ്ഗീയത“യ്ക്കെതിരേയുള്ള പ്രതിബദ്ധതയാണെന്നാണല്ലോ വയ്പ്പ്‌. അതേ പ്രതിബദ്ധതയായിരിക്കും ഒരു പക്ഷേ താങ്കളും അവകാശപ്പെടാൻ പോകുന്നത്‌. എന്നാൽ, ഭാരതത്തിൽ ഏറ്റവുമധികം അപകടകരമായ വർഗ്ഗീയപ്രവണതകളുള്ള പാർട്ടി താങ്കളുടേതാണ് എന്നതാണൊരു വൈരുദ്ധ്യം.

ഹിന്ദുസമൂഹത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പരാതികളേയും മറ്റും അനുഭാവപൂർവ്വം സമീപിക്കുന്നതിൽ മടിയൊട്ടുമില്ലാത്ത പാർട്ടിതന്നെയാണു ബി.ജെ.പി. അതിനു യാതൊരു സംശയവുമില്ല. താങ്കൾക്കതൊക്കെ ‘വർഗ്ഗീയ’മാണെങ്കിൽ മാറി നിൽക്കുന്നതു തന്നെയാണു നല്ലത്‌.

പക്ഷേ, താങ്കളുടെ പിതാവ്‌ നിർമൽ ചന്ദ്ര ചാറ്റർജി ബംഗാൾഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷനും അഖിലഭാരതീയഹിന്ദുമഹാസഭയുടെ ‌ഉപാദ്ധ്യക്ഷനുമായിരുന്നു എന്നതുകൂടി ഇവിടെപ്പറയാതെ വയ്യ.

എന്നുവച്ച്‌ അത്‌ ജനസംഘവുമായുള്ള അടുപ്പമാണു കാണിക്കുന്നത്‌ എന്നുമല്ല പറയുന്നത്‌. ജനസംഘത്തെ എതിർത്തിരുന്നവരുടെ ചേരിയിലായിരുന്നു മഹാസഭ. മുസ്ലീം പ്രാതിനിധ്യം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതിനേത്തുടർന്ന്‌ സഭയുമായി അകന്ന ശ്യാമപ്രസാദ്‌ മുഖർജിയാണ് ജനസംഘം ആരംഭിച്ചത്‌ എന്നത്‌ മറ്റൊരു വൈരുദ്ധ്യം!

എല്ലാം വെറുതെയൊന്ന്‌ ഓർമ്മിപ്പിക്കുന്നുവെന്നേയുള്ളൂ ചാറ്റർജീ. എല്ലാത്തരം കാപട്യങ്ങളും കൂസിസത്തിന്റെ പരിധിയിൽ വരില്ലെങ്കിലും, അറിയപ്പെടുന്ന കൂസിസ്റ്റുകളുടെ എല്ലാ പ്രവൃത്തികളിലും കാപട്യത്തിന്റെ അംശമുണ്ടായിരിക്കുമെന്നു തന്നെയാണ് താങ്കളും തെളിയിക്കുന്നത്‌. ചില ഓർമ്മപ്പെടുത്തലുകൾ അത്യാവശ്യമാണെന്നു തോന്നിയതുകൊണ്ടു പറഞ്ഞുവെന്നേയുള്ളൂ.

ബി.ജെ.പി.യെ ആക്ഷേപിക്കുന്നതു താങ്കൾ അവസാനിപ്പിക്കണമെന്നാണു പറഞ്ഞുവരുന്നത്‌ എന്നു തെറ്റിദ്ധരിക്കരുതെന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

അവരെ ആക്ഷേപിക്കുന്നതും അയിത്തം പ്രഖ്യാപിക്കുന്നതും ഉത്സാഹപൂർവ്വം തുടരുക. കാരണം, ഇത്തരം ആക്ഷേപങ്ങളും അടിച്ചമർത്തൽ ശ്രമങ്ങളും ചെറുത്തുനിൽക്കേണ്ടിവരിക എന്നതാണ് അവരുടെ വളർച്ചയിലെ വലിയ ഊർജ്ജസ്രോതസ്സുകളിലൊന്ന്‌.

അവർ ഇനിയുമിനിയും വളരട്ടെ.

നിങ്ങളെല്ലാവരും ഇവിടെ ചൈനയ്ക്കും അമേരിക്കയ്ക്കും ഇറാനും ഇസ്രായേലിനുമൊക്കെയിടയ്ക്കു കിടന്നു പോർവിളിമുഴക്കുന്നതിനിടയിൽ, ഭാരതത്തേപ്പറ്റി ആശങ്കപ്പെടാനും ആരെങ്കിലും വേണമല്ലോ.

സ്നേഹപൂർവ്വം,ഉണ്ണിപ്പിള്ള.

July 06, 2008

‘മയ’മില്ലാത്ത ധീരൻ - ഒരു ബദൽ പാഠപുസ്തകം – സാമ്രാജ്യത്വസമക്ഷം!

തവളക്കുഴി
2008 ജൂലൈ ഏഴ്‌.

അമേരിക്കൻ സാമ്രാജ്യത്വഗൂഢാലോചനക്കാരുടെ കേരളഘടകം അദ്ധ്യക്ഷ(ൻ) അറിയുന്നതിന് തവളക്കുഴി സ്വദേശിയും ചില്ലറ പ്രാരാബ്ദ്ധക്കാരനും ഡോളറിന് ആവശ്യക്കാരനുമായ ഉണ്ണിപ്പിള്ള എഴുതുന്നത് :-

ശ്രീമാൻ/ശ്രീമതി സാമ്രാജ്യത്വം,

ഒരു അപരിചിതന്റെ കത്താണെങ്കിൽ‌പ്പോലും ഒരു അത്യാവശ്യഘട്ടത്തിൽ എഴുതുന്നത് എന്ന നിലയ്ക്ക് ഇതിന് അടിയന്തിരപരിഗണ കൊടുക്കണമെന്ന് ആദ്യം തന്നെ അഭ്യർത്ഥിച്ചുകൊള്ളട്ടെ.

കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ നടക്കുന്ന ഓരോ നീക്കത്തിനു പിന്നിലും അമേരിക്കൻസാമ്രാജ്യത്വഗൂഢാലോചനയുണ്ടെന്നത് ഇവിടുത്തെ കൊച്ചുകുഞ്ഞുങ്ങൾക്കു പോലും അറിയാവുന്ന കാര്യമാണ്. ഇപ്പോൾ നടക്കുന്ന പാഠപുസ്തകവിരുദ്ധസമരങ്ങൾക്കു പിന്നിലും വിദേശകരങ്ങളെ സംശയിക്കാമെന്ന് വെളിയം ഭാർഗ്ഗവനും വി.ആർ.കൃഷ്ണയ്യരും വരെ പറഞ്ഞുകഴിഞ്ഞ സ്ഥിതിയ്ക്ക് ഇതും നിങ്ങളുടെ പണി തന്നെയെന്നതിൽ ഇനി സംശയത്തിനു വകയില്ല. ഈ “കമ്മ്യൂണിസ്റ്റുവിരുദ്ധപ്പോരാട്ട“ത്തിനിടെ ചെലവാക്കിയേക്കാവുന്ന ഡോളറുകളിൽ നിന്ന് ഒരു പങ്കിൽ താത്പര്യമുള്ളയാളെന്ന നിലയ്ക്കാണ് ഈ കത്തെഴുതുന്നത്.

ഒരു ബദൽ പാഠപുസ്തകം അവതരിപ്പിക്കുവാൻ നിങ്ങൾക്കു പദ്ധതിയുണ്ടെങ്കിൽ അറിയിക്കണമെന്നപേക്ഷ. ആവശ്യത്തിലധികം ശ്രദ്ധകിട്ടിക്കഴിഞ്ഞ ഒരു പാഠഭാഗത്തിനു മാത്രമുള്ള ബദലിന്റെ ഒരു മാതൃക ഈ കത്തിനോടൊപ്പം താഴെക്കൊടുത്തിരിക്കുന്നു. ദയവായി വായിച്ചുനോക്കുക. ആ ശൈലി സ്വീകാര്യമാണെങ്കിൽ - മാദ്ധ്യമസിൻഡിക്കേറ്റുകാർക്കു നിശ്ചയിച്ചിട്ടുള്ള എഴുത്തുകൂലി ഡോളറിൽത്തന്നെ നൽകാൻ കൂടി തയ്യാറാണെങ്കിൽ - മറ്റു ചില പാഠഭാഗങ്ങൾ കൂടി രൂപകല്പന ചെയ്തുതരാൻ തയ്യാറാണെന്ന് അറിയിച്ചുകൊള്ളുന്നു.

ആദ്യഗഡുവിന്റെ ഡോളറുകൾ താഴെക്കൊടുത്തിരിക്കുന്ന അക്കൌണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.

ഉണ്ണിപ്പിള്ള.
അക്കൌണ്ട് നമ്പ്ര് – അറുനൂറ്റിപ്പതിനാല്
തവളക്കുഴി സർവീസ് സഹകരണബാങ്ക്. - തവളക്കുഴി.

ഡോളറുകൾ കള്ളനോട്ടല്ലെന്ന് ഉറപ്പു വരുത്തണമെന്ന് സവിനയം ഓർമ്മിപ്പിക്കുന്നു. ചൈനയിൽനിന്ന് എന്തിനും ഏതിനും വ്യാജന്മാർ ഇറങ്ങുന്ന കാലമാണിത്.

(ചൈനയ്ക്ക് ആക്ഷേപകരമായ ഈയൊരു പരാമർശം കൂടി നടത്തിയതിലൂടെ, അവരെ തകർക്കാൻ ശ്രമിക്കുന്ന സാമ്രാജ്യത്വകരങ്ങൾക്ക് ഈയുള്ളവൻ ശക്തിപകരുകയാണെന്ന് ആക്ഷേപമുയരാൻ സാദ്ധ്യതയുണ്ട്. അതു സത്യമാണെങ്കിൽ, അതിന്റെ പേരിൽ എന്തെങ്കിലും ‘അഡീഷണൽ‘ ഡോളറിന് അർഹനായിട്ടുണ്ടെങ്കിൽ, അതുകൂടി മറക്കാതെ നിക്ഷേപിക്കുവാൻ താത്പര്യപ്പെടുന്നു)

എന്ന് ഉണ്ണിപ്പിള്ള – ഒപ്പ്

--------------------------
ബദൽ പാഠപുസ്തകത്തിന്റെ മാതൃക താഴെ.



കുട്ടികൾക്കു റഫറൻസിനായി കൊടുക്കാവുന്ന ചില രേഖകൾ

(1) പാർട്ടികുടുംബനിർമ്മാണം – ചില അണിയറക്കാര്യങ്ങൾ
( http://marumozhy.blogspot.com/2008/05/blog-post.html )

(2) കണ്ണൂർ - പ്രശ്നപരിഹാരം എത്ര ലളിതമാണ്!
(http://media-sin-indicate.blogspot.com/2008/04/blog-post.html)

(3) കണ്ണൂർ കലാപം - യാഥാർത്ഥ്യം ഇങ്ങനെയൊക്കെയാണ്.
( http://media-sin-indicate.blogspot.com/2008/03/blog-post_10.html)

----------------
ശ്രീമാൻ/ശ്രീമതി സാമ്രാജ്യത്വം,

ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് താഴെപ്പറയുന്ന കാര്യങ്ങൾ കൂടി പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.

പാഠപുസ്തകത്തിനെതിരെ നിങ്ങൾ ഇതുവരെ ചെലവഴിച്ച ഡോളറുകൾ കാര്യമായ ഫലം ചെയ്തിട്ടില്ല എന്നാണു തോന്നുന്നത്.

‘മതമില്ലാത്ത ജീവൻ’ എന്ന ഭാഗം മാത്രമാണ് പ്രതിഷേധങ്ങൾക്കു കാരണം എന്നു വരുത്തിത്തീർത്ത് സമരങ്ങൾക്കു മൊത്തത്തിൽ ഒരു ജാതീയ/വർഗ്ഗീയ നിറം കൊടുക്കാനുള്ള സർക്കാർ ശ്രമങ്ങൾ കുറച്ചെങ്കിലും വിജയിക്കുന്നില്ല എന്നു പറയാനാകുമോ? “ഇതു സംഗതി കൊള്ളാമല്ലോ. ഇതിലെന്താ തെറ്റ് ” എന്നൊരു തോന്നൽ പലരിലും ഉണർത്തുന്ന മട്ടിൽ തന്ത്രപരമായൊരു രചന ആ പാഠത്തിൽത്തന്നെ ഉണ്ടുതാനും. ഇല്ലെന്നുണ്ടോ?

പുസ്തകത്തിന്റെ മുഖചിത്രം മുതൽ ഏതാണ്ട് എല്ലാ പേജുകൾക്കും ഒരു കമ്മ്യൂണിസ്റ്റു ശൈലിയുണ്ടെന്ന് ഒറ്റവായനയിൽത്തന്നെ മനസ്സിലാവും. ഒരു പ്രൈമറി പാഠപുസ്തകമെന്ന നിലയിൽ പ്രഥമദൃഷ്ട്യാ എതിർക്കപ്പെടാവുന്ന ഉള്ളടക്കങ്ങൾ ഒട്ടേറെയുണ്ട്. പലപേജുകളും കണ്ടാൽ കമ്മ്യൂണിസ്റ്റ് ലഘുലേഖകൾ കൂട്ടിത്തുന്നിയ മട്ടുണ്ട്. പക്ഷേ, നിങ്ങളുടെ പണം കൈപ്പറ്റിയ ചിലർ അതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടെന്തായി?

പുസ്തകത്തിലൂടെ കമ്മ്യൂണിസ്റ്റ് ആശയപ്രചാരണം ലക്ഷ്യം വയ്ക്കുന്നില്ല എന്നു സ്ഥാ‍പിക്കാനായി സംസ്ഥാനവിദ്യാഭ്യാസസമിതിഉപദേശകൻ മാതൃഭൂമിയിൽ ഒരു ലേഖനമെഴുതിയിരുന്നു. അതിനിടയ്ക്ക് എപ്പോഴോ ആവേശം കയറി അദ്ദേഹം അറിയാതെ കാര്യങ്ങൾ സമ്മതിച്ചുപോയിട്ടുണ്ട്. “കമ്മ്യൂണിസമൊക്കെ സാമൂഹ്യശാസ്ത്രത്തിനു പാഠ്യവിഷയമാകും - അതു വിദ്യാഭ്യാസത്തിൽ നിന്നു മാറ്റിനിർത്തണമെന്നു പറയാൻ പാടില്ല“ - എന്നൊക്കെയുള്ള മട്ടിൽ. അത്തരമൊരു അർദ്ധസമ്മതമെങ്കിലും നടത്തിച്ചുകിട്ടിയതു മാത്രമാണൊരു നേട്ടം. അല്ലെന്നുണ്ടോ?

ഇനിയിപ്പോൾ, “വിദഗ്ദ്ധസമിതി”യെ നിയമിച്ചുകിട്ടി എന്നതാണോ നേട്ടം? “പാഠപുസ്തകം അത്യുഗ്രനാണ് - ഇതുവരെക്കണ്ടതിൽ വച്ച് ഏറ്റവും മികച്ചത് “ - എന്നൊരു പഠനറിപ്പോർട്ട് ഒരുപക്ഷേ ഇപ്പോൾത്തന്നെ അടിച്ചുവച്ചിട്ട് അതിനുമുകളിൽ മൂന്നുമാസം ചർച്ചചെയ്ത് പരിപ്പുവടയും കട്ടൻ‌ചായയും കഴിക്കുക എന്നതിലപ്പുറം എന്തെങ്കിലും നിങ്ങൾ സമിതിയിൽ നിന്നു പ്രതീക്ഷിക്കുന്നുണ്ടോ?

അതുകൊണ്ടൊക്കെയാണു പറയുന്നത് – ഇതുവരെയുള്ള ഡോളറുകൾ മിക്കവാറും പാഴായിയെന്ന്.

അതുകൊണ്ടൊക്കെയാണു പറയുന്നത് – മുള്ളിനെ മുള്ളു കൊണ്ടെടുക്കുകയാണു വേണ്ടതെന്ന്. ഒരു പാഠപുസ്തകം ഇങ്ങോട്ടിറക്കിയാൽ ഒമ്പതെണ്ണം അങ്ങോട്ടിറക്കണം. അമേരിക്കൻ പുറം ചട്ടയിൽ. അതേ രക്ഷയുള്ളൂ.

കുട്ടികൾ മാത്രമല്ല - കേരളം മുഴുവൻ ആ പാഠഭാഗങ്ങൾ പഠിച്ചു കഴിഞ്ഞ സ്ഥിതിയ്ക്ക് - ഇനിയിപ്പോൾ അതു പരിഹരിക്കാൻ ചില മറുപാഠങ്ങൾ നൽകിയേ പറ്റൂ.

ഡോളറുകൾ ബുദ്ധിപരമായി ചെലവാക്കണമെന്ന് ഒരിക്കൽക്കൂടി ആവശ്യപ്പെട്ടുകൊള്ളുന്നു. ബദൽപാഠത്തിനിടയ്ക്ക് അമേരിക്കൻ സാമ്രാജ്യത്വമൂലധനചിന്തകൾ കൂടി കടന്നു വരേണ്ടതുണ്ട് - ഇതിനോടൊപ്പം വച്ച മാതൃകയിൽ അതു വേണ്ടവിധം വന്നിട്ടില്ല - എന്നൊരഭിപ്രായമുണ്ടെങ്കിൽ അതും അറിയിക്കുമല്ലോ.

ഉണ്ണിപ്പിള്ള.