December 07, 2008

മാറാടു കൂട്ടക്കൊലയും മാർക്സിസ്റ്റുനിലപാടുകളും

ആമുഖം (Click here to skip this introduction)

‘മതതീവ്രവാദത്തെ തങ്ങൾ എതിർക്കുന്നു’വെന്നൊക്കെയുള്ള മാർക്സിസ്റ്റുകളുടെ അവകാശവാദങ്ങൾ മറ്റുള്ളവരെന്തുകൊണ്ടാണു മുഖവിലയ്ക്കെടുക്കാത്തത് എന്നതിന്റെ ചില കാരണങ്ങൾ ചൂ‍ണ്ടിക്കാട്ടിയ പോസ്റ്റുകളുടെ തുടർച്ചയാണിത്.

ആദ്യഭാഗങ്ങൾ ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ …
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’

(പാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ - അറിഞ്ഞോ അറിയാതെയോ - പ്രത്യക്ഷമായോ പരോക്ഷമായോ - തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധനയാണിവയിൽ. ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)

മാറാടും മാർക്സിസ്റ്റുകളും

മലയാളത്തിലെ അഭിനേതാക്കളിൽ, ഇടതുപക്ഷ ആഭിമുഖ്യം ഇപ്പോളും തുടരുന്ന ചിലർ അതു മറച്ചുവയ്ക്കാതെ തന്നെ ഇടയ്ക്ക് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടുകാണാറുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത്, മദനിയുടെ ഭാര്യ ഇടതുമുന്നണിയ്ക്കു വേണ്ടി പ്രചാരണം ആരംഭിച്ചപ്പോൾ, നടൻ മുരളിയും ഒപ്പമുണ്ടായിരുന്നുവെന്നാണ് ഓർമ്മ.

ഇതിന്റെ മറുവശത്ത്, ചില ഇടതുനേതാക്കൾ മികച്ച അഭിനേതാക്കൾ കൂടിയാണെന്നതും ശ്രദ്ധേയമാണ്. മാറാടു കൂട്ടക്കൊലക്കേസിൽ അന്വേഷണവും വിചാരണയും വിധിനിർണ്ണയവുമൊക്കെ കഴിഞ്ഞ് വിധി പ്രസ്താവിക്കാൻ ഒരുങ്ങുമ്പോളാണ് ആഭ്യന്തരമന്ത്രി ഒരു ആവശ്യം മുന്നോട്ടു വച്ചു കണ്ടത്.

മാറാടു കൂട്ടക്കൊലക്കേസ്‌ സി.ബി.ഐ. അന്വേഷിക്കണമത്രേ!

ചരിത്രപരമായ മലക്കം മറിച്ചിൽ!

ഇനിയിപ്പോൾ എന്നന്വേഷിച്ച് എന്തു കണ്ടു പിടിക്കണമെന്നാണോ എന്തോ?

ഒരു ഡി.വൈ.എഫ്.ഐ. നേതാവ് ആവശ്യപ്പെട്ടതാകട്ടെ “എൻ.ഡി.എഫിന്റെ വിദേശബന്ധം അന്വേഷിക്കണ”മെന്നായിരുന്നു!

:-)

ഒന്നാന്തരം പ്രഹസനവും അതിനൊത്ത അഭിനയവും എന്നല്ലാതെ മറ്റൊന്നും ഇതേക്കുറിച്ചൊന്നും പറയേണ്ടതില്ല.

പെട്ടെന്നിങ്ങനെയൊക്കെ ഓരോ വെളിപാടുണ്ടാകുന്നതു വരെ, എന്തായിരുന്നു എല്ലാവരുടേയും നിലപാടെന്നും, എന്താണിപ്പോൾ ഒരു നയം‌മാറ്റത്തിനു കാരണമെന്നും ചോദിക്കാതെ വയ്യ.

മാറാട്ടെ കൂട്ടക്കൊലയ്ക്കു പിന്നിലെ വലിയ ഗൂഢാലോചന – സംഘടനകളുടെ പങ്ക് – വിദേശബന്ധം – ഇവയേപ്പറ്റിയൊക്കെ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ വന്നിട്ട് കാലമൊരുപാടായതാണ്. പക്ഷേ, വിശദമായി അതൊക്കെയൊന്ന്‌ അന്വേഷിക്കണമെന്ന് ഇതുവരെയാർക്കും തോന്നിയതായിക്കണ്ടിരുന്നില്ല.

എൻ.ഡി.എഫിന്റെ വിദേശബന്ധമൊന്നുമല്ല – മറിച്ച്, കേരളത്തിലെ ചില ഹൈന്ദവമഠങ്ങൾക്കും ആത്മീയപ്രവർത്തകർക്കുമൊക്കെ വിദേശത്തുനിന്നും ധനസഹായം കിട്ടുന്നുവെന്നതായിരുന്നു ഇത്രയും കാലം ഒരു വലിയ പ്രശ്നമൊക്കെയായി മാർക്സിസ്റ്റുകളുടെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നത്. കമ്മ്യൂണിസ്റ്റുബന്ധമുള്ള ചില ക്രിമിനലുകൾ കുറച്ചുനാൾ കാവിയുടുത്തു നടന്നതിന്റെ പേരിൽ ആരാധ്യരായ ആത്മീയാചാര്യന്മാരെ പലരേയും താറടിക്കാനും ശാരീരികമായും മാനസികമായുമൊക്കെ ഉപദ്രവിക്കാനുമായിരുന്നു അവർ സമയം ചെലവഴിച്ചിരുന്നത്.

തീവ്രവാദസ്വഭാവം ആരോപിക്കപ്പെടുന്ന സംഘടനകളുടെ വിദേശബന്ധവും ധനസ്രോതസ്സുമൊക്കെ അന്വേഷിക്കണമെന്ന് ഇതുവരെ തോന്നാതിരുന്നതിന്റെ കാരണങ്ങൾ കണ്ടെത്തേണ്ടവ തന്നെയാണ്. മാറാടു കേസുകളിലെ പ്രതിപ്പട്ടികയിലെ സി.പി.എം. മുഖങ്ങളേപ്പറ്റി ആലോചിച്ചുകൊണ്ടുതന്നെ വേണം അത്തരമൊരു അന്വേഷണം ആരംഭിക്കാൻ. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നടന്ന ആദ്യകലാപത്തിലെ പ്രതികളിൽ സി.പി.എമ്മുകാരുടെ എണ്ണം എഴുപത്തിയെട്ടാ(78)ണത്രേ. രണ്ടാമതു നടന്ന ഏകപക്ഷീയമായ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സി.പി.എമ്മുകാരായ പ്രതികളുടെ എണ്ണം നാൽപ്പത്തിമൂന്നും(43). ഒരു അന്വേഷണം വേണമെന്നൊക്കെ തോന്നാതിരുന്നതിനു പിന്നിൽ അതായിരിക്കുമോ കാരണമെന്നറിയില്ല.

എന്തായാലും, ഒരുകാര്യം ശ്രദ്ധേയമാണ്:-

ഇപ്പോളീ കണ്ട ആവേശം പുതുതാണ്.
അതിൽ ആത്മാർത്ഥതയില്ലെന്നു തീർച്ചയുമാണ്.

എൻ.ഡി.എഫിന്റെ മുഖപത്രം ഗൾഫിൽ പ്രചരിപ്പിക്കുന്നതിനു തടസ്സം നിന്നതായി അനുഭവപ്പെട്ട ഒരാൾ നാട്ടിൽ വന്നിട്ട് തിരിച്ചുപോകാനായി എയർപോർട്ടിലേക്കു പോകുമ്പോൾ, വഴിയിൽ വച്ച് ആക്രമിക്കപ്പെട്ടിരുന്നു. അതൊന്നും ഒരു പക്ഷേ മാർക്സിസ്റ്റുകൾ അറിഞ്ഞിരിക്കില്ല. അറിഞ്ഞെങ്കിൽത്തന്നെ ആകസ്മികമായിത്തോന്നിയിരിക്കണം. എന്തായാലും, അന്നൊന്നും ഈ വിദേശബന്ധത്തേപ്പറ്റി അനങ്ങിക്കണ്ടില്ല.

മാറാട്ട് കൂട്ടക്കൊലയ്ക്കു ശേഷം, അതിനു പിന്നിൽ പ്രവർത്തിച്ചവരെ സമ്പൂർണ്ണമായി തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നുവോ മാർക്സിസ്റ്റുകാർ പ്രതികരിച്ചത് എന്നൊന്ന് ഓർത്തു നോക്കുന്നതു നന്നായിരിക്കും. കോളിളക്കമുണ്ടാക്കിയ ആ സംഭവത്തിൽ, ചടങ്ങിനുള്ള പ്രസ്താവനകൾ നടത്തിയതല്ലാതെ, അടിത്തട്ടിൽ നോക്കിയാൽ അനങ്ങാപ്പാറ നയം തന്നെയായിരുന്നു. രഹസ്യമായി ആഘോഷിച്ചിട്ടു പോലുമുണ്ടാവും എന്നാരെങ്കിലും സംശയിച്ചാലും കുറ്റം പറഞ്ഞുകൂടാ.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റുമായ സ്ത്രീകൾ വളരെ ക്ഷോഭത്തോടെയും അതിവൈകാരികതയോടെയും പ്രതികരിച്ച ചില സന്ദർഭങ്ങളിൽ, അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ അതിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും അവരെ അധിക്ഷേപിക്കുകയും മാത്രം ചെയ്തതും മറക്കാവതല്ല.

മാർക്സിസ്റ്റുകളുടെ മാത്രമല്ല – പ്രതികരണക്കാർ പലരുടെയും ശൈലി ഏതാണ്ട് ഒന്നു തന്നെയായിരുന്നു. ആദ്യമൊക്കെ സകലരും മിണ്ടാതിരുന്നു. അരയസമുദായം തിരിച്ചടിക്കുമെന്നും പ്രതികരണം അപ്പോളാവാമെന്നും കരുതി കുറച്ചുനാൾ കാത്തിരുന്നു. അവർ പക്ഷേ അത്ഭുതകരമായ സംയമനം പാലിക്കുന്നുവെന്നും ഇനിയൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും തിരിച്ചറിഞ്ഞപ്പോൾ ചിലർ കാത്തിരുപ്പു മതിയാക്കി ചാടിയിറങ്ങി പ്രകടനങ്ങൾ നടത്തിത്തുടങ്ങി. കേരളം സ്തംഭിപ്പിച്ചുകളയുമത്രേ - എന്താകാര്യം? - “മറിയംബിയുടെ പുനരധിവാസം താമസിക്കുന്നു”!!! അല്ലാതെ, കൂട്ടക്കൊലയല്ല പ്രശ്നം!

ലഘുവായ അഭിപ്രായവ്യത്യാസങ്ങളും സംഘർഷങ്ങളും ഊതിവീർപ്പിച്ച് വർഗ്ഗീയമായി ആളിക്കത്തിച്ച് രാഷ്ട്രീയമായി അതു മുതലെടുക്കാൻ മാർക്സിസ്റ്റുകൾ നടത്തിയ തന്ത്രം വിജയമായതാണു മാറാട്ടു കണ്ടതെന്ന് അവിടുത്തെ സാഹചര്യങ്ങളറിയാവുന്ന അനവധി പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവരെയെല്ലാം നമുക്കു മാർക്സിസ്റ്റുവിരോധികൾ എന്നു വിളിക്കാം. പക്ഷേ നാം നേരിട്ടു കണ്ടതും കേട്ടതുമായ മറ്റു പലതിൽ നിന്നും നാം എന്തു മനസ്സിലാക്കണം എന്നതാണൊരു ചോദ്യം.

ഇരു സമുദായത്തിലും പെട്ട ഒന്നിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു ആദ്യസംഭവത്തിൽ. അതിലൊരാളുടെ മകൻ നടത്തിയ പ്രതികാരം മാത്രമാണ് പിന്നീട് കൂട്ടക്കൊലയിൽ കണ്ടത് - എട്ടു പേർ പൂർണ്ണമായും ഡസനിൽപ്പരം ആളുകൾ ഭാഗികമായും നിർജ്ജീവമാകാൻ ഇടയാക്കിയത് - എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു മാർക്സിസ്റ്റുകൾ!

അത്തരമൊരു പ്രതികാരം മാത്രമായിരുന്നെങ്കിൽ, പുറത്തുനിന്നുള്ള അനേകം ആളുകൾ ഉൾപ്പെടാനിടയായതെങ്ങനെ – എന്ന ലളിതമായ ചോദ്യത്തിനു പോലും മറുപടിയുണ്ടായില്ല.

വിദേശത്തു നിന്നുള്ള ഇടപെടൽ, വിവിധ സംഘടനകളുടെ പങ്ക്, മാസങ്ങൾ നീണ്ട ഗൂഢാലോചന - എല്ലാത്തിനേയും അങ്ങേയറ്റം നിസാരവൽക്കരിക്കുകയാണു സി.പി.എം. ചെയ്തത്! മനുഷ്യർ "പ്രതികാരം" ചെയ്യുമെന്ന് അവർ ആദ്യമായും അവസാനമായും വാദിച്ചു കണ്ടതും ഈ സംഭവത്തിലാണ്. അതുപോട്ടെ.

ജുഡീഷ്യൽ അന്വേഷണക്കമ്മീഷന്റെ റിപ്പോർട്ടു കണ്ടിട്ടുള്ളവർ പറയുന്നത് സംഗതി അത്ര നിസാരമാണെന്നല്ല.

മാറാട് നടന്ന കൂട്ടക്കൊലയുടെ ആസൂത്രണത്തിലും നിർവ്വഹണത്തിലും മുസ്ലിം മതമൌലികവാദികൾ, ഭീകരർ, മറ്റുശക്തികൾ എന്നിവരുൾപ്പെട്ട വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. (അധ്യായം 10 – പേജ് 254 – ഖണ്ഡിക 2)

മാർക്സിസ്റ്റുകാർ ഇതിനെയൊക്കെ നിസാരവൽക്കരിച്ചുകൊണ്ട് മിണ്ടാതിരിക്കുകയാണോ ചെയ്തത് അതോ ആ കണ്ടെത്തലിൽ നടുക്കം രേഖപ്പെടുത്തിക്കൊണ്ട് പുരോഗമനസാഹിത്യങ്ങളുടെ പ്രളയം തന്നെയുണ്ടായോ എന്നു വിവേകമുള്ളവർ ചിന്തിച്ചു നോക്കട്ടെ.

റിപ്പോർട്ടിൽ നിന്നു ലഭിക്കുന്ന മറ്റു ചില വിവരങ്ങൾ ഇങ്ങനെ:-

മുസ്ലീങ്ങളിൽ ഒരു വിഭാഗം പേർ മാറാടു കടപ്പുത്തുണ്ടായിരുന്ന ക്ഷേത്രത്തിനോടു ചേർന്ന് പള്ളിയായി ഉപയോഗിക്കുന്നതിനു വേണ്ടി അനധികൃത നിർമ്മാണം നടത്തി - മാർക്സിസ്റ്റുകൾ ഭരിക്കുന്ന പഞ്ചായത്ത്, അരയസമുദായത്തിന്റെ പരാതികളും എതിർപ്പുകളും നിരന്തരം അവഗണിച്ചതല്ലാതെ അനധികൃതനിർമ്മാണം തടയാൻ യാതൊരു നടപടിയും എടുത്തില്ല - അതു മാത്രമല്ല, അത് പള്ളി എന്ന നിലയിൽ ആരാധനയ്ക്കായി തുറന്നു കൊടുക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് കത്തെഴുതുക പോലും ചെയ്തു(!) - ആ കെട്ടിടം ഇപ്പോളും അവിടെയുണ്ട്.

ഇതെല്ലാം പോട്ടെന്നു വയ്ക്കാം.

ഏതു ചെറിയ തർക്കത്തിലും നിരന്തരമായി ഒരു പക്ഷം മാത്രം പിടിക്കുന്ന മാർക്സിസ്റ്റു പാർട്ടിയുടെ നയമാണ് തദ്ദേശീയരായ ഹിന്ദുക്കൾ, പ്രത്യേകിച്ച് അരയസമുദായക്കാർ ഒന്നടങ്കം സംഘപ്രസ്ഥാനങ്ങളിലേയ്ക്ക് കടന്നു വരാനുള്ള ആദ്യകാരണങ്ങളിലൊന്ന് എന്നു കൂടി കമ്മിഷൻ റിപ്പോർട്ടിലുണ്ടത്രേ (പേജ് 104 - 106)

(ഇത്തരത്തിൽ അന്ധവും പലപ്പോഴും ആപൽക്കരവുമായ പക്ഷംപിടുത്തം മാറാടിന്റെ മാത്രം പ്രത്യേകതയല്ല. ഏതാണ്ട് എല്ലാക്കാര്യത്തിലും ഇന്നിപ്പോളത് അനുഭവവേദ്യമാണ്. ചിന്തിക്കാൻ തയ്യാറുള്ളവരെ സംബന്ധിച്ചിടത്തോളം.)

ഇതെല്ലാം കഴിഞ്ഞ്, കഴിഞ്ഞ ഒരു ലോക്‌‌സഭാ ഉപതെരഞ്ഞെടുപ്പിൽ, മുസ്ലിം സമുദായക്കാർക്കു ഭൂരിപക്ഷമുള്ള ചില തീരദേശകേന്ദ്രങ്ങളിൽ ഇടതുമുന്നണിയുടേതായി ചില പോസ്റ്ററുകൾ പതിച്ചിരിക്കുന്നതായിക്കണ്ടു.

തലയ്ക്കു കയ്യും കൊടുത്ത് ആകെ വിഷണ്ണരായി ഇരിക്കുന്ന ചില മുസ്ലീം സ്ത്രീകളുടെ ചിത്രം.

എന്നിട്ടൊരു അടിക്കുറിപ്പും.

'മാറാട് - വർഗ്ഗീയതയുടെ ബാക്കി പത്രം' – എന്ന്!!!

ഏറ്റവും അടിയിൽ ചെറുതായി ഒരു അരിവാൾ ചിഹ്നവും!

സ്വന്തം നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചും പോസ്റ്ററുകളിലൂടെ പ്രചരിപ്പിച്ചുമൊക്കെ രാഷ്ട്രീയപ്പാർട്ടികൾ വോട്ടുതേടുന്നുവെങ്കിൽ അതിൽ അസ്വാഭാവികതയൊന്നുമില്ല. അല്ലാതെന്തു പറയാൻ?

ദൈവാധീനത്തിന്, അവർ നിരന്നു കിടക്കുന്ന ജഢങ്ങൾക്കിടയിലിരുന്ന് അലമുയിടുന്ന അരയസ്ത്രീകളുടെ ചിത്രം കാട്ടിയിട്ട് അതു മുസ്ലീങ്ങളാണെന്നൊന്നും വാദിച്ചില്ല. അവരുടെ കുടുംബനാഥന്മാരെ ‘വംശഹത്യ’ നടത്തിയെന്നൊന്നും പറഞ്ഞുവച്ചില്ല. അവരെ വേട്ടക്കാർ’ ‘ഉന്മൂലനം’ ചെയ്യുമെന്നും രക്ഷിക്കാൻ തങ്ങളേയുള്ളെന്നുമൊക്കെയുള്ള അസംബന്ധവാദങ്ങൾ അവതരിപ്പിച്ചു വോട്ടു തേടിയില്ല. അത്രയുമെങ്കിലും നല്ലതെന്നു വേണം വിചാരിക്കാൻ.

പ്രിയ മാർക്സിസ്റ്റുകാരേ – ചോദിക്കാതിരിക്കാൻ കഴിയാത്തതുകൊണ്ടു ചോദിച്ചുപോകുകയാണ്. ഇതിന്റെയൊക്കെ നേരേ നിങ്ങൾ ഇനിയും കണ്ണടയ്ക്കുകയാണോ?

മാറാട്ട്‌, നിസാരമായി പരിഹരിക്കാമായിരുന്ന പ്രശ്നങ്ങൾ പക്ഷം പിടിച്ചു വഷളാക്കിയതു മറക്കാം. കൂ‍ട്ടക്കൊലയിലും മറ്റും പ്രവർത്തകർ പ്രതിപ്പട്ടികയിലായതു മറക്കാം.

പക്ഷേ...

എട്ട്‌ ശവങ്ങളും ഡസനിലധികം ജീവച്ഛവങ്ങളും കണ്ട്‌ അലമുറയിടാൻ പോലുമാവാതെ ശ്വാസംനഷ്ടപ്പെട്ടു നിന്ന അരയസ്ത്രികളുടെ മുഖത്തേയ്ക്കു കാർക്കിച്ചുതുപ്പുന്ന മട്ടിലുള്ള ആ പോസ്റ്റർ!

അതെങ്കിലും ഒഴിവാക്കാമായിരുന്നു.

അരയസ്ത്രീകൾക്കു വേണ്ടി വാദിക്കണമായിരുന്നുവെന്നു പറയുന്നില്ല. അരയന്റെ വോട്ട്‌ അരിവാളിനല്ലാത്തിടത്തോളം കാലം അരയൻ ‘മാനവ’പക്ഷത്തല്ല - അവനു നീതിയുമില്ല. അവനത്‌ പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ, അതിനിടയിൽ‌പ്പോലും യാതൊരു ലജ്ജയുമില്ലാതെ തങ്ങളുടെ മുസ്ലീം ആഭിമുഖ്യം മാർക്കറ്റു ചെയ്തതിനു ശേഷം, മറുപടിയായി വോട്ടുതരൂ എന്ന അഭ്യർത്ഥന പരസ്യമായി നടത്തിയത്‌ - അതെങ്കിലും ഒഴിവാക്കണമായിരുന്നു.

ചെയ്തില്ല.

മനസ്സാക്ഷിയുള്ള ഏതെങ്കിലുമൊരു മാർക്സിസ്റ്റുകാരൻ ഇതുവായിക്കുന്നെങ്കിൽ - സുഹൃത്തേ - മനസ്സിലാക്കുക. അതീവഗുരുതരമായ പ്രവണതകളാണിതെല്ലാം. അതൊക്കെ മറ്റുള്ളവർ ചൂണ്ടിക്കാട്ടുന്നതിനുമുമ്പേ നിങ്ങൾ സ്വയം മനസ്സിലാക്കേണ്ടതാണ്. ഇനി അഥവാ ചൂണ്ടിക്കാട്ടിയാൽ‌പ്പോലും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ, അതാണ് ഏറ്റവും ഗുരുതരം.

അതിനും മുമ്പ്, ലോക്‌‌സഭയിലേക്കുള്ള മുഖ്യതെരഞ്ഞെടുപ്പു തന്നെ നടന്നപ്പോൾ ആലപ്പുഴയിലെ തീരദേശങ്ങളിൽ മറ്റൊരു തന്ത്രമായിരുന്നു പരീക്ഷിക്കപ്പെട്ടത്. അതു പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദുക്കൾക്കു ഭൂരിപക്ഷമുള്ളിടത്ത് 'മനോജിനു' വോട്ടു ചെയ്യണമെന്നും, ക്രൈസ്തവർക്കു ഭൂരിപക്ഷമുള്ളിടത്ത് 'മനോജ് കുരിശിങ്കലിന് ' വോട്ടു ചെയ്യണമെന്നും ചുവരെഴുതിക്കൊണ്ട്, “അടവുനയം” എന്നാലെന്താണെന്നു പഠിപ്പിച്ചുകളഞ്ഞു മാർക്സിസ്റ്റുകൾ!

അതൊക്കെ താരതമ്യേന നിരുപദ്രവകരമായ – പരോക്ഷവർഗ്ഗീയതയാണെന്നു വയ്ക്കാം. പക്ഷേ, മാറാട്ടെ കൂട്ടക്കൊലയുടെ മുറിവുണങ്ങും മുമ്പ്‌ അതിന്റെ പേരു പറഞ്ഞ് മുസ്ലീം സ്ത്രീകളുടെ ചിത്രം വച്ചു വോട്ടു പിടിച്ചത് കുറേക്കൂടി ഗൌരവമുള്ള പ്രത്യക്ഷവർഗ്ഗീയതയാണ്. ചോരയുടെ നിറമുള്ള കൂസിസ്റ്റു ഭീകരത തന്നെയാണിത്.

ആരും ചൂണ്ടിക്കാണിക്കുന്നില്ല എന്നു കരുതി ഇതൊക്കെ നിസാരമായിത്തള്ളാതിരിക്കുക, മാർക്സിസ്റ്റുകളേ. ചൂണ്ടിക്കാണിക്കുന്നവരുടെ നേരേ അനാ‍വശ്യമായി ചീറാതെയുമിരിക്കുക.


----------------------------
തുടർന്നുള്ള ഭാഗങ്ങൾ:-

അയോദ്ധ്യ
ഇറാന്റെ ബോംബ്
സദ്ദാം വധം
തസ്ലീമ – ‘ലജ്ജ‘യില്ലാതെ!
ഗോധ്രാനന്തര കലാപം
ഒറീസ – പോസ്റ്റർ പ്രചാരണം
അതിസം, ഇതിസം ആന്റ് ഫാസിസം
കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി!
ജീവന്റെ മതം - പൊന്നാനിയ്ക്കു വടക്കും തെക്കും?
മോഡിയുടെ പ്രസംഗം മോർഫുചെയ്തപ്പോൾ
കോയമ്പത്തൂർ - ‘വിചാരണകൂടാതെ‘ വിധിപ്രഖ്യാപനമോ?