November 18, 2007

മാര്‍ക്സിസ്റ്റുകാരുടെ "ഹിന്ദുത്വമുഖം"(?)

കൊച്ചുകുട്ടികള്‍ക്കു പാടിക്കൊടുക്കാവുന്ന ഒരു പദ്യശകലം വേണമെന്നുണ്ടെങ്കില്‍ ഇതാ ഇങ്ങനെ ചമയ്ക്കാം.

ലോനപ്പന്‍ ചേട്ടനൊരാശ തോന്നി -
ആനപ്പുറത്തു കയറിടേണം.


കേട്ടാല്‍ വളരെ ലളിതമായ ഒരു ഈരടി.
ആര്‍ക്കും തോന്നാവുന്ന ഒരു ആഗ്രഹം ലോനപ്പന്‍ ചേട്ടനും തോന്നി എന്ന്‌ കുട്ടികള്‍ കരുതും.

പക്ഷേ അതൊരു പാഠപുസ്തകത്തിലോ മറ്റോ അച്ചടിച്ചു വരുമ്പോള്‍ ദാ ഇങ്ങനെയായിപ്പോയാലോ?

ലോനപ്പന്‍ ചേട്ടനൊരാശ തോന്നി -
ആന പുറത്തു കയറിടേണം.


ദൈവമേ! അര്‍ത്ഥം എത്ര മാറിപ്പോയി! ഈ ആശ നടപ്പിലായാല്‍പ്പിന്നെ ലോനപ്പന്‍ ചേട്ടന്‍ ബാക്കിയുണ്ടാവുമോ?

ഒരു ചെറുകുറിപ്പായാല്‍പ്പോലും എഴുതുമ്പോളും അച്ചടിക്കുമ്പോളുമെല്ലാം നാം വളരെ സൂക്ഷിക്കണം. ഒരു അക്ഷരത്തിന്റെ ഇരട്ടിപ്പു മാറിയാല്‍പ്പോലും വലിയ അര്‍ത്ഥവ്യത്യാസങ്ങളുണ്ടാവാം.

ഇനിയിപ്പോള്‍ പാട്ട്‌ തെറ്റില്ലാതെ അച്ചടിച്ചുവന്നു എന്നു തന്നെ കരുതുക. പക്ഷേ ഒരാള്‍ - അദ്ധ്യാപകനോ മറ്റോ - കുട്ടികള്‍ക്ക്‌ അതിന്റെ അര്‍ത്ഥം പറഞ്ഞുകൊടുക്കുന്നത്‌ ദാ ഇങ്ങനെയാണെങ്കിലോ?

"ലോനപ്പന്‍ ചേട്ടന്‌ ഒരു ആഗ്രഹം തോന്നി. നല്ല നീളമുള്ള ഒരു കയര്‍ എടുത്ത്‌ ഒരു ആനയുടെ പുറത്തുകൂടി ഇടണം. ആനപ്പുറത്തുകയറിടണം!"

എന്റെ ദൈവമേ! സമ്മതിക്കാതെ തരമില്ല! അല്ലേ?

അദ്ദേഹത്തിന്‌ വാദ്ധ്യാരുദ്യോഗമായത്‌ എത്ര നന്നായി എന്നു വേണം നാം കരുതാന്‍. കുറേ കുട്ടികളുടെ ഭാവി നശിക്കുമെന്നതു സത്യം. പക്ഷേ ആ ജോലിയല്ലായിരുന്നെങ്കില്‍ അദ്ദേഹം സെക്രട്ടേറിയറ്റിലോ പാര്‍ലമെന്റിലോ ഒക്കെ ഇരുന്ന്‌ ഈ നാടുമുഴുവന്‍ നശിപ്പിക്കുന്ന ഒരു രാഷ്ട്രീയക്കാരനായേനെ. അതിലും ഭേദമല്ലേ?

രാഷ്ട്രീയം എന്നാല്‍ വാക്കുകള്‍ കൊണ്ടുള്ള ഒരു കളിയാണ്‌. വാക്കുകള്‍ തിരിച്ചും മറിച്ചും ഉപയോഗിച്ചും അര്‍ത്ഥവ്യതിയാനം വരുത്തിയുമൊക്കെ നടത്തുന്ന ഒരു തരം കള്ളക്കളി!

* * * * * * * * *

ഇതെല്ലാമോര്‍ത്തത്‌ ശ്രീ വയലാര്‍ രവി കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം കേട്ടപ്പോളാണ്‌. കേരളത്തില്‍ “മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ മിനുസമുള്ള ഹിന്ദുത്വമുഖമാണ“ത്രേ!

കാഴ്ചക്കുറവുണ്ടെങ്കില്‍ കണ്ണടയൊന്നു മാറ്റുന്നതു നന്നാവും എന്നു തോന്നിപ്പോയി! 'ഹിന്ദുത്വമുഖം' എന്നതുകൊണ്ട്‌ അദ്ദേഹം ഉദ്ദേശിക്കുന്നതെന്താണാവോ?

തലമുറകളായി പകര്‍ന്നുകിട്ടിയ ജീവിതമൂല്യങ്ങളുടെ സുദീര്‍ഘപാരമ്പര്യമുള്‍ക്കൊള്ളുന്ന ഒരു പ്രൗഢസംസ്കൃതിക്ക്‌ - ഭാരതീയരുടെ പൊതു സാംസ്കാരികധാരയ്ക്കാണ്‌ - 'ഹിന്ദുത്വം' എന്നു പൊതുവില്‍പ്പറയുന്നത്‌. വയലാര്‍ രവി ഉദ്ദേശിച്ചത്‌ അതു തന്നെയാവുമെന്നു കരുതുക വയ്യ.

ഇനിയിപ്പോള്‍ ഹിന്ദുമതവിശ്വാസികളോട്‌ അനുഭാവപൂര്‍വ്വം പെരുമാറുന്നു എന്ന അര്‍ത്ഥത്തിലായിരിക്കുമോ 'ഹിന്ദുത്വമുഖം' എന്നു തെറ്റായി പ്രയോഗിച്ചത്‌? ആണെങ്കില്‍ അത്‌ ഇരട്ടി തെറ്റാണ്‌. കാരണം - മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഹിന്ദുക്കളോടു അനുഭാവമല്ല - മറിച്ച്‌ - പരമാവധി ഉപദ്രവിക്കാനുള്ള മനോഭാവമാണുള്ളത്‌. സമകാലീനസംഭവങ്ങള്‍ പരിശോധിച്ചാല്‍ത്തന്നെ എത്രയോ ഉദാഹരണങ്ങള്‍!

മറ്റൊരു സാദ്ധ്യതകൂടിയുണ്ട്‌. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തി ബോധപൂര്‍വ്വം ഉപയോഗിക്കുന്നതു വഴിയും ദുര്‍വ്യാഖ്യാനങ്ങളുപയോഗിച്ചും 'ഹിന്ദുത്വം' എന്നത്‌ ഒരു ആക്ഷേപകരമായ വാക്കാക്കി മാറ്റുവാന്‍ കുറേക്കാലമായി കൊണ്ടുപിടിച്ചശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. അപ്പോള്‍ 'മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ ഹിന്ദുത്വമുഖമുണ്ട്‌' എന്നു പറയുന്നത്‌ അവരെ ആക്ഷേപിക്കാനുദ്ദേശിച്ചു തന്നെയായിരിക്കണം.

ഈ സംശയങ്ങള്‍ക്കെല്ലാം അടുത്തവാചകത്തില്‍ത്തന്നെ വയലാര്‍ രവി മറുപടി തന്നിരുന്നു.

ഹിന്ദുത്വവാദികളെ സന്തോഷിപ്പിക്കാനാണത്രേ പിണറായി വിജയന്‍ ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ചത്‌ !

അത്ഭുതപ്പെട്ടു പോകുകയാണ്‌!

കഷ്ടം! എത്ര തര താണ ഒരു വര്‍ഗ്ഗീയ പരാമര്‍ശമാണത്‌!

പിണറായി വിജയനെ കടത്തിവെട്ടിക്കളഞ്ഞു വയലാര്‍ രവി.

ദേശീയനേതാക്കള്‍ ഇങ്ങനെ മത്സരിച്ചു തരം താഴാമോ?

'നികൃഷ്ടജീവി' പരാമര്‍ശവും പിന്നീട്‌ അതിനു കൊടുത്ത ന്യായീകരണവുമെല്ലാം ആരെയെങ്കിലും സന്തോഷിപ്പിക്കുമെങ്കില്‍ അത്‌ മാര്‍ക്സിസ്റ്റുകളെ മാത്രമാണ്‌. അവര്‍ മാത്രമാണ്‌ ആ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ അതിനെ പിന്തുണച്ചുകൊണ്ട്‌ പ്രകടനവും പൊതുയോഗവുമെല്ലാം നടത്തിയതും. മറ്റുള്ളവരൊന്നടങ്കം ഇത്തരം വ്യക്തിനിന്ദയെ ശക്തമായി അപലപിക്കുകയേയുള്ളൂ - ജാതി-മത-കക്ഷിഭേദമില്ലാതെ.

ഇവിടെ ഒരു 'ഇരുതലപ്രയോഗ'ത്തിലൂടെ വയലാര്‍ രവി ഉന്നമിട്ടവര്‍ക്കു മാത്രമല്ല - ഹിന്ദുക്കളെ സംബന്ധിച്ചു പൊതുവിലും അങ്ങേയറ്റം ആക്ഷേപകരമാണ്‌ അദ്ദേഹത്തിന്റെ വാചകങ്ങള്‍. കാരണം - ആ വാചകങ്ങള്‍ കേള്‍ക്കാനിടയാകുന്ന ക്രൈസ്തവര്‍ക്കിടയില്‍ തെറ്റായ - മോശമായ - ഒരു ചിത്രം ലഭിക്കുന്നത്‌ കേരളത്തിലെ ഹൈന്ദവസമൂഹത്തിന്റെ ഒരു പൊതുമനസ്ഥിതിയേക്കുറിച്ചു കൂടിയാണ്‌. അതുകൊണ്ടു തന്നെ അങ്ങേയറ്റം അപലപനീയമാണ്‌ ആ പരാമര്‍ശം.

എന്നാല്‍, ശ്രീ. രവിക്കറിയാം - കൈപ്പത്തിക്കു സ്ഥിരം ലഭിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുവോട്ടുകളൊന്നും ഇങ്ങനെയൊരു അപമാനിക്കലിനേത്തുടര്‍ന്ന്‌ നഷ്ടപ്പെട്ടുപോകുകയില്ല എന്ന്‌. എന്നാല്‍പ്പിന്നെ വല്ലതും പുതിയതു തരപ്പെടുകയാണെങ്കില്‍ ലാഭമല്ലേ - പോയാലൊരു വാചകം മാത്രമല്ലേ - എന്നൊരു ചിന്തയാണ്‌ അദ്ദേഹത്തെ നയിക്കുന്നതെന്നു സ്പഷ്ടം.

ഈയൊരു തരം താണ - അപകടകരമായ - വര്‍ഗ്ഗീയക്കളിയെയാണ്‌ കൂസിസം എന്നു പറയുന്നത്‌. തങ്ങളാണ്‌ ഇവിടെ മതേതരത്വം പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്‌ എന്നു വീമ്പിളക്കുക. എന്നിട്ട്‌ തനി വര്‍ഗ്ഗീയമായ കുതന്ത്രങ്ങള്‍ പയറ്റുക. ഇത്‌ കേവലം 'കപടമതേതരത്വമല്ല' - അതിന്റെ അപകടകരമായ പ്രായോഗികതലമായ കൂസിസമാണ്‌. കാരണം, ഇത്തരം പ്രയോഗങ്ങളാണ്‌ സമുദായസ്പര്‍ദ്ധയും മറ്റും വളര്‍ത്തുന്നതും പിന്നീട്‌ പ്രശ്നങ്ങളിലേക്കെത്തിക്കുന്നതും.

വയലാര്‍ രവി ഒരു തികഞ്ഞ കൂസിസ്റ്റാണെന്നാണ്‌ ഇവിടെ വ്യക്തമാവുന്നത്‌. ഈ സംസ്ഥാനത്തെ (രാജ്യത്തെയും!) പ്രമുഖനേതാക്കളുടെ ഗണത്തില്‍ അദ്ദേഹത്തേപ്പോലുള്ളവരും പെടുമല്ലോ എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.

* * * * * * * * *

മാര്‍ക്സിസ്റ്റുകാര്‍ കേരളത്തിലെ ഹിന്ദുക്കളെ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നു എന്നോ മറ്റോ - ഒരു ആക്ഷേപമായോ അല്ലെങ്കില്‍ അഭിനന്ദനമായോ അവതരിപ്പിക്കണമെന്നുള്ളവര്‍ മറ്റു മാര്‍ഗ്ഗങ്ങളായിരുന്നു തേടേണ്ടിയിരുന്നത്‌. ഒരു ഉദാഹരണം ഇനിപ്പറയുന്നു.

അടുത്തിടെ, കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ വളരെ വ്യക്തമാവുന്ന തരത്തില്‍, വിവിധ വിഭാഗങ്ങളുടെ സ്ഥിതിയേപ്പറ്റി വിശദമായി പഠിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചത്‌ മാര്‍ക്സിസ്റ്റുകള്‍ക്കു മുന്‍തൂക്കമുള്ള ശാസ്ത്രസാഹിത്യപരിഷത്‌ ആണ്‌. സംസ്ഥാനത്ത്‌ ജീവിതത്തിന്റെ സമസ്തമേഖലകളിലും ക്രൈസ്തവരേയും മുസ്ലീങ്ങളേയും അപേക്ഷിച്ച്‌ ഹിന്ദുക്കള്‍ വളരെ പിന്നോക്കാവസ്ഥയിലാണെന്നത്‌ പലര്‍ക്കുമറിയാവുന്ന സത്യമാണെങ്കിലും, പരിഷത്തിന്റെ പഠനത്തോടെയാണ്‌ അത്‌ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും ആധികാരികമായി അംഗികരിക്കപ്പെട്ടതും.

ആ ഒരു റിപ്പോര്‍ട്ടു വച്ച്‌ വയലാര്‍ രവിക്കൊക്കെ വേണമെങ്കില്‍ ആരോപിക്കാമായിരുന്നു - മാര്‍ക്സിസ്റ്റുകാര്‍ ദാ ഹിന്ദുക്കളുടെ കാര്യം പരിഗണിക്കുന്നു - എന്നൊക്കെ.

പക്ഷേ ആരോപണം അതിനപ്പുറത്തേക്കു നീട്ടാനാവില്ല. കാരണം, താനിങ്ങനെയൊരു റിപ്പോര്‍ട്ടു കണ്ടിട്ടേയില്ല എന്നാണ്‌ സാമൂഹ്യക്ഷേമവകുപ്പുമന്ത്രി പറഞ്ഞത്‌. മാത്രവുമല്ല - ചില കുട്ടിക്കഥകള്‍ അവസാനിക്കുന്നതുപോലെ - പിന്നീട്‌ ആ റിപ്പോര്‍ട്ടിന്‌ എന്തു സംഭവിച്ചുവെന്നോ അതെവിടെപ്പോയെന്നോ ആര്‍ക്കും ഒരു അറിവുമില്ല താനും!

ഒരര്‍ത്ഥത്തില്‍ അതു നന്നായി. മതേതരത്വത്തിന്റെ പരമകാഷ്ഠ എന്നൊക്കെപ്പറയണമെങ്കില്‍, മതം തിരിച്ചുള്ള ഇത്തരം കണക്കുകളൊന്നും പ്രസിദ്ധീകരിക്കുകയല്ല - തയ്യാറാക്കുക പോലും ചെയ്യരുത്‌. അതൊക്കെയെടുത്ത്‌ പുരപ്പുരത്തു വയ്ക്കുകയോ കത്തിച്ചുകളയുകയോ ഒക്കെയാണു വേണ്ടത്‌.

എന്നാല്‍, സച്ചാര്‍ കമ്മിറ്റി പോലുള്ളവയുടെ പഠനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്‌. കാരണം, അവരൊന്നും പൊതുവായ ഒരു പഠനമല്ലല്ലോ നടത്തുന്നത്‌. ഒരു വിഭാഗത്തിന്റെ മാത്രം അവസ്ഥ പഠിച്ച്‌ അവരെ മാത്രം ഉദ്ധരിക്കാന്‍ ഉദ്ദേശിച്ചുള്ള ശുപാര്‍ശകളെ അതിന്റെ ആദരവോടെ വേണം നാം സമീപിക്കുവാന്‍.

അത്തരമൊരു ആദരവിന്റെ ഭാഗമായാണ്‌ സംസ്ഥാനത്ത്‌ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രത്യേക സമിതിയും മറ്റും രൂപവല്‍ക്കരിക്കപ്പെടുന്നത്‌. അതിന്റെ പേരില്‍ ഇടതുസര്‍ക്കാരിനെ അഭിനന്ദിക്കുകയല്ലാതെ വയലാര്‍ രവിക്കൊന്നും മറ്റു മാര്‍ഗ്ഗങ്ങളില്ല. മതത്തിന്റെ മാത്രം പേരു പറഞ്ഞ്‌ സംവരണം കൊടുക്കുവാന്‍ ഭരണഘടന ഒരു തടസ്സമാണെന്നുണ്ടെങ്കില്‍ അതു നാം തിരുത്തിയെഴുതണമെന്നുപോലും ആവശ്യപ്പെട്ടുകളഞ്ഞു മാര്‍ക്സിസ്റ്റു നേതാക്കള്‍!

അങ്ങനെ 'പ്രായോഗിക'രാഷ്ട്രീയത്തില്‍ തങ്ങളെ കടത്തിവെട്ടി ബഹുദൂരം മുന്നേറുന്ന മാര്‍ക്സിസ്റ്റുകളെ പിടിച്ചു നിര്‍ത്തണമെങ്കില്‍പ്പിന്നെ വയലാര്‍ രവിക്കൊക്കെ മറ്റെന്താണു മാര്‍ഗ്ഗമുള്ളത്‌? ഹിന്ദുവിന്റെ പേര്‌ മാര്‍ക്സിസ്റ്റുകാരനോടു ചേര്‍ത്തുപയോഗിച്ച്‌ അപമാനിക്കുക എന്നതു മാത്രമേയുള്ളൂ. ആര്‍ക്കും വേണ്ടാത്ത ചെണ്ടകളെ - കൊട്ടുന്നവരുടെ താളത്തിനനുസരിച്ചല്ലാതെ സ്വന്തമായൊരു ശബ്ദമുണ്ടാക്കുവാന്‍ കഴിവില്ലാത്ത ഏതൊരു ഉപകരണത്തേയുമതെ - ആരോടു ചേര്‍ത്തു വയ്ക്കുന്നോ അവര്‍ അപമാനിക്കപ്പെടുകയേയുള്ളൂ.

കൂസിസ്റ്റുകളേ - ഇതു നിങ്ങളുടെ യുഗമാണ്‌. കലിയുഗം! ആസ്വദിച്ചുകൊള്ളുക.

January 14, 2007

പുനര്‍വായനയിലെ ചില പ്രശ്നങ്ങള്‍

ഉണ്ണിപ്പിള്ളയെ കണ്ടിട്ടു കുറേ നാളായല്ലോ എന്നു വിചാരിച്ചിരിക്കുമ്പോഴാണ്‌ പെട്ടെന്നൊരു ദിവസം അദ്ദേഹം മുമ്പില്‍ വന്നു പെട്ടത്‌.

വായനശാലയില്‍, പതിവുപോലെ പത്രങ്ങള്‍ക്കിടയിലിരുന്ന എന്റെയടുത്തേക്ക്‌ അദ്ദേഹം ധൃതിയില്‍ കയറി വരുമ്പോഴേക്കും ഞാന്‍ അന്നത്തെ വായന നിര്‍ത്തി ഇറങ്ങാനുള്ള പുറപ്പാടായിരുന്നു.

"ഞാന്‍ നിന്നെക്കാണാന്‍ തന്നെ വന്നതാണ്‌. എനിക്ക്‌ അത്യാവശ്യമായി ചിലതൊക്കെ ചോദിക്കാനുണ്ട്‌ " എന്ന മുഖവുര ആകാംക്ഷയുണ്ടാക്കി. എന്നാലും എനിക്ക്‌ ഉടന്‍ തന്നെ ഇറങ്ങിയാല്‍ കൊള്ളാമെന്നുമുണ്ടായിരുന്നു. അതു വരെ പെയ്തു കൊണ്ടിരുന്ന മഴ അപ്പോളൊന്നു തോര്‍ന്നതേയുള്ളൂ. അടുത്തതു വരുന്നതിനു മുമ്പ്‌ വീടെത്തണം.

ചെറിയൊരു ഇടവേളയ്ക്കു ശേഷം കാണുന്നതു കൊണ്ട്‌ അത്രപെട്ടെന്നു യാത്ര പറഞ്ഞു പിരിയുന്നത്‌ മര്യാദകേടു കൂടിയാണല്ലോ എന്നു ഞാന്‍ ഒന്നു ശങ്കിച്ചു. അപ്പോളേക്കും ഉണ്ണിപ്പിള്ള അല്‍പം കൂടി അടുത്തു വന്ന്‌ ശബ്ദം താഴ്ത്തിപ്പറഞ്ഞു.

"വരൂ. നമുക്കാ മൂലയിലേക്കു മാറി നില്‍ക്കാം"

"എന്താ?" അദ്ദേഹത്തില്‍ നിന്ന്‌ അത്തരത്തില്‍ ഗോപ്യമായൊരു സമീപനം തീരെ പ്രതീക്ഷിക്കാതിരുന്ന എനിക്ക്‌ പെട്ടെന്നത്‌ മനസ്സിലായില്ല.
എന്താണിത്ര രഹസ്യം?

"ശ്ശ്‌ ! "

നാലു ചുറ്റും ഒന്നു പാളി നോക്കി ഉണ്ണിപ്പിള്ള ചുണ്ടത്തു വിരല്‍ വച്ചു.
മിണ്ടരുത്‌ !

എന്നിട്ട്‌ ഒച്ചയുണ്ടാക്കാതെ തന്നെ "ദാ അങ്ങോട്ട്‌ " എന്ന മട്ടില്‍ വായനശാലയുടെ ഒരു മൂലയിലേക്ക്‌ തലകൊണ്ട്‌ ആംഗ്യം കാട്ടി.

കയ്യിലെടുത്തു പിടിച്ചിരുന്ന സഞ്ചി ഞാന്‍ അറിയാതെ താഴെ വച്ചു പോയി. മഴ പെയ്യുന്നെങ്കില്‍ പെയ്യട്ടെ. ഉണ്ണിപ്പിള്ള ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക്‌ അദ്ദേഹത്തിന്റെ പുറകേ നിശ്ശബ്ദം നടക്കുമ്പോള്‍ എന്റെ നെഞ്ചിടിപ്പിന്‌ പുറത്തു നിന്നു കേള്‍ക്കുന്ന ഇടിയുടെ ശബ്ദത്തേക്കാള്‍ മുഴക്കമുണ്ടെന്നു തോന്നി.

* * * * * * * * * * * * * * * * * * * * * * * * * * * *

ആളൊഴിഞ്ഞ ഒരു മേശക്കരികിലെത്തിയപ്പോള്‍ ഉണ്ണിപ്പിള്ള താന്‍ കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന ഒരു പത്രമെടുത്ത്‌ മേശപ്പുറത്തേക്ക്‌ നിവര്‍ത്തി വച്ചു.

പഴയൊരു ഇംഗ്ലീഷ്‌ പത്രം. നാലഞ്ചു മാസത്തോളം പഴക്കമുള്ളത്‌.

പഴയ ഇംഗ്ലീഷ്‌ പത്രങ്ങളില്‍ എന്തെങ്കിലുമൊക്കെ വാര്‍ത്ത ശ്രദ്ധിച്ച്‌ അതുമായി ചര്‍ച്ചയ്ക്കു വരുന്നത്‌ അദ്ദേഹത്തിന്റെ ഒരു സ്ഥിരം പരിപാടിയായി മാറിയിട്ടുണ്ട്‌.

"ഈ പത്രത്തിലെന്താ ഉണ്ണിപ്പിള്ളേ പ്രത്യേകിച്ച്‌ ? " എന്റെ ആകാംക്ഷ പൂര്‍ണ്ണമായും നശിച്ചിരുന്നില്ലെങ്കിലും ചോദ്യത്തില്‍ ഒരല്‍പം നിരാശ നിഴലിച്ചിരുന്നതായിത്തോന്നി.

"നീയൊന്നും വാര്‍ത്തകള്‍ വായിക്കുന്നില്ല. നീയെന്നല്ല. ആരും" എന്റെ ചോദ്യത്തിനല്ല അദ്ദേഹം മറുപടി പറഞ്ഞത്‌.

"പിന്നെ ഇക്കണ്ട ജനമൊക്കെ ചുമ്മാതെയാണോ ഉണ്ണിപ്പിള്ളേ ഇവിടെ വരുന്നത്‌ ? ". ഞാനും ചെറുതായൊന്നു പ്രകോപിപ്പിക്കപ്പെട്ടിരുന്നു.

"എക്കണ്ട ജനമൊക്കെ? നീയൊന്നു കൂടി ചുറ്റും നോക്കിയിട്ടു പറ. " അദ്ദേഹം വിട്ടു തരാനുള്ള ഭാവമില്ല.
"എല്ലാവരുടേയും ആവശ്യം കഴിഞ്ഞിരിക്കുന്നു" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാന്‍ ചുറ്റും നോക്കി. ശരിയാണ്‌. നിറഞ്ഞിരുന്ന വായനശാലയില്‍ ഇപ്പോള്‍ അവിടവിടെയായി വളരെക്കുറച്ചുപേര്‍ മാത്രം.

മഴ ശരിക്കും തോര്‍ന്നിരിക്കുന്നു!

എനിക്കു പറയാന്‍ മറുപടിയില്ലെന്നു കണ്ട ഉണ്ണിപ്പിള്ള ആവേശത്തോടെ തുടര്‍ന്നു.

"അതാണു ഞാന്‍ പറഞ്ഞത്‌ ആരും വാര്‍ത്തയൊന്നും വായിക്കുന്നോ ശ്രദ്ധിക്കുന്നോ ഇല്ലെന്ന്‌. അല്ലെങ്കില്‍ ഇവരൊക്കെ ഇങ്ങനെ പച്ചയ്ക്കു വിളിച്ചു പറയാന്‍ ധൈര്യപ്പെടുമോ? ദാ ഈ വാര്‍ത്ത കണ്ടില്ലേ? "

വീണ്ടും ആ പത്ര വാര്‍ത്തയാണ്‌ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്‌. ഇത്തവണ അതെന്താണെന്നറിയാന്‍ എനിക്കു തിടുക്കമായി.

"ദാ. ഇതു കണ്ടോ ഒരു രാഷ്ട്രീയക്കാരന്‍ വേറൊരു രാഷ്ട്രീയക്കാരനെ "കൊടും വര്‍ഗ്ഗീയവാദി" എന്നു വിളിച്ചിരിക്കുന്നു."

എനിക്കു കഠിനമായ നിരാശ തോന്നി. എനിക്കാ വാര്‍ത്തയില്‍ ഒരു പുതുമയും തോന്നിയില്ല. ഞാനൊന്നും മിണ്ടിയില്ല.

"പക്ഷേ ആരാണ്‌ ഈ പറഞ്ഞ വര്‍ഗ്ഗീയവാദി എന്നാണ്‌ നീ വിചാരിച്ചിരിക്കുന്നത്‌ ? " ഉണ്ണിപ്പിള്ള വീണ്ടും ചോദിച്ചു. അത്‌ വീണ്ടും ഉദ്വേഗമുണര്‍ത്തി. ഇത്തവണ എനിക്കു മറുപടി പറയാതെ വയ്യ.

"ആരുമാവാം. വര്‍ഗീയതയുടെ നിര്‍വചനമൊക്കെ പണ്ടേ മാറിപ്പോയില്ലേ. ആരാണോ വിളിച്ചത്‌ എന്നതനുസരിച്ചിരിക്കും. ആട്ടെ, ആരാണ്‌ വിളിച്ച കക്ഷി ? " ഞാന്‍ തിരിച്ചു ചോദിച്ചു.

"സി. പി. എം. ജനറല്‍ സെക്രട്ടറി. ദാ കണ്ടോ. ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചതാണ്‌. "

ഞാന്‍ ഓടിച്ചൊന്നു നോക്കി. ശരിയാണ്‌. വിശദമായ വാര്‍ത്ത. ചിത്രവുമുണ്ട്‌. മറുപടി പറയാന്‍ പിന്നെ എനിക്ക്‌ അധികം ആലോചിക്കേണ്ടി വന്നില്ല.

"അപ്പോള്‍ പിന്നെ സംശയമുണ്ടോ ഉണ്ണിപ്പിള്ളേ? അവരുടെ കണ്ണില്‍ ഇന്ത്യയിലാകെ ഒന്നോ രണ്ടോ വര്‍ഗ്ഗീയ കക്ഷികളല്ലേ ഉള്ളൂ. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നവരുടെ നേരെ മതപരിഗണനകള്‍ വച്ച്‌ മൃദുനിലപാടെടുക്കരുത്‌ - അവന്‍ ഹിന്ദുവാണോ മുസല്‍മാനാണോ എന്നൊന്നും നോക്കരുത്‌ എന്ന്‌ ഈയിടെയും കിടന്നു വായലച്ച തനി വര്‍ഗ്ഗീയവാദികളില്‍പെട്ട ആരെയെങ്കിലുമാവണം വിളിച്ചത്‌. വയസ്സാം കാലത്ത്‌ അയല്‍രാജ്യവുമായി ബന്ധം നന്നാക്കാനെന്നും പറഞ്ഞ്‌ വെറുതേ മഞ്ഞുമല കേറിയിറങ്ങിയ കാരണവരെത്തന്നെയാവണം."

"നിര്‍ത്ത്‌ ! "

ഉണ്ണിപ്പിള്ള എന്നെ തുടരാനനുവദിച്ചില്ല.

"ഞാന്‍ പറയാം. മന്‍മോഹന്‍ സിംഗിനെയാണു വിളിച്ചിരിക്കുന്നത്‌. വെറും വര്‍ഗ്ഗീയവാദിയെന്നല്ല - കൊടും വര്‍ഗ്ഗീയവാദിയെന്ന്‌ ! "

ഇക്കുറി എനിക്കു ചുവടു തെറ്റി!

ഞാന്‍ ആ പത്രം കയ്യിലെടുത്ത്‌ വായിച്ചു നോക്കി. അല്‍പം നനഞ്ഞിരിക്കുന്നതു കൊണ്ട്‌ മുഴുവന്‍ വ്യക്തമല്ല. എന്നാലും പ്രധാന ഭാഗങ്ങള്‍ മുഴുവനായി വായിക്കാം. മന്‍മോഹന്‍ സിംഗിനെതിരെ സി. പി. എം. ജനറല്‍ സെക്രട്ടറി തന്റെ പ്രസംഗത്തിലുടനീളം കടന്നാക്രമണം തന്നെ നടത്തിയിരിക്കുകയാണ്‌.

"ഞാന്‍ പറഞ്ഞു തരാം ബാക്കി" എന്നും പറഞ്ഞ്‌ തട്ടിപ്പറിച്ചിട്ടെന്നമാതിരി ഉണ്ണിപ്പിള്ള ആ പത്രം എന്റെ കയ്യില്‍ നിന്നും ബലമായി വാങ്ങി. എന്നിട്ടു തുടര്‍ന്നു.

"എന്തു കൊണ്ടാണ്‌ മന്‍മോഹന്‍ സിംഗ്‌ 'കൊടും' വര്‍ഗ്ഗീയവാദിയായതെന്നു പറഞ്ഞു തരാം. അങ്ങേര്‌ ജോര്‍ജ്ജു ബുഷിനെ പിന്തുണച്ചത്രേ. വെറും ജോര്‍ജ്ജു ബുഷിനെയല്ല. ക്രിസ്ത്യാനിയായ ജോര്‍ജ്ജുബുഷിനെ. ബുഷിനോട്‌ പുള്ളിക്കാരന്റെ ദൈവം പറഞ്ഞത്രേ ഇറാക്കിനെ ആക്രമിച്ചോളാന്‍. അപ്പോള്‍, സ്വന്തം ദൈവം പറഞ്ഞതനുസരിച്ച്‌ ഇറാക്കിനെ ആക്രമിച്ച ക്രിസ്ത്യാനിയായ ജോര്‍ജ്ജു ബുഷിനെ പിന്തുണച്ച മന്‍മോഹന്‍ സിംഗ്‌ അതുകൊണ്ടു തന്നെ കൊടും വര്‍ഗ്ഗീയവാദിയാണത്രേ! ആലോചിച്ചുനോക്കണം. സദ്ദാം വധത്തിനും തിരുവമ്പാടി തെരഞ്ഞെടുപ്പിനും ഒക്കെ മൂന്നു നാലു മാസങ്ങള്‍ക്കു മുന്‍പത്തെ വാര്‍ത്തയാണിതെന്ന്‌ ഓര്‍ക്കണം"

"ച്ഛേ!"

ഉണ്ണിപ്പിള്ളയുടെ പ്രായത്തെ ബഹുമാനിക്കേണ്ടിയിരുന്നു. എനിക്ക്‌ വല്ലാതെ ദേഷ്യം വന്നത്‌ മുഖത്തു വ്യക്തമായിരുന്നു. 'ക്രിസ്ത്യാനി' എന്ന്‌ എടുത്തെടുത്തു പറഞ്ഞതും ഇങ്ങനെയൊരു വളഞ്ഞു മൂക്കില്‍ പിടിക്കുന്ന കാരണം കണ്ടുപിടിച്ചതും എന്നെ ചൊടിപ്പിച്ചു.

ഇത്തവണ ഞാനാണ്‌ പത്രം തട്ടിപ്പറിച്ചു വാങ്ങിച്ചത്‌.

നോക്കിയപ്പോള്‍ ശരിയാണ്‌! ആ പരാമര്‍ശങ്ങളൊക്കെ അങ്ങനെ തന്നെ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു! സത്യത്തില്‍ അങ്ങനെ പറഞ്ഞുവോ അതോ ലേഖകന്റെ ഭാവനയാണോ എന്നേ അറിയേണ്ടൂ.

"ആ റാലി നടന്നപ്പോള്‍ എവിടെയെങ്കിലും തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയായിരുന്നോ?" ഉണ്ണിപ്പിള്ള ചോദ്യങ്ങള്‍ നിര്‍ത്തുന്നില്ല.

"ഇല്ല" എന്റെ മറുപടി.

"എങ്കില്‍ പിന്നെ വെറുതെയെന്തിനാ ഇല്ലാത്തതൊക്കെ വലിച്ചിഴച്ച്‌ ഒരു ആരോപണം? അതും ഇറാക്കിന്റെ കാര്യവും ബുഷിന്റെ മതവും അങ്ങേരുടെ ദൈവത്തിന്റെ കാര്യവും ഒക്കെ എടുത്തിട്ടു കൊണ്ട്‌ ഒരു പ്രയോഗം? ആലോചിച്ചു നോക്ക്‌ "

അഹ്‌.!... ദൈവമേ...!

എനിക്ക്‌ കാര്യങ്ങള്‍ വ്യക്തമായിത്തുടങ്ങി. ദു:ഖമോ ഭയമോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത ഒരു വികാരത്തില്‍ നിന്നുണ്ടായ ഒരു അസ്വസ്ഥത എന്നില്‍ പടര്‍ന്നു തുടങ്ങി.

"ഫോട്ടോയുടെ ആ അടിക്കുറിപ്പില്‍ എല്ലാം ഉണ്ട്‌ " എന്നതു കേട്ടപ്പോള്‍ ഞാന്‍ അറിയാതെ നോക്കിപ്പോയി. നോക്കാതെ തന്നെ അറിയാമായിരുന്നു.

അതെ. അതു തന്നെ.

'സി. പി. എം. ജനറല്‍ സെക്രട്ടറി അഡ്രസ്സിംഗ്‌ എ റാലി ഇന്‍ മലപ്പുറം'!

ഞാന്‍ ഒരക്ഷരം മിണ്ടാതെ ഒരു മണ്ടനേപ്പോലെ നിന്നു.

* * * * * * * * * * * * * * * * * * * * * * * * * * * *

"മലപ്പുറത്ത്‌ - മുസ്ലീങ്ങള്‍ക്ക്‌ മൃഗീയ ഭൂരിപക്ഷമുള്ള മലപ്പുറത്തു ചെന്നിട്ട്‌ മര്യാദക്കാരായ മുസ്ലീങ്ങളുടെ മനസ്സിലും മതചിന്ത കോരിയിട്ടിട്ട്‌ ഇവരൊക്കെ എന്തു നേടാനാണ്‌ ? "

ആരോടെന്നില്ലാതെ ചോദിക്കുകയാവും എന്ന വിശ്വാസത്തില്‍ ഉണ്ണിപ്പിള്ളയുടെ നേരെ നോക്കിയ ഞാന്‍ കണ്ടത്‌ അദ്ദേഹം എന്നെത്തന്നെ നോക്കി നില്‍ക്കുന്നതാണ്‌.
അദ്ദേഹം ഒരു ഉത്തരം പ്രതീക്ഷിക്കുന്നു എന്നു തോന്നി.
ഞാനിതിലൊക്കെ എന്തു പറയാനാണ്‌?

എനിക്കാണെങ്കില്‍ ആ റാലി തന്നെ എന്തിനായിരുന്നു എന്ന്‌ പൂര്‍ണ്ണമായി മനസ്സിലായിരുന്നില്ല. കേരളത്തില്‍ തെരഞ്ഞെടുപ്പു കഴിഞ്ഞിരുന്ന സ്ഥിതിക്ക്‌ പിന്നെ കോണ്‍ഗ്രസ്സിനെ ചീത്ത വിളിക്കുന്നതിന്റെ പെട്ടെന്നൊരാവശ്യമുണ്ടായിരുന്നില്ല. തങ്ങള്‍ കൂടി പിന്തുണയ്ക്കുന്ന യു.പി.എ. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണെന്നു പറയപ്പെടുന്നു. ഒരു രാഷ്ട്രീയനിരീക്ഷകന്‍ എന്ന നിലയ്ക്കാലോചിച്ചാല്‍, ഒരു ശക്തിപ്രകടനത്തിനുള്ള അവസരം സൃഷ്ടിക്കുക എന്നതില്‍ക്കവിഞ്ഞ്‌ യാതൊരു രാഷ്ട്രീയപ്രാധാന്യവും എല്ലാ ജില്ല ആസ്ഥാനങ്ങളിലും നടത്തിയ ആ റാലികള്‍ക്കു കാണാന്‍ കഴിയുമായിരുന്നില്ല. കണ്ണൂരിലാണെങ്കില്‍, പതിവുപോലെ കോടതിയെ വെല്ലുവിളിച്ച്‌ സ്റ്റേഡിയം ഉപയോഗിച്ച്‌ ചീത്തപ്പേരു വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

"എടാ"

ഉണ്ണിപ്പിള്ളയുടെ വിളി എന്നെ ആലോചനയില്‍ നിന്നുണര്‍ത്തി. എന്നെ 'എടാ' എന്നു വിളിക്കാന്‍ വളരെ സ്വാതന്ത്ര്യമുള്ളയാളായിരുന്നെങ്കിലും വളരെ അപൂര്‍വ്വമായേ അദ്ദേഹം അങ്ങനെ വിളിക്കുമായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ മനസ്സ്‌ പ്രക്ഷുബ്ദ്ധമാണെന്നു വ്യക്തം.

"എടാ നീയൊന്നാലോചിച്ചു നോക്ക്‌. മുസ്ലീങ്ങളുടെ ഒരു വന്‍സമൂഹത്തിനു മുമ്പാകെ നിന്നിട്ട്‌ ഒരാളിങ്ങനെ പറയുന്നെന്നു വിചാരിക്കുക.

'അല്ലയോ മുസ്ലീങ്ങളേ - ഇറാക്കിലുള്ളതും മുസ്ലീങ്ങളല്ലേ? നമുക്ക്‌ അവരോട്‌ ഒരു ഐക്യദാര്‍ഡ്യം വേണ്ടേ? ക്രിസ്ത്യാനികളുടെ ദൈവം പറഞ്ഞുവെന്നും പറഞ്ഞ്‌ മുസ്ലീങ്ങളുടെ ഇറാക്കിനെ ആക്രമിച്ച - അതായത്‌ നമ്മുടെ ഇറാക്കിനെ ആക്രമിച്ച ക്രിസ്ത്യാനിയായ ജോര്‍ജ്ജ്‌ ബുഷിനെ പിന്തുണച്ച കൊടും വര്‍ഗ്ഗീയവാദിയായ മന്‍മോഹന്‍സിംഗിന്റെ പാര്‍ട്ടിയാണു കോണ്‍ഗ്രസ്സ്‌ അതുകൊണ്ട്‌ നിങ്ങള്‍ അവരെ പിന്തുണയ്ക്കരുത്‌. ഞങ്ങളുടെ കൂടെ നില്‍ക്ക്‌ ഞങ്ങളാണ്‌ ന്യൂനപക്ഷങ്ങളുടെ വികാരമറിഞ്ഞു പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരായവര്‍'

അങ്ങനെയൊരാള്‍ പറഞ്ഞാല്‍ അത്‌ അങ്ങേയറ്റം തരം താണ വര്‍ഗ്ഗീയഭാഷണമല്ലെങ്കില്‍ പിന്നെയെന്താണ്‌? സത്യത്തില്‍ ഈ പ്രസംഗത്തില്‍ നിന്നും വേറേയെന്താണ്‌ നമുക്കു വായിച്ചെടുക്കാന്‍ പറ്റുന്നത്‌ ?
'അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ' പ്രസ്താവനയാണെങ്കില്‍, ബുഷിനെ ക്രിസ്ത്യാനിയാക്കിയതും പുള്ളിയുടെ ദൈവത്തിന്റെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞതും ഏതും പോരാത്ത മന്‍മോഹന്‍ സിംഗിനെ ഇതിലേക്കു വലിച്ചിഴച്ചു വര്‍ഗ്ഗീയവാദി എന്നു വിളിച്ചതും ഒക്കെ എന്തിനാണ്‌ ?


എനിക്ക്‌ എന്തെങ്കിലും പറഞ്ഞ്‌ അദ്ദേഹത്തിനെ ശ്രദ്ധ തിരിച്ചേ പറ്റൂ.

"ഉണ്ണിപ്പിള്ളേ. ഇടതിനെ മാത്രം ചുമ്മാ കുറ്റം പറയല്ലേ. ദാ അധികം നാളായില്ലല്ലോ - തിരുവമ്പാടിയിലെ പ്രചാരണസമയത്ത്‌ സ്ഥാനാര്‍ത്ഥി തോമസും ബുഷും ടോണിബ്ലെയറും 'എല്ലാം ഒരു വിഭാഗമാണെ'ന്ന മട്ടില്‍ അവരെ മൂന്നിനെയും കൂട്ടിക്കെട്ടിയ പരാമര്‍ശം വന്നത്‌ യു.ഡി.എഫിലെ പ്രമുഖ കക്ഷിയുടെ മുഖപത്രത്തിലാണ്‌ - മറന്നിട്ടില്ലല്ലോ?

അവര്‍ മൂന്നുപേരും ഇംഗ്ലീഷുകാരാണോ? അല്ലല്ലോ? മൂന്നുപേരും കമ്മ്യൂണിസ്റ്റുകാരാണോ? അല്ലല്ലോ? പിന്നെയെന്താ വേറെ ഒരു 'കോമണാലിറ്റി'?

കമ്മ്യൂണിറ്റി തന്നെ അല്ലാതെന്താ?

അവര്‍ എല്ലാവരും പറഞ്ഞുവരുമ്പോള്‍ ക്രിസ്ത്യാനികള്‍ തന്നെ. ഇറാക്കിലും പാലസ്തീനിലും ലെബനനിലും ഒക്കെ ഉള്ളത്‌ മുസ്ലീങ്ങള്‍. അപ്പോള്‍ നമ്മുടെ ഉമ്മര്‍ക്കായുടെ ചിഹ്നം മറക്കില്ലല്ലോ അല്ലേ?" എന്നു പറയുന്നതിന്റെ വേറൊരു രൂപമല്ലേ ഉണ്ണിപ്പിള്ളേ അത്‌? വെറുതെ കമ്മ്യൂണിസ്റ്റുകാരെ മാത്രം കുറ്റം പറയുന്നതെന്തിനാണ്‌ ?
"

ഉണ്ണിപ്പിള്ള ഒന്നടങ്ങി. എനിക്ക്‌ ആശ്വാസമായി.

"അങ്ങനെയാണെങ്കില്‍ രാഷ്ട്രീയക്കാരെ മാത്രമല്ല മതപുരോഹിതന്മാരേപ്പോലും കുറ്റം പറയേണ്ടിവരും". ഇല്ല - പുള്ളി തുടരാനുള്ള ഭാവം തന്നെയാണ്‌.

"കഴിഞ്ഞ തെരഞ്ഞെടുപ്പിന്‌ - ഉപതെരഞ്ഞെടുപ്പല്ല - അതിനു മുമ്പ്‌ - തിരുവമ്പാടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞപ്പോള്‍ ഒരു വികാരിയച്ചന്‍ പത്രസമ്മേളനം വിളിച്ചു കൂട്ടി പറഞ്ഞത്‌ കുറഞ്ഞത്‌ ഒരു ഏഴെട്ടു ചാനലിലെങ്കിലും നമ്മളെല്ലാം കണ്ടതല്ലേ? തിരുവമ്പാടിയില്‍ ക്രിസ്ത്യാനിയെ നിര്‍ത്തിയില്ലെങ്കില്‍ വോട്ടുപ്രതീക്ഷിക്കണ്ട എന്ന്‌.

അയ്യോ രക്ഷയില്ല - അത്‌ മുസ്ലിം ലീഗിന്റെ കുത്തക സീറ്റാണ്‌. ഒന്നും ചെയ്യാനാവില്ല - എന്ന്‌ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമൊക്കെ പറഞ്ഞുവത്രെ. അങ്ങനെയാണെങ്കില്‍ ആ കുത്തക ഇത്തവണ തകരും എന്ന്‌ ഞാന്‍ അവര്‍ക്കു മുന്നറിയിപ്പു കൊടുത്തിട്ടുമുണ്ടെന്നും അച്ചന്‍ പറഞ്ഞു.

അന്ന്‌ അദ്ദേഹം പറഞ്ഞതൊക്കെ തനി വര്‍ഗ്ഗീയത നിറഞ്ഞ വെല്ലുവിളിയല്ലെങ്കില്‍ പിന്നെയെന്താണ്‌? അന്നത്തെ എല്‍. ഡി. എഫ്‌ സ്ഥാനാര്‍ത്ഥി ശ്രീ. മത്തായി ചാക്കോ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ വരാത്തയാളാണെന്നും പുള്ളിക്കാരനെ ക്രിസ്ത്യാനിയായി അംഗീകരിക്കുന്നില്ലെന്നും പറഞ്ഞു. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പള്ളിയില്‍ വരുന്ന സത്യക്രിസ്ത്യാനികള്‍ക്കു മാത്രമേ 'ഞങ്ങള്‍' വോട്ടു ചെയ്യൂ എന്ന്‌ ഒരു വികാരിയച്ചന്‌ പത്രസമ്മേളനം നടത്തി പച്ചയ്ക്കു വിളിച്ചു പറയാമെങ്കില്‍ പിന്നെ രാഷ്ട്രീയക്കാര്‍ക്കായിക്കൂടേ ?
"

അതു ശരിയാ ഉണ്ണിപ്പിള്ളേ. പക്ഷേ വേറൊന്നുണ്ട്‌. പെട്ടെന്നുകേട്ടാല്‍ പ്രാദേശികവാദമാണെന്നു തോന്നും. പക്ഷേ അവിടുത്തെ മലയോരമേഖലയില്‍ കുടിയേറ്റകര്‍ഷകരായി എത്തിച്ചേര്‍ന്ന ക്രിസ്ത്യാനികളുടെ ഒരു പ്രതിനിധിയെന്ന നിലയില്‍ അവരുടെ ഒരു ആവശ്യം എന്ന നിലയ്ക്കാണ്‌ അച്ചനത്‌ അവതരിപ്പിച്ചത്‌.

വര്‍ഗ്ഗീയത തന്നെയാണ്‌. പക്ഷേ ലോകത്തെല്ലായിടത്തുമുള്ള ക്രിസ്ത്യാനികളെ കൂട്ടിക്കെട്ടി അവര്‍ക്കെതിരെ വല്ല അച്ചുതണ്ടോ മറ്റോ പ്രവര്‍ത്തിക്കുന്നുണ്ട്‌ - ഒന്നിച്ചു നില്‍ക്കണം എന്ന മട്ടിലൊന്നും അച്ചനൊന്നും പറഞ്ഞില്ലല്ലോ.

അതിനുശേഷം നടന്ന സംഭവമാണെങ്കിലും ഒരു ഉദാഹാരണത്തിനായി പറയുകയാണ്‌ - 'തുര്‍ക്കിയില്‍ സന്ദര്‍ശനം നടത്തുന്ന മാര്‍പ്പാപ്പക്കെതിരെ വമ്പിച്ച പ്രതിഷേധപ്രകടങ്ങള്‍ നടക്കുന്നു. അദ്ദേഹത്തിനു സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്‌ - അതുകൊണ്ട്‌ തിരുവമ്പാടിയില്‍ ക്രിസ്ത്യാനിയെ നിര്‍ത്തി ജയിപ്പിക്കണം എന്ന മട്ടിലൊന്നും അച്ചന്‍ പറഞ്ഞില്ലല്ലോ. ഉവ്വോ?

എന്നാല്‍ അതേ സ്ഥാനത്ത്‌ ഇത്തവണ തിരുവമ്പാടിയില്‍ സദ്ദാം ഹുസൈന്‍ എത്ര തവണയാണ്‌ കടന്നു വന്നത്‌? സദ്ദാം ഹുസൈനോട്‌ പോക്രിത്തരം കാണിക്കുന്ന അമേരിക്കന്‍സാമ്രാജ്യത്വത്തിനെതിരെ ഒന്നും ചെയ്യാന്‍ ഇ. അഹമ്മദിനു കഴിഞ്ഞില്ല - അതുകൊണ്ട്‌ ഉമ്മറിനു വോട്ടു ചെയ്യരുത്‌(!) എന്ന മട്ടിലൊക്കെയല്ലായിരുന്നോ പ്രചാരണം! അതിനു മറുപടി പറയാന്‍ നിര്‍ബന്ധിതരാക്കുക വഴി യു.ഡി.എഫിന്റെ പകുതി സമയവും പാഴാക്കിക്കളയാനൊത്തു.

അന്താരാഷ്ട്ര പ്രശ്നങ്ങള്‍ പറഞ്ഞ്‌ കാടിളക്കി ഒരോരുത്തരുടെ വര്‍ഗ്ഗീയവികാരങ്ങളും ഇളക്കി ഇവിടുത്തെ സാധാരണക്കാരന്റെ പൊള്ളുന്ന ജീവിത പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കുക. അല്ലാതെന്താ? നാട്ടിലെ പ്രശ്നങ്ങള്‍ പറഞ്ഞു വോട്ടുചോദിച്ചു തുടങ്ങിയാല്‍ അതിനൊക്കെ ഉത്തരവാദികള്‍ പലപ്പോഴും തങ്ങളൊക്കെത്തന്നെയാണെന്ന്‌ സമ്മതിക്കേണ്ടിവരും. അതും ഈ ഒളിച്ചോട്ടത്തിന്റെ ഒരു കാരണമാവാം.
"

"വളരെ ശരിയാണ്‌. എനിക്കു തോന്നുന്നത്‌ നമ്മള്‍ പറഞ്ഞുതുടങ്ങിയാല്‍ ഇത്‌ ഇന്നു തീരില്ലെന്നാണ്‌. സദ്ദാമിന്റേത്‌ ഒന്നുമില്ലെങ്കിലും ഒരു മനുഷ്യനെ, അതും ഒരു രാജ്യത്തിന്റെ പരമാധികാരിയായിരുന്ന ഒരുവനെ, മുരട്ടുന്യായങ്ങള്‍ പറഞ്ഞ്‌ കൊല്ലാന്‍ ശ്രമിച്ചതിനെതിരെ ആയിരുന്നു എന്ന ന്യായമെങ്കിലും പറയാം. അതിന്‌ തിരുവമ്പാടി തെരഞ്ഞെടുപ്പില്‍ എന്തായിരുന്നു പ്രസക്തി എന്ന ചോദ്യവും മറക്കാം. ആ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യമോര്‍ക്കുമ്പോള്‍ ആരും എന്തു അടവുനയങ്ങളും എടുക്കും എന്നും കരുതാം.

പക്ഷേ ....

കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ എന്താ നടന്നത്‌?

ഇവിടെ - വെറും ഇട്ടാ വട്ടമുള്ള ഈ തവളക്കുഴിയില്‍ - അതും രണ്ടുകാലു വച്ചാല്‍ തീരുന്ന പത്താം വാര്‍ഡിലൂടെ ഓരോരുത്തര്‍ ചങ്കുപൊട്ടി പ്രസംഗിച്ചു നടന്നതെന്താ? ഇറാനെ ബോംബുണ്ടാക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഇവിടെ വല്ലതും നടക്കും പോലും!

ഇറാന്റെ ആണവപരിപാടിക്കെതിരെ ഇന്ത്യ വോട്ടു ചെയ്തത്രെ. യേത്‌? അതു കൊണ്ട്‌ നമ്മള്‍ നമ്മുടെ പഞ്ചായത്തുവാര്‍ഡില്‍ പ്ലാഞ്ചോട്ടില്‍ കണാരന്‍ മാസ്റ്റര്‍ക്ക്‌ വോട്ടു ചെയ്യരുതത്രെ!

കലികാലം!

ഇതൊക്കെ കേട്ട്‌ നമ്മുടെ അബൂട്ടി സങ്കടത്തോടെ പറഞ്ഞത്‌ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്‌ 'ഇറാന്‍ പണ്ടേക്കു പണ്ടേ ബോംബുണ്ടാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ. എങ്കില്‍ എന്റെയുമ്മ ഒരിറക്കു വെള്ളം കിട്ടാണ്ട്‌ മരിക്കേണ്ടി വരില്ലായിരുന്നു' എന്ന്‌.

എനിക്കും തോന്നിപ്പോയി. എല്ലാ ദിവസവും വേണ്ട. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും മുടങ്ങാതെ കുടിവെള്ളം കിട്ടാനുള്ള ഒരു സംവിധാനമെങ്കിലും നടപ്പിലാക്കാന്‍ ഇവരിലാരെങ്കിലും ഉത്സാഹിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന്‌.

അബൂട്ടി പറഞ്ഞത്‌ കേട്ടപ്പോള്‍ സത്യത്തില്‍ എനിക്ക്‌ മുഖത്ത്‌ അടികിട്ടിയതുപോലെയാണു തോന്നിയത്‌. അന്താരാഷ്ട്ര വര്‍ഗ്ഗീയത പ്രസംഗിച്ചു നടന്നതു നമ്മളല്ലെങ്കിലും അതൊക്കെ കയ്യുംകെട്ടി കേട്ടു നിന്നത്‌ നമ്മളൊക്കെത്തന്നെയല്ലേ?
"

ഞാന്‍ കുറച്ചു സമയത്തേക്കു മിണ്ടിയില്ല. അബൂട്ടിയുടെ ഉമ്മയേക്കുറിച്ചുള്ള പരാമര്‍ശം ദു:ഖിപ്പിക്കുന്നതു തന്നെയായിരുന്നു. അധികം ദൂരെയല്ലാതെ നല്ലയൊരു ആശുപത്രി വേണമെന്നതും ഇത്തവണയും ഒരു തെരഞ്ഞെടുപ്പു വിഷയമായിക്കാണാന്‍ ആരും തയ്യാറായിരുന്നില്ല എന്നു ഞാനോര്‍ത്തു.

എനിക്ക്‌ ഈ ചര്‍ച്ച എത്രയും പെട്ടെന്ന്‌ അവസാനിപ്പിച്ചാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. പറഞ്ഞു നിര്‍ത്താം എന്ന മട്ടിലാണ്‌ ഞാന്‍ പറഞ്ഞു തുടങ്ങിയത്‌.

"ഉണ്ണിപ്പിള്ളേ, അന്താരാഷ്ട്ര വര്‍ഗ്ഗീയത മാത്രമല്ല, തനി പ്രാദേശിക വര്‍ഗ്ഗീയതയും തെരഞ്ഞെടുപ്പുകളില്‍ ശക്തമായി ഉപയോഗിക്കപ്പെട്ടിട്ടില്ലേ? നമ്മള്‍ തമ്മില്‍ മാത്രം ഇങ്ങനെ പറഞ്ഞിട്ടെന്തിനാണ്‌? ഇപ്പോള്‍ ദാ മൂവാറ്റുപുഴയില്‍ തെരഞ്ഞെടുപ്പിനിടയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചു എന്നും പറഞ്ഞ്‌ പി.സി. തോമസിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കാന്‍ ശ്രമം നടക്കുന്നു. ആരാ പകരം വരാന്‍ പോകുന്നതെന്നോര്‍ക്കണം -

ഇസ്മായില്‍!

ആരെന്തൊക്കെപ്പറഞ്ഞാലും ശരി മൊത്തത്തില്‍ ക്രിസ്ത്യാനികളുടെ സ്വന്തം പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ്‌ മാണിയും അതില്‍നിന്നും പിരിഞ്ഞ വിഭാഗവും തമ്മില്‍ നടന്ന ബലാബലമായിരുന്നു അവിടെ നടന്നത്‌ എന്നത്‌ ഏതൊരു കൊച്ചു കുട്ടിയ്ക്കും അറിയാം. അതിനിടയില്‍ ഇസ്മായിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്‌ വെറുതെയല്ലെന്ന്‌ ആര്‍ക്കാണ്‌ ഉണ്ണിപ്പിള്ളേ അറിഞ്ഞുകൂടാത്തത്‌?

ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പെരുമ്പാവൂര്‍, ആലുവയുടെ ചില ഭാഗങ്ങള്‍.. ഇങ്ങനെ മുസ്ലീങ്ങള്‍ക്കു തരക്കേടില്ലാത്ത ഭൂരിപക്ഷമുള്ള സ്ഥലങ്ങളൊക്കെ അന്ന്‌ മൂവാറ്റുപുഴ മണ്ഡലത്തിന്റെ ഭാഗമല്ലായിരുന്നു എന്നു വരുമോ?

മുഴുവന്‍ മുന്നണി വോട്ടുകളും സമാഹരിക്കുന്നതിനൊപ്പം പരമാവധി മുസ്ലിം വോട്ടുകളും ആകര്‍ഷിച്ചു വശത്താക്കുക എന്നൊരു 'ന്യായമായ' ലക്ഷ്യവും അതിനു പിന്നിലില്ലായിരുന്നു എന്നു പറയാന്‍ പറ്റുമോ?

ജോസും തോമസും മത്സരിക്കുന്നു - അതിനിടയില്‍ നില്‍ക്കുന്ന ഇസ്മായില്‍ മുസ്ലിമാണ്‌ എന്ന ഒരു വികാരം ആ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കപ്പെട്ടിട്ടേയില്ല എന്നാണോ?

ആ തെരഞ്ഞെടുപ്പിന്റെ പ്രചാരണസമയത്ത്‌ പലകുറി ആ മണ്ഡലം മുറിച്ചുകടക്കാനിടയായപ്പോഴൊക്കെ നാം കണ്ണും കാതും അടച്ചുപിടിച്ചിരിക്കുകയായിരുന്നോ?

എന്തിനാ ഉണ്ണിപ്പിള്ളേ നമ്മളൊക്കെ ആരെപ്പേടിച്ചിട്ടാണ്‌ ഇതൊന്നും തുറന്ന്‌ അംഗീകരിക്കാന്‍ തയ്യാറാകാത്തത്‌? വെറുതെയെന്തിനാണു നാം ഒരു മുന്നണിയെത്തന്നെ കുറ്റം പറയുന്നത്‌ ? “


ശരിയാണ്‌. കേരളത്തിലെ പ്രാദേശിക രാഷ്ട്രീയത്തിലെ പൊള്ളുന്ന വര്‍ഗ്ഗിയതയേക്കുറിച്ചു പറയാനാണെങ്കില്‍ ഒന്നോ രണ്ടോ ദിവസം പോര. ഏതായാലും നീ പി.സി. തോമസിന്റെ കാര്യം പറഞ്ഞ സ്ഥിതിക്ക്‌ ഞാന്‍ ഇതു കൂടി പറഞ്ഞു നിര്‍ത്താം.

മണ്ഡലപുനര്‍നിര്‍ണ്ണയ സമയത്ത്‌ മൂവാറ്റുപുഴ മണ്ഡലം മാണിസാര്‍ വാശിക്കു വെട്ടി മുറിച്ച്‌ തുണ്ടം തുണ്ടമാക്കുകയും തോമസിന്റെ ശക്തി കേന്ദ്രങ്ങള്‍ പലയിടത്തായി ചിതറുകയും ചെയ്തിനു ശേഷം നടന്ന രാഷ്ട്രീയനീക്കങ്ങളൊക്കെ ഓര്‍മ്മയുണ്ടല്ലോ. തോമസും കൂട്ടരും പി.ജെ.ജോസഫിന്റെ പാര്‍ട്ടിയില്‍ ലയിക്കാന്‍ തീരുമാനിച്ചു. ആ സമയത്ത്‌ ടി.വി.യില്‍ വന്ന ഒരു അഭിമുഖമാണ്‌. ഒരു വശത്ത്‌ തോമസും മറുവശത്ത്‌ ഇടതു മുന്നണിയുടെ ഒരു മുന്‍കണ്‍വീനറും.

ലയിക്കുന്നത്‌ ജോസഫിന്റെ പാര്‍ട്ടിയിലാണെങ്കിലും അതു വഴി വരുന്നത്‌ ഇടതു മുന്നണിയിലേക്കാണ്‌ - അതു കൊണ്ട്‌ തോമസ്‌ വര്‍ഗ്ഗീയ കക്ഷികളെ തള്ളിപ്പറയണം(!) എന്നതാണ്‌ മുന്നണി നേതാവ്‌ ആവശ്യപ്പെടുന്നത്‌. തങ്ങള്‍ പലപ്പോഴും പ്രയോഗിക്കുന്ന ആയുധം തങ്ങള്‍ക്കു തന്നെ പാരയാകാതിരിക്കാനുള്ള തന്ത്രങ്ങള്‍ എങ്ങനെയാണ്‌ സീനിയര്‍ മുന്നണി നേതാവ്‌ പുറത്തെടുക്കുന്നത്‌ എന്നു കാണാനുള്ള ആകാംക്ഷയില്‍ ഞാനിരിക്കുകയാണ്‌.

തോമസ്‌ തന്റെ ചോദ്യമാണു തള്ളിക്കളയുന്നത്‌ എന്നു കണ്ട അദ്ദേഹം ആവര്‍ത്തിച്ചു ചോദിച്ചു നോക്കി. എങ്ങനെയാ പറയാന്‍ പറ്റുമോ ഇല്ലയോ എന്ന്‌. പാര്‍ട്ടിയോ മുന്നണിയോ മാറുന്നതനുസരിച്ച്‌ ഒരു സുപ്രഭാതത്തില്‍ അതു വരെ കൂടെ നിന്നവരെ ചീത്ത വിളിക്കുന്ന സംസ്കാരം പി. ടി. ചാക്കോയുടെ മകനില്‍ നിന്നു പ്രതീക്ഷിച്ചിട്ടു കാര്യമില്ലാത്തതു കൊണ്ടോ എന്തോ..തോമസ്‌ തീരെ വഴങ്ങിയില്ല.

'തള്ളിപ്പറയണം' എന്ന്‌ ഏതാണ്ടൊരു ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചിരുന്ന മുന്നണി നേതാവിന്റെ ശബ്ദം മിക്കവാറും യാചനാമട്ടിലായെങ്കിലും എന്തെങ്കിലും പറയാതിരിക്കില്ല എന്ന പ്രതീക്ഷ കൈവിടാതെ അദ്ദേഹം ചോദ്യമാവര്‍ത്തിക്കുകയാണ്‌. ഒരു പാടു തവണ കുത്തിക്കുത്തി ചോദിച്ചപ്പോള്‍ സഹികെട്ട്‌ തോമസ്‌ ഇങ്ങനെ പറഞ്ഞു.

‘അവര്‍ വര്‍ഗ്ഗിയ കക്ഷിയാണെന്നു തോന്നിയിരുന്നെങ്കില്‍ അവരുടെ കൂടെ ചേരുമായിരുന്നില്ല. അങ്ങനെ തോന്നിയിട്ടല്ല വിട്ടുപോന്നതും. ചേര്‍ന്നതും വിട്ടുപോന്നതും അവരുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റു ചില രാഷ്ട്രീയ സാഹചര്യങ്ങളെ ആശ്രയിച്ചെടുത്ത തീരുമാനങ്ങളാണ്‌. അതൊക്കെ നമുക്കെല്ലാം അറിയാവുന്നതല്ലേ - വെറുതെയെന്തിനാണ്‌ അതു ചര്‍ച്ച ചെയ്ത്‌ സമയം പാഴാക്കുന്നത്‌ ? ‘.

ഇതുകേട്ടയുടനെ നമ്മുടെ മുന്‍കണ്‍വീനര്‍ നിരാശ കൊണ്ടെന്നവണ്ണം അറിയാതെ പറഞ്ഞുപോയ വാചകമെന്താണെന്നറിയാമോ?

‘എന്നാലും എന്റെ തോമസേ, തോമസും ഒരു കത്തോലിക്കനല്ലേ? അവരുടെ കൂടെ പോയി ചേരാന്‍ എങ്ങനെ മനസ്സുവന്നു?‘ എന്ന്‌ !


ഞാന്‍ ഓര്‍ത്തു. ശരിയാണ്‌. ഞാനും കണ്ട അഭിമുഖം. ഞാനും ശ്രദ്ധിച്ച പരാമര്‍ശം.
ഉണ്ണിപ്പിള്ള തുടര്‍ന്നു.

"തോമസ്‌ ഒരു കത്തോലിക്കനല്ലേ എന്നായിരുന്നു ചോദ്യമെങ്കില്‍, മറ്റൊരാളുടെ വര്‍ഗ്ഗീയത ഇളക്കുന്ന ചോദ്യം മാത്രം എന്നു കരുതാമായിരുന്നു. അത്‌ ആദ്യത്തെ തവണയല്ലാത്തതു കൊണ്ട്‌ പ്ര്യത്യേകത തോന്നുകയുമില്ലായിരുന്നു. പക്ഷേ 'തോമസും' എന്നാണു പറഞ്ഞത്‌.

വേറെയാരുടെ കാര്യം ഉദ്ദേശിച്ചിട്ടാണ്‌ ഈ 'ഉം' എന്ന ബഹുവചനം എന്നാലോചിച്ചപ്പോഴാണ്‌ പെട്ടെന്നൊരു ഇടിമിന്നല്‍ പോലെ ഒരുകാര്യം എന്റെ ശ്രദ്ധയിലേക്കു വന്നത്‌.

എത്രയോ പരിചയമുള്ള മുഖം ഏറെ കേട്ട ശബ്ദം. എന്നാലും ഒന്നു കൂടി ഉറപ്പു വരുത്താനായി അടിയില്‍ എഴുതിക്കാണിച്ചിരുന്ന പേരു വായിച്ചു നോക്കി.

അതെ.
അഭിമുഖത്തില്‍ തോമസിനൊപ്പം പങ്കെടുക്കുന്നത്‌ എം. എം. ലോറന്‍സു തന്നെ.

വെറുതയല്ല 'എന്നെപ്പോലെ തന്നെ താനും ഒരു കത്തോലിക്കനല്ലേ - എനിക്കില്ലാത്ത വിഷമം തനിക്കില്ലാത്തതെന്താ തോമസേ, ച്ഛെ' എന്ന മട്ടില്‍ നിരാശ കലര്‍ന്നൊരു ചോദ്യം.

വെറുതെയല്ല ആവര്‍ത്തിച്ചു നിരസിച്ചിട്ടും, 'ഇല്ല തള്ളിപ്പറഞ്ഞേ ഒക്കൂ' എന്ന മട്ടില്‍ വാശിപിടിച്ചത്‌.

ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു വരെ എത്തിയ ഒരാള്‍ക്ക്‌ സാമ്രാജ്യത്വ വിരുദ്ധതയ്ക്കും ഫാസിസ്റ്റു വിരുദ്ധത(?)യ്ക്കും ഒക്കെ അപ്പുറം 'താനൊരു കത്തോലിക്കനാണ്‌' എന്ന വര്‍ഗ്ഗീയ ചിന്തയാല്‍ നയിക്കപ്പെടാമെങ്കില്‍ പിന്നെ മറ്റുള്ളവര്‍ക്കായിക്കൂടേ? ഞാന്‍ നിര്‍ത്തി. എനിക്കിനിയൊന്നും പറയാനില്ല
"

ഉണ്ണിപ്പിള്ള പറഞ്ഞു നിര്‍ത്തിയ മട്ടുണ്ട്‌. എനിക്കു വളരെ ആശ്വാസം തോന്നി.

വല്ലാതെ മടുത്തിരുന്നു. കല്ലു വച്ച നുണകള്‍ പറഞ്ഞു പരത്തി കാര്യം നേടുന്നതും രാഷ്ട്രീയത്തിന്റെ ഭാഗമാണ്‌ എന്ന തിരിച്ചറിവുണ്ടായതിനു ശേഷം തനി രാഷ്ട്രീയം മാത്രം വിഷയമായ ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാറാണു പതിവ്‌. വര്‍ഗ്ഗീയതയും വര്‍ഗ്ഗീയതാ വിരുദ്ധ കാപട്യങ്ങളും എല്ലാം കടന്നു വരുന്നെങ്കില്‍ പ്രത്യേകിച്ചും.

"എനിക്കാരോടും പരാതിയില്ല." ഉണ്ണിപ്പിള്ള ഇത്തവണ വളരെ ശബ്ദം താഴ്ത്തി, ഒരു തരം നിരാശയോടെയെന്ന മട്ടിലാണു പറഞ്ഞത്‌.

"തിരുവമ്പാടിയില്‍ അച്ചന്‍ അന്നു പറഞ്ഞത്‌ ക്രിസ്ത്യാനികളുടെ പ്രതിനിധി എന്ന നിലയില്‍ വെട്ടിത്തുറന്നു പറഞ്ഞു എന്ന നിലയില്‍ പോട്ടെന്നു വയ്ക്കാം.
തെരെഞ്ഞെടുപ്പു വരുമ്പോള്‍ എന്തു വില കൊടുത്തും ജയിക്കാനായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏതു വില കുറഞ്ഞ അടവു നയങ്ങളും പയറ്റുമെന്നും കരുതാം.
എല്ലാവരുടെയും കാര്യത്തില്‍, ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമായിരിക്കും. ആവോ?

പക്ഷെ.....

എല്ലാം കഴിയുമ്പോള്‍ നമ്മുടെ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്ന വിടവുകള്‍ക്ക്‌ ആരു സമാധാനം പറയും?

ഇപ്പോഴിതാ വെറും 246 വോട്ടുകള്‍ക്കു വിജയം. അതായത്‌ ലക്ഷത്തില്‍പരം പേര്‍ വോട്ടു ചെയ്തതില്‍ വെരും 123 പേര്‍ മാറി ചിന്തിച്ചിരുന്നെങ്കില്‍ എണ്ണം സമാസമമായേനെ. അപരന്മാരെ നിര്‍ത്തി ചോര്‍ത്തിക്കളഞ്ഞ വോട്ടുകളില്‍ ഒരു നിസ്സാര സംഖ്യയെങ്കിലും വോട്ടര്‍മാരുദ്ദേശിച്ചിരുന്നേക്കാവുന്ന വ്യക്തിക്കു തന്നെ വീണിരുന്നെങ്കിലും ഫലം മാറിമറിഞ്ഞേനെ.

അപ്പോള്‍പിന്നെ ബാക്കിയാകുമായിരുന്നതെന്താണ്‌?

ജനമനസ്സുകളില്‍ വാരിയെറിഞ്ഞ പരസ്പര വിദ്വേഷത്തിന്റെയും പകയുടെയും വിഭാഗീയ ചിന്താഗതികളുടെയും വിഷവിത്തുകള്‍ മാത്രം
. അല്ലാതെന്താ?

അവയില്‍ ചിലതെങ്കിലും മുളച്ചു പൊന്തി പിന്നെ നമുക്കും നമ്മുടെ രാജ്യത്തിനും തന്നെ ഭീഷണിയാകില്ലെന്നാരു കണ്ടു?

അതൊക്കെ വരും തലമുറ അനുഭവിച്ചു കൊള്ളും - നമ്മുടെ കാലമൊക്കെ അപ്പോഴേക്കും കഴിയില്ലേ - എന്നാണോ? അങ്ങനെയാണെങ്കില്‍, സ്വാതന്ത്ര്യാനന്തരം ഇന്നു വരെ, ഓരോ ഘട്ടങ്ങളിലും താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പലരൂപങ്ങളിലായി പുറത്തെടുത്തിട്ടുള്ള വര്‍ഗ്ഗീയ പ്രീണനനയങ്ങളും വിഭാഗീയതയ്ക്കെതിരെ കണ്ണടയ്ക്കുന്ന നിലപാടുകളും വരുത്തിവച്ച വിനകള്‍ നാം ഇന്ന്‌ അനുഭവിക്കുന്നില്ല എന്നാണോ?

എത്ര അനുഭവിച്ചാലും പാഠം പഠിക്കില്ല എന്നാണോ? അതോ ഇനി ഇതിലൊന്നും ഇവര്‍ക്കാര്‍ക്കും യാതൊരു മനസ്സാക്ഷിക്കുത്തോ അനന്തരഫലങ്ങളില്‍ ദു:ഖമോ ഇല്ല എന്നാണോ?

രാജ്യം കുട്ടിച്ചോറായാല്‍ നാമെന്തിനു ദു:ഖിക്കണം എന്നാണോ? ഈ രാജ്യത്തിന്റെ അഖണ്ഡത എന്നത്‌ .....
"

"ഉണ്ണിപ്പിള്ളേ"
ഞാന്‍ അറിയാതെ വിളിച്ചു പോയി.

ഇതാരാണ്‌ എന്റെ മുന്നില്‍ നിന്ന്‌ ഈ സംസാരിക്കുന്നത്‌? ഉണ്ണിപ്പിള്ള തന്നെയല്ലേ?

നമ്മുടെ രാജ്യമോ? എന്തിനാണ്‌ അങ്ങനെയൊരു വികാരം?
രാജ്യത്തിന്റെ അഖണ്ഡതയോ? എന്തു കുന്ത്രാണ്ടമാണത്‌?
ഉണ്ണിപ്പിള്ള എന്നു മുതല്‍ക്കാണ്‌ ഒരു മാതിരി ഫാസിസ്റ്റു ലൈനില്‍ സംസാരിച്ചു തുടങ്ങിയത്‌?
ഭാഷയില്‍ വല്ല ഫാസിസ്റ്റ്‌ അജണ്ടയും ഒളിഞ്ഞിരിക്കുന്നോ എന്നു സംശയിച്ചു പോകുന്നു.

ഒഹ്‌! ശരിയാണല്ലോ. ഇപ്പോഴാണോര്‍ത്തത്‌.

ഉണ്ണിപ്പിള്ള = ഉണ്ണി + പിള്ള

അങ്ങനെ വരട്ടെ. നല്ല ഒന്നാന്തരം ഫാസിസ്റ്റ്‌ ചുവയുള്ള പേര്‌.
(എന്റെ ദൈവമേ, ഓരോ രാഷ്ട്രീയക്കാരുടേയും മാധ്യമങ്ങളുടേയുമൊക്കെ സ്വാധീനം കൊണ്ട്‌ എത്ര വേഗമാണ്‌ നാം ആളുകളെ വര്‍ഗ്ഗീകരിച്ച്‌ കാണാന്‍ പഠിക്കുന്നത്‌!)

ഉണ്ണിപ്പിള്ള ഇതു വരെ പറഞ്ഞതെല്ലാം ശരിയാണല്ലോ, കണ്ണു തുറന്നു നോക്കിയാല്‍ നമുക്കു ചുറ്റും കാണാവുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങളല്ലേ എന്നു വിചാരിച്ചു പോയിരുന്നു. അദ്ദേഹം ഒരു ഫാസിസ്റ്റാണോ എന്ന സംശയത്തോടെ ആലോചിക്കുമ്പോള്‍ മറ്റൊരു ചിത്രമാണു കിട്ടുന്നത്‌! ആകെ കണ്‍ഫ്യൂഷനാകുന്നല്ലോ.

ഇവിടുത്തെ ക്രിസ്ത്യാനികള്‍ക്കെന്താ "ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്കേ വോട്ടു ചെയ്യൂ" എന്നു പറഞ്ഞുകൂടേ? അവര്‍ക്കതിനുള്ള സ്വാതന്ത്ര്യമില്ലേ?

മുസ്ലിങ്ങള്‍ക്കെന്താ സദ്ദാം ഹുസൈനേപ്പറ്റി - അദ്ദേഹം ആരുമാവട്ടേ - അദ്ദേഹത്തെപ്പറ്റി ഓര്‍ത്തു വികാരം കൊണ്ടു കൂടേ? അവര്‍ക്കതിനുള്ള അവകാശമില്ലെന്നാണോ?

അവരുടെ മതസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതെന്തിനാണു ഹേ? ഇവിടെ ഭൂരിപക്ഷം(?) ന്യൂനപക്ഷത്തെ പീഢിപ്പിക്കുന്നു!(അമ്മച്ചിയേ!) അതേ. ഫാസിസം. തനി വര്‍ഗ്ഗീയ ഫാസിസം. ഇമ്മട്ടിലൊക്കെ സംസാരിക്കുന്ന ഉണ്ണിപ്പിള്ള ഒരു ഫാസിസ്റ്റു തന്നെയാണ്‌.

തലവേദന വരാതിരുന്നോട്ടെ എന്നെങ്ങാനും വിചാരിച്ച്‌ ഒരു മരുന്നെന്ന മട്ടിലോ മറ്റോ അല്‍പം ചന്ദനമെടുത്ത്‌ നെറ്റിയില്‍ തൊടുക കൂടി ചെയ്താല്‍ പൂര്‍ണ്ണമായി!

ഹൈന്ദവ ഫാസിസ്റ്റ്‌!

ഫാസിസ്റ്റ്‌ എന്നു മാത്രം വിളിക്കുന്നതില്‍ ആക്ഷേപം പോരാ. ഹൈന്ദവ ഫാസിസ്റ്റ്‌ എന്നു തന്നെ വിളിക്കണം. വെറും ബൂര്‍ഷ്വ എന്നതിനു പകരം പെറ്റി ബൂര്‍ഷ്വ എന്നു വിളിക്കേണ്ടതുണ്ട്‌ എന്നതുപോലെ.

ആക്ഷേപിക്കുന്നതിനൊപ്പം തുപ്പുക കൂടി ചെയ്യാനാണുദ്ദേശമെങ്കില്‍, മറ്റൊരു ഏച്ചുകെട്ടു കൂടി വേണം. 'അല്ല ഇങ്ങേരു പറയുന്നതില്‍ കാര്യമുണ്ടല്ലോ' എന്നു ആരെങ്കിലും വിചാരിച്ചുപോവുകയാണെങ്കില്‍ അവരില്‍ ചിലരുടെ മനസ്സില്‍ ജാതിചിന്ത വളര്‍ത്തി അവരെ അങ്ങേര്‍ക്കെതിരെ തിരിക്കാന്‍ ആ ഏച്ചുകെട്ട്‌ ഉപകരിക്കുകയും ചെയ്യും.

"സവര്‍ണ്ണ ഹൈന്ദവ ഫാസിസ്റ്റ്‌!"

പിള്ളയാണ്‌ - പ്രതീക്ഷയ്ക്കു വകയുണ്ട്‌.പക്ഷേ ഉറപ്പില്ല. പിള്ളമാരില്‍ തന്നെ നൂറുകണക്കിന്‌ ഉപജാതികളുണ്ട്‌. കുറച്ചുപേരെങ്കിലും 'ഇപ്പുറ'ത്തും മറ്റുള്ളവര്‍ 'അപ്പുറ'ത്തുമാവാതിരിക്കില്ല.

ചിന്താശേഷിയുള്‍ക്കൊണ്ട്‌ ഉണര്‍ന്നു വന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ ഹിന്ദുയുവതലമുറയോടു ചോദിച്ചിട്ടു കാര്യമില്ല. ഇന്നും ജാതിക്കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും വിടവുകള്‍ കുറഞ്ഞ്‌ തങ്ങളുടെ സമവാക്യങ്ങള്‍ തെറ്റാതിരിക്കാന്‍ അത്യദ്ധ്വാനം ചെയ്യുകയും ചെയ്യുന്നത്‌ മുന്നണി രാഷ്ട്രീയക്കാരാണ്‌. അവരുടെ സഹായം തന്നെ തേടേണ്ടിവരും.

നമ്മുടെ ഉണ്ണിപ്പിള്ള സവര്‍ണ്ണനാണോ അല്ലയോ?

* * * * * * * * * * * * * * * * * * * * * * * * * * * *

"എനിക്കറിയാം - നിനക്കിപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ പഴയതുപോലെ താല്‍പര്യമില്ലെന്ന്‌ " - എന്റെ വിളി കേട്ട ഞെട്ടല്‍ മാറിയപ്പോള്‍ ഉണ്ണിപ്പിള്ള തുടര്‍ന്നു.

"ഞാന്‍ നിര്‍ത്തുകയാണ്‌. മതത്തേക്കുറിച്ചു പറഞ്ഞപ്പോള്‍ത്തന്നെ ഇത്രയും. ഇനിയും എത്രയോ ഉണ്ടു പറയാന്‍. ജാതി പറഞ്ഞുപരത്തിയുള്ള മുതലെടുപ്പു വേറെ. (ദൈവമേ എന്റെ ചിന്തകള്‍ ഉണ്ണിപ്പിള്ള മനസ്സിലാക്കിയോ?) വൃത്തികെട്ട വിഷയമാണ്‌. ഞാന്‍ രാഷ്ട്രീയം പറയുന്നില്ല.

എനിക്കൊന്നേ ചോദിക്കാനുള്ളൂ.
താല്‍ക്കാലിക രാഷ്ട്രീയനേട്ടങ്ങള്‍ക്കായി വിഷം വമിക്കുന്ന വര്‍ഗ്ഗീയത പ്രസംഗിച്ചു നടക്കുകയും പ്രവൃത്തിയില്‍ കൊണ്ടുവരികയും ചെയ്യുക -
ജനങ്ങള്‍ക്കിടയില്‍ വിഭാഗീയ ചിന്താഗതി ബോധപൂര്‍വ്വം വളര്‍ത്തി മുതലെടുക്കുക -
ഇതെല്ലാം നമ്മുടെ കണ്മുമ്പില്‍ വച്ചു ചെയ്യുന്നതും പോരാഞ്ഞിട്ട്‌ നമ്മെളെയെല്ലാം വെറും പൊട്ടന്മാരാക്കിക്കൊണ്ട്‌ വര്‍ഗ്ഗീയതാവിരുദ്ധപ്രസ്താവനകളിറക്കുക.
ഇതൊന്നും പോരാഞ്ഞ്‌ - 'എന്റെ രാഷ്ട്രീയ എതിരാളിയുടെ വീട്ടിലെ മേശയുടെ കാലിന്റെ താഴെ ബുഷ്‌ പിടിപ്പിച്ചു. മുസ്ലീങ്ങളുടെ ഇറാക്കിനെ(!) ആക്രമിക്കാന്‍ പറഞ്ഞ ദൈവ(!!)ത്തില്‍ വിശ്വസിക്കുന്നവന്റെ(!!!) പേരും അതു തന്നെ. അതുകൊണ്ട്‌ എന്റെ രാഷ്ട്രിയ എതിരാളി കൊടും വര്‍ഗ്ഗീയ വാദിയാണ്‌' എന്നൊക്കെ തട്ടിവിടുക!
ഇങ്ങനെ, പൊതുജനം വെറും മണ്ടന്മാരാണ്‌ - പ്രതികരിക്കില്ല എന്നു കരുതുന്നവരുണ്ടല്ലോ - ആ പേരുവിളിക്കാരെ - അവരെ നാം തിരിച്ച്‌ എന്തു പേരു വിളിക്കണം? നീ പറ
.
"

ഞാന്‍ ഒരക്ഷരം മിണ്ടിയില്ല.

"പറയടാ നാം അവരെ എന്തു വിളിക്കണം?"

ഞാന്‍ ചുണ്ടനക്കിയതുപോലുമില്ല. ഞാനെന്തു പറയാനാണ്‌? എല്ലാത്തരം കൂസിസ്റ്റുകളേയും എനിക്കു ഭയമാണ്‌. അവരില്‍തന്നെ രാഷ്ട്രീയക്കാരെ പ്രത്യേകിച്ചും. ഈ കാപട്യങ്ങളുടെയെല്ലാം പിന്നിലെ ലക്ഷ്യങ്ങളെന്തെല്ലാമായിരിക്കുമെന്ന തോന്നല്‍ തന്നെ ഭീതിയുളവാക്കുമ്പോള്‍, ഒരു പേരിടലിനു പ്രസക്തിയെന്താണ്‌?

"നിന്നോടാണു ചോദിച്ചത്‌. ഞാനവരെ എന്തു വിളിക്കണം?"

ഇത്തവണ 'നാം' എന്നതിനു പകരം 'ഞാന്‍' എന്നു പറഞ്ഞത്‌ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതല്‍പം ആശ്വാസം തരികയും ചെയ്തു. ചോദ്യം അല്‍പം കൂടി ദൃഢമായിരുന്നു താനും. ഇത്തവണ ഞാന്‍ അറിയാതെ ഉത്തരം പറഞ്ഞുപോയി.

"സഖാവിനിഷ്ടമുള്ളതു വിളിക്ക്‌. ഞാനിപ്പം എന്തു പറയാനാ?"

ഉണ്ണിപ്പിള്ള ഒന്നു നടുങ്ങിയതു പോലെ തോന്നി. അദ്ദേഹം പെട്ടെന്നു മുഖം വെട്ടിത്തിരിച്ച്‌ തുറന്നിട്ട ജനലിലൂടെ ദൂരേക്കു നോക്കി നിന്നു.

ഞാനും ഒന്നു നടുങ്ങാതിരുന്നില്ല.
വേണ്ടിയിരുന്നില്ല.
പഴയ ഓര്‍മ്മയില്‍, അറിയാതെ അങ്ങനെ വിളിച്ചുപോയതാണ്‌.

ഉണ്ണിപ്പിള്ള ജനലഴികളില്‍ കൈ പിടിച്ച്‌ നിശ്ശബ്ദനായി എനിക്കു പുറം തിരിഞ്ഞു നില്‍ക്കുകയാണ്‌.ആ ഇടവേള എന്നെ തെല്ലു വേദനിപ്പിച്ചു. ഞാന്‍ പതുക്കെ അടുത്തുചെന്ന്‌ അല്‍പം സ്വാതന്ത്ര്യമെടുത്തു തന്നെ തോളില്‍ കൈ വച്ചു വിളിച്ചു.

"ഉണ്ണിപ്പിള്ളേ.."

അദ്ദേഹം എന്റെ നേരെ തിരിഞ്ഞപ്പോഴാണ്‌ ശരിക്കും നടുങ്ങിയത്‌.അദ്ദേഹത്തിന്റെ കവിളില്‍ അവിടവിടെയായി ഒന്നു രണ്ടു തുള്ളികള്‍!

ഇല്ല. ഞാനിതു വിശ്വസിക്കില്ല. അത്‌ ജനലിലൂടെ വീശീയ കാറ്റ്‌ മുഖത്തു ശേഷിപ്പിച്ച ചാറ്റല്‍ മഴത്തുള്ളികളാവാനേ വഴിയുള്ളൂ. മനസ്സില്‍ ഒരായിരം വട്ടം ആവര്‍ത്തിച്ചു പറഞ്ഞുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴും അദ്ദേഹത്തിന്റെ തോളിലിരുന്ന്‌ എന്റെ കൈ വല്ലാതെ വിറയ്ക്കുകയായിരുന്നു.

സ്നേഹത്തോടെ തന്നെ അദ്ദേഹം എന്റെ കൈ വിടുവിച്ചു. എന്നിട്ട്‌ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
"അടുത്ത മാസം അമ്മയുടെ ആണ്ടുബലിയാണ്‌. എനിക്കിത്തവണ ബലിയിട്ടാല്‍ കൊള്ളാമെന്നുണ്ട്‌. നിന്റെ സഹായം വേണ്ടിവരും. അതുകൂടിപ്പറയാനാണു വന്നത്‌. ഇനിക്കാണുമ്പോള്‍ വിശദമായിപ്പറയാം."

ആ ശബ്ദം അല്‍പം പതറിയിരുന്നോ എന്നു ഞാന്‍ ശങ്കിച്ചു നില്‍ക്കുമ്പോഴേക്കും അദ്ദേഹം നൊടിയിടയില്‍ വായനശാലയ്ക്കു പുറത്തേക്കിറങ്ങി നടന്നു തുടങ്ങി. 'പോകരുതേ' എന്നു പറയാനാഞ്ഞ എന്റെ ശബ്ദം പുറത്തേയ്ക്കു വന്നില്ല.

മനസ്സ്‌ അറിയാതെ പുറകോട്ടു പോയി. വലിയൊരു പുരുഷാരം ഗ്രാമത്തിലെ പ്രധാന വഴിയിലൂടെ കൊടികളുമേന്തി നടന്നു നീങ്ങുകയാണ്‌. ഏറ്റവും മുന്‍പില്‍, മുദ്രാവാക്യം വിളിച്ചു കൊടുത്തുകൊണ്ട്‌ ആകാശത്തേക്കുയരുന്ന കരുത്തുറ്റ ഒരു കൈ!

"പാലായിലെ പാതിരിമാര്‍ക്കും..."അണികള്‍ ആവേശത്തോടെ ഏറ്റു വിളിക്കുന്നു - "പാലായിലെ പാതിരിമാര്‍ക്കും..."
"കോഴിക്കോട്ടെ കോയാമാര്‍ക്കും" തുടര്‍ന്നും അതേ ഘനഗംഭീരശബ്ദം."കോഴിക്കോട്ടെ കോയാമാര്‍ക്കും" - ആരും ഏറ്റു വിളിച്ചു പോകുന്ന ഈണം.

"ഉണ്ണിയേട്ടാ.."

പലര്‍ക്കുമെതിരെ മുദ്രാവാക്യങ്ങളുമായി നീങ്ങിയിരുന്ന ജാഥയും കണ്ട്‌ വഴിവക്കില്‍ നിന്നിരുന്ന കുട്ടിയുടെ ആരാധന കലര്‍ന്ന ശബ്ദമാണോ അത്‌?

അല്ല!

ഇവിടെ - ഈ വായനശാലയില്‍ .. ഇപ്പോള്‍... എന്റെ മുഖത്തു നിന്നും വന്ന്‌ .. ചുമരില്‍ തട്ടി പ്രതിധ്വനിച്ചത്‌..

‘പിള്ളേ‘ എന്നതിനു പകരം ‘ഏട്ടാ‘ എന്ന പഴയകാല സംബോധനയിലേക്ക്‌ അറിയാതെ മാറിപ്പോയതിനൊപ്പം ശബ്ദവും അല്‍പം ഉയര്‍ന്നുപോയിരുന്നു. വായനശാലയില്‍, തൊട്ടപ്പുറത്ത്‌ 'ചിന്ത'യില്‍ മുഴുകിയിരുന്ന ഒരു മദ്ധ്യവയസ്കന്‍ തലയുയര്‍ത്തിനോക്കി.
അധികം കണ്ടു പരിചയമില്ലാത്ത മുഖം.
ഞങ്ങളുടെ സംഭാഷണം മുഴുവന്‍ അയാളും കേട്ടിരുന്നു എന്നു ഞാന്‍ സംശയിച്ചു. തന്നിലേക്കും പടര്‍ന്ന അസ്വസ്ഥത മാറ്റാന്‍ എന്തെങ്കിലുമൊന്നു ചെയ്തെന്നു വരുത്തിത്തീര്‍ക്കാനെന്നോണം അയാള്‍ മുഖം വെട്ടിത്തിരിച്ചിട്ട്‌ 'ചിന്ത' മതിയാക്കി 'വായന'യില്‍ മുഴുകി.

എന്റെ വിളി കേള്‍ക്കാവുന്നതിലും ഒത്തിരിയകലെ ഉണ്ണിപ്പിള്ള നടന്നു മറഞ്ഞു കഴിഞ്ഞിരുന്നു.
അദ്ദേഹം കൊണ്ടുവന്ന പഴയ പത്രം മേശയില്‍ അനാഥമായി കിടന്നു.
അതിനോടൊപ്പം, ആരും വായിക്കാത്ത വാര്‍ത്തകളും ആരും കാണാത്ത കാഴ്ചകളും പേറി അനാഥമായിക്കിടന്ന അനവധി പത്രങ്ങള്‍ക്കിടയിലൂടെ ആരോ വിഢ്ഢിപ്പെട്ടി തുറന്നുവച്ചു.

വോട്ടെണ്ണല്‍ ദിവസത്തെ ഒരു വാര്‍ത്താശകലം വിണ്ടും എടുത്തു കാണിക്കുകയാണ്‌.

"ന്യൂനപക്ഷങ്ങള്‍ അകന്നു പോയതാണ്‌ ഭൂരിപക്ഷം കുറയാന്‍ കാരണം".ആഘോഷങ്ങള്‍ നടക്കുന്ന കേന്ദ്രങ്ങള്‍ക്കു 'വെളിയില്‍' നിന്നു കൊണ്ട്‌ ഒരു നേതാവു പ്രസ്താവിക്കുന്നു.

അപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അതുകൂടി തിരിച്ചു പിടിക്കാനുള്ള കടുത്ത അടവുനയങ്ങള്‍ കൂടി അണിയറയില്‍ ഒരുക്കേണ്ടതുണ്ട്‌ എന്നു സാരം.

എനിക്കു വല്ലാതെ വീര്‍പ്പു മുട്ടുന്നുണ്ടായിരുന്നു.ഞാന്‍ മുന്‍പ്‌ ഇരുന്നിടത്തുചെന്ന്‌ സഞ്ചിയുമെടുത്ത്‌ ധൃതിയില്‍ പുറത്തിറങ്ങി.

ആദ്യത്തെ തുള്ളി നെറുകയില്‍ തന്നെ വീണു. അടുത്തത്‌ കയ്യില്‍ പതിക്കുമ്പോഴേക്കും ഒരു ഇടികൂടി വെട്ടി. ഇടവും വലവും നോക്കാതെ മുന്‍പോട്ടു നടക്കുമ്പോള്‍ ഞാന്‍ കുടയേപ്പറ്റിയോ വീട്ടിലേക്കുള്ള ദൂരത്തേപ്പറ്റിയോ ആലോചിച്ചില്ല.

മഴപെയ്യട്ടെ. മനസ്സും ശരീരവും ഒന്നു കുളിര്‍ന്നോട്ടെ. മഴയാണു പെയ്യാന്‍ പോകുന്നതെങ്കില്‍ നമുക്കത്‌ നേരത്തേ അറിയാം. പ്രകൃതി ഒരു കൂസിസ്റ്റല്ല.

"ബലികുടീരങ്ങളേ..."

സിനിമാശാലയില്‍ ഫസ്റ്റ്‌ ഷോയ്ക്കുള്ള പാട്ടുവച്ചിരിക്കുന്നു. ഇരുട്ട്‌ മഴക്കാറിന്റേതു മാത്രമല്ല. സമയവും വൈകിയിരിക്കുന്നു.

"ബലികുടീരങ്ങളേ.."

പാട്ട്‌ വീണ്ടും ഹൃദയത്തില്‍ കൊളുത്തി വലിക്കുകയാണ്‌.

ഈ നാടിനും അതിന്റെ നന്മയ്ക്കും വേണ്ടി ശത്രുക്കളോടു പടപൊരുതി മരിച്ചു വീണ 'യഥാര്‍ത്ഥ ദേശാഭിമാനി'കളുടെ എത്രയെത്രെ അസ്ഥിപഞ്ജരങ്ങള്‍ക്കു മുകളിലൂടെയാവണം ഞാനിപ്പോള്‍ അഹങ്കാരത്തോടെ ചവിട്ടി മെതിച്ചു നടന്നു പോകുന്നത്‌? ഭാരതത്തിനു വേണ്ടി സ്വജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായ എത്രയെത്ര വീരബലിദാനികളുടെ ചോര വീണൊഴുകിയ മണ്ണാണ്‌ ഞാന്‍ ചവിട്ടിക്കുഴയ്ക്കുന്നത്‌?

അറിയാതെ നടപ്പിനു വേഗം കുറഞ്ഞുപോയി.

ചിന്തകള്‍ മഥിക്കുന്ന മനസ്സുമായി നടക്കുന്നതിനിടയില്‍, കനത്ത മഴയില്‍ നനഞ്ഞു കുതിര്‍ന്നാണു നടക്കുന്നത്‌ എന്നതു ഞാന്‍ അറിയുന്നതേയുണ്ടായിരുന്നില്ല.