അമർനാഥ് യാത്രയുമായി ബന്ധപ്പെട്ടു വരാറുള്ള പത്രവാർത്തകൾ പണ്ടൊന്നും ഉണ്ണിപ്പിള്ള കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. അമർനാഥ് ഗുഹയ്ക്കൊക്കെ ആയിരക്കണക്കിനു വർഷത്തെ പഴക്കമുള്ളതായാണ് അറിവ്. ക്രിസ്തുവും മുഹമ്മദ് നബിയുമൊക്കെപ്പോലും വരുന്നതിനും വളരെ മുമ്പേ ഉള്ളതാണത്. തീർത്ഥാടനമൊക്കെ എല്ലാവർഷവും അങ്ങു നടന്നോളും. അതിനു പ്രത്യേകിച്ചു വാർത്താപ്രാധാന്യമൊന്നുമില്ല.
ഇടയ്ക്കിടയ്ക്ക് കനത്തമഴയും മഞ്ഞുവീഴ്ചയുമൊക്കെ മൂലം അപകടങ്ങളുണ്ടാകും. അതുകഴിയുമ്പോൾ ചിലപ്പോൾ തീവ്രവാദി ആക്രമണവും പിന്നാലെയുണ്ടാകും. ഇതിലെല്ലാം പെട്ട് കുറേ തീർത്ഥാടകർ മരിച്ചെന്നിരിക്കും. യാത്ര ചിലപ്പോൾ നിർത്തിവയ്ക്കും. പിന്നെയും തുടരും. അതൊക്കെ ഒരു ചടങ്ങുപോലെ എല്ലാവർഷവും നടക്കും.
അതിലിത്ര വായിക്കാനെന്തിരിക്കുന്നു?
പക്ഷേ ഈ വർഷം, തീർത്ഥാടകർക്കായി അവസാനത്തെ ബേസ്‌ക്യാമ്പിൽ ചില താൽക്കാലിക സൌകര്യങ്ങളൊരുക്കാനായി ശ്രമിച്ചെന്നു കേട്ടു. അതിനായി വനം വകുപ്പിന്റെ കയ്യിലുള്ള 40 ഹെക്ടർ ഭൂമി ക്ഷേത്രബോർഡിനു കൈമാറാൻ തീരുമാനിച്ചെന്നും.
പക്ഷേ ആ നീക്കത്തെ ചില മുസ്ളീം സംഘടനകൾ എതിർത്തുവെന്നും, സമരങ്ങൾ രക്തരൂക്ഷിതമായെന്നും, അക്രമങ്ങളിലും വെടിവയ്പിലുമൊക്കെയായി ആറുപേർ കൊല്ലപ്പെട്ടെന്നും കേട്ടു.
സ്ത്രീകളടക്കമുള്ള പ്രക്ഷോഭകർ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതും പലയിടങ്ങളും കത്തുന്നതും ടി.വി.യിൽ കണ്ടു.
നൊടിയിടനേരം കൊണ്ട് ഭൂമികൈമാറ്റതീരുമാനം ഉപേക്ഷിക്കപ്പെട്ടു!
അവിടുത്തെ ഗവണ്മെന്റ് താഴെവീഴുകപോലും ചെയ്തു!
അപ്പോളൊക്കെയാണ് ആദ്യമായി അതൊരു വാർത്തയാണല്ലോ എന്ന് സംശയിക്കുകയെങ്കിലും ചെയ്തു തുടങ്ങിയത്.
എന്നിട്ടും വലിയ താല്പര്യം കാട്ടിയില്ല. ആ പ്രശ്നത്തിൽ ഒരല്പം വർഗ്ഗീയതയുണ്ടോ എന്ന സംശയമായിരുന്നു കാരണം.
ഹിന്ദു തീർത്ഥാടകർ ഇപ്പോൾത്തന്നെ ഉപയോഗിച്ചുവരുന്ന തരിശുപ്രദേശത്ത് അല്പം ചില സൌകര്യങ്ങളൊക്കെക്കൂടി വന്നെന്നു വച്ച് എന്തു ഭൂകമ്പമുണ്ടാകാനാണ് ? മുസ്ലീങ്ങളിലൊരാൾ പോലും അതിനെ എതിർക്കേണ്ടതില്ലെന്നു മാത്രമല്ല അക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ പോലും യാതൊരു ആവശ്യവും തോന്നിയില്ല. തികഞ്ഞ വർഗ്ഗീയതാല്പര്യങ്ങൾ മാത്രം കലർന്ന ആ പ്രക്ഷോഭത്തേയും അവഗണിച്ചു ആദ്യമൊക്കെ.
പക്ഷേ....
മുസ്ലീം പ്രക്ഷോഭകാരികളുടെ നിലപാടിനെ അനുകൂലിച്ചുകൊണ്ട് മാർക്സിസ്റ്റുപാർട്ടി നിലപാടെടുത്തപ്പോളാണ് അതൊരു ‘വർഗ്ഗീയ’പ്രക്ഷോഭമായിരുന്നില്ലെന്നും, മറിച്ച് - തികച്ചും ‘മതേതര’മായ ആവശ്യമായിരുന്നുവെന്നും മനസ്സിലായത്. അതോടെ ഉണ്ണിപ്പിള്ളയും ധൈര്യമായി അമർനാഥ് വാർത്തകൾ വായിച്ചുതുടങ്ങി.
ഭൂമികൈമാറ്റം നടത്തരുതെന്നാണ് സി.പി.എമ്മിന്റെ ആവശ്യം!
ഇനിയിപ്പോൾ, കേരളത്തിലെ പി.ഡി.പി.യല്ല കാശ്മീരിലേത് എന്നതുപോലെ, കേരളത്തിലെ സി.പി.എമ്മല്ല കശ്മിരിൽ എന്നു വരുമോ?
ആ സംശയവും മാറിക്കിട്ടിയത് പേരു മുഴുവൻ പറഞ്ഞുകൊണ്ടുള്ള
ബി.ബി.സി വാർത്ത കണ്ടപ്പോളാണ്.
...political parties like the opposition National Conference and constituents of the governing coalition - the People's Democratic Party (PDP) and the Communist Party-Marxist (CPI-M) - have also opposed the transfer of land.
അത്തരമൊരു ആവശ്യമുന്നയിക്കുന്നതിന് മാർക്സിസ്റ്റുപാർട്ടി ഉയർത്തിക്കാട്ടിയ ന്യായമെന്തായിരുന്നുവെന്ന് ഉണ്ണിപ്പിള്ളയ്ക്ക് എത്തും പിടിയും കിട്ടിയില്ല.
അവർക്ക് സ്വന്തമായ എന്തെങ്കിലും ന്യായീകരണങ്ങൾ ഉണ്ടായിരുന്നോ ആവോ?
എന്തായാലും, മാർക്സിസ്റ്റുകളേപ്പോലെ തന്നെ ഭൂമികൈമാറ്റത്തെ എതിർത്ത മറ്റുള്ളവരുടെ ന്യായങ്ങൾ തികച്ചും വിചിത്രമായിരുന്നു.
രണ്ടേ രണ്ടു പ്രശ്നങ്ങളാണ് അവർ ഉയർത്തിക്കാട്ടിയത്. “ഡെമോഗ്രഫി” യും ജ്യോഗ്രഫിയും!
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ആദ്യത്തെ വാദമായിരുന്നു അതീവ രസകരം. കശ്മീരിന്റെ “ഡെമോഗ്രഫി” മാറ്റിമറിക്കാനുള്ള ഗൂഢനീക്കമാണത്രേ ഭൂമി കൈമാറ്റം!
Syed Ali Shah Geelani said .....“Protests would continue till the government revokes the allotment. Transfer of forestland to SASB is a conspiracy to change the demography of the Valley. We will not allow this ploy to succeed”.
“ഡെമോഗ്രഫി മാറ്റാനുള്ള ഗൂഢാലോചന” എന്നൊക്കെക്കേട്ടാൽ, ഡിക്ഷ്ണറിയുടെ സഹായമില്ലെങ്കിൽ പെട്ടെന്ന് അർത്ഥം മനസ്സിലായെന്നു വരില്ല. അതല്ലെങ്കിൽപ്പിന്നെ, കാര്യം കൂറേക്കൂടി വ്യക്തമായിപ്പറഞ്ഞിട്ടുള്ള
മറ്റൊരു വാർത്ത വായിക്കണം.
The separatist groups say the transfer of land to the shrine board is part of a "conspiracy to settle non-local Hindus in the valley with a view to reducing the Muslims to a minority".
അതായത് - “കാശ്മീരിൽ തീർത്ഥാടകരായി എത്തുന്ന ഹിന്ദുക്കൾ തിരിച്ചുപോകാതെ അവിടെത്തന്നെ താമസിച്ച് – താൽക്കാലികം എന്നു പറയുന്ന ഏർപ്പാടൊക്കെ സ്ഥിരതാമസം എന്ന അവസ്ഥയായി മാറി –അങ്ങനെയങ്ങനെ മുസ്ലീങ്ങൾക്കു മൃഗീയഭൂരിപക്ഷം എന്ന ഇപ്പോളത്തെ അവസ്ഥ പതുക്കെ മാറ്റിമറിയ്ക്കപ്പെട്ടേക്കും – അതിനുള്ള ഗൂഢാലോചനയുടെ ഫലമാണ് ഈ തീരുമാനം“ എന്നു പച്ചമലയാളം!
അത്ഭുതപ്പെടാതെ നിവൃത്തിയില്ല!
കശ്മീരി പണ്ഡിറ്റുകൾ അഥവാ കശ്മീരി ഹിന്ദുക്കൾ എന്നറിയപ്പെടുന്ന ജനതയേപ്പറ്റി ഓർക്കാതെയും വയ്യ.
എന്തായിരിക്കും ഹുറിയത്തിന്റെ ഈ ഡെമോഗ്രഫിവാദത്തിനു പിന്നിലുള്ള ചിന്ത?
ഒരു വിധത്തിലാണ് കശ്മീരിലെ ഹിന്ദുക്കളെ താഴ്‌വരയിൽനിന്നു തുരത്തിയത്. ലക്ഷക്കണക്കിന് ആളുകൾ ഉണ്ടായിരുന്നതിൽ ഇപ്പോൾ പരമാവധി വന്നാൽ ഒരു പതിനായിരം പേർ മാത്രം പിടിച്ചുനിൽക്കുന്നുവെന്നു പറയപ്പെടുന്നു. ബാക്കിയുള്ളവർക്ക് എന്തുപറ്റിയെന്ന് ചില അഭ്യൂഹങ്ങൾ മാത്രമാണുള്ളത്. എന്തായാലും ശല്യമൊഴിവായി എന്നു കരുതി ആശ്വസിച്ചിരിക്കുമ്പോളാണ് അശനിപാതം പോലെ 40 ഹെക്ടറിന്റെ കണക്കു വരുന്നതെന്നായിരിക്കുമോ?
അത്തരമൊരു ‘ഡെമോഗ്രഫി ഭയം‘ തന്നെയാണോ മാർക്സിസ്റ്റുകളുടെയും പ്രശ്നമെന്നറിയില്ല. എന്തായാലും കൂടുതൽ ആലോചിക്കാതെ അതു വിട്ടു ഉണ്ണിപ്പിള്ള.
40 ഹെക്ടർ എന്നാൽ വെറും നിസാരമല്ലേ എന്നും, ഇന്നത്തെക്കാലത്ത് ഒരു പ്രൊഫഷണൽ കോളേജു തുടങ്ങണമെങ്കിൽപ്പോലും ക്യാമ്പസിനായി അതിൽക്കൂടുതൽ സ്ഥലം വേണ്ടേ എന്ന സംശയങ്ങളും അടച്ചുവച്ചു.
ഇപ്പോൾത്തന്നെ നിലവിലുള്ള ഒരു ബേസ്‌ക്യാമ്പിനുള്ളിൽത്തന്നെ അഭയകേന്ദ്രങ്ങൾ പണിയാനാണുദ്ദേശിച്ചത് – അല്ലാതെ, നിസാര വിസ്തീർണ്ണമാണെങ്കിൽക്കൂടി, പുതിയ സ്ഥലമെടുപ്പല്ല – എന്നതു കണ്ടില്ലെന്നു നടിച്ചു.
The pre-fabricated shelters are also not a new proposal. In fact, the base camp has been in regular use for several years. Pilgrims have been put up there before the arduous last leg of the journey to the Amarnath cave, which is open to pilgrims two months of the year.
ഭൂമി "Release" ചെയ്യുകയല്ല - "Lease" ചെയ്യുകമാത്രമാണ് -അതായത് - വിട്ടുകൊടുക്കലല്ല - താൽക്കാലികമായി പാട്ടത്തിനു നൽകുകയാണ് - അതിനായി രണ്ടരക്കോടിയോളം രൂപ ഷ്രൈൻ ബോർഡ് നൽകും - എന്നൊക്കെ വായിച്ചതു ബോധപൂർവ്വം മറന്നു കളഞ്ഞു.
2005-ൽ എടുത്ത തീരുമാനത്തിനെതിരെ അപ്പോൾ പ്രശ്നമുണ്ടാക്കാതെ, തെരഞ്ഞെടുപ്പടുത്ത ഇപ്പോൾ മാത്രം എന്തുകൊണ്ടാണു പ്രതികരിക്കുന്നതെന്ന സംശയം മാറ്റിവച്ചു.
ഒട്ടും താമസയോഗ്യമായ സ്ഥലത്തല്ല താൽക്കാലിക അഭയകേന്ദ്രങ്ങൾ പണിയാനുദ്ദേശിച്ചത് എന്ന സത്യവും കണ്ടില്ലെന്നു നടിച്ചു.
The area is hardly hospitable and it would be hard to persuade any population, however deprived, to settle in the area. The Board wanted to construct bunds, besides the shelters, to keep snow slides from damaging equipment.
സ്ഥലം
വിക്കിമാപ്പിൽ കണ്ടപ്പോൾ, അവിടെ തനിക്കെങ്ങാനും താമസിക്കേണ്ടിവന്നെങ്കിലോ എന്നു കരുതി പേടിച്ചു.
ഇനി അഥവാ അങ്ങനെ ജീവൻ പണയം വച്ചു താമസിക്കുമെന്നാണെങ്കിൽത്തന്നെ, ഇന്ത്യയിൽ എവിടെയും ഹിന്ദുക്കൾക്കെന്നല്ല ആർക്കും താമസിച്ചുകൂടേ എന്നു തോന്നാം.
അങ്ങനെ താമസിക്കുന്നതിനെ മറ്റുള്ളവർ എതിർക്കുന്നതു വർഗ്ഗീയതയുടെ നിർവചനത്തിൽ വരുമോയെന്നു സംശയിക്കാം.
മാർക്സിസ്റ്റുകൾ അതിനെ പിന്തുണയ്ക്കുന്നതു വർഗ്ഗീയതയാണോയെന്നു ശങ്കയുണ്ടാവാം.
അത്തരം സംശയങ്ങളെല്ലാം ഉപേക്ഷിച്ചു ഉണ്ണിപ്പിള്ള.
പക്ഷേ.. എത്ര ആലോചിച്ചിട്ടും മനസ്സിലാകാതെ ഒരു ചോദ്യം മാത്രം അവശേഷിച്ചു.
ഹുറിയത്തും പി.ഡി.പി.യും ഒരു പക്ഷേ സി.പി.എമ്മും വാദിക്കുന്നതുപോലെ, കശ്മീരിലെ മുസ്ലീം ഭൂരിപക്ഷം എന്ന “ഡെമോഗ്രഫി” മാറ്റി മറിയ്ക്കണമെങ്കിൽ ഏകദേശം എത്രഹിന്ദുക്കൾ വേണം? അതിന് എത്രകാലമെടുക്കും? അങ്ങോട്ടു മനസ്സിലാകുന്നില്ല!
കശ്മീർ താഴ്‌വരയിലെ മുസ്ലീം ജനസംഖ്യ 95 ശതമാനമാണെന്ന്
ഇവിടെക്കാണുന്നു. ഏതോ രാജ്യത്തെ ഒരു “റിട്ടയേർഡ് ലെഫ്റ്റനന്റ് കേണൽ സമൻ മാലിക് പറയുന്നു“ എന്നാണു കാണുന്നത്. വിശ്വസനീയമോ എന്തോ!
യഥാർത്ഥകണക്ക് അതിലും കൂടുതലായിരിക്കുമെന്നാണ്
ഇതു വായിച്ചാൽ തോന്നുന്നത്. ഇന്ത്യൻ ഏക്പ്രസിൽ നിന്നുള്ള വിവരങ്ങൾ. അവിടെപ്പിന്നെ, പണ്ഡിറ്റുകളേപ്പറ്റി പതം പറഞ്ഞിരിക്കുന്നതു കൊണ്ട് അതു വിടാം.
എന്തായാലും, കശ്മീരിലെ മുസ്ലീം ജനസംഖ്യ ഒരു പ്രത്യേകശതമാനമെന്നു പറയുന്നതിൽ യാതൊരു അർത്ഥവുമില്ലാത്തത്ര വലുതാണെന്നതിൽ തർക്കമില്ല. ഏതാണ്ട് സമ്പൂർണ്ണമാണ് അവിടുത്തെ ഡെമോഗ്രഫി. അതിനിടയ്ക്ക് നുഴഞ്ഞുകയറുന്നവരുടെ എണ്ണമെത്രയാണ്? ഏതാനും ആയിരങ്ങൾ? പരമാവധി വന്നാൽ ഒരു വർഷത്തിൽ ഒന്നോ രണ്ടോ ലക്ഷം തീർത്ഥാടകർ?
ചുരുങ്ങിയ സമയത്ത് - ഒന്നോ രണ്ടോ മാസങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന തീർത്ഥാടനം!
വർഷത്തിൽ ഒരു തവണ മാത്രം സംഭവിക്കുന്നത്.
ഏറെ പ്രായമെത്തിയവരൊക്കെ അടങ്ങുന്ന ആ സംഘങ്ങളിൽ ഒന്നൊഴിയാതെ എല്ലാവരും അവിടെത്തന്നെ തമ്പടിക്കാമെന്നു വിചാരിക്കുക (തുടർന്ന് എങ്ങനെ ജീവിക്കുമോ എന്തോ?) എന്ന അത്യത്ഭുതം സംഭവിച്ചാൽത്തന്നെ, ഏകദേശം എത്രകൊല്ലം വേണ്ടിവരും ‘ഡെമോഗ്രഫി‘ മാറിമറിയാൻ?
എന്തായാലും താൻ ജീവിച്ചിരിക്കെ അങ്ങനെയൊന്നു സംഭവിക്കുമെന്ന് ഉണ്ണിപ്പിള്ളയ്ക്കു വിശ്വസിക്കാൻ തോന്നിയില്ല.
അതിനിടെ, കോൺഗ്രസുകാരനായ സൈഫുദ്ദീൻ എന്നൊരു കേന്ദ്രമന്ത്രി ഒരു നിർദ്ദേശം വച്ചെന്നു കേട്ടു. തീർത്ഥാടനത്തിന്റെ സമയം പകുതിയാക്കി പരിമിതപ്പെടുത്താം - തീർത്ഥാടകരുടെ എണ്ണവും കുറയ്ക്കാം.!
അപ്പോൾ, ‘ഡെമോഗ്രഫി ഭയം’ എല്ലാവർക്കുമുണ്ടെന്നു തീർച്ച! ഭേഷായി!
“ഡെമോഗ്രഫി തകർക്കാനുള്ള ഗൂഢാലോചനകളെ ചെറുത്തുതോല്പി”ക്കുന്നതിൽ ഏറ്റവുമധികം ആത്മാർത്ഥത ആർക്കാണെന്നു തെളിയിക്കാനുള്ള മത്സരം നടക്കുകയാണ്. വിജയിക്കുന്നവർക്കു ലഭിക്കുന്ന വോട്ട് ഇടത്തേയ്ക്കോ വലത്തേയ്ക്കോ - ഏതു പക്ഷത്തേയ്ക്കു ചായുമെന്ന് തെരഞ്ഞെടുപ്പു കഴിഞ്ഞാലേ പറയാൻ പറ്റൂ..*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
രണ്ടാമത്തെ പ്രശ്നമായിക്കേട്ടത് ‘പരിസ്ഥിതി‘യാണ്! അതു തന്നെയായിരിക്കുമോ മാർക്സിസ്റ്റുകളുടെ എതിർപ്പിന്റെയും കാരണം?
“എന്തൊക്കെയോ ചില“ പരിസ്ഥിതിപ്രശ്നങ്ങളുണ്ടാകുമെന്ന് ചില “വിമർശകർ” പറഞ്ഞിരിക്കുന്നു.
Critics say building “permanent” structures at base camps of the pilgrimage will ruin the fragile ecology of the mountainous region...
ആരൊക്കെയാണാവോ ഈ “ക്രിട്ടിക്കു“കൾ! ഏതെങ്കിലുമൊരു പരിസ്ഥിതി സംഘടനയുടേയോ പ്രവർത്തകന്റെയോ പേര് എവിടെയും കാണാൻ പറ്റിയില്ല.
‘‘പ്രാദേശികരായ’ ചില പരിസ്ഥിതിവാദികൾ‘ എന്നാണ് മറ്റൊരിടത്തുകണ്ടത്.
Local environmentalists protested against the decision...
ഒരൊറ്റ മരം പോലും മുറിക്കേണ്ടിപ്പോലും വരാത്തസ്ഥിതിക്ക് പരിസ്ഥിതിപ്രശ്നമുണ്ടാകുമെന്നു പറയുന്നതിന്റെ ന്യായീകരണമെന്തെന്നും വ്യക്തമല്ല. പതിനായിരത്തോളം മരങ്ങൾ മുറിക്കേണ്ടിവരുന്ന മറ്റൊരു പദ്ധതിയ്ക്ക് ആർക്കും എതിർപ്പില്ല താനും!
It is pointed out while a threat to a nearby wildlife sanctuary had been quoted, no such concerns were aired with regard to the construction of the "Mughal road" expected to connect Poonch and Rajouri sections with the Valley. "There are something like 10,000 trees that will be felled. The plot at Baltal in comparison is bare, with no trees. The agenda of those opposing the Amarnath case is obvious," the sources said.
എന്താണു യഥാർത്ഥത്തിൽ ഉണ്ടാവാൻ പോകുന്ന പരിസ്ഥിതിപ്രശ്നമെന്ന് ആരും പറഞ്ഞുകേട്ടില്ല!
മഞ്ഞുമലകൾക്കിടയ്ക്ക് ചില അഭയകേന്ദ്രങ്ങൾ കെട്ടിയാൽ ഉടൻ അകാരണമായി തകർന്നടിയുന്ന പാവം പരിസ്ഥിതിയേപ്പറ്റി സഹതാപം തോന്നിപ്പോയി.
ആളുകൾ മഞ്ഞുവീഴ്ചയിൽപ്പെട്ട് കൂട്ടമായി മരിച്ചുകിടന്നാൽ അതു പരിസ്ഥിതിയ്ക്കു പ്രശ്നമൊന്നുമുണ്ടാക്കില്ലായിരിക്കും എന്ന ചിന്ത ഉണ്ണിപ്പിള്ള ഉള്ളിലടക്കി.
എന്നാൽ, ഒട്ടും മനസ്സിലാകാതെ വന്നത് അതൊന്നുമല്ല. പ്രാദേശികപരിസ്ഥിതിവാദികൾ ആരുമാകട്ടെ - ഈ വിഷയത്തിൽ ഗൌരവമായ എന്തെങ്കിലും പരാതികൾക്കു വകയുണ്ടെങ്കിൽ, അത് ആദ്യം വരേണ്ടത് സംസ്ഥാനവനംവകുപ്പിൽനിന്നു തന്നെയല്ലേ?
അതെ. സംശയമെന്തിന്?
അവരോടു ചോദിക്കാതിരുന്നില്ലല്ലോ. അവർ ‘ഒരു പ്രശ്നവുമില്ല‘ എന്നു പറഞ്ഞിട്ടുതന്നെയാണ് ഇത്തരമൊരു പരിപാടി ആലോചിച്ചതു തന്നെ!
...the matter was examined in the forest department at various levels and was finally submitted to the minister by the Principal Secretary of the Forest Department recommending that the proposal be approved.
The Forests and Environment Minister said that if there is no violation of J and K Forest (Conservation) Act of 1997 and the cabinet decision regarding diversion of forest land, the proposal is approved. The Forest Department then issued an order in March 2005 granting permission to the shrine Board for using the forest land for constructing pre-fabricated structures for Amarnath yatris
വനം-പരിസ്ഥിതി മന്ത്രാലയത്തിനു കുഴപ്പമില്ല!
അപ്പോൾപ്പിന്നെ ഈപ്പറയുന്ന പ്രാദേശികപരിസ്ഥിതിവാദികൾ എന്നത് ഹുറിയത്തും, പി.ഡി.പി.യും മാർക്സിസ്റ്റുകാരുമൊക്കെത്തന്നെയല്ലാതെ മറ്റാരുമല്ല എന്ന് ഊഹിക്കാമോ എന്തോ?
ഊഹിക്കാമെങ്കിൽ, ‘വിദഗ്ദ്ധസമിതി’യിലെ മാർക്സിസ്റ്റ് പ്രാതിനിധ്യം എത്രത്തോളം എന്നുകൂടി മാത്രമേ ഇനി അറിയേണ്ടൂ. പാഠപുസ്തകക്കമ്മിറ്റി പോലെ ഏതാണ്ടു സമ്പൂർണ്ണമായ പ്രാതിനിധ്യമാവുമോ ... അതോ...?
ഇക്കണ്ട മാർക്സിസ്റ്റു പരിസ്ഥിതി വാദികളെയൊന്നും രാമസേതുപ്രശ്നത്തിൽ കണ്ടില്ലല്ലോ എന്നും അറിയാതെ ഓർത്തുപോയി ഉണ്ണിപ്പിള്ള.
അന്ന് എന്തൊക്കെയാണു പരിസ്ഥിതിപ്രശ്നങ്ങൾ എന്ന് എണ്ണമിട്ടു പറഞ്ഞുകൊണ്ട് – എന്തൊക്കെയാണു പ്രത്യാഘാതങ്ങൾ എന്നു വിശദീകരിച്ചുകൊണ്ട് - അനവധി പഠനറിപ്പോർട്ടുകൾ വന്നതാണ്.
ആരൊക്കെയാണു പറയുന്നത് – ആ വിഷയത്തേപ്പറ്റി ആധികാരികമായി സംസാരിക്കാൻ അവർക്കുള്ള യോഗ്യതയെന്താണ് എന്നും വ്യക്തമായിരുന്നു.
ഇവിടുത്തേതുപോലെ, ‘അജ്ഞാത‘രായ പരിസ്ഥിതിവാദികളും ‘അജ്ഞാത‘മായ പരിസ്ഥിതിപ്രശ്നങ്ങളും ആയിരുന്നില്ല അവിടെ.
പക്ഷേ, ഒരു മാർക്സിസ്റ്റു പരിസ്ഥിതിവാദിയേയും അവിടേയ്ക്കു കണ്ടിരുന്നില്ല. സേതുവിനെ ഒഴിവാക്കിക്കൊണ്ടുള്ള മറ്റ് അലൈന്മെന്റുകൾ ആവാമല്ലോ എന്ന നിർദ്ദേശം അവർ കേട്ടഭാവം നടിച്ചിരുന്നില്ല. രാമസേതു തകർത്ത് ചാലുകീറിയേ അടങ്ങൂ എന്ന വാശി മാത്രമായിരുന്നു അവർക്ക്. നേരേ മറിച്ച് ഇവിടെയാണെങ്കിൽ, കുറച്ചുതുണ്ടുഭൂമി ക്ഷേത്രട്രസിന്റെ കയ്യിലെത്താതെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും.
(അന്ന് രാമനെ ചീത്തവിളിച്ച കരുണാനിധിയ്ക്കും അതിനു പറന്നെത്തി പിന്തുണനൽകിയ സി.പി.എമ്മിനുമൊപ്പം മുസ്ലീം മുന്നേറ്റ കഴകം എന്ന കക്ഷികൂടിയുണ്ടായിരുന്നു എന്നത് ഉണ്ണിപ്പിള്ള മനപ്പൂർവ്വം മറന്നു കളഞ്ഞു. ഹുറിയത്തും പി.ഡി.പി.യുമൊന്നും മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നെന്നു കരുതാനാവില്ല. അതുപോലെ തന്നെയാണ് ‘മുന്നേറ്റകഴക‘ത്തിന്റെ കാര്യവും. ഒരു മാർക്സിസ്റ്റ്-മുസ്ലീം അച്ചുതണ്ട് പ്രവർത്തിക്കുന്നോ എന്നെങ്ങാൻ അറിയാതെ പറഞ്ഞുപോയാൽ മുസ്ലീങ്ങൾക്ക് അതിൽപ്പരം അപമാനം വേറെയില്ല. അതു ‘ന്യൂനപക്ഷപീഢന‘വുമാകും. അങ്ങനെയൊന്നും ചിന്തിക്കുകപോലും ചെയ്യാതിരിക്കുന്നതാണു ബുദ്ധി.)
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ഈ രണ്ടുകാരണങ്ങളല്ലാതെ മറ്റെന്തെങ്കിലും കാരണം കൊണ്ടാകുമോ മാർക്സിസ്റ്റുകൾ എതിർക്കുന്നത് എന്നുകൂടി ആലോചിച്ചു ഉണ്ണിപ്പിള്ള.
ഇനിയിപ്പോൾ, എന്തു പ്രശ്നമുണ്ടായാലും ന്യായാന്യായങ്ങളൊന്നും പരിഗണിക്കാതെ “ന്യൂനപക്ഷ”ത്തിന്റെ കൂടെ നിൽക്കും എന്ന പാർട്ടി(അടവു?)നയത്തിന്റെയോ മറ്റോ ഭാഗമാവുമോ ഈ നിലപാട്?
പക്ഷേ അങ്ങനെയാണെങ്കിൽ, ഇവിടെ ഹിന്ദുക്കളല്ലേ ന്യൂനപക്ഷം? അപ്പോൾ അവർക്കു വേണ്ടിയല്ലേ മാർക്സിസ്റ്റുകൾ വാദിക്കേണ്ടത്?
കശ്മീർ മാത്രമല്ല – ജമ്മു കശ്മീർ എന്ന സംസ്ഥാനം മൊത്തത്തിലെടുത്താലും ശരി – മുസ്ലീങ്ങൾക്കു മൂന്നിൽരണ്ടു ഭൂരിപക്ഷമുണ്ട്. ഹിന്ദുക്കൾ അവിടെ ന്യൂനപക്ഷമാണ്. അപ്പോൾ അവർക്ക് അവിടെയെന്തെങ്കിലും “ന്യൂനപക്ഷാവകാശങ്ങൾ“ ഒക്കെ കാണേണ്ടതല്ലേ? അതിനു വേണ്ടിയല്ലേ മാർക്സിസ്റ്റുകൾ നിലകൊള്ളേണ്ടത്?
അതോ ഇനി അതിന് ഇങ്ങനെയൊക്കെയായിരിക്കുമോ ന്യായീകരണം? – “അതൊരു സംസ്ഥാനം മാത്രമാണ് – അതു ശരിയാവില്ല - അങ്ങനെ നോക്കിയാൽ ഹിന്ദുന്യൂനപക്ഷസംസ്ഥാനങ്ങൾ വേറെയുമുണ്ട് - ന്യൂനപക്ഷത്തെ തിരിച്ചറിയണമെങ്കിൽ എപ്പോളും രാജ്യത്തെ മൊത്തമെടുത്തേ കണക്കു കൂട്ടാവൂ “ എന്ന്?
അങ്ങനെയാണു മാർക്സിസ്റ്റുകളുടെ വാദമെങ്കിൽ അവിടെയും ഒരു പ്രശ്നമുണ്ട്!
അപ്പോൾ, ജമ്മു-കശ്മീർ എന്നത് മറ്റേതൊരു സംസ്ഥാനത്തെയും പോലെ, ഒരു സാധാരണ സംസ്ഥാനം മാത്രമാണ് എന്നവർ അംഗീകരിക്കുന്നുവെന്നർത്ഥം.
അപ്പോൾപ്പിന്നെ ഈ ആർട്ടിക്കിൾ 370-നേപ്പറ്റി എന്തായിരിക്കണം നിലപാട്?
ജമ്മുകശ്മീരിന് പ്രത്യേക ഭരണഘടനാപദവികൾ നൽകുന്നപരിപാടികൾ അവസാനിപ്പിക്കണമെന്ന ബി.ജെ.പി.യുടെയും മറ്റും ആവശ്യങ്ങളോട് എങ്ങനെ പ്രതികരിക്കണം? ജമ്മു-കാശ്മീർ ഒരു രാജ്യമോ അതോ സംസ്ഥാനമോ? ‘ഒരു രാജ്യത്തു രണ്ടു പതാകയും രണ്ടു ഭരണഘടനയും അനുവദിക്കാനാവില്ല’ എന്നതൊക്കെ ജനസംഘത്തിന്റെ ആരംഭകാലത്തുതന്നെയുള്ള മുദ്രാവാക്യങ്ങളിലൊന്നാണ്. അതിനെയൊക്കെ എതിർത്തിരുന്ന സി.പി.എമ്മിന് അവിടുത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളോട് എന്താണു പറയാനുള്ളത്?
ഒരു വശത്ത് ആർട്ടിക്കിൾ 370 – മറുവശത്ത് ‘ന്യൂനപക്ഷങ്ങളെ‘ പിന്തുണയ്ക്കൽ - ഇതു രണ്ടും ഒരിക്കലും ഒത്തുപോകുന്നവയല്ല. ഏതെങ്കിലുമൊന്നേ നടക്കൂ..
ഈയൊരു ആശയക്കുഴപ്പം ഒഴിവാക്കാനുള്ള ഒരേയൊരു വഴി - “ന്യൂനപക്ഷം” എന്ന ക്ലീഷേ വിളിപ്പേര് ഉപയോഗിക്കാതെ, മുസ്ലീം എന്ന യഥാർത്ഥപേര് ഉപയോഗിക്കുക എന്നതു മാത്രമാണ്.
എന്തു പ്രശ്നമുണ്ടായാലും മാർക്സിസ്റ്റു പാർട്ടി ന്യായാന്യായങ്ങളൊന്നും പരിഗണിക്കാതെ മുസ്ലീങ്ങളുടെ (
“ന്യൂനപക്ഷ”ത്തിന്റെ) കൂടെ നിൽക്കും!
അങ്ങനെയൊരു തിരുത്തോടുകൂടി ആലോചിക്കുമ്പോൾ രണ്ടുകാര്യങ്ങളിലും പാർട്ടിനിലപാട് വളരെ ശരിയാണ്.
(1) മുസ്ലീം ഭൂരിപക്ഷപ്രദേശമായ കാശ്മീരിൽ നിന്ന് ഒരു തുണ്ടുഭൂമിപോലും ക്ഷേത്രട്രസ്റ്റിനു വിട്ടുകൊടുക്കില്ല – ഓക്കെ.
(2) മുസ്ലീം ഭൂരിപക്ഷസംസ്ഥാനമായ ജമ്മുകാശ്മീരിന് പ്രത്യേകഭരണഘടനാപദവികൾ ആസ്വദിക്കാൻ പറ്റണം – ഓക്കെ.
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ഇവിടെ, ഉണ്ണിപ്പിള്ളയുടെ ചിന്തകൾ കാടുകയറി.
യഥാർത്ഥത്തിൽ, മാർക്സിസ്റ്റുകളുടെ ഈ നിലപാടുകൾ മുസ്ലീങ്ങൾക്ക് അനുകൂലമാണോ?
മുസ്ലീങ്ങളെ സഹായിക്കുകയാണോ അതോ ദ്രോഹിക്കുകയാണോ അവർ ചെയ്യുന്നത്?
അല്പമെങ്കിലും സാമാന്യബോധമുള്ള ഏതൊരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളവും, ഇപ്പോൾത്തന്നെ തീർത്ഥാടകർ ഉപയോഗിക്കുന്ന 40 ഹെക്ടർ ഭൂമി ക്ഷേത്രട്രസ്റ്റിനു കൈമാറിയെന്നു വച്ച് യാതൊരു ചുക്കും സംഭവിക്കേണ്ടതില്ല. വനം വകുപ്പിന്റെ കയ്യിൽനിന്ന് ട്രസ്റ്റിന്റെ കയ്യിലേക്കെത്തുന്നു എന്ന ഭരണപരമായ മാറ്റം മാത്രമേ അവിടെയുള്ളൂ.അമർനാഥ് തീർത്ഥാടകർക്ക് അടിസ്ഥാനസൌകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് “മുസ്ലീങ്ങൾ“ എതിരുനിൽക്കുന്നു എന്നൊരു ഇമേജുണ്ടാകാതെ നോക്കേണ്ടത് അത്യാവശ്യമായിരുന്നു. ഹുറിയത്തും പി.ഡി.പി.യും മാർക്സിസ്റ്റുകളുമൊന്നും തങ്ങളെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നില്ല എന്നു ലോകത്തോടു വിളിച്ചു പറയേണ്ടത് മതമൌലികവാദികളെ പിന്തുണയ്ക്കാത്ത മുസ്ലീങ്ങളുടെ ആവശ്യമായിരുന്നു. പലരും പലരീതിയിൽ ശബ്ദമുയർത്തി.
ചിലരാകട്ടെ ഹിന്ദുക്കളുടെ ആവശ്യത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തെരുവിലിറങ്ങി പ്രതിഷേധിക്കാൻ വരെ തയ്യാറായി. അപ്പോൾ, കേരളമുൾപ്പെടെ രാജ്യത്തിന്റെ ഏതൊരു ഭാഗത്തും,
മര്യാദക്കാരായ മുസ്ലീങ്ങൾക്ക് ഭൂമികൈമാറ്റത്തോട് യാതൊരു എതിർപ്പുമില്ലെന്നു തന്നെ വേണം കരുതാൻ.
ഇത്തരം കാര്യങ്ങളൊക്കെ ദേശാഭിമാനി വാർത്താപ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്യാൻ തയ്യാറാകുമോ എന്നറിയാൻ ഉണ്ണിപ്പിള്ളയ്ക്ക് ആകാംക്ഷ തോന്നി.
സത്യത്തിൽ, ഭുമികൈമാറ്റതീരുമാനത്തിനെതിരെയുള്ള അക്രമസമരങ്ങൾ മുസ്ലിം സമൂഹത്തിന് തീർച്ചയായും നാണക്കേടുണ്ടാക്കിയിരുന്നു. ആ നാണക്കേടൊഴിവാക്കാൻ ഇത്തരം വാർത്തകൾക്കു പ്രാമുഖ്യം കിട്ടേണ്ടത് ആവശ്യമായിരുന്നു.
അപ്പോൾ, ദേശാഭിമാനിയ്ക്ക് മുസ്ല്ലീങ്ങളെ സഹായിക്കണമെന്നുണ്ടെങ്കിൽ, ഇത്തരം വാർത്തകൾ ഉയർത്തിപ്പിടിക്കണം. അവരതു ചെയ്യുമോ?
മാത്രവുമല്ല - അമർനാഥ് തീർത്ഥാടകരെ ആക്രമിക്കുന്ന തീവ്രവാദികൾ അതൊക്കെ “ദൈവനാമത്തിലാണ് ” എന്ന് വിളിച്ചു പറഞ്ഞിരുന്നത് മുസ്ലീങ്ങൾക്കു ചില്ലറ ചീത്തപ്പേരല്ല ഉണ്ടാക്കിയിരുന്നത്. ഐ.ജി.സത്യപാൽസിംഗിന്റെ ഒരു
ലേഖനത്തിൽക്കണ്ടത് ഇങ്ങനെ:-
’The Asian Age’ newspaper (August 19, 2001) published a letter recovered from a fidayeen in an encounter with security forces deployed for the Amarnath Yatra. The letter reads 'We are fidayeen. I am a fidayeen and in the name of Allah we will continue to kill and be killed till such time we destroy India and we overcome India.'
ഇത്തരം തീവ്രവാദികൾക്കൊന്നും ശരാശരി മുസ്ലീം സമൂഹത്തിന്റെ യാതൊരു പിന്തുണയില്ല എന്നു ജനം മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ, മേൽപ്പറഞ്ഞമട്ടുള്ള വാർത്തകൾക്കു പ്രോത്സാഹനം കൊടുക്കണമായിരുന്നു. അല്ലാതെ ഭൂമികൈമാറ്റത്തിനെ എതിർക്കുന്ന അക്രമസമരങ്ങളെയല്ല പ്രോത്സാഹിപ്പിക്കേണ്ടിയിരുന്നത്. ദേശാഭിമാനി അതിനു തയ്യാറാകുമോ എന്നറിയാൻ ഉണ്ണിപ്പിള്ളയ്ക്ക് ആകാംക്ഷ തോന്നി.
കോടികൾ ചെലവിടുന്ന ഹജ്ജ് ഹൌസും ഹജ്ജു സബ്സിഡിയുമൊക്കെ നിലവിലിരിക്കെ - “ഭൂരിപക്ഷം” എന്നു വിളിച്ച് ആക്ഷേപിക്കപ്പെടുന്ന ഹിന്ദുക്കൾക്ക് - ഹജ്ജുപോലെ തന്നെ പ്രാധാന്യമുള്ള ഒരു തീർത്ഥാടനത്തിന് – അതും ഒരു മുസ്ലീം ഭൂരിപക്ഷപ്രദേശത്ത് – പ്രകൃതിദുരന്തങ്ങളിൽ നിന്നു രക്ഷപെടാനുള്ള താത്കാലിക സംവിധാനങ്ങൾ പോലും ഉണ്ടാക്കിയെടുക്കാൻ കഴിയാതെ വരിക എന്നത് - അതീവഗുരുതരമായ ഒരു അവസ്ഥാവിശേഷമാണ്. വോട്ടിൽ കണ്ണു വച്ച് എന്തുംചെയ്യാൻ മടിക്കാത്ത പ്രീണനരാഷ്ട്രീയക്കാർ ചേർന്നു സൃഷ്ടിക്കുന്ന അത്തരം സ്ഫോടനാത്മകമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വിടവുകൾ ചെറുതല്ല. അത്തരമൊരു അവസ്ഥാവിശേഷമുണ്ടാകാതിരിക്കുവാനായി സ്വമേധയാ മുന്നോട്ടുവന്നു പ്രവർത്തിക്കുവാനാണ് ചിന്താശേഷിയുള്ള ഏതൊരു മുസ്ലീമും ശ്രമിക്കേണ്ടത്. അങ്ങനെ മുന്നോട്ടുവരുന്നവരെ മാദ്ധ്യമങ്ങൾ എടുത്തുകാട്ടുകയും വേണം.
ദേശാഭിമാനിയിൽ അതു കണ്ടേക്കുമോ എന്നറിയാൻ ഉണ്ണിപ്പിള്ള ഒന്നു പരതി നോക്കി. ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടു.
വികസനപ്രവർത്തനങ്ങൾ“
ക്കെന്ന പേരിൽ” ഹിന്ദുവോട്ടു കൈക്കലാക്കാൻ നടത്തിയ ശ്രമം മാത്രമായിരുന്നു അത് – പക്ഷേ
പരിസ്ഥിതി സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ “ജനങ്ങൾ” ( ഒന്നുകൂടി ആവർത്തിക്കട്ടെ – “
ജനങ്ങൾ”) ആ നീക്കത്തെ
ചെറുത്തു തോല്പിച്ചു – എന്ന മട്ടിലൊക്കെ
വിജയഭാവത്തിലാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് !
തരിമ്പും നാണമില്ലല്ലോ എന്ന് ഓർത്തുപോയി!
തികച്ചും വർഗ്ഗീയമായ – അപകടകരവും അപലപനീയവുമായ നിലയിൽത്തന്നെ വർഗ്ഗീയമായ കാരണങ്ങളുടെ പേരിൽ മാത്രം അക്രമാസക്തമായ പ്രക്ഷോഭം നയിച്ച - തീവ്രവാദസ്വഭാവം പേറുന്ന - ചില മുസ്ലിം സംഘടനകളെ പരസ്യമായി അനുകൂലിച്ചുകൊണ്ടും അവർ നടത്തിയ അക്രമങ്ങളെ നിസാരവൽക്കരിച്ചും നിലപാടെടുക്കാൻ യാതൊരു മടിയുമില്ലാത്തൊരു പത്രം!
ശല്യം “ഞങ്ങൾ“ ഒഴിവാക്കിവിട്ടതായിരുന്നു – പക്ഷേ “സംഘപരിവാർ” അതുവീണ്ടും കുത്തിപ്പൊക്കി കുളമാക്കി എന്നു പരാതിപ്പെടുകയും ചെയ്യുന്നതുപോലെ തോന്നുന്നു.
മൊത്തത്തിൽ റിപ്പോർട്ടിങ്ങിന്റെ ഒരു ശൈലി അതുതന്നെയായിരുന്നു. ‘ജമ്മുവിലെ കലാപം കാശ്മീരിലേയ്ക്കും’ എന്നും മറ്റുമാണ് തലക്കെട്ടുകൾ തന്നെ!! അതായത് - ജമ്മുവിലാണ് കലാപം ആരംഭിച്ചതെന്ന്!!! മൂക്കത്തുവിരൽ വച്ചു പോകുകയാണ്!
ആദ്യഘട്ടത്തിൽ കശ്മീരിൽ മുസ്ലീം സംഘടനകൾ നടത്തിയ അക്രമാസക്തമായ പ്രക്ഷോഭത്തേപ്പറ്റി വിമർശനങ്ങളൊന്നുമില്ല. അത് വിജയം കണ്ട ഒരു ‘ജനകീയ’ പ്രക്ഷോഭം മാത്രം എന്ന മട്ട്!
പക്ഷേ, രണ്ടാം ഘട്ടത്തിൽ ജമ്മുവിൽ നടന്നതാവട്ടെ - കലാപം – അക്രമം – ആകെ ബഹളം!
ആ ഘട്ടത്തിൽ സമരം ചെയ്തതു ഹിന്ദുസംഘടനകളാണല്ലോ. ചില സംഘപരിവാർ സംഘടനകളുടെ പിന്തുണയുമുണ്ട്. അപ്പോൾ, ദേശാഭിമാനിയുടെ എഴുത്തിന്റെ ടോൺ മാറുന്നതിൽ അതിശയിക്കാനൊന്നുമില്ല..
ജമ്മുവിൽ ആളുകൾ കൊല്ലപ്പെടുന്നുവന്നതിലൊക്കെയായിരുന്നു പരിഭവം! കശ്മീരിൽ അതിനേക്കാൾക്കൂടുതൽ പേർ കൊല്ലപ്പെട്ട ആദ്യഘട്ടത്തേപ്പറ്റി അഭിമാനവും!
ആരൊക്കെയാണു പോലും ജമ്മുവിൽ കൊല്ലപ്പെട്ടത്? ചത്താലും കശ്മീരികൾ സ്ഥലം വിട്ടുകൊടുക്കില്ലെന്നു പാർലമെന്റിൽ പ്രസംഗിച്ച ഒമർ അബ്ദുല്ലയുടെ നിലപാടിന് ചത്തുകാണിച്ചുകൊണ്ട് മറുപടി കൊടുത്ത ‘
കുൽദീപ് കുമാർ ദോഗ്ര ‘ എന്നയാളാണ് അവരിലൊരാൾ!
വികാരനിർഭരമായ ഒരു പ്രസംഗത്തിനു ശേഷം വിഷം കഴിച്ച് അദ്ദേഹം ആത്മഹത്യ ചെയ്യുകയാണുണ്ടായത്. മതപീഢനവും വിവേചനവും നടക്കുന്നുവെന്നു തോന്നിയാൽ അതിൽ നിന്നു രക്ഷപെടാൻ മതപരിവർത്തനം മാത്രമല്ല, മരണമെന്ന മറ്റൊരു വഴികൂടിയുണ്ടെന്നു വിശ്വസിച്ചൊരാൾ! പിന്നെ, പോലീസിന്റെ വെടിയേറ്റു മരിച്ച ചിലരും. ഇവരൊക്കെത്തന്നെയാണു കൊല്ലപ്പെട്ടത്. പിന്നീട്
കമൽജിത് സിംഗ് എന്നൊരു യുവാവും ആത്മഹത്യക്കു ശ്രമിച്ചെങ്കിലും രക്ഷപെട്ടു. എന്തായാലും, ദേശാഭിമാനിയുടെ കാഴ്ചപ്പാടിൽ, കലാപം “സൃഷ്ടിച്ച”വരുടെ കൂട്ടത്തിൽത്തന്നെയാവണം കുൽദീപിന്റെയും കമൽജിത്തിന്റെയുമൊക്കെ സ്ഥാനം!
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
അപ്പോളാണ് രണ്ടു പോലീസുകാർ കൊല്ലപ്പെട്ടുവെന്ന വാർത്തവന്നത്. സമരക്കാരല്ലാതെ ആരെങ്കിലും മരിക്കുന്നത് ആദ്യമാണ്. അതു കേട്ടപ്പോൾ ഉണ്ണിപ്പിള്ള ദേശാഭിമാനിയിൽപ്പോയി നോക്കി. അവർ ഹിന്ദുസംഘടനകളെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ടും “വർഗീയത”യ്ക്കെതിരെ ഘോരഘോരം പ്രസംഗിച്ചുകൊണ്ടും ഒന്നു രണ്ടു പുറങ്ങൾ നിറച്ച് എഴുതിയിട്ടുണ്ടാവുമെന്നാണു കരുതിയത്.
പക്ഷേ..
നോക്കിയപ്പോൾ .... അതേപ്പറ്റി മിണ്ടിയിട്ടേയില്ല!
അത്ഭുതകരമായ മൌനത്തിനു കാരണമെന്തെന്നറിയാൻ മറ്റു പത്രങ്ങൾ പരതി. അപ്പോളാണു കാര്യം മനസ്സിലായത്. കശ്മീരിലെ സമരക്കാർ ഒരു മൂന്നാം ഘട്ടം തുടങ്ങിക്കഴിഞ്ഞു! ജമ്മുവിൽ മുസ്ലീങ്ങൾ ആക്രമിക്കപ്പെടുന്നുവെന്ന് “ആരോപിച്ച്”അവർ തെരുവിലിറങ്ങിയിരിക്കുന്നു. ഹുറിയത്ത്, പി.ഡി.പി. തുടങ്ങിയവർ തന്നെ ഇക്കുറിയും. സഖാക്കളും കൂടെയുണ്ടോ എന്നറിയില്ല. എന്തായാലും ആദ്യദിനം തന്നെ രണ്ടുപോലീസുകാരെ തല്ലിക്കൊന്ന് തുടക്കമിട്ടിട്ടുണ്ട്.
ദേശാഭിമാനി അതു റിപ്പോർട്ടു ചെയ്യുമോ? നല്ല കഥയായി!
പോലീസിനെ കൊന്ന പുതിയ സമരത്തിന്റെ പിന്നിലെ രഹസ്യമെന്തെന്ന് വളരെ വ്യക്തമാണ്.
ജമ്മുവിലെ സമരക്കാർ പോലീസുമായി മാത്രമാണ് ഏറ്റുമുട്ടിയത്. സർക്കാറിനെതിരെ തന്നെയാണ് അവരും പ്രതിഷേധിക്കുന്നത്. അല്ലാതെ മുസ്ലീങ്ങൾക്കെതിരെയല്ല. പക്ഷേ, അതും പറഞ്ഞിരുന്നാൽ ശരിയാവില്ലെന്ന് ഹുറിയത്ത് - പി.ഡി.പി. - മാർക്സിസ്റ്റ് അച്ചുതണ്ടിന് നന്നായി അറിയാം. ജമ്മുവിലെ രണ്ടാം ഘട്ട സമരത്തിന്റെ സമ്മർദ്ദത്തേത്തുടർന്ന് ഗവണ്മെന്റ് വീണ്ടും തീരുമാനം മാറ്റിയാലോ എന്നവർ ഭയക്കുന്നു. ചത്താലും ഭൂമി വിട്ടുകൊടുക്കില്ല എന്ന നിലപാടുള്ള അവർ, തൽക്കാലം നിർത്തിവച്ചിരുന്ന അക്രമസമരം പുനരാരംഭിച്ചതാണ് ഇപ്പോൾ കാണുന്നത്. പക്ഷേ, ഗവണ്മെന്റ് അങ്ങനെയൊരു തീരുമാനം ഇനിയും പ്രഖ്യാപിക്കാത്ത സ്ഥിതിയ്ക്ക്, സമ്മർദ്ദം ചെലുത്താൻ അഡ്വാൻസായി സമരം ചെയ്യുന്നു എന്നു പറയുന്നതു നാണക്കേടാണെന്നിരിക്കെ, അവർക്ക് സമരം പുനരാരംഭിക്കാൻ എന്തെങ്കിലുമൊരു കാരണം വേണമായിരുന്നു. അങ്ങനെയൊരെണ്ണം കണ്ടുപിടിച്ചു. ജമ്മുവിൽ മുസ്ലീങ്ങൾ ആക്രമിക്കപ്പെടുന്നതിനെതിരെ പ്രക്ഷോഭം! നല്ല കഥയായി! എന്തായാലും കാശ്മീരി സഖാക്കന്മാർക്ക് വീണ്ടും മെനക്കേടായി. ഇങ്ങു തെക്ക് അതൊക്കെ ആവേശപൂർവ്വം റിപ്പോർട്ടു ചെയ്യാനിരിക്കുന്ന ദേശാഭിമാനി ലേഖകന്മാർക്കും..
താഴ്‌വരയിലെ മുസ്ലീം പ്രക്ഷോഭകരുമായി സംസാരിക്കുന്നതിനായി ഒരു സംഘപരിവാർ സംഘടനയായ ‘രാഷ്ട്രവാദി മുസ്ലിം മ’ഞ്ചിന്റെ പ്രതിനിധിസംഘം പുറപ്പെട്ടിട്ടുണ്ടെന്നു കേൾക്കുന്നു. “മുസ്ലീം വേഷധാരികളായ സംഘപരിവാർ പ്രവർത്തകർ താഴ്‌വരയിൽ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു” എന്നോ മറ്റോ ഒരു വാർത്ത ദേശാഭിമാനിയിൽ ഉടനേ പ്രതീക്ഷിക്കാം എന്നു കരുതി ഉണ്ണിപ്പിള്ള. സംഘമെന്നോ സംഘപരിവാറെന്നോ പറഞ്ഞാൽ എന്താണെന്ന് യാതൊരു വിവരവുമില്ലാത്ത ഒരു കൂട്ടം എഴുത്തുകാർ!
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ചിന്താഭൂതം വീണ്ടും ഉണ്ണിപ്പിള്ളയെ പിടികൂടി.
ഒരു ചോദ്യം മനസ്സിൽക്കിടന്നു വല്ലാതെ കറങ്ങുന്നു.
അമർനാഥ് വിഷയത്തിൽ, കാര്യങ്ങളുടെ കിടപ്പു വളരെ വ്യക്തമാണ്. തീർത്ഥാടകർക്കു ചില സൌകര്യങ്ങളൊക്കെ ചെയ്തുകൊടുക്കാനുള്ള തീരുമാനം തികച്ചും നിസാരവും നിർദ്ദോഷവുമായ ഒന്നാണ്. കശ്മീരിലുള്ളവരെ ഒരു തരത്തിലും അതു ദോഷകരമായി ബാധിക്കില്ല. ഹിന്ദുക്കളുടെ മാത്രമല്ല – മുസ്ലീങ്ങളുടെ പിന്തുണയും അതിനുണ്ട്.
പക്ഷേ ചിലർ എതിർക്കുന്നു.
കടുത്ത നിലപാടുകൾക്കു കുപ്രസിദ്ധരായ ഹുറിയത്ത് കോൺഫ്രൻസും പി.ഡി.പി.യുമൊക്കെയാണ് എതിർക്കുന്നത്.
മാർക്സിസ്റ്റുകൾ അവരുടെ കൂടെയാണു നിലയുറപ്പിച്ചിരിക്കുന്നത്.
അത്തരമൊരു നിലപാടെടുക്കാൻ മാർക്സിസ്റ്റുകളെ പ്രേരിപ്പിക്കുന്ന യഥാർത്ഥ ഘടകം എന്തായിരിക്കും?
അപ്പോൾ, മൌലികവാദിമുസ്ലീങ്ങളാണോ അതോ മര്യാദക്കാരായ മുസ്ലീങ്ങളാണോ എണ്ണത്തിൽക്കൂടുതൽ? എണ്ണത്തിൽക്കൂടുതലുള്ളവരെ സ്വാധീനിക്കാനാവുമല്ലോ രാഷ്ട്രീയക്കാർക്കു താല്പര്യം. വോട്ടെണ്ണുമ്പോൾ, അവയുടെ എണ്ണത്തിനു മാത്രമാണല്ലോ പ്രാധാന്യം. ആരാണു ചെയ്യുന്നതെന്നതനുസരിച്ച് മൂല്യത്തിനു വ്യത്യാസമൊന്നുമില്ലല്ലോ.
അപ്പോൾ, മുസ്ലീങ്ങളിൽ ഭൂരിഭാഗവും മൌലികവാദികളാണെന്നാണോ മനസ്സിലാക്കേണ്ടത്? അല്ലെങ്കിൽപ്പിന്നെയെന്തിനാണ് പച്ചയായ മതമൌലികവാദച്ചുവയുള്ള ഇത്തരം ന്യായങ്ങൾക്കു വേണ്ടി വാദിച്ചുകൊണ്ട് മാർക്സിസ്റ്റുപാർട്ടി ഇങ്ങനെ കിടന്നു മസിലു പിടിക്കുന്നത്? വോട്ടിന്റെ കണക്കിൽ അപ്പോൾ അതാണു ലാഭം എന്നല്ലേ സൂചന? മര്യാദക്കാർ അകന്നു നിന്നാലും മറ്റുള്ളവരാണു ഭൂരിപക്ഷമെന്നതിനാൽ വോട്ടു കൂടുതൽ കിട്ടുമെന്ന ലാഭം . അങ്ങനെ വരുമോ? മറ്റുള്ളവർക്കാണു ഭൂരിപക്ഷമെങ്കിൽ അത്തരക്കാരെ സ്വാധീനിക്കാനും പ്രീണിപ്പിക്കാനുമല്ലേ സി.പി.എം. ശ്രമിക്കേണ്ടത്?
അതല്ലെങ്കിൽപ്പിന്നെ വേറേ ഒരൊറ്റ ന്യായമേയുള്ളൂ. മുസ്ലീങ്ങളിൽ ഭൂരിഭാഗവും മര്യാദക്കാർ തന്നെയാണ് ആ മര്യാദാബോധത്തിന്റെ കാരണം കൊണ്ടുതന്നെ, മാർക്സിസ്റ്റുപാർട്ടിപോലെ സർവത്ര അക്രമമയമായ ഒരു പാർട്ടിയെ അവർ ഏഴയലത്ത് അടുപ്പിക്കില്ല. ശക്തമായ മതബോധമുള്ള ആ സമൂഹത്തിൽ. മാർക്സിസ്റ്റുകളേപ്പോലുള്ള മതവിരുദ്ധർക്ക് യാതൊരു സ്ഥാനവുമില്ല. അപ്പോൾ, ആ വോട്ടുകൾ എന്തായാലും ഒരിക്കലും കിട്ടാൻ പോകുന്നില്ലെന്ന് മാർക്സിസ്റ്റുകൾക്ക് ഉത്തമബോദ്ധ്യമുണ്ട്. പിന്നെ ആകെയുള്ള മാർഗ്ഗമെന്നത് എണ്ണത്തിൽക്കുറവെങ്കിലും ബാക്കിയുള്ള മൌലികവാദികളെയെങ്കിലും സ്വാധീനിച്ചുവശത്താക്കുക എന്നതാണ്. കിട്ടാത്തതു പോകട്ടെ – കിട്ടുന്നതാവട്ടെ - എന്ന മട്ട്.
അപ്പോൾ അതുകൊണ്ടായിരിക്കണം നഗ്നമായ ഈ മുസ്ളിംമൌലികവാദപ്രീണനം!
ആണവക്കരാറിലും അയോദ്ധ്യയിലും സദ്ദാം വധത്തിലും ഇറാന്റെ അണുപരീക്ഷണത്തിലുമെന്നു വേണ്ട – ഇവിടെ നടന്ന സകലകാര്യങ്ങളിലും ഇതേ നയം തന്നെയാണ് അവർ അനുവർത്തിച്ചുകണ്ടിട്ടുള്ളത്.
രാജ്യത്തെ ജനങ്ങളോട് യാതൊരു പ്രതിബദ്ധയുമില്ലാതെ, മുസ്ലീങ്ങളെയാണെങ്കിൽത്തന്നെ സഹായിക്കണമെന്നു യാതൊരു ഉദ്ദേശവുമില്ലാതെ, മതമൌലികവാദത്തെ മാത്രം പച്ചയ്ക്കു പിന്തുണയ്ക്കാൻ ഇത്രയ്ക്കു മടിയില്ലാത്ത ഒരു പാർട്ടി!
ആത്മാഭിമാനമുള്ള ഒരാളെങ്കിലും പുറത്തുപോകാതെ ഇനിയും അവശേഷിക്കുന്നുവെങ്കിൽ, അഭിനന്ദിക്കേണ്ടത് അവരുടെ തൊലിക്കട്ടിയെയോ അതോ അടിമത്തബോധത്തെയോ എന്തോ?
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
അമർനാഥ് വാർത്തകളൊന്നും ഇനിയെന്തായാലും വായിക്കുന്നില്ലെന്നു വീണ്ടും തീരുമാനിച്ച് ഉണ്ണിപ്പിള്ള പത്രത്തിന്റെ താളുകൾ ധൃതിയിൽ മറിച്ചു.
പ്രകാശ് കാരാട്ടിന്റെ പുതിയൊരു പ്രസ്താവന കൊടുത്തിരിക്കുന്നതു കണ്ണിൽപ്പെട്ടു – “ ‘മതേതര’സർക്കാർ അധികാരത്തിൽ വരും...കാരാട്ട്”
“മതേതരത്വം!“
പൊട്ടിച്ചിരിച്ചുപോയി. ഉറക്കെയുറക്കെ!
തുറന്നു ചിരിക്കുന്നതിനിടെ ആകെപ്പാടെ പൊടിയും പുകയുമെല്ലാം, വായിൽക്കയറി. രാഷ്ട്രീയത്തിൽ മാത്രമല്ല, അന്തരീക്ഷത്തിൽ മൊത്തത്തിലും മലിനീകരണം വല്ലാതെ കൂടുതലാണ് ഈയിടെയായി.
ത്ഫൂ.......
ഉണ്ണിപ്പിള്ള ഉറക്കെ കാറിത്തുപ്പി.