November 18, 2007

മാര്‍ക്സിസ്റ്റുകാരുടെ "ഹിന്ദുത്വമുഖം"(?)

കൊച്ചുകുട്ടികള്‍ക്കു പാടിക്കൊടുക്കാവുന്ന ഒരു പദ്യശകലം വേണമെന്നുണ്ടെങ്കില്‍ ഇതാ ഇങ്ങനെ ചമയ്ക്കാം.

ലോനപ്പന്‍ ചേട്ടനൊരാശ തോന്നി -
ആനപ്പുറത്തു കയറിടേണം.


കേട്ടാല്‍ വളരെ ലളിതമായ ഒരു ഈരടി.
ആര്‍ക്കും തോന്നാവുന്ന ഒരു ആഗ്രഹം ലോനപ്പന്‍ ചേട്ടനും തോന്നി എന്ന്‌ കുട്ടികള്‍ കരുതും.

പക്ഷേ അതൊരു പാഠപുസ്തകത്തിലോ മറ്റോ അച്ചടിച്ചു വരുമ്പോള്‍ ദാ ഇങ്ങനെയായിപ്പോയാലോ?

ലോനപ്പന്‍ ചേട്ടനൊരാശ തോന്നി -
ആന പുറത്തു കയറിടേണം.


ദൈവമേ! അര്‍ത്ഥം എത്ര മാറിപ്പോയി! ഈ ആശ നടപ്പിലായാല്‍പ്പിന്നെ ലോനപ്പന്‍ ചേട്ടന്‍ ബാക്കിയുണ്ടാവുമോ?

ഒരു ചെറുകുറിപ്പായാല്‍പ്പോലും എഴുതുമ്പോളും അച്ചടിക്കുമ്പോളുമെല്ലാം നാം വളരെ സൂക്ഷിക്കണം. ഒരു അക്ഷരത്തിന്റെ ഇരട്ടിപ്പു മാറിയാല്‍പ്പോലും വലിയ അര്‍ത്ഥവ്യത്യാസങ്ങളുണ്ടാവാം.

ഇനിയിപ്പോള്‍ പാട്ട്‌ തെറ്റില്ലാതെ അച്ചടിച്ചുവന്നു എന്നു തന്നെ കരുതുക. പക്ഷേ ഒരാള്‍ - അദ്ധ്യാപകനോ മറ്റോ - കുട്ടികള്‍ക്ക്‌ അതിന്റെ അര്‍ത്ഥം പറഞ്ഞുകൊടുക്കുന്നത്‌ ദാ ഇങ്ങനെയാണെങ്കിലോ?

"ലോനപ്പന്‍ ചേട്ടന്‌ ഒരു ആഗ്രഹം തോന്നി. നല്ല നീളമുള്ള ഒരു കയര്‍ എടുത്ത്‌ ഒരു ആനയുടെ പുറത്തുകൂടി ഇടണം. ആനപ്പുറത്തുകയറിടണം!"

എന്റെ ദൈവമേ! സമ്മതിക്കാതെ തരമില്ല! അല്ലേ?

അദ്ദേഹത്തിന്‌ വാദ്ധ്യാരുദ്യോഗമായത്‌ എത്ര നന്നായി എന്നു വേണം നാം കരുതാന്‍. കുറേ കുട്ടികളുടെ ഭാവി നശിക്കുമെന്നതു സത്യം. പക്ഷേ ആ ജോലിയല്ലായിരുന്നെങ്കില്‍ അദ്ദേഹം സെക്രട്ടേറിയറ്റിലോ പാര്‍ലമെന്റിലോ ഒക്കെ ഇരുന്ന്‌ ഈ നാടുമുഴുവന്‍ നശിപ്പിക്കുന്ന ഒരു രാഷ്ട്രീയക്കാരനായേനെ. അതിലും ഭേദമല്ലേ?

രാഷ്ട്രീയം എന്നാല്‍ വാക്കുകള്‍ കൊണ്ടുള്ള ഒരു കളിയാണ്‌. വാക്കുകള്‍ തിരിച്ചും മറിച്ചും ഉപയോഗിച്ചും അര്‍ത്ഥവ്യതിയാനം വരുത്തിയുമൊക്കെ നടത്തുന്ന ഒരു തരം കള്ളക്കളി!

* * * * * * * * *

ഇതെല്ലാമോര്‍ത്തത്‌ ശ്രീ വയലാര്‍ രവി കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം കേട്ടപ്പോളാണ്‌. കേരളത്തില്‍ “മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ മിനുസമുള്ള ഹിന്ദുത്വമുഖമാണ“ത്രേ!

കാഴ്ചക്കുറവുണ്ടെങ്കില്‍ കണ്ണടയൊന്നു മാറ്റുന്നതു നന്നാവും എന്നു തോന്നിപ്പോയി! 'ഹിന്ദുത്വമുഖം' എന്നതുകൊണ്ട്‌ അദ്ദേഹം ഉദ്ദേശിക്കുന്നതെന്താണാവോ?

തലമുറകളായി പകര്‍ന്നുകിട്ടിയ ജീവിതമൂല്യങ്ങളുടെ സുദീര്‍ഘപാരമ്പര്യമുള്‍ക്കൊള്ളുന്ന ഒരു പ്രൗഢസംസ്കൃതിക്ക്‌ - ഭാരതീയരുടെ പൊതു സാംസ്കാരികധാരയ്ക്കാണ്‌ - 'ഹിന്ദുത്വം' എന്നു പൊതുവില്‍പ്പറയുന്നത്‌. വയലാര്‍ രവി ഉദ്ദേശിച്ചത്‌ അതു തന്നെയാവുമെന്നു കരുതുക വയ്യ.

ഇനിയിപ്പോള്‍ ഹിന്ദുമതവിശ്വാസികളോട്‌ അനുഭാവപൂര്‍വ്വം പെരുമാറുന്നു എന്ന അര്‍ത്ഥത്തിലായിരിക്കുമോ 'ഹിന്ദുത്വമുഖം' എന്നു തെറ്റായി പ്രയോഗിച്ചത്‌? ആണെങ്കില്‍ അത്‌ ഇരട്ടി തെറ്റാണ്‌. കാരണം - മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഹിന്ദുക്കളോടു അനുഭാവമല്ല - മറിച്ച്‌ - പരമാവധി ഉപദ്രവിക്കാനുള്ള മനോഭാവമാണുള്ളത്‌. സമകാലീനസംഭവങ്ങള്‍ പരിശോധിച്ചാല്‍ത്തന്നെ എത്രയോ ഉദാഹരണങ്ങള്‍!

മറ്റൊരു സാദ്ധ്യതകൂടിയുണ്ട്‌. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തി ബോധപൂര്‍വ്വം ഉപയോഗിക്കുന്നതു വഴിയും ദുര്‍വ്യാഖ്യാനങ്ങളുപയോഗിച്ചും 'ഹിന്ദുത്വം' എന്നത്‌ ഒരു ആക്ഷേപകരമായ വാക്കാക്കി മാറ്റുവാന്‍ കുറേക്കാലമായി കൊണ്ടുപിടിച്ചശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. അപ്പോള്‍ 'മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ ഹിന്ദുത്വമുഖമുണ്ട്‌' എന്നു പറയുന്നത്‌ അവരെ ആക്ഷേപിക്കാനുദ്ദേശിച്ചു തന്നെയായിരിക്കണം.

ഈ സംശയങ്ങള്‍ക്കെല്ലാം അടുത്തവാചകത്തില്‍ത്തന്നെ വയലാര്‍ രവി മറുപടി തന്നിരുന്നു.

ഹിന്ദുത്വവാദികളെ സന്തോഷിപ്പിക്കാനാണത്രേ പിണറായി വിജയന്‍ ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ചത്‌ !

അത്ഭുതപ്പെട്ടു പോകുകയാണ്‌!

കഷ്ടം! എത്ര തര താണ ഒരു വര്‍ഗ്ഗീയ പരാമര്‍ശമാണത്‌!

പിണറായി വിജയനെ കടത്തിവെട്ടിക്കളഞ്ഞു വയലാര്‍ രവി.

ദേശീയനേതാക്കള്‍ ഇങ്ങനെ മത്സരിച്ചു തരം താഴാമോ?

'നികൃഷ്ടജീവി' പരാമര്‍ശവും പിന്നീട്‌ അതിനു കൊടുത്ത ന്യായീകരണവുമെല്ലാം ആരെയെങ്കിലും സന്തോഷിപ്പിക്കുമെങ്കില്‍ അത്‌ മാര്‍ക്സിസ്റ്റുകളെ മാത്രമാണ്‌. അവര്‍ മാത്രമാണ്‌ ആ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ അതിനെ പിന്തുണച്ചുകൊണ്ട്‌ പ്രകടനവും പൊതുയോഗവുമെല്ലാം നടത്തിയതും. മറ്റുള്ളവരൊന്നടങ്കം ഇത്തരം വ്യക്തിനിന്ദയെ ശക്തമായി അപലപിക്കുകയേയുള്ളൂ - ജാതി-മത-കക്ഷിഭേദമില്ലാതെ.

ഇവിടെ ഒരു 'ഇരുതലപ്രയോഗ'ത്തിലൂടെ വയലാര്‍ രവി ഉന്നമിട്ടവര്‍ക്കു മാത്രമല്ല - ഹിന്ദുക്കളെ സംബന്ധിച്ചു പൊതുവിലും അങ്ങേയറ്റം ആക്ഷേപകരമാണ്‌ അദ്ദേഹത്തിന്റെ വാചകങ്ങള്‍. കാരണം - ആ വാചകങ്ങള്‍ കേള്‍ക്കാനിടയാകുന്ന ക്രൈസ്തവര്‍ക്കിടയില്‍ തെറ്റായ - മോശമായ - ഒരു ചിത്രം ലഭിക്കുന്നത്‌ കേരളത്തിലെ ഹൈന്ദവസമൂഹത്തിന്റെ ഒരു പൊതുമനസ്ഥിതിയേക്കുറിച്ചു കൂടിയാണ്‌. അതുകൊണ്ടു തന്നെ അങ്ങേയറ്റം അപലപനീയമാണ്‌ ആ പരാമര്‍ശം.

എന്നാല്‍, ശ്രീ. രവിക്കറിയാം - കൈപ്പത്തിക്കു സ്ഥിരം ലഭിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുവോട്ടുകളൊന്നും ഇങ്ങനെയൊരു അപമാനിക്കലിനേത്തുടര്‍ന്ന്‌ നഷ്ടപ്പെട്ടുപോകുകയില്ല എന്ന്‌. എന്നാല്‍പ്പിന്നെ വല്ലതും പുതിയതു തരപ്പെടുകയാണെങ്കില്‍ ലാഭമല്ലേ - പോയാലൊരു വാചകം മാത്രമല്ലേ - എന്നൊരു ചിന്തയാണ്‌ അദ്ദേഹത്തെ നയിക്കുന്നതെന്നു സ്പഷ്ടം.

ഈയൊരു തരം താണ - അപകടകരമായ - വര്‍ഗ്ഗീയക്കളിയെയാണ്‌ കൂസിസം എന്നു പറയുന്നത്‌. തങ്ങളാണ്‌ ഇവിടെ മതേതരത്വം പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്‌ എന്നു വീമ്പിളക്കുക. എന്നിട്ട്‌ തനി വര്‍ഗ്ഗീയമായ കുതന്ത്രങ്ങള്‍ പയറ്റുക. ഇത്‌ കേവലം 'കപടമതേതരത്വമല്ല' - അതിന്റെ അപകടകരമായ പ്രായോഗികതലമായ കൂസിസമാണ്‌. കാരണം, ഇത്തരം പ്രയോഗങ്ങളാണ്‌ സമുദായസ്പര്‍ദ്ധയും മറ്റും വളര്‍ത്തുന്നതും പിന്നീട്‌ പ്രശ്നങ്ങളിലേക്കെത്തിക്കുന്നതും.

വയലാര്‍ രവി ഒരു തികഞ്ഞ കൂസിസ്റ്റാണെന്നാണ്‌ ഇവിടെ വ്യക്തമാവുന്നത്‌. ഈ സംസ്ഥാനത്തെ (രാജ്യത്തെയും!) പ്രമുഖനേതാക്കളുടെ ഗണത്തില്‍ അദ്ദേഹത്തേപ്പോലുള്ളവരും പെടുമല്ലോ എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.

* * * * * * * * *

മാര്‍ക്സിസ്റ്റുകാര്‍ കേരളത്തിലെ ഹിന്ദുക്കളെ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നു എന്നോ മറ്റോ - ഒരു ആക്ഷേപമായോ അല്ലെങ്കില്‍ അഭിനന്ദനമായോ അവതരിപ്പിക്കണമെന്നുള്ളവര്‍ മറ്റു മാര്‍ഗ്ഗങ്ങളായിരുന്നു തേടേണ്ടിയിരുന്നത്‌. ഒരു ഉദാഹരണം ഇനിപ്പറയുന്നു.

അടുത്തിടെ, കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ വളരെ വ്യക്തമാവുന്ന തരത്തില്‍, വിവിധ വിഭാഗങ്ങളുടെ സ്ഥിതിയേപ്പറ്റി വിശദമായി പഠിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചത്‌ മാര്‍ക്സിസ്റ്റുകള്‍ക്കു മുന്‍തൂക്കമുള്ള ശാസ്ത്രസാഹിത്യപരിഷത്‌ ആണ്‌. സംസ്ഥാനത്ത്‌ ജീവിതത്തിന്റെ സമസ്തമേഖലകളിലും ക്രൈസ്തവരേയും മുസ്ലീങ്ങളേയും അപേക്ഷിച്ച്‌ ഹിന്ദുക്കള്‍ വളരെ പിന്നോക്കാവസ്ഥയിലാണെന്നത്‌ പലര്‍ക്കുമറിയാവുന്ന സത്യമാണെങ്കിലും, പരിഷത്തിന്റെ പഠനത്തോടെയാണ്‌ അത്‌ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും ആധികാരികമായി അംഗികരിക്കപ്പെട്ടതും.

ആ ഒരു റിപ്പോര്‍ട്ടു വച്ച്‌ വയലാര്‍ രവിക്കൊക്കെ വേണമെങ്കില്‍ ആരോപിക്കാമായിരുന്നു - മാര്‍ക്സിസ്റ്റുകാര്‍ ദാ ഹിന്ദുക്കളുടെ കാര്യം പരിഗണിക്കുന്നു - എന്നൊക്കെ.

പക്ഷേ ആരോപണം അതിനപ്പുറത്തേക്കു നീട്ടാനാവില്ല. കാരണം, താനിങ്ങനെയൊരു റിപ്പോര്‍ട്ടു കണ്ടിട്ടേയില്ല എന്നാണ്‌ സാമൂഹ്യക്ഷേമവകുപ്പുമന്ത്രി പറഞ്ഞത്‌. മാത്രവുമല്ല - ചില കുട്ടിക്കഥകള്‍ അവസാനിക്കുന്നതുപോലെ - പിന്നീട്‌ ആ റിപ്പോര്‍ട്ടിന്‌ എന്തു സംഭവിച്ചുവെന്നോ അതെവിടെപ്പോയെന്നോ ആര്‍ക്കും ഒരു അറിവുമില്ല താനും!

ഒരര്‍ത്ഥത്തില്‍ അതു നന്നായി. മതേതരത്വത്തിന്റെ പരമകാഷ്ഠ എന്നൊക്കെപ്പറയണമെങ്കില്‍, മതം തിരിച്ചുള്ള ഇത്തരം കണക്കുകളൊന്നും പ്രസിദ്ധീകരിക്കുകയല്ല - തയ്യാറാക്കുക പോലും ചെയ്യരുത്‌. അതൊക്കെയെടുത്ത്‌ പുരപ്പുരത്തു വയ്ക്കുകയോ കത്തിച്ചുകളയുകയോ ഒക്കെയാണു വേണ്ടത്‌.

എന്നാല്‍, സച്ചാര്‍ കമ്മിറ്റി പോലുള്ളവയുടെ പഠനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്‌. കാരണം, അവരൊന്നും പൊതുവായ ഒരു പഠനമല്ലല്ലോ നടത്തുന്നത്‌. ഒരു വിഭാഗത്തിന്റെ മാത്രം അവസ്ഥ പഠിച്ച്‌ അവരെ മാത്രം ഉദ്ധരിക്കാന്‍ ഉദ്ദേശിച്ചുള്ള ശുപാര്‍ശകളെ അതിന്റെ ആദരവോടെ വേണം നാം സമീപിക്കുവാന്‍.

അത്തരമൊരു ആദരവിന്റെ ഭാഗമായാണ്‌ സംസ്ഥാനത്ത്‌ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രത്യേക സമിതിയും മറ്റും രൂപവല്‍ക്കരിക്കപ്പെടുന്നത്‌. അതിന്റെ പേരില്‍ ഇടതുസര്‍ക്കാരിനെ അഭിനന്ദിക്കുകയല്ലാതെ വയലാര്‍ രവിക്കൊന്നും മറ്റു മാര്‍ഗ്ഗങ്ങളില്ല. മതത്തിന്റെ മാത്രം പേരു പറഞ്ഞ്‌ സംവരണം കൊടുക്കുവാന്‍ ഭരണഘടന ഒരു തടസ്സമാണെന്നുണ്ടെങ്കില്‍ അതു നാം തിരുത്തിയെഴുതണമെന്നുപോലും ആവശ്യപ്പെട്ടുകളഞ്ഞു മാര്‍ക്സിസ്റ്റു നേതാക്കള്‍!

അങ്ങനെ 'പ്രായോഗിക'രാഷ്ട്രീയത്തില്‍ തങ്ങളെ കടത്തിവെട്ടി ബഹുദൂരം മുന്നേറുന്ന മാര്‍ക്സിസ്റ്റുകളെ പിടിച്ചു നിര്‍ത്തണമെങ്കില്‍പ്പിന്നെ വയലാര്‍ രവിക്കൊക്കെ മറ്റെന്താണു മാര്‍ഗ്ഗമുള്ളത്‌? ഹിന്ദുവിന്റെ പേര്‌ മാര്‍ക്സിസ്റ്റുകാരനോടു ചേര്‍ത്തുപയോഗിച്ച്‌ അപമാനിക്കുക എന്നതു മാത്രമേയുള്ളൂ. ആര്‍ക്കും വേണ്ടാത്ത ചെണ്ടകളെ - കൊട്ടുന്നവരുടെ താളത്തിനനുസരിച്ചല്ലാതെ സ്വന്തമായൊരു ശബ്ദമുണ്ടാക്കുവാന്‍ കഴിവില്ലാത്ത ഏതൊരു ഉപകരണത്തേയുമതെ - ആരോടു ചേര്‍ത്തു വയ്ക്കുന്നോ അവര്‍ അപമാനിക്കപ്പെടുകയേയുള്ളൂ.

കൂസിസ്റ്റുകളേ - ഇതു നിങ്ങളുടെ യുഗമാണ്‌. കലിയുഗം! ആസ്വദിച്ചുകൊള്ളുക.

6 comments:

 1. 'പ്രായോഗിക'രാഷ്ട്രീയത്തില്‍ തങ്ങളെ കടത്തിവെട്ടി മുന്നേറുന്ന മാര്‍ക്സിസ്റ്റുകളെ പിടിച്ചു നിര്‍ത്തണമെങ്കില്‍, പിന്നെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ എന്താണു മാര്‍ഗ്ഗമുള്ളത്‌? ദാ ഇതൊക്കെത്തന്നെയേയുള്ളൂ.

  ഒരര്‍ത്ഥത്തില്‍, ഇവരുടെയൊക്കെ കൂസിസ്റ്റ്‌ നിലപാടുകള്‍ വെളിപ്പെടുന്നത് ഇടതുപക്ഷത്തെ കൂടുതല്‍ സഹായിക്കുകയേയുള്ളൂ. കമ്മ്യൂണിസ്റ്റുകള്‍ക്കു മാത്രമേ കൂസിസ്റ്റുസ്വഭാവമുള്ളൂ എന്ന തെറ്റിദ്ധാരണ മാറുമല്ലോ.

  ReplyDelete
 2. ജാതിയേയും മതത്തിനേയും രാഷ്ട്രീയത്തിനായി ദുരുപയോഗപ്പെടുത്തുന്നത് സ്ഥിരമായി നടന്നുകൊണ്ടിരിക്കുന്ന ഒന്നല്ലേ. അക്കൂട്ടത്തില്‍ ഇതും. എന്നാലും നകുലന്‍ പറഞ്ഞതുപോലെ, ഇത് വളരെ തരം താണ ഒരു വാചകം ആയിപ്പോയി :(

  ReplyDelete
 3. :) ഫൈന്‍

  നല്ല പോസ്റ്റ്..

  വേര്‍ഡ് വേരിഫിക്കേഷന്‍ ഓണ്‍ ചെയൂക.

  ഈ ബ്ലോഗിന് പണി കിട്ടുനുണ്ടെന്ന് തോന്നുന്നു.

  ReplyDelete
 4. അഭിനന്ദനങ്ങള്‍ നകുലന്‍ ! കാര്യങ്ങള്‍ നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന തരത്തില്‍ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു . ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയം ഒരു ചളിക്കുണ്ടായി മാറിയിരിക്കുന്നു . ഇക്കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കര്‍ണ്ണാടകയില്‍ നടന്ന നാടകങ്ങള്‍ ശ്രദ്ധിക്കുക. നമ്മുടെ ജനാധിപത്യ വ്യവസ്ഥ എങ്ങോട്ടേക്കാണ് സഞ്ചരിക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ ആ നാടകങ്ങളിലുണ്ട് . ചിന്തിക്കുന്നവരുടെ അനുഭാവം ഇന്ന് ആവശ്യപ്പെടുന്നത് ഇന്ത്യന്‍ ജനാധിപത്യമാണ് , അല്ലാതെ ഏതെങ്കിലും ഇന്ത്യന്‍ പാര്‍ട്ടിയല്ല . ബി.ജെ.പി.യോടുള്ള അനുഭാവം വെടിഞ്ഞ് നകുലന്‍ നിഷ്പക്ഷതയുടെ ഭാഗത്ത് വരണം എന്ന് അവശ്യപ്പെടാന്‍ എനിക്ക് കഴിയില്ല . പക്ഷെ അങ്ങിനെ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ വ്യാമോഹിക്കുന്നു . നമ്മുടെ ജനാധിപത്യം സുരക്ഷിതമാകണമെങ്കില്‍ ഇവിടെയുള്ള മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെയെല്ലാം വൃത്തികെട്ട അധികാര ദല്ലാള്‍ രാഷ്ട്രീയം മാറ്റി വെച്ച് ക്രീയാത്മക രാഷ്ട്രീയത്തിന്റെ സംശുദ്ധമായ മാര്‍ഗ്ഗത്തില്‍ എത്തിപ്പെടേണ്ടതുണ്ട് . ഈ കുത്സിതരാഷ്ട്രീയത്തില്‍ മനം മടുത്ത് വിദ്യാഭ്യാസമുള്ള ചിന്തിക്കുന്നവര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകലുകയും അരാഷ്ട്രീയവാദം ശക്തി പ്രാപിച്ചു വരികയുമാണ് . അതും ജനാധിപത്യത്തിന്റെ മറ്റൊരു ദൌര്‍ബ്ബല്യമാണ് ,ഫാസിസം വരാനുള്ള വഴിയും . ചുരുക്കത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗം ശുദ്ധീകരിക്കാനുള്ള ഒരു തിരുത്തല്‍ ശക്തിയാണ് ഇന്ന് നാട്ടിന്നാവശ്യം . അതിന് നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്കല്ലേ കഴിയൂ . നകുലന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടിയും അതിന്റെ പോഷകസംഘടനക്ക് വേണ്ടിയുമാണ് ശക്തമായി വാദിക്കുന്നത് . അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി സംസാരിക്കുന്നതിന്റെ മറ്റൊരു വശം എന്നേയുള്ളൂ . പറയുന്നത് എത്ര വാസ്തവമാണെങ്കിലും . കാരണം മറ്റേതൊരു പാര്‍ട്ടിയേയുമെന്ന പോലെ ബി.ജെ.പി.യും കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണ് . ജനാധിപത്യം വികലവും വികൃതവുമാക്കാനാണ് അവരും തങ്ങളാലാകുന്ന സംഭാനകള്‍ നല്‍കുന്നത് . ഇക്കാണുന്ന തെരഞ്ഞെടുപ്പ് രാക്ഷ്ട്രീയമല്ല ജനാധിപത്യം . അത് ഒരു ജനതയുടെ ജീവിതശൈലിയാണ് . അതിന് സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ട് . എന്നാല്‍ അധികാരം നേടുക , അതുറപ്പിക്കുക എന്ന ഒറ്റ മിനിമം പരിപാടിയേ ഇന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമുള്ളൂ എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പരമപ്രധാനമായ സത്യം . ബക്കിയെല്ലാം അതിന്റെ ഉപോല്‍പ്പന്നങ്ങള്‍ മാത്രം . ഇതൊക്കെ മനസ്സിലായ ആളുകള്‍ ധാരാളമുണ്ട് . പക്ഷെ അവര്‍ രാഷ്ട്രീയക്കാരെപ്പോലെ സംഘടിതരല്ല എന്ന് മാത്രം . ഇതൊന്നും നകുലന് മനസ്സിലായിട്ടില്ല എന്നത് എന്നെ അമ്പരപ്പിക്കുന്നു . ഒരു ഘട്ടത്തില്‍ എനിക്ക് ബി.ജെ.പി.യോട് അനുഭാവം തോന്നിയിരുന്നു . കോണ്‍ഗ്രസ്സും ,ബി.ജെ.പി.യും ദേശീയതലത്തില്‍ ശക്തി പ്രാപിച്ചാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന് ആരോഗ്യവും ചൈതന്യവും നല്‍കുമല്ലോ എന്ന് ഞാന്‍ ചിന്തിച്ചു . എന്നാല്‍ തങ്ങളും ദുഷിച്ച അധികാരരാഷ്ട്രീയത്തിന്റെ വക്താക്കള്‍ തന്നെയാണെന്ന് അവര്‍ തങ്ങളുടെ പ്രവര്‍ത്തിയിലുടെ അതിവേഗം തെളിയിച്ചു . നമ്മുടെ ജനാധിപത്യത്തിന്റെയും പാര്‍ലമെന്റിന്റെയും ഇന്നത്തെ ദുര്‍ഗ്ഗതിയില്‍ സങ്കടപ്പെടാനേ ചിന്തിക്കുന്ന ആര്‍ക്കും ഇന്ന് കഴിയൂ . പക്ഷെ നകുലന്‍ ആവേശം ഉള്‍ക്കൊള്ളുന്നത് ആര്‍ഷഭാരതത്തിന്റെ പുരാതനമായ സാംസ്കാരിക പൈതൃകത്തില്‍ നിന്നാണ് . വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികള്‍ മനസ്സിലാക്കുന്നുമില്ല . നകുലനെപ്പോലെ ഭാഷ എനിക്ക് വഴങ്ങുകയില്ല . ഇത് വായിച്ച് , നകുലന്‍ തന്റെ ഭാഗം ന്യായീകരിക്കുക മാത്രമെ ചെയ്യൂ എന്നെനിക്കറിയാം . അത് കൊണ്ട് അത് കേള്‍ക്കാന്‍ ഞാന്‍ വീണ്ടും ഇവിടെ വരില്ല . ഒരു പക്ഷപാതി എന്ന നിലയില്‍ നകുലനോട് സംവദിക്കാനും എനിക്ക് താല്പര്യമില്ല . എന്നാല്‍ ഞാന്‍ നകുലന്റെ ഒരാരാധകനാണെന്ന് തുറന്ന് പറയാനും എനിക്ക് മടിയില്ല . ഈ കമന്റ് ഞാന്‍ എന്റെ കമന്റ് കളക്‍ഷന്‍ എന്ന ബ്ലോഗില്‍ പോസ്റ്റ് ചെയ്യും .
  സ്നേഹപൂര്‍വ്വം വിട ,

  ReplyDelete
 5. സുകുമാരേട്ടാ,
  വിശദമായ അഭിപ്രായങ്ങള്‍ക്കു നന്ദി. പലതിനോടും എനിക്കു യോജിപ്പുണ്ട്‌.

  (1) ശുദ്ധീകരണപ്രക്രിയ ആവശ്യം തന്നെ. അത്‌ ഒരു നിഷ്പക്ഷതലത്തില്‍ നിന്നുകൊണ്ട്‌ എത്രത്തോളം ആവാം എന്നും അങ്ങനെ മാത്രമേ ആവുകയുള്ളോ എന്നും ആലോചിക്കേണ്ടതുണ്ട്‌.

  അന്ധമായ മാനസികാടിമത്തം സൃഷ്ടിക്കാത്തിടത്തോളം, അനുഭാവം ഒരു പ്രശ്നമാകേണ്ടതുണ്ടോ? എനിക്കും പെട്ടെന്നൊരു ഉത്തരം തരാനാകാത്ത ചോദ്യമാണത്‌.

  ബി.ജെ.പി. പോലെ രാജ്യമാസകലം സാന്നിദ്ധ്യമുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരിലും അനുഭാവികളിലും എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളിലും ഒരേ നിലപാടുകളുണ്ടാവുമെങ്കില്‍ അത്‌ അത്ഭുതകരമായിരിക്കുമല്ലോ. എനിക്കും വിയോജിപ്പുള്ള ചില മേഖലകളൊക്കെയുണ്ട്‌. പക്ഷേ, അവസരം കിട്ടിയാല്‍ ഒരു പാര്‍ട്ടി വേദിയിലോ മറ്റോ ഉന്നയിച്ചേക്കാമെന്നല്ലാതെ പൊതുവേദികളില്‍ അവയൊന്നും ചര്‍ച്ചയ്ക്കു വയ്ക്കാന്‍ ഞാന്‍ താല്‍പര്യപ്പെടില്ല എന്നത്‌ - അനുഭാവം സൃഷ്ടിക്കുന്ന ഒരു വിലങ്ങുതടിയായിക്കരുതാവുന്നതാണ്‌. പൊതുചര്‍ച്ച കൊണ്ട്‌ പ്രതീക്ഷിക്കുന്ന ഫലമുണ്ടാവില്ല എന്നു ഞാന്‍ കരുതുന്നതുകൊണ്ടു കൂടിയാവണം അത്‌.

  (2) കര്‍ണ്ണാടകയിലെ സംഭവങ്ങള്‍ ശ്രദ്ധിക്കാതിരിക്കാനാവില്ലല്ലോ. കര്‍ഷകര്‍, മുക്കുവര്‍ തുടങ്ങി പ്രകൃതിശക്തികളോടു മല്ലിട്ടു ജീവിക്കേണ്ടി വരുന്നവര്‍ അധികവും നല്ല മനുഷ്യരാണെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. യെദ്യൂരപ്പ നടത്തിയ വികാരഭരിതമായ പ്രസംഗത്തേക്കുറിച്ചു കേട്ട്‌ വിഷമം തോന്നിയിരുന്നു. പക്ഷേ, കുമാരസ്വാമിക്കെതിരെയുള്ള കോടികളുടെ അഴിമതിയാരോപണത്തിനു നേരെ കണ്ണടയ്ക്കണമെന്നും മറ്റുമുള്ള ദേവഗൌഡയുടെ നിര്‍ദ്ദേശങ്ങള്‍ക്കെങ്ങാന്‍ വഴങ്ങിയിരുന്നെങ്കില്‍, ഇതിനേക്കാള്‍ പതിനായിരം മടങ്ങ്‌ വിഷമം തോന്നിയേനെ. എങ്കില്‍പ്പിന്നെ എന്ത്‌ ആദര്‍ശം? രാഷ്ട്രീയമണ്ഡലത്തില്‍ ദേവഗൌഡയ്ക്കു തന്നെയാണു 'കൃഷി'യില്‍ കഴിവും അനുഭവസമ്പത്തുമുള്ളത്‌. അദ്ദേഹത്തിന്റെ ചില തന്ത്രങ്ങള്‍ വിജയിച്ചു എന്നു കരുതിയാല്‍ മതി.

  (3) >> നകുലന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടിയും അതിന്റെ പോഷകസംഘടനക്ക് വേണ്ടിയുമാണ് ശക്തമായി വാദിക്കുന്നത് . അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി സംസാരിക്കുന്നതിന്റെ മറ്റൊരു വശം എന്നേയുള്ളൂ . പറയുന്നത് എത്ര വാസ്തവമാണെങ്കിലും.

  എ.ബി.വി.പി.യെ ആണ്‌ ഉദ്ദേശിച്ചത്‌ എങ്കില്‍, അവരെ ബി.ജെ.പി.യുടെ ഒരു 'പോഷകസംഘടന'യായിക്കരുതാനാവില്ല.

  ഇതുപോലെ തന്നെ, സംഘപരിവാര്‍ സംഘടനകളെയും അവരുടെ പരസ്പരബന്ധവുമെല്ലാം സംബന്ധിച്ചുള്ള പല പൊതുധാരണകളും തെറ്റാണെന്നു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്‌. തെറ്റിദ്ധാരണകള്‍ തിരുത്താനും ആരോപണങ്ങള്‍ക്കു പ്രതിരോധമൊരുക്കാനും മാദ്ധ്യമങ്ങളുപയോഗിച്ച്‌ സംഘം എന്തു കൊണ്ടു ശ്രമിക്കുന്നില്ല എന്നതിന്‌ അവര്‍ക്ക്‌ അവരുടേതായ കാരണങ്ങളുണ്ട്‌. എന്നെ സംബന്ധിച്ചാണെങ്കില്‍, അറിഞ്ഞുകൊണ്ടു മിണ്ടാതിരിക്കാന്‍ സാധിക്കാതെ വരുന്നതു കൊണ്ടാണ്‌ പലയിടത്തും ഇടപെട്ടു സംസാരിക്കേണ്ടിവരുന്നത്‌.

  ചങ്ങനാശേരി സംഭവത്തില്‍, ഒരു ഭാഗത്തിനുവേണ്ടി കടുംപിടുത്തം പിടിച്ചു ഞാന്‍ വാദിക്കുന്നില്ലെന്ന്‌ മുമ്പു തന്നെ ഒരു കമന്റില്‍ പറഞ്ഞിരുന്നു. പിടികൂടപ്പെട്ടവര്‍ യഥാര്‍ത്ഥ പ്രതികളല്ല എന്നതിന്‌ എന്തെങ്കിലും തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലുമല്ല എന്തെങ്കിലും എഴുതിയത്‌. ദേശാഭിമാനിയൊഴിച്ചുള്ള മാദ്ധ്യമങ്ങള്‍ മറിച്ചു പറഞ്ഞതു വായിച്ചും സാഹചര്യം സൃഷ്ടിക്കുന്ന സംശയങ്ങള്‍ വച്ചും എടുക്കുന്ന ഒരു നിലപാടെന്നേയുള്ളൂ. അതേ ചിന്തകള്‍ വച്ച്‌ ആലോചിച്ചാല്‍, മാര്‍ക്സിസ്റ്റു ഭരണത്തിന്‍ കീഴില്‍ ഈ കേസിന്‌ നീതിപൂര്‍വ്വമായ ഒരു പര്യവസാനം ഉണ്ടാകുമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല.

  കോളേജില്‍ എസ്‌.എഫ്‌.ഐക്കാര്‍ അക്രമം നടത്തി എന്നതിന്‌ ഫോട്ടോയടക്കമുള്ള തെളിവുകള്‍ ഞാന്‍ അവതരിപ്പിച്ചിരുന്നു. അറസ്റ്റു ചെയ്യപ്പെട്ട എസ്‌.എഫ്‌.ഐ.ക്കാരെ വിട്ടയക്കേണ്ടി വന്നു എന്നതും എഫ്‌.ഐ.ആര്‍. തിരുത്തി എന്നതും പലരും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അന്വേഷണം പല രീതിയിലും ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍, മാര്‍ക്സിസ്റ്റു നേതൃത്വം ചോദ്യം ചെയ്യപ്പെടാതിരിക്കുന്നത്‌ അപകടകരമാണ്‌. ചങ്ങനാശ്ശേരിയില്‍ അരുതാത്തതു പലതും നടന്നു എന്ന്‌ പിണറായി വിജയന്‍ തന്നെ തുറന്നു സമ്മതിച്ചത്‌ എന്റെ നിലപാടുകള്‍ ശരിയായിരുന്നെന്നു തെളിയിക്കുന്നതായി ഞാന്‍ കരുതുന്നു.

  ReplyDelete
 6. Kollam. Nalla Ezhuth(Bookmarked). Waiting for Next Post..

  ReplyDelete