August 15, 2013

ഉപരോധസമരം വിജയമോ പരാജയമോ? - ഗുരുശിഷ്യസംവാദം



ശിഷ്യൻ:- സംശയം - ഗുരുവേ.
ഗുരു:- ആയിക്കൊള്ളട്ടെ.

ശിഷ്യൻ:- ഉപരോധസമരം വിജയമോ പരാജയമോ?
ഗുരു:- മുട്ടയാവാനാണു സാദ്ധ്യത. അതല്ലെങ്കിൽ കോഴി. ഏത് ആദ്യമുണ്ടായാലും നമുക്കൊരുപോലെ എന്ന തിരിച്ചറിവുള്ളവനാണു ജ്ഞാനി.

ശിഷ്യൻ:- മനസ്സിലായില്ല ഗുരുവേ. ചോദിച്ചതിന് ഉത്തരം കിട്ടിയില്ല.
ഗുരു:- ഇടതുവശത്തും വലതുവശത്തുമുള്ളവർ പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര വളരെ സജീവമായിരുന്നെന്ന്.

ശിഷ്യൻ:- അതു മനസ്സിലായി. സ്റ്റഡിക്ലാസിലൊന്നും കൃത്യമായി വന്നില്ലെങ്കിലും ശരി - സമരത്തിന്റെ വരവും പോക്കുമൊക്കെ കണ്ടാൽ ഈ അന്തർധാരയൊക്കെ ഏതു കൊച്ചുകുഞ്ഞിനും മനസ്സിലാകും. സമരത്തിന്റെ റിസൽട്ടുസംബന്ധിച്ച കാഴ്ചപ്പാടാണു ചോദിച്ചത്.
ഗുരു:- അത് ഓരോരുത്തരുടെയും 'ദൃഷ്ടികോണം' പോലെയിരിക്കും.

ശിഷ്യൻ:- പിന്നേം മനസ്സിലായില്ല.
ഗുരു:- ഒരു ടോപ് ഗിയർ വാണം കത്തിച്ച് ഒരു കൂട്ടർ മുകളിലേയ്ക്കു വിടുന്നു എന്നു കരുതുക.

ശിഷ്യൻ:- ടോപ് ഗീർവാണം എന്നാണോ ഉദ്ദേശിച്ചത്? മുഖ്യമന്ത്രിയെ രാജിവയ്പിച്ചേ അടങ്ങൂ എന്നൊരു പ്രഖ്യാപനം പോലെ വല്ലതും?
ഗുരു:- ഇഷ്ടം പോലെ അർത്ഥമെടുത്തോളുക. ഓരോ വാക്കിനും നമ്മൾ എന്താണ് അർത്ഥമെടുക്കുന്നത് എന്നതനുസരിച്ചിരിക്കും കാര്യങ്ങൾ.

ശിഷ്യൻ:- ആയിക്കോട്ടെ.
ഗുരു:- 'അയ്യേ അതു ചീറ്റിപ്പോയി' എന്നു പറഞ്ഞ് മറ്റേക്കൂട്ടർക്ക് ആഹ്ലാദിക്കാം. വിജയം അവകാശപ്പെടാം.

ശിഷ്യൻ:- പിന്നല്ലാതെ?
ഗുരു:- പക്ഷേ ഒന്നോർക്കണം. ചീറ്റലല്ലേ വാണത്തിന്റെ ധർമ്മം തന്നെ? അതു ചീറ്റിക്കൊണ്ടു മുകളിലേയ്ക്കു പോകാതെ പാതി കത്തി താഴേയ്ക്കു വീണാൽ അതല്ലേ പരാജയം? അതുകൊണ്ട് കത്തിച്ചുവിട്ടവർക്കും പറയാം - തങ്ങൾ എന്തുദ്ദേശിച്ചോ അതു നേടിയെന്ന്.

ശിഷ്യൻ:- അതും ശരിയാണല്ലോ!
ഗുരു:- ഇനിയിപ്പോൾ - അത് വെറുതേ ചീറ്റുക മാത്രമല്ല - ഏറ്റവും മുകളിൽചെന്ന് നല്ല ശബ്ദത്തിൽ ഒന്നു പൊട്ടുക കൂടി ചെയ്തെന്നിരിക്കട്ടെ.

ശിഷ്യൻ:- ആയിക്കോട്ടെ.
ഗുരു:- അപ്പോൾ, അതു വിട്ടവർക്കു പറയാം - തങ്ങൾ ദാ ലക്ഷ്യം കണ്ടിരിക്കുന്നുവെന്ന്.

ശിഷ്യൻ:- അതു ന്യായമല്ലേ?
ഗുരു:- പക്ഷേ - അയ്യേ സംഗതി 'പൊട്ടിപ്പോയി' എന്നു പറഞ്ഞ് മറ്റേ കൂട്ടർക്കു കളിയാക്കാം.

ശിഷ്യൻ:- ആകെ കൺക്ലൂഷനായല്ലോ ഗുരുവേ!
ഗുരു:- ചുരുക്കിപ്പറഞ്ഞാൽ - അവരവരുടെ ദൃഷ്ടിയിൽ നോക്കിയാൽ രണ്ടുകൂട്ടർക്കും വിജയം അവകാശപ്പെടാം. കണ്ടു നിന്നവന്മാർ മാത്രം പതിവുപോലെ മണ്ടന്മാർ.

ശിഷ്യൻ:- സമരത്തിന്റെ കാര്യമെടുത്താൽ?
ഗുരു:- സിമ്പിളല്ലേ? വിജയം ഇരുകൂട്ടർക്കും. തോറ്റതു ജനവും. പുറത്തിറങ്ങാൻ പറ്റാതെ ബന്ദികളാക്കപ്പെട്ടവരും പുറത്തിറങ്ങി തെറിവിളി കേട്ടവരുമായ തലസ്ഥാനവാസികൾ ഒന്നടങ്കം മണ്ടന്മാർ. എന്തോ സംഭവിക്കാൻ പോകുന്നെന്നു കരുതി ടി.വി.യ്ക്കു മുമ്പിൽ കുത്തിയിരുന്നു സമയം കളഞ്ഞ മറ്റുദേശക്കാരും മണ്ടന്മാർ.

ശിഷ്യൻ:- അവർ മാത്രമോ ഗുരുവേ?  പതിവുപോലെ സ്വന്തം വീട്ടിലെ കക്കുസിലിരുന്നു സുഖമായി ചെയ്യാമായിരുന്ന കൃത്യങ്ങൾ തലസ്ഥാനനഗരിയിൽ‌പ്പോയി സാധിച്ചിട്ടുവന്നു എന്നല്ലാതെ മറ്റൊന്നും പ്രത്യേകിച്ച് അവകാശപ്പെടാനില്ലാതെ ഇളിഭ്യരായി തിരിച്ചുവന്ന സമരഭടന്മാർ മണ്ടന്മാരാക്കപ്പെട്ടില്ല എന്നാണോ?
ഗുരു:- അത് അവർ സ്വയം തീരുമാനിക്കട്ടെ.

ശിഷ്യൻ:- എന്നാലും - ഒരു ലക്ഷം പേരുടെ മെനക്കേട്! കോടികളുടെ ചെലവും! കാസർകോട്ടുള്ളവർപ്പോലും കാണാപ്പാഠം പഠിച്ചുപോയ കന്റോണ്മെന്റ് ഗേറ്റ് മലർക്കെ തുറന്നാണു കിടന്നത്. മുഖ്യനാണെങ്കിൽ ഒരു പോറലു പോലുമില്ലാതെ പഴയപടി കസേരയിലും ഇരിക്കുന്നു. ഇതുവെറുതെ നാട്ടുകാരെ മെനക്കെടുത്തിക്കൊണ്ടുള്ള ഒരു ശക്തിപ്രകടനശ്രമം മാത്രമായിരുന്നില്ലേ? ഇതിനേക്കാളും ഭേദമല്ലേ കേവലം ഒരുത്തനെ മാത്രം കുന്തമുനയാക്കി ഒരു 'കൊടി'യുടെ പോലും ചെലവില്ലാതെ വേറേ ചിലയവന്മാർ ഈ വിഷയത്തിൽ സർക്കാറിനു പണികൊടുത്തുകൊണ്ടിരിക്കുന്നത്, ഗുരുവേ?
ഗുരു:- പകുതി പരിഹാസമായിട്ടും പകുതി പ്രശംസയായിട്ടും "പെർമനന്റു പ്രതിപക്ഷനേതാവ്" എന്ന വിളിപ്പേരു വീണിരിക്കുന്നൊരു പുള്ളിക്കാരനുണ്ടല്ലോ. കേ.ഹരീന്ദ്രൻ. അങ്ങേരെയാണോ ഉദ്ദേശിച്ചത്?

ശിഷ്യൻ:- തന്നെ, ഗുരുവേ.
ഗുരു:- അടി മർമ്മത്താണെങ്കിൽ ആൾ ഒന്നു മതി ശിഷ്യാ. നഞ്ചെന്തിനു നാനാഴി?

ശിഷ്യൻ:- പ്രഹസനസമരത്തിൽ നിന്നു പിൻവാങ്ങിയതിനു പിന്നിലുള്ള ഒത്തുകളികളുടെ വിശദാംശങ്ങളുമായി ആൾ ദാ ഹാജരുണ്ട്.
ഗുരു:- അപ്പിയിടീൽ ഇരുവശത്തും തുടരുമെന്നർത്ഥം. ആവട്ടെ. അല്ലാതെന്ത്? അവനവന്റെ വീട്ടിലിരുന്നു മാത്രം മതിയെന്നൊരു അഭ്യർത്ഥനയിലൊതുക്കാം തൽക്കാലം നമ്മുടെ പ്രതികരണം.

5 comments:

  1. After a long gap...Good one. keep it up..

    ReplyDelete
  2. അപ്പിയിടല്‍ ജില്ലാ ആസ്ഥാന ങ്ങളിലേക്ക് മാറുന്നു എന്ന് കേള്‍ക്കുന്നു ഗുരുവേ ??

    ReplyDelete
  3. കലക്കി. ഈ ബ്ലോഗ്‌ കൂടി ഒന്ന് വായിക്കൂ....പ്രചരിപ്പിക്കു ....
    www.vakkopeetika.blogspot.in

    ReplyDelete