November 28, 2008
കേരളത്തിൽ തീവ്രവാദമില്ല! (ഭാഗം 2 - മാർക്സിസ്റ്റുകളും മതതീവ്രവാദവും)
തീവ്രനിലപാടുകാരായി അറിയപ്പെടുന്ന ചില സംഘടനകളുമായി മാർക്സിസ്റ്റുകൾക്കുള്ള പ്രത്യക്ഷബന്ധമാണ് ആദ്യഭാഗത്തു സൂചിപ്പിച്ചത്.
(ആദ്യഭാഗം ഇവിടെ:-
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ …)
തുടർന്നുള്ള ഭാഗങ്ങളിൽ നയപരമായ ചില പ്രോത്സാഹനങ്ങളേക്കുറിച്ചു സൂചിപ്പിക്കാമെന്നു കരുതുന്നു. പാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ – അറിഞ്ഞോ അറിയാതെയോ - പ്രത്യക്ഷമായോ പരോക്ഷമായോ - തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധന.
(ഈ നിരീക്ഷണങ്ങളെയൊക്കെ പാർട്ടിയ്ക്കെതിരായ കേവലപരാമർശങ്ങളെന്ന നിലയിൽ മാത്രം സമീപിച്ചുകൊണ്ട് തള്ളിക്കളയരുതെന്നും മറിച്ച് ഇതിന്റെയെല്ലാം ഗൌരവമുൾക്കൊണ്ട് ചിന്തിക്കാൻ തയ്യാറാകണമെന്നും പ്രസ്ഥാനസ്നേഹികളായ സഖാക്കളോട് അഭ്യർത്ഥിക്കുന്നു.)
ഈ ഭാഗത്തിൽ പരാമർശിച്ചിരിക്കുന്നത് ഇനിപ്പറയുന്ന വിഷയങ്ങൾ.
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
---------------------------------------------------------
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
അന്താരാഷ്ട്രവിഷയങ്ങളിൽപ്പോലും ഇടപെടാറുള്ള ‘മലയാളി’യുടെ പ്രതികരണശേഷിയേപ്പറ്റിയും മറ്റും ഊറ്റം കൊള്ളാറുള്ള സി.പി.എമ്മുകാരൊക്കെ ഇവിടെ നമ്മുടെ കണ്മുന്നിൽത്തന്നെ ചില സംഭവങ്ങൾ നടക്കുമ്പോൾ ഉറങ്ങിക്കിടക്കുകയായിരുന്നു എന്നതു ശ്രദ്ധേയമാണ്.
കോഴിക്കോടു നടന്ന സ്ഫോടനങ്ങൾ - ജെലാറ്റിൻ സ്റ്റിക്കുകൾ പിടികൂടിയ സംഭവം - അതിനോടനുബന്ധിച്ച് പിന്നീടു മറ്റു പലയിടത്തു നിന്നും ആയുധശേഖരം പിടികൂടിയത് - കളമശ്ശേരിയിലെ ബസ് കത്തിക്കൽ - മാറാട് പ്രതികളുടെ വള്ളങ്ങളിൽ നടന്ന സ്ഫോടനം - മിഠായിത്തെരുവിലെ തീ പിടുത്തം – പാനായിക്കുളത്തെ യോഗം - വാഗമണ്ണിലെ ക്യാമ്പ് - ഇങ്ങനെ എത്രയോ എത്രയോ സംഭവങ്ങൾ. തീവ്രവാദബന്ധം സംശയിക്കപ്പെട്ട – ഏറെ ഒച്ചപ്പാടുണ്ടാകുമായിരുന്ന സംഭവങ്ങൾ.
ഇവിടെയെല്ലാം, സി.പി.എമ്മുകാരുടെ പ്രതികരണം ഒന്നു കേൾക്കേണ്ടതും കാണേണ്ടതും തന്നെയായിരുന്നു. അടൂർ ചിത്രങ്ങളെ വെല്ലുന്ന നിശബ്ദതയല്ലാതെ മറ്റൊന്നുമായിരുന്നില്ല അവരിൽ നിന്നു ലഭിച്ചത്!
നമ്മുടെ മൂക്കിനു താഴെ നടന്ന സംഭവങ്ങളുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പലതും അന്യസംസ്ഥാനത്തെ പോലീസ് പറയുമ്പോൾ മാത്രം നാം അറിയേണ്ടിവരിക എന്നതു ദുഖകരമാണ്. കഷ്ടകാലത്തിനതു വല്ല ഗുജറാത്തുപോലീസോ മറ്റോ ആണെങ്കിൽ ഉടനെ അതു 'ന്യൂനപക്ഷപീഢന'മാണെന്നു വാദിക്കാനും, ഇത്തരം സംഭവങ്ങളുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത ഹിന്ദു സംഘടനകളെയാണു നിരോധിക്കേണ്ടതെന്നൊക്കെയുള്ള വിചിത്രപ്രസ്താവനകൾ നടത്താനും പോലും യാതൊരു മടിയുമില്ലാത്ത ചില മാർക്സിസ്റ്റു ബുദ്ധിജീവികളും ഇവിടെയില്ലാതെയില്ല!
സി.പി.എമ്മുകാർ ചെറുവിരലനക്കാൻ പോലും മടി കാണിച്ച - കേസ് ഒതുക്കുവാനായി അവരുടെ ചില നേതാക്കന്മാർ വരെ പ്രവർത്തിച്ചുവെന്ന ആരോപണങ്ങൾ പലതും ഇപ്പോൾ ശരിയായിരുന്നെന്നു തെളിഞ്ഞുകൊണ്ടിരിക്കുന്ന - പല കേസിലേയും പ്രതികൾ ഇപ്പോൾ വിദേശത്തു സുഖവാസമാണെന്നു കേൾക്കുന്നു. ഹിന്ദുമതവിശ്വാസിയല്ലാത്ത ആരെങ്കിലും വഴിയിൽ കാൽതട്ടി വീണാൽ പോലും അവിടേയ്ക്ക് ‘സംഘപരിവാർ ഗൂഢാലോചന‘ എന്ന പദം കൊണ്ടുവന്ന് മുതലെടുക്കാൻ ശ്രമിച്ചുകാണാറുള്ള മാർക്സിസ്റ്റുകൾ ഗൌരവമുള്ള ഇത്തരം അനവധി കേസുകളിൽ മൌനം പാലിച്ചത് അതീവകുറ്റകരമല്ലേ എന്നതാണു സംശയം.
പലർക്കും അസുഖകരമായേക്കാവുന്ന സത്യമാണ് – എന്നാലും പറയാതെ വയ്യ. മേൽപ്പറഞ്ഞമട്ടുള്ള സംഭവങ്ങളുണ്ടാകുമ്പോൾ വലതുമുന്നണിക്കും പലപ്പോഴും മൌനം പാലിക്കാൻ മാത്രമേ കഴിയുന്നുള്ളൂ. ഒന്നു പ്രതികരിക്കാനായെങ്കിലും മുന്നോട്ടു വരാൻ ഇപ്പോൾ സംഘപരിവാർ പ്രസ്ഥാനങ്ങൾ മാത്രമേയുള്ളൂ എന്നതാണിവിടുത്തെ അവസ്ഥ. അവരെയാണെങ്കിൽ ഏതുവിധേനയും പരാജയപ്പെടുത്താനായി മറ്റുള്ളവരെല്ലാവരും ശതൃത മറന്നു ചേർന്നു നിന്ന് ‘യു.പി.എ’ കളിക്കും എന്ന സാഹചര്യം കൂടി നിലവിലുണ്ട്. ഇത്തരത്തിൽ, തങ്ങൾക്കനുകൂലമായ രാഷ്ട്രീയസാഹചര്യം നിലവിലുള്ളത് തീവ്രവാദനിലപാടുകാർക്ക് അങ്ങേയറ്റം പ്രോത്സാഹനകരമാണെന്നതിൽ സംശയിക്കേണ്ടതില്ല.
എന്തു പോക്രിത്തരം വേണമെങ്കിലും ചെയ്യാം – യു.പി.എ. കളിക്കുന്നവർ തന്ത്രപരമായ മൌനം പാലിക്കുകയോ ഉരുണ്ടു കളിക്കുകയോ ഒക്കെ ചെയ്തു കൊള്ളും – ചിലരാണെങ്കിൽ കേസിൽ നിന്നു വരെ രക്ഷിച്ചു തരും - അഥവാ അവർ എന്തെങ്കിലും പറഞ്ഞാൽത്തന്നെ അത് സംഘപരിവാറിന്റെ തലയിൽ വയ്ക്കാൻ ശ്രമിച്ചുകൊണ്ടുള്ള പ്രസ്താവനകളാകും എന്ന സൌകര്യമുണ്ട്. തീവ്രവാദത്തെ എതിർക്കാതെ വയ്യ എന്ന അവസ്ഥ വന്നാൽപ്പോലും അവരൊക്കെ ആദ്യം പറയുന്നത് ഇവിടെ സംഘപരിവാർ ‘അരക്ഷിതാവസ്ഥ‘(?) സൃഷ്ടിയ്ക്കുകയാണെ(!)ന്നൊക്കെയുള്ള അസംബന്ധങ്ങളും – അതിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണു തീവ്രവാദം(!) എന്നൊക്കെയുള്ള ന്യായീകരണങ്ങളുമാണ്.
ഇപ്പോളിതാ – മലയാളികളായ കുറച്ചുപേർക്കു കാശുകൊടുത്ത് തീവ്രവാദികളാക്കി കാശ്മീരിലേയ്ക്കയച്ചതു സംഘപരിവാറിന്റെ ഏജൻസിയാവാം(!!!!!!!) എന്ന പ്രഖ്യാപനമടങ്ങുന്ന ഒരു പത്രവാർത്തയുടെ ക്ലിപ്പിങ്ങ് ഇന്റർനെറ്റിൽ പ്രചരിച്ചു കാണുന്നു! ദേശാഭിമാനിയാണോ അതോ തേജസാണോ എന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടു തോന്നുന്നു. രണ്ടിൽ ഏതിൽ വേണമെങ്കിലും പ്രതീക്ഷിക്കാവുന്ന ഒരു പമ്പരവിഡ്ഢിത്തമാണത്.
ഇനിയിപ്പോൾ, മുംബൈയിലിപ്പോൾ നടന്ന ഭീകരാക്രമണം സംഘപരിവാർ സംഘടിപ്പിച്ച നാടകമായിരുന്നെന്ന വാചകം പോലും ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന പ്രസിദ്ധീകരണങ്ങൾ വേറെയുമുണ്ടു മലയാളത്തിൽ. ഇതൊക്കെ നമ്മുടെ ദുരവസ്ഥയുടെ ആഴമല്ലാതെ മറ്റൊന്നുമല്ല കാണിക്കുന്നത്.
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
തീവ്രവാദത്തോട് അയഞ്ഞ നിലപാടെടുക്കുന്നതിനും പ്രതികരിക്കാൻ മടിക്കുന്നതിനും മാർക്സിസ്റ്റുകൾ പലപ്പോഴും പറയാറുള്ള ഒരു ന്യായമുണ്ട്. "ന്യൂനപക്ഷ തീവ്രവാദത്തിന് ഒരിക്കലും ഫാസിസത്തിന്റെ രൂപം പ്രാപിക്കാൻ കഴിയില്ല. അതിന് രാഷ്ട്രീയമായ പിന്തുണ കിട്ടില്ല. അതുകൊണ്ട് അതിനെ "ഭൂരിപക്ഷ"തീവ്രവാദത്തിന്റെ അടിയിൽ പ്രതിഷ്ഠിച്ചാൽ മതി " എന്നൊക്കെ. ഈപ്പറയുന്ന “പക്ഷ”തീവ്രവാദത്തിന് രാഷ്ട്രീയമായ പിന്തുണ കൊടുക്കുന്നവർ തന്നെയല്ലേ ഇതു പറയുന്നതും എന്നതാണു രസകരം.
ആ വാദം തികച്ചും തെറ്റായ നിലപാടാണെന്നു മാത്രമല്ല - അങ്ങേയറ്റം ആത്മഹത്യാപരവുമാണ്. അതു പറയുന്നവർക്കു രാജ്യമല്ല – സ്വന്തം രാഷ്ട്രീയമാണു വലുത് എന്നു മാത്രമേ അതു കാണിക്കുന്നുള്ളൂ. രാഷ്ട്രീയ പരിഗണനകൾ മൂലമാണ് തീവ്രവാദത്തിനു നേരേ കണ്ണടയ്ക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണത്.
മറ്റു ചിലർ അല്പം കൂടി മനസ്സു തുറക്കാറുണ്ട്. “ന്യൂനപക്ഷതീവ്രവാദത്തെ തുറന്നെതിർക്കാനാവാത്ത സ്ഥിതിവിശേഷവുമുണ്ട് - അതു ഫാസിസ്റ്റുകൾക്കു രാഷ്ട്രീയനേട്ടമുണ്ടാക്കുമെന്നതിനാൽ” - എന്നു തുറന്നു പരിതപിക്കുന്നവരും കുറവൊന്നുമല്ല. (തങ്ങൾ പറഞ്ഞുകൊടുത്താൽ - അല്ലെങ്കിൽ തങ്ങൾ തുറന്നെതിർത്താൽ - മാത്രമേ ജനങ്ങൾക്കു കാര്യങ്ങൾ മനസ്സിലാകൂ – അവർക്കു സ്വന്തമായ തിരിച്ചറിവൊന്നുമില്ല – എന്നൊരു അഹങ്കാരവും ഇവിടെ നിഴലിച്ചുകാണാം.)
ഇതൊക്കെത്തന്നെയാണിവിടുത്തെ യഥാർത്ഥപ്രശ്നം. ഈ രാഷ്ട്രീയപരിഗണനകളാണ് പ്രശ്നം. മതപ്രീണനത്തിന്റെ കാര്യത്തിൽ മാസ്റ്റേർസ് ഡിഗ്രി തന്നെ ഇതിനകം എടുത്തിട്ടുള്ള കൂസിസ്റ്റുപ്രസ്ഥാനങ്ങൾ മിക്കവയും മതതീവ്രവാദപ്രീണനത്തിനു കൂടി പരീക്ഷയെഴുതിക്കൊണ്ടിരിക്കുന്നത് ആശങ്കയോടെയല്ലാതെ കാണാനാവില്ല.
വിശദീകരിച്ചാൽ നീണ്ടുപോകുമെന്നതിനാൽ മുതിരുന്നില്ല. എന്തായാലും, മേൽപ്പറഞ്ഞ മട്ടിലൊക്കെയുള്ള നിസാരവൽക്കരണം തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് നല്ലൊരു പ്രചോദനം തന്നെയാണെന്നതിൽ സംശയത്തിനു വകയില്ല.
----------------------------
തുടർന്നുള്ള ഭാഗങ്ങൾ:-
മാറാടും മാർക്സിസ്റ്റുകളും
അയോദ്ധ്യ
ഇറാന്റെ ബോംബ്
സദ്ദാം വധം
തസ്ലീമ – ‘ലജ്ജ‘യില്ലാതെ!
ഗോധ്രാനന്തര കലാപം
ഒറീസ – പോസ്റ്റർ പ്രചാരണം
അതിസം, ഇതിസം ആന്റ് ഫാസിസം
കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി!
ജീവന്റെ മതം - പൊന്നാനിയ്ക്കു വടക്കും തെക്കും?
മോഡിയുടെ പ്രസംഗം മോർഫുചെയ്തപ്പോൾ
കോയമ്പത്തൂർ - ‘വിചാരണകൂടാതെ‘ വിധിപ്രഖ്യാപനമോ?
November 11, 2008
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുമ്പോൾ
(Click here for the PDF version of this article)
ഭാഗം – ഒന്ന്.
1. ഈ പോസ്റ്റ് എഴുതുമ്പോൾ സംസ്ഥാനത്തു നിലവിലുള്ള സാഹചര്യത്തേപ്പറ്റി
ഇത്രയും കാലം, 'കശ്മീരിൽ വെടിവയ്പ് ' എന്നൊക്കെക്കേട്ടാൽ മലയാളിയ്ക്ക് ഏതാണ്ടു 'കർക്കിടകത്തിൽ മഴ' എന്നൊക്കെപ്പറയുന്നതുപോലെ മാത്രമായിരുന്നു. പ്രത്യേകിച്ച് അതിശയത്തിനൊന്നും വകയില്ല.
പക്ഷേ കർക്കിടകത്തിലാണെങ്കിൽക്കൂടി, പെയ്യുന്നതു കല്ലുമഴയാണെങ്കിൽ അതു വാർത്തയാകും. ഇത്തവണ വെടിയേറ്റു മരിച്ചതു സാദാ ഭീകരന്മാരല്ലായിരുന്നു. പിന്നെയോ - മലയാളി ഭീകരന്മാർ!
മാദ്ധ്യമങ്ങൾ ഇളകാതെ വയ്യ.
എന്നാൽ, നമുക്കു ചുറ്റും നടന്നു കൊണ്ടിരുന്ന സംഭവങ്ങളെ അവഗണിക്കാതെയും യാഥാർത്ഥ്യങ്ങളുടെ നേരെ കണ്ണടയ്ക്കാതെയും ഇതുവരെ ജീവിച്ചു വന്നവർക്ക് ഇപ്പോൾ ഈ കേൾക്കുന്ന വാർത്തകളൊന്നും ഒട്ടും അപ്രതീക്ഷിതമോ അത്ഭുതകരമോ ആയിരിക്കില്ല എന്നതാണു വാസ്തവം.
എത്രയോ നാളുകളായി നമുക്കു സൂചനകൾ ലഭിച്ചുകൊണ്ടിരുന്നതാണ്.
ഇവിടെ വർഷങ്ങളായി പ്രവർത്തിക്കുന്ന പല സംഘടനകളുടെയും തീവ്രവാദസ്വഭാവം ഇതിനകം തന്നെ എത്രയോ തവണ വെളിച്ചത്തു വന്നതാണ്.
വിവിധ ഏജൻസികളും മറ്റും എത്രയോ തവണ മുന്നറിയിപ്പു തന്നതാണ്.
സംഘപരിവാർ സംഘടനകളും മറ്റും എത്രയോ നാളുകളായി ഇതൊക്കെ സൂചിപ്പിച്ചുകൊണ്ടിരുന്നതാണ്.
കേട്ടില്ലെന്നു നടിക്കാനായിരുന്നു പലർക്കുമിഷ്ടം.
ചിലരാകട്ടെ ഒരു പടികൂടി കടന്ന്, ആ മുന്നറിയിപ്പുകളെയെല്ലാം സമുദായവിരുദ്ധ(!)മായി ദുർവ്യാഖ്യാനം ചെയ്ത് തീവ്രവാദികൾക്കു കൂടുതൽ പ്രോത്സാഹനം നൽകാൻ മാത്രമാണു ശ്രമിച്ചത്.
എന്നിട്ടിപ്പോൾ, 'അയ്യോ പറ്റിപ്പോയി' എന്നു പതം പറയുന്നെങ്കിൽ, അതിനെ 'സ്വയംകൃതാനർത്ഥ'മെന്നല്ലാതെ എന്താണു വിളിക്കേണ്ടത്?
2. എന്തുകൊണ്ടു തീവ്രവാദം പ്രതിരോധിക്കപ്പെട്ടില്ല?
സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള രാഷ്ട്രീയസാഹചര്യമാണ് തീവ്രവാദം ഇത്രവളർന്നതിന്റെ മുഖ്യകാരണമെന്നതിൽ ആർക്കും തർക്കമുണ്ടാവുമെന്നു തോന്നുന്നില്ല.
ഇരുമുന്നണികളിലായി ഒരു ധൃവീകരണത്തിന്റെ കെണിയിൽപ്പെട്ടുപോകുകയും നിസാരവോട്ടുകൾ അവിടവിടെയായി മറിഞ്ഞാൽപ്പോലും അന്തിമഫലത്തിൽ അതു നിർണ്ണായകമാകുമെന്നൊരു അവസ്ഥ നിലനിൽക്കുകയും ചെയ്യുമ്പോൾ, വോട്ടുബാങ്കുകൾ നൽകുന്ന പ്രലോഭനത്തെ അതിജീവിക്കണമെങ്കിൽ രാഷ്ട്രീയക്കാർക്ക് അപാരമായ ആർജ്ജവം വേണം.
പക്ഷേ, ഭരണം പിടിക്കാൻ ശ്രമിക്കുന്ന ആരെ സംബന്ധിച്ചിടത്തോളവും, അത്തരമൊരു ആർജ്ജവപ്രദർശനം തീർച്ചയായും ആത്മഹത്യാപരമായിരിക്കും എന്നിടത്താണ് ഈ സംസ്ഥാനത്തിന്റെ ദുരവസ്ഥ കിടക്കുന്നിടത്.
ഇപ്പോൾ പരസ്പരം പഴിചാരി രക്ഷപെടാൻ ശ്രമിക്കുന്ന ഇടതുവലതുമുന്നണികൾ സത്യത്തിൽ സ്വന്തം മുഖത്തുതന്നെയാണു ചെളി വാരി എറിയുന്നത്. ഇപ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്ന വിവിധ മുസ്ലിം സംഘടനകളെ പലപ്പോഴായി ഒളിഞ്ഞും തെളിഞ്ഞും ആശ്രയിക്കുകയും തങ്ങൾക്കനുകൂലമായി ഉപയോഗിക്കുകയും ചെയ്തവരാണ് രണ്ടു മുന്നണികളും.
3. ഈ പോസ്റ്റ് പ്രധാനമായും എന്തിനേപ്പറ്റി?
മതതീവ്രവാദസംഘടനകൾക്കു പ്രോത്സാഹനം നൽകുന്നുവെന്നതിനേക്കാളേറെ പ്രതിഷേധാർഹമായത് മുന്നണികളുടെ മാലാഖ ചമയലാണ്. തങ്ങളല്ല മറ്റുള്ളവരാണു തീവ്രവാദികളെ വളർത്തിയതെന്നാണു രണ്ടു കൂട്ടരുടെയും വാദം.
യാഥാർത്ഥ്യങ്ങൾ മറച്ചുപിടിച്ചുകൊണ്ട് കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നതിൽ അദ്വിതീയരായ മാർക്സിസ്റ്റുകൾ തന്നെയാണ് ഇപ്പോളും “പ്രതിരോധ“ത്തിന്റെ കാര്യത്തിൽ മുമ്പിൽ നിൽക്കുന്നതെന്നു തോന്നുന്നു.
മാർക്സിസ്റ്റുകൾ തീവ്രവാദത്തെ "പക്ഷം നോക്കാതെ" എതിർക്കുന്നവരാണെന്നും, അതിനുള്ള ആർജ്ജവം അവർക്കു മാത്രമേയുള്ളൂവെന്നുമൊക്കെയുള്ള ചില വീരവാദങ്ങൾ പണ്ടു മുതലേ പറയാറുള്ളതാണ്. അതൊക്കെ ഇപ്പോളും ആവർത്തിച്ചു കേൾക്കുന്നു.
സത്യത്തിൽ, തികച്ചും അയഥാർത്ഥവും ലജ്ജാകരവുമായ വാദമാണത്.
മാർക്സിസ്റ്റുകളുടെ തട്ടകമായ കണ്ണൂരിൽ നിന്നു തന്നെയാണ് തീവ്രവാദബന്ധമുള്ളവർ ഏറെയും കുടുങ്ങിയിരിക്കുന്നത് എന്ന വസ്തുത മുന്നോട്ടു വയ്ക്കുന്ന പ്രകടമായ സൂചനകൾ പരിഗണിക്കാതെ തന്നെ പറയുകയാണ്. മലയാളി മുസ്ലീം യുവാക്കളിൽ തീവ്രവാദ പ്രവണതകളുണ്ടാകുന്നതു തടയാൻ മാർക്സിസ്റ്റുകളുടെ സാന്നിദ്ധ്യം തരിമ്പും സഹായിച്ചിട്ടില്ല. എന്നു മാത്രമല്ല - നേരേ മറിച്ചാണു യാഥാർത്ഥ്യവും. അറിഞ്ഞോ അറിയാതെയോ - മാർക്സിസ്റ്റുകളുടെ നയങ്ങളും പ്രവൃത്തികളും മുസ്ലീം തീവ്രവാദപ്രവർത്തനങ്ങൾക്കു വളരെയധികം പ്രോത്സാഹനമാകുകയാണുണ്ടായത്. വളരെ വളരെയധികം.
അതൊക്കെ മനപ്പൂർവ്വമായിരുന്നോ അല്ലയോ എന്നതിൽ മാത്രമേ ഒരു തർക്കത്തിനുപോലും വക കാണുന്നുള്ളൂ.
ഇതു വെറുതേ ഒരു ആരോപണമുന്നയിക്കാനായി മാത്രം പറയുന്നതല്ല. അങ്ങനെ ചിന്തിപ്പിക്കുന്ന പല ഘടകങ്ങളും ഇവിടെ നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിൽത്തന്നെയാണു പയുന്നത്. പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ഏതൊരു മാർക്സിസ്റ്റുകാരനും അറിഞ്ഞിരിക്കേണ്ട - അനിഷേധ്യമായ - ചില ഘടകങ്ങൾ.
ആ ഘടകങ്ങളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത - ചിന്തിക്കാൻ തയ്യാറാകാത്ത - നേതാക്കന്മാർ അവതരിപ്പിക്കുന്ന അവകാശവാദങ്ങൾ ശരിയാണെന്നു വിശ്വസിക്കുവാൻ മാത്രം എപ്പോഴും മുതിരുന്ന - ശുദ്ധഗതിക്കാരും സാധാരണക്കാരുമായ - ഏതെങ്കിലും മാർക്സിസ്റ്റുസുഹൃത്തുക്കൾ ഇതു വായിക്കുന്നെങ്കിൽ, അവരോടു ചില കാര്യങ്ങൾ ചോദിക്കാനും പറയാനുമാണ് ഈ പോസ്റ്റ്.
4. ഒരു കെട്ടിപ്പിടുത്തം
മാർക്സിസ്റ്റ് സുഹൃത്തുക്കളേ - നിങ്ങളീ മുദ്രാവാക്യത്തേപ്പറ്റി കേട്ടിട്ടുണ്ടോ?
"പത്തണയ്ക്കു
കത്തിവാങ്ങി
കുത്തിനേടും
പാക്കിസ്ഥാൻ"
കേട്ടിട്ടു മലയാളം പോലെ തോന്നുന്നുവെങ്കിൽ - സംശയിക്കേണ്ട - അതു കേരളത്തിൽ മുഴങ്ങിയ മുദ്രാവാക്യം തന്നെ.
അല്ലെങ്കിൽ വേണ്ട - ആറു പതിറ്റാണ്ടുകൾ പിറകിലേക്കൊന്നും പോകണ്ട. കേവലം ഒരു പതിറ്റാണ്ടു മാത്രമെങ്കിലും പിറകിലേയ്ക്കു പോയി നോക്കാം.
ഇങ്ങുതെക്ക് കേരളത്തിൽ പട്ടിണിയുണ്ടോ എന്നും ആളുകൾക്കു വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്നുമൊക്കെയല്ല - മറിച്ച് - അങ്ങു വടക്ക് കശ്മീർ ഇന്ത്യയുടെ ഭാഗമായി ഇരിക്കാൻ പാടുണ്ടോ എന്നാലോചിച്ചു ടെൻഷനടിച്ചിരുന്ന മലയാളി മുസ്ലീങ്ങൾ പണ്ടു മുതലേ ഇവിടെയുണ്ടായിരുന്നു.
ഒരു പതിറ്റാണ്ടു മുമ്പ്, നായനാർ ഗവണ്മെന്റിന്റെ കാലത്ത്, കേരളത്തിലെ കടകളിൽ സുലഭമായിരുന്ന ഒരു മാസികയുണ്ട്. 'മുസ്ലിം റിവ്യൂ' എന്നായിരുന്നു പേര്. തികഞ്ഞ തീവ്രവാദചിന്തകളല്ലാതെ മറ്റൊന്നുമായിരുന്നില്ല അതിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്.
ആ പ്രസിദ്ധീകരണം സ്ഥിരമായി കാണുന്ന ഒരു മുസ്ലീം യുവാവിന്റെ മനസ്സിൽ തീവ്രവാദചിന്തകൾ കയറിക്കൂടുന്നില്ലയെങ്കിൽ, അവൻ അക്ഷരാഭ്യാസമില്ലാത്തവനാണെന്നു വേണം വിചാരിക്കാൻ. ആ മട്ടിലായിരുന്നു കാര്യങ്ങളുടെ പോക്ക്.
ഓരോ ലക്കത്തിലും ആവേശം മൂത്തുമൂത്തുവന്ന് ഒടുവിൽ 1998 പകുതിയോടെ (അതോ അതിനടുത്ത കൊല്ലമോ എന്നു മറന്നു) ആ പുസ്തകം കശ്മീരില്ലാത്ത ഇന്ത്യയുടെ മുഖചിത്രത്തോടെ പ്രസിദ്ധീകരിച്ചു.
മലയാളത്തിലുള്ള ഒരു മാസികയാണ്!
എന്ത് അത്യാവശ്യമായിരുന്നുവെന്നോർക്കണം!
എന്തായാലും അതുവരെ കാഴ്ചകണ്ടുകൊണ്ടിരുന്ന പോലീസും ഇന്റലിജൻസ് ഏജൻസികളുമൊക്കെ അത്രയുമായപ്പോളെങ്കിലും ഉണർന്നു പ്രവർത്തിച്ചു. മുസ്ലീം റിവ്യൂവിന്റെ അച്ചുകൂടം അടച്ചുപൂട്ടി. വിഷക്കുപ്പി കണ്ടുകെട്ടി. കശ്മീരിനെ പാകിസ്ഥാനോടു ചേർക്കാനായി കരളുരുകി നടന്നിരുന്നവർ പലരും കൽത്തുറുങ്കിലായി.
ഉടൻ തന്നെ പ്രതിഷേധങ്ങളുമുണ്ടായി. "അങ്ങനെയൊരു മുഖചിത്രം പ്രസിദ്ധീകരിച്ചെന്നു വച്ച് എന്താ തെറ്റ് - ഞങ്ങൾക്കതൊരു സി.ഡി.യിൽ നിന്നു കിട്ടിയതാണ് - മറ്റു പലരും ഇതേ ഭൂപടം പ്രസിദ്ധീകരിച്ചിട്ടുണ്ട്" എന്നൊക്കെ വാദങ്ങളുയർന്നു.
വേറെ ആരു പ്രസിദ്ധീകരിച്ചാലും ശരി - കൃത്യം അതേ ഭൂപടം തന്നെ മുഖചിത്രമായി വച്ചതു യാദൃച്ഛികമാണ് എന്ന വാദം അങ്ങേയറ്റം പരിഹാസ്യമായിരുന്നു. കാരണം, കശ്മീരിലെ വിഘടനവാദികളെയും മറ്റും പരസ്യമായി പിന്തുണയ്ക്കുന്ന നയം തന്നെയായിരുന്നു മാസിക അതുവരെ പിന്തുടർന്നിരുന്നത്. ആരും ചോദിക്കാനും പറയാനുമൊന്നുമില്ലെന്നു തോന്നിയപ്പോൾ ആവേശം അതിരുകടന്നതായിരുന്നു കശ്മീർരഹിത ഭൂപടത്തിലൂടെ പുറത്തുവന്നത്.
എന്തിന് കശ്മീർ മാത്രമാക്കുന്നു - അന്തർദ്ദേശീയതലത്തിലുള്ള പലതും - മലയാളി മുസ്ലീങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന ചില തിളയ്ക്കുന്ന പ്രശ്നങ്ങൾ കൂടി - ആ മാസിക കൈകാര്യം ചെയ്തിരുന്നു.
ഒരു ചെറിയ ഉദാഹരണം മാത്രമെടുക്കാം. "അൽജീരിയയിലും തുർക്കിയിലുമൊക്കെ രക്തപ്രളയങ്ങൾ അനിവാര്യമാണെ"ന്നായിരുന്നു ആ മാസിക ഒരിക്കൽ പറഞ്ഞുവച്ചത്.
മര്യാദക്കാരനായ ഒരു മുസ്ലീം യുവാവ് അങ്ങനെയൊരു തലക്കെട്ടു കാണുമ്പോൾ - "അയ്യോ ആണോ - അതെന്താണങ്ങനെ" എന്നൊരു സംശയത്തോടെ വായിച്ചു നോക്കിയാൽ ആദ്യത്തെ ഖണ്ഡികയിൽ നിന്നു മനസ്സിലാകുന്നത് ഇങ്ങനെ ചിലത്.
അൾജീരിയയിൽ ഇപ്പോൾ "സെക്യുലർ കിരാതവാഴ്ച"യാണ്.
അവിടെ "മുസ്ലീം വേട്ട" നടക്കുകയാണ്.
ലോകത്തെ ചില ഭരണകൂടങ്ങൾ - ക്രൈസ്തവ (അമേരിക്ക?) - ജൂത (ഇസ്രായേൽ?) – ഹൈന്ദവ (!!!?? നേപ്പാൾ? ഇന്ത്യ?...) ഭരണകൂടങ്ങൾ - ചേർന്ന് ആ മുസ്ലീം വേട്ടയ്ക്ക് സർവ്വവിധരഹസ്യസഹായവും കോരിച്ചൊരിയുകയാണ്!
എന്തൊക്കെയാണു സലീം അനിയാ നീയീ പറഞ്ഞുകൊണ്ടു വരുന്നത് എന്നു ചിന്തിച്ചുപോകുന്ന വായനക്കാരന് അത് വ്യക്തമായി പറഞ്ഞുകൊടുത്തുകൊണ്ടുതന്നെയാണ് ലേഖനത്തിന്റെ ആദ്യപാദം അവസാനിക്കുന്നത്. അൾജീരിയാ വിശേഷങ്ങളുടെ രത്നച്ചുരുക്കം ഇങ്ങനെയാണു കൊടുത്തിരിക്കുന്നത്:-
അൾജീരിയിലെ ജിഹാദ് ന്യായമാണ്. ഇസ്ലാമികമാണ്.
അതിനെതിരെയുള്ള നിലപാടും മൌനവും കുഫ്ർ ആണ്.
അതു ശരി - സമ്മതിച്ചു - എന്നാലിനി തുർക്കിയിലെന്താണു പ്രശ്നം എന്നു കരുതുന്ന വായനക്കാരന് കുറേക്കൂടി ശക്തമായ ചില സന്ദേശങ്ങൾ നൽകിക്കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. ആ സന്ദേശങ്ങൾ ഇങ്ങനെയൊക്കെ:-
തുർക്കിയിലും ഒരു രക്തപ്രളയം അനിവാര്യമാണ്, മുസ്ലീങ്ങൾക്കവിടെ മതസ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ, അവസാനത്തെ സെക്യുലറിസ്റ്റും മരിക്കണമെന്നായിരിക്കുന്നു.
തുർക്കിയിലെന്നല്ല ലോകത്തെവിടെയും സ്ഥിതി ഇതാണ്. സെക്യുലറിസം നിലനിൽക്കുന്നിടത്ത് ഇസ്ലാം സുരക്ഷിതമല്ല.
സെക്യുലറിസത്തോട് മുസ്ലീങ്ങൾക്കു യുദ്ധം പ്രഖ്യാപിക്കാതെ കഴിയില്ല. വ്യക്തിപരമായും സമൂഹപരമായും മുസ്ലീങ്ങൾ ഒറ്റയ്ക്കും കൂട്ടായും നിരായുധരായും ആയുധമെടുത്തും സെക്യുലറിസ്റ്റുകളോടു പോരാടേണ്ട സ്ഥിതിയാണുള്ളത്. (ഭാഗ്യത്തിന് ഇന്ത്യയിൽ അവസ്ഥ മറ്റൊന്നാണെന്നും ഇന്ത്യ മതേതരരാജ്യമല്ല - മറിച്ച് സർവമതസഹവർത്തിത്വരാജ്യമാണെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.)
“അവസാനവാക്ക്” എന്ന നിലയിൽ അല്പം കടുപ്പിച്ചു തന്നെ പറഞ്ഞിരിക്കുന്നത് ഇങ്ങനെ:-
മുസ്ലിംകളിൽ നിന്നു സെക്യുലറിസ്റ്റായവർ മുർതദ്ദുകൾക്കു തുല്യമാണ്. അവർ സത്യദീനിനുള്ള മുൻഗണന നിഷേധിച്ചവരാകയാൽ നിഷേധികളാണ്. മുർതദ്ദിന്റെ വിധി തന്നെയാണ് അവരുടെയും വിധി.
സത്യദീനിനുള്ള മുൻഗണന അവഗണിക്കുന്നവരോട് ജിഹാദ് ചെയ്യാൻ ഓരോ മുസ്ലീമും ബാദ്ധ്യസ്ഥനാണ്.
ഇത്രയും വായിച്ചു കാര്യങ്ങൾ മനസ്സിലാക്കിയ ഒരു മുസ്ലീം ചെറുപ്പക്കാരന്റെ മനസ്സിൽ, "ആൺകുട്ടികളായാൽ ഇങ്ങനെ വേണം" എന്നു കൂടി തോന്നിപ്പിക്കാനെന്നോണം, ആയുധധാരിയായ ഒരു ജിഹാദിയുടെ ഫോട്ടോയും കൊടുത്തിട്ടുണ്ട് അടിയിൽ!
വിശ്വാസം വരുന്നില്ലെങ്കിൽ, താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.
(ഇങ്ങനെയും ചിലതൊക്കെ നമ്മുടെ നാട്ടിൽ പണ്ടേ നടന്നിരുന്നുവെന്നും, അതൊക്കെ കണ്ടിട്ടും മിണ്ടാതിരുന്നതിനു പകരം അന്നു തന്നെ അതിശക്തമായി ചെറുത്തിരുന്നെങ്കിൽ ഇന്ന് ഈ ഗതി വരില്ലായിരുന്നുവെന്നും, ഇനിയെങ്കിലും ജാഗ്രത പാലിച്ചാൽ കൊള്ളാം എന്നും സൂചിപ്പിക്കുക എന്ന സദുദ്ദേശത്തോടെ മാത്രമാണ് ഇതിവിടെ കൊടുക്കുന്നത്. ദയവായി എന്റെ നേരെ മെക്കിട്ട്കയറരുതെന്ന് അപേക്ഷിച്ചു കൊള്ളട്ടെ.)
മുർതദ്ദുകൾക്കുള്ള വിധി നടപ്പിലാക്കാൻ നിൽക്കുന്ന ആ തോക്കുധാരിയുടെ ചിത്രം അത്ര സുഖകരമായ കാഴചയല്ല നൽകുന്നത്.
ആരാണ് ഈ ‘മുർതദ്ദ്‘ എന്നും എന്താണയാളുടെ വിധി എന്നുംകൂടി അറിഞ്ഞുവയ്ക്കണം.
ഇസ്ലാം മതം കൈവെടിഞ്ഞവനെയാണു “മുർതദ്ദ് “ എന്നു വിളിക്കുന്നത്. അയാൾക്കുള്ള വിധി അല്പം കടുത്തതു തന്നെയാണെന്നാണു പലരും പറയുന്നതും.
ജമാഅത്തെ ഇസ്ലാമിയുടെ ഈജിപ്ഷ്യൻ രൂപമായ ‘ഇഖ്‌വാനുൽ മുസ്ലിമുൻ’ എന്ന സംഘടനയുടെ പ്രവർത്തകനായിരുന്ന ‘യൂസുഫുൽ ഖറദാവി’യുടെ ഒരു കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട്, ‘ഖറദാവിയുടെ ഫത്വകൾ’ എന്ന പേരിൽ കഴിഞ്ഞ പത്തിരുപതു കൊല്ലമായി ഇവിടെ ലഭ്യമാണ്. ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണശാലയായ “ഇസ്ലാമിക് പബ്ലിഷിംഗ് ഹൌസ്” പുറത്തിറക്കിയ ആ പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പേജ് 384-ൽ പറയുന്നത് ഇങ്ങനെ. “ഇസ്ലാമിന്റെ ദൃഷ്ടിയിൽ അയാൾ (മുർതദ്ദ്) മരിച്ച പോലെയാണ്. അയാൾ വധശിക്ഷയ്ക്കർഹനാണ് ”
വല്ല വികൃതവ്യാഖ്യാനമോ മറ്റോ ആണോ എന്നറിയില്ല. എന്തായാലും സലീം എന്ന ലേഖകൻ ഉദ്ദേശിച്ച വ്യാഖ്യാനം ഇതു തന്നെയാണെന്നുറപ്പാണ്.
മുർതദ്ദിന്റെ വിധി വധശിക്ഷയാണെന്നു തന്നെയാണു വിക്കിപീഡിയയും പറയുന്നത്.
പണ്ട്, മതം മാറിക്കൊണ്ട് രാമസിംഹൻ എന്ന പേരു സ്വീകരിച്ചതിന്റെ പേരിൽ ഒരു യുവാവിനെ ആരൊക്കെയോ ചേർന്നു വെട്ടിക്കൊന്ന സംഭവം ഇവിടെ - ഈ കേരളത്തിൽത്തന്നെ – നടന്നതുമാണ്.
അപ്പോൾ, സലീം എന്ന എഴുത്തുകാരൻ ആ മാസികയിലൂടെ നൽകുന്ന സന്ദേശത്തിന് നൂറുശതമാനം ചോരയുടെ മണം തന്നെയാണെന്നു വ്യക്തം.
സലീം എന്നയാൾ മാത്രമല്ല - 'സർദാരി' എന്ന വേറൊരു കക്ഷിയും ഏതാണ്ട് ഇതേമട്ടിലൊക്കെ അഭിപ്രായപ്പെടുന്നതായിക്കാണാം - മറ്റൊരു ലേഖനത്തിൽ. ഇസ്ലാമും സെക്യുലറിസവും ഒന്നിക്കില്ല എന്ന് അസന്നിഗ്ദ്ധമായിത്തന്നെ പഞ്ഞിട്ടുണ്ട് അദ്ദേഹം.
കുറച്ചുകൂടി ശക്തമായ ഭാഷയാണ് അദ്ദേഹത്തിന്റേത്. സലീമിനേക്കാൾ സീനിയറാവണം.
'ആഗോളക്രൈസ്തവഭീകരശക്തികൾ'ക്കു വഴങ്ങിക്കൊണ്ട് അൾജീരിയയിൽ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഭരണാധികാരികൾ നിസ്ക്കരിക്കുകയും നോമ്പു നോൽക്കുകയും ചെയ്തുവെന്നു വച്ച് എങ്ങനെ മുസ്ലീങ്ങളാകും എന്നാണദ്ദേഹം ചോദിക്കുന്നത്. അത്തരക്കാർക്കെതിരെ ഹൃദയത്തിലെങ്കിലും വെറുപ്പില്ലാത്തവൻ, ജിഹാദിന് മനസ്സുകൊണ്ടെങ്കിലും നിയ്യത്തു വയ്ക്കാത്തവൻ മുസ്ലീമോ അതോ മുശ്‌രിക്കോ എന്നതാണ് അടുത്ത ചോദ്യം.
എന്തൊക്കെയാണ് ഇവരെല്ലാവരും കൂടി പറഞ്ഞുകൊണ്ടു വരുന്നതിന്റെ ആകെമൊത്തം റ്റോട്ടൽ എന്നു മനസ്സിലാകുന്നില്ല. ആകെ മനസ്സിലാകുന്നത് ഇത്രയുമാണ്:- യഥാർത്ഥ മുസ്ലീം എന്നു വച്ചാൽ, അൽജീരിയായിലെയും തുർക്കിയിലെയും ഭരണാധികാരികൾക്കെതിരെ ജിഹാദു നടത്തുന്നവനാണ് – അവരെ കൊല്ലുന്നവനാണ് - അതിനെ പിന്തുണയ്ക്കുന്നവനാണ് – അല്ലാത്തവന്മാരൊക്കെ കാണിക്കുന്നത് ശുദ്ധ “കുഫ്ർ” ആണ്. ഈ വായിച്ചതൊക്കെയും കൃത്യമായി പറഞ്ഞുവയ്ക്കുന്ന പാഠം അതു തന്നെയാണ്.
അതൊക്കെ എന്തെങ്കിലുമാകട്ടെ - അങ്ങുദൂരെയുള്ള രാജ്യങ്ങളിലൊക്കയല്ലേ - അതിന്റെ പേരിൽ മലയാളികൾ ഈ കൊച്ചുകേരളത്തിൽ പോർവിളി നടത്തിയാലും സാരമില്ല – കണ്ടില്ല-കേട്ടില്ല-എന്നൊക്കെ നടിച്ചേക്കാം - എന്നൊക്കെ മലയാളിയുടെ സ്വതസിദ്ധ(വും ആത്മഹത്യാപരവു)മായ നിസംഗതയോടെ വിചാരിച്ച് ആശ്വസിക്കാമെന്നു വിചാരിച്ചാലും രക്ഷയില്ല. ആ ലേഖനത്തിലെ മറ്റു ചില വരികൾ ഇങ്ങനെയൊക്കെ.
മുസ്ലീങ്ങളെ ഭരിക്കേണ്ടത് അവരുടെ തന്നെ ഭരണകൂടമാണ്.....
അവനിഷ്ടപ്പെടാത്ത ഭരണം, ഭരണകൂടം, നിയമം അവന്റെ മേൽ അടിച്ചേൽപ്പിക്കാൻ ആർക്കും അവകാശമില്ല......
തീയും വെള്ളവും ഒരുമിച്ചു നിൽക്കില്ല. സെക്യുലറിസത്തിന്റെ തണലിൽ ഇസ്ലാമിനു രക്ഷയില്ല....
ഇന്ത്യയിലെ മുസ്ലീങ്ങളെ അരനൂറ്റാണ്ടിലേറിയായി ഈ വറചട്ടിയിലിട്ടു പൊരിക്കുന്നതും ഈ സെക്യുലറിസ്റ്റുകൾ തന്നെയല്ലേ?
അതു ശരി!
അപ്പോൾ ഇനി എന്നു മുതലാണാവോ ഇന്ത്യയിലെ ജിഹാദ്?
ദൈവാധീനം - അതിന് തീയതിയൊന്നും കുറിച്ചുവച്ചതായി ലേഖനത്തിൽ കാണുന്നില്ല.
എന്തായാലും, അൽപമെങ്കിലും വിവേചനശേഷിയുള്ള ഏതൊരു വായനക്കാരനും ഇത്രയുമൊക്കെ വായിച്ചെത്തുമ്പോളെങ്കിലും അറിയാതെയൊന്നു നിർത്തിപ്പോകും.
മതത്തിന് എതിരു നിൽക്കുന്നവരെ കൊല്ലുകതന്നെയാണു വേണ്ടതെന്നു പ്രഖ്യാപിച്ചുകൊണ്ടും മലയാളിമുസ്ലീം യുവാക്കളുടെ മനസ്സിൽ "ജിഹാ"ദിനു ന്യായീകരണം അടിച്ചേൽപ്പിച്ചുകൊണ്ടും ഇങ്ങനെയൊക്കെ പരസ്യമായി അച്ചടിച്ചു വിതരണം ചെയ്യാൻ മടിക്കാത്ത ഈ മാസികയുടെ പിന്നിൽ ആരൊക്കെയാണ് - ആരാണതിന്റെ എഡിറ്റർ - എന്നൊക്കെയൊന്നു ചിന്തിച്ചു പോകും.
അതറിയാൻ ഒന്നാം പേജു നോക്കണം.
"അബ്ദുന്നാസിർ മഅ്ദനി" എന്നൊരാളാണത്രേ അതിന്റെ ‘ഓണററി ചീഫ് എഡിറ്റർ‘.
അദ്ദേഹത്തിന്റെ ചിത്രമൊന്നും മാസികയിൽ കൊടുത്തിട്ടില്ല. ആ മുഖം പക്ഷേ കേരളത്തിനു സുപരിചിതമാണ്. രണ്ടു വർഷം മുമ്പ് കേരളത്തിൽ അങ്ങോളമിങ്ങോളം അദ്ദേഹത്തിന്റെ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തിലൊരു ചിത്രം താഴെ.
അതെ. സംശയിക്കേണ്ട. ഏതോ ഒരു "ഈസ്റ്റ്" മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചാരണ ബോർഡു തന്നെയാണത്. 'സ.വി. ശിവൻകുട്ടി' എന്നതിലെ ആദ്യത്തെ "സ" യുടെ പൂർണ്ണരൂപം 'സഖാവ്' എന്നു തന്നെ.
സഖാക്കൾ എന്തിനാണു മദനിയുടെ ചിത്രം വച്ചു വോട്ടിനായി ഇരക്കുന്നത് എന്നു ചിന്തിക്കുന്നവരുണ്ടെങ്കിൽ അവർക്കു രാഷ്ട്രീയതന്ത്രങ്ങളേക്കുറിച്ച് "ഒരു ചുക്കും" അറിയില്ല. അവർ തെരഞ്ഞെടുപ്പു ഫലം പരിശോധിച്ച് കാര്യങ്ങൾ മനസ്സിലാക്കുകയാണു വേണ്ടത്.
അവിടെ, 'ഈസ്റ്റ് ‘ എന്നു വച്ചാൽ സാക്ഷാൽ തിരുവനന്തപുരം ഈസ്റ്റ് എന്നാണർത്ഥം. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥി ഒന്നാമതെത്തിയ അസംബ്ലി മണ്ഡലം. അതിനു മുമ്പത്തെ അസംബ്ലി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി ഒന്നാമതെത്തിയിട്ടുള്ള മണ്ഡലം. ഇക്കുറി അവർ രണ്ടുകൂട്ടരേയും പിന്നിലാക്കി ഇടതുമുന്നണി ജയിച്ചു. പലഘടകങ്ങളും പ്രവർത്തിച്ചിട്ടുണ്ടാകാം. എന്തായാലും ആ ഫോട്ടോയും ഒരു ഘടകമാണ്.
ഒരു കളിയവസാനിക്കുമ്പോൾ, എത്ര ഗോളടിച്ചു - ആരു ജയിച്ചു എന്നതിനൊക്കെയേ പ്രാധാന്യമുള്ളൂ - എങ്ങനെ കളിച്ചു എന്നത് ആരും ഓർത്തുവയ്ക്കാറില്ല.
ഒരു മണ്ഡലത്തിൽ മാത്രമല്ല - പലയിടത്തും ഇത് ആവർത്തിച്ചു. തെക്കു മാത്രമല്ല വടക്കും ഇതു പോലെ തന്നെ ഫോട്ടോകൾ നിരന്നിരുന്നു.
ഏറ്റവും വടക്കേയറ്റത്തുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ഇടതുമുന്നണിക്കാർ പരമ്പരാഗതമായി കോൺഗ്രസിനു വോട്ടു ചെയ്തുകൊണ്ടിരുന്ന മണ്ഡലം. അവിടെയുള്ള മാർക്സിസുകളെല്ലാവരും അരിവാൾ ചിഹ്നത്തിൽത്തന്നെ വോട്ടു ചെയ്തിരുന്നെങ്കിൽ കഴിഞ്ഞ നാലഞ്ചു തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ബി.ജെ.പി. ജയിക്കുമായിരുന്ന മണ്ഡലം. അവിടെ നിന്നാണ് മദനിയുടെ ഭാര്യ സൂഫിയ മദനി ഇക്കുറി ഇടതുമുന്നണിക്കുവേണ്ടി പ്രചാരണം ആരംഭിച്ചത്. മറ്റു പല ഘടകങ്ങളും കൂടി പ്രവർത്തിച്ചു. ജയസാദ്ധ്യത വന്നതോടെ മറിച്ചുകുത്തൽ ഇത്തവണ വേണ്ടെന്നു വച്ചു. ഫലമോ - മാർക്സിസ്റ്റുകളുടെ വോട്ടു വാങ്ങി സ്ഥിരമായി ജയിച്ചു കൊണ്ടിരുന്ന ചേർക്കളം അബ്ദുള്ള - യു.ഡി.എഫ്. - മൂന്നാമതായിപ്പോയി. ബി.ജെ.പി. പതിവുപോലെ കുറഞ്ഞവോട്ടുകൾക്കു രണ്ടാമതായി. അവർ രണ്ടാളെയും പിന്തള്ളിക്കൊണ്ട്- സ്ഥിരം മൂന്നാം സ്ഥാനക്കാരായ ഇടതർക്ക് ചരിത്ര വിജയം!
മദനിയുടെ വലിയ ചിത്രത്തിനു താഴെ അരിവാൾ ചുറ്റികയും എളിയ സ്ഥാനാർത്ഥിയുടെ കുഞ്ഞു ചിത്രവുമായി പോസ്റ്ററുകൾ ഇറങ്ങിയതൊന്നും വെറുതയായില്ല.
ഇടതുപക്ഷം ഇന്നു ഭരിക്കുകയാണ്.
അവർ നന്ദിയില്ലാത്തവരൊന്നുമല്ല താനും.
പിന്നീട്, മദനിയുടെ ജയിൽമോചനത്തിന് മാർക്സിസ്റ്റുകളോളം ആത്മാർത്ഥമായി പി.ഡി.പി.ക്കാർ പോലും പ്രവർത്തിച്ചിട്ടുണ്ടാവില്ല. ഒടുവിൽ അദ്ദേഹം ജയിൽ മോചിതനായി എത്തിയപ്പോൾ, അദ്ദേഹത്തിനു സ്വീകരണമൊരുക്കാൻ മത്സരിച്ചതും മാർക്സിസ്റ്റുകൾ തന്നെയായിരുന്നുവെന്നു വേണം പറയാൻ.
സ്വീകരണ സമ്മേളനത്തിൽ - കൊടിയേരിയോ അതോ എം.എ.ബേബിയോ - ഏതു മന്ത്രിയാണെന്നു മറന്നു - "മദനി സാഹിബിനെ ഞാൻ ഹൃദയം കൊണ്ട് ആലിംഗനം ചെയ്തു സ്വീകരിക്കുന്നു" എന്നു പഞ്ഞുകൊണ്ടാണ് കെട്ടിപ്പിടിച്ച് ആനയിച്ചത്. പിന്നീട് സ്റ്റാർ സൗകര്യങ്ങളുള്ള മുന്തിയ ആശുപത്രിയിൽ സുഖചികിത്സ തരമാക്കിക്കൊടുക്കുകയും ചെയ്തു. വിദേശയാത്രയ്ക്കു തടസ്സമായി നിന്നിരുന്ന അനവധി കേസുകൾ കൊടിയേരിയുടെ ആഭ്യന്തരവകുപ്പ് നിമിഷങ്ങൾക്കകം ആവിയാക്കിക്കൊടുത്തു. ആർക്കും പരാതികളില്ലാതെ പാസ്‌പോർട്ടു ശരിയാക്കിക്കൊടുത്തു. തീർത്ഥയാത്രയ്ക്കു ശേഷം അനവധി നാൾ വിദേശത്തു തങ്ങിയതെന്തിനായിരുന്നുവെന്നൊന്നും ആരും അന്വേഷിച്ചു കണ്ടില്ല. അതിന്റെ പിന്നിലും പാർട്ടിയ്ക്ക് അസുഖകരമായ ഒന്നുമുണ്ടാവാനും വഴിയില്ല.
ഇത്രയ്ക്കൊക്കെ വേണമായിരുന്നോ എന്നു ചിലരെങ്കിലും ചോദിക്കായ്കയല്ല. 'മദനിയ്ക്കു മാനസാന്തരമുണ്ടായി' എന്ന മറുപടിയാണ് അവർക്കു ലഭിച്ചത്.
(പാർട്ടിവിട്ടവർക്കുപോലും മാനസാന്തരമുണ്ടായാൽ തിരിച്ചുവരാൻ അവസരമില്ല. അവർക്കു പിന്നീട് ‘കുലംകുത്തി’കളായി കഴിയാനേ അവസരമുള്ളൂ. പക്ഷേ വോട്ടുബാങ്കുള്ളവരുടെ സ്ഥിതി അതല്ല.)
മദനിയ്ക്കു മാനസാന്തരമുണ്ടായെങ്കിൽ വളരെ നല്ലത്. അദ്ദേഹത്തിനും എല്ലാവർക്കും നല്ലത്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.
കോയമ്പത്തൂർ കൂട്ടക്കൊലക്കേസിൽ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി ശിക്ഷവിധിച്ച
മറ്റു പ്രതികളേക്കൂടി രക്ഷിക്കാൻ താൻ ശ്രമിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചത് ഈ മാനസാന്തരം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം തന്നെയാണ്. അതു മറക്കാം.
മുഖ്യപ്രതിയായ ബാഷയുമായി മദനിക്കു ബന്ധമുണ്ടായിരുന്നത് - തങ്ങളുടെ "ബാഷാബായി"യെ അറസ്റ്റുചെയ്യുന്നതിൽ പ്രതിഷേധിച്ചുകൊണ്ടും, ഹിന്ദുന്യായാധിപന്മാർ കോയമ്പത്തൂർ കേസ് അന്വേഷിച്ചാൽ എങ്ങനെയാണു ശരിയാകുക എന്ന മട്ടിലൊക്കെ വർഗ്ഗീയപരാമർശങ്ങൾ നടത്തിക്കൊണ്ടും മുസ്ലീം റിവ്യൂവിന്റെ ലേഖനമിറങ്ങിയിരുന്നുവെന്നത് - ഇതു രണ്ടും മറക്കാം.
ദലിത് വിമോചനം - സമഗ്രനീതി - മുതലായ പുതിയ മുദ്രാവാക്യങ്ങളൊക്കെ തൽക്കാലം മാറ്റിവച്ച് - ദലിതർ എന്ന വിശേഷണം അർഹിക്കുന്നവർ തന്നെയായ അരയമുക്കുവന്മാരോടു യാതൊരു ആഭിമുഖ്യവും കാണിക്കാതെ - ഇക്കഴിഞ്ഞയിടെ - മാറാടു കൂട്ടക്കൊലക്കേസിലെ പ്രതികളുടെ ജാമ്യത്തിനായി മദനി വാദിച്ചതു മറക്കാം. ഇടതുസർക്കാർ അയഞ്ഞ നിലപാടെടുത്ത് ജാമ്യം അനുവദിക്കാൻ കളമൊരുക്കിയതു മറക്കാം. ഇപ്പോളിതാ ജാമ്യവ്യവസ്ഥ ലംഘിച്ചവരുടെ പിന്നാലെ നടക്കേണ്ട ഗതികേടു വന്നതു മറക്കാം. വ്യവസ്ഥകൾ ലംഘിച്ച ചിലരുടെ ജാമ്യം ഇക്കഴിഞ്ഞ ദിവസം റദ്ദാക്കിയതു മറക്കാം. മാറാട്ടെ പ്രതികളുടെ തീവ്രവാദബന്ധം സംബന്ധിച്ച വാർത്തകൾ മറക്കാം. ഇപ്പോളത്തെ സാഹചര്യത്തിൽ, ജാമ്യം ലഭിച്ചവർ നാടുവിടാതിരിക്കാൻ പോലീസിനു ജാഗ്രതപാലിക്കേണ്ടിവന്നതു മറക്കാം.
എല്ലാം മറക്കാം.
സമ്പൂർണ്ണ മാനസാന്തരം വന്ന് - വർഗീയ താൽപര്യങ്ങൾ ഉപേക്ഷിച്ച് - അദ്ദേഹം തികച്ചും പുതിയൊരു മനുഷ്യനായി എന്നു തന്നെ സ്വയം പറഞ്ഞു വിശ്വസിപ്പിക്കാം.
നല്ല കാര്യം. അത് അങ്ങനെ തന്നെയായിരിക്കട്ടെ.
പക്ഷേ…..
ഒരേയൊരു ചോദ്യമേയുള്ളൂ..
മദനി എന്ന ഒറ്റ മനുഷ്യനെ മാത്രം ഓർത്തല്ലല്ലോ യഥാർത്ഥത്തിൽ മാർക്സിസ്റ്റുകൾ ഇത്ര അദ്ധ്വാനിച്ചത്. ആ ഒരു വോട്ടുമാത്രമല്ലല്ലോ പ്രശ്നം. അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്ന അനവധി മുസ്ലീം ചെറുപ്പക്കാരെയോർത്തല്ലേ ഈ നിലപാടുകൾ എടുത്തത്? അവരുടെ വോട്ടുകൾ തന്നെയല്ലേ യഥാർത്ഥത്തിൽ നയരൂപീകരണത്തിൽ നിർണ്ണായകഘടകമായത്?
അപ്പോൾ...
ആ ചെറുപ്പക്കാരിൽ ആർക്കൊക്കെ - എത്ര പേർക്കൊക്കെ – ഇന്നു മാനസാന്തരം വന്നുവെന്നതാണു ചോദ്യം.
മദനിക്കു മാത്രമല്ല - ഒന്നൊഴിയാതെ അദ്ദേഹത്തിന്റെ ഓരോ അനുയായിക്കും മാനസാന്തരം വന്നുവോ?
തങ്ങൾ പ്രചരിപ്പിച്ചു നടന്ന കാര്യങ്ങളെ അവരോരോരുത്തരും ഇന്നു തള്ളിപ്പറയുന്നുവോ?
ഇന്ത്യയിൽ ഹിന്ദുക്കൾ മുസ്ലീങ്ങളെ "പുറത്താക്കാ"നോ മറ്റോ ശ്രമിക്കുകയാണെന്നൊക്കെയുള്ള പച്ചനുണയും പമ്പരവിഡ്ഢിത്തങ്ങളും പ്രസംഗിച്ചു നടന്നിരുന്ന മദനി എന്ന ഒരു വോട്ടർക്കു തിരിച്ചറിവും മാനസാന്തരവുമുണ്ടായേക്കാം. പക്ഷേ, "നിങ്ങൾ ഞങ്ങളെ പുത്താക്കിയാൽ ഞങ്ങളെ സ്വീകരിക്കാൻ നാൽപ്പത്തഞ്ചോളം മുസ്ലിം രാജ്യങ്ങളുണ്ട്. ഞങ്ങൾ നിങ്ങളെ പുറത്താക്കിയാൽ നിങ്ങളെ സ്വീകരിക്കാൻ ആരുണ്ട്? " എന്നൊക്കെയുള്ള ചോദ്യം കേട്ട് ആവേശപൂർവ്വം കയ്യടിച്ചിരുന്ന അനുയായികൾക്ക് ഓരോരുത്തർക്കും കൂടി തിരിച്ചറിവുണ്ടായോ എന്നതാണു ചോദ്യം.
“ലിംഗാഗ്രത്തിലെ ചോരകണ്ടാണ് ഓരോ മുസ്ലീം ബാലനും വളരുന്നത് ” എന്നു പ്രസംഗിച്ചുകൊണ്ട് യുവമനസ്സുകൾക്കു തീ പിടിപ്പിച്ച മദനിയ്ക്ക് ഇപ്പോൾ തിരിച്ചറിവുണ്ടായെങ്കിൽ അദ്ദേഹത്തിനും സമുദായത്തിനും അതു വളരെ നല്ലത്. പക്ഷേ, അന്നൊക്കെ അതു കേട്ടു നിന്നു വികാരം കൊണ്ടിരുന്ന എല്ലാവർക്കും ഇന്നു മാനസാന്തരമുണ്ടായിക്കഴിഞ്ഞോ എന്നാണു ചോദ്യം.
പി.ഡി.പി.ക്കാർക്കു തീവ്രവാദബന്ധമുണ്ടെന്നു തെളിയിച്ചാൽ പാർട്ടി പിരിച്ചുവിടാമെന്നു പറയുന്ന പൂന്തുറ സിറാജിൽ നിന്നോ അദ്ദേഹത്തിന്റെ പാർട്ടിയുടെ പ്രവർത്തകരിൽ നിന്നോ അല്ല – മറിച്ച്, അവരുടെ തോളിൽ കയ്യിട്ടു നിൽക്കുന്ന മാർക്സിസ്റ്റുകാരിൽ നിന്നാണു മറുപടി പ്രതീക്ഷിക്കുന്നത്.
ജിഹാദിനൊരുങ്ങാത്തവൻ മുസ്ലീമാണോ എന്നു ചോദിച്ച സർദാരിയും – മുസ്ലീങ്ങളിൽ നിന്നു സെക്യുലറിസ്റ്റായവരെ കൊല്ലുക തന്നെ വേണമെന്നു പരസ്യമായി പ്രഖ്യാപിച്ച സലീമും - കശ്മീർ ഇന്ത്യക്കൊപ്പമായിക്കൂടാ എന്നു ശഠിച്ച പത്രാധിപസമിതിയംഗങ്ങളും - അതൊക്കെ വായിച്ചു വികാരം കൊണ്ടിരുന്നവരും - ഇവർ സകലരുടെയും വോട്ടുകൾ അരിവാൾ ചുറ്റികയ്ക്കു തന്നെ ലഭിക്കുമായിരിക്കും. ലഭിക്കട്ടെ. ജയിക്കട്ടെ. പക്ഷേ അതൊരു തിരിച്ചറിവിനു ശേഷം തന്നെയാണോ എന്നു മാത്രമാണു ചോദ്യം.
അല്ല എന്നാണെങ്കിൽ, അവരിൽ കുറച്ചുപേരെങ്കിലും ഇപ്പോളും ഇന്ത്യയിലെ സെക്യുലറിസ്റ്റുകളാൽ വറചട്ടിയിൽ പൊരിക്കപ്പെടുന്ന മുസ്ലീങ്ങളെയോർത്തു വികാരം കൊള്ളുന്നവരും ജിഹാദ് അതിനൊരു പരിഹാരമാർഗമാണെന്നും രക്തപ്രളയം അനിവാര്യമാണെന്നുമൊക്കെ കരുതുന്നവരുമായി അവശേഷിക്കുകയാണെങ്കിൽ - മാർക്സിസ്റ്റുകാരേ പറയണം - നിങ്ങളുടെ ഈ പരസ്യമായ പി.ഡി.പി. ബാന്ധവം സമൂഹത്തിലവശേഷിപ്പിക്കുന്ന സന്ദേശമെന്താണ്?
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പി.ഡി.പി.യെ ഇടതുമുന്നണി പിന്തുണയ്ക്കുമോ എന്നു പോലും സംസാരം കേട്ടു തുടങ്ങിയിരിക്കുന്നു! അങ്ങനെ വന്നാൽ അതിന്റെ അണിയറപ്രവർത്തനങ്ങളിൽ സജീവമാകാൻ ചുമതല ലഭിക്കുമെന്നു തീർച്ചയായും സംശയിക്കാവുന്ന പാലോളി മുഹമ്മദുകുട്ടിയായിരുന്നു ഈ പ്രശ്നങ്ങളൊക്കെ നടക്കുമ്പോൾ ‘ആഭ്യന്തരമന്ത്രി ഇൻ ചാർജ്‘ എന്നതു കൂടി ചേർത്തു വായിക്കണം!
ഇതൊക്കെക്കാണുമ്പോൾ, തിവ്രവാദചിന്തകൾ മനസ്സിൽ പേറുന്ന ഒരു മുസ്ലിം യുവാവിനു മനസ്സിലാകുന്ന കാര്യമെന്താണ്? സംഘടിതമായ കുറച്ചുവോട്ടുകൾ കയ്യിലുണ്ടെങ്കിൽ, മാർക്സിസ്റ്റുപാർട്ടിയെ തങ്ങളോടു ചേർത്തു നിർത്താൻ യാതൊരു ബുദ്ധിമുട്ടുമില്ല എന്നു തന്നെയല്ലേ? അവരിൽ നിന്ന് സഹായങ്ങൾ നേടിയെടുക്കാൻ എളുപ്പമാണ് എന്നു തന്നെയല്ലേ?
ഇടയ്ക്കാണെങ്കിൽകൂടി ഭരണം കിട്ടാൻ സാദ്ധ്യതയുള്ള മുന്നണിയെ അവർക്കൊപ്പം നിർത്താനും അവർക്കനുകൂലമായ നിലപാടുകളെടുപ്പിക്കാനും കഴിയുമെങ്കിൽ, പിന്നെയവർ എന്തിനു വേണ്ടി തീവ്രവാദ നിലപാടുകൾ ഉപേക്ഷിക്കും എന്നാണു നാം പ്രതീക്ഷിക്കേണ്ടത്?
ഇത്തരത്തിലുള്ള തീവ്രവാദസംഘടനകൾക്ക് തലവേദന സൃഷ്ടിക്കുന്ന കടമ്പ ഇവിടുത്തെ ദേശീയവാദി പ്രസ്ഥാനങ്ങൾ മാത്രമാണ്. കമ്മ്യൂണിസ്റ്റുകളെ താങ്ങി നിർത്തിയിരിക്കുന്ന ഹിന്ദുവിഭാഗങ്ങൾ ദേശീയവാദി പ്രസ്ഥാനങ്ങൾക്കൊപ്പം അണിനിരക്കുന്നതു ഭയന്ന് അവരെ എന്തുവിലകൊടുത്തും തകർക്കാൻ ശ്രമിക്കുന്ന കാര്യത്തിൽ മാർക്സിസ്റ്റുകൾക്ക് അന്ധമായ ശാഠ്യം കൂടിയുള്ളപ്പോൾ പിന്നെ തീവ്രവാദികൾ എന്തിനെ ഭയക്കണമെന്നാണു പറയുന്നത്?
മാർക്സിസ്റ്റുകാരേ - നിങ്ങളുടെ തീവ്രവാദവിരുദ്ധനിലപാടുകളേക്കുറിച്ചുള്ള അവകാശവാദങ്ങളൊക്കെ നിങ്ങളല്ലാതെ മറ്റാരുമില്ലാത്ത പാർട്ടിവേദികളിൽ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന യാഥാർത്ഥ്യം ഇനിയെങ്കിലും നിങ്ങൾ തിരിച്ചറിഞ്ഞേ പറ്റൂ. ‘പൊതുജനം കഴുത’ എന്നതൊക്കെ പഴകിത്തേഞ്ഞ ഒരു പ്രയോഗം മാത്രമാണ്. ഒന്നൊഴിയാതെ എല്ലാവരേയും വിഡ്ഢിയാക്കാൻ ഇന്നത്തെക്കാലത്തു സാദ്ധ്യമല്ല തന്നെ.
5. ഇന്ത്യയുടെ ‘മോചനം’ മാർക്സിസത്തിലൂടെയോ അതോ മൌദൂദിസത്തിലൂടെയോ?
മാർക്സിസ്റ്റുകളുമായി പരസ്യമായ തെരഞ്ഞെടുപ്പുധാരണ ഇപ്പോളും നിലവിലുള്ള ഒരു പ്രസ്ഥാനമാണ് ജമാ-അത്തെ-ഇസ്ലാമി.
എന്തു നയത്തിന്റെ പേരിലാണോ എന്തോ മാർക്സിസ്റ്റുകൾ അവരുമായി പരസ്യബാന്ധവത്തിലേർപ്പെട്ടിരിക്കുന്നത്! അവരുടെ യുവജനപ്രസ്ഥാനമായ സോളിഡാരിറ്റി ഇടയ്ക്കു ചില പരിസ്ഥിതിപ്രശ്നങ്ങളൊക്കെ പൊക്കിപ്പിടിക്കുന്ന അടവെടുക്കാറുണ്ട് എന്നതിനാലോ? അമർനാഥ് ക്ഷേത്രബോർഡിന് അൽപം സ്ഥലം പാട്ടത്തിനു നൽകിയാൽ തകർന്നടിയുന്ന പരിസ്ഥിതിയേപ്പറ്റി ഇരുകൂട്ടർക്കുമുള്ള അതേ ഉത്ക്കണ്ഠ തന്നെയാണോ ഇവിടെയും ഇരുവരും തമ്മിൽ ഒരു ആത്മബന്ധം സൃഷ്ടിക്കുന്നത്?
"ഇന്ത്യയുടെ മോചനം (ആരാണാവോ കെട്ടിയിട്ടിരിക്കുന്നത്?) ഇസ്ലാമിലൂടെ" എന്ന മുദ്രാവാക്യം 'ജൈ ഹിൻദ്' അഥവാ 'ജമാ-അത്തെ-ഇസ്ലാമി-ഹിൻദ്' ഉപേക്ഷിച്ചുവോ? അതോ ഇപ്പോളും അതൊക്കെത്തന്നെയാണോ ലക്ഷ്യം? തെരഞ്ഞെടുപ്പു സഖ്യം നിരുപാധികമോ സോപാധികമോ? നിരുപാധികമാണെങ്കിൽ അത്തരത്തിലൊരു വോട്ടുദാനത്തിന്റെ പ്രേരണയെന്ത്? സോപാധികമെങ്കിൽ എന്തൊക്കെയാണ് ഉപാധികൾ? എന്തൊക്കെയാണ് പ്രതീക്ഷിക്കുന്ന സഹായങ്ങൾ? അണിയറയിൽ ഇതിനകം എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ അവയെന്തെല്ലാം? ഇനി പ്രതീക്ഷിക്കുന്നതെന്തെല്ലാം?
‘അവർ ഇങ്ങോട്ടു വന്നു വോട്ടു തരാമെന്നു പറഞ്ഞാൽ ഞങ്ങളെന്തു ചെയ്യും’ എന്നു പറഞ്ഞ് മാർക്സിസ്റ്റുകൾക്ക് ഒഴിഞ്ഞുമാറാമെന്നു കരുതരുത്. ജമാ അത്തെ ഇസ്ലാമിയും സി.പി.എമ്മുമായുള്ള ഒരു ബന്ധം ഇവിടുത്തെ പൊതുജീവിതത്തിൽ വളരെ പ്രകടമാണ്. മതമൌലികസാഹിത്യമെന്നു തീർച്ചയായും വിളിക്കാവുന്ന ചില പുസ്തകങ്ങളുടെ പ്രചരണാർത്ഥം അവർ സംഘടിപ്പിക്കാറുള്ള പുസ്തകമേളകളിലും അതിനോടനുബന്ധിച്ചു നടക്കാറുള്ള “ചർച്ച”കളിലും മറ്റും പ്രസംഗിക്കാറുള്ളത് ആരൊക്കെയാണ്? മാർക്സിസവും മതവും തമ്മിലുള്ള “സംവാദാത്മക സൌഹൃദ”ത്തിലാണ് തങ്ങൾ ഏർപ്പെട്ടിരിക്കുന്നത് എന്നൊക്കെയുള്ള ന്യായീകരണങ്ങൾ ഉയർത്തുന്നത് ആരാണ്? രാഷ്ട്രവും ഈ ലോകം തന്നെയും ഇസ്ലാമികമാക്കുവാൻ യത്നിക്കുന്നവർക്ക് “ഇസ്ലാമിലെ പുരോഗമനപക്ഷം” എന്ന സർട്ടിഫിക്കറ്റു കൊടുത്തു പ്രോത്സാഹിപ്പിക്കുന്നത് ആരാണ്?
വാക്കുകൾ കൊണ്ടു മായാജാലം കാണിച്ചാൽ സാധാരണക്കാരെ പറ്റിക്കാൻ എളുപ്പമാണ്. ഇടതുപക്ഷവുമായി കെട്ടിപ്പിടിക്കുന്നതിന് ജമാഅത്തെഇസ്ലാമി അവതരിപ്പിക്കുന്ന ന്യായം ഏതാണ്ട് ഇങ്ങനെ വരും. “സാർവ്വദേശീയതലത്തിൽ സാമ്രാജ്യത്വവും ദേശീയതലത്തിൽ ഫാ‘ഷി’സവും ‘ചീറിപ്പാഞ്ഞുവരുന്ന’ സാഹചര്യത്തിൽ, രണ്ടിനേയും എതിർക്കാൻ സന്നദ്ധതയുള്ളവരുടെ വീക്ഷണനിരപേക്ഷമായ ഐക്യത്തിനു പ്രസക്തിയുണ്ടെന്ന ഇടതുപക്ഷ സാംസ്കാരികപ്രവർത്തകരുടെ നിലപാടിനെ പിന്താങ്ങിക്കൊണ്ട്, തങ്ങൾ ഇടതുപക്ഷ-ഇസ്ലാമിക-പ്രശ്നാധിഷ്ഠിത യോജിപ്പിനു തയ്യാറാകുന്നു”!
നന്നായിരിക്കുന്നു!
അവരെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്വം എന്നാൽ ക്രിസ്ത്യാനികൾ എന്നും ഫാ‘ഷി’സ്റ്റുകൾ എന്നാൽ ഹിന്ദുക്കൾ എന്നുമാണ് അർത്ഥമെന്ന ലളിതയാഥാർത്ഥ്യം മനസ്സിലാക്കാൻ എത്രയോ നിസാരമായ ചിന്താശേഷിയേ വേണ്ടൂ എന്നു മാർക്സിസ്റ്റുകൾ ഇനിയും മനസ്സിലാക്കാത്തതാണോ എന്തോ?
തീവ്രവാദ പശ്ചാത്തലമുള്ള ഏതെങ്കിലും മുസ്ലീങ്ങൾ രാജ്യത്തെവിടെയെങ്കിലും അറസ്റ്റിലാകുന്നെങ്കിൽ, അവരുടെ ചെയ്തികൾ പരമാവധി ന്യായീകരിച്ചുകൊണ്ടാണ് ജമാ-അത്തെ-ഇസ്ലാമിയുടെ മുഖപത്രമായ മാദ്ധ്യമം എഴുതിക്കാണാറ്. അറസ്റ്റുകളൊക്കെ മുസ്ലീങ്ങൾക്കെതിരായ ഗൂഢാലോചനയാണെന്നൊക്കെയാണ് അവർ അന്ധമായി വാദിക്കാറ്.
തീവ്രവാദപശ്ചാത്തലത്തിന്റെ പേരിൽ യാഹ്യാഖാൻ എന്നൊരു സോഫ്റ്റ്വെയർ എഞ്ചിനീയർ അസ്റ്റിലായപ്പോൾ മാധ്യമം ഉന്നയിച്ച വാദം അങ്ങേയറ്റം അപലപനീയമായിരുന്നു. അയാൾ നിരപരാധിയാണെന്നു മാധ്യമത്തിനു തോന്നുന്നെങ്കിൽ അതു പറയട്ടെ. പക്ഷേ, “രാജ്യത്തെ ഐ.ടി.വികസനത്തിന്റെ ഗുണഭോക്താക്കളാകുന്നതിൽ നിന്ന് മുസ്ലീം സമുദായത്തെ തടയാനുള്ള "ചില ശക്തികളുടെ" ശ്രമമാണു വെളിച്ചത്താകുന്നത് ”എന്നാണവർ വാദിച്ചു കളഞ്ഞത്!!! ഇത്രയ്ക്കു തരംതാണ നിലവാരത്തിലും വർഗ്ഗീയത പറയാൻ മടിക്കാത്തവരും ഈ ലോകത്തുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ് സത്യത്തിൽ അപ്പോൾ "വെളിച്ചത്താ"യത്.
ഒന്നോർത്താൽ, അതിലൊന്നും തരിമ്പും അത്ഭുതപ്പെടേണ്ടതില്ല. പത്തുവർഷം മുമ്പ്, “മുസ്ലീം കിഡ്നി ആവശ്യമുണ്ട്” എന്ന പരസ്യം പ്രസിദ്ധീകരിച്ച് സാംസ്കാരികകേരളത്തെ ഞെട്ടിച്ചവരിൽ നിന്ന് ഇതിൽക്കൂടുതൽ എന്തു പ്രതീക്ഷിക്കാനാണ്?
കശ്മീരിലെ വിഘടനവാദി പ്രസ്ഥാനങ്ങളുടെ നായകന്മാരെ - ചിലരുടെ ഭാഷയിൽപ്പഞ്ഞാൽ 'കശ്മീരിലെ പോരാളി'കളുടെ നേതാക്കളെ ഇങ്ങു കേരളത്തിൽ തലസ്ഥാനനഗരിയിൽ കൊണ്ടു വന്നു പ്രസംഗിപ്പിച്ച ചരിത്രമുള്ളവരാണു ജമാ അത്തെ ഇസ്ലാമിക്കാർ. മാർക്സിസ്റ്റുകൾ അറിഞ്ഞഭാവം നടിച്ചില്ല. ഒരു പക്ഷേ വേദിയിൽ എന്തെങ്കിലും അസൗകര്യമുണ്ടായിരുന്നെങ്കിൽ മാത്രമായിരുന്നു അവർ അറിഞ്ഞ ഭാവം നടിക്കുകയും ഓടിയെത്തി ശ്രമദാനം നടത്തുകയും ചെയ്തേക്കുമായിരുന്നത്.
പണ്ട് മൌലാനാ മൌദൂദി പറഞ്ഞത് “ഒരു ജർമ്മൻ യഹൂദിയുടെ പ്രതികാരബുദ്ധിയിൽ നിന്നു പൊട്ടിപ്പുറപ്പെട്ടതും റഷ്യയിൽ തഴച്ചുവളർന്നതുമായ വിഷച്ചെടിയാണു കമ്മ്യൂണിസം” എന്നാണ്. മുമ്പ്, മാർക്സിസ്റ്റു പാർട്ടിയുടെ സംസ്ഥാനസെക്രട്ടറി, ജമാഅത്തെ ഇസ്ലാമി ഒരു കടുത്ത മതമൌലികവാദസംഘടന തന്നെയാണെന്നും അവർ ആട്ടിൻതോലണിയാൻ ശ്രമിക്കാറുണ്ടെന്നുമൊക്കെ പ്രസ്താവിച്ചിട്ടുള്ളതുമാണ്. പക്ഷേ, കാലക്രമേണ കാര്യങ്ങൾ തകിടം മറിഞ്ഞു. അല്ലെങ്കിൽ ആരൊക്കെയോ ചേർന്നു തകിടം മറിച്ചു. അധികാരരാഷ്ട്രീയം എന്ന മതത്തിൽ വോട്ടാണു ദൈവം. ആ ദൈവത്തിന് - വോട്ടിന് - അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയും.
കെട്ടിപ്പിടുത്തത്തിനു ശേഷവും ചില്ലറ പരിഭവപ്രകാശനങ്ങൾ ഉണ്ടാകാതെയല്ല. നന്ദിഗ്രാമിൽ മാർക്സിസ്റ്റുകൾ കയറി മേഞ്ഞത് കൂടുതലും മുസ്ലീങ്ങളുടെ പുറത്തായിരുന്നതിനാൽ ‘മാധ്യമ’ത്തിനെ അതു ചൊടിപ്പിക്കാതെയൊന്നുമല്ല. അതിനും മുമ്പ്, 'സാംസ്കാരിക കാൽപനികതയുടെ കാൽപ്പന്തുകളി' എന്ന ലേഖനത്തിലൂടെ സി.ജാവേദ് മറ്റൊരു തുറന്ന യുദ്ധപ്രഖ്യാപനം നടത്തിയിരുന്നതുമാണ്. പക്ഷേ അതെല്ലാം, അനിവാര്യമായ ചില അഭിപ്രായവ്യത്യാസങ്ങളുടെ പ്രതിഫലനങ്ങൾ പോലെ മാത്രമേ അനുഭവപ്പെടുന്നുള്ളൂ. കെട്ടിപ്പിടിച്ച കൈകൾ ഇപ്പോളും പിണഞ്ഞുതന്നെ കിടക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പിലും ഈ പരസ്പരസഹായസഹകരണസംഘം പ്രവർത്തിക്കാൻ തന്നെയാണു സാദ്ധ്യത.
മതസംബന്ധിയായ എന്തിനോടുമെതിരെ മാർക്സിസ്റ്റുകൾ കാണിക്കുന്ന ശൌര്യം ഹൈന്ദവമായവയ്ക്കാണു ബാധകമായിക്കാണാറുള്ളത് എന്ന വർത്തമാനകാലസാഹചര്യം ഈയവസരത്തിൽ പരാമർശയോഗ്യമാണെങ്കിലും, അതു മനപ്പൂർവ്വം ഒഴിവാക്കുകയാണ്. മുകളിൽ ചൂണ്ടിക്കാണിച്ച നിലപാടുകളൊക്കെ തീവ്രവാദചിന്തകൾ മനസ്സിലുണ്ടായി വരുന്ന ഒരു മുസ്ലീം ചെറുപ്പക്കാരനു കൂടുതൽ പ്രോത്സാഹനമാണോ നൽകുക അതോ അയാൾ പിന്തിരിക്കപ്പെടുകയാണോ ചെയ്യുക എന്നു ചിന്തിക്കാൻ അധികം ബുദ്ധിയൊന്നും വേണ്ട. അതിനാവശ്യമായ മിനിമം ബുദ്ധിയെങ്കിലും ചെങ്കൊടിച്ചുവട്ടിൽ പണയപ്പെടുത്താതെ നീക്കിവച്ചിട്ടുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവർ ഇതേപ്പറ്റിയെല്ലാം ഒന്നു ചിന്തിച്ചു നോക്കട്ടെ.
6. യൂണിയൻ ലീഗും നാഷണൽ ലീഗും
ഐ.എൻ.എല്ലിനേപ്പോലെയുള്ള ഒരു കക്ഷിയുമായി കൂട്ടുചേർന്ന് അവർക്ക് ഒരു എം.എൽ.എ.യെ വരെ നേടിക്കൊടുക്കാൻ മടിക്കാത്തവരാണു മാർക്സിസ്റ്റുകൾ എന്നാരെങ്കിലും പറയുന്നതു കേട്ടാൽ ഉടൻ ചാടിവീണു പ്രതിരോധിക്കുന്ന ചില ബ്ലോഗർമാരെ കണ്ടിട്ടുണ്ട്. നാഷണൽ ലീഗിൽ ഞങ്ങൾ തീവ്രവാദമൊന്നും കാണുന്നില്ല എന്നൊക്കെയാണു വാദം.
ശരി - തീവ്രവാദമില്ലെങ്കിൽ വേണ്ട - പക്ഷേ, പകരം എന്തുകണ്ടിട്ടാണു പിന്നെ ചാടിവീണു കെട്ടിപ്പിടിച്ചത് എന്നതിനു കൂടി മറുപടി വേണം.
അയോദ്ധ്യയിലെ തർക്കമന്ദിരം തകർക്കപ്പെട്ടതിനു ശേഷമുള്ള കുറച്ചുകാലം, അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുത്തതിൽ പ്രമുഖമായൊരു പങ്കുതന്നെ വഹിച്ചിട്ടുള്ള ഇടതുകക്ഷികൾക്കും തീവ്രനിലപാടുകാരായ മുസ്ലീങ്ങൾക്കുമൊക്കെ വിളവെടുപ്പു കാലം തന്നെയായിരുന്നു. അക്കാലയളവിൽ, മുസ്ലീം ലീഗിന്റെ കോൺഗ്രസ്ബന്ധത്തിൽ എതിർപ്പു പ്രകടിപ്പിച്ചു പുറത്തുപോയവർ ചേർന്ന് 1994 ഏപ്രിലിൽ രൂപം കൊടുത്ത അതേ ഇന്ത്യൻ നാഷനൽ ലീഗിന്റെ കാര്യം തന്നെയല്ലേ നാം പറയുന്നത്? മുസ്ലിംലീഗിനു ‘മുസ്ലിമികത’യും മതാഭിമുഖ്യവും ആവശ്യത്തിനില്ല എന്നതു തന്നെയായിരുന്നില്ലേ പരാതികളിലൊന്ന്?
എന്റെ മാർക്സിസ്റ്റുകളേ - ഈപ്പറയുന്ന ഐ.എൻ.എല്ലിന്റെ തലപ്പത്തു തന്നെയുള്ള പലരുടെയും തീവ്രവാദ-ഭീകരവാദ ബന്ധങ്ങൾ ആദ്യം മുതലേ സംശയിക്കപ്പെട്ടിരുന്നതാണല്ലോ. അത് ആദ്യകാലങ്ങളിൽത്തന്നെ അഭിപ്രായഭിന്നതകളിലേക്കും പ്രതിസന്ധികളിലേക്കുമൊക്കെ എത്തിച്ചതും നാം കണ്ടതാണല്ലോ.
പണ്ട് - ജാഫർ അത്തോളി എന്നൊരാളായിരുന്നു പാർട്ടി സെക്രട്ടറി. അദ്ദേഹം പത്രാധിപരായി കോഴിക്കോടു നിന്നും 'ഹരിതകം' എന്നൊരു വാരികയും പുത്തിറങ്ങിയിരുന്നു. തീവ്രവാദബന്ധുക്കളെ പാർട്ടി നേതൃത്വത്തിൽ നിന്നു പുറത്താക്കണമെന്ന് വാരിക ആവശ്യപ്പെട്ടത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐ.എൻ. എൽ. നേതൃത്വത്തിൽ കയറി വന്ന ചിലർ എൻ.ഡി.എഫ്. സുപ്രീം കൗൺസിൽ അംഗങ്ങളാണെന്നും അവർ പാർട്ടിയിൽ രഹസ്യമായ മറ്റൊരു അജണ്ടയുടെ പ്രചാരകരാണെന്നും മറ്റും ജാഫറും അദ്ദേഹത്തെ പിന്തുണച്ചിരുന്നവരും തുറന്നടിച്ചു.
ഒരിക്കൽ, "തീവ്രവാദത്തിന്റെ പേരിൽ ന്യൂനപക്ഷസമുദായത്തിലെ യുവാക്കളെ രംഗത്തിക്കി നാട്ടിൽ തെങ്ങും പുരയിടവും വാങ്ങിക്കൂടുന്ന ഭീകരവാദികളെ ഒറ്റപ്പെടുത്തണ"മെന്ന് ഹരിതകം അതിന്റെ വിവാദമുഖലേഖനത്തിൽ പാർട്ടി അണികളോടു പരസ്യമായി ആഹ്വാനം ചെയ്തു. അധികം താമസമൊന്നും വേണ്ടിവന്നില്ല - ജാഫർ അത്തോളി പാർട്ടിയിൽ നിന്നു പുറത്തായി! അദ്ദേഹവും അനുയായികളും പിന്നീടു ലീഗിലേക്കു തന്നെ മടങ്ങുകയും ചെയ്തു. അവശിഷ്ട ഐ.എൻ.എല്ലിൽ തീവ്രവാദമില്ലെങ്കിൽ, പിന്നെ എന്തു നയങ്ങളാണ് അവരെ ഇടതുമുന്നണിയിൽ അംഗമാകാൻ അർഹരാക്കുന്നത് എന്നു കൂടി ആരെങ്കിലും പറയേണ്ടിയിരുന്നു.
ഐ.എൻ.എല്ലിന്റെ കൊടിയും ഭരണഘടനയും പോലും സുലൈമാൻ സേട്ട് തീരുമാനിച്ചത് തന്നോടുകൂടി ആലോചിച്ചിട്ടാണെന്ന് പണ്ട് ഹർകിഷൻ സിംഗ് സുർജിത് പഞ്ഞിരുന്നതായിക്കൂടി ചേർത്തുവായിക്കുന്നതു നന്നായിരിക്കും. സേട്ടുവും സുർജിതും സെക്യുലർ ബദലുമൊന്നും ഇപ്പോൾ നമുക്കിടയിലില്ല. ഇപ്പോൾ അവശേഷിക്കുന്നതു പിന്നെയെന്താണെന്നു ചോദിച്ചാൽ മാർക്സിസ്റ്റുകാർക്കു മറുപടിയുണ്ടാകുമോ എന്നറിയില്ല. എന്തായാലും, ലീഗിന്റെ കോട്ടകൾ പൊളിക്കാനും പരമാവധി മുസ്ലീം വോട്ടുകൾ എങ്ങനെയും നേടാനുമായി ഏതറ്റം വരെ പോകാനും മടിക്കാത്ത സി.പി.എം. വർഗീയ-തീവ്രവാദപ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ യാതൊരു മടിയും കാണിച്ചിട്ടില്ലെന്നു പകൽ പോലെ വ്യക്തമാണ്. ഉദാഹരണങ്ങളുടെ കൂടെ ഐ.എൻ.എൽ. ബാന്ധവം പരാമർശിക്കപ്പെടാതെയുമിരിക്കില്ല.
7. (ജനകീയ) ‘പ്രതിരോധം അപരാധ‘മല്ലേ?
'ജനാധിപത്യമുറയിൽ പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശപ്രസ്ഥാന'മാണ് തങ്ങളുടേതെന്ന എൻ. ഡി. എഫ്. നേതാക്കളുടെ അവകാശവാദം എന്തുകൊണ്ടു ജനങ്ങൾ തള്ളിക്കളയുന്നു എന്നതിനേക്കുറിച്ചുള്ള ഒരു വിശദീകരണം ഇവിടുത്തെ വിഷയത്തിനു പുറത്താണ്. അല്ലെങ്കിൽത്തന്നെ, ‘മനുഷ്യാവകാശം‘ എന്ന പേരു പോലും ഭീതിജനകമായി മാറ്റിക്കളഞ്ഞിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അത്തരമൊരു ചർച്ചയ്ക്കു പ്രസക്തിയുമില്ല.
മാർക്സിസ്റ്റുകളേയും എൻ. ഡി. എഫുകാരേയും തമ്മിൽ പലപ്പോഴും തിരിച്ചറിയാൻ സാധിക്കാതെ വരുന്നില്ലേ എന്നതിനേപ്പറ്റി മാത്രം ചിലതു സൂചിപ്പിക്കാനാണുദ്ദേശം.
“എൻ. ഡി. എഫ്. കേവലമൊരു വർഗീയ സംഘടനയെന്ന നിലയിലും കൂടുതൽ വളർന്നിരിക്കുന്നു”വെന്ന് സി.പി.എം. സെക്രട്ടറിയുടെ അഭിപ്രായം കേട്ടു. ‘കേവല’മൊരു വർഗ്ഗീയ സംഘടന മാത്രമാണെന്നുണ്ടെങ്കിൽത്തന്നെ ഇതുവരെ പാലൂട്ടി വളർത്തിയതു നീതീകരിക്കാമോ എന്നൊരു മറുചോദ്യത്തിനു തീർച്ചയായും അവസരമുണ്ട്.
എൻ. ഡി. എഫും സി.പി.എമ്മുമായി യാതൊരു തരത്തിലുമുള്ള ബന്ധവുമില്ലെന്നൊക്കെ ആവർത്തിക്കുന്ന മാർക്സിസ്റ്റുകളുണ്ട്. സുഹൃത്തുക്കളേ അതു നിങ്ങളിൽ ചിലരുടെ ഒരു ആഗ്രഹമായിരിക്കാം. പക്ഷേ മറ്റുള്ളവർക്ക് അങ്ങനെയല്ല തോന്നുന്നത് എന്നെങ്കിലും നിങ്ങൾ തിരിച്ചറിഞ്ഞേ തീരൂ.
പകൽ സി.പി.എമ്മും രാത്രി എൻ. ഡി. എഫുമായി നടക്കുന്ന ആളുകളുണ്ട് എന്ന ആരോപണങ്ങൾ വന്നിട്ട് എത്ര വർഷങ്ങളായി എന്നു വല്ല ഓർമ്മയുമുണ്ടോ? അതിനെയൊക്കെ എങ്ങനെ പ്രതിരോധിച്ചുവെന്നാണു നിങ്ങൾ പറയുന്നത്? ആത്മാർത്ഥമായി ചിന്തിച്ചു നോക്കുക.
“സി.പി.എമ്മിൽ എൻ. ഡി. എഫ്. പ്രവർത്തകർ നുഴഞ്ഞുകയാതെ നോക്കാൻ പ്രവർത്തകർക്കറിയാം - അവർ ജാഗ്രത പാലിക്കുന്നുണ്ട് ”- എന്നൊക്കെ പാലോളിയുടെ അവകാശവാദവും കേട്ടു. ഈ "ജാഗ്രത" പാലിക്കുന്നവർ തന്നെ എൻ. ഡി. എഫ്.കാരാകാതെ നോക്കിയാൽ കൊള്ളാം എന്നു മാത്രമേ അദ്ദേഹത്തോട് ഉപദേശിക്കാനുള്ളൂ.
എൻ.ഡി.എഫല്ലെങ്കിൽപ്പിന്നെ മറ്റാരൊക്കെയോ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നു തീർച്ചയാണ്. ഇനി അതും ഇല്ല എന്നാണെങ്കിൽ, സ്ഥിതി കൂടുതൽ ഗുരുതരമാണ്. കാരണം, അങ്ങനെ വന്നാൽ, “ഒറിജിനൽ മാർക്സിസ്റ്റുകൾ” തന്നെ പരിധിവിടുന്നു എന്നാണല്ലോ അർത്ഥം. എന്തായാലും, പാർട്ടിയ്ക്കു പൊതുവേ ഗുണകരമല്ലാത്ത പലതും ചെയ്യുന്ന അണികളെയാണ് കുറേക്കാലമായി കണ്ടുകൊണ്ടിരിക്കുന്നത്. ഒറിജിനലാണോ ഡൂപ്ലിക്കേറ്റാണോ എന്നു പാർട്ടിതന്നെ പറയട്ടെ.
രാഷ്ട്രീയപ്പാർട്ടികളിലും യുവജനസംഘടനകളിലും തീവ്രവാദിസാന്നിദ്ധ്യമുള്ളതിനേപ്പറ്റി ഇന്റലിജൻസ് റിപ്പോർട്ടു വന്നതായി മനോരമ ഒരിക്കൽ പറഞ്ഞിരുന്നു.
അതിൽ പറഞ്ഞിരിക്കുന്നതു മിക്കവാറും വിശ്വസനീയമാണ്. എത്രയോ ഉദാഹരണങ്ങൾ എടുക്കാൻ പറ്റും.
ഒന്നുമില്ലെങ്കിലും, കൊടുങ്ങല്ലൂരിനേക്കുറിച്ചു പറഞ്ഞിരിക്കുന്നതെങ്കിലും പ്രസ്ഥാനസ്നേഹികൾ ശ്രദ്ധിക്കാതെ വിടരുത്. കൊടുങ്ങല്ലൂർ സംഘപ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. അവിടെ അവരെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആരെയും ആശ്രയിക്കും എന്ന സി.പി.എം. നയം തിരിച്ചടിയായില്ലേ എന്നൊന്നു ചിന്തിച്ചു നോക്കുന്നതു നന്നായിരിക്കും. നുഴഞ്ഞുകയറ്റക്കാരെന്നു സംശയിക്കാവുന്നവർ മുന്നിട്ടു നിന്നു നടത്തിയ ഒരു താണ്ഡവത്തിനിടെയാണ് ഒരു സി.പി.എം. പ്രവർത്തകന്റെ തന്നെ ജീവൻ നഷ്ടമായത്. എന്നിട്ട് അതിനെതിരെയുള്ള പ്രതിഷേധമാണെന്നും പറഞ്ഞു നടത്തിയ 'പ്രകടന'ത്തിൽ കൊടുങ്ങല്ലൂരിലെ എത്രയെത്ര കടകളാണു നശിപ്പിക്കപ്പെട്ടത്? പാർട്ടിയ്ക്ക് ഇനിയൊരിക്കലും തിരുത്താനാവാത്തത്ര പിഴവുകളാണ് അതിലൂടെ പറ്റിയത്.
ആലോചിച്ചു നോക്കണം! ഗുരുമന്ദിരങ്ങളും മറ്റുമാണ് അക്കൂടെ തച്ചുതകർക്കപ്പെട്ടത്!!!
കൊടുങ്ങല്ലൂരിൽ ഈഴവസമുദായം മാത്രമല്ല - സകലജാതിവിഭാഗങ്ങളിലും പെട്ട ഹിന്ദുക്കൾ - ഇതരമതവിഭാഗക്കാർ - പ്രത്യേകിച്ചു മുസ്ലീങ്ങൾ - അങ്ങനെ പലരും വിവിധ സംഘപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. സംഘത്തിനെതിരെയുള്ള വികാരം തന്നെയാണോ കഴിഞ്ഞയിടെ ഗുരുമന്ദിരങ്ങൾക്കെതിരെ പ്രകടിപ്പിച്ചു കണ്ടത് എന്നു സി.പി.എം. ഒന്നു ചിന്തിക്കേണ്ടതാണ്. പാർട്ടിയുടെ ‘ബഹുജനാടിത്തറ’യേക്കുറിച്ചൊക്കെ എത്രയൊക്കെ വാദിച്ചാലും ശരി - ഈഴവസമുദായത്തിലെ നല്ലൊരു ശതമാനത്തിന്റെ പിന്തുണ ഇപ്പോളും നഷ്ടമാകാതെ സൂക്ഷിക്കാൻ കഴിയുന്ന സാഹചര്യം എന്നവസാനിക്കുന്നോ അന്നുമുതൽ ഇവിടെ ഇടതുപക്ഷമില്ല. അന്നും ഇന്നും സ്ഥിതി അതു തന്നെയാണ്. സി.പി.എമ്മിന്റെ കൊടി പിടിച്ചുകൊണ്ട് ആരാണു ഗുരുമന്ദിരങ്ങൾ തല്ലിത്തകർത്തതെന്നു പാർട്ടി സ്വയം കണ്ടുപിടിക്കട്ടെ.
ജില്ലാ ഘടകം ഇതേക്കുറിച്ചൊക്കെ ബോധവാന്മാരാണെന്നും മേൽഘടകത്തിനു റിപ്പോർട്ടു പോയിട്ടുണ്ടെന്നും പറയുന്നു. അതുകൊണ്ടൊക്കെ എന്തു പ്രയോജനം? പാർട്ടിസെക്രട്ടറി നേരിട്ടു ചെന്ന് അവിടെ നടത്തിയ പ്രസംഗത്തിൽ ഒരു തിരിച്ചറിവിന്റെ സ്വരമൊന്നുമല്ല കേട്ടത്. അല്ലെങ്കിലും അദ്ദേഹത്തിനു നുഴഞ്ഞുകയറ്റം ഒരു വലിയ പ്രശ്നമായിട്ടൊന്നും അനുഭവപ്പെടുന്നില്ലായിരിക്കാം.
അതേക്കുറിച്ചൊക്കെ പറയാനാണെങ്കിൽ ഏറെ നീളും. അതു പോട്ടെ.
“ഞങ്ങൾ എൻ.ഡി.എഫുമായി ചിലയിടങ്ങളിൽ കായികമായിത്തന്നെ ഏറ്റുമുട്ടുന്നു പോലുമുണ്ടല്ലോ” എന്നൊക്കെ വാദിക്കുന്ന പാവം മാർക്സിസ്റ്റുകളുണ്ട്. സുഹൃത്തുക്കളേ അതുകൊണ്ടെന്താണ്? സി.പി.എമ്മിനു പുറത്തുള്ള ആരെയും നിങ്ങൾ വെട്ടില്ലേ? അതിന്റെ പേരിൽ ശതൃതയും സൗഹൃദവും അളക്കാനാവുമോ? കമ്മ്യൂണിസ്റ്റു സഹോദരപ്രസ്ഥാനമായ സി.പി.ഐ.യുടെ പ്രവർത്തകരെ നിങ്ങൾ വെട്ടുന്നില്ലേ - എന്തിനേറെപ്പറയുന്നു - നിങ്ങൾ തങ്ങളിൽത്തങ്ങളിൽപ്പോലും വെട്ടു നടത്തുന്നതിന്റെ എത്രയോ വാർത്തകൾ വരുന്നു. വെട്ട് ഒരു മാനദണ്ഡമേയല്ല.
അല്ലെങ്കിൽത്തന്നെ, എന്നു മുതലാണു നിങ്ങൾ എൻ.ഡി.എഫുകാരെ വെട്ടിത്തുടങ്ങിയത്? തെക്ക്, യൂണിവേർസിറ്റി കോളേജിൽ ക്യാമ്പസ്ഫ്രണ്ടിനെ വെട്ടേണ്ടി വന്നു. വടക്ക് ഒന്നുരണ്ടിടത്ത് ഈയിടെ വെട്ടേണ്ടി വന്നു. സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്കു നേരേ ചാഞ്ഞാൽ മുറിക്കണം എന്ന മട്ടിലുള്ള ഒരു വെട്ടുമാത്രമായിരുന്നു അതെല്ലാം. ശരിയല്ലേ എന്നു ചിന്തിക്കുക. വൈകിപ്പോയോ എന്നും സ്വയംകൃതാനർത്ഥമല്ലേ എന്നും ഇനിയെങ്കിലും ആലോചിച്ചു നോക്കുക.
കണ്ണൂരിൽ ശിവപുരത്തും മറ്റും കഴിഞ്ഞയിടെ എൻ.ഡി.എഫുകാർ നടത്തിയ ചില പ്രകടനങ്ങൾക്കു നിങ്ങൾ പകരം വീട്ടിയത് ഹിന്ദുസംഘടനകൾക്കു നേരേ വാൾ വീശിക്കൊണ്ടാണ്! ആരാണു ചെയ്തതെന്ന് അറിയാമായിരുന്നിട്ടുപോലും! എൻ.ഡി.എഫിനു നേരെയാണെങ്കിൽ വാളുപിടിച്ച കയ്യുകൾ ഉയരാൻ മടിക്കുന്നെങ്കിൽ അതെന്തുകൊണ്ടാണെന്നു കണ്ടെത്തുക. ആ കയ്യുകളിൽ ചിലതാണോ വാളുകൾക്കു പകരം തോക്കുമേന്തി കാശ്മീരിലേക്കു കടക്കുന്നതെന്നും കണ്ടെത്തുക.
മാർക്സിസ്റ്റു സുഹൃത്തുക്കളേ - ചോദിക്കാനാണെങ്കിൽ ഒട്ടേറെയുണ്ട്. വിസ്താരഭയത്താൽ പലതും ഒഴിവാക്കുകയാണ്. ഇപ്പോളത്തെ ബന്ധം ഉറപ്പിക്കുന്നവയും, ഒരു വച്ചുമാറ്റം എളുപ്പം സാദ്ധ്യമാക്കുന്ന തരത്തിൽ ആശയപരമായ സാമ്യം സൂചിപ്പിക്കുന്നവയുമായ ചില കേട്ടുകേൾവികളാണ് ഇനിപ്പറയുന്നത്. ഇവയിൽ ഏതെങ്കിലുമൊക്കെ ശരിയാണോ?
മലപ്പുറം ജില്ലയിൽ സി.പി.എമ്മിന്റെ ഒരു മുൻപഞ്ചായത്തു പ്രസിഡന്റ് എൻ.ഡി.എഫ്. സുപ്രീം കൗൺസിൽ അംഗമാണ് എന്നു കേട്ടിട്ടുണ്ട്. ശരിയാണോ?
ഇപ്പോൾ കശ്മീരിലേക്കു തീവ്രവാദികളെ സംഭാവന ചെയ്ത പ്രദേശമായ കണ്ണുരിൽ സംഘപ്രസ്ഥാനങ്ങൾക്കെതിരെയെന്ന പേരിൽ പലയിടത്തും സി.പി.എം.-എൻ.ഡി.എഫ്. ബന്ധമുള്ളതായി മുമ്പേ തന്നെ ആരോപണമുണ്ട്. ശരിയാണോ?
ഇ.പി.ജയരാജൻ, എം.വി.ജയരാജൻ തുടങ്ങിയ സി.പി.എം. എം.എൽ.എ.മാർക്കുവേണ്ടി എൻ.ഡി.ഫുകാർ പരസ്യമായി വോട്ടു പിടിച്ചതായിക്കേട്ടിട്ടുണ്ട്. ശരിയാണോ?
എൻ.ഡി.എഫ്. മുഖപത്രമായ തേജസ്സിന്റെ എക്സിക്യൂട്ടിവ് എഡിറ്റർ എൻ.പി. ചേക്കുട്ടി നേരത്തെ ദേശാഭിമാനിയിലും കൈരളിയിലുമൊക്കെ ഉന്നതസ്ഥാനം വഹിച്ച വ്യക്തിയല്ലേ? അദ്ദേഹം എസ്.എഫ്.ഐ.യുടെ തലപ്പത്തുണ്ടായിരുന്നയാളല്ലേ?
എൻ.ഡി.എഫ്. സുപ്രീം കൗൺസിൽ അംഗം ഷൊർണ്ണൂർ ഉസ്മാൻ പണ്ടൊക്കെ ശാസ്ത്രസാഹിത്യപരിഷത്തിലെ പുരോഗമനവാദികളിലൊരാളായിരുന്നുവെന്നും കേൾക്കുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് എൻ.ഡി.എഫ് ഇടതുമുന്നണിക്കുവേണ്ടി വോട്ടു ചെയ്യുക മാത്രമല്ല - പ്രവർത്തിക്കുക കൂടി ചെയ്തു. അവിടെ ബി.ജെ.പി. സ്ഥാനാർത്ഥി ജയിക്കാനുള്ള സാദ്ധ്യത ഉരുത്തിരിഞ്ഞുവന്നതായിരുന്നു കാരണം. പി.കെ.വി.യുടെ ജയത്തിൽ പങ്ക് അവകാശപ്പെട്ടുകൊണ്ട് എൻ.ഡി.എഫ്. പരസ്യമായി രംഗത്തുവന്നിട്ടുള്ളതുമാണ്.
പിന്നീട് അവിടെ ഉപതെരഞ്ഞെടുപ്പിലും മുകുന്ദൻ സി.മേനോൻ വഴി ഇടതു നേതാക്കൾ എൻ.ഡി.എഫിനെ സമീപിച്ചിരുന്നതായി പയപ്പെടുന്നുണ്ട്.
മഞ്ചേരി തെരഞ്ഞെടുപ്പിലും സഖ്യശ്രമങ്ങൾ സംബന്ധിച്ച വാർത്തകേട്ടിരുന്നു.
എറണാകുളം ഉപതെരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോളിനു വേണ്ടിയും എൻ.ഡി.എഫ് സ്ക്വാഡ്‌വർക്കു നടത്തിയെന്നു വാർത്തയുണ്ടായിരുന്നു.
ഉപകാരസ്മരണയാണോ എന്നറിയില്ല - എന്തായാലും തേജസ്സ് ദിനപത്രത്തിനെതിരെ കോടതിയലക്ഷ്യക്കേസ് വന്നപ്പോൾ അവർക്കുവേണ്ടി അഭിഭാഷകനായി എത്തിയത് ഇപ്പോൾ സി.പി.എമ്മിന്റെ തന്നെ ഔദ്യോഗിക എം.പി.യായ (സ്വതന്ത്രനല്ല) സെബാസ്റ്റ്യൻ പോളായിരുന്നു. അതു കേവലം കേട്ടുകേൾവിയല്ല – എല്ലാവരും കണ്ടതാണ്.
മുകുന്ദൻ സി.മേനോൻ ഉണ്ടായിരുന്നപ്പോൾ, അദ്ദേഹം എൻ.ഡി.എഫിനും പുരോഗമനസാഹിത്യകാരന്മാർക്കുമിടയിലുള്ള ഒരു പാലം പോലെ അനുഭവപ്പെട്ടിരുന്നു.
പുരോഗമനസാഹിത്യകാരനും സി.പി.എം. സൈദ്ധാന്തികനുമായ കെ.ഇ.എൻ. ചിലയവസരങ്ങളിൽ എൻ.ഡി.എഫിനെ ന്യായീകരിച്ചു സംസാരിക്കുന്നതായും അവരുടെ മുഖപത്രത്തിൽ എഴുതിയിട്ടുള്ളതായും പറയപ്പെടുന്നുണ്ട്. ഒരു എൻ.ഡി.എഫ്. ഏജന്റാണോ എന്ന സംശയത്തോടെ അദ്ദേഹത്തെ സമീപിക്കുന്ന ചിലരെങ്കിലും പാർട്ടിയിലുണ്ട്.
എൻ.ഡി.എഫ്. കാർ ഇവിടെ ഹുറിയത്ത് നേതാക്കളെ കൊണ്ടുവന്നു ചർച്ച നടത്തിയിരുന്നുവെന്നും, സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള ഡൽഹിയിൽ ഒരു പത്രസമ്മേളനത്തിനിടെ അതിനെ ന്യായീകരിച്ചുവെന്നും കേട്ടിരുന്നു.
‘മനുഷ്യാവകാശ’ത്തിന്റെ പേരും പറഞ്ഞ് എൻ.ഡി.എഫ്. സംഘടിപ്പിക്കാറുള്ള പരിപാടികളിലൊക്കെ പ്രസംഗിച്ചു കാണുന്നത് പി.ഗോവിന്ദപ്പിള്ളയേപ്പോലുള്ള (മുൻ?)കമ്മ്യൂണിസ്റ്റാചാര്യന്മാരൊക്കെയാണ്.
ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടെന്നുമുള്ള ആരോപണങ്ങൾ പല സംഘടനകളും ഉന്നയിച്ചിരുന്നു.
അങ്ങനെ പലതും.
ഇതിൽ ചിലതെങ്കിലും ആരോപണങ്ങൾ മാത്രമാണെന്നു വാദിച്ചു നിൽക്കാം. പക്ഷേ അവയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിയ്ക്കപ്പെടുന്നുണ്ട് എന്നതെങ്കിലും നിങ്ങൾ അവഗണിക്കാതിരിക്കുക - മാർക്സിസ്റ്റുകളേ.
പറയാനാണെങ്കിൽ ഒത്തിരിയൊത്തിരിയാണ്. ഇപ്പോൾത്തന്നെ ആവശ്യത്തിലധികമായതായിത്തോന്നുന്നതിനാൽ നിർത്തുകയാണ്.
പ്രിയപ്പെട്ട സി.പി.എമ്മുകാരേ - ചുരുക്കിപ്പറഞ്ഞാൽ - തീവ്രവാദചിന്തകൾ മനസ്സിൽപ്പേറുന്ന മുസ്ലീം ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ സംഘടന ഒരു തടസ്സമേയല്ല. നിങ്ങളവർക്ക് ഒരു ഭീഷണിയേയല്ല. നിങ്ങളുടെ വാതിലുകൾ മുട്ടാതെ തന്നെ തുറന്നു കിടക്കുന്നതായാണ് അവർക്കനുഭവപ്പെടുക. നുഴഞ്ഞൊന്നും കയണ്ട. നട്ടെല്ലു നിവർത്തി - നെഞ്ചു വിരിച്ചു തന്നെ നടന്നു കയറാം.
പിന്നെ, ആരെങ്കിലും ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നെങ്കിൽ അവരുടെ നേരെ കയർക്കുകയല്ല വേണ്ടതെന്നു കൂടി സ്നേഹപൂർവ്വം ഓർമ്മിപ്പിക്കട്ടെ. പറയുന്നതിൽ കാര്യമുണ്ടോ എന്ന് ആലോചിക്കുകയും, ആത്മപരിശോധനയിലൂടെ തെറ്റുകളുണ്ടെങ്കിൽ കണ്ടെത്തി തിരുത്താൻ ശ്രമിക്കുകയും, അവ ചൂണ്ടിക്കാണിച്ചു തരുന്നവരോടു മനസ്സിൽ നന്ദി സൂക്ഷിക്കുകയുമാണു വേണ്ടത്.
വാൽക്കഷണം:-
തീവ്രനിലപാടുകാരായി അറിയപ്പെടുന്ന സംഘടനകളുമായി മാർക്സിസ്റ്റുകൾക്കുള്ള പ്രത്യക്ഷബന്ധം മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. അടുത്ത ചില ഭാഗങ്ങളിൽ, നയപരമായ പ്രോത്സാഹനങ്ങളേക്കുറിച്ചു സൂചിപ്പിക്കാമെന്നു കരുതുന്നു. പാർട്ടിയുടെ ചില നയങ്ങൾ പൊതുവിൽത്തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ തീവ്ര ഇസ്ലാമിസ്റ്റുകൾക്കു പ്രോത്സാഹനം കൊടുക്കുന്നവയായിരുന്നില്ലേ എന്നൊരു പരിശോധന.
കേരളത്തിൽ നടന്ന വിവിധ സംഭവങ്ങൾ
തീവ്രവാദത്തെ ‘കൊച്ചാക്കൽ’
മാറാടും മാർക്സിസ്റ്റുകളും
അയോദ്ധ്യ
ഇറാന്റെ ബോംബ്
സദ്ദാം വധം
തസ്ലീമ – ‘ലജ്ജ‘യില്ലാതെ!
ഗോധ്രാനന്തര കലാപം
ഒറീസ – പോസ്റ്റർ പ്രചാരണം
അതിസം, ഇതിസം ആന്റ് ഫാസിസം
കശ്മീർ – ജമ്മു – അമർനാഥ് – പരിസ്ഥിതി!
ജീവന്റെ മതം - പൊന്നാനിയ്ക്കു വടക്കും തെക്കും?
മോഡിയുടെ പ്രസംഗം മോർഫുചെയ്തപ്പോൾ
കോയമ്പത്തൂർ - ‘വിചാരണകൂടാതെ‘ വിധിപ്രഖ്യാപനമോ?
അത് അടുത്ത പോസ്റ്റിൽ.
ഇതുകൂടി:-
ഇവിടെ മാർക്സിസ്റ്റുകൾ വിമർശിക്കപ്പെടുന്നുവെന്നതു കണ്ടു സന്തോഷിച്ചേക്കാവുന്ന യു.ഡി.എഫുകാരുണ്ടെങ്കിൽ അവരോടു ചിലത്:-
കേരളത്തിലെ ചില മുസ്ലീം ചെറുപ്പക്കാർക്കിടയിൽ തീവ്രവാദപ്രവണതകൾ വളർത്തിയതിന്റെ സമ്പൂർണ്ണ ഉത്തരവാദിത്തം സി.പി.എമ്മിനാണെന്നു സ്ഥാപിക്കാനാണ് ഈപ്പറഞ്ഞതെല്ലാം എന്നു നിങ്ങൾ കരുതിയെങ്കിൽ തെറ്റി. യു.ഡി.എഫിന്റെ സംഭാവനകളേപ്പറ്റി വിമർശിച്ചാലും നല്ല നീളം തന്നെ വരും അതിനും. ഒട്ടേറെയുണ്ടു പറയാൻ. മാറാട്ട് ഒരു കെട്ടിടം തുറന്ന് തറയിൽ ആയുധം സൂക്ഷിച്ചതിന്റെ ചോരപ്പാടുകൾ കഴുകിക്കളയാൻ സഹായിച്ചത് ഇടതുപക്ഷത്തുള്ള ജനപ്രതിനിധിയല്ല. പറയാനാനെങ്കിൽ ഒട്ടേറെയുണ്ട്. കഴിഞ്ഞ സർക്കാറിന്റെ കാലം കണക്കിലെടുത്തു പറഞ്ഞാൽത്തന്നെ ഒട്ടേറെയുണ്ട്. വിടുകയാണ്. സമയം കിട്ടിയാൽ പിന്നാലെ അതുമാവാം.
കേരളത്തിലെ കുറച്ചു മുസ്ലീം ചെറുപ്പക്കാർക്കിടയിൽ തീവ്രവാദ പ്രവണതകൾ വളർന്നിട്ടുണ്ടെങ്കിൽ അതിന്റെ വളർത്തച്ഛനും വളർത്തമ്മയുമാണ് ഇടതുവലതു മുന്നണികൾ എന്ന പ്രയോഗം ശരിയാണ്. അക്ഷരം പ്രതി ശരി.