July 20, 2008

സോമനാഥ് ചാറ്റർജീ, സ്മരണ വേണം – വിമോചനസമരകാലത്തെ ഈ വിവാഹഫോട്ടോ!

പ്രിയ സോമനാഥ്‌ ചാറ്റർജീ,

ചില പഴയകാര്യങ്ങൾ ഓർമ്മിപ്പിക്കാതെ വയ്യ എന്നു തോന്നുന്നു.

തീരുമാനങ്ങൾ അടിച്ചേൽ‌പ്പിക്കപ്പെടുന്ന സി.പി.എം. ശൈലി പഴയതുപോലെ ഫലിക്കാതാകുന്നത്‌ ഇപ്പോളൊരു വാർത്തയൊന്നുമല്ല. സാധാരണപ്രവർത്തകർ പോലും പാർട്ടിനേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കാൻ മടിക്കാത്ത ഈ കാലത്ത്‌ താങ്കളേപ്പോലൊരു മുതിർന്നനേതാവും അത്തരമൊരു തന്റേടം പ്രകടിപ്പിക്കുന്നെങ്കിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. രാജിവയ്ക്കില്ല എന്ന കടും‌പിടുത്തവും മനസ്സിലായി. പക്ഷേ അതിനു കണ്ടുപിടിച്ച കാരണമാണു മനസ്സിലാകാത്തത്‌. ബി.ജെ.പി.യുമായിച്ചേർന്ന്‌ വോട്ടുചെയ്യാൻ ബുദ്ധിമുട്ടുണ്ടത്രേ!

താ‌ങ്കൾ കസേരയിൽ കടിച്ചുതൂങ്ങുകയാണെന്ന തോന്നലൊഴിവാകണമെങ്കിൽ ശക്തമായ എന്തെങ്കിലും ന്യായീകരണം വേണം. പക്ഷേ ഇതിപ്പോൾ രാജാവിനേക്കാൾ വലിയ രാജഭക്തികാണിക്കുന്ന മട്ടിൽ, കാരാട്ടിനും കൂട്ടാളികൾക്കുമില്ലാത്ത കടും‌പിടുത്തം പ്രദർശിപ്പിക്കുമ്പോൾ, ആ ന്യായീകരണം തീരെ വിശ്വസനീയമല്ലാതാകുന്നുവല്ലോ.

ബി.ജെ.പി.യുമായി ആശയപരമായോ അല്ലാതെയോ ഉള്ള എന്തെങ്കിലുമൊരു പൊരുത്തപ്പെടലല്ല ഇവിടെ സംഭവിക്കുന്നതെന്നും സർക്കാരിനെതിരെ വോട്ടുചെയ്യുമ്പോൾ അതേ നിലപാടെടുക്കുന്ന മറ്റു പലരും ഉണ്ടാ‍യേക്കും എന്ന സാങ്കേതികതമാത്രമേ ഉള്ളൂ എന്നും അല്പമെങ്കിലും രാഷ്ട്രീയപരിജ്ഞാനമുള്ള ഏതൊരാൾക്കും അറിയാം. (ഒരു വശത്ത്‌ സ്വന്തം രാജ്യത്തെ ഒറ്റു കൊടുത്തും ചൈനയ്ക്കുവേണ്ടി ജീവൻ കളയുന്നവർ. മറുവശത്ത് മാതൃരാജ്യത്തിനു വേണ്ടി ജീവൻ കളയുന്നവരും. അവർ തമ്മിൽ എങ്ങനെ യോജിക്കുമെന്നാണ്?) എൺപതിനോടടുത്തു പ്രായമുള്ള താങ്കൾ അങ്ങനെയൊരു ദുർബലന്യായീകരണം കണ്ടെത്തിയതു ബുദ്ധിമോശമായിപ്പോയി.

ഇയൊരവസരത്തിൽ എല്ലാവരും ഒരു പക്ഷേ താങ്കളോടുചോദിച്ചേക്കുക വി.പി.സിംഗ്‌ ഗവണ്മെന്റിന്റെ കാലത്തേക്കുറിച്ചായിരിക്കും. അന്ന്‌ ഇടതുപക്ഷവും ബി.ജെ.പി.യും ഒരുമിച്ചു നിന്ന്‌ ഗവണ്മെന്റിനു പുറത്തുനിന്നു പിന്തുണനൽകിയില്ലേ – അന്നു താങ്കളുടെ നിലപാടെന്തായിരുന്നു – എന്നൊക്കെ.

അതുപക്ഷേ നിസാരമായൊരു ഉദാഹരണമാണെന്നാണ് എനിക്കു പറയാനുള്ളത്‌. അവസരവാദരാഷ്ട്രീയത്തിന്റെ ആൾ‌രൂപങ്ങളാണ് ഇടതുപക്ഷം എന്നു തെളിയിക്കുന്ന വേറേയും ഉദാഹരണങ്ങളുണ്ട്‌. പുറത്തുനിന്നു മൂന്നാമതൊരാളെ പിന്തുണച്ചതു മാത്രമല്ല – അകത്തുനിന്ന്‌ ഒരുമിച്ചു ഭരിച്ചിരുന്നതിന്റെ വരെ ഉദാഹരണങ്ങൾ!

ബി.ജെ.പി.യുടെ വളർച്ചയുടെ ചരിത്രം ആരംഭകാലം മുതലേ പരിശോധിച്ചാൽ - ആദിമരൂപമെന്നു വിളിക്കാവുന്ന ജനസംഘത്തിന്റെ കാലം തൊട്ടു പരിശോധിച്ചാൽ - കൌതുകകരമായൊരു കാര്യം കാണാൻ സാധിക്കും.

ഇപ്പോൾ നിങ്ങൾ അയിത്തം കല്പിക്കുന്ന കക്ഷികളെ അവരുടെ ചരിത്രത്തിലാദ്യമായി മുന്നണിരാഷ്ട്രീയത്തിലേക്കു പിടിച്ചുകൊണ്ടുവന്നത്‌ നിങ്ങൾ - കമ്മ്യൂണിസ്റ്റുകൾ - തന്നെയായിരുന്നു! അവർക്ക്‌ പിന്തുണകൊടുത്തുകൊണ്ട്‌ ഏതാണ്ട്‌ നിർബന്ധപൂർവ്വമെന്നോണം അധികാരം പിടിച്ചേൽ‌പ്പിച്ചു എന്നു തന്നെ പറയാവുന്ന വിധം. ഇന്നുള്ളതുപോലെ ഒരു അയിത്തപ്രഖ്യാപനം നിലനിൽക്കെത്തന്നെയാണു തീരുമാനങ്ങളുണ്ടായത്‌ എന്നിടത്താണ് അവസരവാദത്തിന്റെ ആഴം വ്യക്തമാകുന്നത്‌.

അഞ്ചുപതിറ്റാണ്ടോളം മുമ്പാണത്‌. 1958-ൽ ഡൽഹി കോർപ്പറേഷനിലേയ്ക്ക്‌ നടാടെ നടന്ന തെരഞ്ഞെടുപ്പിനുശേഷം.

കോൺഗ്രസിന് 27 സീറ്റ്‌. ജനസംഘത്തിന് 25. അവിഭക്തകമ്മ്യൂണിസ്റ്റു പാർട്ടിയ്ക്ക്‌ 8. ജനസംഘത്തിനെ “അകറ്റി നിർത്തണ“മെന്നും പറഞ്ഞ്‌ ഇന്നത്തെപ്പോലെ തന്നെ അന്നും കമ്മ്യൂണിസ്റ്റുകൾ കോൺഗ്രസിനെ പിന്തുണച്ചു. കൂട്ടത്തിൽ ഒരു ഉപാധിയും വച്ചു. ആദ്യത്തെ ഡൽഹി മേയർ എന്ന പദവി ഒരു കമ്മ്യൂണിസ്റ്റുകാരിക്കു വേണം. അരുണാ ആസിഫ്‌ അലിയ്ക്ക്‌. കോൺഗ്രസ്‌ സമ്മതിക്കുകയും ചെയ്തു.

പക്ഷേ, ഒരുകൊല്ലത്തിനകം തന്നെ വിവാഹബന്ധം വേർപെടുത്തേണ്ടിവന്നു. ഇന്നത്തെ യു.പി.എ. പോലെ തന്നെ അന്നും പരസ്പരം മുന്നണിപ്രശ്നങ്ങൾ ചർച്ച ചെയ്യലല്ലാതെ ഭരണമൊന്നും നടന്നിരുന്നില്ല. ഓരോ ദിവസവും തമ്മിലടി രൂക്ഷമായിക്കൊണ്ടിരുന്നു. ഒടുവിൽ, ഇങ്ങു കേരളത്തിൽ നിലവിലുണ്ടായിരുന്ന ഇ.എം.എസ്‌.ഗവണ്മെന്റിനെ വിമോചനസമരത്തേത്തുടർന്ന്‌ നെഹൃമന്ത്രിസഭ പിരിച്ചുവിടുക കൂടി ചെയ്തപ്പോൾ പൂർണ്ണമായി.

ഉടൻ തന്നെ ചിത്രം തിരിഞ്ഞു. കോൺഗ്രസിനെ എന്തുവിലകൊടുത്തും തോൽ‌പ്പിക്കണമെന്നായി. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി ചിത്രീകരിച്ചിരുന്ന ജനസംഘവുമായി പന്തീഭോജനമൊക്കെ ആവാം എന്ന നിലപാടായി. കോൺഗ്രസിനു കൊടുത്തിരുന്ന പിന്തുണ പിൻ‌വലിച്ച്‌ നേരേ ജനസംഘത്തിനു കൊടുത്തു.

അപ്പോളും അധികാരം കൈവിട്ടുകളിക്കാതിരിക്കാൻ സൂക്ഷിച്ചു എന്നതും ശ്രദ്ധേയമാണ്. അരുണ ആസിഫ്‌ അലിയെ മേയറാക്കി നിലനിർത്തണം എന്നതായിരുന്നു മുഖ്യ ഉപാധി. ഏതുസമയവും മാറാവുന്ന നിലപാടുകളുള്ളവർ എന്ന നിലയിൽമാത്രം കമ്മ്യുണിസ്റ്റുകളെ വീക്ഷിച്ചുകൊണ്ട്‌ കരുതലോടെ നീങ്ങിയ ജനസംഘം, ലിഖിതമായ ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽമാത്രമേ മുന്നണിബന്ധത്തിനു താല്പര്യമുള്ളൂ എന്നു വ്യക്തമാക്കി. അങ്ങനെ, മേയർ - ഡെപ്യൂട്ടിമേയർ പദവികൾ ഇരുകക്ഷികൾക്കും മാറിമാറിവരും എന്ന വ്യവസ്ഥയിന്മേൽ കമ്മ്യൂണിസ്റ്റുപാർട്ടിയും ജനസംഘവും ചേർന്ന്‌ ഡൽഹിഭരിച്ചു. പിന്നീട്‌ ബി.ജെ.പി.യിലെ പ്രമുഖനേതാവായി മാറിയ കേദാർനാഥ്‌സാഹ്‌നിയായിരുന്നു ആദ്യത്തെ ഡപ്യൂട്ടി മേയർ.

ഏഴെട്ടുകൊല്ലത്തിനുശേഷം ബീഹാർ അസംബ്ലിയിലും ഒരു കമ്മ്യൂണിസ്റ്റ്‌ – ജനസംഘം കൂട്ടുകെട്ട്‌ ഉണ്ടായിരുന്നു.

അപ്പോൾ ചുരുക്കമിതാണ് ശ്രീ. ചാറ്റർജീ. കമ്മ്യൂണിസ്റ്റുകൾ ഇപ്പോൾ തൊട്ടുകൂടാത്തവരായി പ്രഖ്യാപിച്ചിരിക്കുന്നവരെ ആദ്യം കെട്ടിപ്പിടിച്ചത്‌ നിങ്ങൾ കമ്മ്യൂണിസ്റ്റുകൾ തന്നെയാണ്.

എന്തായാലും നിങ്ങൾ നൽകിവിട്ട തുടക്കം മോശമായില്ല. ഒരു മുന്നണി സംവിധാനത്തിൽ മികച്ചഭരണം കാഴ്ചവയ്ക്കേണ്ടതെങ്ങനെയെന്ന്‌ ബി.ജെ.പി. തെളിയിച്ചു തന്നില്ലേ‌? കേന്ദ്രത്തിൽ ഒരു കോൺഗ്രസിതരമുന്നണിഗവണ്മെന്റ്‌ കാലാവധി തികയ്ക്കുന്നത്‌ ആകെ ഒരിക്കലേ സംഭവിച്ചിട്ടുള്ളു. അതു കഴിഞ്ഞതവണയാണ്. അതിനെ നയിച്ചത്‌ അവരാണ്.

ബി.ജെ.പി.യെ എങ്ങനെയും ഒഴിവാക്കുക എന്ന ഒരേയൊരു അജണ്ടയുമായി തട്ടിക്കൂട്ടിയ യു.പി.എ. മുന്നണിയേക്കാൾ എത്രയോ മടങ്ങു ഭേദമായിരുന്നു ദേശീയജനാധിപത്യസഖ്യം? അല്ല – അതേപ്പറ്റി വിശദീകരിക്കേണ്ടതില്ല. മുന്നണിഭരണത്തിന്റെ കാര്യത്തിൽ ബി.ജെ.പി.യാണു ഭേദം എന്നു താങ്കളുടെ പാർട്ടിതന്നെ തുറന്നംഗീകരിച്ചിട്ടുണ്ട്‌. 2007 ഒക്റ്റോബറിൽ നടന്ന ഒരു യു.പി.എ.-ഇടത്‌ ഏകോപനസമിതിയോഗത്തിൽ യെച്ചൂരിയും കാരാട്ടുമൊക്കെ കോൺഗ്രസിനോടാവശ്യപ്പെട്ടത്‌ ‘ഘടകകക്ഷികളുടെ താത്പര്യങ്ങൾക്കു വിലകല്പിക്കുന്നതുപോലുള്ള മുന്നണിമര്യാദകൾ ബി.ജെ.പി.യിൽ നിന്നു പഠിക്കൂ‘ എന്നാണ്.

പിന്നെ, തന്റെ തീരുമാനത്തെ ന്യായീകരിക്കുന്നതിനിടയിൽ സ്പീക്കറുടെ ഓഫീസിന്റെ നിഷ്പക്ഷതയേപ്പറ്റിയൊക്കെ താങ്കൾ പറയുന്നതായി വായിച്ചു. ഇതാണോ നിഷ്പക്ഷത? ഒരു പാർട്ടിയോടൊപ്പം സാങ്കേതികമായിപ്പോലും ഒരുമിച്ചുനിൽക്കാനാവില്ല എന്നു തുറന്നുപ്രഖ്യാപിക്കുന്നതായിരിക്കും നിഷ്‌പക്ഷത!

സ്പീക്കറുടെ അധികാരങ്ങൾ വ്യത്യസ്തമാണെങ്കിലും ‘പാർലമെന്ററി വ്യാമോഹം‘ എന്ന പദം തന്നെയാണ് ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ. പാർലമെന്റിലാണു താങ്കളുടെ പ്രകടനം എന്നത്‌ ഒരു കാരണം. ബംഗാളിൽ പഞ്ചായത്തു-മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ പാർട്ടി പരാജയം നേരിടാൻ കാരണം നേതാക്കൾക്കിടയിൽ പാർലമെന്ററി വ്യാമോഹം വർദ്ധിച്ചതാണെന്ന (സിംഗൂരും നന്ദിഗ്രാമുമൊന്നും ആരും അറിഞ്ഞിട്ടുകൂടിയില്ല!) വിലയിരുത്തൽ പുറത്തുവന്നത്‌ മറ്റൊരു കാരണം.

ഇന്നലെവരെ സർക്കാരിനെ എതിർത്തിരുന്നവരായ എസ്‌.പി.യും മറ്റും മലക്കം മറിയുന്നതിനു പിന്നിലും “വർഗ്ഗീയത“യ്ക്കെതിരേയുള്ള പ്രതിബദ്ധതയാണെന്നാണല്ലോ വയ്പ്പ്‌. അതേ പ്രതിബദ്ധതയായിരിക്കും ഒരു പക്ഷേ താങ്കളും അവകാശപ്പെടാൻ പോകുന്നത്‌. എന്നാൽ, ഭാരതത്തിൽ ഏറ്റവുമധികം അപകടകരമായ വർഗ്ഗീയപ്രവണതകളുള്ള പാർട്ടി താങ്കളുടേതാണ് എന്നതാണൊരു വൈരുദ്ധ്യം.

ഹിന്ദുസമൂഹത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പരാതികളേയും മറ്റും അനുഭാവപൂർവ്വം സമീപിക്കുന്നതിൽ മടിയൊട്ടുമില്ലാത്ത പാർട്ടിതന്നെയാണു ബി.ജെ.പി. അതിനു യാതൊരു സംശയവുമില്ല. താങ്കൾക്കതൊക്കെ ‘വർഗ്ഗീയ’മാണെങ്കിൽ മാറി നിൽക്കുന്നതു തന്നെയാണു നല്ലത്‌.

പക്ഷേ, താങ്കളുടെ പിതാവ്‌ നിർമൽ ചന്ദ്ര ചാറ്റർജി ബംഗാൾഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷനും അഖിലഭാരതീയഹിന്ദുമഹാസഭയുടെ ‌ഉപാദ്ധ്യക്ഷനുമായിരുന്നു എന്നതുകൂടി ഇവിടെപ്പറയാതെ വയ്യ.

എന്നുവച്ച്‌ അത്‌ ജനസംഘവുമായുള്ള അടുപ്പമാണു കാണിക്കുന്നത്‌ എന്നുമല്ല പറയുന്നത്‌. ജനസംഘത്തെ എതിർത്തിരുന്നവരുടെ ചേരിയിലായിരുന്നു മഹാസഭ. മുസ്ലീം പ്രാതിനിധ്യം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതിനേത്തുടർന്ന്‌ സഭയുമായി അകന്ന ശ്യാമപ്രസാദ്‌ മുഖർജിയാണ് ജനസംഘം ആരംഭിച്ചത്‌ എന്നത്‌ മറ്റൊരു വൈരുദ്ധ്യം!

എല്ലാം വെറുതെയൊന്ന്‌ ഓർമ്മിപ്പിക്കുന്നുവെന്നേയുള്ളൂ ചാറ്റർജീ. എല്ലാത്തരം കാപട്യങ്ങളും കൂസിസത്തിന്റെ പരിധിയിൽ വരില്ലെങ്കിലും, അറിയപ്പെടുന്ന കൂസിസ്റ്റുകളുടെ എല്ലാ പ്രവൃത്തികളിലും കാപട്യത്തിന്റെ അംശമുണ്ടായിരിക്കുമെന്നു തന്നെയാണ് താങ്കളും തെളിയിക്കുന്നത്‌. ചില ഓർമ്മപ്പെടുത്തലുകൾ അത്യാവശ്യമാണെന്നു തോന്നിയതുകൊണ്ടു പറഞ്ഞുവെന്നേയുള്ളൂ.

ബി.ജെ.പി.യെ ആക്ഷേപിക്കുന്നതു താങ്കൾ അവസാനിപ്പിക്കണമെന്നാണു പറഞ്ഞുവരുന്നത്‌ എന്നു തെറ്റിദ്ധരിക്കരുതെന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

അവരെ ആക്ഷേപിക്കുന്നതും അയിത്തം പ്രഖ്യാപിക്കുന്നതും ഉത്സാഹപൂർവ്വം തുടരുക. കാരണം, ഇത്തരം ആക്ഷേപങ്ങളും അടിച്ചമർത്തൽ ശ്രമങ്ങളും ചെറുത്തുനിൽക്കേണ്ടിവരിക എന്നതാണ് അവരുടെ വളർച്ചയിലെ വലിയ ഊർജ്ജസ്രോതസ്സുകളിലൊന്ന്‌.

അവർ ഇനിയുമിനിയും വളരട്ടെ.

നിങ്ങളെല്ലാവരും ഇവിടെ ചൈനയ്ക്കും അമേരിക്കയ്ക്കും ഇറാനും ഇസ്രായേലിനുമൊക്കെയിടയ്ക്കു കിടന്നു പോർവിളിമുഴക്കുന്നതിനിടയിൽ, ഭാരതത്തേപ്പറ്റി ആശങ്കപ്പെടാനും ആരെങ്കിലും വേണമല്ലോ.

സ്നേഹപൂർവ്വം,ഉണ്ണിപ്പിള്ള.

19 comments:

 1. ബി.ജെ.പി.യ്ക്കെതിരെ ഘോരഘോരം വാദിക്കാറുള്ള കമ്മ്യൂണിസ്റ്റുകാരിലെ പുതുതലമുറ അറിഞ്ഞിരിക്കേണ്ട ചില ചരിത്രസത്യങ്ങൾ!

  qw_er_ty

  ReplyDelete
 2. വളരെ വിഞ്ജാനപ്രദമായ ഒരു പോസ്റ്റ്.

  കള്ളന്മാരേയും കൊലപാതികളേയും കൂടെകൂട്ടാം എന്ന നിലപാടും ജനാധിപത്യവിരുദ്ധം ആണെന്നാണ് എന്റെ പക്ഷം.

  ReplyDelete
 3. അറിയാത്ത പല ചരിത്ര സത്യങ്ങളും അറിയ്യുന്നു!!!

  നല്ല പോസ്റ്റ്!!!

  ReplyDelete
 4. സുഹൃത്തേ...

  ഇഷ്ടായി.ഇത്തരം ചര്‍ച്ചകള്‍ ബ്ലോഗിന്റെ അനിവാര്യതയാണ്!
  തുടരുക!!

  അശരീരികള്‍: ഒരു സിനിമാഡ‌യേറിയ!!

  ReplyDelete
 5. വളരെ നല്ല പോസ്റ്റ്.

  ചരിത്രം പലപ്പോഴും അങ്ങനെയാണ്,തിരിച്ചടിക്കും എന്നതാണ് അതിന്റെ ഒരു സ്വഭാവം.ഇന്ത്യന്‍ ജനാധിപത്യത്തില്‍ ബാലറ്റ് പേപ്പറുകള്‍ക്ക് വിലയില്ല എന്ന് പറയുന്നത് വിഡ്ഡിത്തമായിരിക്കും, കാരണം അത് കൊണ്ടാണല്ലോ “ഞങ്ങള്‍ക്കും ഒരവസരം തരൂ” എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ബിജെപി കോണ്‍ഗ്രസ്സിനോടെതിരുള്ള എല്ലാവരെയും അടിച്ചു കൂട്ടി മുന്നണിയുണ്ടാക്കി അഞ്ച് വര്‍ഷം തികച്ചു.പക്ഷെ ഭരണം വലിയ ചലനങ്ങള്‍ ഒന്നുമുണ്ടാക്കിയില്ല എന്ന് മാത്രമല്ല അഴിമതിയും മറ്റ് കാര്യങ്ങള്‍ എല്ലാം മറ്റമില്ലാതെ തന്നെ തുടര്‍ന്നു.പിന്നെന്ത് സംഭവിച്ചു...അവരെയും ജനം ബാലറ്റിലൂടെ മാറ്റി നിര്‍ത്തി.ഇപ്പോള്‍ ഇതാ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയി.

  അധികാരം ഒരു ലഹരിയായി മാറി എല്ലാ രാഷ്റ്റ്രീയ പാര്‍ട്ടികള്‍ക്കും, അതില്‍ ഇടതു വലതും എല്ലാവരും പെടും എന്നത് വലിയ യാഥാര്‍ത്യം തന്നെ.

  ReplyDelete
 6. സോമനാഥ ചാറ്റ്ര്ജിയുടെ നിലപാട്, സ്പീക്കര്‍ പദവി രാജിവക്കുന്ന വിഷയത്തില്‍, ശരിയൊ തെറ്റോ എന്നു വിശകലനം ചെയ്യുന്ന ഈ പൊസ്റ്റില്‍ പക്ഷെ താങ്കള്‍ ഇടതുപക്ഷത്തെ കരിവാരിത്തേക്കാന്‍ പരമാവധി ഔത്സുക്യം കാട്ടിയിരിക്കുന്നു എന്നു പറയാതെ വയ്യ. അതൊടൊപ്പം തന്നെ ബി.ജെ.പി. യെ മഹത്വവല്‍ക്കരിക്കാനും ശ്രമിച്ചിരിക്കുന്നു. ഇടതുപക്ഷത്തെ കരിതേക്കല്‍ ഒരു ബുധിമുട്ടുമില്ലാത്ത ഒരു പരിപാടിയാണ്, അതിനു കയ്യടിക്കാന്‍ ഭൂരിപക്ഷ്ത്തെയും താങ്കള്‍ക്കു കിട്ടുകയും ചെയ്തെക്കും.എതൊരു കാര്യ്ത്തിലായാലും വ്യക്തമായ നയപരിപാടിയൊ കാഴ്ചപ്പാടൊ മുന്നൊട്ടു വച്ചു അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാനു ഇടതു പക്ഷത്തുള്ളതു.പരിപാടികള്‍ വ്യക്തവും പരസ്യവുമാകുമ്പോല്‍ വിമര്‍ശകര്‍ക്കു എളുപ്പമാണു. അക്കമിട്ടു എതിര്‍ത്താല്‍ മതി.കാലാകാലങ്ങളില്‍ നിലപാടുകള്‍ പുനപരിശോധിക്കുകയും, അവശ്യമെങ്കില്‍ തിരുത്തല്‍ നടത്തിയുമാണു ഇന്ത്യയിലെ ഇടതു കക്ഷികള്‍ നീങ്ങുന്നതെന്നു കാണാന്‍ കഴിയും.തെറ്റുകള്‍ പറ്റാം,പറ്റിയിട്ടുണ്ടാവാം, അതൊക്കെ തിരുത്തപ്പെടുന്നുമുണ്ടാവും. താങ്കള്‍ പറയുന്ന ബി.ജെ.പി.ക്കൊ കൊണ്‍ഗ്രസ്സിനൊ എന്തെങ്കിലും എഴുതപ്പെട്ട നയങ്ങള്‍ പറയാനുണ്ടൊ? ഉണ്ടെങ്കില്‍ തന്നെ എത്ര ശതമാനം പാലിക്കപ്പെടുന്നു?
  പരിശൊധിക്കെണ്ടതല്ലെ? ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണു, കക്ഷിയടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു നടക്കുന്ന രാജ്യം.വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ഭാഷ , സംസ്കാരങ്ങള്‍ എല്ലാം അനവധി.അപ്പോല്‍ ചില അടിസ്ഥാനപ്രമാണങ്ങള്‍ വച്ചു സഹകരണത്തിന്റെ മേഖലകള്‍ കണ്ടെത്തി മാത്രമെ മുന്നോട്ടു പൊവാന്‍ സാധ്യമാകൂ.മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാണെങ്കില്‍, പാര്‍ട്ടിയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒട്ടിനിന്നുകൊണ്ടു ,അതാതു സമയത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വേണ്ടുന്ന അടവു നയം സ്വീകരിച്ചു, തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണു നയം.അതിനാലാണു കോണ്‍ഗ്രെസ്സിനെക്കാള്‍ മാറ്റിനിറുത്തെണ്ടതു വര്‍ഗ്ഗീയയതയാണെന്നു തീരുമാനിച്ചു, യു.പി.എ നിലവില്‍വന്നതു. ഇനി വര്‍ഗ്ഗീയതയാണൊ സാമ്രാജ്യത്വമാണൊ കൂടുതല്‍ രാജ്യത്തിനു ദോഷം എന്നനുസരിച്ചു അടുത്ത നീക്കം നടന്നെക്കാം, ചിലപ്പോള്‍ രണ്ടും ശത്രുക്കള്‍ തന്നെ യെന്നും തീരുമാനിച്ചേക്കാം.സ്ഥായിയായ ശത്രുക്കളുണ്ടാവില്ലെന്നര്‍ഥം.കേരളം , ബങ്കാള്‍, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം അധികാരത്തിലുള്ള ഒരു പാര്‍ട്ടിക്കു ഇന്ത്യയില്‍ ഇത്രയും നിര്‍ണായക ശക്തിയാകാന്‍ കഴിഞ്ഞതു ഒരു ചെറിയ കാര്യമല്ല.
  അതെന്തൊക്കെയായാലും , എത്ര വെള്ളപൂശിയാലും, ബി.ജെ.പി . വെളുക്കാന്‍ പോകുന്നില്ല, കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാം എന്നല്ലാതെ.
  പാര്‍ലമെന്റ്റരി വ്യാമോഹം ഒരു വലിയ കീറാമുട്ടിയാണു. മനുഷ്യരല്ലെ അടിസ്ഥാന പരമായി.
  പാര്‍ലമെന്റ്റ്രി വ്യാമൊഹങ്ങള്‍ക്കെതിരെ ഘൊരം പ്രസംഗിച്ചു നടന്ന നാമ്മുടെ കെ.വേണു അവസാനം ഏതു ലേബലിലാണു മത്സരിച്ചതെന്നു അറിയാമല്ലൊ.
  എതായാലും സോമനാത്ഥ ചാറ്ററ്ജി രാജിവക്ക തന്നെ ചെയ്യും.പിതാവു ഏതു പക്ഷത്തായാലും.

  ReplyDelete
 7. ഇനി ചാറ്റര്‍ജി രാജി വെക്കുകയോ വെക്കാതിരിക്കുകയോ വിഷയമല്ല,
  ഏഴാംക്ലാസ്സിലെ പാഠ പുസ്ത്കം പിന്‍ വലിക്കുകയോ വലിക്കാതിരിക്കുയോ ചെയ്യുനതു പോലെ, കാരണം എല്ലാവരും പാഠപുസ്തകവും ഈ ബ്ലോഗ് പോസ്റ്റും വായിച്ച് കഴിഞ്ഞിരിക്കുന്നു.

  ReplyDelete
 8. 'ഒരു വശത്ത്‌ സ്വന്തം രാജ്യത്തെ ഒറ്റു കൊടുത്തും ചൈനയ്ക്കുവേണ്ടി ജീവൻ കളയുന്നവർ. മറുവശത്ത് മാതൃരാജ്യത്തിനു വേണ്ടി ജീവൻ കളയുന്നവരും'!!!!!

  you exposed your dirty fascist face here in this post also nakulan.

  ReplyDelete
 9. ഈ കളിയില്‍ ഗോളടിക്കുന്നത്
  പ്രകാശ് കാരാട്ടായിരിക്കും
  സംശയമില്ല................

  ReplyDelete
 10. നന്ദി. ഇടതു പക്ഷത്തിന്റെ കാപട്യം തുറന്നു കാട്ടുന്ന ഇത്തരം ബ്ലോഗുകള്‍ ധാരാളമായി വരേണ്ടിയിരിക്കുന്നു. അമേരിക്കന്‍ വിരുധതയുടെ പേരും പറഞ്ഞു മുസ്ലിം വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന CPM നു BJP യെ എങ്ങെനെയാണ് വര്‍ഗീയപാര്ടി എന്ന് അധിക്ഷേപിക്കാന്‍ കഴിയുന്നത്‌? ഈ കരാര്‍ നമ്മുടെ രാജ്യത്തിന് നല്ലതാണോ ദോഷമാണോ എന്ന് പലര്ക്കും പല അഭിപ്രായം സ്വാഭാവികമായും ഉണ്ടാവാം. എന്നാല്‍ അതൊരിക്കലും അമേരിക്ക, പലസ്തീനിലെയോ അഫ്ങനിസ്തനിലെയോ മുസ്ലിമുകളോടെ എങ്ങെനെ പെരുമാറി എന്നതിനെ base ചെയ്തു ആവര്ത്. അതുപോലെ തന്നെ China യോടുള്ള വിധേയതിന്റെ പേരിലും ആവരുത്.

  BJP യെ ഫാസിസ്റ്റ്‌ കക്ഷി എന്ന് വിളിക്കുന്നത് ഇടതുപക്ഷക്കാരുടെ ഒരു സ്ഥിരം അടവാണ്. ജനാധിപത്യപരമായി അധികാരത്തില്‍ വരുകയും അഞ്ചു വര്‍ഷത്തിനുശേഷം അധികാരം നഷ്ടപെട്ടപ്പോള്‍ അത് അന്ഗീകരിച്ചുകൊണ്ട് പ്രതിപക്ഷത്തിരിക്കുകയും ചെയ്യുന്ന ഒരു കക്ഷിയെ ഫാസിസ്റ്റ്‌ എന്ന് വിളിക്കുന്നത് എന്ത് അര്‍ത്ഥത്തിലാണ്. ഇതിനേക്കാള്‍ അപഹാസ്യമായി വേറൊന്ന് മാത്രമെ ഉള്ളു: കാലഹരണപ്പെട്ടു പോയ ഇവരുടെ പ്രസ്ഥാനെതെ ഇപ്പോഴും " പുരോഗമന പ്രസ്ഥാനം" എന്ന് വിളിക്കുന്നത്.

  ReplyDelete
 11. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അവസരവാദപരമായ രാഷ്ട്രീയവും നിലപാടുകളും ഇന്ത്യന്‍ ജനാധിപത്യത്തെ വളരെ വികൃതമാക്കിയിട്ടുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് . പക്ഷെ അവര്‍ക്ക് അങ്ങനെയൊക്കെയേ കഴിയുമായിരുന്നുള്ളൂ . കാരണം ഇവിടെ ജനാധിപത്യം പോഷിപ്പിക്കാന്‍ ഉദ്ദേശിക്കപ്പെട്ട പാര്‍ട്ടികളായിരുന്നില്ല അവ . ഇന്ത്യയില്‍ വൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിപ്പിച്ച് വിപ്ലവം നടത്താന്‍ ബാധ്യതപ്പെട്ട സംഘടനകളാണത് . വിപ്ലവം വരുമോ എന്നതല്ല , ആ ലക്ഷ്യത്തില്‍ ഊന്നിയാണ് അവരൊക്കെ അന്നും ഇന്നും നിലകൊള്ളുന്നത് എന്ന് അവരെ കുറ്റം പറയുന്നവര്‍ തിരിച്ചറിയണം . വിപ്ലവം ഇനി മേലില്‍ ഇനി നടക്കില്ലെന്നും മറ്റുള്ളവരെ പോലെ നിങ്ങളും ജനാധിപത്യസമ്പ്രദായത്തിന്റെ മുഖ്യധാരയില്‍ ചേരണമെന്ന് അവരോട് അഭ്യര്‍ത്ഥിക്കുകയോ അല്ലെങ്കില്‍ അവരുടെ കപടജനാധിപത്യരാഷ്ട്രീയത്തിന് ഇരയാവുകയോ മാത്രമേ മറ്റുള്ള പാര്‍ട്ടികള്‍ക്ക് ചെയ്യാനാവൂ .

  സോമനാഥ് ചാറ്റര്‍ജിയെ സംബന്ധിച്ച് പറഞ്ഞാല്‍ അദ്ദേഹത്തിന് ഈ സമയം സര്‍ക്കാറിനെ മറിച്ചിടുന്നതില്‍ മറ്റെന്തെങ്കിലും ആശയപരമായ എതിര്‍പ്പ് തോന്നിയിരിക്കാം . മറ്റനേകം പേരെ പോലെ ആണവക്കരാര്‍ രാജ്യത്തിന്റെ പുരോഗതിയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹത്തിനും തോന്നാമല്ലൊ . അപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ഇപ്പോള്‍ വില പോകുന്ന ഒരു ന്യായം അദ്ദേഹം മുന്നോട്ട് വെച്ചു എന്നേ എനിക്ക് അഭിപ്രായമുള്ളൂ . അദ്ദേഹത്തിന് 80വയസ്സോടടുത്ത് എന്ന പരാമര്‍ശം നകുലന്റെ രീതിയ്ക്ക് ചേര്‍ന്നതല്ല . ഒരാള്‍ക്ക് ഏത് പ്രായത്തിലും നിലപാടുകള്‍ മാറ്റാവുന്നതോ ശരിയായ നിലപാടുകളില്‍ എത്തിച്ചേരാവുന്നതോ ആണ് .

  വിശ്വാസപ്രമേയത്തിന്റെ കാര്യത്തില്‍ സോമനാഥ് ചാറ്റര്‍ജി കൈക്കൊണ്ട നിലപാടിനെക്കാളും അപഹാസ്യമാണ് ആണവക്കരാറിന്റെ കാര്യത്തില്‍ ബി.ജെ.പി.യുടെ നിലപാട് . ഇന്നത്തെ രൂപത്തില്‍ കരാറിനെ അനുകൂലിക്കാന്‍ കഴിയില്ല എന്ന് മാത്രമാണ് അവര്‍ പറയുന്നത് . അതായത് അമേരിക്കയെ സൌഹൃദരാഷ്ട്രമായി അംഗീകരിക്കുന്നതിലോ , അവരുമായി കരാറിലേര്‍പ്പെടുന്നതിനോ , രാജ്യത്ത് ആണവവൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കുന്നതിനോ ബി.ജെ.പി. എതിരല്ല . പിന്നെ എന്താണ് പ്രശ്നം ? സര്‍ക്കാറിനെ കിട്ടുന്ന അവസരത്തില്‍ മറിച്ചിടണം അത്രമാത്രം . അതിന് പറയുന്ന ന്യായം ഇന്നത്തെ രൂപത്തില്‍ കരാറിനെ അനുകൂലിക്കാന്‍ കഴിയില്ല എന്നത് ഏത് രൂ‍പത്തില്‍ കരാര്‍ ഉണ്ടാക്കിയാലും എപ്പോഴും പറയാന്‍ കഴിയുന്ന ഒന്നാണ് .

  ഇന്നത്തെ ലോക സാഹചര്യം വെച്ചു നോക്കുമ്പോള്‍ ഇന്ത്യയ്ക്ക് സ്വാഭാവിക സഖ്യകക്ഷിയാക്കാന്‍ പറ്റുന്ന രാജ്യം , വരട്ടുപ്രത്യയശാസ്ത്രങ്ങള്‍ മാറ്റി വെച്ചാല്‍ അമേരിക്കയാണെന്ന് കാണാന്‍ കഴിയും . അതേ പോലെ തല്‍ക്കാലത്തെ ഊര്‍ജ്ജപ്രതിസന്ധി മറികടക്കാന്‍ വണ്‍ റ്റൂ ത്രീ കരാറും അനിവാര്യമാണെന്നും മനസ്സിലാവും . സങ്കുചിതരാഷ്ട്രീയം മാറ്റി വെച്ച് ഈ കരാറിനെയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ ബി.ജെ.പി. സന്നദ്ധമാവുമായിരുന്നെങ്കില്‍ അത് കമ്മ്യൂണിസ്റ്റ് അവസരവാദരാഷ്ട്രീയത്തിന് ഒരു കനത്ത അടിയും , ലോകരാഷ്ട്രങ്ങള്‍ക്ക് നമ്മുടെ ജനാധിപത്യത്തെ പറ്റി നല്ല മതിപ്പും ഉണ്ടാകുമായിരുന്നു .

  എന്നാല്‍ ആണവക്കരാറിന്റെ കാര്യത്തില്‍ ഏറ്റവും വൃത്തികെട്ട രാഷ്ട്രീയചതുരംഗക്കളിക്ക് തന്നെയാണ് .ബി.ജെ.പി.യും തുനിഞ്ഞത് . എല്ലാ പാര്‍ട്ടികളും ഒരേ കണക്ക് തന്നെ എന്ന നിഗമനത്തില്‍ നിഷ്പക്ഷമതികള്‍ എത്താനേ ഇതൊക്കെ ഉപകരിക്കൂ . ഇത്തരം സങ്കുചിതരാഷ്ട്രീയ നിലപാടുകള്‍ മൂലം നമ്മുടെ ജനാധിപത്യത്തെ അതിന്റെ ബാലാരിഷ്ടതകളില്‍ നിന്ന് മോചിപ്പിച്ചെടുപ്പിക്കാന്‍ കഴിയുന്നില്ല എന്ന് നകുലനും മനസ്സിലാക്കാന്‍ കഴിയുന്നില്ല . കാരണം നകുലനും ഒരു പാര്‍ട്ടിയുടെ അന്ധമായ അനുഭാവി മാത്രം !

  ReplyDelete
 12. >>[അനിൽ] "സോമനാഥ ചാറ്റ്ര്ജിയുടെ നിലപാട്, സ്പീക്കര്‍ പദവി രാജിവക്കുന്ന വിഷയത്തില്‍, ശരിയൊ തെറ്റോ എന്നു വിശകലനം ചെയ്യുന്ന ഈ പൊസ്റ്റില്‍..."

  [നകുലൻ]അത്തരമൊരു ചർച്ചതന്നെ പാർട്ടിയുടെ ആഭ്യന്തരകാര്യം മാത്രമാണെന്നു തോന്നുന്നു. അതു വിശകലനം ചെയ്യാൻ ഈ പോസ്റ്റിലെ വിവരങ്ങൾ ഒരുപക്ഷേ ഉപകരിച്ചേക്കുമായിരിക്കാം. പക്ഷേ അത്തരമൊരു വിശകലനമല്ല ഇവിടെ ലൿഷ്യം വച്ചിരിക്കുന്നത്‌. മറിച്ച്‌, രാജിവയ്ക്കാതിരിക്കാൻ അദ്ദേഹം ‌പറയുന്ന ന്യായീകരണം എന്തുകൊണ്ടു ദുർബലമാണ് എന്നു സൂചിപ്പിക്കൽ മാത്രമാണ്.

  >>[അനിൽ] "ഇടതുപക്ഷത്തെ കരിതേക്കല്‍ ഒരു ബുധിമുട്ടുമില്ലാത്ത ഒരു പരിപാടിയാണ്, അതിനു കയ്യടിക്കാന്‍ ഭൂരിപക്ഷ്ത്തെയും താങ്കള്‍ക്കു കിട്ടുകയും ചെയ്തെക്കും...".

  [നകുലൻ] മാദ്ധ്യമരംഗത്തെ മേൽക്കൈ ഉപയോഗിച്ചുകൊണ്ട്‌ ഇടതുപക്ഷം പ്രചരിപ്പിക്കുന്ന പലകാര്യങ്ങളുടെയും പൊള്ളത്തരങ്ങൾ തെളിവുസഹിതം പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നത്‌ എഴുതാനുള്ള പ്രേരണകളിലൊന്നായിരുന്നു ഇതുവരെ. അതൊക്കെ വെറും കരിവാരിത്തേക്കൽ മാത്രമായി അനുഭവപ്പെടുകയോ അല്ലെങ്കിൽ ഭൂരിപക്ഷവും അതിനു വെറുതെ കയ്യടിക്കുന്ന അവസ്ഥയുണ്ടാകുകയോ ചെയ്താൽ അതിനർത്ഥം ആ പ്രേരണാഘടകം അവസാനിച്ചിരിക്കുന്നു എന്നാണ്. പക്ഷേ അങ്ങനെയൊരു അവസ്ഥയുണ്ടെന്ന്‌ ഇതുവരെ തോന്നിയിട്ടില്ല.

  >>[അനിൽ] "കാലാകാലങ്ങളില്‍ നിലപാടുകള്‍ പുനപരിശോധിക്കുകയും, അവശ്യമെങ്കില്‍ തിരുത്തല്‍ നടത്തിയുമാണു ഇന്ത്യയിലെ ഇടതു കക്ഷികള്‍ നീങ്ങുന്നതെന്നു കാണാന്‍ കഴിയും.തെറ്റുകള്‍ പറ്റാം,പറ്റിയിട്ടുണ്ടാവാം, അതൊക്കെ തിരുത്തപ്പെടുന്നുമുണ്ടാവും."

  [നകുലൻ] തെറ്റുകൾ വരുത്തുന്നതും തിരുത്തുന്നതുമൊക്കെ പാർട്ടി ചട്ടക്കൂടിനും കാഴ്ചപ്പാടുകൾക്കുമുള്ളിൽ ഒതുങ്ങിനിന്നുകൊണ്ടുമാത്രമാണല്ലോ. അതുകൊണ്ട്‌, ഇനിയും തിരിച്ചറിയപ്പെടാത്ത തെറ്റുകൾ പലതുമുണ്ട്‌. അതുമല്ലെങ്കിൽ, തെറ്റാണെന്നറിഞ്ഞിട്ടും തിരുത്താൻ ശ്രമിക്കാത്തവ.

  >>[അനിൽ] "താങ്കള്‍ പറയുന്ന ബി.ജെ.പി.ക്കൊ കൊണ്‍ഗ്രസ്സിനൊ..."

  [നകുലൻ]“അനുകൂലിച്ചുപറയുന്ന“ എന്നല്ലല്ലോ അല്ലേ ഉദ്ദേശിച്ചത്‌? ഇടതുപക്ഷാഭിമുഖ്യം മൂലം താങ്കൾ മാറിനിന്ന്‌ കോൺഗ്രസിനെയും ബി.ജെ.പി.യും ഒരുമിച്ചുകാണുന്നത്‌ കൌതുകകരമാണ്. എനിക്ക്‌ ബി.ജെ.പി. അനുഭാവമുള്ളതുകൊണ്ട്‌ ഞാൻ മാറിനിന്ന്‌ ഇടതുപക്ഷത്തെയും കോൺഗ്രസിനെയും ഒരുമിച്ചു കാണുന്നു. ഒരു കോൺഗ്രസ്‌ അനുഭാവിയ്ക്ക്‌ വിശ്വാസവോട്ടിന്റെ പശ്ചാത്തലത്തിൽ മറിച്ചുമായിരിക്കും തോന്നുക. മൂന്നും മൂന്നു തന്നെയാണ് എന്നതാണു സത്യം.

  >>[അനിൽ] "മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാണെങ്കില്‍, പാര്‍ട്ടിയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒട്ടിനിന്നുകൊണ്ടു ,അതാതു സമയത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വേണ്ടുന്ന അടവു നയം സ്വീകരിച്ചു, തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണു നയം.അതിനാലാണു കോണ്‍ഗ്രെസ്സിനെക്കാള്‍ മാറ്റിനിറുത്തെണ്ടതു വര്‍ഗ്ഗീയയതയാണെന്നു തീരുമാനിച്ചു, യു.പി.എ നിലവില്‍വന്നതു. ഇനി വര്‍ഗ്ഗീയതയാണൊ സാമ്രാജ്യത്വമാണൊ കൂടുതല്‍ രാജ്യത്തിനു ദോഷം എന്നനുസരിച്ചു അടുത്ത നീക്കം നടന്നെക്കാം, ചിലപ്പോള്‍ രണ്ടും ശത്രുക്കള്‍ തന്നെ യെന്നും തീരുമാനിച്ചേക്കാം."

  [നകുലൻ]ഈപ്പറയുന്ന വർഗ്ഗീയത, സാമ്രാജ്യത്വം എന്നതൊക്കെ വെറും വിളിപ്പേരുകൾ മാത്രമാണെന്നു തുറന്നുസമ്മതിച്ചുകൂടേ അനിൽ? അതിനൊരുക്കമല്ലെന്നുണ്ടെങ്കിൽ, ഇനിപ്പറയുന്ന കാര്യങ്ങളിലെ നിലപാടറിഞ്ഞാൽ കൊള്ളാം.

  ‘സാമ്രാജ്യത്വം‘ എന്നവാക്കിനേയും ചൈനയേയും തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുത്താമോ? ‘സാമ്രാജ്യത്വ‘ത്തിന്റെ ഒരു ലളിതനിർവചനം നൽകാമോ?

  ‘മതേതരത്വ‘ത്തിനും ചുരുങ്ങിയവാക്കുകളിൽ ഒരു ലളിതനിർവചനം നൽകാമോ? കോൺഗ്രസ്‌, ഇടതുപക്ഷം എന്നിവർ എന്നെങ്കിലും ഏതെങ്കിലും തരത്തിൽ അപകടകരമായ വർഗ്ഗീയനിലപാടുകൾ സ്വീകരിച്ചിട്ടുള്ളതായി തോന്നിയിട്ടുണ്ടോ? (ഇടതുപക്ഷമാണെങ്കിൽ, പിന്നീടതു തിരുത്തിയിട്ടുമുണ്ടോ?)

  ഇന്നലെ കാരാട്ട്‌ നടത്തിയ പ്രസ്താവനകളിലൊന്ന്‌ ഇങ്ങനെ. “ഉത്തർപ്രദേശിൽ മതേതരകക്ഷികൾക്കു മാതൃകയായിരുന്ന എസ്‌.പി. ഇപ്പോൾ യു.പി.എ.യെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിലൂടെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്”. ഇതിനോട്‌ അനിൽ യോജിക്കുന്നുവോ? എസ്‌.പി. മുമ്പ്‌ മതേതരവും ഇപ്പോൾ മതേതരവിരുദ്ധ(വർഗ്ഗീയ?)വുമാണ് എന്നു കരുതുന്നുവോ? ഉണ്ടെങ്കിൽ, എസ്‌.പി.യുടെ കാര്യത്തിൽ മതേതരത്വം തീരുമാനിക്കപ്പെട്ട മാനദണ്ഡമെന്താണ് - മതേതരപദവി മാറിമറിയാനിടയാക്കിയ ആ ഘടകമെന്താണ്?


  >>[അനിൽ] "ബി.ജെ.പി . വെളുക്കാന്‍ പോകുന്നില്ല....കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാം എന്നല്ലാതെ..."

  [നകുലൻ]മുമ്പൊക്കെ ദേശീയരാഷ്ടീയം ധൃവീകരിക്കപ്പെട്ടിരുന്നത്‌ കോൺഗ്രസും അവരെ എതിർക്കുന്നവരും എന്നിങ്ങനെയായിരുന്നു. ഇന്നിപ്പോൾ അത്‌ ബി.ജെ.പി.യെ അനുകൂലിക്കുന്നവരും അല്ലാത്തവരും എന്നായി മാറിയിട്ടുണ്ട്‌. ഇതിനിടയിൽ നിൽക്കുന്ന ഇടതുപക്ഷമല്ലേ എപ്പോളും കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്‌ എന്നൊരു സംശയം.

  [അനിൽ] "കേരളം , ബങ്കാള്‍, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം അധികാരത്തിലുള്ള ഒരു പാര്‍ട്ടിക്കു ഇന്ത്യയില്‍ ഇത്രയും നിര്‍ണായക ശക്തിയാകാന്‍ കഴിഞ്ഞതു ഒരു ചെറിയ കാര്യമല്ല."

  [നകുലൻ] ദാ. ഞാൻ പറഞ്ഞു നാക്കെടുത്തില്ല!

  >>[അനിൽ] "....താങ്കള്‍ ഇടതുപക്ഷത്തെ കരിവാരിത്തേക്കാന്‍ പരമാവധി ഔത്സുക്യം കാട്ടിയിരിക്കുന്നു........അതെന്തൊക്കെയായാലും , എത്ര വെള്ളപൂശിയാലും, ബി.ജെ.പി . വെളുക്കാന്‍ പോകുന്നില്ല"

  [നകുലൻ] ഈ പ്രയോഗങ്ങളിൽ ഒരു പ്രശ്നമുണ്ട്‌. പ്രത്യയശാസ്ത്രപരമായ ഒരു പ്രശ്നം. കരി എന്നാൽ ആക്ഷേപകരമായ ഒന്നാണെന്നും വെള്ളപൂശിയാൽ അത്‌ ശുഭകരമായ ഒന്നാകുമെന്നും ധ്വനിപ്പിച്ചുകൊണ്ടാണ് താങ്കൾ സംസാരിക്കുന്നത്‌. “കൊക്കുകുളിച്ചാൽ കാക്കയാകുമോ“ എന്നു ചോദിച്ച കെ.ഇ.എന്നിനെ മറന്നുകൊണ്ടാണു താങ്കൾ സംസാരിക്കുന്നത്‌. ശരിയല്ലേ?
  കളിയാക്കിയതല്ല. കാര്യമായിത്തന്നെ പറഞ്ഞതാണ്. ഈയൊരു കാര്യത്തിലുമതെ, കമ്മ്യൂണിസ്റ്റുനിലപാടുകൾ ശുദ്ധകാപട്യമാണെന്നാണ് എന്റെ അഭിപ്രായം. എന്തുചെയ്യാം, അക്കാര്യത്തിലും സംഘത്തിന്റെ നിലപാടാണ് എനിക്കു കൂടുതൽ സ്വീകാര്യം. “അന്ത്യജനഗ്രജനില്ലിവിടെ - വർണ്ണം വർഗ്ഗം അരുതിവിടെ“ എന്നു പാടുന്നവർക്ക്‌ എന്റെ അഭിവാദ്യങ്ങൾ.

  ReplyDelete
 13. സുകുമാരേട്ടാ,

  (സോമനാഥ്‌ ചാറ്റർജി) ഇത്രയ്ക്കു സീനിയർ ആയിട്ടും - മുതിർന്ന നേതാവായിട്ടും - ഒരു ദുർബലന്യായീകരണം കണ്ടെത്തിയത്‌ അവിശ്വസനീയമാണെന്നു വന്നപ്പോളാണ് പ്രായം കടന്നുവന്നത്‌. താരത‌മ്യേന ചെറുപ്പക്കാരായവർക്ക്‌ - അവരുടെ പരിചയമില്ലായ്മ മൂലം - പിഴവുകൾ പറ്റാൻ എളുപ്പമാണ് എന്നു കരുതുന്നതിൽ തെറ്റുണ്ടോ? എൺപതുവയസ്‌ എന്നതിൽ ആക്ഷേപത്തിന്റെ ധ്വനിപോലും ഉദ്ദേശിച്ചിരുന്നില്ലെന്നു വ്യക്തമാക്കാനാഗ്രഹിക്കുന്നു.

  qw_er_ty

  ReplyDelete
 14. പ്രിയപ്പെട്ട നകുലാ,

  ഈ പോസ്റ്റിലെ രാഷ്ട്രീയത്തെക്കുറിച്ച് അനില്‍ പറഞ്ഞത് വായിച്ചുകാണുമല്ലോ. നില നില്‍ക്കുന്ന വസ്തുനിഷ്ഠ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ പാര്‍ട്ടി പരിപാടിക്ക് അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കുക എന്നത് ഇടത് കക്ഷികളുടെ പ്രഖ്യാപിത രീതിയാണ്. അത് മനസ്സിലായിട്ടുള്ള താങ്കളെപ്പോലുള്ളവര്‍ തന്നെ, സാഹചര്യങ്ങളില്‍ നിന്നും വസ്തുതകളെ അടര്‍ത്തിമാറ്റി കാലസമയ ബന്ധമില്ലാതെ ആ തീരുമാനങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് പക്വമായ ഒരു സമീപനമല്ല എന്ന് പറയട്ടെ.

  "സാധാരണപ്രവർത്തകർ പോലും പാർട്ടിനേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കാൻ മടിക്കാത്ത ഈ കാലത്ത്‌ ...."

  ശരിയാണ്. പറഞ്ഞത് സംഘ പരിവാര്‍ സംഘടനകളെപ്പറ്റിയാണെന്ന് മനസ്സിലായി..വിവിധ പരിവാര്‍ സംഘടനകള്‍ വിവിധ നാവുകളില്‍ സംസാരിക്കുന്നത് പരിവാരത്തില്‍ പുതുമയൊന്നുമല്ലല്ലോ?

  "രാജിവയ്ക്കില്ല എന്ന കടും‌പിടുത്തവും മനസ്സിലായി. "

  ആര് ആരോടു എപ്പോള്‍ പറഞ്ഞു എന്ന് ഒന്ന് വ്യക്തമാക്കിയാല്‍ നന്ന്. പരസ്യമായി സ്പീക്കര്‍ എന്തെങ്കിലും പറഞ്ഞോ? പറഞ്ഞ സുഭാഷ് ചക്രവര്‍ത്തിയെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചത് കണ്ടില്ലേ ?

  ഇനി വിഷയത്തിലേക്ക്, ചാറ്റര്‍ജി സിപിഐ എം നോമിനിയായാണ് എം പി ആയതും സ്പീക്കര്‍ ആയതും. സിപിഐ എം പിന്തുണ പിന്‍‌വലിച്ചു കൊണ്ട് കാരാട്ടിന് അദ്ദേഹത്തിന്റെ പേരുള്‍പ്പെടുത്താതെ എങ്ങനെയാണ് പ്രസിഡന്റിന് കത്തു കൊടുക്കാനാവുക? ഒരു നക്ഷത്ര ചിഹ്നമിട്ട് ഇദ്ദേഹം ഇപ്പോള്‍ സ്പീക്കറാണ് എന്നു രേഖപ്പെടുത്തി. ഇതിലെന്താണ് തെറ്റ്? കൂടാതെ സ്പീക്കര്‍ പദവിയിലിരിക്കുന്നതിനാല്‍ അദ്ദേഹത്തിന് യുക്തമായ തീരുമാനം എടുക്കാമെന്നും ഒരാള്‍ സ്പീക്കര്‍ ആയിപ്പോയി എന്ന് വച്ച് അയാള്‍ക്ക് രാഷ്ട്രീയം ഉപേക്ഷിക്കണം എന്ന വാദം വെറും ഹിപ്പോക്രസി ആണെന്നുമല്ലേ കാരാട്ട് പറഞ്ഞത്. എന്ന് വച്ച് സ്പീക്കര്‍ പദവിയിലിരിക്കുമ്പോള്‍ കക്ഷി രാഷ്ട്രീയം കളിക്കണമെന്ന് കാരാട്ട് പറഞ്ഞോ? അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ താഴെ കൊടുക്കുന്നു.

  As for the role of the Speaker, I wish to make our party's views clear. By holding the post of the Speaker, a person does not cease to have political affiliations. But when someone becomes a Speaker, he/she should not indulge in party activities, or, adopt partisan political positions. We don't follow the British precedent in India. After someone ceases to be a Speaker, they resume political activities. We have a former Speaker as the home minister and another former Speaker is leader of one of the Opposition groups in the Lok Sabha. So all this talk of Speaker sans party and politics is hypocritical.

  എന്നു മാത്രമല്ല, "ബി.ജെ.പി.യുമായിച്ചേർന്ന്‌ വോട്ടുചെയ്യാൻ ബുദ്ധിമുട്ടുണ്ടത്രേ! " എന്ന് മാത്രമേ താങ്കളും പറയുന്നുള്ളൂ. അങ്ങനെ ആരോടാ പറഞ്ഞത്? താങ്കള്‍ക്കും അതത്ര ഉറപ്പില്ല , അതല്ലേ സത്യം?

  ഇനി അതല്ല സോമനാഥ് ചാറ്റര്‍ജിക്ക് പാര്‍ലമെന്ററി വ്യാമോഹം ഉണ്ടെന്നു തന്നെ വയ്ക്കുക.. സ്പീക്കര്‍ പദവും എം പി സ്ഥാനവും ഒരുമിച്ച് രാജി വയ്ക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി എന്ന റിപ്പോര്‍ട്ടുമായി കൂട്ടി വായിച്ചാല്‍ പാര്‍ലമെന്ററി വ്യാമോഹം അശേഷം ഇല്ല എന്ന നിഗമനത്തിലും എത്തിക്കൂടേ? എന്തിനാ നകുലാ ഇത്ര ബുദ്ധി മുട്ടുന്നത്? തോക്കില്‍ കയറി എന്തിനാ വെടി വയ്ക്കുന്നത് ? സ്പീക്കര്‍ക്ക് പാര്‍ലമെന്ററി വ്യാമോഹം ഉണ്ട് എന്ന് താങ്കള്‍ ആരോപിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത് എന്താണെന്ന് ഏത് കണ്ണു പൊട്ടനു അറിയാം. പക്ഷേ താങ്കളുടെ ആരോപണം താങ്കള്‍ തന്നെ ഖണ്ഢിക്കുകയല്ലേ?

  പിന്നെ അരുണാ ആസഫലിയൂടെ കാര്യം..തന്റെ ജീവിതത്തിന്റെ ഒരു വലിയ കാലയളവില്‍ കമ്യൂണിസ്റ്റുകാരോട് പൊരുതുകയായിരുന്നു ( ക്വിറ്റ് ഇന്‍ഡ്യാ കാലഘട്ടത്തിലടക്കം) അരുണ എന്നതും അങ്ങനെയൊരാളാണ് ഇടതു പക്ഷവുമായി ചുരുങ്ങിയ കാലം (1955-58 വരെ മാത്രം) അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിച്ചതെന്നും പിന്നീടവര്‍ രാഷ്ട്രീയം ഉപേക്ഷിച്ചു എന്നുള്ളതുമൊന്നു പറയാതെ താങ്കളുടെ അജണ്ടക്കനുസരിച്ചുള്ള ചരിത്ര രചന മാത്രമാണ് താങ്കള്‍ നടത്തിയിരിക്കുന്നതെന്ന് പറയാതെ വയ്യ.

  Emerging from underground in 1946, Aruna, with the help of a national leader, was elected President of Delhi Pradesh Congress Committee in 1947. But her radical views came into conflict with Congress politics in the post-independence period; in fact she could not accept her husband's political views.

  In 1948, she joined the Socialist Party. Two years later, she broke away from it and formed the Left Socialist Group, and took an active interest in the trade union movement. In 1955, this group merged with the Communist Party of India and she became a member of its central committee, and a Vice-President of the All India Trade Union Congress. In 1958, she left the CPI and remained unattached to any political party. After Nehru's death in 1964, she came back to the Congress but ceased to play any active part in politics.

  Aruna Asaf Ali has been active in public life for many years. In 1958, she defeated the Jana Sangh candidate and was elected Delhi's first Mayor and held the office for a second term until April 1959, when she resigned.

  http://nrcw.nic.in/shared/sublinkimages/95.htm

  അതെന്തോ ആകട്ടെ, സോമനാഥ ചാറ്റര്‍ജിയുടെ പിതാവ് ഹിന്ദു മഹാ സഭാ പ്രവര്‍ത്തകനായിരുന്നിട്ടും സോമനാഥിന് നെഞ്ചു വിരിച്ചു നിന്ന് വര്‍ഗ്ഗീയതക്കെതിരെ പൊരുതാന്‍ കഴിയുന്നുവെങ്കില്‍ അതദ്ദേഹത്തിന്റെ മഹത്വമല്ലെന്ന് വര്‍ഗ്ഗീയ ഫാസിസ്റ്റ് ചരിത്ര രചന നടത്തുന്ന ഒരാള്‍ക്ക് മാത്രമേ വിലയിരുത്താനാവൂ . താങ്കള്‍ ചെയ്യുന്നത് ഒരു തരം മലര്‍ന്ന് കിടന്ന് തുപ്പലാണ്.

  താങ്കള്‍ പറയുന്നുവല്ലോ, "ബി.ജെ.പി.യെ എങ്ങനെയും ഒഴിവാക്കുക എന്ന ഒരേയൊരു അജണ്ടയുമായി തട്ടിക്കൂട്ടിയ യു.പി.എ. മുന്നണിയേക്കാൾ എത്രയോ മടങ്ങു ഭേദമായിരുന്നു ദേശീയജനാധിപത്യസഖ്യം?" തീര്‍ച്ചയായും അല്ല . ഇന്ത്യാ തിളങ്ങുന്നു എന്ന് പ്രചരിപ്പിച്ചു കൊണ്ടിരുന്നപ്പോഴും ഗ്രാമീണ ഭാരതത്തില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകിയതും പൊതുമേഖലയെ വിറ്റു തുലയ്ക്കാനായി മന്ത്രാലയം സ്ഥപിച്ചതും ഗുജറാത്തും എണ്ണമറ്റ വര്‍ഗ്ഗീയ കലാപങ്ങളും നേട്ടങ്ങളുടെ പട്ടികയില്‍ പെടുത്താം പുതിയ ചരിത്ര രചനയില്‍. എന്തു കൊണ്ടല്ല എന്നത് ദീര്‍ഘമായി ഉപന്യസിക്കാന്‍ കഴിയും എങ്കിലും ഇപ്പോള്‍ വിടുന്നു.

  "എന്നാല്‍ യെച്ചൂരിയും കാരാട്ടുമൊക്കെ കോൺഗ്രസിനോടാവശ്യപ്പെട്ടത്‌ 'ഘടകകക്ഷികളുടെ താത്പര്യങ്ങൾക്കു വിലകല്പിക്കുന്നതുപോലുള്ള മുന്നണിമര്യാദകൾ ബി.ജെ.പി.യിൽ നിന്നു പഠിക്കൂ" എന്ന് പറഞ്ഞത് ശരിയാണ്, കാരണം 370 -ആം വകുപ്പ്, രാമ ക്ഷേത്ര നിര്‍മ്മാണം എന്നിവ ഒക്കെ പരണത്ത് വച്ചത് നാം കണ്ടതാണല്ലോ? അതല്ലാതെ എന്‍.ഡി.എ ഭരണത്തിന് ഒരു സര്‍ട്ടിഫിക്കറ്റും ആരും നല്‍കിയിട്ടില്ല.

  “നിങ്ങളെല്ലാവരും ഇവിടെ ചൈനയ്ക്കും അമേരിക്കയ്ക്കും ഇറാനും ഇസ്രായേലിനുമൊക്കെയിടയ്ക്കു കിടന്നു പോർവിളിമുഴക്കുന്നതിനിടയിൽ, ഭാരതത്തേപ്പറ്റി ആശങ്കപ്പെടാനും ആരെങ്കിലും വേണമല്ലോ.“

  ചൈനയെയും ഇസ്രായേലിനെയും ഒക്കെ കൂട്ടിക്കെട്ടുന്ന/ നിങ്ങളെല്ലാവരും എന്ന് കാടടച്ചു പ്രയോഗിക്കുന്ന അതിബുദ്ധി കൊള്ളാം. പക്ഷെ, എപ്പോഴുമുള്ള ഈ ദേശസ്നേഹവാചകമടി ആത്മവിശ്വാസമില്ലായ്മയില്‍ നിന്നാവാനേ തരമുള്ളൂ. ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി എപ്പോഴും പറയുന്നത് ചിരിക്കേ വക നല്‍കൂ.

  താങ്കളെ ത്തന്നെ ഉദ്ധരിക്കട്ടെ. "എല്ലാത്തരം കാപട്യങ്ങളും കൂസിസത്തിന്റെ പരിധിയിൽ വരില്ലെങ്കിലും, അറിയപ്പെടുന്ന കൂസിസ്റ്റുകളുടെ എല്ലാ പ്രവൃത്തികളിലും കാപട്യത്തിന്റെ അംശമുണ്ടായിരിക്കുമെന്നു തന്നെയാണ് താങ്കളും തെളിയിക്കുന്നത്‌. "

  ഇനി താങ്കള്‍ തന്നെ പറയൂ , ആരാണ് കൂസിസ്റ്റ്?

  ReplyDelete
 15. >>[ramachandran]"ഈ പോസ്റ്റിലെ രാഷ്ട്രീയത്തെക്കുറിച്ച് അനില്‍ പറഞ്ഞത് വായിച്ചുകാണുമല്ലോ"

  [നകുലൻ] തീർച്ചയായും. മറുപടി താങ്കളും വായിച്ചുകാണുമെന്നു കരുതുന്നു.

  സാമ്രാജ്യത്വം വർഗ്ഗീയത മുതലായ പദങ്ങളുമായി ബന്ധപ്പെട്ട്‌ ചോദിച്ചിരുന്ന ചോദ്യങ്ങൾക്കുള്ള അനിലിന്റെ തുടർമറുപടി കാക്കുകയാണു ഞാൻ.

  പിന്നെ, താങ്കളുടെ കമന്റ്റിലെ ബാക്കി ഭാഗത്തിനുള്ള മറുപടി നാളെയോ മറ്റോ ഇടാമെന്നു കരുതുന്നു. ഇപ്പോൾ അല്പം തിരക്കിലാണ്.

  വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.

  ReplyDelete
 16. കുരുടന്‍ ആനയെ കണ്ടത് പോലെയ്യാണ് താങ്കള്‍ ഇടതു പക്ഷത്തെ കണ്ടത്. സി. പി. ഐ. എം ഒരു സാധാരണ പാര്‍ട്ടി അല്ല. സോമനാധിനെ ചവിട്ടിപ്പുറ്ത്താക്കും.

  ReplyDelete
 17. പ്രവീണേ,
  സി.പി.എം. ഒരു “അസാധാരണ“കക്ഷിയാണെന്നും സോമനാഥിനെ “ചവിട്ടി” പുറത്താക്കും എന്നും വേറേ ആർക്കു പറഞ്ഞുകൊടുത്താലും എനിക്കു പറഞ്ഞുതരേണ്ടകാര്യമില്ല. ദാ ‘ചതിയനെ‘ ചവിട്ടിയല്ലോ ഇന്നു തന്നെ.

  പിന്നെ, താങ്കളുടെ വായനയേപ്പറ്റി പറയാനാണ് കുരുടപ്രയോഗം കൂടുതൽ യോജിക്കുക എന്നു തോന്നുന്നു. ഇവിടെ എന്തിനേപ്പറ്റിയാണു പറഞ്ഞിരിക്കുന്നത്‌ എന്നുപോലും പിടികിട്ടിയമട്ടില്ലല്ലോ. സോമനാഥ്‌ വിഷയത്തിൽ പാർട്ടിയുടെ നിലപാടിൽ തെറ്റുണ്ടെന്നല്ല - അദ്ദേഹത്തിന്റെ ദുർബലന്യായീകരണത്തിനേപ്പറ്റിയായിരുന്നു പറഞ്ഞതത്രയും..ങാ. അതു പോട്ടെ..

  ReplyDelete
 18. --------------
  >>[Ramachandran] ” നില നിൽക്കുന്ന വസ്തുനിഷ്ഠ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾക്കനുസരിച്ച് തങ്ങളുടെ പാർട്ടി പരിപാടിക്ക് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുക എന്നത് ഇടത് കക്ഷികളുടെ പ്രഖ്യാപിത രീതിയാണ്. ”
  --------------

  [നകുലൻ] അതുകൊണ്ട്? അതിനെ ഖണ്ഡിക്കുന്നതെന്തെങ്കിലും പോസ്റ്റിൽ കണ്ടുവോ?

  പിന്നെ, ‘എല്ലാ തീരുമാനങ്ങളും പാർട്ടിപരിപാടിക്ക് അനുയോജ്യമായിട്ടാണ് എടുക്കുന്നത് ‘ എന്നതിങ്ങനെ ആവർത്തിക്കുന്നതു നല്ലതാണോ എന്നു ചിന്തിക്കുന്നതു നന്നായിരിക്കും. തെറ്റായ തീരുമാനങ്ങളോടും പ്രവൃത്തികളോടും എതിർപ്പുണ്ടാകുമ്പോൾ അതു മൊത്തത്തിൽ പാർട്ടിയോടുള്ള എതിർപ്പായി മാറുന്നത് അതുകൊണ്ടുകൂടിയാണ്.

  --------------
  >>[Ramachandran] ” അത് മനസ്സിലായിട്ടുള്ള താങ്കളെപ്പോലുള്ളവർ തന്നെ, സാഹചര്യങ്ങളിൽ നിന്നും വസ്തുതകളെ അടർത്തിമാറ്റി കാലസമയബന്ധമില്ലാതെ ആ തീരുമാനങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് പക്വമായ ഒരു സമീപനമല്ല എന്ന് പറയട്ടെ.”
  --------------

  [നകുലൻ] ഞാനിവിടെ എന്ത് അടർത്തിമാറ്റിയെന്നാണോ ആവോ താങ്കൾ കരുതുന്നത്? താങ്കളിവിടെ പാർട്ടിയുടെ നയതീരുമാനങ്ങളെ ന്യായീകരിച്ചു സംസാരിക്കുന്നതായിത്തോന്നുന്നു. അത്തരമൊരു പിന്താങ്ങലിന്റെ ആവശ്യം തന്നെയുണ്ടോ എന്നു ചിന്തിച്ചു നോക്കുക. യു.പി.എ.യ്ക്കുള്ള പിന്തുണ പിൻവലിച്ച കാര്യത്തിലോ അല്ലെങ്കിൽ സോമനാഥ് വിഷയത്തിലോ പാർട്ടിയുടെ നിലപാടു തെറ്റായിരുന്നു എന്നു ഞാൻ പറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കുക.

  ബി.ജെ.പി.യ്ക്കൊപ്പം നിൽക്കുന്നു എന്നതു കേവലം സാങ്കേതികത മാത്രമാണ്. പാർട്ടിയുടെ നിലപാടും അതുതന്നെയാണ്. അപ്പോൾപ്പിന്നെ സോമനാഥ് അങ്ങനെയൊരു ന്യായീകരണം കൊണ്ടുവരുന്നതിൽ ഒരു യുക്തിയുമില്ല. അദ്ദേഹത്തിന്റെ മനസ്സിൽ മറ്റു പലതുമാണ്. ഓരോരോ ദുർബലന്യായീകരണങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയാണ് എന്നല്ല്ലേ ഞാൻ പറഞ്ഞിരിക്കുന്നത്? അപ്പോൾ ഉടൻ തന്നെ താങ്കൾ പാർട്ടിയെ ന്യായീകരിക്കേണ്ടതില്ല. സോമനാഥ്ജി പറഞ്ഞതു കാര്യം തന്നെയാണ് എന്നു താങ്കൾക്കഭിപ്രായമുണ്ടെങ്കിൽ, എന്നെ തിരുത്തിക്കൊണ്ട് അദ്ദേഹത്തെ ന്യായീകരിക്കാം. പക്ഷേ അങ്ങനെ ചെയ്താൽ താങ്കളും പാർട്ടിവിരുദ്ധനായിപ്പോകും. അതുകൊണ്ട് എനിക്കൊപ്പം നിൽക്കുന്നതാണു ബുദ്ധി.

  ഇനിയിപ്പോൾ, അവസരവാദം എന്ന പദമുപയോഗിച്ചതുകൊണ്ടാണോ താങ്കൾ പ്രതിരോധത്തിനു മുതിരുന്നതെന്നു സംശയമുണ്ട്. ആണെങ്കിൽ, അതിനെ പാർട്ടിയുടെ ഭാഷയിലേക്കു തർജ്ജമ ചെയ്ത് “അടവുനയം“ എന്നോ മറ്റോ തിരുത്തി വായിക്കാവുന്നതാണ്. വെറുതെ ‘അവസരവാദം‘ എന്നു പറഞ്ഞുപോകുക മാത്രം ചെയ്യാതെ കൃത്യമായ ഉദാഹരണങ്ങളടക്കം വിശദീകരിക്കുക കൂടി ചെയ്തപ്പോൾ അത് “അജണ്ടയ്ക്കനുസരിച്ചുള്ള ചരിത്രരചന”യായി വിശേഷിപ്പിക്കപ്പെടുകയും ചെയ്തു!

  --------------
  >>[Ramachandran] ”"രാജിവയ്ക്കില്ല എന്ന കടുംപിടുത്തവും മനസ്സിലായി. " ആര് ആരോടു എപ്പോൾ പറഞ്ഞു എന്ന് ഒന്ന് വ്യക്തമാക്കിയാൽ നന്ന്. പരസ്യമായി സ്പീക്കർ എന്തെങ്കിലും പറഞ്ഞോ? പറഞ്ഞ സുഭാഷ് ചക്രവർത്തിയെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത് കണ്ടില്ലേ ?”
  --------------

  [നകുലൻ] അദ്ദേഹം അങ്ങനെയൊന്നും പറഞ്ഞിരുന്നില്ല എങ്കിൽത്തന്നെ ഇപ്പോളദ്ദേഹം പ്രവർത്തിച്ചു കാണിച്ചുകഴിഞ്ഞതുകൊണ്ട് ഇനിയീ ചോദ്യത്തിനു പ്രസക്തിയുണ്ടോ ആവോ! അതോ ഇനി ‘പരസ്യമായി’ ഒന്നും പറഞ്ഞില്ല എന്നാണോ ആവോ താങ്കളുടെ വാദം. എന്തായാലും ഇപ്പോൾ എല്ലാ രഹസ്യവും പരസ്യമായി. അദ്ദേഹം രാജിവയ്ക്കാതിരിക്കുകയും പാർട്ടിയിൽ നിന്നു പുറത്തുപോകുകയും മാത്രമല്ല കോൺഗ്രസിന്റെ വിശ്വസ്തദാസനായി മാറുക കൂടി ചെയ്തോ എന്ന് രണ്ടുമൂന്ന് ആഴ്ചയ്ക്കകം അറിയാം.

  --------------
  >>[Ramachandran] ” ഇനി വിഷയത്തിലേക്ക്, ചാറ്റർജി സിപിഐ എം നോമിനിയായാണ് എം പി ആയതും സ്പീക്കർ ആയതും. സിപിഐ എം പിന്തുണ പിൻവലിച്ചു കൊണ്ട് കാരാട്ടിന് അദ്ദേഹത്തിന്റെ പേരുൾപ്പെടുത്താതെ എങ്ങനെയാണ് പ്രസിഡന്റിന് കത്തു കൊടുക്കാനാവുക? ഒരു നക്ഷത്ര ചിഹ്നമിട്ട് ഇദ്ദേഹം ഇപ്പോൾ സ്പീക്കറാണ് എന്നു രേഖപ്പെടുത്തി. ഇതിലെന്താണ് തെറ്റ്? കൂടാതെ സ്പീക്കർ പദവിയിലിരിക്കുന്നതിനാൽ ……………… ”
  --------------

  [നകുലൻ] ഇതിലൊന്നും ഒരു തെറ്റും ഞാൻ കാണുന്നില്ല. തെറ്റുണ്ടെന്നൊട്ടു പറഞ്ഞിട്ടുമില്ല. താങ്കളിവിടെയും പാർട്ടിയുടെ നടപടികളെ ന്യായീകരിക്കാൻ ശ്രമിക്കുകയാണ്. സത്യത്തിൽ, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. കാരണം, പാർട്ടി നടപടികൾ തെറ്റാണെന്നു വാദിക്കുകയല്ല ഞാൻ ചെയ്തത്. സോമനാഥിന്റെ ന്യായീകരണങ്ങളിലെ അർത്ഥമില്ലായ്മയാണു വിശദീകരിച്ചത്. അതിനിടെ പാർട്ടിയ്ക്കെതിരെയും ഒളിയമ്പുകൾ വാക്കുകൾക്കിടയിൽ കടന്നുവന്നിട്ടുണ്ടാവാം. അതു വായിച്ച് ഒരു പ്രതിരോധം തീർക്കാൻ താങ്കൾ ശ്രമിക്കുമ്പോൾ, ‘പാർട്ടി എല്ല്ലാക്കാര്യവും മുറപോലെ തന്നെയാണു ചെയ്തത് – പക്ഷേ അദ്ദേഹം വഴിപ്പെടാതിരുന്നതിന് പാർട്ടിയെന്തുചെയ്യാനാണ് ’ എന്നൊരു പതം പറച്ചിലിന്റെ സ്വരം കലരുന്നുവോ എന്നു സംശയിച്ചുപോകുന്നു.

  --------------
  >>[Ramachandran] ” താങ്കള് പറയുന്നുവല്ലോ, "ബി.ജെ.പി.യെ എങ്ങനെയും ഒഴിവാക്കുക എന്ന ഒരേയൊരു അജണ്ടയുമായി തട്ടിക്കൂട്ടിയ യു.പി.എ. മുന്നണിയേക്കാൾ എത്രയോ മടങ്ങു ഭേദമായിരുന്നു ദേശീയജനാധിപത്യസഖ്യം?" തീർച്ചയായും അല്ല . ഇന്ത്യാ തിളങ്ങുന്നു എന്ന് പ്രചരിപ്പിച്ചു കൊണ്ടിരുന്നപ്പോഴും ഗ്രാമീണ ഭാരതത്തിൽ കർഷക ആത്മഹത്യകൾ പെരുകിയതും പൊതുമേഖലയെ വിറ്റു തുലയ്ക്കാനായി മന്ത്രാലയം സ്ഥപിച്ചതും ഗുജറാത്തും എണ്ണമറ്റ വർഗ്ഗീയ കലാപങ്ങളും നേട്ടങ്ങളുടെ പട്ടികയിൽ പെടുത്താം പുതിയ ചരിത്ര രചനയിൽ. എന്തു കൊണ്ടല്ല എന്നത് ദീർഘമായി ഉപന്യസിക്കാൻ കഴിയും എങ്കിലും ഇപ്പോൾ വിടുന്നു. ”
  --------------

  [നകുലൻ] എൻ.ഡി.എ. ഭരണകാലത്തേക്കാളും മെച്ചമായിരുന്നു കഴിഞ്ഞനാലുവർഷത്തെ യു.പി.എ.യുടെ ഭരണം(!) എന്നാണു പറയുന്നതെങ്കിൽ അതേപ്പറ്റി നാം തമ്മിലൊരു ചർച്ച തികച്ചും വ്യർത്ഥമാണ്. താങ്കളുടെ ഭാഷയിൽ‌പ്പറഞ്ഞാൽ, “പുതിയ ചരിത്രരചനയുടെ ഭാഗമായി“, ദീർഘമായി ഉപന്യസിക്കാൻ കഴിയുമെങ്കിലും, വിടാൻ തന്നെയാണെനിക്കും താല്പര്യം. ഇടതുപക്ഷം കൂടി പിന്തുണച്ച യു.പി.എ. ഭരണവും എൻ.ഡി.എ. ഭരണവും തമ്മിൽ ഇടതുപക്ഷം തന്നെ നടത്തുന്ന താരത‌മ്യം എങ്ങനെയിരിക്കുമെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. സർക്കാറിന്റെ ഇനിയുള്ള അവസാനനാളുകളും മുൻ‌ഗവണ്മെന്റുമായി ഒരു താരത‌മ്യത്തിനു മുതിർന്നാൽ, അതു കേൾക്കാൻ താല്പര്യമുണ്ടാവും. നോക്കാം.

  --------------
  >>[Ramachandran] ” താങ്കളെ ത്തന്നെ ഉദ്ധരിക്കട്ടെ. "എല്ലാത്തരം കാപട്യങ്ങളും കൂസിസത്തിന്റെ പരിധിയിൽ വരില്ലെങ്കിലും, അറിയപ്പെടുന്ന കൂസിസ്റ്റുകളുടെ എല്ലാ പ്രവൃത്തികളിലും കാപട്യത്തിന്റെ അംശമുണ്ടായിരിക്കുമെന്നു തന്നെയാണ് താങ്കളും തെളിയിക്കുന്നത്. " ഇനി താങ്കൾതന്നെ പറയൂ , ആരാണ് കൂസിസ്റ്റ്?”
  --------------

  [നകുലൻ] ഞാനിവിടെ മൻപ്പൂർവ്വം എന്തൊക്കെയോ കാപട്യം കാണിച്ചു എന്ന താങ്കളുടെ തോന്നലിൽ നിന്നു മാത്രമാണ് ഈ ഭാഗം ഉണ്ടായത്. അഥവാ ഞാൻ കാപട്യം കാണിച്ചിരുന്നെങ്കിൽത്തന്നെ ഇതു തികഞ്ഞതെറ്റാണ്. കാരണം, വെറുതെ എന്തെങ്കിലും കാപട്യം കാണിക്കുന്നവരുടെ പ്രവൃത്തികൾക്കു പറയുന്ന പേരല്ല കൂസിസം എന്നത്. അത് വളരെ ഗൌരവമുള്ള ഒരു സംഗതിയാണ്.

  ---------------

  ബാക്കി ഭാഗങ്ങൾക്കുള്ള മറുപടി മറ്റൊരു പോസ്റ്റായി കൊടുത്തിട്ടുണ്ട്

  ’ ഫാസിസ്റ്റ് അജണ്ട’യും ‘ചരിത്രരചന’യും മലയാളം ബ്ലോഗുകളിൽ? (രാമചന്ദ്രനു മറുപടി)

  qw_er_ty

  ReplyDelete