March 13, 2008

കണ്ണൂ(ണ്ണീ?)ര്‍ - ഒരു പുരോ(അധോ?)ഗമന കവിത

കവിതയ്ക്ക്‌ ഒരു ആമുഖം

ഉണ്ണിപ്പിള്ള ദൈവത്താണെ വിചാരിച്ചിരുന്നതല്ല - താനും ഒരിക്കല്‍ ഒരു കവിതയെഴുതിപ്പോകുമെന്ന്‌..

പരമാവധി വന്നാല്‍ ഒരു ലേഖനം. അതിനപ്പുറം പോകേണ്ടി വരുമെന്നു വിചാരിച്ചതല്ല.

ഇവിടെ - തങ്ങളുടെ കണ്മുന്നില്‍വച്ച്‌ ഒരു ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച്‌ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നതു കണ്ടപ്പോള്‍ വിചാരിച്ചു - ഭരണകൂടഭീകരതയ്ക്കെതിരെ ഇപ്പോള്‍ ശബ്ദമുയര്‍ത്താന്‍ പോകുന്ന സാംസ്ക്കാരികനായകന്മാര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നാലുവാക്കു പറയണം.

എവിടെ?

നാലു ദിവസത്തോളം നരമേധം തുടര്‍ന്നിട്ടും - കണ്ണില്‍ക്കാണുന്നവരൊക്കെ വെട്ടേറ്റു വീഴുന്ന സ്ഥിതിവിശേഷമുണ്ടായിട്ടും - ആരും ഒന്നും മിണ്ടിക്കേള്‍ക്കുന്നില്ല!

ഉണ്ണിപ്പിള്ളയും മിണ്ടാതിരുന്നു.

ഒടുവില്‍ പെട്ടെന്നൊരു ദിവസം ഒരു സംഭവമുണ്ടായി . പകുതിയും മുഴുവനുമായി മരിച്ച പത്തിരുപതു മനുഷ്യരുടെ ജീവനേക്കാളും വിലയുള്ള ഒരു സാധനം അതാ തകര്‍ന്നു വീണിരിക്കുന്നു. രാഷ്ട്രീയ - സാംസ്കാരിക രംഗം ചൂടുപിടിക്കുന്നു - നായകന്മാര്‍ ചാടിയിറങ്ങി പ്രതിഷേധിക്കുന്നു - പ്രകടനങ്ങള്‍ - പ്രസ്താവനകള്‍ - ആകെ ബഹളം.

ഉണ്ണിപ്പിള്ളയും ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. അത്‌ ഒരു കവിതയുടെ രൂപത്തിലാണ്‌ പുറത്തു വന്നത്‌. ഇവിടുത്തെ “സാംസ്കാരിക നായക“ന്മാരുടെ ആത്മാര്‍ത്ഥതയും 'മാനവികത'യോടുള്ള പ്രതിബദ്ധതയും ഒക്കെ കണ്ടാല്‍ കരിങ്കല്ലിനു പോലും കവിത വന്നു പോകും പിന്നെയല്ലേ?

* * * * * *

ഞെട്ടുക സമൂഹമേ - കാണ്മതില്ലയോ നിങ്ങള്‍-
പൊട്ടി ദാ കിടക്കുന്നൂ ചില്ലുകള്‍ മൂന്നാലെണ്ണം!

വിങ്ങുമെന്‍ ഹൃദന്തത്തിന്‍ വേദനയുയിര്‍ക്കൊണ്ടു
പൊങ്ങുമീ ഗാനം നിങ്ങള്‍ കേള്‍ക്കുവാതിരിക്കുമോ?

* * *


ഞെട്ടുക സമൂഹമേ - കാണ്മതില്ലയോ നിങ്ങള്‍-
പൊട്ടി ദാ കിടക്കുന്നൂ ചില്ലുകള്‍ മൂന്നാലെണ്ണം!

'ഹിറ്റ്‌ല'റാണെറിഞ്ഞതു - കണ്ടതാണു ഞാന്‍ - അമ്മേ
'ബ്രെറ്റ്‌ലി'യാണിതില്‍ ഭേദം! നെഞ്ചു ഞാന്‍ തിരുമ്മട്ടെ.

എത്രമേല്‍ ഫാസ്റ്റായാണീ കല്ലുകള്‍ പതിക്കുന്ന-
തിത്രമേല്‍ ഫാസിസ്റ്റുകള്‍ ദില്ലിയിലുണ്ടെന്നാമോ?

കൊല്ലമെന്നൊരു നാട്ടില്‍ മാത്രമല്ലത്രേയിപ്പോള്‍
ദില്ലിയില്‍ക്കൂടിക്കിട്ടും കൊടുത്താല്‍ - കാലം മാറീ!

ഞെട്ടുക സമൂഹമേ - കാണ്മതില്ലയോ നിങ്ങള്‍-
പൊട്ടി ദാ കിടക്കുന്നൂ ചില്ലുകള്‍ മൂന്നാലെണ്ണം!
* * *
(നമ്മളാണെറിഞ്ഞതെന്നറിയാമാദ്യം - പക്ഷേ
ചമ്മലെന്തിനാ? കൊള്ളാം നല്ലതീ പ്രകോപനം.

ഇനി നാം തുടങ്ങില്ലേ ഗര്‍ജ്ജനം - നാടെങ്ങുമേ
മുഴങ്ങാന്‍ തുടങ്ങില്ലേ നമ്മള്‍ തന്‍ മുദ്രാവാക്യം?)

ഞെട്ടുക സമൂഹമേ - കാണ്മതില്ലയോ നിങ്ങള്‍-
പൊട്ടി ദാ കിടക്കുന്നൂ ചില്ലുകള്‍ മൂന്നാലെണ്ണം!

വിങ്ങുമെന്‍ ഹൃദന്തത്തിന്‍ വേദനയുയിര്‍ക്കൊണ്ടു
പൊങ്ങുമീ ഗാനം നിങ്ങള്‍ കേള്‍ക്കുവാതിരിക്കുമോ?

കൊല്ലമെന്നൊരു നാട്ടില്‍ മാത്രമല്ലത്രേയിപ്പോള്‍
ദില്ലിയില്‍ക്കൂടിക്കിട്ടും കൊടുത്താല്‍ - കാലം മാറീ!
* * * * *

ഒരു കവിതയിലൂടെ സാംസ്ക്കാരികനായകര്‍ക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചശേഷം ഉണ്ണിപ്പിള്ള തന്റെ ഹോബിയായ പത്രവായനയിലേക്കു മടങ്ങി. ചില വാര്‍ത്തകള്‍ ഇവിടെ.